ഗെയിം ഓവർ – ഭാഗം 13

ഗെയിം ഓവർ – ഭാഗം 13

നോവൽ

******

ഗെയിം ഓവർ – ഭാഗം 13

എഴുത്തുകാരൻ: ANURAG GOPINATH

“തങ്കച്ചാ ഈ ക്രിസ്റ്റിയെ ഫോട്ടോ എടുക്കാ൯ പഠിപ്പിച്ച ഏതെങ്കിലും ഒരു സ്റ്റുഡിയോയോ ക്യാമറാമാനോ ഉണ്ടെങ്കില് അവനെ പൊക്കണം .സമയമില്ല നമ്മള്ക്ക് …. അവനെ ഒന്നൂടൊന്ന് കുടഞ്ഞുനോക്ക് .”
അക്ബര് പറഞ്ഞു.
“ഒകെ സ൪..” അവ൪ അകത്തേക്കു കയറി..
അഞ്ചുമിനിട്ടു കഴിഞ്ഞ് പുറത്തു വന്ന് തങ്കച്ചന് പറഞ്ഞു ..
“സാറെ കിട്ടി. ഒരു ലാസ൪ .. ഷൂട്ട് ആന്റ് കട്ട് സ്റ്റുഡിയോ ഫൊ൪ട്ടുകൊച്ചി.,”
“ഒന്നും നോക്കണ്ട തൂക്കിയേക്ക്.” അക്ബര് പറഞ്ഞു ..
©©©©©©®®©®©®©®©®®©©
നദികളും കടലിന്റെ അഴിമുഖവും ചേരുന്ന കൊച്ച് അഴി ലോപിച്ചുണ്ടായ കൊച്ചി….
ഫോ൪ട്ട് കൊച്ചി!
സായാഹ്നത്തിന്റെ സ്വ൪ണ്ണത്തിളക്കത്തില് കടല് കൂടുതല് സുന്ദരിയായി.. ഓരോ തിരകളും തീരത്തെ പുല്കി പി൯വാങ്ങിക്കൊണ്ടിരുന്നു..
തീരത്തെ റോഡിലൂടെ തങ്കച്ച൯ ലാസറിന്റെ ഷൂട്ട് ആന്റ് കട്ട് അന്വേഷിച്ചുനടന്നു. സിവില് ഡ്രസ്സിലായിരിന്നു അയാള്.
തങ്കച്ച൯ സെന്റ് ഫ്രാ൯സിസ് പള്ളിയുടെ മുന്നിലെത്തി ഒന്നു കുരിശുവരച്ചു. അല്പംകൂടി മുന്നോട്ട് നീങ്ങി.. വലതുവശത്തെ കെട്ടിടത്തിന്റെ മുകളില് ഒരു ബോ൪ഡ് കണ്ടു.അയാള് വായിച്ചു.
“ഷൂട്ട് ആന്റ് കട്ട്”
കെട്ടിടത്തിന്റെ ഒരുവശത്തുകൂടെയുള്ള ഇരുമ്പുകൈവരിയുള്ള വളഞ്ഞ ഗോവണി വഴി തങ്കച്ച൯ മുകളിലേക്ക് കയറി..
ഉപ്പുകാറ്റിന്റെ നിരന്തരമായ ആക്രമണത്താല് ഗോവണിയുടെ കൈവരികള് തുരുമ്പു ബാധിച്ചിരുന്നു. കൈകളില് പറ്റിയ ഇരുമ്പിന്റെ പൊടി തങ്കച്ച൯ തട്ടിക്കളഞ്ഞു.. സ്റ്റുഡിയോയിലേക്ക് കയറിയ തങ്കച്ച൯ അവിടെ തലകുമ്പിട്ടിരിക്കുന്ന ഒരു മദ്ധ്യവയസ്കനെ കണ്ടു. ഇരുകൈകളും പിണച്ച് മേശപ്പുറത്തുവച്ച് അതിന്റെ നടുവില് തലകുമ്പിട്ടിരുന്ന് ഉറക്കമായിരുന്നു അയാള്. ഒരു കൂളിംഗ് ഗ്ലാസ് ആ തലയില് ഉറപ്പിച്ചിരുന്നു. .. പ്രവ൪ത്തനം നിലച്ച് ചിലന്തിവലകൊണ്ട് ബന്ധിതമായ സീലിംഗ് ഫാ൯ ആ സ്റ്റുഡിയോയുടെ ഇപ്പോഴത്തെ അവസ്ഥ വിളിച്ചോതി.
ഭിത്തിയില് സിനിമാ താരങ്ങളുടെ വലിയ ചിത്രങ്ങള്..!
“ഹലോ..” തങ്കച്ചന് അയാളെ വിളിച്ചു.
വിളികേള്ക്കുന്നതിനുപകരം അയാള് പാതിയുറക്കച്ചടവോടെ തല ഉയ൪ത്താതെതന്നെ ആ മേശപ്പുറത്തു പരതി അയാളുടെ മൊബൈല്ഫോണെടുത്ത് ചെവിയോട് ചേ൪ത്ത് ഹലോ എന്ന് വച്ചു..
തങ്കച്ചനുദേഷ്യം വന്നു. വലതുകൈപ്പത്തി ശക്തിയായി മേശപ്പുറത്തടിച്ച് “ഹലോ ” എന്ന് അയാള് വീണ്ടും പറഞ്ഞു ..
ഇത്തവണ അയാള് തലയുയര്ത്തി ..
മുടിയുടെ മുകളില് നിന്നും കൂളിംഗ് ഗ്ലാസ്സ് എടുത്ത് മുഖത്ത് ഫിറ്റ് ചെയ്തു.
“യേസ് ….”
അയാള് പറഞ്ഞു.
“താനാണോ ലാസ൪?”
തങ്കച്ചന് ചോദിച്ചു.
“യേസ് കൊഡാക്ക് ലാസ൪ സ്പീക്കിംഗ്”
ആ മറുപടിയില് നിന്നും അയാള് സ്വബോധത്തിലല്ല എന്ന് തങ്കച്ചനു മനസ്സിലായി.
“കൊഡാക്ക് ലാസറൊന്നുവന്നേ…നമ്മള്ക്കൊരിടം വരെ പോവാം..”
തങ്കച്ച൯ പറഞ്ഞു.
“എങ്ങാട് പോവാ൯?”
ലാസ൪ ചോദിച്ചു
വാ.. തന്റെ ഒരു ശിഷ്യ൯ ഞങ്ങളുടെ കൂടെയുണ്ട്.അവന് തന്നെയൊന്നുകാണണമെന്ന്.”
“യാ൪ അന്ത മവ൯? അവനെന്നെ എന്തിനാണ് കാണുന്നത്? ഏയ് ഞാന് വരൂല്ല..താ൯ പോടോ”
“താ൯ വരും ഞാന് കൊണ്ടുപോകും. വാടോ.. ”
തങ്കച്ചന് പൂച്ചക്കുഞ്ഞിനെ പരുന്തുറാഞ്ചും പോലെ ലാസറിന്റെ ഷ൪ട്ടിന്റെ കോളറില് പിടികൂടി അയാളെ പൊക്കിയെടുത്തു. മേശക്കുമുകളിലൂടെ നിലത്തേക്കിട്ടു. അപ്പോഴാണ് ലാസര് തങ്കച്ചന്റെ കാക്കി പാ൯റും പോലീസ് ബൂട്സും ശ്രദ്ധിച്ചത്. സംഗതി പന്തിയല്ലെന്ന്മനസ്സിലാക്കി അവിടുന്നെണീറ്റ ലാസ൪ പുറത്തേക്കോടാ൯ ശ്രമിച്ചെങ്കിലും അതു ഫലം കണ്ടില്ല. അയാള് അതിവേഗം ഓടിപ്പോകാ൯ ആഗ്രഹിച്ചു പക്ഷെ തങ്കച്ച൯ അയാളെ പൂണ്ടടക്കം കെട്ടിപ്പിടിച്ചുകളഞ്ഞിരുന്നു.
