ഇനിയൊരു ജന്മംകൂടി: PART 12 – അവസാന ഭാഗം

ഇനിയൊരു ജന്മംകൂടി: PART 12 – അവസാന ഭാഗം

നോവൽ

******

ഇനിയൊരു ജന്മംകൂടി: PART 12 – അവസാന ഭാഗം

എഴുത്തുകാരി: ശിവ എസ് നായർ

“പരസ്പര സമ്മത പ്രകാരമാണോ നിങ്ങൾ വിവാഹ ബന്ധം വേർപ്പെടുത്താൻ തീരുമാനിച്ചത്.”

ചോദ്യം സുധീഷിനോടായിരുന്നു.
എല്ലാവരുടെയും നോട്ടം സുധീഷിൽ തറഞ്ഞു നിന്നു. ആവണിയുടെ നെഞ്ചിടിപ്പ് ഉയർന്നു….

“അതെ… പരസ്പര സമ്മത പ്രകാരമാണ് ഞങ്ങൾ പിരിയാൻ തീരുമാനിച്ചത്…. ”

അത് കേട്ടപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി.

“ഈ ബന്ധം വേർപ്പെടുത്താൻ നിങ്ങൾക്കും സമ്മതമാണോ… ” ഇത്തവണ ആവണിയോടായിരുന്നു ചോദ്യം.

“എനിക്കും പിരിയാൻ സമ്മതമാണ്… ”

“നിങ്ങളുടെ വിവാഹം കഴിഞ്ഞു ഒരു വർഷമല്ലേ ആയിട്ടുള്ളൂ. അപ്പോഴേക്കും പിരിയാൻ മാത്രം പ്രശ്നം ഉണ്ടായോ നിങ്ങൾക്കിടയിൽ.

ഏതൊരു വിവാഹ ബന്ധവും പരമാവധി കൂട്ടിചേർക്കാൻ കോടതി ശ്രമിക്കാറുണ്ട്. എത്രയോ ദമ്പതികൾ അവസാന നിമിഷം ഈ കോടതി മുറിക്കുള്ളിൽ വച്ചു വീണ്ടും ഒന്നായിട്ടുണ്ട്.

പരസ്പരം ഒരു വിട്ടു വീഴ്ചയ്ക്ക് തയ്യാറായാൽ രണ്ടാൾക്കും സുഖമായി മുന്നോട്ടുള്ള ജീവിതം നയിക്കാലോ.പെട്ടെന്നുണ്ടാകുന്ന ഒരാവേശത്തിൽ ഡിവോഴ്സ് ചെയ്യാൻ തോന്നും.

പിന്നീട് ആലോചിക്കുമ്പോൾ ഒരുപക്ഷെ വേണ്ടെന്നു തോന്നിയേക്കാം.നിങ്ങൾ ചെറുപ്പക്കാരാണ്. വിദ്യാഭ്യാസവുമുണ്ട്…. ഒന്നൂടെ ആലോചിച്ചു പോരെ….”

ജഡ്ജി ഇരുവരോടും ചോദിച്ചു.

“വിവാഹം കഴിഞ്ഞു വെറും ആറു മാസമാണ് ഞാൻ ആ വീട്ടിൽ കഴിഞ്ഞത്. ഒരു ഭർത്താവിൽ നിന്നും ഒരു ഭാര്യയ്ക്ക് കിട്ടേണ്ട സ്നേഹമോ പരിഗണനയോ യാതൊന്നും തന്നെ അദ്ദേഹത്തിൽ നിന്നും എനിക്ക് ലഭിച്ചിട്ടില്ല.എന്റെ ഒരു നല്ല സുഹൃത്താവാൻ പോലും അദ്ദേഹത്തിനു സാധിച്ചിട്ടില്ല.

ഒരു വിട്ടു വീഴ്ചയ്ക്ക് തയ്യാറായി ഞാൻ പുതിയൊരു ജീവിതം തുടങ്ങാമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടതു ഡിവോഴ്സ് വേണമെന്നാണ്.

സുധിയേട്ടൻ ചാർത്തിയ താലി ഒടുവിൽ സുധിയേട്ടൻ തന്നെ അഴിച്ചെടുത്ത ശേഷമാണ് ഞാൻ ആ വീട് വിട്ട് ഇറങ്ങിയത്. ഞാൻ ജീവിതത്തിൽ മറക്കാൻ ശ്രമിക്കുന്ന ദിനങ്ങളാണ് ആ ആറു മാസക്കാലം. ഇനിയും ഒരു ഒത്തു തീർപ്പിനോ ഒന്നും എനിക്ക് താല്പര്യമില്ല.

സുധിയേട്ടനൊപ്പം ഇനിയൊരു ജീവിതം എനിക്ക് വേണ്ട.കൂടെ ഉണ്ടായിരുന്ന സമയത്തു ഒരു പരിഗണനയും എനിക്ക് തന്നിട്ടില്ല. എന്നും വിഷമിപ്പിച്ചിട്ടേയുള്ളൂ.ഇനിയും അവിടേക്ക് മടങ്ങി പോയാൽ പഴയതൊന്നും ആവർത്തിക്കില്ലായെന്ന് എന്തുറപ്പാണുള്ളതു….ഭൂമിയിയോളം താഴ്ന്ന് കൊടുത്ത ഒരു സമയം ഉണ്ടായിരുന്നു.
ഇനിയെനിക്ക് പഴയ ജീവിതത്തിലേക്കൊരു തിരിച്ചു പോക്കില്ല. ദയവായി കോടതി ഞങ്ങളെ ചേർത്ത് വയ്ക്കാൻ ശ്രമിക്കരുത്…. ”

ആവണി താഴ്മയോടെ അപേക്ഷിച്ചു.

