നയോമിക : PART 15 – അവസാന ഭാഗം

നയോമിക : PART 15 – അവസാന ഭാഗം

നോവൽ
ഴുത്തുകാരി: ശിവന്യ അഭിലാഷ്

സിസ്റ്ററുടെ കയ്യിൽ നിന്നും ലഭിച്ച ഫോൺ നമ്പറിലേക്ക് കിരണിന്റെ ഫോണിൽ നിന്നും ഡയൽ ചെയ്യുമ്പോൾ നയോമിയുടെ കൈ വിറക്കുന്നുണ്ടായിരുന്നു…..

മാസങ്ങക്ക് ശേഷമാണ് ചേച്ചിയുമായി സംസാരിക്കാൻ പോകുന്നത്… ഓർത്തപ്പോൾ അവളുടെ ഹൃദയം പെരുമ്പറ കൊട്ടി…

“റിംഗ് ചെയ്യുന്നുണ്ട് ”
അവൾ കിരണി നോട് പറഞ്ഞു.

“ഹലോ”

മറുതലയ്ക്കലിൽ നിന്നും നല്ല പരിചയമുള്ളൊരു ആൺ ശബ്ദം കേട്ടപ്പോൾ നയോമി ഒന്ന് പകച്ചു.
എങ്കിലും അവൾ സംയമനം കൈവിടാതെ ചോദിച്ചു.

” ഇത് നിർമ്മയിയുടെ നമ്പർ അല്ലേ ”

അങ്ങേഭാഗത്ത് ഒരു നിമിഷം നിശബ്ദത പടർന്നു.

“ഹലോ ”

അവൾ വീണ്ടും വിളിച്ചു.

“നയോമി”

നയോമിയെന്ന തന്റെ പേര് വിളിച്ചത് കേട്ടതും നയോ മിക്ക് ആളെ മനസ്സിലായി.

” അലൻ ”

“അതെ”

അവൾക്ക് വിശ്വസിക്കാവുന്നതിനും അപ്പുറം ആയിരുന്നു അത്…

” അലൻ…. എന്റെ ചേച്ചി … തന്റെ കൂടെയാണോ….. എനിക്കൊന്നും മനസ്സിലാകുന്നില്ല.. ”

അവൾക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി…

” എല്ലാം ഞാൻ പറയാം”

” അലൻ എനിക്കെന്റെ ചേച്ചിയോട് സംസാരിക്കണം…. നേരിട്ട്… നിങ്ങളെവിടാ.. ഞാനങ്ങോട്ട് വരാം…”

“തിരുവനന്തപുരത്താണ് നയോമി….. താനെങ്ങനെ വരും ”

“അതെനിക്ക് വിട്ടേക്ക് അലൻ…. കറക്ട് സ്ഥലം പറയ്… ഞാനിപ്പോൾ തന്നെ പുറപ്പെടും.”

” പക്ഷേ എന്റെ നമ്പർ എങ്ങനെ…. ”

” എല്ലാം നേരിട്ട് പറയാം”

അവൾ സംഭാഷണം അവസാനിപ്പിച്ചു.

അലൻ നൽകിയ അഡ്രസ്സ് തേടി നയോമിയും കിരണും അപ്പോൾ തന്നെ പുറപ്പെട്ടു..

അതിനിടയിൽ വീട്ടിൽ പോയി നിർമ്മലയേയും ഫോണിലൂടെ കീർത്തിയേയും അവൾ ചുരുങ്ങിയ വാക്കുകളിൽ കാര്യം ധരിപ്പിച്ചു.

“എന്റെ കുട്ടിക്ക് ആപത്തൊന്നും വരുത്തല്ലേ ഈശ്വരാ.. ”

അത്യാവശ്യം വേണ്ട വസ്ത്രങ്ങൾ എടുത്ത് നയോമി വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ നിർമ്മല നെഞ്ചിൽ കൈവെച്ച് പ്രാർത്ഥിച്ചു….

വൈകുന്നേരം കീർത്തി ചെന്ന് നിർമ്മലയേയും ഉണ്ണിയേയും അവരുടെ വീട്ടിലേക്ക് കൂട്ടികൊണ്ടു വന്നു

*************************

രാത്രിയായിരുന്നു അവർ തിരുവന്തപുരത്തെത്തുമ്പോൾ… അലൻ നൽകിയ മേൽവിലാസത്തിലേക്ക് കിരണിന്റെ കാറിനേക്കാൾ മുൻപേ നയോമിയുടെ മനസ്സ് കുതിച്ചു…

ഒറ്റനിലയിൽ പണിഞ്ഞ ഒരു കോൺക്രീറ്റ് വീടിനു മുൻപിൽ കാർ നിന്നു.

ശബ്ദം കേട്ടാവണം അലൻ പുറത്തേക്ക് വന്നു.

