മിഥുനം: PART 10

മിഥുനം: PART 10

നോവൽ
****
എഴുത്തുകാരി: ഗായത്രി വാസുദേവ്

ചുവരിൽ ചാരി നിൽക്കുന്ന ദേവുവിനെ കണ്ടതും രാധിക ഞെട്ടി. നിറഞ്ഞൊഴുകുന്ന മിഴികൾ അവൾ എല്ലാം കേട്ടുകഴിഞ്ഞുവെന്നതിനു തെളിവായിരുന്നു.
രാധിക എഴുന്നേറ്റ് ദേവുവിനരികിലേക്ക് ചുവടുകൾ വെച്ചു.

“മോളെല്ലാം കേട്ടുവല്ലേ? ”
ഒരു പൊട്ടിക്കരച്ചിലോടെ അവൾ അവരുടെ മാറിലേക്ക് വീണു.
ഏങ്ങിയേങ്ങി കരയുന്ന ദേവുവിന്റെ മുടിയിഴകളിൽ തലോടി തന്നോട് ചേർത്തിരുത്തികൊണ്ട് രാധികയും നിശബ്ദം കരഞ്ഞു..

മാധവൻ ഒന്നും മിണ്ടാനാകാതെ അവരെ നോക്കി ശൂന്യമായ ഹൃദയത്തോടെ ആ കാഴ്ച്ച കണ്ടുനിന്നു..

ദേവുവിന് തന്റെ ഹൃദയം പൊട്ടിപോകുന്നത് പോലെ തോന്നി. ഇത്രയും നാൾ മിഥുൻ എന്നെങ്കിലും എഴുന്നേറ്റ് നിൽക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ ഇപ്പോൾ അതും അസ്തമിച്ചു എന്ന അവസ്ഥ അവളുടെ ഹൃദയത്തെ വല്ലാതെ കുത്തിനോവിച്ചു..

തന്റെ മകന് വേണ്ടി ഒരു ജീവിതം അവളോട് ആവശ്യപ്പെടാൻ പോകുന്നതിന്റെ സങ്കടമാണ് അവൾക്കെന്നു ഒരു നിമിഷം രാധിക ചിന്തിച്ചു. തന്നിൽ നിന്നുമവളെ അടർത്തി മാറ്റി ദേവുവിന്റെ കണ്ണുനീർ തുടച്ചു അവർ അവളുടെ കൈപിടിച്ചു.

“ഞാനൊരിക്കലും നിന്നെ എന്റെ മകനെ വിവാഹം കഴിക്കാൻ നിർബന്ധിക്കില്ല. കാരണം നിന്നെപ്പോലെ ഒരു പെൺകുട്ടി എന്റെ മകളായി ഉണ്ട്. സ്വാമി പറഞ്ഞത് ഉണ്ണി എഴുന്നേറ്റ് നടക്കാൻ ചാൻസ് കുറവാണെന്നു ആണ്. അങ്ങനെയുള്ള എന്റെ മകനെ നിന്റെ തലയിൽ കെട്ടിവെക്കാൻ ഞാൻ സമ്മതിക്കില്ല. നിനക്കവന്റെ ഭാര്യ ആവാൻ സാധിക്കില്ല എന്നെനിക്കറിയാം. കടപ്പാടിന്റെ പേരിൽ നിന്നെ ആരും ഈ ബന്ധത്തിലേക്ക് വലിച്ചിഴക്കില്ല അതോർത്തു നീ വിഷമിക്കണ്ട. “രേവതി ദേവുവിന്റെ കണ്ണുകൾ തുടച്ചു. നിഷേധാർഥത്തിൽ തലയാട്ടിക്കൊണ്ട് ദേവു അവരെ ചുറ്റിപ്പിടിച്ചു തോളിൽ മുഖമമർത്തി.

“എനിക്ക്… എനിക്ക് സമ്മതമാണ് മിഥുൻ സാറുമായുള്ള വിവാഹത്തിന്. ”

കേട്ടത് വിശ്വസിക്കാനാവാതെ രാധികയും മാധവനും പരസ്പരം നോക്കി.