“ഈ വാശിയും ദേഷ്യവും കൊണ്ട് ജീവിതത്തിൽ നഷ്ടങ്ങൾ മാത്രേ ഉണ്ടാവു.ആരെങ്കിലും ഒരാൾ ഇവിടെ താഴ്ന്നു കൊടുത്താൽ തീരാവുന്ന പ്രശ്നമേയുള്ളൂ…. സുധീഷിനു എന്തെങ്കിലും പറയാനുണ്ടോ….”

ജഡ്ജി സുധീഷിനെ നോക്കി ചോദിച്ചു.

“ആവണി പറഞ്ഞതെല്ലാം ശരിയാണ്. കൂടെ ഉണ്ടായിരുന്ന സമയം അവളെ ഞാൻ സ്നേഹിച്ചിരുന്നില്ല പരിഗണിച്ചിരുന്നുമില്ല. വേദന മാത്രമേ ഞാൻ കാരണം ഇന്നേവരെ അവൾക്ക് ഉണ്ടായിട്ടുള്ളൂ….

ഡിവോഴ്സ് ആവശ്യപ്പെട്ടതും ഞാൻ തന്നെയായിരുന്നു. അന്നൊക്കെ അവളോട്‌ എനിക്ക് ഭയങ്കര വെറുപ്പായിരുന്നു. എന്നാൽ ആവണി വീട് വിട്ട് പോയ ശേഷമാണ് അവളുടെ വില ഞാൻ മനസിലാക്കാൻ തുടങ്ങിയത്.

എന്നിരുന്നാലും ഒരു ഭാര്യയായി അവളെ കാണാൻ ഈ ജന്മം എനിക്ക് സാധിക്കില്ല. അവൾക്കും എന്നെ ഭർത്താവായി കാണാൻ കഴിയില്ല. ആലോചിച്ചപ്പോൾ തോന്നി സുഹൃത്തുക്കളെ പോലെ ആജീവനാന്തം കഴിയുന്നതിനേക്കാൾ ഭേദം ആവണി അവൾക്ക് ഇഷ്ടപ്പെട്ട ജീവിതം തിരിഞ്ഞെടുക്കുന്നതാണ് നല്ലതെന്നു….

ഒരു കുടുംബ ജീവിതം നയിക്കാൻ ഒരിക്കലും ഞങ്ങൾക്ക് സാധിക്കില്ല. അതുകൊണ്ട് കോടതി ദയവായി ഞങ്ങൾക്ക് ഡിവോഴ്സ് തരണം… ”

രണ്ടു പേർക്കും പറയാനുള്ളതെല്ലാം കോടതി കേട്ടു. ഒടുവിൽ അടുത്ത ആഴ്ചയിലേക്ക് വിധി പറയൽ മാറ്റി വച്ചു.

എല്ലാവരും പിരിഞ്ഞു പോയി.

ആവണിയും അഖിലേഷും കോടതിയിൽ നിന്നും പുറത്തു വരുമ്പോൾ സുധീഷ് തന്റെ കാറിൽ കയറി പോയിരുന്നു.

“ഇപ്പോൾ നിനക്ക് സമാധാനമായില്ലേ…. നിനക്ക് പേടി ആയിരുന്നില്ലേ സുധീഷ് ഡിവോഴ്സിനു സമ്മതമല്ല എന്ന് പറയുമെന്ന്…. ” അഖിലേഷ് അവളോട്‌ ചോദിച്ചു.

തലേ ദിവസം സുധീഷ് കാണാൻ വന്നതും സംസാരിച്ചതുമൊക്കെ ആവണി അഖിലേഷിനോട്‌ പറഞ്ഞിരുന്നു.

“ഏട്ടാ സുധീഷ് ശരിക്കും ഭയങ്കര സീരിയസ് ആയിട്ടാണ് അങ്ങനെ പറഞ്ഞത്. അപ്പോഴത്തെ മുഖ ഭാവം കണ്ടപ്പോൾ കോടതിയിൽ അങ്ങനെ തന്നെ പറയുമെന്നും ഞാൻ കരുതി. ഇതിന്റെ ഇടയിൽ എന്തോ സംഭവിച്ചിട്ടുണ്ട്. അല്ലെങ്കിൽ സുധിയേട്ടൻ ഇങ്ങനെ പറയില്ല… ”

“അക്കാര്യം ആലോചിച്ചു നീ തല പുകയ്ക്കണ്ട.
അടുത്ത ആഴ്ച വിധി വരുമല്ലോ. എന്തായാലും അനുകൂലമായിട്ടേ വിധി വരൂ. നമുക്ക് പോവാം.. ”

അഖിലേഷ് ആവണിയെയും കൂട്ടി അവിടെ നിന്നും പോയി.
****************************************
ഒരാഴ്ച കഴിഞ്ഞു. കോടതി വിധി വരുന്ന ദിവസം വന്നെത്തി.

അഖിലേഷ് ഹോസ്റ്റലിൽ പോയി ആവണിയെയും കൂട്ടി കോടതിയിൽ എത്തി. അവരെത്തിയ ശേഷമാണ് സുധീഷ് വന്നത്.

പതിനൊന്നു മണിക്ക് സുധീഷിന്റെയും ആവണിയുടെയും കേസ് വിളിച്ചു. ആകാംക്ഷയോടെയാണ് ഏവരും വിധി കേൾക്കാനായി കാതോർത്തിരുന്നത്.

ഒരു തരത്തിലും അവരെ വീണ്ടും ഒരുമിപ്പിക്കാൻ കഴിയില്ലെന്ന് കണ്ട കോടതി ആവണിക്കും സുധീഷിനും ഡിവോഴ്സ് വിധിച്ചു.

