നിലാവ് പൊലെ: PART 1

നിലാവ് പൊലെ: PART 1

നോവൽ
എഴുത്തുകാരി: രജിത പ്രദീപ്‌

”എൻ്റെ അച്ചൂ ..
നിനക്ക് തലക്ക് വല്ല കുഴപ്പമുണ്ടോ ,മനുഷ്യനെ ഒന്നുറങ്ങാൻ സമ്മതിക്കാതെ ”
മുഖത്ത് വീണ വെള്ളം കൈ കൊണ്ട് തുടച്ചിട്ട് ആദി ചോദിച്ചു

”എനിക്കൊരു കുഴപ്പമില്ല എത്ര നേരമായി ഏട്ടനെ ഞാൻ വിളിക്കുന്നു ,അവസാനം എനിക്കിതെ മാർഗ്ഗം ഉണ്ടായിരുന്നുള്ളു”

“ചായ എവിടെ ”

“ചായയൊക്കെ അമ്പലത്തിൽ പോയി വന്നിട്ട് തരാം ,ഒന്നും കഴിക്കാതെ വേണം അമ്പലത്തിൽ പോകാൻ അതറിയില്ലേ”

“അതറിയാം
ഈവെളുപ്പാൻ കാലത്ത് അമ്പലത്തിൽ പോണ എന്തിനാ കുറച്ച് കഴിഞ്ഞിട്ട് പോയാൽ പോരേ ,നീ പോയി ചായ എടുത്തിട്ട് വായോ”

“ഏട്ടനിപ്പോ തുടങ്ങി ഒരുക്കിയാലെ നട അടക്കും മുൻപ് അമ്പലത്തിൽ എത്താൻ പറ്റു

“അച്ചൂ … ടീ ..

“എന്താ മ്മേ …

”ആദി ഏണിറ്റോ, ഉറങ്ങിയാൽ പിന്നെ ആന കുത്തിയാലും എണീക്കാത്ത ചെക്കനാ, എഴുനേൽപ്പിക്കാൻ ഒരാള് വേണം

”അതൊക്കെ ഞാൻ ഏണിപ്പിച്ചിട്ടുണ്ട് ,ബാക്കി കാര്യങ്ങൾ ഇനി അമ്മയുടെ കൈയ്യിലാണ്

”അമ്മേ .. ഇതു കണ്ടോ ഇവള് ചെയ്താ പണിയാണ്
അമ്മ അടുത്തേക്ക് വന്നപ്പോഴെക്കും ആദി പറഞ്ഞു

അമ്മ തോളത്ത് കിടന്നിരുന്ന തോർത്ത് എടുത്ത് ആദിയുടെ ദേഹത്ത് വീണ വെള്ളമൊക്കെ തുടച്ചു കളഞ്ഞു

“അച്ചൂ നിൻ്റെ കളിയിത്തിരി കൂടുന്നുണ്ട് ട്ടോ
കെട്ടിക്കാറായ പെൺകുട്ടിയാണ് ,നിൻ്റെ കുട്ടികളിയൊക്കെ ഒന്ന് കുറച്ചോ, ദേഹത്ത് വെള്ളമൊഴിച്ചാണോ എഴുനേൽപ്പിക്കുന്നത്

”എന്നും അമ്മയല്ലേ ഏട്ടനെ വിളിക്കാറ് ,അമ്മക്ക് തന്നെ വിളിക്കാമായിരുന്നില്ലേ
ഇപ്പോ എനിക്കായി കുറ്റം ,അല്ലെങ്കിലും എനിക്കറിയാം അമ്മക്ക് ഏട്ടനെയാണ് കൂടുതലിഷ്ടം

“അച്ചൂ നീ എഴുതാപ്പുറം വായിക്കണ്ട ..

”എഴുതാപ്പുറമല്ല ഉള്ള കാര്യമാണ്

“മതീ നിൻ്റെ പ്രസംഗം നീ പോയി അവിടെ അലക്കി വച്ചിരിക്കുന്ന തുണിയൊക്കെ ഊരി പിഴിഞ്ഞിട്ടേ

”പണി ചെയ്യാൻ ഞാൻ ,സ്നേഹം മുഴവൻ മോനോട്
എന്ന് പറഞ്ഞ് അച്ചൂ ചാടി തുള്ളി പുറത്തേക്ക് പോയി