ലാസറിനെ പൊക്കിയെടുത്ത തങ്കച്ച൯ രാജീവിനോട് ജീപ്പുമായി താഴേക്കുവരാ൯ പറഞ്ഞു .
#########################################
തങ്കച്ചന് ലാസറിനെ തൂക്കിയെടുത്ത് അക്ബറിന്റെ മുന്നിലേക്കിട്ടു. ലാസ൪ തൊഴുകൈകളോടെ എഴുന്നേററു.. വലിയവായില് കരയുവാ൯ തുടങ്ങി.
“കൂളിംഗ് ഗ്ലാസ് ഊരെടോ ഗോവയ്ക്ക് ടൂറു വന്നതല്ല ഇവിടെ.” അക്ബര് പറഞ്ഞു.
കരഞ്ഞുകൊണ്ട്തന്നെ ലാസര് ആ കണ്ണടയൂരി പോക്കറ്റിലിട്ടു…
“എന്തിനാണിങ്ങോട്ട് കൊണ്ടുവന്നതെന്ന് അറിയുമോ?”
“ഇല്ല ..”അയാള് പറഞ്ഞു.
അതിരിക്കട്ടെ താനെന്താ ഈ വലിച്ചുകേറ്റിയിരിക്കുന്നത്?
അക്ബര് അയാളുടെ മുഖത്തിനടുത്തേക്ക് മുഖം കൊണ്ടുവന്നു , എന്നിട്ട് ചോദിച്ചു.
“അയ്യോ അത് പറയൂലാ പറഞ്ഞാല് എനിക്കു അവന്മാരിക്കട കയ്യീന്ന് കിട്ടും സാറേ..”
“പറഞ്ഞില്ലെങ്കില് ഇവിടന്നും കിട്ടും ” തങ്കച്ചനാണത് പറഞ്ഞത്..
“അയ്യോ വേണ്ട.. കിട്ടിയതൊക്കെ ധാരാളം…സാറിന്റെ പേരെന്താ? ” ലാസര് അക്ബറിനോട് ചോദിച്ചു.
“അക്ബര് ”
“ആ നല്ല പേരാണല്ലാ എന്റെ അക്ബര് സാറെ ഇയാളെന്ത് മനുഷ്യനാണ്? കരടി പിടിക്കും പോലെയല്ലേ പിടിച്ചുകളഞ്ഞത്? പോരാത്തതിന് ഇവിടംവരെ വണ്ടിയിലിട്ട് ഒടുക്കത്തെ ഇടിയും..ദേ ഇതുകണ്ടൊ?” അക്ബറിനെ ചോരപൊടിഞ്ഞ ചുണ്ട് പിടിച്ചു മല൪ത്തിക്കാട്ടിക്കൊണ്ട് തങ്കച്ചനെപ്പറ്റി ലാസ൪ പറഞ്ഞു.
അക്ബര് ലാസറിന്റെ ദേഹം മുഴുവനും പരിശോധിച്ചു.
“എടോ കൊഡാക്കേ.. തന്റെ തടികേടാക്കും മു൯പ് ഞാന് ചോദിച്ചതിന്റെ സമാധാനം പറ.
തനിക്കിതെവിടന്ന് കിട്ടി?..”
ലാസറിന്റെ പോക്കറ്റില് നിന്നും ഒരു ചെറിയ പൊതി എടുത്ത് അത് തുറന്നുനോക്കി മണപ്പിച്ചിട്ട് അക്ബര് ചോദിച്ചു.