അതോടെ ആവണിയുടെയും സുധീഷിന്റെയും ജീവിതത്തിനു തിരശീല വീണു.
അഖിലേഷിനൊപ്പം ആവണി പാർക്കിംഗ് ഏരിയയിലേക്ക് നടക്കുമ്പോൾ അവരുടെ കാറിനു അടുത്തായി സുധീഷും കയ്യിലൊരു കൈക്കുഞ്ഞുമായി ഒരു യുവതിയും നിൽക്കുന്നുണ്ടായിരുന്നു.

ആവണിയെയും അഖിലേഷിനെയും കണ്ടു സുധീഷ് പുഞ്ചിരിച്ചു. കൂടെ ഉള്ള യുവതിയും അവരെ നോക്കി ചിരിച്ചു.

“സുഖമാണോ അഖിലേഷ്… ” അഖിലേഷിനു ഹസ്തദാനം നൽകി കൊണ്ട് സുധീഷ് ചോദിച്ചു.

“സുഖം… ഇതാരാ കൂടെ… ” കൂടെ ഉള്ള ആളെ ചൂണ്ടി അഖിലേഷ് ചോദിച്ചു.

“ഇതാണ് ആര്യ…. ” സുധീഷ് ഇരുവരെയും നോക്കി പറഞ്ഞു.

ആവണി കണ്ണിമ വെട്ടാതെ ആര്യയെ തന്നെ നോക്കി നിന്നു.പതിയെ അവളുടെ നോട്ടം ആര്യയുടെ കയ്യിലെ കുഞ്ഞിലേക്ക് നീണ്ടു.

“ഇത് ഞങ്ങളുടെ മകനാണ്….” സുധീഷ് ആര്യയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി കൊണ്ട് പറഞ്ഞു.

അഖിലേഷും ആവണിയും ഒരുപോലെ ഞെട്ടി.

വിശ്വാസം വരാതെ അവർ സുധീഷിനെ നോക്കി.
ആര്യയുടെ ശിരസ് കുനിഞ്ഞു.

“സുധിയേട്ടൻ എന്താ ഈ പറയുന്നത്…. ” ആവണി ചോദിച്ചു.

“ഞാൻ പറഞ്ഞത് സത്യമാണ് ആവണി.എനിക്ക് എന്റെ ആര്യയെയും അവളിൽ എനിക്ക് ജനിച്ച മകനെ തിരിച്ചറിയാൻ കഴിഞ്ഞതും ആവണി കാരണമാണ്….നഷ്ടപ്പെട്ടുവെന്ന് കരുതിയ എന്റെ പ്രണയത്തെ വീണ്ടെടുക്കാൻ കഴിഞ്ഞത് ആവണി കാരണമാ…. ”

“ഞാനോ…?? ഞാനെന്തു ചെയ്തു…?? ” ഒന്നും മനസിലാകാതെ ആവണി ചോദിച്ചു.

“എല്ലാം ഞാൻ പറയാം….

ആവണി വീട് വിട്ട് പോയ ശേഷമാണ് ഞാൻ എന്റെ തെറ്റുകൾ മനസിലാക്കി തുടങ്ങിയത്.
പതിയെ നിന്റെ കുറവ് ആ വീട്ടിൽ ഞാൻ അറിഞ്ഞു തുടങ്ങി. ആര്യയുടെ കാര്യത്തിൽ എനിക്ക് പറ്റിയ തെറ്റ് തന്നെയാണ് നിന്റെ കാര്യത്തിലും എനിക്ക് സംഭവിച്ചത്.

കൈവിട്ട് പോകുമെന്ന അവസ്ഥയിലാണ് എനിക്ക് നിന്നെ വിട്ടു കൊടുക്കാൻ മനസ്സ് വരാതായത്. ഞാൻ നിന്നോട് ചെയ്ത തെറ്റുകൾക്ക് മാപ്പ് അപേക്ഷിച്ചു നീ പറഞ്ഞ പോലെ നല്ല സുഹൃത്തുക്കളായി കഴിയാൻ മനസ്സ് കൊണ്ട് ഞാൻ തയ്യാറായി.

അന്ന് ഞാൻ ഡിവോഴ്സ് ആവശ്യപ്പെട്ടപ്പോൾ നീ പറഞ്ഞിരുന്നല്ലോ ഞാൻ ഡിവോഴ്സ് ചെയ്താലും അഖിലേഷിനൊപ്പം നിനക്കൊരു ജീവിതം ഇനിയുണ്ടാവില്ല എന്നൊക്കെ…..നിനക്ക് നല്ലൊരു ജീവിതം ഉണ്ടായാൽ എനിക്ക് സന്തോഷമേയുള്ളൂ.

എന്നാൽ നീ മുന്നോട്ടുള്ള ജീവിതം തനിച്ചു ജീവിക്കാൻ തീരുമാനിച്ചാൽ അതെനിക്ക് വലിയൊരു വേദനയായി മാറും…. അന്ന് നിന്നെ കാണാൻ വന്നത് തന്നെ നീ ക്ഷമിക്കുമെങ്കിൽ നിന്നെ തിരികെ കൂട്ടികൊണ്ട് പോകാനായിരുന്നു.