“നീയിനി എന്തോർത്തിരിക്കാ ആദീ.. പോയി കുളിച്ചേ

“അമ്മേ .. ഈ ഇരുപത്തിയൊന്ന് ദിവസമൊക്കെ അമ്പലത്തിൽ പോകണമെന്ന് പറഞ്ഞാൽ അതിരി കടുപ്പമല്ലേ ,ഇത്രയും ദിവസം ഞാൻ വെറുതെയിരിക്കണ്ടേ

“അതൊർത്ത് നീ വിഷമിക്കണ്ട പാടത്ത് ഇഷ്ടം പോലെ പണിയുണ്ട് ,നീയും കൂടിയുണ്ടെങ്കിൽ അച്ഛനത് ഒരു സഹായമാകും

”അപ്പോ എല്ലാം ചാർട്ട് ചെയ്ത് കഴിഞ്ഞു

”നീ വെറുതെ ഇരിക്കണ്ടാന്ന് കരുതിയിട്ടാ ,പിന്നെ ഈ അമ്പലത്തിൽ പോക്ക് നിൻ്റെ നല്ല തിനു വേണ്ടിയാണ് ,എൻ്റെ മോന് നല്ലൊരു ജോലി കിട്ടണം പിന്നെ എനിക്ക് നല്ലൊരു മരുമകളെ കിട്ടണം
അതു പറയുമ്പോൾ അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു

”അയ്യേ … ശോഭ കുട്ടി കരയുകയാണോ എൻ്റെ അമ്മ പറയുന്നത് പോലെ ഞാൻ ചെയ്യില്ലേ അതിപ്പോ എന്തു കാര്യമായാലും
അമ്മയുടെ താടിയിൽ പിടിച്ച് കൊഞ്ചിക്കും പോലെയാണ് ആദി പറഞ്ഞത്

“കളിക്കാതെ പോയി കുളിച്ചേ.. ആദി …
അമ്മ കണ്ണ് തുടച്ച് കൊണ്ട് പറഞ്ഞു

( ആദി ,അച്ഛൻ ,അമ്മ ,അനിയത്തി ഇതാണ് ആദിയുടെ കുടുംബം ,അച്ഛൻ നല്ലൊരു കർഷകൻ ആണ് ,ആദർശ് എന്ന ആദി പഠിപ്പൊക്കെ കഴിഞ്ഞ് നല്ലൊരു ജോലിക്ക് ശ്രമിക്കുന്നു ,ഇപ്പോ കുറച്ച് നാളായി ബസ്സിൽ ഡ്രൈവറായി പോകുന്നുണ്ട് ,അശ്വതി എന്ന അച്ചു ഡിഗ്രിക്ക് പഠിക്കുന്നു )

* * *

”ആദി പോയോ അച്ചൂ …

”ഏട്ടൻ പോയി അച്ഛാ … ഒരു വിധത്തിൽ ഉന്തി തള്ളിവിട്ടു ,

”ഞാൻ കണ്ടില്ല പോകുന്നത്

“അച്ഛൻ പറമ്പിലേക്ക് പോയപ്പോഴാണ് ഏട്ടൻ പോയത് ,അച്ഛാ ഞാനൊരു കാര്യം ചോദിക്കട്ടെ അമ്മക്ക് തലക്ക് വല്ല കുഴപ്പമുണ്ടോ ,ഇതൊക്കെ ഒരോ അന്ധവിശ്വാസങ്ങളല്ലേ

“അത് അവളുടെ സമാധനത്തിനല്ലേ മോളെ ,ആദിയുടെ കാര്യമോർത്ത് അമ്മക്ക് നല്ല വിഷമമുണ്ട്

“എന്നു വച്ച് ഇതൊക്കെ കുറച്ച് ഓവറല്ലേ അച്ഛാ, അമ്മ ആ പണിക്കരുടെ വാക്ക് കേട്ട് ഒരോന്ന് ചെയ്യുന്നത് കാണുമ്പോൾ എനിക്ക് ചിരി വരുന്നത്

“ആ … നിനക്ക് ചിരി വരും ,പെറ്റമക്കെ മക്കളുടെ വിഷമം മനസ്സിലാവൂ ,എൻ്റെ മോൻ ഉളള് കൊണ്ട് കരഞ്ഞ് പുറമേ ചിരിക്കാണ് ,അമ്മാതിരി പണിയല്ലേ അവള് ചെയ്തത് ,എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്