“തങ്കച്ചാ സംഗതി മറ്റവനാണ്.. താനൊന്ന് ചോദിച്ച്നോക്ക്. നേരെ ചൊവ്വേ ഇവ൯ പറയുന്ന ലക്ഷണമില്ല .”
അക്ബര് പൊതി തങ്കച്ചന് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
“ശരിയാണല്ലോ സാറേ.. ഈ പട്ടാപ്പകല് ഇവനിതെങ്ങനെ?”
തങ്കച്ചന് ലാസറിന്റെ കഴുത്തിനുപിന്നിലായി പിടുത്തമിട്ട് അയാളെ കുനിച്ചുനി൪ത്തി…എന്നിട്ട് കൈമുട്ടുമടക്കി ഇടിക്കാനായി ആഞ്ഞതും ലാസ൪ അയാളുടെ കാലുകളിലേക്ക് വീണ് കെട്ടിപ്പിടിച്ചു .
“സാറെ ഇതാ പള്ളുരുത്തിവെളിയിലെ ജോണ്സണ് തന്നതാണേ.. അവന്റെ അനിയ൯ ചെക്കന്റെ കല്യാണത്തിന് ഡ്രോണ് വാടകയ്ക്ക് കൊടുത്തവകയില് കുറച്ചു പണം കിട്ടാനുണ്ടായിരുന്നു. കാശായിട്ടില്ല പകരം നീലച്ചടയ൯ തരാമെന്ന് പറഞ്ഞപ്പോള് അറിയാതെ വാങ്ങിപ്പോയി…ക്ഷമിക്ക് സാറെ..ഇനി വലിക്കൂല്ലാ..”
“താ൯ ഡ്രോണ് വാടകയ്ക്ക് കൊടുക്കാറുണ്ടോ?”
അക്ബര് ചോദിച്ചു.
ഉണ്ട്..സാറെ, പയ്യന്മാര് വന്ന് വാങ്ങിക്കൊണ്ടുപോകും. ഷോ൪ട്ട്ഫിലിം എന്നൊക്കെപറഞ്ഞ്. സ്റ്റുഡിയൊയൊക്കെ നഷ്ടത്തിലാണ് .അതുകൊണ്ട് കൊടുക്കും. വാടക മുടങ്ങാതെ തരും.. ”
ലാസര് പറഞ്ഞു.
“ഈ അടുത്ത സമയത്ത് ആരെങ്കിലും വാടകയ്ക്കെടുക്കുവാ൯ വന്നോ? മുഖം മറച്ചിട്ടോ മറ്റൊ? ഒന്നോ൪ത്തുനോക്കിക്കേ ..”
അക്ബര് ലാസറിനോടുചോദിച്ചു.
“മുഖം മറച്ചിട്ട്?…….”.ലാസര് തങ്കച്ചനെ നോക്കി.
“എന്നോട് ചോദിക്കാനല്ല പറഞ്ഞത് തന്നെ കാണാ൯ ആരെങ്കിലും വന്നോ എന്നാണ് സാറ് ചോദിച്ചത്.”
തങ്കച്ചന് പറഞ്ഞു.
“അത് തന്നെയല്ലേ ആലോചിക്കുന്നത്? ….മുഖം…മറച്ച്…. ആ..
കിട്ടി സാറേ കിട്ടി…”
“ആരാ… പറയ്”
“അത്… അതൊരു ജിന്നാണ് ”
“ഓ…ഇവ൯. …” തങ്കച്ച൯ മുഷ്ടിചുരുട്ടികൊണ്ട് പറഞ്ഞു . അക്ബര് മുഖം കൊണ്ട് അരുതെന്ന് വിലക്കി.
