ഇനിയൊരു ജന്മംകൂടി – PART 11

ഇനിയൊരു ജന്മംകൂടി – PART 11

നോവൽ

******

ഇനിയൊരു ജന്മംകൂടി – PART 11

എഴുത്തുകാരി: ശിവ എസ് നായർ

ശൂന്യമായ മനസോടെ ആവണി ഗണേശന്റെ വീട്ടിലേക്ക് നടന്നു. അവിടെ അവളെ വരവേറ്റത് നടുക്കുന്ന സത്യങ്ങളായിരുന്നു. ആവണി ചെല്ലുമ്പോൾ പൂമുഖത്തെ ചാരു കസേരയിൽ അച്ഛമ്മ കിടക്കുന്നത് കണ്ടു. “അച്ഛമ്മേ… ” അവൾ നീട്ടി വിളിച്ചു.

അവളുടെ ശബ്ദം കേട്ട് അവർ കണ്ണുകൾ തുറന്നു.

ആവണിയുടെ വരവ് അവർ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

“കയറി വാ.. ” അവർ അവളെ ക്ഷണിച്ചു.

ആവണി വരാന്തയിലേക്ക് കയറിയിരുന്നു.

“അച്ഛമ്മയ്ക്ക് സുഖമാണോ…. ഇവിടെ കുഴപ്പമൊന്നുമില്ലല്ലോ… ”

“എനിക്ക് കുഴപ്പമൊന്നുമില്ല….നീയെന്താ പതിവില്ലാതെ ഈ വഴിക്ക്… ” അവർ ചോദിച്ചു.

“അച്ഛമ്മയെ കാണാൻ വേണ്ടിയാ ഞാൻ വന്നത്.”

“എന്താ വിശേഷിച്ചു… ” തെല്ലു ആകാംക്ഷയോടെ അവർ ആരാഞ്ഞു.

ഒരു നിമിഷം അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.

“അത് പിന്നെ അച്ഛമ്മേ…..സുധിയേട്ടൻ എന്നെ ഡിവോഴ്സ് ചെയ്യാൻ തീരുമാനിച്ചു. വക്കീലിനെ കണ്ടിട്ട് വരുന്ന വഴിയാ.

ഒരാഴ്ചയ്ക്കുള്ളിൽ ഡിവോഴ്സ് പെറ്റീഷൻ തയ്യാറാക്കിയിട്ട് വിളിക്കാമെന്നാണ് അഡ്വക്കേറ്റ് പറഞ്ഞത്. ഡിവോഴ്സ് പേപ്പറിൽ സൈൻ ചെയ്തു കഴിഞ്ഞാൽ പിന്നെ ഞാൻ ആ വീട്ടിൽ തുടരേണ്ട ആവശ്യം വരുന്നില്ലല്ലോ… ആറു മാസം കഴിഞ്ഞാൽ കോടതിയിൽ പെറ്റീഷൻ സമർപ്പിക്കും.

അമ്മയുടെ അടുത്തേക്ക് പോകാനുള്ള ധൈര്യം ഇല്ലാഞ്ഞിട്ടാ ഞാൻ ഇങ്ങോട്ടേക്കു വന്നത്.അച്ഛമ്മ കൂടെ വരുകയാണെങ്കിൽ നമുക്ക് ഏതെങ്കിലും വീട് വാടകയ്ക്ക് എടുത്തു താമസിക്കാം. പിന്നീട് അമ്മയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയ ശേഷം അങ്ങോട്ടേക്ക് പോകാം.

അവിടുന്ന് ഇറങ്ങിയാൽ പിന്നെ എനിക്ക് പോകാൻ ഒരിടമില്ല… ”

ഇടറിയ സ്വരത്തിൽ അവൾ അച്ഛമ്മയോട് പറഞ്ഞു.

ഒരു പൊട്ടിച്ചിരി ആയിരുന്നു അവരുടെ മറുപടി.

അവരുടെ ഭാവമാറ്റം കണ്ട് ആവണി പകച്ചു പോയി.

“നന്നായി… നിനക്കിതു തന്നെ കിട്ടണം…. ഞാൻ കൂടെ വരുമെന്ന് സ്വപ്നം കണ്ടാണ് ഇങ്ങോട്ട് വന്നതെങ്കിൽ എന്റെ മോൾ അതങ്ങ് മറന്നേക്ക്..”

“അച്ഛമ്മയും സ്നേഹം നടിച്ചു എന്നെ പറ്റിക്കുകയായിരുന്നു അല്ലെ…. ഇതിന് മാത്രം ഞാൻ എന്ത് തെറ്റാ നിങ്ങളോട് ചെയ്തേ..??

സ്നേഹം നടിച്ചു നിങ്ങൾ അടുത്ത് കൂടിയപ്പോൾ ഞാൻ അതിൽ വീഴാൻ പാടില്ലായിരുന്നു. എന്ന് ഞാൻ എന്റെ അമ്മയുടെ വാക്ക് ധിക്കരിച്ചു നിങ്ങളുമായി ബന്ധം സ്ഥാപിച്ചോ അന്ന് തുടങ്ങി എന്റെ കഷ്ടകാലം…. ”

ആവണിക്ക് എന്തെന്നില്ലാത്ത കുറ്റബോധം തോന്നി.

“നിന്ന് പ്രസംഗിക്കാതെ ഇറങ്ങി പോടീ എന്റെ വീട്ടിൽ നിന്ന്…”

അച്ഛമ്മ അവളെ കഴുത്തിനു പിടിച്ചു പുറത്തേക്കു തള്ളി….ശേഷം അവർ അകത്തു കയറി വാതിൽ അടച്ചു.

നില തെറ്റി ആവണി മുറ്റത്തേക്ക് വീണു.

ആ രംഗങ്ങൾ കണ്ടു കൊണ്ടാണ് ഗണേശന്റെ ഭാര്യ സുധ കയ്യിൽ സാധനങ്ങളുമായി അങ്ങോട്ടേക്ക് വന്നത്.

“അയ്യോ മോളെ എന്ത് പറ്റി… ” കയ്യിലിരുന്ന സാധനങ്ങൾ നിലത്തിട്ട് അവർ ഓടി വന്നു അവളെ പിടിച്ചു.

സുധ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു.

ആവണി ദേഹത്തു പറ്റിയ മണ്ണ് തൂത്തു കളഞ്ഞു.

“മോൾ എന്തിനാ ഇങ്ങോട്ടേക്കു വന്നത്… മോൾക്കിനിയും അവരുടെ തനി സ്വഭാവം മനസിലായില്ലെന്നുണ്ടോ… ” അലിവോടെ സുധ
ചോദിച്ചു.