ഈ സമൂഹത്തിൽ നീ ഒറ്റയ്ക്ക് ജീവിക്കുന്നതിലും ഭേദം എന്നോടൊപ്പം ഒരു സുഹൃത്തായി കഴിയുന്നതാണ് നല്ലതെന്നു തോന്നി.എന്നോട് നീ ക്ഷമിക്കും എന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിച്ചത്. എന്റെ കൂടെ നീ വരുമെന്ന് ഞാൻ വിചാരിച്ചു. പക്ഷേ എല്ലാം തെറ്റി. ആദ്യം പ്രാണനായി സ്നേഹിച്ച ആര്യ എന്റെ തെറ്റ് കൊണ്ടു എന്നെ ഉപേക്ഷിച്ചു പോയി….നീ കൂടെ പോയാൽ ഞാൻ തീർത്തും ഒറ്റപ്പെടും എന്നെനിക്ക് തോന്നി. പിറ്റേന്ന് കോടതിയിൽ ഡിവോഴ്സിനു സമ്മതമല്ല…. എങ്ങനെയെങ്കിലും നിന്നെ എന്റെ കൂടെ വിടണം എന്ന് കോടതിയിൽ പറയാനായിരുന്നു ഞാൻ തീരുമാനിച്ചത്.

അക്കാര്യം സംസാരിക്കാൻ വേണ്ടി ഞാൻ അഡ്വക്കേറ്റ് ഹരി ശങ്കറിന്റെ അടുത്തേക്ക് പോയി.

ഞാൻ അഡ്വക്കേറ്റിന്റെ ഓഫീസിൽ എത്തിയപ്പോഴാണ് അഖിലേഷിന്റെ കാൾ എനിക്ക് വന്നത്.

ഞാൻ നിന്നെ വന്നു കണ്ടതും സംസാരിച്ചതുമൊക്കെ നീ പറഞ്ഞു അറിഞ്ഞിട്ടാണ് എന്നെ വിളിച്ചതെന്ന് അഖിലേഷ് പറഞ്ഞു. നീ എന്നെ എത്ര മാത്രം വെറുക്കുന്നുണ്ടെന്ന് അഖിലേഷിൽ നിന്നും ഞാൻ അറിഞ്ഞു.

ഞാൻ കാരണം നിന്റെ ജീവിതം കണ്മുന്നിൽ തകരുന്നതു കാണാൻ വയ്യാത്തത് കൊണ്ടാണ് നിന്നെ ഞാൻ വന്നു കണ്ടതെന്നും കൂടെ കൂട്ടാൻ ശ്രമിക്കുന്നതെന്നും ഞാൻ പറഞ്ഞു.

അത് കേട്ട് അഖിലേഷ് പറഞ്ഞു എന്റെ കൂടെ ജീവിക്കാൻ ആവണിക്കൊരു മനസ്സുണ്ടെങ്കിൽ അവൻ തന്നെ നമ്മളെ ഒരുമിപ്പിക്കുമായിരുന്നുവെന്ന്. പക്ഷേ നീ എന്റെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്നില്ല എന്ന് അവൻ മനസിലാക്കിയത് കൊണ്ടു നിന്നെ അക്കാര്യത്തിൽ നിർബന്ധിച്ചിട്ട് കാര്യമില്ലെന്നുമാണ്…..പിന്നെയും കുറെ കാര്യങ്ങൾ അഖിലേഷ് പറഞ്ഞു… എല്ലാം കേട്ടപ്പോൾ എനിക്ക് മനസിലായി നിന്നെ നിന്റെ ഇഷ്ടത്തിനു വിടുന്നതാണ് നല്ലതെന്നു.

മാത്രമല്ല മറ്റൊരാൾക്ക്‌ മനസും ശരീരവും പകുത്തു നൽകിയതിനാൽ ഒരിക്കലും നിന്നെ ഭാര്യയായി കാണാനോ നിനക്കൊരു കുഞ്ഞിനെ തരാനോ എനിക്ക് കഴിയില്ല. എത്ര കാലം അപരിചിതരെ പോലെ നമ്മൾ കഴിയും.

ഒരു പക്ഷേ ഞാൻ നിനക്ക് വിവാഹമോചനം നൽകുകയാണെങ്കിൽ നിന്നെ പറഞ്ഞു മനസിലാക്കി അഖിലേഷിന്റെ ജീവിതത്തിലേക്ക് നിന്നെ കൂട്ടാൻ ഒരുക്കമാണെന്ന് അറിഞ്ഞപ്പോൾ എനിക്ക് ബോധ്യമായി ഞാൻ നിന്നെ എന്റെ ജീവിതത്തിൽ വീണ്ടും പിടിച്ചു നിർത്തി നിന്റെ ലൈഫ് കളയരുതെന്ന്.

ആലോചിച്ചപ്പോൾ എനിക്കും തോന്നി അഖിലേഷ് പറഞ്ഞത് നൂറു ശതമാനം ശരിയായിരുന്നു. അഡ്വക്കേറ്റിനെ കാണാൻ ചെന്ന ഞാൻ തിരികെ പോകാൻ തുടങ്ങുമ്പോഴായിരുന്നു അവിചാരിതമായി ആര്യയെയും കുഞ്ഞിനെയും ഹസ്ബൻഡിനെയും അവിടെ വച്ചു കണ്ടത്…

ബാക്കി എന്താ ഉണ്ടായതെന്ന് ആര്യ പറയും… ”

സുധീഷ് പറഞ്ഞ കാര്യങ്ങൾ കേട്ട് അന്തംവിട്ട് നിൽക്കുകയാണ് ആവണിയും അഖിലേഷും.

“അന്ന് ഞാൻ സുധിയെ വിട്ട് പോയതൊക്കെ നിങ്ങൾക്ക് അറിയാലോ. അതിന്റെ റീസണും സുധി പറഞ്ഞു അറിയുമല്ലോ. അതിലേക്ക് ഞാൻ കടക്കുന്നില്ല.