“എടോ മനുഷ്യാ സിനിമാ ഡയലോഗല്ല ആ വന്ന ആളിനെ പറ്റി പറയ്..” തങ്കച്ചന് ആക്രോശിച്ചു .
അതാണ് സാറെ പറഞ്ഞത് . ഒരു വട്ടമേ കണ്ടുള്ളു.. നമ്മുടെ വാസ്കൊഡ ഗാമയെ അടക്കിയ പള്ളിയുടെ അടുത്തുവച്ച്… രാത്രിയില് കടയടച്ച് പോകും വഴി എന്റെ സ്കൂട്ടറിന് വട്ടം വച്ചു. കുറച്ചുപണമാണ് ആദ്യം നീട്ടിയത്. പേപ്പറില് എഴുതിയ ഒരു കുറിപ്പുമുണ്ടായി കൂടെ. ഡ്രോണും അതുപയോഗിക്കുവാ൯ ആ ഊമച്ചെക്കനെയും വേണമെന്നായിരുന്നു ആവശ്യം.. പണം കണ്ടപ്പോള് ഞാന് വരാമെന്ന് പറഞ്ഞു..
പക്ഷേ ക്രിസ്റ്റിയെതന്നെ മതി എന്ന് എന്നെ എഴുതിക്കാണിച്ചു. ”
ലാസര് പറഞ്ഞു.
“ആ കുറിപ്പ് കൈയ്യിലുണ്ടോ? ”
അക്ബര് ചോദിച്ചു
“ഇല്ല.”
“ഡ്രോണ് തിരിച്ചുതന്നൊ?”
“ഇല്ലെന്നെ..”അയാള് കരച്ചിലിന്റെ വക്കിലെത്തി.
“ആ പടുപാപിയേയും കാണാനില്ല ക്രിസ്റ്റിയെ..”
“പടുപാപി ഇവിടുണ്ട്..”തങ്കച്ചന് പറഞ്ഞു.
അക്ബര് ചോദിച്ചു. :
“എന്തെങ്കിലും അടയാളം? അയാളെ മനസ്സിലാക്കുവാന് ? അയാള് ഉയരമുള്ള ആളാണോ? പറയ്.”
ഉയരം .. ഏയ് അത്രക്കൊന്നും ഉയരമില്ലാത്ത ആളാണ്. പിന്നെ…
അയാളൊന്ന് ചിന്തിച്ചു.
ആ സംഭവം ലാസറിന്റെ ചിന്തകളില്കൂടി കടന്നുപോയി…
ആ. സാറെ അയാളുടെ നടപ്പ് പെണ്ണുങ്ങള് നടക്കുന്നതുപോലെയാണ്.”അയാളതുപോലെ നടന്നു കാണിച്ചു..അക്ബറിന് ചിരി വന്നു.
“ഉം..തങ്കച്ചാ ഇവനെ പിടിച്ച് അകത്തിട് . ”
അക്ബര് തങ്കച്ചനോട് പറഞ്ഞു.
“വാടോ”
തങ്കച്ചന് ലാസറിനെ സെല്ലിലേക്ക് കൂട്ടിക്കൊണ്ടുപോയി. സെല്ലുതുറന്ന് ലാസറിനെ അകത്തേക്ക് തള്ളി തങ്കച്ചന് മടങ്ങി മ.
അകത്ത് ക്രിസ്റ്റിയെ കണ്ട ലാസര് അവനോട് പറഞ്ഞു ” എടാ വദൂരി നീ കാരണം ഞാനും പെട്ടല്ലോടാ ..ഏത് ചെകുത്താനാടാ നിന്നെ തിരക്കിവന്നത്”
ക്രിസ്റ്റി ലാസറിനെ നോക്കി ഒന്നു മന്ദഹാസിച്ചു.
ദൈന്യതയുടെ ഒരു ചിരി.

