നയോമിക – PART 14

നയോമിക – PART 14

നോവൽ
ഴുത്തുകാരി: ശിവന്യ അഭിലാഷ്

തന്നെ കാണാൻ വന്നതാരാണെന്നറിയാൻ വിസിറ്റേർസ് റൂമിലേക്ക് നടക്കുമ്പോൾ അത് കിരണും നയോമിയും ആണെന്ന് റീത്ത സിസ്റ്റർ ഒരിക്കലും വിചാരിച്ചിരുന്നില്ല…

ഒരിക്കൽ തന്റെ മാനസപുത്രി ആയിരുന്നവളെ സ്നേഹിച്ചവനും പിന്നൊരിക്കൽ തന്റെ മനസ്സ് കവർന്ന് എങ്ങോ പോയ് മറഞ്ഞവളുടെ അനിയത്തിയും ഒരുമിച്ച് തന്നെ കാണാൻ വരുമെന്ന്‌ അവർ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല…

അതുകൊണ്ട് തന്നെ വിസിറ്റേർസ് റൂമിന് മുൻപിലുള്ള വരാന്തയിൽ അവരെ ഒരുമിച്ച് കണ്ടപ്പോൾ റീത്ത സിസ്റ്ററുടെ മുഖം നിറയെ അമ്പരപ്പായിരുന്നു…

“നിങ്ങൾ രണ്ട് പേരും ഒരുമിച്ചെങ്ങെനെ ഇവിടെ?”

സിസ്റ്റർ തന്റെ അമ്പരപ്പ് മറച്ചു വെച്ചില്ല.

” സിസ്റ്റർ എന്റെ ചേച്ചി എവിടെയുണ്ടെന്ന് സിസ്റ്റർക്കറിയാമോ “?

മഠത്തിലേക്കുള്ള യാത്രയിൽ കാറിൽ വെച്ച് തന്നെ കിരൺ നിർമ്മയി മഠത്തിലുണ്ടായിരുന്നെന്നും ഇപ്പോൾ അവിടെ നിന്നും വേറെ ങ്ങോട്ടോ പോയെന്നുമൊക്കെ നയോമിയെ പറഞ്ഞ് ധരിപ്പിച്ചിരുന്നു….

“പറയൂ സിസ്റ്റർ ” അവൾ അവരുടെ അടുത്തേക്ക് വന്നു.

“നിങ്ങൾ വരു… നമുക്കകത്തോട്ടിരിക്കാം ”

അവർ രണ്ട് പേരും സിസ്റ്ററിന് പിന്നാലെ നടന്നു.

” ഇനി ചോദിക്കൂ… നയോമിക്കെന്താണറിയേണ്ടത്‌?”

വിസിറ്റേർസ് റൂമിൽ അവർക്കഭിമുഖം ഇരുന്ന ശേഷം വളരെ സൗമ്യമായി സിസ്റ്റർ അവളോട് ചോദിച്ചു.

നയോമി ” എന്ന സംബോധനയിൽത്തന്നെ സിസ്റ്റർക്ക് അവരുടെ എല്ലാ കാര്യങ്ങളും അറിയാം എന്ന് നയോമിക്ക് മനസ്സിലായി.

“ഞങ്ങളെ കുറിച്ചെല്ലാം സിസ്റ്റർക്കറിയാമല്ലേ”

“ഉവ്വ്”

” എങ്കിൽ പറയൂ.. എന്റെ ചേച്ചി എങ്ങനെ ഇവിടെത്തി ?…. ഇവിടുന്ന് എങ്ങോട്ട് പോയി “?

“ഇവിടെത്തിയതെങ്ങനാണെന്ന് മാത്രമേ എനിക്ക് പറയാൻ കഴിയുകയുള്ളൂ കുട്ടി-…. അവളെങ്ങോട്ടാണ് പോയതെന്ന് എനിക്കറിയില്ല…. ”

************************

മൂന്ന് ദിവസത്തെ ഒരു കരിസ്മാറ്റിക് ധ്യാനത്തിന് പങ്കെടുക്കാൻ വേണ്ടി ആയിരുന്നു റീത്ത സിസ്റ്ററും സംഘവും തിരുവനന്തപുരത്തെത്തിയത്… മൂന്നാമത്തെ ദിവസം പരിപാടിയൊക്കെ കഴിഞ്ഞ് തിരിച്ച് പോകാനായി റെയിൽവേ സ്റ്റേഷന് മുൻപിൽ കാറിറങ്ങിയപ്പോൾ തന്നെ കണ്ടത് ഒരു പെൺകുട്ടിയുടെ മുഖമായിരുന്നു…

അഴുക്ക് പുരണ്ട വസ്ത്രവും പാറിപ്പറന്ന മുടികളും കണ്ടാൽ തന്നെ അറിയാമായിരുന്നു അവൾ കുളിച്ചിട്ട് തന്നെ ദിവസങ്ങൾ ആയെന്ന്….