“അമ്മേ …തേപ്പോക്കെ ഇപ്പോ സർവ്വ സാധാരണമാണ്

“തേപ്പോ …. എന്ത് തേപ്പ്

“അതൊന്നും പറഞ്ഞാൽ അമ്മക്ക് മനസ്സിലാവില്ല ,കഴിഞ്ഞതൊക്കെ ഇനി പറഞ്ഞിട്ട് എന്തിനാ ,ഏട്ടൻ അതൊക്കെ മറന്നു തുടങ്ങി പിന്നെ അമ്മക്ക് മാത്രമെന്താ

‘എൻ്റെ മോൻ ഒന്നും മറന്നിട്ടില്ല അവൻ മറന്ന പോലെ ഭാവിക്കണതാണ് ,നടന്നതൊക്കെ അത്രപ്പെട്ടെന്ന് മറക്കാൻ പറ്റോ ,അവളെക്കാൾ നല്ലൊരു പെണ്ണിനെ എൻ്റെ മോന് ഞാൻ കണ്ടെത്തി കൊടുക്കും
അവനൊരു ജോലി കിട്ടിയിട്ട് വേണം കുറച്ച് പേരുടെ മുൻപിൽ കൂടി എനിക്ക് ഒന്ന് നിവർന്ന് നടക്കണം

“മീര ചേച്ചി ഗർഫിലേക്ക് പോവാണെന്ന് പറയുന്നുണ്ടായിരുന്നു

”നിന്നോടിതാരാ പറഞ്ഞത് നീ ഇതൊക്കെ അന്വഷിക്കാൻ വേണ്ടിയാണോ കോളേജിൽ പോകുന്നത് ,അങ്ങനെയാണെങ്കിൽ എൻ്റെ മോള് പഠിപ്പ് നിർത്തിക്കൊ

”ഈ അമ്മക്കെന്താ ഞാനിതന്വഷിക്കാനല്ല കോളേജിൽ പോകു ന്നത് എന്നോട് നമ്മുടെ മീനുവാണ് പറഞ്ഞത്

”മീനുവായാലും കീനുവായാലും അവളുടെ കാര്യം പറഞ്ഞാൽ നീയത് കേൾക്കാൻ നിൽക്കണ്ട കേട്ടോ,അവള് എവിടെ വേണമെങ്കിലും പോക്കോട്ടേ ഇവിടുള്ളവർക്കെന്താ ,ഇനി നീ അവളുടെ കാര്യം എന്തെങ്കിലും ഇവിടെ പറഞ്ഞാൽ … ബാക്കി ഞാൻ പറയുന്നില്ല

”ആ .. ഞാനിനി കേൾക്കാൻ നിൽക്കില്ല ,ഇനി ഒരു കാര്യവും ഇവിടെ വന്ന് പറയില്ല പോരേ

“ആരും പറയണ്ട അവളുടെ പേര് ,
എൻ്റെ മോൻ ചങ്ക് പൊട്ടിക്കരയണത് ഞാനെ കണ്ടുള്ളൂ ,അതൊന്നും മറക്കില്ല ഞാൻ

അമ്മയുടെ സംസാരം കേട്ടപ്പോൾ അശ്വതിക്ക് വിഷമം തോന്നി ,ആദിയേട്ടനെ അമ്മക്ക് ജീവനാണ് ,താനത് പറഞ്ഞ് അമ്മയോട് തല്ലു പിടിക്കാറുമുണ്ട്

“അമ്മ പോയി എനിക്ക് ചോറെടുത്ത് വയ്ക്ക് എനിക്കിന്ന് സ്പെഷ്യൽ ക്ലാസ്സുണ്ട് ,മോനെ ഓർത്ത് വിഷമിച്ചിരിക്കാതെ എൻ്റെ കാര്യങ്ങൾ കൂടി ചെയ്ത് തായോ അശ്വതി കപട ഗൗരവത്തിൽ പറഞ്ഞു

“ശോഭേ … നീ പോയവൾക്ക് ചോറെടുത്ത് കൊടുക്ക് ,അച്ചുനിനി നേരം വൈകണ്ടാ

“ഇത്തിരി ചോറെടുത്ത് പാത്രത്തിലാക്കാൻ അവൾക്കറിയില്ലേ ,അല്ലെങ്കിലും അച്ഛനും മോൾക്കും സ്വന്തം കാര്യമാണ് വലുത് ,ഭൂമികുലുക്കമുണ്ടായാലും രണ്ടാൾക്കും അവരുടെ കാര്യങ്ങളിൽ ഒരു മുടക്കവും പാടില്ല ,ഇതൊക്കെ കുറച്ച് കഷ്ടമാണ് എന്ന് പറഞ്ഞ് ശോഭ അടുക്കളയിലേക്ക് പോയി