അക്ബറിന്റെ മുന്നില് ചെന്നുനിന്ന തങ്കച്ചന് അയാളോട് ചോദിച്ചു:
” ഇതിപ്പോള് എങ്ങോട്ടാണ് സാറെ പോകുന്നത്?”
“ഞാന് ഊഹിച്ചിടത്തേക്കുതന്നെ..തങ്കച്ചോ.. ”
അക്ബറിന്റെ മുഖത്ത് ഒരു ചെറിയചിരി പട൪ന്നു.
“അല്ല അവനാ വാസ്കോഡിഗാമ എന്നൊക്കെ പറഞ്ഞല്ലോ പരസ്പരബന്ധമില്ലാതെ? എനിക്കുതോന്നുന്നത് ഈ ലാസ൪ നമ്മളെ വഴി തെറ്റിക്കുന്നു എന്നാണ് സ൪”
തങ്കച്ചന് തുടര്ന്നു.
“അല്ലെടോ.. അയാള് ലഹരിയിലാണെങ്കിലും പറഞ്ഞത് അത്രയും സത്യംതന്നെയാണ്.”
വാസ്കോ ഡ ഗാമയെ ആദ്യം അടക്കം ചെയ്തത് സെന്റ് ഫ്രാൻസിസ് കൊച്ചിയിലെ പള്ളിയിലാണ്. പിന്നീടാണ് ഭൗതികാവശിഷ്ടങ്ങൾ ഇവിടെനിന്നും കൊണ്ടുപോയി പോർട്ടുഗലിലെ വിദിഗ്വരയിൽ അടക്കം ചെയ്തത്.
അതാണ് അയാള് അടയാളം പറഞ്ഞത്. കഞ്ചാവിന്റെ പുറത്തല്ലേ.. അതാണ് ഇത്ര ചിന്ത.. ”
അക്ബര് ഉറക്കെ ചിരിച്ചു.
തങ്കച്ചാ ഈ അജ്ഞാതനായ ആളുണ്ടല്ലോ അയാളൊരു തികഞ്ഞ ബുദ്ധിമാനാണ്. ഒരുപക്ഷേ ശബ്ദം കൊണ്ടുപോലും.തിരിച്ചറിയാതിരിക്കുവാ൯ വേണ്ടിയാവാം ആരോടും സംസാരിക്കാതെ പേപ്പര് ചുരുളുകള് വഴി സംവദിക്കുന്നത്..
നടപ്പിലെ സ്ത്രൈണത.. അതാണ് എന്നെ കുഴക്കുന്നത്. ലാസറിനെയും ക്രിസ്റ്റിയെയും ഈ സംഭവങ്ങളുമായി ബന്ധപ്പെടുത്തിയതുവഴി ഈ കേസില് അലോഷിയേയും കൊണ്ടുവന്നു.
നമ്മുടെ തല പുകയുന്ന ഓരോ നിമിഷവും ഈ കുറ്റം ചെയ്തയാള് ആനന്ദിക്കുകയാണ്. നമ്മുടെ വഴിതെറ്റിച്ച് അതില് ആനന്ദം കണ്ടെത്തുകയാണ്..
ഞാനാ കുട്ടികളുടെ ലിസ്റ്റ് വിദ്യാഭ്യാസവകുപ്പിന് നല്കിയിട്ടുണ്ട്. അവിടത്തെ സെക്രട്ടറിമാരിലൊരാള് എന്റെ സുഹൃത്താണ്.
ഈ കേസിലേക്ക് ലീഡ് ചെയ്യുന്ന എന്തെങ്കിലും ഒരു തുമ്പ് കിട്ടാതിരിക്കില്ല.
ആ രാജീവിനോട് ഇതുവരെയുള്ള നമ്മുടെ കേസന്വേഷണത്തിന്റെ റിപ്പോ൪ട്ട് ഒന്ന് ഡ്രാഫ്ററ് ചെയ്യാന് പറയ്..നാളെ ആ പെണ്ണുംപിള്ളക്ക് കൊടുക്കാനുള്ളതാണ്… ഞാന് ഇറങ്ങുന്നു..”
അക്ബര് എഴുന്നേറ്റു.
“ഒകെ സ൪.. സാറിറങ്ങിക്കോളൂ. റിപ്പോ൪ട്ട് ഞങ്ങള് ചെയ്തുവയ്ക്കാം. ”
തങ്കച്ചന് പറഞ്ഞു.
“പിന്നെ തങ്കച്ചാ അകത്തുകിടക്കുന്നവന്മാരിലൊരു കണ്ണുവേണം..”
അക്ബര് പുറത്തേക്കിറങ്ങി.

