മിഥുനം: PART 12

മിഥുനം: PART 12

നോവൽ
****
എഴുത്തുകാരി: ഗായത്രി വാസുദേവ്

ഹർഷന്റെ വെളിപ്പെടുത്തലുകൾക്ക് മുന്നിൽ ദേവു വിറങ്ങലിച്ചിരുന്നുപോയി. അജുവിന്റെ കണ്ണുകളും നിറഞ്ഞുപോയി. ദേവു ഒരാശ്രയത്തിനെന്നോണം മാളുവിനെ നോക്കി. തന്റെ ഏട്ടന്റെ കഴിഞ്ഞകാലം മാളുവിനെ വല്ലാതെ പിടിച്ചുലച്ചിരുന്നു. അവൾ ദേവുവിന്റെ തോളിൽ കൈകൾ വെച്ചു. ദേവു അവളെ കെട്ടിപിടിച്ചു ഏങ്ങിയേങ്ങി കരഞ്ഞു..

അവളുടെ മനസിൽ നിറഞ്ഞു നിന്നതത്രയും തന്റെ പ്രാണനായി കണ്ടവന്റെ ദുരവസ്ഥ ആയിരുന്നു.. സ്വന്തം പ്രണയിനി അതിലുപരി ഭാര്യ കണ്മുന്നിൽ പിടഞ്ഞു മരിച്ചത് കാണേണ്ടി വന്നവന്റെ അവസ്ഥ. എത്ര നെഞ്ച് നീറിക്കാണും അദ്ദേഹത്തിന്റെ. ഹൃദയം പൊട്ടി എത്ര തവണ അലറിക്കരഞ്ഞിട്ടുണ്ടാവും..

ഓർക്കുംതോറും ഇടനെഞ്ചു പൊട്ടുന്നതുപോലെ ദേവുവിന് തോന്നി . ഹർഷന്റെ ശബ്ദമാണ് അവളെ ഉണർത്തിയത്. അവൾ പതിയെ മാളുവിൽ നിന്നകന്നുമാറി ഹർഷനെ നോക്കി .

“ദേവികാ മിഥുൻ വളരെ ആഴത്തിൽ ഹൃദയത്തിൽ മുറിവേറ്റവനാണ്. ആ മുറിവ് ഒരിക്കലും പൂർണമായും ഉണങ്ങില്ല.. അതുകൊണ്ടുതന്നെ നിന്നെ അവൻ സ്നേഹിച്ചു തുടങ്ങാൻ വിദൂര സാധ്യത പോലുമില്ല.. ”

“എനിക്ക് മനസിലാവും ഹർഷേട്ടാ.. നിഹ കാണുന്നതിനും സ്നേഹിക്കുന്നതിനും മുൻപ് പേരുപോലും അറിയാതെ തന്നെ ആ മനുഷ്യനെ സ്നേഹിച്ചിരുന്നവൾ ആണ് ഞാൻ. കേൾക്കുന്നവർക്ക് തമാശ ആയിട്ട് തോന്നാം. പക്ഷെ അതാണ്‌ സത്യം . അന്നെന്നെ ചേർത്തുപിടിച്ചപ്പോൾ അറിഞ്ഞ ആ നെഞ്ചിന്റെ ചൂട് എന്റെ ശരീരത്തിൽ എനിക്കിപ്പോഴും അറിയാം.
എനിക്ക് അദ്ദേഹത്തെ വേണം. ഞാൻ നോക്കിക്കോളാം . ഇതുവരെ പറയാതെ പോയ എന്റെ പ്രണയം മുഴുവൻ പകർന്നു കൊടുക്കണമെനിക്ക്.. ആ മനസിലെ മുറിവുണക്കാൻ എനിക്ക് കഴിയും. ”

“നീ മിഥുനെ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന് മുൻപേ എനിക്കറിയാം ദേവൂ.. മിഥുനെ നോക്കുന്ന നിന്റെ കണ്ണുകളിലെ തിളക്കം അതെന്നോട് പറഞ്ഞിട്ടുണ്ട് .. പക്ഷെ ഞാൻ പറഞ്ഞല്ലോ അവൻ നിന്നെ സ്നേഹിക്കാൻ ഒരു സാധ്യതയുമില്ല.. ”