‘നീയെന്തിനാ അച്ചൂ അമ്മയോടിങ്ങനെയൊക്കെ പറയുന്നത്

“അയ്യോ അച്ഛാ ഞാൻ ചുമ്മാ അമ്മയെ ഒന്നു ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതാണ് ,ഇപ്പോ കണ്ടില്ലേ തുള്ളി കളിച്ച് പോയത് അതൊന്ന് കണാൻ വേണ്ടിയാണ് അല്ലാതെ അമ്മയെ മനപൂർവ്വം വേദനിപ്പിക്കാൻ വേണ്ടിയല്ല അച്ഛാ …..

“ഒക്കെ അവള് വിചാരിക്കുന്നത് പോലെ ഒക്കെ നടന്നാൽ മതി ,മോള് ചെന്ന് അവളെയൊന്ന് സമാധാനിപ്പിക്ക്
* * *
”ഹലോ ദേവരകൊണ്ടാ .. കാലത്ത് തന്നെ എവിടെക്കാണ്
അടുത്ത വീട്ടിലെ മീനുവാണ്

“ദേ … നീയെൻ്റെ കൈയ്യിൽ നിന്നും വാങ്ങും ഒരു പേരിട്ടിരിക്കുന്നു ,ആ ചെക്കൻ അറിയണ്ടാ

“അയ്യോ ടാ ഞാനിട്ടതല്ല ഈ പേര്
ഞാനെ കണ്ണു പൊട്ടിയല്ല ,ചേട്ടൻ്റെ ബസ്സിൽ കയറുന്ന പെൺ കുട്ടികൾ ഇട്ടിരിക്കുന്ന പേരാണ് ,ചേട്ടന് ആ നടൻ്റെ മുഖഛായ ഉണ്ടെന്നാണ് അവർ പറയുന്നത്

”ഉവ്വ് ….

”എവിടെക്കാ യാത്ര ,ഇന്ന് ഓടാൻ പോണില്ലേ

”അമ്പലത്തിലേക്ക്

”അപ്പോ ഡ്രൈവർ പണിയൊക്കെ നിറുത്തി ഭക്തി മാർഗ്ഗത്തിലേക്ക് തിരിഞ്ഞോ

“പോടീ കളിയാക്കാതെ ,ഇനി കുറച്ച് ദിവസം ബസ്സിൽ പോണില്ല

“അമ്പലത്തിൽ പോകുന്നതൊക്കെ കൊള്ളാം ,ഭഗവാൻ്റെ അനുഗ്രഹം മൊത്തം അടിച്ചുമാറ്റരുത്

“നിനക്ക് തരാട്ടോ ..
പോയി വരട്ടേ ഞാൻ

ആദി അമ്പലത്തിൽ എത്തി ,വീട്ടിൽ നിന്നും നടക്കാനുള്ള ദൂരമേ അമ്പലത്തിലേക്ക്

ശ്രീകോവിലിനു മുൻപിൽ കണ്ണടച്ചു നിന്നു ആദി

അവൻ്റെ മനസ്സിലേക്ക് അമ്മയുടെ കണ്ണീരണിഞ്ഞ മുഖ മാ ണ് തെളിഞ്ഞ് വന്നത്

”ഭഗവാനെ ….
എൻ്റെ അമ്മയെ കാത്തുകൊള്ളണമേ ,ഒരു ജോലി അത് എനിക്കാവശ്യമാണ് ,അത് നടത്തി തരണം
ആദി മനസ്സ് കൊണ്ട് ഭഗവാനോട് സംസാരിക്കുകയായിരുന്നു

പെട്ടെന്ന് ആരോ തൻ്റെ കാലിൽ ചവിട്ടിയതായി തോന്നി, ആദി കാല് പുറകിലേക്ക് വലിച്ചു

എന്നിട്ട് കണ്ണുതുറന്ന് നോക്കി

മുൻപിൽ നിൽക്കുന്ന പെൺകുട്ടിയാണ് തൻ്റെ കാലിൽ ചവിട്ടിയതെന്ന് അവന് മനസ്സിലായി

ആള് തിരുമേനിയോട് സംസാരിക്കുകയായിരുന്നു , തൻ്റെ കാലിൽ ചവിട്ടിയതൊന്നും അറിയുന്നില്ല

“ദേവപ്രിയ
മകം നക്ഷത്രം
ഇന്നലെ വൈകുന്നേരം വന്ന് പറഞ്ഞിരുന്നു

“ആ മനസ്സിലായി കുട്ടി തൊഴുതിട്ടു വന്നോളൂ…..