ജെറിയുടെ ഫ്ലാറ്റ്
അയാള് പിയാനോയില് ഒരു പാശ്ചാത്യഗാനം വായിച്ചുകൊണ്ടേയിരുന്നു. തൊട്ടടുത്ത് അയാളുടെ ദേഹത്ത് തൊട്ടുരുമ്മിനിന്ന് ആ പാട്ട് കേട്ടുകൊണ്ടിരുന്ന അവന്തിക…
“പപ്പാ…” അവള് വിളിച്ചു
സംഗീതം നിലച്ചു. പിയാനോവിന്റെ മാറിലൂടെ ഓടിക്കൊണ്ടിരുന്ന ജെറിയുടെ വിരലുകള് നിശ്ചലമായി.
“എന്താ മോളേ…”
“പപ്പായെന്താ മമ്മിയെ കൂട്ടിക്കൊണ്ട് വരാത്തെ?”
അവന്തിക ചോദിച്ചു.
“എന്റെ എല്ലാ ഫ്രണ്ട്സിനെയും അവരുടെ മമ്മിമാരാ ഒരുക്കുന്നതും പാട്ടുപാടി ഉറക്കുന്നതും ഫുഡ് കൊടുക്കുന്നതുമൊക്കെ.. ”
“മോള്ക്കീ പപ്പായില്ലേ?”
അയാള് അവളെ നെഞ്ചോട് ചേ൪ത്ത് നിറുകയില് ഒരു ഉമ്മ നല്‍കിക്കൊണ്ട് പറഞ്ഞു.
മോള്ക്ക് പപ്പായും .പപ്പായ്ക്ക് മോളും..അത് മതി …”
അവസാനം അത് മതി എന്ന വാചകത്തില്‍ വാത്സല്യമായിരുന്നില്ല നിഴലിച്ചിരുന്നത്.!
ജെറി വീണ്ടും പിയാനോയില്‍ സ്വരമുതി൪ക്കുവാ൯ തുടങ്ങി ..”
What’s up?
How you feelin ’bout it?
What’s up?
Got some shade about it
What’s up?
You mad about it
Can’t be mad at me…”
അവന്തിക അയാളുടെ മടിയില്‍ ഇരുന്നു മെല്ലെ കണ്ണുകളടച്ച് ഉറക്കംപിടിച്ചു…
ജെറി പതിയെ മകളെ എടുത്ത് അവളുടെ മുറിയിലേക്ക് നടന്നു.. കട്ടിലില്‍ കിടത്തി ഒരു പുതപ്പുകൊണ്ട് അവളെ പൊതിഞ്ഞു.നെറുകയിലൊരു മുത്തം സമ്മാനം നല്കി അയാള്‍ ശബ്ദമുണ്ടാക്കാതെ തിരികെ നടന്നു. വാതില്‍ പതിയെ ചാരി മുറിയില്‍ നിന്നും പുറയ്തുകടന്നു…
തന്റെ മുറിയിലെത്തിയ ജെറി കമ്പ്യൂട്ട൪ സ്വിച്ചോണ്‍ ചെയ്തു.
ഹെഡ്സെറ്റ് എടുത്തുവച്ച് അയാള്‍ എന്തോ സംഗീതം ആസ്വദിക്കാ൯ തുടങ്ങി ..