അവന് മാറ്റമൊന്നും വന്നിട്ടില്ലെന്ന് തോന്നി നയോമിക്ക്…

കിരൺ അലനെ പരിചയപ്പെടുന്ന തിരക്കിലായിരുന്നു. പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ നയോമിയുടെ കണ്ണുകൾ നിർമ്മയിക്കായി പരതി.

” ചേച്ചിയിവിടില്ല താമസം ”

അത് കണ്ടിട്ടാവണം അലൻ പറഞ്ഞു.

” പിന്നെ?”

” ചേച്ചിയൊരു ലേഡീസ് ഹോസ്റ്റലിലാ നയോമി…. രാവിലെ നമുക്കങ്ങോട്ട് പോകാം ”

നയോമിയുടെ മുഖം സംശയത്താൽ ചുളിഞ്ഞു.

“അലനെങ്ങനെ ഇവിടെ ചേച്ചിയുമായി കണക്ഷൻ ”

വീടിനകത്തേക്ക് കയറുന്നതിനിടയിൽ നയോമി ചോദിച്ചു.

” അത് വളരെ യാദൃശ്ചികമാണ്….

അവൻ പറഞ്ഞു തുടങ്ങി

“ഞാനിവിടെ ഒരു ചാർട്ടേഡ് കൺസൽട്ടൻസി നടത്തുന്നുണ്ട്…. ഒരു ദിവസം അപ്രതീക്ഷിതമായി ജോലി വേക്കൻസി ഉണ്ടോന്ന് അന്വേഷിച്ചൊരു പെൺകുട്ടി വന്നു… ആളെ കണ്ടപ്പോ ഞാൻ ഞെട്ടിപ്പോയി.. അത് തന്റെ ചേച്ചിയായിരുന്നു..

ചേച്ചിയുടെ അവസ്ഥ വളരെ കഷ്ടമായിരുന്നു… അതു കൊണ്ട് തന്നെ ചേച്ചിക്ക് ഞാൻ ജോലി കൊടുത്തു…. താമസ സൗകര്യവും ശരിയാക്കി കൊടുത്തു… ”

അവൻ ഒരു ദീർഘനിശ്വാസമെടുത്തു.

“എന്താണ് കാര്യങ്ങൾ എന്ന് അന്വേഷിച്ചിട്ട് ചേച്ചി ആദ്യമൊന്നും ഒന്നും പറയാൻ തയ്യാറായില്ല…. പിന്നെ പറഞ്ഞു വീട്ടിൽ കുറച്ച് പ്രോബ്ലംസ് ഉണ്ടെന്ന്… അതെന്താണെന്നറിയാൻ
നിന്റെ നമ്പറിലേക്ക് വിളിച്ചിട്ട് കിട്ടുന്നുമില്ല….

നാട്ടിൽ അന്വേഷിച്ചപ്പോൾ അവിടുന്നെങ്ങോട്ടോ പോയെന്ന് അറിഞ്ഞു.. അവിടെ ഉണ്ടായ കാര്യങ്ങളൊക്കെ നാട്ടുകാർ പൊടിപ്പും തൊങ്ങലും വെച്ച് അറിയിച്ചു…… എന്നിട്ടും ഞാനൊരു പാടന്വേഷിച്ചു…. പക്ഷേ എവിടെയും കണ്ടെത്താനായില്ല….

സത്യം പറഞ്ഞാൽ ചേച്ചിയും നിങ്ങളും തമ്മിലുള്ള യഥാർത്ഥ പ്രശ്നം എന്താണെന്ന് ഇപ്പോഴും എനിക്കറിയില്ല…. ഞാൻ ചോദിച്ചിട്ടും ചേച്ചി പറഞ്ഞിട്ടില്ല.”

അവൻ പറഞ്ഞവസാനിച്ചപ്പോൾ നയോമിയും കിരണും മുഖത്തോട് മുഖം നോക്കി.

ഒന്നും പറയേണ്ട എന്ന് അവൻ അവൾക്ക് നേരെ കണ്ണ് കാണിച്ചു..

” പക്ഷേ എന്റെ നമ്പർ എങ്ങനാ കിട്ടിയതെന്ന് പറഞ്ഞില്ല ”

” അത്… ചേച്ചി ഇവിടെ എത്തുന്നതിന് മുൻപ് കിരൺ സാറിന്റെ നാട്ടിലുള്ള ഒരു ക്രിസ്ത്യൻ മംത്തിൽ ആയിരുന്നു കുറച്ച് നാൾ..
ഇവിടെയെത്തിയതിന് ശേഷം ഒരു തവണ നമ്പറിൽ നിന്ന് ചേച്ചി അവിടുത്തെ സിസ്റ്ററിനെ വിളിച്ചിരുന്നു… സിസ്റ്ററാണ് ഞങ്ങൾക്ക് നമ്പർ തന്നത് ”

“ശരിയാ… ഒരു തവണ ഒരു കാൾ ചെയ്യണമെന്ന് പറഞ്ഞ് എന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങിച്ചിരുന്നു….
ഒരു മൊബൈൽ വാങ്ങിച്ചു തരാമെന്ന് ഞാൻ പറഞ്ഞതാ ചേച്ചിയോട്…. പക്ഷേ സമ്മതിച്ചില്ല ….
ഏതായാലും നിങ്ങൾ ഫ്രഷായി വരൂ…. ഭക്ഷണമൊക്കെ ഞാൻ കരുതിയിട്ടുണ്ട് ”

“ഇവിടെ അലൻ തനിച്ചേയുള്ളുവോ ”

കിരൺ ചോദിച്ചു.