“അമ്മ പറഞ്ഞില്ലേ മോളെ നിന്നെ ആരും നിർബന്ധിക്കില്ല. ഈ അമ്മയുടെ കണ്ണീരുകണ്ടു എന്റെ കുട്ടി സമ്മതിക്കണ്ട. ”

“സിംപതിയോ കടപ്പാടിന്റെയോ പേരിൽ അല്ല എനിക്ക് ശെരിക്കും ഇഷ്ടമായിട്ടാ.. ഇവിടെ വരുന്നതിനും മുൻപേ നാലഞ്ചു വർഷങ്ങളായി മിഥുൻ സാറിനെ മനസ്സിലിട്ടു നടക്കുന്നതാ ഞാൻ. എനിക്ക് പൂർണ സമ്മതമാ ഈ വിവാഹത്തിന്. ”
രാധിക അമ്പരപ്പിൽ അവളെ നോക്കി. അവരുടെ മടിയിൽ നിന്നെഴുന്നേറ്റ് ദേവു പുറത്തേക്ക്പോയി. തിരികെ വന്നത് ഒരു ഡയറിയുമായിട്ടാണ്. അതവൾ രാധികയുടെ കയ്യിലേക്ക് വെച്ചുകൊടുത്തു. അതിന്റെ ആദ്യത്തെ പേജുകളിൽ മുഴുവൻ കവിതാ ശകലങ്ങൾ ആയിരുന്നു.
അടുത്ത പേജിൽ മിഥുന്റെ ഒരു ചിത്രം. അതും നാലഞ്ചു വർഷം മുൻപുള്ള ആ മുഖം. അതിന്റെ ചുവട്ടിലായി എഴുതിയിരിക്കുന്നു

“പേരോ നാളോ ഊരോ അറിയാതെ എന്റെ മനസ്സിൽ കുടിയേറിയ എന്റെ ഗന്ധർവന്, ഞാൻ കാത്തിരിക്കുന്നു നീ എന്റെ പ്രണയം അറിയുന്ന നാളിനായി… അന്ന് ഒരായിരം ചെമ്പകപ്പൂക്കൾ നൽകി ഞാനെന്റെ പ്രണയം വെളിപ്പെടുത്തും. ”

രാധിക അവിശ്വസനീയതയോടെ ദേവികയെ നോക്കി ” ഈ ചിത്രം മോള് വരച്ചതാണോ? ”

“അല്ല എന്റെ ക്ലാസ്സിലെ ഒരു കുട്ടിയെക്കൊണ്ട് വരപ്പിച്ചതാ രൂപം പറഞ്ഞു കൊടുത്ത്. ആദ്യ കാഴ്ചയിൽ തന്നെ അത്രമേൽ ആഴത്തിൽ ആ രൂപം പതിഞ്ഞിരുന്നു. ”

“മോള് ഉണ്ണിയെ അന്വേഷിച്ചാണോ ഇവിടെ വന്നത്? ”

“അല്ല. ഞാൻ ഒരുപാട് അന്വേഷിച്ചിരുന്നു ആ മുഖം. പക്ഷെ ഇവിടെ വന്നു ഒറ്റ നോട്ടത്തിൽ തന്നെ ഞാൻ സാറിനെ തിരിച്ചറിഞ്ഞിരുന്നു. പേരുപോലും ഇവിടെ വന്നപ്പോഴാ അറിയുന്നത് ”

“എനിക്കറിയാം അമ്മയ്ക്കും അച്ഛനും ഒരുപാട് സംശയങ്ങൾ ഉണ്ടാവും. ഞാൻ എല്ലാം പറയാം. ”

💃💃💃💃💃💃💃💃💃💃💃💃💃💃💃

(ഫ്ലാഷ്ബാക്ക് ആണേ )