“കുഞ്ഞമ്മേ ഞാൻ…. എനിക്കറിയില്ലായിരുന്നു ഈ നിമിഷം വരെ അച്ഛമ്മയ്ക്കും ഈ വിവാഹത്തിൽ പങ്കുള്ള കാര്യം… ” സങ്കടത്തോടെ അവൾ അവരെ നോക്കി പറഞ്ഞു.

“എന്റെ മോളെ നിന്നെ കരുതി കൂട്ടി എല്ലാവരും കൂടി ചതിച്ചതാ…
സുധീഷിന്റെ അമ്മയുടെ കമ്പനിയിലെ മാനേജർ ആണ് നിന്റെ കൊച്ചച്ചൻ. പണ്ട് സുധീഷിന്റെ അമ്മയുടെ അച്ഛനും നിന്റെ അച്ഛന്റെ അച്ഛനും തമ്മിൽ ബിസിനസ്‌ പാർട്ണർ ആയിരുന്ന കാര്യങ്ങൾ നിനക്കറിയാലോ.

പിന്നീട് മോളുടെ അച്ചാച്ചന്റെ മരണ ശേഷം ബിസിനസ്‌ രണ്ടായി ഭാഗിച്ചു. നിന്റെ കൊച്ചച്ചൻ ബിസിനസ്‌ നോക്കി നടത്തി കടത്തിൽ മുങ്ങി നിന്ന സമയത്താണ് സുധീഷിന്റെ അമ്മ അവരുടെ കമ്പനിയിൽ അദ്ദേഹത്തിനു മാനേജർ ആയി ജോലി നൽകിയത്.

പിന്നീടാണ് അവരുടെ മകനും മോളുമായിട്ടുള്ള വിവാഹം നടത്തി കൊടുത്താൽ ഇരുപത്തിയഞ്ചു ലക്ഷം രൂപ നൽകാമെന്ന് ഓഫർ നൽകിയത്.

അതിനായി നിന്റെ അച്ഛമ്മ ഒരുക്കിയ കെണിയിൽ നീ വീഴുകയും ചെയ്തു. പെട്ടെന്നൊരു ദിവസം സ്നേഹം നടിച്ചു അവർ അടുത്ത് കൂടിയപ്പോൾ മോൾ മനസിലാക്കണമായിരുന്നു അതിനു പിന്നിൽ എന്തെങ്കിലും ചതി ഉണ്ടാകുമെന്നു.

മോളുടെ അമ്മയെയും മോളെയും തമ്മിൽ തെറ്റിച്ചാൽ മാത്രമേ അവരുടെ ഉദ്ദേശം നടക്കു എന്ന് അവർക്ക് അറിയാമായിരുന്നു.

മോളും അമ്മയും തമ്മിൽ വഴക്കിട്ടു പിണങ്ങാൻ വേണ്ടിയാണ് ഒരു നുണക്കഥ പറഞ്ഞു അവർ നിന്നെ വിശ്വാസിപ്പിച്ചത്. നീ സൗഭാഗ്യ പ്രസവിച്ച മകൾ അല്ലായെന്ന്.

ചെറുപ്പം മുതൽ അമ്മയ്ക്ക് നിന്നോട് അകൽച്ചയാണെന്ന് നീ പറഞ്ഞത് അവർ മുതലെടുത്തു. മോളും അമ്മയുമായി മാനസികമായ ഒരടുപ്പം ഇല്ലെന്ന് മോളിൽ നിന്നും മനസിലാക്കിയ ശേഷമാണ് നിന്റെ കൊച്ചച്ചനും അച്ഛമ്മയും കൂടിയാലോചിച്ചു ഇങ്ങനെയൊരു നീക്കം നടത്തിയത്.

അതിലവർ വിജയിക്കുകയും ചെയ്യും. ദുരഭിമാനിയായ നിന്റെ അമ്മയ്ക്ക് ഒരിക്കലും സ്വന്തം മകൾ തന്റെ വാക്ക് മറി കടന്നു അച്ഛന്റെ വീട്ടുകാരുമായി ബന്ധം സ്ഥാപിക്കുന്നത് ഉൾകൊള്ളാൻ കഴിയില്ലെന്ന് ഇവർക്കറിയാമായിരുന്നു. അതിന്റെ പേരിൽ നിങ്ങൾ തമ്മിൽ വഴക്കാകുമ്പോൾ മോൾ അമ്മയോട് ഞാൻ നിങ്ങളുടെ സ്വന്തം മകൾ അല്ലല്ലോയെന്ന് ചോദിക്കുക കൂടി ചെയ്താൽ പിന്നെ സൗഭാഗ്യ മോളുമായി പിണക്കത്തിലാകുമെന്ന് ഉറപ്പായിരുന്നു.

കാര്യങ്ങൾ അതുപോലെ തന്നെ സംഭവിച്ചു. പിന്നെ എന്നെ മോളുടെ മുന്നിൽ അച്ഛമ്മയെ നിരന്തരം ദ്രോഹിക്കുന്ന മരുമകളായി ചിത്രീകരിച്ചു കൊണ്ട് ആ വീട്ടിൽ കയറിപ്പറ്റി. അതോടെ മോളുടെ അമ്മയുടെ ദേഷ്യം വർദ്ധിക്കുകയും ചെയ്തു.

പിന്നെ എന്തൊക്കെയാണ് നടന്നതെന്ന് മോൾക്കും അറിയാവുന്നതല്ലേ.നിന്റെ കൊച്ചച്ചനെ മുന്നിൽ നിർത്തി പിന്നിൽ കളിച്ചത് നിന്റെ അച്ഛമ്മയായിരുന്നു.

എല്ലാം പണത്തിനു വേണ്ടിയായിരുന്നു….പലപ്പോഴും മോളോട് സത്യങ്ങൾ തുറന്നു പറയാൻ ഞാൻ ശ്രമിച്ചതായിരുന്നു പക്ഷെ അതിനുള്ള അവസരം കിട്ടിയിരുന്നില്ല. എല്ലാം അവര് തീരുമാനിച്ച പോലെ നടന്നു.

ഇനിയെങ്കിലും മോൾ അമ്മയെ മനസിലാക്കാൻ ശ്രമിക്കണം. ഉണ്ടായ കാര്യങ്ങൾ തുറന്നു പറഞ്ഞു അമ്മയോട് മാപ്പ് ചോദിച്ചാൽ സൗഭാഗ്യ ഉറപ്പായും നിന്നോട് ക്ഷമിക്കും.സ്വന്തം മകളെ തള്ളി പറയാൻ ഒരമ്മയ്ക്കും കഴിയില്ല. എന്നും എപ്പോഴും താങ്ങായി അമ്മ മാത്രേ ഉണ്ടാവു…”

സുധ പറഞ്ഞതെല്ലാം കേട്ട് നിൽക്കാനേ ആവണിക്ക് കഴിഞ്ഞുള്ളു. തന്റെ ബുദ്ധി ശൂന്യമായ പ്രവർത്തി കൊണ്ടാണ് ഇതെല്ലാം സംഭവിച്ചതെന്ന് അവൾക്ക് മനസിലായി.