ശരിക്കും സുധിയോടുള്ള വാശിക്കാണ് സിങ്കപ്പൂരിൽ നിന്നും ഡോക്ടർ പ്രസാദിന്റെ ആലോചന അമ്മാവൻ കൊണ്ട് വന്നപ്പോൾ ഞാൻ സമ്മതം മൂളിയത്. അദ്ദേഹത്തോട് വിവാഹത്തിനു മുൻപ് തന്നെ സുധിയുടെ കാര്യങ്ങൾ എല്ലാം ഞാൻ പറഞ്ഞിരുന്നു. അതൊന്നും അത്ര കാര്യമായി അദ്ദേഹം എടുത്തില്ല.

പ്രസാദിനു ലീവ് കുറവായിരുന്നതിനാൽ വിവാഹം പെട്ടെന്നായിരുന്നു.സുധിയുമായി പിണങ്ങി പിരിഞ്ഞു രണ്ടാഴ്ച കഴിഞ്ഞപ്പോൾ എന്റെ വിവാഹം കഴിഞ്ഞു. പക്ഷേ ആ സമയം സുധിയുടെ കുഞ്ഞു എന്റെ വയറ്റിൽ ജീവൻ കൊണ്ട സത്യം ഞാൻ അറിഞ്ഞിരുന്നില്ല.

പിന്നീട് ഞാൻ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞപ്പോഴും അത് അദ്ദേഹത്തിന്റെ കുഞ്ഞാണെന്നാണ് ഞാൻ ഇത്രയും നാൾ വിചാരിച്ചിരുന്നത്.

ഗൈനോകോളജിസ്റ്റ് കൂടിയായ പ്രസാദ് തന്നെയാണ് ഞാൻ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞു ടെസ്റ്റ്‌ ഒക്കെ നടത്തിയതും ചെക്ക്അപ്പ് ഒക്കെ ചെയ്തതും.

അന്നേ തന്നെ അദ്ദേഹം ഭഎന്റെ ഉദരത്തിൽ വളരുന്നത് സ്വന്തം കുഞ്ഞല്ല എന്ന സത്യം മനസിലാക്കി. പക്ഷേ അന്നത് എന്നോട് പറഞ്ഞില്ല.

കുറച്ചു നാൾ പ്രസാദിനൊപ്പം സിങ്കപ്പൂർ നിന്ന ശേഷം ഞാൻ അമേരിക്കയിലേക്ക് പോയി. അഞ്ചു മാസത്തോളം ഞാൻ അമേരിക്കയിൽ ആയിരുന്നു.പിന്നീട് ആരോഗ്യം മോശമായപ്പോൾ ഞാൻ ജോലി റിസൈൻ ചെയ്തു നാട്ടിലേക്കു വന്നു.

ഞാൻ നാട്ടിൽ എത്തി ഒരു മാസം കഴിഞ്ഞു പ്രസാധും സിങ്കപ്പൂർ നിന്ന് വന്നു. ഡെലിവറി സമയം അദ്ദേഹം ഒപ്പം ഉണ്ടായിരുന്നു.

അമ്മയും കുഞ്ഞും സുഖമാണെന്ന് ഉറപ്പ് വരുത്തിയ ശേഷം കുറച്ചു നാൾ കഴിഞ്ഞാണ് പ്രസാദ് സത്യങ്ങൾ എന്നോട് പറയുന്നത്. അത്രയും നാൾ അത് മറച്ചു വച്ചത് പെട്ടന്ന് ഒരു ഷോക്കിങ്ങ് ന്യൂസ്‌ കേട്ടാൽ അതെന്റെ പ്രെഗ്നനൻസിയെ ബാധിക്കുമെന്ന് കരുതിയായിരുന്നു.

അതിന്റെ പേരിൽ ഞങ്ങൾ തമ്മിൽ വഴക്കും തർക്കവും ഒന്നുമുണ്ടായില്ല. പരസ്പരം മനസ്സ് തുറന്നു സംസാരിച്ചു ഒടുവിൽ ഡിവോഴ്സിനു ജോയിന്റ് പെറ്റീഷൻ കൊടുക്കാൻ തീരുമാനിച്ചു.

മറ്റൊരാളെ കുഞ്ഞിനെ സ്വന്തം കുഞ്ഞായി കണ്ട് വളർത്താനുള്ള വിശാല മനസ്സ് പ്രസാദിനില്ല എന്നെന്നോടു പറഞ്ഞു. എനിക്കും അതിനോട് യോജിപ്പില്ലായിരുന്നു. സന്തോഷത്തോടെ പരസ്പരം കുറ്റപ്പെടുത്തലുകൾ ഒന്നും നടത്താൻ നിൽക്കാതെ ഞങ്ങൾ ഡിവോഴ്സായി.

കഴിഞ്ഞ ആഴ്ച ആയിരുന്നു ഞങ്ങളുടെ കേസ് കഴിഞ്ഞത്. അഡ്വക്കേറ്റിനെ കണ്ടിട്ട് വരുമ്പോഴായിരുന്നു അവിടെ വച്ച് സുധിയെ കണ്ടത്.അഡ്വക്കേറ്റ് ഹരിശങ്കർ തന്നെയായിരുന്നു ഞങ്ങളുടെ കേസും കൈകാര്യം ചെയ്തത്

ആവണിയുടെ കാര്യങ്ങൾ സുധി പറഞ്ഞു ഞാൻ അറിഞ്ഞു.കേട്ടപ്പോൾ ഒത്തിരി വിഷമം തോന്നി.
എങ്കിലും ആവണി കാരണമാണ് സുധിയിൽ മാറ്റങ്ങൾ ഉണ്ടായത്. സുധിക്ക് സ്വന്തം തെറ്റുകൾ തിരിച്ചറിയാൻ ആവണി വേണ്ടി വന്നു…. ”

ആര്യ ആവണിയുടെ അടുക്കലേക്ക് വന്നു അവളുടെ കരം കവർന്നു.