” ഉo…. രണ്ട് മാസം മുൻപേ അമ്മച്ചി എന്നെ തനിച്ചാക്കി കടന്നു കളഞ്ഞു… പിന്നെ പെങ്ങളൊരുത്തിയുള്ളത് കെട്ടിയോന്റെ കൂടെ അങ്ങ് ജർമ്മനിയിലാ.. അവളും നേഴ്സാണേ”

“ഫാമിലി ” ?

” ഒന്നും ആയിട്ടില്ല…. പിന്നെ അതിനൊന്നും ഞാൻ മാത്രം വിചാരിച്ചാൽ പോരല്ലോ…”

അത് പറയുമ്പോൾ നയോമിയിൽ തറച്ചിരുന്ന അവന്റെ കണ്ണുകളിലെ ഭാവം വിഭജിച്ചെടുക്കാൻ കിരണിന് കഴിഞ്ഞില്ല.

******************************

പിറ്റേന്ന് രാവിലെ തന്നെ അവർ നിർമ്മയിയുടെ ഹോസ്റ്റലിലേക്ക് പുറപ്പെട്ടു.

മാസങ്ങൾ കഴിഞ്ഞ് കാണുന്ന ചേച്ചിയുടേയും അനിയത്തിയുടേയും പുന:സമാഗമത്തിന് സാക്ഷികളായി ദൂരേ കിരണും അലനും…

നിർമ്മയിയെ കണ്ടയുടനെ കരഞ്ഞ് കൊണ്ട് നയോമി ഓടി ചെന്നവളെ കെട്ടി പിടിച്ചു….
ശ്വാസമെടുക്കാൻ പോലും മറന്ന് നിർമ്മയി നിലത്തുറച്ചു..

ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയ കൂടിക്കാഴ്ച ആയിരുന്നു അത്….
എന്ത് ചെയ്യണം എന്നറിയാത്തവളെ പോലെ നിർമ്മയിപകച്ചുപോയി….

പിന്നീട് അവളും കയ്യുയർത്തി അനിയത്തിയെ കെട്ടിപ്പിടിച്ചു…

കരച്ചിലിനും പതം പറച്ചിലിനുമിടെ ഇതിനിടയിൽ കഴിഞ്ഞ കാര്യങ്ങളൊക്കെ രണ്ട് പേരും പങ്ക് വെക്കുന്നത് കണ്ട് നിന്ന കിരണിന്റെയും അലൻന്റെയും കണ്ണ് നിറയിച്ചു….

” ഇനി ചേച്ചിക്ക് ഞങ്ങളുടെ അടുത്ത്
വന്നൂടെ ”

നിർമ്മയി ഒന്നും മിണ്ടിയില്ല.

” പറ ചേച്ചീ…. ”

” ഞാൻ… എനിക്ക്….. എനിക്ക് പറ്റില്ല നയോമീ… ഞാൻ വരില്ല ”

” എന്ത് കൊണ്ട്?.. ചേച്ചി വരില്ലാന്ന് പറയുന്നതിന്റെ കാരണമെന്താ…. ”

“അമ്മയും ഉണ്ണിയും…..”

” കഴിഞ്ഞതൊക്കെ എല്ലാവർക്കും അറിയാം ചേച്ചീ… എല്ലാവരും അതൊക്കെ മറന്നു…. ചേച്ചിയും…..”

“ഇല്ല….. പെട്ടെന്നവളുടെ ഭാവം മാറി ഞാനൊന്നും മറന്നിട്ടില്ല…
അയാളെ കൊല്ലണം എന്നായിരുന്നു എന്റെ ലക്ഷ്യം…. പക്ഷേ അതിന് മുൻപേ അയാള് തീർന്ന് പോയി…..
നമ്മളോട് ചെയ്തതിനുള്ള ശിക്ഷ അയാൾക്ക് നൽകാൻ എനിക്ക് കഴിഞ്ഞില്ലല്ലോമോളേ ”

അവളുടെ കണ്ണിൽ പകഎരിഞ്ഞു.

” ചേച്ചി ”

നയോമി പതിയെ വിളിച്ചു.