തന്റെ ജീവിതം നശിക്കാൻ കാരണം താൻ തന്നെയാണ്. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. തെറ്റും ശരിയും തിരിച്ചറിയാനുള്ള വിവേകം തനിക്കില്ലാതെ പോയി. എങ്കിൽ അവരുടെ ചതി കുഴിയിൽ വീഴില്ലായിരുന്നു….

ആവണിക്ക് തന്നോട് തന്നെ വെറുപ്പ് തോന്നി.

തന്റെ അമ്മ തന്നെയായിരുന്നു ശരി എന്ന് അവൾക്ക് ഒന്നൂടെ ബോധ്യമായി. അച്ഛമ്മയുടെ വാക്കുകൾ വിശ്വസിച്ചു സ്വന്തം അമ്മയെ അന്യയായി കണ്ട നിമിഷത്തെ അവൾ മനസ്സാൽ ശപിച്ചു. അന്ന് അമ്മയോട് അതേ ചൊല്ലി വഴക്കിട്ടപ്പോൾ അമ്മയ്ക്ക് എന്ത് മാത്രം വേദന തോന്നിക്കാണും എന്നോർത്തപ്പോൾ അവളുടെ നെഞ്ച് നീറി പുകഞ്ഞു.

അറിവില്ലായ്മ കൊണ്ട് ചെയ്തു പോയ തെറ്റുകൾക്ക് അമ്മയുടെ കാലിൽ വീണു മാപ്പിരക്കാൻ അവൾ അതിയായി ആഗ്രഹിച്ചു.
പക്ഷെ ആവണിക്ക് അമ്മയുടെ മുന്നിലേക്ക് ചെല്ലാനുള്ള ധൈര്യം ഇല്ലായിരുന്നു.

സുധയോട് യാത്ര പറഞ്ഞു അവൾ സുധീഷിന്റെ വീട്ടിലേക്ക് പോയി. വീട്ടിലേക്കുള്ള യാത്രയിലുട നീളം ആവണിയുടെ മനസ്സ് സ്വയം കുറ്റപ്പെടുത്തി കൊണ്ടിരുന്നു.

ട്രാഫിക് ബ്ലോക്ക്‌ കാരണം നേരം വൈകിയാണ് ആവണി വീട്ടിലെത്തിയത്.

ചെന്നു കയറുമ്പോൾ ആവണി കണ്ടത് ഹാളിലെ സോഫയിൽ ഇരിക്കുന്ന ഗീതയെയാണ്.അരികിൽ സുരേന്ദ്രനും ഉണ്ടായിരുന്നു. സുധീഷിന്റെ അമ്മയെ സുരേന്ദ്രൻ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു വീട്ടിലേക്ക് കൂട്ടി കൊണ്ട് വന്നിരുന്നു. രോഗം ഏതാണ്ട് ഭേദമായിരുന്നു അവർക്ക്.

ആവണി പ്രതീക്ഷിച്ച പോലെ ഗീതയുടെ ഭാഗത്തു നിന്നും യാതൊരു ആക്രമണവും ഉണ്ടായില്ല.

“മോൾ എവിടെ പോയതാ… ” അവളെ കണ്ടതും സുരേന്ദ്രൻ ചോദിച്ചു.

ഒരു നിമിഷം അയാളുടെ ചോദ്യത്തിനു മുന്നിൽ ആവണിക്ക് ഉത്തരം മുട്ടി.

“സുധീഷ് എന്നെ ഡിവോഴ്സ് ചെയ്യാൻ തീരുമാനിച്ചു അച്ഛാ.അഡ്വക്കേറ്റിനെ കണ്ടിട്ടു മടങ്ങി വരുന്ന വഴി ഞാൻ അച്ഛമ്മയെ കാണാൻ ഇറങ്ങി. അവരും കൂടി ചേർന്നുള്ള ഒത്തുകളി ആയിരുന്നു ഈ വിവാഹം…”
അവൾ നടന്ന കാര്യങ്ങൾ അച്ഛനോട് പറഞ്ഞു.

എല്ലാം കേട്ടു കൊണ്ട് സുധിയുടെ അമ്മയും നിശബ്ദം ഇരുന്നു.

“മോളെ… ” കേട്ടത് ഉൾകൊള്ളാൻ കഴിയാതെ അയാൾ വിളിച്ചു.

“ഞാൻ പറഞ്ഞത് സത്യമാണ് അച്ഛാ…. ഇനി അധിക ദിവസം ഞാനീ വീട്ടിൽ ഉണ്ടാവില്ല. ഡിവോഴ്സ് പേപ്പറിൽ സൈൻ ചെയ്തു കൊടുത്തു കഴിഞ്ഞാൽ പിന്നെ ഞാൻ ഈ വീട് വിട്ടിറങ്ങും…. ”

“എടുത്തു ചാടി ഒരു തീരുമാനം എടുക്കണോ മോളെ… നന്നായി ആലോചിച്ചു പോരെ… ”

“അച്ഛാ സുധിയേട്ടനോട്‌ ക്ഷമിക്കാൻ ഞാൻ തയ്യാറായതാണ്.എല്ലാം മറക്കാൻ ഞാൻ ഒരുക്കമാണെന്ന് അറിയിച്ചതുമാണ്. അപ്പോൾ സുധിയേട്ടൻ തന്നെയാണ് എന്നോട് ഡിവോഴ്സ് ആവശ്യപ്പെട്ടതു… ”

“അവനെ ഞാൻ പറഞ്ഞു മനസിലാക്കാം മോളെ… ”

“വേണ്ടച്ഛാ…ഇനി അതിന്റെ ആവശ്യമില്ല.എല്ലാം സുധിയേട്ടൻ തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞു. ഞാനും ഇതിനോട് പൊരുത്തപ്പെട്ടു കഴിഞ്ഞു… ”

ആവണി ഗീതയുടെ അടുത്തേക്ക് ചെന്നു.

“അമ്മയെ ഞാൻ വേദനിപ്പിച്ചുവെങ്കിൽ മാപ്പാക്കണം. എന്തെങ്കിലും തെറ്റ് എന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടെങ്കിൽ അമ്മയെന്നോട് ക്ഷമിക്കണം… ” അവൾ അവരുടെ കരം കവർന്നു.