“എനിക്കറിയാം. പക്ഷെ എനിക്ക് സ്നേഹിക്കാമല്ലോ. ഞാൻ എന്റെ മരണം വരെയും അദ്ദേഹത്തെ പ്രണയിച്ചുകൊണ്ടേയിരിക്കും. ഹർഷേട്ടൻ മിഥുൻ സാറിനെക്കൊണ്ട് എങ്ങനെയെങ്കിലും ഈ വിവാഹത്തിന് സമ്മതിപ്പിക്കണം. ”

” അതെന്നെക്കൊണ്ട് പറ്റില്ല ദേവൂ. കാരണം നിന്നെപ്പോലെ ഒരു പെണ്ണിന്റെ ജീവിതം ബലിയാടാക്കാൻ ഞാൻ സമ്മതിക്കില്ല. അറിഞ്ഞുകൊണ്ട് നീ വലിയ അബദ്ധമാണ്
വരുത്തിവെക്കുന്നത് . അവൻ നിന്നെ അക്‌സെപ്റ് ചെയ്യാത്തിടത്തോളം എത്രകാലം നിനക്ക് പിടിച്ചു നിൽക്കാൻ സാധിക്കും? ”

“ഇത് ഞാൻ സ്വയം തിരഞ്ഞെടുക്കുന്ന ജീവിതമാണ്.. ആർക്കും ഉപകാരമില്ലാതെയാവാൻ പോകുന്ന ഈ ജീവിതത്തിൽ എന്റെ പ്രിയപ്പെട്ടവന് വേണ്ടി എനിക്കിതെങ്കിലും ചെയ്യണം. ഒരിക്കൽ വെളിപ്പെടുത്താൻ ആവാതിരുന്ന എന്റെ പ്രണയത്തിനു വേണ്ടി.. മിഥുൻ സാർ എഴുന്നേറ്റ് നടക്കുന്നത് വരെയെങ്കിലും ഞാൻ ഇവിടെ പിടിച്ചു നിൽക്കും. പിന്നീട് ഇവിടെ ഒരു വേലക്കാരിയായെങ്കിലും ഞാൻ കഴിഞ്ഞോളം. സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാൽ മാത്രം മതിയെനിക്ക്.”

“പക്ഷെ സ്വാമി പറഞ്ഞത് “ഹർഷൻ അർധോക്തിയിൽ നിർത്തി.

“എനിക്കറിയാം അദ്ദേഹത്തിന് പോലും മിഥുൻ സാർ എഴുന്നേറ്റ് നടക്കുമെന്ന് ഉറപ്പില്ല. പക്ഷെ എനിക്കുറപ്പുണ്ട് എന്നെങ്കിലും അദ്ദേഹം എഴുന്നേൽക്കും. ഇനി ജീവിത കാലം മുഴുവൻ ഈ അവസ്ഥയിൽ ആണെങ്കിലും അദ്ദേഹം എനിക്കൊരു ഭാരമാവില്ല ഒരിക്കലും. എന്റെ മരണം വരെ ഞാൻ നോക്കും പൊന്നുപോലെ.”

“ദേവുവിന്റെ വാക്കുകൾ ഉറച്ചതായിരുന്നു.. ഹർഷന്റെ കണ്ണുകളും നിറഞ്ഞിരുന്നു. മാളു ചേച്ചീയെന്നു വിളിച്ചു ഓടിവന്നു ദേവുവിനെ കെട്ടിപിടിച്ചു അവളുടെ മുഖത്തു മാറിമാറി ഉമ്മവെച്ചു..

ദേവുവിന്റെ മനസ് മന്ത്രിച്ചു….
“ഒരു നാളും നോക്കാതെ
നീക്കിവെച്ച പ്രണയത്തിൻ പുസ്തകം നീ തുറക്കും…… അതിലന്നു നീയെന്റെ പേര് കാണും……. .അതിലെന്റെ ജീവന്റെ നേരുകാണും “( ബാലചന്ദ്രൻ ചുള്ളിക്കാട് )

“നിഹാ……. മിഥുന് വേണ്ടി ദേവികയെ അവനോട് ചേർത്തുവെക്കാൻ പോവുകയാണ് ഞാൻ. അവളോടും അവനോടും ഞാൻ ചെയ്യുന്ന ഏറ്റവും വലിയ ശെരിയാണിത്. മിഥുനെ ചേർത്തുപിടിക്കാനും സ്നേഹിക്കാനും ഒരാൾ വേണം. നീ എവിടെയെങ്കിലും ഇരുന്നു ഇത് കാണുന്നുണ്ടെങ്കിൽ ഇവരെ അനുഗ്രഹിക്കണം “ഹർഷൻ മനസിൽ പറഞ്ഞു.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഇതേസമയം കണ്ണുകൾക്ക് മേൽ കയ്യുകൾ അമർത്തിവെച്ചു മിഥുൻ കിടക്കുകയായിരുന്നു. അവന്റെ മനസ്സിൽ നിറഞ്ഞു നിന്നതത്രയും അവന്റെ നുണക്കുഴി പെണ്ണിന്റെ ഓർമ്മകൾ ആയിരുന്നു.