“അച്ഛനും അമ്മയും എന്നെ എട്ടു വയസ് മുതൽ നൃത്തം പഠിപ്പിച്ചിരുന്നു. ഞാൻ പ്ലസ് ടുവിൽ പഠിക്കുന്ന സമയം സംസ്ഥാന കലോത്സവം നടന്നത് ഇവിടെ കോട്ടയത്തു ആയിരുന്നു . അന്നാണ് ഞാൻ ആദ്യമായി ഇവിടേക്ക് വരുന്നത്. അതിനു മുൻപിലത്തെ തവണ കലാതിലകം ആയതിനാൽ തന്നെ ആ മത്സരങ്ങൾ ഒക്കെയും എനിക്ക് പ്രധാനമായിരുന്നു. ആ തവണയും എല്ലാ മത്സരങ്ങളിലും പങ്കെടുക്കാനാണ് ഞാൻ വന്നത്. അവസാന ദിനമായിരുന്നു ഭരതനാട്യം. അതായിരുന്നു എന്റെ അവസാന മത്സരവും. അതുവരെയുള്ള പോയിന്റ് നിലയിൽ ഞാൻ ആയിരുന്നു മുൻപിൽ. തൊട്ടു പുറകിൽ ആതിര എന്നൊരു കുട്ടി വെറും രണ്ട് പോയിന്റിന് മാത്രമായിരുന്നു സെക്കന്റ്‌ ആയിപ്പോയത്.
ഞാൻ അവസാന മത്സരത്തിൽ പങ്കെടുക്കാതിരുന്നാൽ അവൾ കലാതിലകം ആകും. അതിനുവേണ്ടി അണിയറയിൽ ഒരുങ്ങുന്ന കളികൾ ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല.

അന്ന് സ്റ്റേജിലേക്ക് കയറാനായി പോയ എന്നെ മൂന്നുനാലു ആളുകൾ ചേർന്ന് വാ പൊത്തിപ്പിടിച്ചു ഇരുട്ടിലേക്ക് വലിച്ചിഴച്ചു ഒരു ഇരുട്ട് നിറഞ്ഞ ക്ലാസ്സ്മുറിയിൽ പൂട്ടിയിട്ടു. ചുറ്റിനും കനത്ത ഇരുട്ടിൽ ഞാൻ അലറിക്കരഞ്ഞു . എന്നാൽ എന്റെ വിളി കേൾക്കാൻ ആരും ഉണ്ടായിരുന്നില്ല. പക്ഷെ പെട്ടന്ന് വാതിൽ ചവുട്ടിപൊളിച്ചു ഒരാൾ ഉള്ളിലേക്ക് കടന്നുവന്നു എന്നെ നെഞ്ചോട് ചേർത്ത് പുറത്തേക്ക് കൊണ്ടുവന്നു. അപ്പോഴേക്കും എന്നെ പിടിച്ചോണ്ട് പോയവർ വീണ്ടും മുന്നിലേക്ക് വന്നു എന്റെ കയ്യിൽ പിടിച്ചു വലിക്കാൻ തുടങ്ങി . എന്നെ ദേഹത്തേക്ക് ചേർത്തുവെച്ചു ആ ആൾ അവരോട് എതിരിട്ടു. സുരക്ഷിതമായി എന്നെ ടീച്ചേഴ്സിന്റെ അടുത്ത് എത്തിച്ചു അയാൾ എനിക്കൊപ്പം ഇരുന്നു. ഒടുവിൽ വല്ലാതെ ഭയന്നുപോയ എന്നെ ആശ്വസിപ്പിച്ചു, ധൈര്യം പകർന്നു, നിർബന്ധിച്ചു സ്റ്റേജിൽ കയറ്റി. മുന്നിൽ നിന്നു ആ നക്ഷത്ര കണ്ണുകൾ എന്നെ പ്രോത്സാഹിപ്പിച്ചു. ആ കണ്ണുകളുടെ തിളക്കത്തിൽ സ്വയം മറന്നു ഞാൻ നൃത്തമാടി. ഒടുവിൽ ഞാൻ തന്നെ വിജയിച്ചു..
പിന്നീട് അറിഞ്ഞു ആരതിയുടെ ചേട്ടന്മാരായിരുന്നു എന്നെ പൂട്ടിയിടാൻ ശ്രെമിച്ചതെന്ന്. അനിയത്തിക്ക് കലാതിലകം ആവാൻ വേണ്ടി..