അതുവരെ നിശബ്ദമായി ഇരുന്ന ഗീത പെട്ടെന്നാണ് പൊട്ടിക്കരഞ്ഞതു. അവർ അവളെ തന്നോട് ചേർത്ത് പിടിച്ചു.

“അമ്മയോട് മോൾ ക്ഷമിക്ക്… എല്ലാം എന്റെ തെറ്റായിരുന്നു… ഇത്രയും വർഷം ഒരു ഭ്രാന്തിയെ പോലെയാണ് ഞാൻ കഴിഞ്ഞത്. ഇത്രയും ദ്രോഹങ്ങൾ ഞാൻ മോളോടും ശ്രീനിയേട്ടനോടും ചെയ്തിട്ടും അതൊന്നും മനസ്സിൽ വയ്ക്കാതെ മോൾ അമ്മയോട് ക്ഷമിച്ചതു തന്നെ മോളുടെ നല്ല മനസ്സ് കൊണ്ടാണ്.

ഞാൻ ഇന്ന് ഇത്രയും മാറിയെങ്കിൽ അതിനു കാരണവും ആവണി മോൾ മാത്രമാണ്. ഞാനാണ് മോളോട് ചെയ്ത തെറ്റിന് മാപ്പ് ചോദിക്കേണ്ടതു…. ”

ആവണി വിശ്വാസം വരാതെ അവരെ നോക്കി.

“സംശയം വേണ്ട മോളെ… ഈ ഏറ്റു പറച്ചിൽ ആത്മാർത്ഥമായി തന്നെയാണ്… ” സുരേന്ദ്രൻ പറഞ്ഞു.

ആവണിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.
****************************************
ഒരാഴ്ച കടന്നു പോയി.

അന്നൊരു തിങ്കളാഴ്ച ആയിരുന്നു.

രാവിലെ കമ്പനിയിൽ ഫയലുകൾ നോക്കി ഇരിക്കുമ്പോഴായിരുന്നു സുധീഷിനു അഡ്വക്കേറ്റ് ഹരിശങ്കറിന്റെ കാൾ വന്നത്.

പെറ്റീഷൻ തയ്യാറാക്കി വച്ചിട്ടുണ്ടെന്നു അഡ്വക്കേറ്റ് സുധീഷിനെ അറിയിച്ചു.

വൈകുന്നേരം കമ്പനിയിൽ നിന്നും ഇറങ്ങിയ സുധീഷ് ഹരിശങ്കറിനെ കണ്ട് പെറ്റീഷൻ വാങ്ങിയ ശേഷമാണ് വീട്ടിലേക്ക് പോയത്.

രാത്രി അത്താഴം കഴിച്ചു കഴിഞ്ഞ സമയത്താണ് സുധീഷ് ആവണിയോട് ഡിവോഴ്സ് പെറ്റീഷൻ തയ്യാറാക്കി കിട്ടിയ കാര്യം അറിയിച്ചത്.

സുധീഷ് അഡ്വക്കേറ്റ് നൽകിയ പെറ്റീഷൻ സൈൻ ചെയ്യാൻ വേണ്ടി ആവണിക്ക് കൊടുത്തു.

അവൾ അവന്റെ കയ്യിൽ നിന്നും അത് വാങ്ങി മറിച്ചു നോക്കി.

സുധീഷ് അതിൽ നേരത്തെ തന്നെ ഒപ്പ് വച്ചിരിക്കുന്നതു അവൾ കണ്ടു.
ആവണിയും അതിൽ സൈൻ ചെയ്തു കൊടുത്തു.

എല്ലാം കണ്ടു കൊണ്ട് സുരേന്ദ്രനും ഗീതയും ഹാളിൽ നിൽക്കുന്നുണ്ടായിരുന്നു. അതിനോടകം തന്നെ ഇരുവരും മകനെ പറഞ്ഞു മനസിലാക്കാൻ ആവതും ശ്രമിച്ചു പരാജയപ്പെട്ടിരുന്നു.

സുധീഷ് തന്റെ തീരുമാനത്തിൽ ഉറച്ചു തന്നെ നിന്നു. അതോടെ ഇരുവരും പിൻവാങ്ങി.

മകന്റെ വിവാഹ ജീവിതം കണ്മുന്നിൽ അവസാനിക്കുന്നതു കണ്ടു നിൽക്കാൻ മാത്രമേ അവർക്ക് കഴിഞ്ഞുള്ളു.

എല്ലാത്തിനും കാരണക്കാരി താൻ തന്നെയാണല്ലോ എന്ന കുറ്റബോധം ഗീതയെ വേട്ടയാടി കൊണ്ടിരുന്നു.

ആ രാത്രി സുധീഷ് ഒഴികെ ആ വീട്ടിൽ ആരും ഉറങ്ങിയിരുന്നില്ല.

കൊണ്ട് പോകേണ്ട സാധനങ്ങൾ രാത്രി തന്നെ ആവണി ബാഗിലാക്കി വച്ചു.

പിറ്റേന്ന് രാവിലെ അവൾ മൂവരോടും യാത്ര പറഞ്ഞു ഇറങ്ങാൻ തയ്യാറായി.

സുരേന്ദ്രനും ഗീതയ്ക്കും അവളെ തടയണമെന്നുണ്ടായിരുന്നു.പക്ഷെ ആവണി തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു. അവളെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ കഴിയില്ലെന്ന് അവർക്ക് ബോധ്യമായതു കൊണ്ട് ഇരുവർക്കും നോക്കി നിൽക്കാനെ കഴിഞ്ഞുള്ളു.

ആവണിയുടെ തീരുമാനത്തിനോട് സുധീഷും യോജിച്ചു. അവൾ അവിടെ നിന്നും പോകുന്നത് തന്നെയാണ് നല്ലതെന്നു അവനും തോന്നി.

“ഇനി നമുക്ക് കോടതിയിൽ കാണാം സുധിയേട്ടാ… ഞാൻ ഇറങ്ങട്ടെ… ” ആവണി അവനോടു ചോദിച്ചു.

“ഇത് അഞ്ചു ലക്ഷം രൂപയുടെ ചെക്ക് ആണ്.ഞാൻ കാരണം നിന്റെ ജീവിതം നശിച്ചുവെന്ന് നീ എപ്പോഴും പറയുന്നതല്ലേ… നഷ്ടപരിഹാരമായി വച്ചോളൂ…” സുധീഷ് എഴുതി ഒപ്പിട്ട ചെക്ക് ലീഫ് അവളുടെ ഉള്ളം കയ്യിൽ വച്ചു കൊടുത്തു.

അവൾ ഒരു നിമിഷം അതിലേക്ക് നോക്കി. ശേഷം അത് വലിച്ചു കീറി എറിഞ്ഞു.