അവളെ ആദ്യമായി കണ്ടത് അവൻ ഓർത്തെടുത്തു. അന്നാ മുഖത്തേക്ക് നോക്കി താൻ ഏറെസമയം കണ്ണിമ ചിമ്മാതെ നോക്കിനിന്നു പോയി. ഹർഷൻ തട്ടി വിളിച്ചപ്പോഴാണ് ചമ്മിയ ചിരിയോടെ അവളുടെ മുഖത്തു നിന്നു കണ്ണുമാറ്റിയത്.

ഒരു ലൂസ് ടോപ്പും ജെഗ്ഗിനും ഇട്ടു അലസമായി അഴിച്ചിട്ട മുടിയും നെറ്റിയിലെ കുഞ്ഞ് പൊട്ടും കവിളിലെ നുണക്കുഴിയും അതെല്ലാം ആഴത്തിലാണ് തന്റെ ഹൃദയത്തിൽ പതിച്ചത്.. ജീവിതത്തിൽ ഇതുവരെ തോന്നാത്ത ഒരു വികാരം അവളെ കണ്ടമാത്രയിൽ തന്റെ ഉടലാകെ വ്യാപിച്ചത് അവൻ അറിഞ്ഞു. അന്ന് ഹർഷനോടൊപ്പം ഇരിക്കുമ്പോൾ പലപ്പോഴും ചിരിക്കുമ്പോൾ വിരിയുന്ന അവളുടെയാ നുണക്കുഴിയിലേക്ക് അനുസരണയില്ലാതെ കണ്ണുകൾ പാഞ്ഞിട്ടുണ്ട്. അരുതെന്ന് എത്ര വിലക്കിയിട്ടും കണ്ണുകൾ അനുസരിച്ചതേയില്ല..

അന്ന് വൈകിട്ട് ഹർഷൻ തന്നോട് ഇതിനെപറ്റി ചോദിച്ചു. ഒഴിഞ്ഞുമാറിയെങ്കിലും തന്റെ കള്ളത്തരം അവൻ കയ്യോടെ പിടിച്ചു. അല്ലെങ്കിലും തന്റെ മനസ് അവനെക്കാൾ നന്നായി മനസിലാക്കിയ മറ്റാരും ഇല്ലല്ലോ.

കൂട്ടുകാരന്റെ പെങ്ങൾ നമ്മുടെയും പെങ്ങൾ തന്നെയല്ലേ എന്നവൻ ചോദിച്ചപ്പോൾ ഒരു നിമിഷം താൻ പതറി . അതേ ശെരിയാണ്. നിരഞ്ജൻ സ്വന്തമായിട്ട് തന്നെയാണ് ഞങ്ങളെ രണ്ടുപേരെയും കണ്ടത്. അവന്റെ പെങ്ങളെ ഞാൻ സ്നേഹിക്കുന്നു എന്നറിഞ്ഞാൽ അവൻ എങ്ങനെ പ്രതികരിക്കും . പക്ഷെ ആദ്യമായി പ്രണയിച്ചുപോയവളെ പെങ്ങളായിട്ട് കാണാൻ വയ്യാ എന്ന് ബിയറിന്റെ കെട്ടിൽ കരഞ്ഞോണ്ട് പറഞ്ഞതും ഹർഷൻ പൊട്ടിച്ചിരിച്ചു.

“എടാ പൊട്ടൻ ചങ്കരാ നിരഞ്ജന് എതിർപ്പൊന്നും ഉണ്ടാവില്ല. നിന്നെക്കാൾ നല്ലൊരുത്തനെ അവന്റെ പെങ്ങൾക് കിട്ടാനും പോണില്ല. കള്ള കാമുകൻ ഇനി കിടന്നുറങ്ങിയാട്ടെ ”

എന്നിട്ടും അവളോട് പ്രണയം പറയാൻ തോന്നിയില്ല . ഒരിക്കൽ പനി പിടിച്ചു റൂമിൽ ഉച്ചക്കെ വന്നപ്പോൾ അവളും ഉണ്ടായിരുന്നു. അന്ന് തനിക്ക് കഞ്ഞിയെല്ലാം ഉണ്ടാക്കി തന്നു ഹർഷൻ വരുവോളം അവൾ കൂട്ടിരുന്നു. അന്ന് സംസാരിച്ചതിന് ശേഷം അവളോട് ബഹുമാനം കൂടി. സ്വന്തമായി വ്യക്തമായ തീരുമാനങ്ങൾ ഉള്ളൊരു പെണ്ണ്.. അനീതിക്കെതിരെ ആരെയും കൂസാതെ പ്രതികരിക്കുന്നവൾ.