ദേവപ്രിയ പേര് നല്ല നാടൻ പേര് പക്ഷേ രൂപം സെറ്റ് സാരി സ്ലീവ് ലെസ്സ് ബ്ലൗസ് ,ആകെ ഒരു അടിച്ച് പൊളിടൈപ്പ് , ഇവള് വന്നത് അമ്പലത്തിലേക്കല്ലേ
ആദി മനസ്സിൽ ഓർത്തു

ആദി പ്രദിക്ഷണം വക്കാനായി നടന്നു ,പെട്ടെന്ന് ദേവപ്രിയ അവൻ്റെ കൂടെ നടന്നു ,

അവൻ തൊഴുന്നിടത്തൊക്കെ അവളും തൊഴുതു ,അമ്പലത്തിൽ അധികം പോകാത്ത ആളാണെന്ന് അവന് മനസ്സിലായി

താൻ ചെയ്യുന്നത് പോലെയാണ് പുള്ളിക്കാരി ചെയ്യുന്നത്

അഭിഷേകജലം വരുന്ന ഓവിൻ്റെ അടുത്തെത്തിയപ്പോൾ ആദി കുറച്ചധികം നേരം പ്രാർത്ഥിച്ച് നിന്നു, അടിച്ചു പൊളിക്കാരി എന്ത് ചെയ്യുമെന്നറിയണമല്ലോ

കുറച്ച് നേരം കഴിഞ്ഞപ്പോൾ ദേവപ്രിയ ഓവ് മുറിച്ച് കടക്കാനായി തിരിഞ്ഞു

ആദി പെട്ടെന്ന് അവളുടെ കൈയ്യിൽ പിടിച്ച് വലിച്ചു

പെട്ടെന്ന് അവൻ കൈയ്യിൽ പിടിച്ച് വലിച്ചപ്പോൾ അവൾക്ക് അമ്പരപ്പായി

ആദി പൊള്ളിയിട്ടെന്നപ്പോലെ കൈവിട്ടു,കൈയ്യിൽ പിടിക്കണ്ടായിരുന്നു

”ഇത് ശിവൻ്റെ അമ്പലമാണ് ഓവ് മുറിച്ച് കടക്കാൻ പാടില്ല
അവൻ പറഞ്ഞൊപ്പിച്ചു

“ഓ സോറി അത് എനിക്കറിയില്ലായിരുന്നു

ഇതൊന്നും അറിയാതെയാണോ ഇവിടെ ക്ക് തൊഴാൻ വന്നതെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു ,പിന്നെ വേണ്ടന്നു വച്ചു
സംസാരം കേട്ടിട്ട് ഈ നാട്ടുക്കാരിയല്ലെന്ന് അവന് തോന്നി, എവിടെന്ന് കുറ്റിംപറച്ച് വരുന്നു ഇതൊക്കെ രാവിലെ തന്നെ

അവൻ്റെ കൂടെ തന്നെ ദേവപ്രിയ പ്രദക്ഷിണം വച്ചു

ആദി തൊഴുതിറങ്ങി ,അമ്പലത്തിൻ്റെ പടിക്കെട്ട് ഇറങ്ങുകയായിരുന്നു

തൊട്ടു പുറകിലായി ദേവപ്രിയ ഉണ്ടായിരുന്നു ,കൈയ്യിൽ പായസപാത്രം ഉണ്ടായിരുന്നു ,സാരിയൊക്കെ പൊക്കി പിടിച്ചാണ് വരവ്, അത് കണ്ട് അവന് ചിരി വന്നു ,ആദ്യമായിട്ടായിരിക്കും സാരി ഉടുക്കുന്നത്

പടിക്കെട്ട് ഇറങ്ങി കൊണ്ടിരിക്കുന്ന ആദിയുടെ പുറത്ത് പെട്ടെന്ന് ചൂടുള്ളത്എന്തോ ഒന്ന് വീണു ,പായസ പാത്രമായിരുന്നു അത് , കൂടെ ദേവപ്രിയയും ഉണ്ടായിരുന്നു

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

Share this story