” അയാൾക്കുള്ള ശിക്ഷ നൽകിയത് ഞാനാ…. എന്നിലൂടെ നമ്മുടെ അച്ചനാ.. ചേച്ചിക്ക് വേണ്ടി ”

നയോമി പറഞ്ഞതൊന്നും നിർമ്മയിക്ക് മനസ്സിലായില്ല….

“അതെ ചേച്ചീ…”

അവളുടെ മുഖത്ത് വികൃതമായൊരു ചിരി വിരിഞ്ഞു.

” ചേച്ചിക്കോർമ്മയില്ലേ.. പ്രോഗ്രാം കമ്മിറ്റിയുമായുള്ള ബാധ്യത തീർക്കാൻ വേണ്ടി ഞാനന്ന് ഇവിടെയെത്തിയത്….
അന്ന് ഒരു ദിവസം ഞാനിവിടെ തങ്ങിയത്……

അന്ന് രാവിലെ ട്രയിൻ ഇറങ്ങിയപ്പോൾ ഞാനാദ്യം അന്വേഷിച്ചത് രമേശനെ ആയിരുന്നു… തമ്പാന്റെ അരികിലേക്ക് നിങ്ങളെ എത്തിച്ച അച്ചന്റെ കൂട്ടുകാരനെ…..
ഒരു ടാക്സി ഡ്രൈവർ കൃത്യമായി എന്നെ അയാൾക്കടുത്ത് എത്തിച്ചു…..
പിന്നെ നടന്നതൊക്കെ എന്റെ പ്ലാനിംഗ് പ്രകാരമായിരുന്നു.”

നയോ മിയുടെ വാക്കുകൾ സ്വപനത്തിലെന്നവണ്ണം അവൾ കേട്ടു .
**********************

“എനിക്ക് തമ്പാൻസാറിനെയാണ് കാണേണ്ടത്…”

മടിച്ച് മടിച്ച് കൊണ്ട് നയോമി രമേശനോട് പറഞ്ഞു.

“തമ്പാനെയോ എന്തിന്? നിന്നെ ആരാ ഇങ്ങോട്ടയച്ചത് “?

രമേശന്റെ ശബ്ദത്തിൽ അദ്ഭുതവും അമ്പരപ്പും കലർന്നിരുന്നു.

” ചേട്ടാ അത്… ഞാൻ നാട്ടിൽ നിന്ന് ഓടി വന്നതാ …. കൊണ്ടുവന്ന വൻ പറ്റിച്ചിട്ടു പോയി… ഇന്നലെ റെയിൽവെ സറ്റേഷനിൽ വെച്ച് കണ്ട ഒരു ചേച്ചിയാ പറഞ്ഞത് തമ്പാൻ സാറിനെ കണ്ടാൽ ജോലി ശരിയാക്കിത്തരുമെന്ന് ”

രമേശന് അവള് പറഞ്ഞ കഥ വിശ്വാസയോഗ്യമായിരുന്നില്ല.

” ചേച്ചിയോ… ഏത് ചേച്ചി”

“കുറച്ച് തടിച്ച്…. വെളുത്തിട്ടുള്ള… ”

” ഓ നമ്മുടെ സരള… ”

” ആ.. അത് തന്നെ…. സരളച്ചേച്ചി”

എന്നിട്ടും ഒരൽപം സംശയം ബാക്കി ആയിരുന്നെങ്കിലും സുന്ദരിയായ അവളെ വെറുതെ വിടാൻ അയാൾക്ക് തോന്നിയില്ല…

“ശരി.. നീ ആ ഓട്ടായിൽ കയറിക്കോ…. ”

തൊട്ടടുത്തായി നിർത്തിയിരുന്ന ഓട്ടോ അയാൾ അവൾക്കാണിച്ച് കൊടുത്തു.

” നിന്റെ പേരെന്താടീ… ”

“അനു”

നയോമി ഒരു കള്ളപ്പേര് പറഞ്ഞു.

” ഉം ”
അയാളൊന്നു ഇരുത്തി മൂളി.

******************************

അനു ആയി മാറിയ നയോമിയെ തമ്പാന് മുൻപിൽ കൊണ്ട് നിർത്തുമ്പോൾ അയാൾക്കവളെ ഇഷ്ടമാകുമെന്ന് രമേശന് നൂറ് ശതമാനം ഉറപ്പായിരുന്നു.

അത് പോലെ തന്നെ സംഭവിച്ചു.

ചുവന്ന് തുടുത്ത റോസാപ്പൂവിനെപ്പോലെയുള്ള പെണ്ണിനെ കണ്ടപ്പോൾ അവളെയൊന്ന് തൊട്ടു നോക്കാൻ തമ്പാന്റെ ഉള്ളം തുടിച്ചു.
ഇന്നേവരെ അയാളിത്ര സുന്ദരിയായൊരു പെണ്ണിനെ കണ്ടിട്ടില്ല…

രമേശനോട് പറഞ്ഞ കള്ളം തന്നെ നയോമി തമ്പാനോടും പറഞ്ഞു.