പിന്നീടങ്ങോട്ട് എന്നെ രക്ഷിച്ച ആ ആളോട് ആരാധനയായിരുന്നു.. ഒരുപാട് വട്ടം സ്വപ്നം കണ്ടിട്ടുണ്ട് ആ മുഖം. അന്നൊരു നന്ദി പോലും ഏറ്റുവാങ്ങാതെയാണ് അയാൾ പോയത്. ഒടുവിൽ ഒരു സുഹൃത്തിനെക്കൊണ്ട് അയാളുടെ ചിത്രം വരപ്പിച്ചു സൂക്ഷിച്ചു വെച്ചു. എന്നെങ്കിലും ഒന്ന് കാണാൻ വേണ്ടിയാ ഡിഗ്രി ചെയ്യാൻ ഞാൻ കോട്ടയത്തേക്ക് വന്നത്. പക്ഷെ അന്നൊന്നും കാണാൻ സാധിച്ചില്ല. ഒടുവിൽ ഇവിടെ വെച്ച് കണ്ടപ്പോൾ ഒരു നിമിഷം ഞാൻ പതറിപ്പോയി ഇങ്ങനൊരു അവസ്ഥയിൽ എനിക്ക് കാണേണ്ടിയിരുന്നില്ല. പക്ഷെ എത്രയൊക്കെ അടക്കി വെച്ചിട്ടും എന്റെ കണ്ണുകളിൽ പ്രണയം തെളിഞ്ഞു നിന്നിരുന്നു..

💃💃💃💃💃💃💃💃💃💃💃💃💃💃💃

“എനിക്ക് ആദ്യമായി ഇഷ്ടം തോന്നിയ പുരുഷനാണ് അമ്മയുടെ മോൻ. ഒരിക്കലും കാണാൻ പോലും സാധിക്കുമോ എന്നറിയാതെ ഇത്രയും കാലം ഞാൻ കാത്തിരുന്നില്ലേ.. പൊന്നുപോലെ നോക്കിക്കോളാം ഞാൻ. അമ്മയുടെ മകനെ പൂർണ മനസ്സോടെ എനിക്ക് തന്നൂടെ? അത്രക്ക് ഇഷ്ടമായത് കൊണ്ടാ “…

ദേവു അവർക്കു മുന്നിൽ കൈകൂപ്പി ഇരുന്നു കരഞ്ഞു. രാധിക അവളെ ചേർത്തുപിടിച്ചു മൂർദ്ധാവിൽ ചുംബിച്ചു.
“എന്റെ മോന്റെ പുണ്യമാണ് നീ ”

കണ്ടു നിന്ന മാധവന്റെ മുഖത്തു ഒരു പുഞ്ചിരി വിരിഞ്ഞു.

പുറത്ത് വാതിലിനരുകിൽ നിന്നിരുന്ന അജുവും മാളുവും ഓടി വന്നു ദേവുവിനെ കെട്ടിപിടിച്ചു. രണ്ടാളുടെയും കണ്ണുകൾ നിറഞ്ഞിരുന്നു .. ആ അഞ്ചുപേരുടെയും മനസ്സിൽ ശുഭപ്രതീക്ഷകൾ നിറഞ്ഞുനിന്നു..

💃💃💃💃💃💃💃💃💃💃💃💃💃💃💃

“എട്ടത്തീ “മാളു കുസൃതിയോടെ വിളിച്ചു

ദേവു നാണത്തോടെ മുഖം കുനിച്ചു.

“മ്മ് നാണ് വന്നു നാണ് വന്നു ഏട്ടത്തിക് നാണ് വന്നു “മാളു കളിയാക്കി..

മാളുവിനെ കെട്ടിപിടിച്ചു കിടക്കുകയായിരുന്നു ദേവു.

“എന്റെ ഏട്ടന്റെ ഭാഗ്യമാണ് ദേവുചേച്ചിയെ ഭാര്യയായി കിട്ടുന്നത് “മാളു പറഞ്ഞു.

“സത്യത്തിൽ നിന്റെ ഏട്ടനെ കിട്ടുന്നതിൽ ഞാനല്ലേ മാളൂ ഭാഗ്യം ചെയ്തത്? ”

ഉമ്മാ”, 😘 മാളു ദേവുവിനെ ചുറ്റിപിടിച്ചു കവിളിൽ ചുംബിച്ചുകൊണ്ട് ഉറക്കത്തിലേക്ക് വീണു. പക്ഷെ ദേവുവിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു . നാളെ ചെറിയച്ഛന്റെ നിലപാട് എന്താകും എന്നോർത്തു അവൾ ആശങ്കപ്പെട്ടു..