“ഒരു പക്ഷേ അന്ന് ഞാൻ അവിടെ വച്ച് ആര്യയെ കണ്ടില്ലായിരുന്നുവെങ്കിൽ ഈ സത്യങ്ങൾ ഒന്നും ഒരിക്കലും ഞാൻ അറിയില്ലായിരുന്നു. ആര്യ കുഞ്ഞുമായി അമേരിക്കയ്ക്ക് പോകാനായിരുന്നു പ്ലാൻ.

പക്ഷേ ദൈവം ഇവളെയും കുഞ്ഞിനെയും എനിക്ക് കാണിച്ചു തന്നു….”

സന്തോഷം കൊണ്ട് ആവണിയുടെ കണ്ണുകൾ നിറഞ്ഞു. സുധിയുടെ കയ്യിൽ നിന്നും അവന്റെ കുഞ്ഞിനെ അവൾ കൈനീട്ടി വാങ്ങി.

ഒരു കുഞ്ഞു മുത്തം അവൾ കുഞ്ഞിന് കൊടുത്തു.

“എനിക്കൊരു സങ്കടം മാത്രേ ഉണ്ടായിരുന്നുള്ളൂ.
സുധിയേട്ടന്റെ ജീവിതം നശിക്കുമല്ലോയെന്ന്…
കാരണം ആര്യയെ അത്രയേറെ സ്നേഹിച്ചത് കൊണ്ട് എന്നെയെന്നല്ല ഒരു പെൺകുട്ടിയെയും ഭാര്യയായി കാണാൻ സുധിയേട്ടനു പറ്റില്ലെന്ന് എനിക്ക് മനസിലായിരുന്നു. അത്പോലെ തന്നെയാണ് എന്റെ കാര്യവും.

നമ്മൾ ഒരുമിച്ചു ഒരു വീട്ടിൽ കൂട്ടുകാരെ പോലെ കഴിയുന്നതിനേക്കാൾ നല്ലത് പിരിയുന്നതാണ് നല്ലതെന്നു എനിക്ക് ഉറപ്പായി. അല്ലെങ്കിൽ പരസ്പരം കുറ്റപ്പെടുത്തി കഴിയേണ്ടി വരുമായിരുന്നു നമുക്ക്.

പക്ഷേ ഇപ്പോൾ സന്തോഷമായി. ഒടുവിൽ സുധിയേട്ടനു വൈകിയാണെങ്കിലും ആര്യയെ തിരിച്ചു കിട്ടിയല്ലോ… ”

ആവണി കുഞ്ഞിനെ മടക്കി നൽകി കൊണ്ട് പറഞ്ഞു.

“എന്തായാലും ഇനി രണ്ടാളും സന്തോഷത്തോടെ ജീവിക്കു…എല്ലാം ശരിയായില്ലേ…. ” അഖിലേഷ് സുധീഷിനോട്‌ പറഞ്ഞു.

“നിങ്ങളും ഇനി ഒരുമിച്ചു ജീവിക്കുന്നത് കാണണം എനിക്ക്. എല്ലാം മറന്നു ആവണി ഇനിയെങ്കിലും അഖിലേഷിനെ സ്വീകരിക്കണം. ഒരിക്കൽ ഞാൻ കാരണം പിരിഞ്ഞു പോയവരാ നിങ്ങൾ… ”

അത് പറഞ്ഞു കൊണ്ട് സുധീഷ് ആവണിയുടെയും അഖിലേഷിന്റെയും കൈകൾ ഒരുമിച്ചു കോർത്തു.

ആവണിയുടെ മുഖത്തു വിഷാദം കലർന്ന പുഞ്ചിരി വിടർന്നു.

“ഞങ്ങൾ എന്തായാലും ഇനി മൂന്നു വർഷം അമേരിക്കയിൽ തന്നെ സെറ്റിൽ ആവാൻ തീരുമാനിച്ചു. ബിസിനസ്‌ അച്ഛനും അമ്മയും നോക്കി നടത്തി കൊള്ളും.

ഒരു റിലീഫ് ഞങ്ങൾക്കും ആവശ്യമായത് കൊണ്ട് കുറച്ചു നാൾ ഇവിടെ നിന്നൊന്ന് മാറി നിൽക്കുന്നത് നല്ലതാണെന്ന് തോന്നി….” സുധി പറഞ്ഞു.

“അതേതായാലും നന്നായി… മൂന്നാൾക്കും ഹാപ്പി ജേർണി… ” അഖിലേഷ് പറഞ്ഞു.

ആവണിയും ആര്യയും സുധീഷും അഖിലേഷും പരസ്പരം ആലിംഗനം ചെയ്തു യാത്ര പറഞ്ഞു.

ആര്യയും കുഞ്ഞുമായി സുധീഷ് യാത്രയായി.

അവർ കണ്ണിൽ നിന്നും മറയുന്ന വരെ ഇരുവരും നോക്കി നിന്നു.

“നമുക്ക് പോകാം ആവണി… ” അഖിലേഷ് ചോദിച്ചു.

“ആ പോകാം… ”

ആവണി ഡോർ തുറന്നു കാറിൽ കയറി.
അഖിലേഷ് കാർ സ്റ്റാർട്ട്‌ ചെയ്തു.

“എന്താ ഇനി നിന്റെ തീരുമാനം…. ” ആവണി ഒന്നും മിണ്ടാതെ പുറത്തേക്കു മിഴികളൂന്നി ഇരിക്കുന്നത് കണ്ട് അഖിലേഷ് ചോദിച്ചു.