ഓരോ ദിവസം കഴിയുംതോറും അവളൊരു അത്ഭുതമായി മാറുകയായിരുന്നു. അവളുടെ ചിരിയിൽ സംസാരത്തിൽ എല്ലാം താൻ മയങ്ങിപോയിരുന്നു എന്ന് വേണം പറയാൻ. അന്നൊരു ദിവസം അവളെ രണ്ടുംകല്പിച്ചു പ്രൊപ്പോസ് ചെയ്തു. അവൾക്കൊറ്റ മറുപടിയേ ഉണ്ടായിരുന്നുള്ളൂ

“ഏട്ടൻ സമ്മതിച്ചാൽ എനിക്കും സമ്മതമാണ്. ജനിച്ചു വീണ അന്നുമുതൽ എനിക്കെന്റെ ഏട്ടനെ ഉള്ളൂ. അദ്ദേഹത്തെ വേദനിപ്പിച്ചിട്ട് എനിക്കൊന്നും വേണ്ട. ആദ്യം ഏട്ടനോട് പറഞ്ഞു ഏട്ടന്റെ സമ്മതവും വാങ്ങി വരൂ മിഥു. ”
അന്ന് തന്റെ മനസിലെ അവളുടെ രൂപത്തിന് ശോഭ വർധിച്ചു.
പിറ്റേ ദിവസം നിരഞ്ജന്റെ സമ്മതം വാങ്ങാൻ പോയപ്പോഴാണ് റൂമിൽ നിലത്തുവീണു അവശനായി കിടക്കുന്ന അവനെ കാണുന്നത്..

ഐസിയുവിൽ കിടക്കുമ്പോൾ അവൻ ഒന്നേ പറഞ്ഞുള്ളൂ നിഹയെ കൈവിടരുത്. അന്ന് അവന്റെ മുന്നിൽ താലികെട്ടി അവളെ സ്വന്തമാക്കി. പക്ഷെ അപ്രതീക്ഷിതമായ നിരഞ്ജന്റെ മരണം അവളെ വല്ലാതെ തളർത്തി . ഒരുപാട് പാടുപെട്ടാണ് അവളെ പഴയ നിഹ ആക്കിയത്. ഞങ്ങൾക്ക് പ്രൈവസി തരാൻ വേണ്ടി ഹർഷൻ ഓപ്പോസിറ്റ് ഫ്ലാറ്റിലേക്ക് മാറി..

ആ ഓണം വെക്കേഷന് നാട്ടിൽ പോയി നിഹയെ എല്ലാവർക്കും പരിചയപ്പെടുത്തണം എന്ന് വിചാരിച്ചാണ് ഇരുന്നത്..

അന്നൊരു മഴയുള്ള രാത്രി കനത്ത ഇടിയിലും മിന്നലിലും പേടിച്ചു ബെഡിൽ ചുരുണ്ടിരുന്ന നിഹയെ തന്റെ റൂമിൽ കിടത്തി. പേടിച്ചവൾ തന്റെ നെഞ്ചിൽ മുഖം പൂഴ്ത്തിയപ്പോൾ താൻ അവളെ ചേർത്തുപിടിച്ചു നെറുകിൽ ചുംബിച്ചു. അവളുടെയാ നോട്ടം ഹൃദയമിടിപ്പ് പോലും തെറ്റിച്ചുകളഞ്ഞു. നെറുകിൽ നിന്നും മൂക്കിലും കവിളിലും ഉരസി തന്റെ അധരങ്ങൾ അവളുടേതിനോട് ചേർന്നപ്പോൾ അവളൊന്നു പിടഞ്ഞു..
ചേർത്തുപിടിക്കുംതോറും ഇരുഹൃദയങ്ങളും ഒന്നായലിഞ്ഞു ലയിച്ചു തീർന്നു.. അങ്ങനെ മിഥുന്റെ സ്വന്തമായി നിഹ എല്ലാ അർത്ഥത്തിലും ..