” അന്യസംസ്ഥാനത്തിൽ നിന്നും വന്ന പിച്ചയെടുക്കുന്നവരുടെ കൂട്ടത്തിലുള്ളതാവും”

അവളെ തന്നെ നോക്കുന്നത് കണ്ടപ്പോൾ കൂടെ ഉണ്ടായിരുന്ന അന്ന സിസ്റ്റർ പറഞ്ഞു.

പക്ഷേ ക്ഷീണിച്ച് ചെളി പുരണ്ടതാണെങ്കിലും സിസ്റ്റർക്ക് അവളെ കണ്ടപ്പോൾ അങ്ങനെ തോന്നിയില്ല.

ലഗേജുമെടുത്ത് പ്ലാറ്റ്ഫോമിലേക്ക് നടന്നെങ്കിലും സിസ്റ്ററുടെ മനസ്സിൽ നിന്ന് അവൾ പോയില്ല.

ട്രയിനിൽ കയറി ഇരുന്നിട്ടും മനസ്സിനെന്തോ വല്ലാത്തഭാരം പോലെ..

ട്രയിൻ അൽപസമയത്തിനകം പുറപ്പെടും എന്ന അനൗൺസ്മെന്റ് കേട്ടപ്പോൾ പിന്നെ സിസ്റ്റർ ഒന്നും ചിന്തില്ല.

” ഞാൻ വരുന്നതിന് മുൻപ് ട്രയിൻ എടുക്കുകയാണെങ്കിൽ എന്റെ ബാഗ് എടുത്ത് പുറത്തേക്കിടണം”
എന്ന് കൂടെയുള്ളവരോട് പറഞ്ഞ് സിസ്റ്റർ ട്രയിനിന് പുറത്തേക്കിറങ്ങി.

വേഗം തന്നെ റെയിൽവേ സ്റ്റേഷന് പുറത്തിറങ്ങി അവളെ അന്വേഷിച്ചെങ്കിലും ആ പരിസരത്തൊന്നും അവൾ ഉണ്ടായിരുന്നില്ല.
സിസ്റ്റർ കരുതിയത് പോലെ തന്നെ ട്രയിൻ വിട്ട് പോയി… ഭാഗ്യത്തിന് സിസ്റ്ററിന്റെ ബാഗ് അവർ അടുത്തുള്ള ടീ സ്റ്റാളിൽ ഏൽപ്പിച്ചെന്ന് സിസ്റ്ററിനെ വിളിച്ച് പറഞ്ഞു.

ബാഗുമായി പുറത്തേക്ക് നടക്കുമ്പോൾ അവളെ എങ്ങനെ കണ്ട് പടിക്കുമെന്ന് സിസ്റ്റർക്കറിയില്ലായിരുന്നു.
അന്ന് മുഴുവൻ അവളെ അന്വേഷിച്ച് സിസ്റ്റർ തിരുവനന്തപുരം മുഴുവൻ അലഞ്ഞു.
ഒടുവിൽ രാത്രി ആയപ്പോൾ പള്ളിയിലേക്ക് തന്നെ തിരിച്ച് പോയി.

അവളെ ഒന്ന് കൂടി കാണിച്ച് തരണമേയെന്ന് രൂപക്കൂടിന് മുൻപിൽ നിന്ന് പ്രാർത്ഥിക്കുമ്പോൾ എന്തിനാണ് താനവളെ ഇങ്ങനെ അന്വേഷിക്കുന്നതെന്ന് സിസ്റ്ററിന് തന്നെ മനസ്സിലായിരുന്നില്ല.

പിന്നീട് പിറ്റേന്ന് രാവിലത്തെ തിരച്ചിലിനൊടുവിൽ തിരുവനന്തപുരത്തെ ഒരു ഹോട്ടൽ പരിസരത്ത് വെച്ച് അവളെ കണ്ട് മുട്ടിയപ്പോൾ സിസ്റ്റർക്ക് മനസ്സിലായി അവളെ തന്റെ മുൻപിലെത്തിച്ചത് കർത്താവ് തന്നെയാണെന്ന്….

” കഴിക്കാനെന്തേലും വാങ്ങിച്ച് തരാമോ ”

അവളുടെ മുഖത്തേക്ക് അനുകമ്പയോടെ നോക്കിയ സിസ്റ്ററോട് അവൾ ചോദിച്ചു.