“പിജി ചെയ്യണം… അതാണ് എന്റെ ആഗ്രഹം… ”

“അപ്പോൾ നമ്മുടെ കാര്യമോ… ഇനിയും എന്നെ വേണ്ടെന്നു വയ്ക്കാനാണോ ആവണി നിന്റെ ഭാവം. ഇത്രയും നാൾ ഞാൻ കാത്തിരുന്നത് നിനക്ക് വേണ്ടിയല്ലേ… ” അഖിലേഷിന്റെ കണ്ണുകൾ പെട്ടന്ന് നിറഞ്ഞു.

“ഏട്ടനെ മറക്കാൻ എനിക്ക് കഴിയില്ല. പക്ഷേ ഒരു രണ്ടാംകെട്ടുകാരിയായി ഏട്ടന്റെ ജീവിതത്തിലേക്ക് കടന്നു വരാൻ ഞാൻ ആഗ്രഹിക്കുന്നില്ല….”

“ആവണി പ്ലീസ് ഇതൊന്നും ഒരു കാരണമേയല്ല… നീ ജീവിക്കേണ്ടത് എന്റെയൊപ്പമാണ്… എനിക്കിതൊന്നും ഒരു പ്രശ്നമേയല്ല…. എന്റെ വീട്ടുകാർക്കും ഒരു എതിർപ്പുമില്ല…. ”

“എനിക്ക് ഒന്നും ഉൾകൊള്ളാൻ കഴിയുന്നില്ല അഖിലേഷേട്ടാ… ”

അവളുടെ മറുപടി കേട്ട് അവനു ദേഷ്യം വന്നു.

അഖിലേഷ് കാർ ബ്രേക്ക്‌ ചവുട്ടി നിർത്തി.

“മര്യാദക്ക് ഇനി ഞാൻ പറയുന്നത് കേട്ടോളണം…
നിന്റെ പിജി പൂർത്തിയാക്കാൻ രണ്ടു വർഷം തരും ഞാൻ…. അത് കഴിഞ്ഞാൽ നമ്മുടെ കല്യാണം.

അതിൽ കൂടുതൽ കാത്തിരിക്കാൻ എനിക്ക് പറ്റില്ല. ഇനി ഓവർ ജാട കാണിച്ചാൽ ഒരെണ്ണം വച്ചു തരും ഞാൻ…. കുറെ ആയി ക്ഷമിക്കുന്നു… ”

അവന്റെ ദേഷ്യം കണ്ട് ആവണി പേടിച്ചു പോയി.
പെട്ടന്ന് മുഖം പൊത്തി അവൾ തേങ്ങി കരയാൻ തുടങ്ങി.

“എന്നെയൊന്നു മനസിലാക്ക് ഏട്ടാ. എല്ലാം മറക്കാൻ എനിക്ക് കുറച്ചു സാവകാശം വേണം… അത് കഴിഞ്ഞു നമുക്ക് എന്താണെന്നു വച്ചാൽ ആലോചിക്കാം.

ഞാൻ ഒരു അധികപ്പറ്റ് ആവണ്ട എന്ന് കരുതിയാ ഞാൻ ഒഴിഞ്ഞു മാറിയത്. അല്ലാതെ ഏട്ടനോട് ഇഷ്ടമില്ലാഞ്ഞിട്ടല്ല…. ” ഏങ്ങലടിച്ചു കൊണ്ട് ആവണി പറഞ്ഞു.

“എന്റെ പെണ്ണെ ഞാൻ നിന്നെ കരയിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല… എത്ര സമയം വേണോ നീ എടുത്തോ. എന്നെ വേണ്ടെന്ന് മാത്രം പറയാതിരുന്നാൽ മതി. നിന്നെ അത്ര ഇഷ്ടാടി എനിക്ക്. ഇനിയും നിന്നെ വിട്ട് കളയാൻ പറ്റില്ല…. ”

അഖിലേഷ് ആവണിയുടെ കണ്ണീർ തുടച്ചു കൊടുത്തു. അവളുടെ നനഞ്ഞ കവിളിൽ അവൻ ചുണ്ടുകൾ ചേർത്തു. ആവണിക്ക് എന്തെന്നില്ലാത്ത നാണവും ചമ്മലും തോന്നി.

“എന്നെ ഹോസ്റ്റലിൽ കൊണ്ട് വിടോ… ” അവൾ ചോദിച്ചു.

” പോവാം….” കള്ള ചിരിയോടെ അഖിലേഷ് കാർ സ്റ്റാർട്ട്‌ ചെയ്തു.

ഹോസ്റ്റലിൽ എത്തുമ്പോൾ അവിടെ അവളെ കാത്തു സൗഭാഗ്യ നിൽപ്പുണ്ടായിരുന്നു.

“അമ്മേ…. ” കാറിൽ നിന്നിറങ്ങിയ ആവണി അവർക്കരികിലേക്ക് ചെന്നു.

“മോളെ… ” സൗഭാഗ്യയുടെ കണ്ണുകൾ നിറഞ്ഞു വന്നു.

മകളെ ചേർത്ത് പിടിച്ചു അവർ നെറുകയിൽ ചുംബിച്ചു.

അമ്മയിൽ നിന്നും അത് ആദ്യത്തെ അനുഭവം ആയതു കൊണ്ട് ആവണിയും കരഞ്ഞു പോയി.