എന്ത് ജോലിയാ നിനക്കറിയുക എന്ന ചോദ്യത്തിന് സാർ പറയുന്ന എന്ത് ജോലിയും ഞാൻ ചെയ്യും എന്നായിരുന്നു നയോമിയുടെ മറുപടി.

അവളെന്തിനും തയ്യാറാണെന്ന് വിളിച്ചോതുന്ന മറുപടി തമ്പാന് നന്നായി സുഖിച്ചു.

വൈകുന്നേരം അവളെയും കൊണ്ട് ഗോഡൗണിലേക്ക് വരാൻ നിർദ്ദേശിച്ചിട്ട് രമേശന്റെ കൂടെ അവളെ അയാൾ പറഞ്ഞയച്ചു.

പക്ഷേ

വൈകുന്നേരം തമ്പാൻ വരുന്നതിന് മുൻപേ അവൾ രമേശനെ തമ്പാന് എതിരെയാക്കേണ്ട ചരടുവലികൾ തുടങ്ങിയിരുന്നു.

തമ്പാനെ കൊല്ലുകയാണ് തന്റെ ലക്ഷ്യം എന്നും അതിന് കൂട്ട് നിന്നാൽ ജീവിതകാലം മുഴുവൻ താൻ രമേശന്റെ കൂടെ ജീവിച്ചോളാമെന്നും പറഞ്ഞ് അവൾ അയാൾക്ക് നേരെ ചൂണ്ടയിട്ടു.

അയാളതിൽ കൊത്തും എന്ന് സൈക്കോളജി പഠിച്ച അവൾക്ക് അയാളുടെ ശരീരഭാഷ കൊണ്ട് മനസ്സിലായിരുന്നു….

തമ്പാനോടുള്ള അനുവിന്റെ പകയെ കുറിച്ച് രമേശൻ ചോദിച്ചപ്പോൾ തന്റെ അമ്മയെ തമ്പാൻ പീഠിപ്പിച്ചു കൊന്നു എന്നാണ് നയോമി അതിനുള്ള കാരണം പറഞ്ഞത്.

എങ്കിലും മനസ്സിലുള്ള പേടി കൊണ്ട് രമേശൻ സമ്മതിക്കാൻ തയ്യാറായില്ല.

നയോമി ഒന്നു കൂടെ അയാളുടെ അടുത്തേക്ക് ചേർന്നിരുന്നു.
അയാളുടെ കയ്യിൽ തെരുപ്പിടിച്ച് കൊണ്ട് പ്രേമപൂർവ്വം അയാളുടെ കണ്ണിലേക്ക് അവൾഉറ്റ് നോക്കി…. ആ കടാക്ഷത്തിൽ രമേശന് അവൾ പറയുന്നത് അനുസരിക്കാതിരിക്കാൻ പറ്റില്ലെന്നായി…..

സ്‌റ്റെപ് ഒന്നും രണ്ടും വിജയകരമായി പൂർത്തിയായപ്പോൾ ഈശ്വരൻ തന്റെ കുടെയാണെന്ന് അവൾക്ക് തോന്നി….

തമ്പാന്റെ വരവിനായി അവൾ കാത്തിരുന്നു…

പ്രതീക്ഷിച്ചത് പോലെ തമ്പാനെയും കൊണ്ട് രമേശനെത്തി….

നയോമിയെ പ്രാപിക്കാനുള്ള ധൃതിയിൽ രമേശന്റെ മുഖഭാവം അയാൾ ശ്രദ്ധിച്ചില്ല.

വാതിലടച്ച് താൻ പുറത്ത് നിൽക്കെന്ന് രമേശനോട് ആജ്ഞാപിച്ചിട്ട് പിൻതിരിഞ്ഞ് നയോമിയുടെ ചുണ്ടുകൾക്ക് നേരെ മുഖം കൊണ്ട് പോയ ആ നിമിഷം തമ്പാനെതിരെ രമേശൻ ആദ്യത്തെ നിറയൊഴിച്ചിരുന്നു.

ഞെട്ടിത്തിരിഞ്ഞ് , വെടിയുണ്ടയാൽ ചോരയൊലിപ്പിച്ചു കൊണ്ട് തമ്പാൻ രമേശനെ നോക്കി…

ക്ഷണനേരം കൊണ്ട് രമേശൻ അടുത്ത വെടിയുമുതിർത്തു ..പക്ഷേ ഇതിനിടയിൽ തന്നെ ജുബയുടെ പോകറ്റിൽ നിന്നും തോക്ക് വലിച്ചെടുത്ത് തമ്പാൻ രമേശനെ ലക്ഷ്യമാക്കി ….

പരസ്പരം നിറയൊഴിച്ച് രണ്ട് പേരും അവശരായി വീണപ്പോൾ കുതന്ത്രശാലിയായ കുറുക്കന്റെ കൗശലത്തോടെ നയോമി അവർക്ക് മുൻപിൽ വന്നു.