അവളുടെ ദൈന്യതയാർന്ന ശബ്ദം സിസ്റ്ററിൽ സങ്കടം ഇരട്ടിപ്പിച്ചു.

ഭക്ഷണം കഴിക്കുന്നതിനിടയിൽ സിസ്റ്റർ അവളുടെ കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു.

കൂടെ വരുന്നോന്ന് ചോദിച്ചപ്പോൾ ഇല്ലെന്നവൾ കട്ടായം പറഞ്ഞു. തനിക്കൊരു ലക്ഷ്യമുണ്ടെന്നും അത് പൂർത്തീകരിക്കാതെ തിരുവനന്തപുരം വിട്ട് പോവില്ലെന്നും അവൾ പറഞ്ഞു.

നിന്റെ ലക്ഷ്യം എന്താണെന്തിലും അത് നടത്തി തരാൻ ഏതറ്റം വരെയും നിന്റെ കൂടെ ഞാനുണ്ടാകുമെന്ന് അവളുടെ കൈ പിടിച്ച് പറഞ്ഞപ്പോൾ കത്തുന്ന കണ്ണോടെ അവൾ ചോദിച്ചു

” എനിക്ക് ഒരാളെ കൊല്ലണം … സിസ്റ്റർ എന്റെ കൂടെ നിക്കാമോ”

അവളുടെ ഭാവവും ആ വാക്കുകളും സിസ്റ്ററെ ഞെട്ടിച്ചു.

എങ്കിലും സിസ്റ്റർ അവളുടെ കയ്യിലെ പിടി വിട്ടില്ല.
കൂടുതൽ മുറുകെ പിടിച്ചു…..

ഒടുവിൽ അവളെ കൂടെ കൂട്ടാൻ അവളുടെ ലക്ഷ്യത്തിന് കൂട്ട് നിൽക്കാമെന്നഉറപ്പ് നൽകേണ്ടി വന്നു സിസ്റ്റർക്ക്…. പിറ്റേന്ന് സിസ്റ്ററിന്റെ കുടെ യാത്ര തിരിക്കുന്നതിന് മുൻപായി അവളുടെ ജീവിതത്തിൽ സംഭവിച്ചി തല്ലാം അവൾ സിസ്റ്ററെ പറഞ്ഞ് കേൾപ്പിച്ചു.

”തമ്പാനെ എനിക്ക് കൊല്ലണം സിസ്റ്റർ ”

അവളുടെ വാക്കുകൾ ഉറച്ചതായിരുന്നു’… എങ്കിലും കാലക്രമേണ അവളുടെ മനസ്സിലെ പക മായ്ച്ച് കളയാമെന്ന് സിസ്റ്റർ വിചാരിച്ചു….. പക്ഷേ…..

****************************

” നിർമയിയായിരുന്നു അത്…. തന്റെ ചേച്ചി….

തമ്പാനെ കൊല്ലണമെന്ന ലക്ഷ്യവുമായി നടന്നവളെ പറഞ്ഞ് അനുയയിപ്പിച്ച് ഞാനിങ്ങോട്ട് കൊണ്ടുവന്നു….

തമ്പാനെ കൊല്ലാൻ വേണ്ടി വീടും സ്വന്തം അമ്മയേയും കൂടപ്പിറപ്പുകളേയും മറന്നവൾ ഇറങ്ങി പുറപ്പെട്ടതാണെന്ന് ചില സമയങ്ങളിൽ ഞാൻ മറന്നു….

അതിന് വേണ്ടി തിരുവനന്തപുരം മുഴുവൻ ഒരു ഭ്രാന്തിയെപ്പോലെ അവൾ അലഞ്ഞതും ഞാൻ മറന്നു….
പക്ഷേ…..
പക്ഷേ അവൾ മറന്നില്ല…. അവളുടെ ലക്ഷ്യത്തിന് ഞാൻ തടസ്സമാകുമെന്ന് തോന്നിയപ്പോൾ ഇവിടം വിട്ട് അവൾ പോയി…. ”

പറഞ്ഞ് കഴിഞ്ഞപ്പോൾ സിസ്റ്ററുടെ കണ്ണ് നിറഞ്ഞൊഴുക്കുന്നുണ്ടായിരുന്നു.

” അവൾ നിങ്ങളുടെ കൂടെ ഉണ്ടെങ്കിൽ അത് നിങ്ങൾക്കു കൂടി ആപത്താണെന്ന് അവൾ വിചാരിച്ചു…. അതും വീട് വിട്ടിറങ്ങാൻ അവൾക്കൊരു കാരണമായിരുന്നു”

**************************

” ഞാൻ ബെല്ലയെ ഒന്ന് കണ്ടിട്ട് വരാം ”

സിസ്റ്ററോട് യാത്ര പറഞ്ഞിറുങ്ങന്നതിന് മുൻപായി കിരൺ പറഞ്ഞു.