“അമ്മയെന്താ ഇവിടെ….?? ”

“നിന്നെ കൊണ്ട് പോകാൻ വന്നതാ ഞാൻ… നമുക്ക് വീട്ടിലേക്ക് പോകാം മോളെ. ഇനിയും നീ ഇവിടെ തനിച്ചു നിക്കണ്ട…. ”

“തല്ക്കാലം ഞാൻ എങ്ങും വരുന്നില്ല അമ്മേ… കുറച്ചു ദിവസം കൂടി ഞാൻ ഇവിടെ നിൽക്കട്ടെ…

എന്റെ മനസൊക്കെ ഒന്ന് ശാന്തമായിട്ട് ഞാൻ വരാം വീട്ടിലേക്ക്… ”

“അവൾ തല്ക്കാലം ഹോസ്റ്റലിൽ നിൽക്കട്ടെ അമ്മേ… കുറച്ചൂടെ ധൈര്യം വരാനുണ്ട്. ഒറ്റയ്ക്ക് ജീവിച്ചു പഠിക്കട്ടെ… ” അഖിലേഷ് പറഞ്ഞു.

“എങ്കിൽ അങ്ങനെയാവട്ടെ…. ” വാത്സല്യത്തോടെ സൗഭാഗ്യ അവളെ തഴുകി.

“ഏട്ടൻ അമ്മയെ വീട്ടിൽ കൊണ്ട് പോയി വിടു… ”
ആവണി പറഞ്ഞു.

“അമ്മ വന്നു വണ്ടിയിൽ കയറിക്കോ… ” അഖിലേഷ് കാറിന്റെ ഡോർ തുറന്നു പിടിച്ചു.

സൗഭാഗ്യ ചെന്നു വണ്ടിയിൽ കയറി.

അഖിലേഷ് ആവണിയുടെ അടുത്തേക്ക് ചെന്നു.

“പോയിട്ട് വരാം… ”

ആവണി പെട്ടന്ന് അവന്റെ കയ്യിൽ പിടിച്ചു.

“ഈ സ്നേഹത്തിനു പകരം തരാൻ എന്റെ കയ്യിൽ പരിശുദ്ധമായ മനസും ശരീരവും മാത്രമേയുള്ളൂ അഖിലേഷേട്ടാ….

എല്ലാം മറക്കാൻ എനിക്ക് കുറച്ചു സമയം വേണം..
ഇവിടുന്ന് തിരികെ വീട്ടിലേക്ക് പോകുമ്പോൾ ഏട്ടന്റെ പഴയ ആവണിയായിട്ടായിരിക്കും മടക്കം.

എന്നും ഇതുപോലെ എന്റെയൊപ്പം ഉണ്ടാവണം… ”

അഖിലേഷ് അവളെ മാറോടു അടക്കി നെറുകയിൽ ചുംബിച്ചു.

“എന്നും ഞാൻ ഉണ്ടാവും നിനക്കൊപ്പം….
ഇനിയൊരിക്കലും ഈ കണ്ണുകൾ നിറയരുത്…. ”

ആ കാഴ്ച കണ്ടു കൊണ്ട് സൗഭാഗ്യ സാരി തുമ്പു കൊണ്ട് നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു.

അതുവരെ അവൾ ഉള്ളിൽ അടക്കി വച്ച സങ്കടങ്ങൾ എല്ലാം അണപൊട്ടിയൊഴുകി.

അഖിലേഷിന്റെ മാറിൽ മുഖം പൂഴ്ത്തി ആവണി മതി വരുവോളം കരഞ്ഞു.

അവന്റെ കണ്ണുകളും ഈറനണിഞ്ഞു.

അവസാനിച്ചു

(ഇതുവരെ എന്നെ പിന്തുണച്ച എല്ലാ വായനക്കാർക്കും ഒത്തിരി നന്ദി. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രണ്ടു വരി എങ്കിലും കമന്റിൽ എഴുതണം…. സൂപ്പർ, വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് സ്റ്റോറി, അടിപൊളി, സ്റ്റിക്കർ കമന്റ്‌ ഇട്ട് പോവരുത്….നിങ്ങളുടെ അഭിപ്രായങ്ങൾ എഴുതണം…. മറ്റൊരു കഥയുമായി ഒരു ഇടവേളയ്ക്കും ശേഷം ഞാൻ വീണ്ടും വരുന്നതാണ്…,.കഥ തുടങ്ങുമ്പോൾ തന്നെ ഇത്തരമൊരു അവസാനം ആയിരുന്നു മനസ്സിൽ.
എല്ലാവർക്കും ഇഷ്ടപ്പെടുമെന്നു കരുതുന്നു…, പറ്റാവുന്നവർ ഈ പാർട്ട് മാത്രം ഒന്നും ഷെയർചെയ്താൽ കൊള്ളായിരുന്നു. വായിക്കുന്നവർക്ക് എല്ലാ പാർട്ടും താഴെ കൊടുത്തത് കൊണ്ട് ഒരുമിച്ച് വായിക്കാലോ…)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഇനിയൊരു ജന്മംകൂടി – ഭാഗം 1

ഇനിയൊരു ജന്മംകൂടി – ഭാഗം 2

ഇനിയൊരു ജന്മംകൂടി – ഭാഗം 3

ഇനിയൊരു ജന്മംകൂടി – ഭാഗം 4

ഇനിയൊരു ജന്മംകൂടി – ഭാഗം 5

ഇനിയൊരു ജന്മംകൂടി – ഭാഗം 6

ഇനിയൊരു ജന്മംകൂടി – ഭാഗം 7

ഇനിയൊരു ജന്മംകൂടി – ഭാഗം 8

ഇനിയൊരു ജന്മംകൂടി – ഭാഗം 9

ഇനിയൊരു ജന്മംകൂടി – ഭാഗം 10

ഇനിയൊരു ജന്മംകൂടി – ഭാഗം 11

Share this story