താൻ രാഘവന്റെ മകളാണെന്നും അച്ചനോടും ചേച്ചിയോടും കാണിച്ചു കൂട്ടിയതിനുള്ള പ്രതികാരമാണ് ഇതെന്നും അവൾ ഉറക്കെ വിളിച്ചു പറഞ്ഞു.

രണ്ട് പേരുടേയും ജീവൻ ശരീരം വിട്ട് പോകുന്നതും നോക്കി മനസ്സ് നിറഞ്ഞ് നയോമി പൊട്ടിച്ചിരിച്ചു.

*******************************

“മോളേ ,നീ…..
അവിശ്വസനീയതയോടെ നിർമ്മയി അവളെ നോക്കി.

“ദൈവം നേരിട്ട് നൽകിയ ശിക്ഷയാണ് ചേച്ചീ… അതല്ലേ ആ കേസ് എവിടെയും എത്താതെ തേഞ്ഞ് മാഞ്ഞ് പോയത്… കേസന്വേഷിക്കാൻ പോലീസ് കാർക്ക് വരെ താൽപര്യം ഉണ്ടാരുന്നില്ലല്ലോ…. അത്രയ്ക്ക് പാപം അയാൾ ചെയ്ത് കൂട്ടിയിട്ടുണ്ട്…. ”

നിർമ്മയി തലകുലുക്കി… അവളുടെ മുഖത്തിപ്പോൾ വല്ലാത്തൊരു ആത്മ സംതൃപ്തി നിഴലിച്ചിരുന്നു….

“ഇനി പോകാം ചേച്ചീ നമുക്ക്.. ”

” പോകാം മോളേ…. എനിക്ക് എല്ലാവരെയും കാണണം… ”

ഹോസ്റ്റലിലെ ഫോർമാലിറ്റീസ് ഒക്കെ തീർത്ത് അലനോട് യാത്ര പറയുമ്പോൾ നിർമയിയുടെ കണ്ണ് നിറഞ്ഞിരുന്നു… അവന്റെയും…

വിളിക്കാമെന്ന് പറഞ്ഞ് കൈ കൊടുത്ത് കിരൺ അലനോട് യാത്ര പറഞ്ഞു.

നയോമി മാത്രം ഒന്നും പറയാതെ ചെന്ന് കാറിൽ കയറി.

*************************

വീണ്ടും ദിവസങ്ങളും മാസങ്ങളും വർഷങ്ങളായി കഴിഞ്ഞു പോയി…

കിരണിന്റെ അസുഖം പൂർണ്ണമായും ഭേദമായി…..
കിരൺ ഹോസ്പിറ്റലിന്റെ ചാർജ് ഏറ്റെടുത്തു… എങ്കിലും പഴയത് പോലെ രോഗികളെ ചികിത്സിക്കാൻ അവൻ തയ്യാറായില്ല.. കാലക്രമേണ അതും ശരിയാകുമെന്ന് പറഞ്ഞ് കീർത്തിയും മനുവും പരസ്പരം ആശ്വസിപ്പിച്ചു.

നയോമി പി ജി പൂർത്തിയാക്കി സൈക്കോളജിയിൽ തന്നെ പി എച്ച് ഡി എടുത്തു…
നയോ മിയെ അവൻ ഹോസ്പിറ്റലിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റായി നിയമിച്ചു..

കിരണിന്റെ സഹായത്താൽ നിർമ്മയി ഒരു നൃത്ത വിദ്യാലയം ആരംഭിച്ചു….

അനാഥാലയത്തിലെ കുട്ടികൾക്ക് അവൾ സൗജന്യമായി ക്ലാസ്സെടുത്തു…..

പിന്നേയും ദിവസങ്ങൾ പോകവേ നിർമ്മയിയുടെ വിവാഹം നടത്തണമെന്ന ആഗ്രഹം നിർമ്മലയിൽ കലശലായി….

ഇനി ഒരു വിവാഹം വേണ്ടെന്ന നിലപാടായിരുന്നു അവൾക്ക് പക്ഷേ കിരണിന്റെയും ഇസബെല്ലയുടേയും പ്രണയത്തെക്കുറിച്ചറിഞ്ഞ അവൾ ഏതോ ഒരു നിമിഷം മുതൽ അവന്റെ സ്നേഹം കൊതിക്കാൻ തുടങ്ങി.. അവന്റെ സംരക്ഷണം ആഗ്രഹിച്ചു തുടങ്ങി….

അതേ കുറിച്ച് അവളാദ്യം സംസാരിച്ചത് നയോമിയോടായിരുന്നു….

മുഖത്തെ ഞെട്ടൽ മറച്ച് വെച്ച് കൈ കൊണ്ട് കണ്ണമർത്തി തുടച്ച് നയോമി കയ്യെത്തിച്ച് ലൈറ്റിട്ടു.