“നിങ്ങളുടെ പണം എനിക്ക് വേണ്ട…. എനിക്കുണ്ടായ നഷ്ടം ഞാൻ സഹിച്ചു കൊള്ളാം.
എന്റെ ജീവിതത്തിനു വിലയിടാൻ മാത്രം നിങ്ങൾ വളർന്നിട്ടില്ല… ”

ആവണി പിന്തിരിഞ്ഞു നടന്നു.

“ആവണി ഒരു നിമിഷം… ” പിന്നിൽ നിന്നും സുധീഷ് വിളിച്ചു.

അവൾ തിരിഞ്ഞു അവനെ നോക്കി.

“എന്താ….? ”

“ഞാൻ കെട്ടിയ താലി കൂടി അഴിച്ചു വച്ചിട്ട് പൊയ്ക്കോ… ”

അവളുടെ കൈകൾ കഴുത്തിലെ താലിയിൽ മുറുകി.

“കെട്ടിയ ആൾ തന്നെ അത് അഴിച്ചു എടുത്തോളൂ… ” ആവണിയുടെ ഒച്ച ഹാളിൽ മുഴങ്ങി കേട്ടു.

സുധീഷ് നടന്നു വന്നു അവളുടെ കഴുത്തിൽ കിടന്ന താലി അഴിച്ചെടുത്തു.

അതു കണ്ട് സാരിതുമ്പ് വായിലേക്കമർത്തി ഗീത വിങ്ങിപ്പൊട്ടി.സുരേന്ദ്രൻ ഭാര്യയെ ചേർത്ത് പിടിച്ചു.

പിന്തിരിഞ്ഞു നോക്കാതെ ആവണി ആ വീടിന്റെ പടിയിറങ്ങി എങ്ങോട്ടാണെന്നറിയാതെ.
അവൾ നേരെ ബസ്സ്റ്റോപ്പിലേക്ക് നടന്നു.

എവിടെ പോകും… എന്തു ചെയ്യും എന്നൊന്നും അവൾക്കറിയില്ലായിരുന്നു. അമ്മയുടെ അടുത്തേക്ക് പോയാലോ എന്ന് പല തവണ ചിന്തിച്ചുവെങ്കിലും അവൾക്കതിനു ധൈര്യം വന്നില്ല.

ആവണി തൊട്ടടുത്തു കണ്ട ബൂത്തിലേക്ക് കയറി.
രണ്ടു കല്പിച്ചു അവൾ അഖിലേഷിനെ ഫോൺ ചെയ്തു.

“ഹലോ… ” അഖിലേഷിന്റെ സ്വരം ഫോണിലൂടെ ഒഴുകിയെത്തി.

“ഏട്ടാ ഞാൻ ആവണിയാണ്… എനിക്കൊന്നു കാണണമല്ലോ… ” ആവണി അവൾ നിൽക്കുന്ന സ്ഥലം അവനു പറഞ്ഞു കൊടുത്തു.

“ഇപ്പോ വരാം ഞാൻ… ”

ആശ്വാസത്തോടെ ആവണി ഫോൺ കട്ട്‌ ചെയ്തു.

പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ അഖിലേഷ് ആവണി നിൽക്കുന്ന ബസ്സ്റ്റോപ്പിൽ എത്തി.

കയ്യിൽ ബാഗുമായി നിൽക്കുന്ന ആവണിയെ കണ്ട് അവൻ കാര്യം തിരക്കി.

അവൾ അവനോടു നടന്നതെല്ലാം പറഞ്ഞു.

“അവനു നിന്നെ വേണ്ടെന്നു പറഞ്ഞ സ്ഥിതിക്ക് ഇനിയും അവിടെ തുടരുന്നതിൽ അർത്ഥമില്ല. വരുന്ന പോലെ വരട്ടെ. ഇനി അതോർത്തു നീ വിഷമിക്കണ്ട….നീ വന്നു വണ്ടിയിൽ കേറൂ… ” അഖിലേഷ് ആവണിയുടെ കയ്യിൽ നിന്നും ബാഗ് വാങ്ങിച്ചു കാറിൽ കൊണ്ട് പോയി വച്ചു.

മുൻ സീറ്റിൽ അവന്റെ അടുത്തായി അവളും കയറി ഇരുന്നു.അഖിലേഷ് കാർ സ്റ്റാർട്ട്‌ ചെയ്തു.

“നമ്മൾ എങ്ങോട്ടാ പോകുന്നെ…?? ”

“നിന്റെ വീട്ടിലേക്ക്… ”

“അവിടേക്ക് ഞാൻ വരില്ല… അമ്മയുടെ മുന്നിലേക്ക് ചെല്ലാനുള്ള ധൈര്യം എനിക്കില്ല… എന്നെ അങ്ങോട്ട്‌ കൊണ്ട് പോവല്ലേ ഏട്ടാ… ” ആവണി കരഞ്ഞു പറഞ്ഞു.

“പിന്നെ നീ എങ്ങോട്ട് പോവാനാ ആവണി. അച്ഛമ്മയുടെ വീട്ടിൽ വിടട്ടെ നിന്നെ… ”

“വേണ്ട…. അങ്ങോട്ട്‌ പോയിട്ടും കാര്യമില്ല… ” ആവണി ഗണേശന്റെ ഭാര്യയിൽ നിന്നറിഞ്ഞ കാര്യങ്ങൾ അവനോടു പറഞ്ഞു.

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അഖിലേഷിനു ദേഷ്യം ഇരച്ചു കയറി.

“നീ ഇത്രയ്ക്ക് മന്ദബുദ്ധി ആയി പോയല്ലോ ആവണി. ഇനിയെങ്കിലും ആൾക്കാരെ മനസിലാക്കാൻ ശ്രമിക്കു നീ… ഏതായാലും നമുക്ക് നിന്റെ അമ്മയുടെ അടുത്തേക്ക് തന്നെ പോകാം… ”

“വേണ്ട ഏട്ടാ… അമ്മ എന്നെ അടിച്ചു പുറത്താക്കും. അമ്മയുടെ മുഖത്തു നോക്കാനുള്ള ശക്തി എനിക്കില്ല. തെറ്റ് എന്റെയാ.

അഖിലേഷേട്ടൻ എന്നെ ഏതെങ്കിലും ഹോസ്റ്റലിൽ കൊണ്ട് ആക്കിയാൽ മതി. അമ്മ എന്നെ സ്വീകരിക്കില്ല എനിക്കുറപ്പാ… ” ആവണി അവനോടു കെഞ്ചി.