ബെല്ലയുടെ കുഴിമാടത്തിനരികിലേക്ക് നടക്കുമ്പോൾ അവന്റെ കാലുകൾ വിറക്കുന്നുണ്ടായിരുന്നു….

ആദ്യമായിട്ടായിരുന്നു അവൻ അവളെ കുഴിമാടത്തിനരികിൽ ചെന്ന് കാണുന്നത്…

” ബെല്ലാ…. നീയില്ലാത്ത രണ്ട് വർഷം….. എനിക്കറിയില്ല ഞാനെങ്ങനെ ജീവിച്ചെന്ന്….. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..

അപ്പോൾ എവിടുന്നോ ഒരു കാറ്റ് വന്നവനെ തഴുകി….

“എന്തിനാ പെണ്ണേ നീ എന്നെ വിട്ട് പോയത്…. മറ്റാരേക്കാളുമധികം ഞാൻ നിന്നെ സ്നേഹിച്ചിരുന്നില്ലേ….

നല്ലൊരു ജീവിതം
തരാമെന്ന് നിനക്ക് ഞാൻ ഉറപ്പ് തന്നതല്ലേ..
എന്നെ തനിച്ചാക്കി നീ പോയപ്പോൾ ഞാനെന്തൊക്കെ അനുഭവിച്ചെന്ന് നീയറിയുമോ…..

ഭ്രാന്തനാക്കിയില്ലേ പെണ്ണേ നീയെന്നെ….
എന്റെ അച്ചനെ…. കൂടപ്പിറപ്പിനെ ഒക്കെ ഞാൻ സംശയിച്ചു…..

നിന്റെ മരണത്തിന് പിന്നിൽ അവരാണെന്ന് വിചാരിച്ചു പിന്നീട് അതങ്ങനെ അല്ലെന്നറിഞ്ഞപ്പോഴും നീ ഇല്ലാത്ത ലോകത്ത് മറ്റുള്ളവരെ സ്നേഹിക്കാൻ എന്റെ മനസ്സിന് കഴിയാതായിപ്പോയി…..

പക്ഷേ ഇപ്പോ…..

ഇപ്പോൾ
നിർമ്മയിയെ എനിക്ക് കണ്ടെത്തണം ബെല്ലാ…. നീ ഉണ്ടാകണം എന്റെ കൂടെ….”

അവിടെ വീശിയ കാറ്റിന് അപ്പോൾ ശക്തി കൂടി…

അൽപസമയം കൂടെ അവിടിരുന്നിട്ട് എഴുന്നേറ്റ് നടക്കുമ്പോൾ ബെല്ല പുറകിൽ നിൽക്കുന്ന പോലെ….

” നിർമ്മയിയെ കണ്ട് പിടിച്ച്, ഇനി അവളേയും കൂട്ടി വന്നാൽ മതി എന്നെ കാണാൻ ”

എവിടെ നിന്നോ അവളങ്ങനെ പറഞ്ഞത് പോലെ തോന്നി അവന്….

**********************

നിർമ്മയിയെ കണ്ടെത്താൻ ഒരു വഴിയുമില്ലെന്ന് നിരാശയിൽ കാറിലേക്ക് കയറാൻ പോയനയോമിയെ റീത്ത സിസ്റ്റർ വീണ്ടും വിളിച്ചു.

“ഇവിടുന്ന് പോയതിന് ശേഷം നിർമ്മയി എന്നെ ഒരു തവണ വിളിച്ചിരുന്നു… അവൾ സുരക്ഷിത യാണെന്ന് പറയാൻ… ആ ഫോൺ നമ്പർ എന്റെ കയ്യിലുണ്ട്…. ”

അത് കേട്ടതും പ്രതീക്ഷയുടെ പുതു കിരണങ്ങൾ നയോമിയിൽ ഉദിച്ചു…

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നയോമിക – ഭാഗം 1

നയോമിക – ഭാഗം 2

നയോമിക – ഭാഗം 3

നയോമിക – ഭാഗം 4

നയോമിക – ഭാഗം 5

നയോമിക – ഭാഗം 6

നയോമിക – ഭാഗം 7

നയോമിക – ഭാഗം 8

നയോമിക – ഭാഗം 9

നയോമിക – ഭാഗം 10

നയോമിക – ഭാഗം 11

നയോമിക – ഭാഗം 12

നയോമിക – ഭാഗം 13

Share this story