“വക്കീലെ നാളെ എന്റെ ചെറുക്കനെ എനിക്ക് ഇവിടെ കിട്ടണം.. അവനെ അവ൪ ഉപദ്രവിച്ചിട്ടുണ്ടാവുമോ?”?”
അലോഷി തന്റെ മുന്നിലിരുന്ന ഗ്ലാസ്സുകളിലേക്ക് മദ്യം പക൪ന്നുകൊണ്ട കരുണനോട് ചോദിച്ചു.
“എന്നുചോദിച്ചാലെനിക്ക് അറിഞ്ഞുകൂടാ.. അവന്റെ സ്വഭാവത്തിന് അവര് നല്ല തല്ലുകൊടുത്തിട്ടുണ്ടാവും പോലീസുകാരല്ലേ ല … പിന്നെ ഞാനറിഞ്ഞിടത്തോളം സംഗതി കൊലക്കേസാ ഊരിക്കിട്ടാനിത്തിരി പാടുപെടും. ആ അക്ബറില്ലെ? അയാളൊരു കാലനാ.. അമ്പിനും വില്ലിനും അടുക്കില്ല. നമ്മള്‍ക്ക് നോക്കാം ഈ കരുണനില്ലേ കൂടെ. ?
സാഹിബ് വിഷമിക്കണ്ടാ.. ”
കയ്യിലിരുന്ന ഗ്ലാസ്സിലെ മദ്യം ഒറ്റവലിക്ക് അകത്താക്കിയിട്ട് കശുവണ്ടിപ്പരിപ്പ് ഒരു കൈ വാരി വായില്‍ കുത്തി നിറച്ചുകൊണ്ടാണ് കരുണ൯ വക്കീല്‍ അത് പറഞ്ഞത്.
“വിഷമം..” അലോഷി തന്റെ ഊന്നുവടിയില്‍ പിടിമുറുക്കിക്കൊണ്ടു പറഞ്ഞു .
” ജൂതന്റെ പക അവനറിയില്ല. ന്റെ ചെക്കന്റെ ദേഹത്തൊരു പോറല്‍ വീണാല്‍ ഞാന്‍ പൊറുക്കില്ല.. അവനെ പൊറുപ്പിക്കില്ല.”
അയാളുടെ കണ്ണുകള്‍ ചുവന്നിരുന്നു.
“അല്ല സാഹിബേ ഈ കടയില്‍ നില്കുന്ന ചെക്കനോട് എന്താ ഇത്ര സെന്റിമെ൯സ്? ഇനി അത് സാഹിബിന്റെ വല്ല കൈയ്യബദ്ധവും…ദേ വക്കീലിനോടും ഡോക്ടറോടും നുണപറയാ൯ പാടില്ല..കേട്ടല്ലൊ..”
“ഭ നായേ ..! ” നൊടിയിടകൊണ്ട് കരുണന്റെ കഴുത്തിലേക്ക് തന്റെ വലതുകൈത്തണ്ടയമ൪ത്തി ഭിത്തിയോട്ചേ൪ത്ത് അയാളെ ഞെരുക്കിക്കൊണ്ട് അലോഷിപറഞ്ഞു.. അവനെന്റെ ഡേവിഡിന്റെ ചോരയാടോ… എന്റെ ചെറുമക൯.. എനിക്കാകെയുള്ള അവകാശി.!”
കരുണന്റെ കണ്ണുകള്‍ തള്ളിവന്നു. അയാള്‍ ശ്വാസം കിട്ടാതെ പിടഞ്ഞു .
“പിടി വിട് സോറി ” കരുണ൯ ഞരങ്ങി.
അലോഷി പിടിവിട്ടു.
“ക്ഷമിക്ക് വക്കീലേ.. ”
നാണക്കേടുസഹിക്കാതെ അന്ന് പണംകൊടുത്ത് പൈലിയുടെ തലയിലാക്കിയാണ് ഞാന്‍ കാണിച്ച ഏറ്റവും വലിയ തെറ്റ്.. അന്നുഞാ൯ ചേ൪ത്തുപിടിച്ചതെല്ലാം എന്നെ വിട്ടുപോയി. ഇപ്പോള്‍ അവ൯ മാത്രമാണ് ഈ കിഴവന് കൂട്ട്.
എനിക്കവനെ വേണം വക്കീലേ.. തനിക്കെത്ര പണം വേണമെന്നു പറഞ്ഞാല്‍ മതി. ഞാന്‍ തരും. ”
പണം എന്ന് കേട്ടതോടെ കരുണന്റെ കണ്ണുകള്‍ തിളങ്ങി. !
അയാള്‍ കയ്യിലിരുന്ന ഗ്ലാസ് അലോഷിയുടെ മുന്നിലേക്ക് നിരക്കിവച്ചു.
“സാഹിബ് ഒന്നൂടെ ഒഴിക്ക് .. ഞാന്‍ ഏറ്റു…”
അലോഷി ഗ്ലാസ്സിലേക്ക് മദ്യം പക൪ന്നുകൊണ്ട് കരുണനെ നോക്കി .. കുറുക്കന്റെ നോട്ടം!!!!

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഗെയിം ഓവർ – ഭാഗം 1

ഗെയിം ഓവർ – ഭാഗം 2

ഗെയിം ഓവർ – ഭാഗം 3

ഗെയിം ഓവർ – ഭാഗം 4

ഗെയിം ഓവർ – ഭാഗം 5

ഗെയിം ഓവർ – ഭാഗം 6

ഗെയിം ഓവർ – ഭാഗം 7

ഗെയിം ഓവർ – ഭാഗം 8

ഗെയിം ഓവർ – ഭാഗം 9

ഗെയിം ഓവർ – ഭാഗം 10

ഗെയിം ഓവർ – ഭാഗം 11

ഗെയിം ഓവർ – ഭാഗം 12

Share this story