“ആദ്യം നമുക്ക് അമ്മയെ പോയി കണ്ട് സത്യാവസ്ഥ ബോധിപ്പിക്കാം. എന്നിട്ടും അമ്മ നിന്നോട് ക്ഷമിച്ചില്ലെങ്കിൽ ബാക്കി ഞാൻ നോക്കിക്കൊള്ളാം…. ”

അവർ ചെല്ലുമ്പോൾ സിറ്റ്ഔട്ടിൽ പത്രം വായിച്ചിരിക്കുകയായിരുന്നു ആവണിയുടെ അമ്മ സൗഭാഗ്യ.

ചിരിയോടെ അഖിലേഷ് ഡോർ തുറന്നു പുറത്തിറങ്ങി. അവനെ കണ്ടതും സൗഭാഗ്യയുടെ മുഖത്തും പുഞ്ചിരി വിടർന്നു.

ഇടത് വശത്തെ ഡോർ തുറന്നു മടിച്ചു മടിച്ചു ആവണിയും ഇറങ്ങി.

അവളെ കണ്ടതും അവരുടെ മുഖത്തെ ചിരി മാഞ്ഞു.

“ഞാൻ നിന്റെ അമ്മയല്ലല്ലോ…. പിന്നെ എന്ത് ബന്ധത്തിന്റെ പേരിലാ നീ ഇങ്ങോട്ട് കയറി വന്നത്… ” സൗഭാഗ്യ ആവണിയുടെ നേരെ തിരിഞ്ഞു.

“അമ്മ എന്നോട് ക്ഷമിക്കണം….എനിക്കൊരു തെറ്റ് പറ്റിപ്പോയി….മാപ്പാക്കണം. അമ്മയെ മനസിലാക്കാൻ വൈകി പോയി… ” ആവണി ഓടി ചെന്ന് അവരുടെ കാൽക്കൽ വീണു.

“മോനെ നീ ഇവളെയും വിളിച്ചു കൊണ്ട് പൊയ്ക്കോ… എനിക്കിങ്ങനെയൊരു മകൾ ഇല്ല..”

സൗഭാഗ്യ അഖിലേഷിനെ നോക്കി പറഞ്ഞു.

“അമ്മേ… അമ്മ കൂടി അവളെ ഉപേക്ഷിച്ചാൽ എങ്ങനെയാ… സുധീഷ് അവളെ ഡിവോഴ്സ് ചെയ്യാൻ തീരുമാനിച്ചു. അവൾ ആ വീട് വിട്ടു പോന്നു…. ”

അഖിലേഷ് അവൾ പറഞ്ഞു അറിഞ്ഞ കാര്യങ്ങൾ വിശദമായി ആവണിയുടെ അമ്മയോട് പറഞ്ഞു.

എല്ലാം കേട്ടു കഴിഞ്ഞ ശേഷം സൗഭാഗ്യ പറഞ്ഞു..

“ഇവളായിട്ട് വരുത്തി വച്ചതല്ലേ എല്ലാം…. എന്റെ വാക്ക് ധിക്കരിച്ചു തന്നിഷ്ടം കാണിച്ചതല്ലേ… അനുഭവിക്കട്ടെ സ്വയം…. ”

“അമ്മയുടെ ഭാഗത്തും തെറ്റുകൾ ഉണ്ട്.
ഒരു പെൺകുട്ടിയുടെ ബെസ്റ്റ് ഫ്രണ്ട് എപ്പോഴും അമ്മമാർ ആയിരിക്കണം. ഇവിടെ അങ്ങനെ ആയിരുന്നോ…??

ആവണിക്ക് ഓർമ്മ വച്ച നാൾ മുതൽ എപ്പോഴെങ്കിലും ഗൗരവം വെടിഞ്ഞു സ്നേഹത്തോടെ അമ്മ അവളെ ലാളിച്ചിട്ടുണ്ടോ…

അവളുടെ സങ്കടങ്ങളും സന്തോഷങ്ങളും കേൾക്കാനുള്ള മനസ്സ് കാണിച്ചിട്ടുണ്ടോ…. സാധാരണ ഒരമ്മയും മകളും തമ്മിലുള്ള വൈകാരികമായ ഒരു ആത്മബന്ധം നിങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല.

അമ്മ എപ്പോഴും അച്ഛനെ മാത്രമേ സ്നേഹിച്ചിരുന്നുള്ളൂ. മകളെ മനസിലാക്കാൻ അമ്മയും ശ്രമിക്കണമായിരുന്നു…. ആവണിയോട് അച്ഛമ്മ അവൾ അമ്മയുടെ മകൾ അല്ലായെന്ന് പറഞ്ഞു കൊടുത്തപ്പോൾ തിരുത്താൻ അമ്മ ശ്രമിച്ചില്ല. പകരം അതിന്റെ പേരും പറഞ്ഞു മിണ്ടാതെ മാറി നിന്നു.

അവളെ തെറ്റ് പറഞ്ഞിട്ടും കാര്യമില്ല. അമ്മയ്ക്ക് അവളോടുള്ള അകൽച്ചയുടെ കാരണം ഒരുപക്ഷെ അച്ഛമ്മ പറഞ്ഞു കൊടുത്തതായിരിക്കും എന്നവൾ വിശ്വസിച്ചതിൽ തെറ്റ് പറയാനും പറ്റില്ല.

കാരണം ഒരിക്കൽ പോലും അമ്മ അവളോട്‌ മനസ്സ് തുറന്നു സംസാരിക്കാനോ സ്നേഹത്തോടെ ഒന്ന് തലോടാനോ ശ്രമിച്ചിട്ടില്ല…”
അഖിലേഷ് പറഞ്ഞു.

“മോൻ പറഞ്ഞതും ശരിയാണ്. പക്ഷേ എനിക്കവളോട്‌ സ്നേഹമില്ലായിരുന്നു എന്ന് മാത്രം പറയരുത്. അവളുടെ അച്ഛനെ ഞാൻ ഒരുപാട് സ്നേഹിച്ചത് കൊണ്ടാണ് ദൈവം അദ്ദേഹത്തെ വേഗം കൊണ്ട് പോയത്.