പിന്നീടങ്ങോട്ടുള്ള എല്ലാ ദിവസങ്ങളും തങ്ങളുടെ പ്രണയത്തിന്റെ ആയിരുന്നു. എല്ലാ നിമിഷങ്ങളും തങ്ങളുടെ പ്രണയത്തിനു മാറ്റുപകർന്നു. പക്ഷെ ആ നശിച്ച ദിവസം തന്റെ ജീവിതം തന്നെ ഇരുട്ടിൽ ആണ്ടുപോയി. രക്തം ഒഴുകിയൊലിക്കുന്ന അവളെ തന്റെ നെഞ്ചോട് ചേർത്തുപിടിക്കുമ്പോൾ അവളുടെ ഹൃദയം വല്ലാതെ മിടിച്ചിരുന്നു .

അവൾക്ക് പറയാനുള്ളത് ഒന്നുമാത്രമായിരുന്നു മിഥു മറ്റൊരു ജീവിതത്തിലേക്ക് കടക്കണമെന്നു.. ഒരിക്കലും മിഥുനത് സാധിക്കില്ലന്നറിഞ്ഞിട്ടും നിഹ പറഞ്ഞു. അവളെ ചേർത്തുപിടിച്ചു പറയാൻ തനിക്കൊന്നേ ഉണ്ടായിരുന്നുള്ളൂ മിഥുൻ മറ്റൊരുവളുടെ സ്വന്തം ആകില്ലെന്ന്. ഹൃദയത്തിലും ജീവിതത്തിലും എന്നും നിഹ മാത്രമേ ഉണ്ടായിരിക്കുവോള്ളൂ ന്നു . പക്ഷെ തന്റെ വിളി കേൾക്കാതെ അവൾ ദൂരേക്ക് മാഞ്ഞു. അലറിയലറി കരഞ്ഞിട്ടും തന്റെ കണ്ണീരു തുടക്കാൻ നിഹ വന്നില്ല.

അവളുടെ മണമുള്ള വസ്ത്രങ്ങളും കെട്ടിപിടിച്ചു ദിവസങ്ങളോളം തങ്ങളുടെ മുറിയിൽ അടച്ചിരുന്നിട്ടുണ്ട് . ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ കിട്ടിയ അന്നാണ് താൻ ഏറ്റവും തളർന്നുപോയത് നിഹയുടെ ഉദരത്തിൽ ഒരു കുഞ്ഞു നിഹയോ മിഥുനോ ഉണ്ടായിരുന്നു എന്നത് ..

അതുപോലും അറിയാതെ മരിച്ചുപോയ അവളുടെ aആത്മാവിനു ശാന്തി കിട്ടാൻ അവന്മാരെ കൊന്നൊടുക്കാൻ തന്നെ തീരുമാനിച്ചു. അവളെ താഴേക്ക് ചവുട്ടി ഇട്ടവൻ രുദ്രസിംഹൻ.. ബിസിനസ്സ്മാൻ വീരസിംഹന്റെ ഏകപുത്രൻ.. ശത്രുപക്ഷത്ത് നിസാരരല്ല എന്നറിഞ്ഞുകൊണ്ട് തന്നെയാണ് മനഃപൂർവം ഹർഷനെ മിസ്ലീഡ് ചെയ്യിച്ചു മറ്റൊരു സ്ഥലത്ത് എത്തിച്ചത്..

അവരുടെ കൂട്ടത്തിലെ രണ്ടുപേരെ വെട്ടിയരിയുമ്പോഴും കൈവിറച്ചിരുന്നില്ല . ഇതെന്റെ നിഹയ്ക്ക് വേണ്ടി എന്ന് ഓരോ നിമിഷവും സ്വയം മന്ത്രിച്ചിരുന്നു.. പക്ഷെ ചെറിയൊരു പിഴവിൽ രുദ്രസിംഹൻ അവിടെയെത്തി. അവൻ പിന്നിൽ നിന്നും അടിച്ചുവീഴ്ത്തി.. അതോടെ വീണുപോയ തന്നെ ക്രൂരമായി മർദിച്ചു.