” സത്യമാണോടി… ”

” ഉം ”

“സാറിനറിയുമോ: ”

” ഇല്ല…. നീ വേണം സാറിനോട് പറയാൻ….”

” ശരി… പ്രോപ്പർവേയിൽ തന്നെ നമുക്ക് ആലോചന നടത്താം.. എന്താ.. ”

നിർമയിയുടെ മുഖത്ത് നാണം നിറഞ്ഞപ്പോൾ കയ്യെത്തിച്ച് അവൾ ലൈറ്റണച്ചു.. ‘

മുറിയിൽ ഇരുട്ട് പടർന്നതും ആർത്തലച്ചു വന്ന മഴ പോലെ നയോമിയിൽ കണ്ണീര് അണ പൊട്ടി.

കണ്ട നാൾ മുതൽ പറയാതെ കൊണ്ടു നടക്കുന്ന.. പ്രണയത്തിനുമപ്പുറമായ ഒരിഷ്ടം അവൾക്ക് കിരണിനോടുണ്ടായിരുന്നു.

പക്ഷേ നിർമ്മയിയെ വേദനിപ്പിക്കാൻ അവൾക്കാകുമായിരുന്നില്ല.

അതിനാൽ തന്നെ മനസ്സിൽ തോന്നിയ ഇഷ്ടം മനസ്സിൽ തന്നെ കുഴിച്ചുമൂടാൻ അവൾ തീരുമാനിച്ചു… അന്ന് രാത്രി മുഴുവൻ അവൾ കരഞ്ഞു..

അടുത്ത് കിടന്ന ചേച്ചി അതൊന്നും അറിഞ്ഞില്ല….

ചേച്ചിയെ കുറിച്ചോർത്തപ്പോൾ താൻ ചെയ്യുന്നതാണ് ശരിയെന്ന് നയോമിക്ക് തോന്നി….

ഒരു ജീവിതകാലം മുഴുവൻ സഹിക്കേണ്ട സങ്കടം സഹിച്ചു കഴിഞ്ഞവൾ ഇനിയും താൻ കാരണം സങ്കടപ്പെടരുത്.’… അതോടെ മനസ്സിൽ അവളൊരു ദൃഢനിശ്ചയമെടുത്തു.

**********************

പിറ്റേന്ന് രാവിലെ നിർമ്മലയോടും ഉണ്ണിയോടും കൂടി ആലോചിച്ചപ്പോൾ അവർക്കും സമ്മതം…. അന്ന് നയോമി ഹോസ്പിറ്റലിലേക്ക് പോയില്ല….

റീത്ത സിസ്റ്റർക്ക് വെയിറ്റ് ചെയ്ത് മഠത്തിലെ വിസിറ്റിംഗ് റൂമിലിരിക്കുമ്പോൾ താൻ ചെയ്യുന്നതാണ് ശരി അവളുടെ മനസ്സിലിരുന്ന് ആരോ പറയുന്നത് പോലെ അവൾക്ക് തോന്നി.

നിർമ്മയിക്ക് കിരണിനെ ഇഷ്ടമാണെന്നും അവർ തമ്മിലുള്ള വിവാഹത്തിന് സിസ്റ്റർ മുൻകൈ എടുക്കണമെന്നും നയോമിയുടെ വായിൽ നിന്നും കേട്ടപ്പോൾ റീത്ത സിസ്റ്റർ അമ്പരന്നു.

“മോളേ ഞാൻ വിചാരിച്ചത് നിങ്ങൾ തമ്മിൽ.. ”

“ഞങ്ങൾ തമ്മിലെന്താ….. ”

നയോമി മനസ്സില്ലാകാത്ത പോലെ ചോദിച്ചു.

” നിന്നെയും കിരണിനെയും ഇവിടെ ആദ്യം ഒരുമിച്ച് കണ്ടപ്പോൾ എന്റെ ഇസയും കിരണും ഒരുമിച്ച് വന്നതാണെന്ന് ഞാൻ വിചാരിച്ചത് ”

അത് കേട്ടതും നയോമിയുടെ മുഖത്ത് പുഞ്ചിരി ഉണ്ടായി…

“ഇസബെല്ലയും എനിക്കെന്റെ ചേച്ചിയാണ് സിസ്റ്റർ…. അപ്പോൾ കിരൺ സാർ ചേച്ചിയുടെ ഭർത്താവല്ലേ….”

“നിനക്കവനെ ഇഷ്ടമായിരുന്നില്ലേ ”

“ഉവ്വ്…. എന്റെ ഏട്ടനെപ്പോലെ.. എനിക്കൊരു ഏട്ടനുണ്ടായിരുന്നെങ്കിൽ അങ്ങനെ.. ”

സിസ്റ്ററി നോട് വളരെ വിദഗ്ദ്ധമായി നയോമി കള്ളം പറഞ്ഞു.