അവളോടും അടുത്ത് പോയാൽ അവളെ കൂടി എനിക്ക് നഷ്ടപ്പെടുമോ എന്ന് ഭയന്നാണ് സ്നേഹം പുറത്തു കാണിക്കാതെ ഗൗരവക്കാരിയായ അമ്മയായി നിന്നത്. എന്റെ മകൾ എന്നും എന്റൊപ്പം വേണമെന്ന് കരുതിയാണ് അവളോട്‌ ഞാൻ കുട്ടികാലം മുതലേ അകൽച്ച പാലിച്ചതു…. ”

“അമ്മേ സ്നേഹം ഉള്ളിൽ കുഴിച്ചു മൂടാനുള്ളതല്ല…അത് പ്രകടിപ്പിക്കണം… അമ്മ അവൾക്ക് വേണ്ടുന്ന സ്നേഹവും കരുതലും കൊടുത്തിരുന്നുവെങ്കിൽ ഒരിക്കലും അവൾ അച്ഛമ്മയുടെ കെണിയിൽ വീഴില്ലായിരുന്നു… ”

“അവളോട്‌ അവരുമായി ഒരു ബന്ധവും വേണ്ടെന്നു പറഞ്ഞിട്ടും ഞാൻ അറിയാതെ അവൾ രഹസ്യമായി അവരോടു മിണ്ടിയില്ലെ… അവരുടെ വാക്ക് വിശ്വസിച്ചു ഞാൻ സ്വന്തം അമ്മയല്ല എന്ന് വരെ എന്റെ മുഖത്തു നോക്കി അവൾ വിളിച്ചു പറഞ്ഞില്ലേ… നൊന്തു പെറ്റ ഒരമ്മയ്ക്കും അത് സഹിക്കില്ല….അത്രയും നാളും അവളെ വളർത്തി വലുതാക്കിയ എന്നേക്കാൾ അവൾക്ക് വിശ്വാസം അവരെ ആയിരുന്നില്ലേ…

അവരുടെ ചതി സ്വയം മനസിലാക്കട്ടെ എന്ന് കരുതി തന്നെയാ ഞാൻ അന്നത് തിരുത്താൻ മുതിരാതിരുന്നതും. പക്ഷേ ഞാൻ അവളോട്‌ ക്ഷമിക്കുമായിരുന്നു അവൾ ആ സ്ത്രീയെ ഇങ്ങോട്ട് വിളിച്ചു കൊണ്ട് വരാതിരുന്നെങ്കിൽ…

ആ വൃത്തികെട്ട സ്ത്രീയെ ഇങ്ങോട്ട് കൊണ്ട് വരുക കൂടി ചെയ്തപ്പോൾ ഇവളോടും എനിക്ക് വെറുപ്പായി… ”

“അമ്മ ആവണിയോട് കാണിച്ച അകൽച്ച അവർ മുതലെടുത്തു. അമ്മയുടെ ഭാഗത്തും തെറ്റുണ്ട്.
കാര്യങ്ങൾ പറഞ്ഞു അവളെ മനസിലാക്കാൻ ശ്രമിക്കണമായിരുന്നു…. ആവണിയെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യമില്ല…. ”

“മോൻ എന്തൊക്കെ പറഞ്ഞാലും ഇവളോട് ഞാൻ ക്ഷമിക്കില്ല. ഇവളെയും വിളിച്ചു കൊണ്ട് അഖിലേഷ് ചെല്ല്…. ” സൗഭാഗ്യ പറഞ്ഞു.

“ഞാൻ പറഞ്ഞതല്ലേ ഏട്ടനോട്‌ എന്നെ ഇങ്ങോട്ട് കൊണ്ട് വരരുതെന്ന്….അമ്മ എന്നെ സ്വീകരിക്കില്ലെന്ന് ഞാൻ ആദ്യമേ പറഞ്ഞതല്ലേ.. ” ആവണി അഖിലേഷിനോട്‌ പറഞ്ഞു.

“ഇനി അമ്മയെ ശല്യപ്പെടുത്താൻ ഞാൻ വരില്ല. ഏതെങ്കിലും ഹോസ്റ്റലിൽ പോയി നിന്നോളം ഞാൻ…. ” കരഞ്ഞു കൊണ്ട് ആവണി ഓടിപോയി കാറിൽ കയറി.

സൗഭാഗ്യ അഖിലേഷിനു നേരെ തിരിഞ്ഞു.

“മോനെ അവളെ നോക്കിക്കൊള്ളാണം. ഇപ്പോഴും വക തിരിവില്ല അവൾക്ക്. കുറച്ചു നാൾ ഒറ്റയ്ക്ക് നിന്ന് പഠിക്കട്ടെ.എന്റെ മോളല്ലേ അവൾ. അവളോട്‌ ക്ഷമിക്കാതിരിക്കാൻ എനിക്ക് കഴിയില്ലല്ലോ….

ഈ പ്രശ്നങ്ങൾ ഒക്കെ ഒന്ന് മാറുംവരെ അവൾ ഹോസ്റ്റലിൽ തന്നെ നിൽക്കട്ടെ.അത് കഴിഞ്ഞു ഞാൻ തന്നെ അവളെ ഇവിടേക്ക് കൂട്ടി കൊണ്ട് വരാം. ഒറ്റയ്ക്ക് ജീവിച്ചു പഠിക്കട്ടെ എന്നാലേ ഒരു ധൈര്യം വരൂ. മോൻ ഇതൊന്നും തത്കാലം അവളോട്‌ പറയാൻ നിൽക്കണ്ട…. ”

“എന്നാൽ ശരിയമ്മേ ഞാൻ ഇറങ്ങട്ടെ… ”

സൗഭാഗ്യയോട് യാത്ര പറഞ്ഞു അവൻ ഇറങ്ങി.

ആവണിയെ അഖിലേഷ് ഹോസ്റ്റലിൽ ആക്കിയ ശേഷം മടങ്ങി പോയി. പോകാൻ നേരം അഖിലേഷ് അവൾക്കൊരു ഫോണും സിം കാർഡും കൂടി വാങ്ങി കൊടുത്തു.

ഹോസ്റ്റലിൽ വെറുതെ ഇരിക്കാതെ ആവണി അടുത്തൊരു പിഎസ് സി കോച്ചിംഗ് സെന്ററിൽ പോയി തുടങ്ങി.
****************************************
ദിവസങ്ങളും മാസങ്ങളും കടന്നു പോയി.
അഖിലേഷ് വഴി ആവണിയുടെ കാര്യങ്ങളെല്ലാം സൗഭാഗ്യ അറിയുന്നുണ്ടായിരുന്നു.

ആവണിയിലും നല്ല മാറ്റങ്ങൾ കണ്ടു തുടങ്ങി. പഴയതെല്ലാം അവൾ കഴിവതും ഓർക്കാതിരിക്കാൻ ശ്രമിച്ചു.

അഖിലേഷ് നല്ലൊരു സുഹൃത്തിനെ പോലെ അവൾക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തു.

അവന്റെ മനസ്സിൽ വീണ്ടും പ്രതീക്ഷയുടെ തിരി തെളിഞ്ഞു.സുധീഷിന്റെയും അവളുടെയും ഡിവോഴ്സ് കേസ് കഴിഞ്ഞ ശേഷം അവളോട്‌ അതേപ്പറ്റി സംസാരിക്കാൻ അഖിലേഷ് തീരുമാനിച്ചു.

