പവിത്ര: PART 26

പവിത്ര: PART 26

നോവൽ
എഴുത്തുകാരി: തപസ്യ ദേവ്‌

ബ്ലഡ്‌ കൊടുത്തിട്ട് വരുമ്പോൾ ആദി കാണുന്നത് ഡോക്ടറുമായി സംസാരിച്ചു കൊണ്ട് നിൽക്കുന്ന പവിത്രയെയും ശാരികയെയും ആണ്.

” എത്രയും പെട്ടെന്ന് സർജറി നടത്തണം.. വൈകും തോറും പേഷ്യന്റിന്റെ നില ക്രിട്ടിക്കൽ ആകും ”
അതു മാത്രമേ ആദി കേട്ടുള്ളൂ.
ശാരികയുടെ ഏങ്ങലടികൾ കൂടി കൂടി വന്നു.

” എന്താ പവിത്രേച്ചി ഡോക്ടർ പറഞ്ഞത്.. ”

” എന്തൊക്കെയോ പറഞ്ഞു…
അതിൽ മനസ്സിലായത് സർജറി വേണമെന്ന് മാത്രമാണ്…
അതിന്റെ ബില്ലും അടക്കാൻ ”

” ഇത്രയും പൈസ എവിടുന്ന് സംഘടിപ്പിക്കും..”
ശാരിക പവിത്രയോട് ചോദിച്ചു. പവിത്രയും അതു തന്നെ ആയിരുന്നു ആലോചിച്ചു കൊണ്ടിരുന്നത്.
പെട്ടെന്ന് എന്തോ ഓർത്ത പോലെ ശാരിക ഫോൺ എടുത്തു ആരെയോ വിളിച്ചു. ഫോൺ സംഭാഷണം അവസാനിപ്പിക്കുമ്പോൾ അവളുടെ മുഖത്തെ പ്രതീക്ഷ അസ്തമിച്ചിരുന്നു.

” ഞാൻ പ്രശാന്തിനെ ഒന്ന് വിളിച്ചു ചോദിക്കട്ടെ… അവർക്ക് ഈ തുക ഒക്കെ നിസ്സാരം അല്ലേ…”
ശാരിക വീണ്ടും ഫോൺ എടുത്തു പ്രശാന്തിന്റെ നമ്പർ ഡയൽ ചെയ്തു.
ആദിയും പ്രതീക്ഷയോടെ അവൾ ഫോൺ ചെയ്യുന്നത് നോക്കി നിന്നു. പവിത്രയുടെ മുഖത്ത് മാത്രം നിർവികാരതയായിരുന്നു.

” ഹലോ പ്രശാന്തേ മോനേ ഏട്ടത്തിയാ ”

” ആഹ് മനസ്സിലായി എന്തിനാ വിളിച്ചത് ”
പ്രശാന്തിന്റെ ശബ്ദത്തിലെ നീരസം ശ്രദ്ധിച്ചെങ്കിലും ശാരിക അത് കാര്യമാക്കിയില്ല.

” അത് മുരളിയേട്ടന് ഒരു ആക്സിഡന്റ് സംഭവിച്ചു മോനേ… ഇപ്പൊ തലയ്ക്കു ഓപ്പറേഷൻ ചെയ്യണം എന്നൊക്കെയാ ഡോക്ടർ പറയുന്നത് ”
കരച്ചിൽ അടക്കി പിടിച്ചു കൊണ്ട് അവൾ പറഞ്ഞൊപ്പിച്ചു.

” അതിന് ഇപ്പോൾ ഞാൻ എന്ത് വേണം ”
പ്രശാന്തിന്റെ മറുപടി ശാരികയ്ക്ക് ഒരു ഷോക്ക് ആയിരുന്നു.

” ഓപ്പറേഷന് വേണ്ട പൈസ ഇപ്പോൾ എന്റെ കയ്യിൽ ഇല്ല… നീ എനിക്ക് കുറച്ചു കാശ് കടം തരണം. ”

” എന്റെ കയ്യിൽ ആർക്കും കടം തരാൻ കാശ് ഒന്നുമില്ല ”
പ്രശാന്ത് എടുത്തടിച്ചത് പോലെ പറഞ്ഞു.

” പ്രശാന്തേ അങ്ങനെ പറഞ്ഞു ഒഴിയരുത്… നിന്റെ ചേട്ടന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി അല്ലേ…
ചിപ്പിയോട് ചോദിച്ചാൽ തരില്ലേ ”

” ആരോടും ചോദിക്കുന്നില്ല…
എനിക്ക് തരാൻ സൗകര്യം ഇല്ല…
ഈ കാര്യം പറഞ്ഞു എന്നെ ഇനി വിളിച്ചേക്കരുത് ”
അവൻ ഫോൺ കട്ട്‌ ആക്കി.