💃💃💃💃💃💃💃💃💃💃💃💃💃💃💃

അങ്ങനെ ഒരു രാത്രി കൂടി കടന്നുപോയി. ചെറിയച്ഛന്റെ വരവും കാത്ത് ദേവു വാതിൽക്കൽ തന്നെ നിലയുറപ്പിച്ചു. ചെറിയച്ഛൻ വന്നതും അവൾ അയാളെ ഓടിച്ചെന്നു കെട്ടിപിടിച്ചു. സൽക്കാരത്തിന് ശേഷം മാധവൻ കാര്യത്തിലേക്ക് കടന്നു.

“രാമചന്ദ്രനോട് ഇവിടെ വരെ വരാൻ പറഞ്ഞത് വളരെ പ്രധാനമായ ഒരു കാര്യം പറയാനാണ്. ഇത് കേട്ടിട്ട് താങ്കൾ എങ്ങനെ പ്രതികരിക്കും എന്നെനിക് ആശങ്കയുണ്ട് .. “രാമചന്ദ്രൻ ഒന്നും മനസിലാവാതെ ഇരുന്നു..

“ഞാൻ വളച്ചുകെട്ടുന്നില്ല.. ദേവുവിനെ ഞങ്ങൾക്ക് തന്നൂടെ?? എന്റെ മകന്റെ ഭാര്യ ആയിട്ട്…. ഞങ്ങളുടെ മകളായിട്ട്? അവൾക്കിവിടെ ഒരു കുറവും ഉണ്ടാവില്ല. അത് ഞാൻ ഉറപ്പ് തരാം. ”
രാമചന്ദ്രൻ നിഷേധാർത്ഥത്തിൽ തല ചലിപ്പിച്ചു.

“അത് നടക്കില്ല മാധവൻ സാർ. അങ്ങനെ വെറുതെ കയ്യൊഴിയാൻ സാധിക്കില്ലെനിക്ക് ദേവുവിനെ. അവൾക്ക് ഒരു കുറവുമില്ല അതുപോലെയാണോ സാറിന്റെ മകൻ? ”

മാധവൻ തല കുമ്പിട്ടിരുന്നുപോയി.. ദേവു നടന്നുചെന്നു രാമചന്ദ്രന്റെ മുന്നിലായി മുട്ടുകുത്തിയിരുന്നു ആ കൈകൾ ചേർത്തുപിടിച്ചു.

“എനിക്ക് മിഥുൻ സാറിനെ ഇഷ്ടമാണ് ചെറിയച്ചാ. ചെറിയച്ഛൻ സമ്മതിക്കണം.. ഈ ദേവൂട്ടി ഇന്നുവരെ ഒന്നും ആവശ്യപ്പെട്ടിട്ടില്ല പക്ഷെ എന്റെ ഈ ഒരാഗ്രഹം സാധിച്ചു തന്നൂടെ? “”
അവൾ പ്രതീക്ഷയോടെ നോക്കി . അവളുടെ കണ്ണുകളിലെ പ്രതീക്ഷ കണ്ടതും അയാൾ സമ്മതമെന്ന രീതിയിൽ തലയാട്ടി.. അവൾ സ്നേഹത്തോടെ അയാളെ ചുറ്റിപിടിച്ചു നന്ദി പ്രകടിപിച്ചു. ദേവുവിന്റെ മുഖത്തു വിരിഞ്ഞ സന്തോഷത്തിൽ രാമചന്ദ്രന്റെ മനസിലെ ആശങ്കയുടെ കാർമേഘങ്ങൾ ഒഴിഞ്ഞുപോയി. ഒടുവിൽ ദേവുവിന്റെ ജാതകവും ആയി വരാമെന്നു ഉറപ്പ് നല്കിയിട്ടാണ് അയാൾ ഇറങ്ങിയത്. രാമചന്ദ്രൻ പോയതും മാളു ദേവുവിനെ കെട്ടിപിടിച്ചു സന്തോഷം പ്രകടിപ്പിച്ചു.

പക്ഷെ മിഥുന്റെ മനസ് അറിയാത്തതിനാൽ തന്നെ ദേവുവിന് പൂർണമായും സന്തോഷിക്കാൻ സാധിച്ചിരുന്നില്ല..