റോഡിലൂടെ വലിച്ചിഴച്ചു തന്നെ കൊണ്ടുപോകുമ്പോൾ ഇടക്കൊരു കാർ വന്നുനിന്നു . അതിൽ നിന്നുമിറങ്ങിയ ഒരു ഭാര്യയും ഭർത്താവും തന്നെ രക്ഷിക്കാൻ ശ്രെമിച്ചു. അവർ മലയാളികൾ ആയിരുന്നെന്നു സംസാരത്തിൽ നിന്നു മനസിലായി. പക്ഷെ രുദ്രന്റെയും കൂട്ടാളികളുടെയും കൈക്കരുത്തിൽ അയാൾ വീണുപോയി. ഒടുവിൽ അയാളുടെയും ആ സ്ത്രീയുടെയും തലയിൽ ഇരുമ്പ് ദണ്ഡ് കൊണ്ട് ആഞ്ഞടിക്കുന്ന രുദ്രന്റെ ക്രൂരമായ മുഖം ഇപ്പോഴും ഓർമയിലുണ്ട് . ഒടുവിൽ അവരെയെടുത്തു കാറിൽ ഇരുത്തി ഒരു ലോറി കൊണ്ടുവന്നു അതിനു മേലെ ഇടിച്ചു കയറ്റുമ്പോഴേക്ക് തന്റെ ബോധം നശിക്കാറായിരുന്നു.

ബോധം വീഴുമ്പോൾ ഈ അവസ്ഥയിൽ ആയിരുന്നു. തന്നെ ഏതോ കെട്ടിടത്തിന്റെ താഴെ നിന്നാണ് ഹർഷൻ കണ്ടെത്തിയത്. മുകളിൽ നിന്നും തന്നെ അവന്മാർ വലിച്ചെറിഞ്ഞത് ആണെന്ന് ഉറപ്പായിരുന്നു . ഒടുവിൽ നാട്ടിലേക്ക്..ഇപ്പോഴും താൻ കാത്തിരിക്കുകയാണ് രുദ്രന്റെ വരവിനായി. തന്റെ കൈകൊണ്ട് തന്നെ അവൻ തീരണം എന്റെ നിഹക്കും ഞങ്ങളുടെ കുഞ്ഞിനും വേണ്ടി…. അതിനു മുന്നേ എഴുന്നേറ്റു നടക്കണം മിഥുൻ മനസ്സിലുറപ്പിച്ചു .

പക്ഷെ ദേവു.. അവളുടെ മനസ്സിൽ എന്താണെന്നറിയാതെ മിഥുൻ കുഴങ്ങി. ഈ അവസ്ഥയിൽ കിടക്കുന്ന തന്നോടവൾക്ക് പ്രണയം തോന്നുക അസ്വാഭാവികം ആണെന്ന് മിഥുന് തോന്നി. പണത്തിനു വേണ്ടി തന്നെയാണ് അവൾ തന്നെ വിവാഹം ചെയ്യാൻ സമ്മതിച്ചത് മിഥുൻ ചിന്തിച്ചു.

പക്ഷെ അവൾ ഒരിക്കലും അങ്ങനെ ചെയ്യില്ല. അവളുടെ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്നത് ആത്മാർത്ഥതയും കരുണയും മാത്രമാണ് അല്ലതെ കുടിലത അല്ല.. മിഥുന് തന്റെ തലയാകെ പെരുക്കുന്നത് പോലെ തോന്നി . അവൻ കണ്ണുകളടച്ചു.

“നിഹാ.. നോ വൺ ക്യാൻ റീപ്ലേസ് യൂ.. ” മിഥുൻ മന്ത്രിച്ചു…

“നീ അടുത്തുണ്ടായിരുന്ന കാലം ഞാൻ എന്നിലുണ്ടായിരുന്ന പോലെ…..
സ്വപ്നത്തിൽ നീ പുഞ്ചിരിച്ച കാലം ദുഃഖങ്ങളെല്ലാം അകന്ന പോലെ “.
(മുരുകൻ കാട്ടാക്കട)

നിഹയെ ഓർത്തു മിഥുൻ പതിയെ കണ്ണുകളടച്ചു.. നുണക്കുഴി കാട്ടി ചിരിക്കുന്ന അവളുടെ മുഖം അവന്റെ മനസിൽ തെളിഞ്ഞുവന്നു..

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

മിഥുനം: ഭാഗം 1

മിഥുനം: ഭാഗം 2

മിഥുനം: ഭാഗം 3

മിഥുനം: ഭാഗം 4

മിഥുനം: ഭാഗം 5

മിഥുനം: ഭാഗം 6

മിഥുനം: ഭാഗം 7

മിഥുനം: ഭാഗം 8

മിഥുനം: ഭാഗം 9

മിഥുനം: ഭാഗം 10

മിഥുനം: ഭാഗം 11

Share this story