എല്ലാ വഴികളും അടഞ്ഞെന്ന് മനസ്സിലായ ശാരിക പൊട്ടിക്കരഞ്ഞു കൊണ്ട് താഴേക്ക് ഇരുന്നു.പിന്നെ ഒരു ഭ്രാന്തിയെ പോലെ തന്റെ കയ്യിലെ വളകളും കാതിലെ കമ്മലും ഒക്കെ ഊരി എടുത്തു. അതിന് ശേഷം മകൾ മൃദുലയുടെ കഴുത്തിലെ മാലയും കാതിലെ കമ്മലും അവൾ ഊരിയെടുക്കാൻ തുടങ്ങി.
ബലം പ്രയോഗിച്ചുള്ള ആ ശ്രമത്തിൽ മൃദുലയ്ക്ക് വേദന അനുഭവപ്പെട്ടു.
അവള് കരയുന്നത് കണ്ട് പവിത്ര ശാരികയെ പിടിച്ചു മാറ്റി.

” എന്താ ഏട്ടത്തി ഈ കാണിക്കുന്നത് ”
അവൾ ദേഷ്യത്തോടെ ചോദിച്ചു.

” പിന്നെ ഞാൻ എന്ത് ചെയ്യണം പവിത്രേ.. ആരും ഇല്ല ഞങ്ങളെ സഹായിക്കാൻ….
നീ എനിക്ക് ഒരു ഉപകാരം ചെയ്തു തരണം ഇതൊക്കെ ഒന്ന് കൊണ്ട് പോയി വിറ്റിട്ട് കിട്ടുന്ന പൈസ കൊണ്ട് തരണം ”
ശാരിക കഴുത്തിലെ മാലയും ഊരാൻ തുടങ്ങിയപ്പോൾ പവിത്ര കയ്യിൽ കയറി പിടിച്ചു.

” ഇത് താലി മാല അല്ലേ…
ഇതെങ്കിലും ഊരാതെ ഏട്ടത്തി…
പൈസ ഞാൻ തരാം ”
ആദിയും ശാരികയും അവളെ നോക്കി.

” എവിടുന്ന് തരാൻ…”

” അതൊന്നും ഓർത്ത് വിഷമിക്കണ്ട… സർജറിക്ക് വേണ്ട കാര്യങ്ങളൊക്കെ ശരിയാക്കിക്കോ… ഞാൻ ഒന്ന് വീട് വരെ പോയിട്ട് പെട്ടെന്ന് വരാം ”
പവിത്ര ഏടത്തിയുടെ കൈകളിൽ പിടിച്ചു ഉറപ്പ് നൽകി.
വീട്ടിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾ ആദി അവളുടെ അടുത്തേക്ക് ചെന്നു.

” ഞാനും കൂടെ വരാം ”

” വേണ്ടാ ആദി നീ ഇപ്പൊ ബ്ലഡ്‌ കൊടുത്തതല്ലേ ക്ഷീണം കാണും ഇവിടെ ഇരുന്നാൽ മതി. ഞാൻ എത്രയും പെട്ടെന്ന് തന്നെ തിരികെ എത്താം ”

” ഒറ്റയടിക്ക് ഇത്രയും കാശ് പവിത്രേച്ചിയുടെ കയ്യിൽ ഉണ്ടാകില്ലെന്ന് എനിക്ക് അറിയാം. എന്റെ കയ്യിൽ ഇപ്പോൾ തരാൻ ഇതേയുള്ളു ”
അവൻ സൗമ്യ വിവാഹത്തിന് അണിയിച്ച മോതിരം പവിത്രയുടെ കയ്യിലേക്ക് വെച്ച് കൊടുത്തു.

” ഇതൊന്നും വേണ്ടെടാ നീ പിടിച്ചേ ”
പവിത്ര നിർബന്ധപൂർവ്വം അത് തിരികെ അവന്റെ കയ്യിൽ ഏൽപ്പിച്ചു. എന്നിട്ട് ധൃതിയിൽ പുറത്തേക്ക് നടന്നു.

ശാരികയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ അറിയുക ആയിരുന്നു പവിത്രയിലെ നന്മ… സഹോദരൻ എന്ന് മുരളിയേട്ടൻ കണ്ടിട്ടില്ലാത്ത ആദർശിന്റെ നന്മ…
ഒരു അപകടം വരുമ്പോൾ ആണ് ചുറ്റുമുള്ളവരെ മനസ്സിലാക്കാൻ സാധിക്കുന്നത്…
കൂടെയുണ്ടാകും എന്ന് കരുതുന്നവർ ആണ് തഴയുന്നത്…
ആട്ടിയകറ്റിയവർ ആണ് താങ്ങാൻ അരികിൽ എത്തുന്നത്.

ഒരു കയ്യിൽ മോളെയും ചേർത്ത് പിടിച്ചവൾ ICU വിന്റെ വാതിൽക്കൽ പ്രാർത്ഥനയോടെ നിന്നു.
ആദിയും അവരുടെ ഒപ്പം ഉണ്ടായിരുന്നു.

പറഞ്ഞ പോലെ തന്നെ അധികം താമസിക്കാതെ പവിത്ര തിരികെ ഹോസ്പിറ്റലിൽ എത്തി. അവളെ കണ്ടതും ശാരിക ഓടി അടുത്തേക്ക് ചെന്നു.

” പൈസ അടച്ചിട്ടുണ്ട്… ഇനി ഫോം കൂടെ ഏട്ടത്തി സൈൻ ചെയ്തു കൊടുത്താൽ മതി ”
പവിത്ര അത്രയും പറഞ്ഞപ്പോഴാണ് അവൾക്ക് സമാധാനം ആയത്.

വീണ്ടും പ്രാർത്ഥനയുടെ നിമിഷങ്ങൾ… അപ്പോഴേക്കും വീട്ടിൽ നിന്നും പത്മവും സാവിത്രിയും സൗമ്യയും വന്നു. ആദി സൗമ്യയെ വിളിച്ചു കാര്യങ്ങൾ അറിയിച്ചിരുന്നു.
ഒപ്പേറഷൻ പൂർത്തിയാക്കി ഡോക്ടർ പുറത്തേക്ക് വന്നു.

” ഇനി പേടിക്കാൻ ഒന്നുമില്ല…
ക്രിട്ടിക്കൽ സ്റ്റേജ് തരണം ചെയ്തു കഴിഞ്ഞു. ”

” ഒന്ന് കാണാൻ പറ്റുമോ ”
ശാരിക ഡോക്ടറോട് അനുവാദം ചോദിച്ചു.

” റൂമിലോട്ട് മാറ്റി കഴിഞ്ഞിട്ട് കാണാം ”
എല്ലാർക്കും അപ്പോഴാണ് ആശ്വാസം ആയത്. പത്മം ദൈവത്തിന് നന്ദി പറഞ്ഞു.

മുരളിയെ റൂമിലോട്ട് മാറ്റി കഴിഞ്ഞ് പവിത്ര തിരികെ വീട്ടിലേക്ക് പോയി… അവളോടൊപ്പം ആദിയും സൗമ്യയും സാവിത്രിയും ഉണ്ടായിരുന്നു.

ഇത്രയും പൈസ പവിത്ര എവിടെ നിന്നുണ്ടാക്കി എന്ന സംശയം ആദിക്ക് ആദ്യം ഉണ്ടായിരുന്നു. പിന്നീട് അറിഞ്ഞു.. പവിത്രയുടെ കല്യാണത്തിന് വേണ്ടി പത്മം കരുതി വെച്ചിരുന്ന കുറച്ചു സ്വർണവും അവളുടെ കഴുത്തിലുണ്ടായിരുന്നതും കൊണ്ട് വെച്ചിട്ടാണ് അവൾ ആ കാശ് ഹോസ്പിറ്റലിൽ അടച്ചതെന്ന്.

” ഇങ്ങനൊക്കെ ഒരു ആവശ്യം വരുമ്പോൾ തനിക്ക് എന്നോട് ഒന്ന് പറയാമായിരുന്നില്ലേ ”
പവിത്രയുടെ ഒഴിഞ്ഞ കഴുത്തിലേക്ക് നോക്കി ഡേവിച്ചൻ ചോദിച്ചു.

” കാശിന്റെ കാര്യം ആണോ…
അത് എന്റെ കയ്യിൽ ഉണ്ടായിരുന്നല്ലോ പിന്നെ എന്തിനാ ഡേവിച്ചനെ ബുദ്ധിമുട്ടിക്കുന്നത് ”

” എന്നാലും കഴുത്തിൽ കിടന്നതും കൂടെ ഊരേണ്ടി വന്നില്ലേ ”

” എന്റെ ചേട്ടന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി അല്ലേ…പിന്നെ ഇതൊന്നും ഓർത്ത് ഡേവിച്ചൻ ഇത്ര വേവലാതിപ്പെടേണ്ട കാര്യം ഇല്ല ”
അത്രയും പറഞ്ഞവൾ ആ സംഭാഷണം അവസാനിപ്പിച്ചു.