ഒരു ദിവസം രാവിലെ പതിവ് പോലെ ആവണി ഹോസ്റ്റലിൽ നിന്നിറങ്ങി കോച്ചിംഗ് സെന്ററിലേക്ക് പോകവേയാണ് അപ്രതീക്ഷിതമായി അവളെ കാണാനായി സുധീഷ് എത്തിയത്.

ഒരു നിമിഷം അവനെ അവിടെ കണ്ട് ആവണി ഞെട്ടി. നാളെയാണ് കോടതിയിൽ പോകേണ്ട ദിവസം. എന്തിനായിരിക്കും ഇത്ര മാസങ്ങൾ കഴിഞ്ഞു സുധീഷ് തന്നെ കാണാൻ എത്തിയതെന്ന് അവൾ ആലോചിച്ചു.

ആവണിയെ കണ്ടതും സുധീഷ് വേഗം അവളുടെ അടുത്തേക്ക് വന്നു.

അവന്റെ എല്ലും തോലുമായ രൂപം അവളെ ഞെട്ടിച്ചു.

“ആവണി നിനക്ക് സുഖമല്ലേ….നിന്നെ തിരയാൻ ഒരു സ്ഥലവും ബാക്കിയില്ല. ഒടുവിൽ അഖിലേഷിനെ വിളിച്ചു ചോദിച്ചപ്പോഴാണ് നീ ഇവിടെയുണ്ടെന്ന് അറിഞ്ഞത്…. ”

“ഇത്രയും നാളിന് ശേഷം നിങ്ങൾ വീണ്ടും എന്നെ തേടി വന്നത് എന്തിനാ…?? കെട്ടു താലി വരെ അഴിച്ചു വാങ്ങിയതല്ലേ നിങ്ങൾ. നിങ്ങളുമായിട്ടുള്ള എല്ലാം ബന്ധവും അവസാനിപ്പിച്ചല്ലെ ഞാൻ ആ വീടിന്റെ പടിയിറങ്ങിയത്….?? ”

“പഴയതൊക്കെ മറന്നു നിന്നെ തിരിച്ചു വിളിച്ചു കൊണ്ട് പോകാനാ ഞാൻ വന്നത്. നീ പോയ ശേഷം ഞാൻ ശരിക്കുമൊന്ന് ഉറങ്ങിയിട്ട് പോലുമില്ല.

അപ്പോഴുള്ള ദേഷ്യത്തിൽ ഞാൻ അങ്ങനെയൊരു അവിവേകം കാണിച്ചു പോയി. നിന്റെ കാലിൽ വീണു ഞാൻ മാപ്പ് ചോദിക്കാം. ഒരവസരം കൂടി എനിക്ക് തന്നുടെ…. എല്ലാം എന്റെ തെറ്റ് തന്നെയാ.
ഇനിയൊരിക്കലും നിന്നെ ഞാൻ കരയിപ്പിക്കില്ല ആവണി… ”

“എന്നെ തിരിച്ചു കൊണ്ട് പോകാനാണ് വന്നതെങ്കിൽ സുധിയേട്ടനു പോകാം. ഞാൻ ഇപ്പോൾ പഴയ ആവണി അല്ല. എന്റെ മനസ്സിൽ പോലും ഈ മുഖം ഇല്ല.

ഇനി നിങ്ങളോട് ഞാൻ ക്ഷമിക്കില്ല. ഒരിക്കൽ ഒരു വിട്ടു വീഴ്ചയ്ക്ക് ഞാൻ തയ്യാറായതാണ്…അന്ന് നിങ്ങൾ എന്നോട് ആവശ്യപ്പെട്ടത് ഡിവോഴ്സാണ്.

നാളെ കോടതിയിൽ കാണാം നമുക്ക്…. ഈ മുഖം കാണുന്നത് തന്നെ എനിക്കിഷ്ടമല്ല… ” വെറുപ്പോടെ ആവണി തിരിഞ്ഞു നടന്നു.

“ആവണി നാളെ കോടതിയിൽ ഈ ബന്ധം പിരിയാൻ എനിക്ക് സമ്മതമല്ല എന്നേ ഞാൻ പറയു.നിന്നെ മറ്റാർക്കും വിട്ടു കൊടുക്കാൻ എനിക്ക് കഴിയില്ല. എനിക്കിനി നീ മാത്രമേയുള്ളൂ.”

അത് വകവയ്ക്കാതെ ആവണി നടന്നു പോയി.

നിറ കണ്ണുകളോടെ അവൾ പോകുന്നതും നോക്കി അവൻ നിന്നു.
****************************************
പിറ്റേന്ന് അഖിലേഷിനൊപ്പമാണ് ആവണി കോടതിയിൽ എത്തിയത്.

ആദ്യത്തെ കേസ് സുധീഷിന്റെയും ആവണിയുടെയുമായിരുന്നു.

മുഖാമുഖം നോക്കി സാക്ഷി കൂട്ടിൽ ആവണിയും സുധീഷും നിന്നു.

“പരസ്പര സമ്മത പ്രകാരമാണോ നിങ്ങൾ വിവാഹ ബന്ധം വേർപ്പെടുത്താൻ തീരുമാനിച്ചത്.”

ചോദ്യം സുധീഷിനോടായിരുന്നു.
എല്ലാവരുടെയും നോട്ടം സുധീഷിൽ തറഞ്ഞു നിന്നു. ആവണിയുടെ നെഞ്ചിടിപ്പ് ഉയർന്നു….

…തുടരും

(നാളെ രാത്രി ഇനിയൊരു ജന്മം കൂടി എന്ന കഥയുടെ ക്ലൈമാക്സ്‌ ഉണ്ടായിരിക്കുന്നതാണ്. പോസ്റ്റ്‌ ഇടാൻ വൈകിയത് കൊണ്ട് ലെങ്ത് കൂട്ടി എഴുതിയിട്ടുണ്ട്… )

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഇനിയൊരു ജന്മംകൂടി – ഭാഗം 1

ഇനിയൊരു ജന്മംകൂടി – ഭാഗം 2

ഇനിയൊരു ജന്മംകൂടി – ഭാഗം 3

ഇനിയൊരു ജന്മംകൂടി – ഭാഗം 4

ഇനിയൊരു ജന്മംകൂടി – ഭാഗം 5

ഇനിയൊരു ജന്മംകൂടി – ഭാഗം 6

ഇനിയൊരു ജന്മംകൂടി – ഭാഗം 7

ഇനിയൊരു ജന്മംകൂടി – ഭാഗം 8

ഇനിയൊരു ജന്മംകൂടി – ഭാഗം 9

ഇനിയൊരു ജന്മംകൂടി – ഭാഗം 10

Share this story