” പറയൂ സിസ്റ്റർ.. കിരൺ സാറിനോട് സിസ്റ്റർ സംസാരിക്കില്ലേ….”

” ഉം ”

”സംസാരിച്ചാൽ പോര…സമ്മതിപ്പിക്കണം.. ”

********************************

നിർമ്മയിയുടെ ഇഷ്ടത്തെ കുറിച്ചറിഞ്ഞപ്പോൾ എതിർക്കാൻ കീർത്തിക്കും മനുവിനും തോന്നിയില്ല… ഏട്ടന്റെയിഷ്ടമാണ് ഞങ്ങളുടേതെന്ന് അവർ തീരുമാനിച്ചിരുന്നു….

നയോമിയോടു തനിക്കുള്ള ഇഷ്ടം പോലെ അവൾക്ക് തന്നോടില്ല എന്നറിഞ്ഞപ്പോൾ അവന്റെ നെഞ്ച് നീറി..

പക്ഷേ നിർമ്മയിയെ വിഷമിപ്പിക്കാൻ അവന് തോന്നിയില്ല..

ബെല്ലയെ സ്നേഹിച്ചത് പോലെ നീ നിർമ്മയിയെ സ്നേഹിക്കണമെന്നും എല്ലാം അറിഞ്ഞ് കൊണ്ട് അവൾക്കൊരു ജീവിതം നൽകാൻ നിനക്കേപറ്റൂ എന്നും റീത്ത സിസ്റ്റർ പറഞ്ഞപ്പോൾ സമ്മതിക്കാതിരിക്കാൻ അവന് കഴിഞ്ഞില്ല…

ഇന്നാണ് വിവാഹം….

സർവ്വാഭരണ വിഭൂഷിതയായി കിരണിന്റെ താലിയും കഴുത്തിൽ ചാർത്തി മുഖത്ത് നിറയെ പുഞ്ചിരിയുമായി നിൽക്കുന്ന നിർമ്മയിയെ കണ്ടപ്പോൾ നയോമിയുടെ മനസ്സ് നിറഞ്ഞു….

“ഹലോ മേഡം”

തിരിഞ്ഞ് നോക്കിയപ്പോൾ അലൻ.

” ഉം.. എന്താ ”

” ചേച്ചീടെത് കഴിഞ്ഞില്ലേ… ഇനി നമ്മുടേത് നോക്കി കൂടെ..”

“നമ്മുടെ എന്ത്?”

അവളുടെ മുഖത്ത് കൃത്രിമ ഗൗരവം നിറഞ്ഞു.

“നമ്മുടെ വിവാഹം ”

അവന്റെ വെള്ളാരം കണ്ണുള്ളിൽ പഴയത് പോലെ കുസൃതി നിറഞ്ഞു.

” നോക്കാം ”

അവളുടെ മറുപടി കേട്ട് അവൻ അമ്പരന്നു.

“നോക്കാന്നേ… ”

നയോമിയുടെ മുഖത്ത് പടർന്ന ചിരി അവന്റെ മുഖത്തും ഉണ്ടായി…

“ഇങ്ങോട്ട് വാടീ പെണ്ണേ… ”
അവൻ അവളെ വലിച്ച് അവന്റെ മാറിലേക്കിട്ടു…

“അതേയ് നിങ്ങളുടേതല്ല അവരുടേതാ വിവാഹം കഴിഞ്ഞത് ”

മനുവിന്റെ വാക്കുകൾ സദസ്സിൽ പൊട്ടിച്ചിരി ഉണർത്തി.

അവസാനിച്ചു….

( ക്ഷമയോടേയും ഇഷ്ടത്തോടെയും നയോമികക്ക് വേണ്ടി കാത്തിരുന്നവരോട് ആദ്യമേ തന്നെ നന്ദി പറയട്ടെ….

തുടക്കം മുതൽ അവസാനം വരെ കൂടെ ഉണ്ടായിരുന്ന എന്റെ പ്രിയപ്പെട്ടവരോട് എനിക്കൊരുപാട് ഇഷ്ടം….

ക്ലൈമാക്സ് നിങ്ങൾക്ക് ഇഷ്ടമാകുമോന്നറിയില്ല… ഇഷ്ടമായെങ്കിൽ പറയണേ….

ശിവന്യ.

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നയോമിക – ഭാഗം 1

നയോമിക – ഭാഗം 2

നയോമിക – ഭാഗം 3

നയോമിക – ഭാഗം 4

നയോമിക – ഭാഗം 5

നയോമിക – ഭാഗം 6

നയോമിക – ഭാഗം 7

നയോമിക – ഭാഗം 8

നയോമിക – ഭാഗം 9

നയോമിക – ഭാഗം 10

നയോമിക – ഭാഗം 11

നയോമിക – ഭാഗം 12

നയോമിക – ഭാഗം 13

നയോമിക – ഭാഗം 14

Share this story