💃💃💃💃💃💃💃💃💃💃💃💃💃💃💃

കഞ്ഞി വാരിക്കൊടുക്കുന്നതിനിടയിൽ മിഥുന്റെ മുഖം വീർത്തിരിക്കുന്നത് കണ്ടപ്പോഴേ ദേവുവിന് ഉറപ്പായിരുന്നു അമ്മ കല്യാണക്കാര്യം സൂചിപ്പിച്ചിട്ടുണ്ടാകും എന്ന്. അതിനെ ശെരി വെച്ചെന്നോണം അവൻ ചോദിച്ചു

“അമ്മയും അച്ഛനും നിന്നോട് വല്ലോം പറഞ്ഞിരുന്നോ? ”

“എന്താ? “ദേവു മറുചോദ്യം എറിഞ്ഞു.

“എന്റെയും നിന്റെയും വിവാഹത്തെപ്പറ്റി അമ്മ വല്ലതും പറഞ്ഞോ എന്ന്? ”

“പറഞ്ഞു ”

“എന്നിട്ട് നീ എന്ത് പറഞ്ഞു? ഈ അവസ്ഥയിൽ ഉള്ള എന്നെ കെട്ടാൻ സമ്മതമല്ലന്നു പറഞ്ഞില്ലേ? ”

“ഇല്ല “ദേവു തലകുനിച്ചു പറഞ്ഞു

“പിന്നെ നീ എന്താ പറഞ്ഞത്? ”

“എനിക്ക് സമ്മതമാണെന്ന് ”
അത് കേട്ടതും മിഥുന്റെ മുഖം വലിഞ്ഞു മുറുകി . ദേവുവിന്റെ കയ്യിലിരുന്ന പാത്രം അവൻ തട്ടിത്തെറിപ്പിച്ചു. പാത്രം തറയിൽ വീണു പൊട്ടിച്ചിതറി.

“നീയെന്തിനാ അങ്ങനെ പറഞ്ഞത്? ” മിഥുൻ അവളുടെ മുടിയിൽ കുത്തിപ്പിടിച്ചു അലറി.

“എനിക്ക് എനിക്ക് ഇഷ്ടമായത് കൊണ്ടാ ഞാൻ….. ” ചുവന്നു കുറുകിയ കണ്ണുകളോടെ മിഥുൻ പിടിച്ചു തള്ളിയതും ദേവു നിലത്തേക്ക് വീണുപോയി ..

“ഇവിടുത്തെ ഭാരിച്ച സ്വത്തുക്കൾ കണ്ടിട്ട് തന്നെയാണ് നിന്റെയീ നീക്കമെന്ന് എനിക്ക് നന്നായിട്ട് അറിയാം. പക്ഷെ അതൊന്നും ഇവിടെ വിലപ്പോവില്ല. സ്നേഹം നടിച്ചു അമ്മയെയും അച്ഛനെയും നിനക്ക് പറ്റിക്കാൻ സാധിക്കും. പക്ഷെ എന്നോട് വേണ്ടാ കേട്ടോടി “മിഥുൻ അലറി..

“ഞാൻ കാശിനു വേണ്ടിയല്ല ” തുടർന്ന് പറയാൻ ദേവുവിനെ സമ്മതിക്കാതെ അവൻ കയ്യുയർത്തി തടഞ്ഞു.

“പിന്നെയെന്തിനാടി മറ്റൊരു പെണ്ണിന്റെ ഭർത്താവിനെ കല്യാണം കഴിക്കാൻ നീ നോക്കുന്നത്? ”

മിഥുന്റെ വെളിപ്പെടുത്തലിന്റെ ആഘാതത്തിൽ ദേവു കാൽമുട്ടുകൾക്കിടയിൽ മുഖം പൂഴ്ത്തി വിങ്ങിവിങ്ങി കരഞ്ഞു..

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

മിഥുനം: ഭാഗം 1

മിഥുനം: ഭാഗം 2

മിഥുനം: ഭാഗം 3

മിഥുനം: ഭാഗം 4

മിഥുനം: ഭാഗം 5

മിഥുനം: ഭാഗം 6

മിഥുനം: ഭാഗം 7

മിഥുനം: ഭാഗം 8

മിഥുനം: ഭാഗം 9

Share this story