ദിവസങ്ങൾ മുന്നോട്ട് പോകുന്നതിന് അനുസരിച്ചു മുരളിയുടെ മുറിവുകളും ഭേദമായി വന്നു തുടങ്ങി.

പവിത്രയും ആദിയും മുരളിയുടെ മുൻപിലേക്ക് ചെല്ലാറുണ്ടായിരുന്നില്ല. അവന് അത് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന തോന്നലിൽ ആയിരുന്നു.
ഡിസ്ചാർജ് ആകുന്ന ദിവസം പവിത്രയും
ആദിയും മുരളിയെ കാണാൻ എത്തി.
മുരളി ഉറങ്ങുക ആണെന്ന ഉറപ്പിൽ അവർ റൂമിനുള്ളിൽ കയറി.
ആദിയും മുരളിയുടെ മകൾ മൃദുലയും പെട്ടെന്ന് തന്നെ കൂട്ടായിരുന്നു. ശാരിക പറഞ്ഞു കൊടുത്തത് പോലെ അവൾ ഇപ്പോൾ ആദിയെ ചെറിയച്ഛൻ എന്നാണ് വിളിക്കുന്നത്.
ശാരിക പോകാൻ തയ്യാറെടുക്കുക ആയിരുന്നു.

” ഏട്ടത്തി വീട്ടിൽ പോകാൻ ടാക്സി വിളിച്ചിട്ടുണ്ട് പിന്നെ ഇത് കുറച്ചു പൈസ ആണ്.. ടാക്സിക്കൂലി കൊടുക്കണ്ടേ..
പിന്നെ ഏടത്തിയും ജോലിക്ക് പോകുന്നില്ലല്ലോ ലീവ് അല്ലേ അപ്പൊ ചിലവിന് ഇരിക്കട്ടെ ”
പവിത്ര ശാരികയുടെ കയ്യിൽ കുറച്ചു പണം വെച്ച് കൊടുത്തു.

മുരളി പതിയെ മയക്കം വിട്ടുണർന്നു. ആദിയേയും പവിത്രയെയും കണ്ടപ്പോൾ അയാളുടെ മുഖം ഇരുണ്ടു. ഇത്രയും ദിവസം ആയിട്ടും പവിത്ര തന്നെ തിരിഞ്ഞു നോക്കാത്തതിന്റെ ദേഷ്യം അയാൾക്ക് ഉണ്ടായിരുന്നു.

” എന്തിനാ വന്നത് ചത്തോന്ന് അറിയാനാണോടി.. അതും ഇവനെയും കൂട്ടി ”
മുരളി പതിയെ ബെഡിൽ എണീറ്റ് തല ചാരി ഇരുന്നു കൊണ്ട് ചോദിച്ചു.
പവിത്ര മറുപടി ഒന്നും പറഞ്ഞില്ല.

” ചോദിച്ചത് കേട്ടില്ലെടി… എന്തിനാ വന്നതെന്ന്
ചാകാൻ ആയി കിടന്നപ്പോൾ പോലും നിനക്ക് ഇങ്ങോട്ട് ഒന്ന് വന്നു കാണാൻ തോന്നിയില്ലല്ലോ പിന്നെ ഇപ്പോൾ എന്തിനാ വന്നത്… എന്നെ കാണാൻ നീ വരണ്ട ഇറങ്ങി പൊക്കോ… നിന്നെ കാണുന്നതേ എനിക്ക് കലിയാ… പോ ദേ ഇവനെ കൂടി കൊണ്ട് പൊക്കോണം ”
അത്രയും സ്‌ട്രെയിൻ ചെയ്തു പറഞ്ഞു കഴിഞ്ഞപ്പോഴേക്കും മുരളിക്ക് തല വേദനിക്കാൻ തുടങ്ങിയിരുന്നു.

” മുരളിയേട്ടാ ഇങ്ങനെ ഒച്ച വെച്ച് സംസാരിക്കരുത് ”
ശാരിക ഓടി അയാളുടെ അരികിൽ ചെന്നു.

പവിത്ര മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി. ആദിയും പുറകേ ഇറങ്ങി. മൃദുല അവരുടെ പുറകേ ചെന്നു.

” ആന്റി പോകല്ലേ… അകത്തേക്ക് വാ അച്ഛനോട് ഒന്നും അമ്മ പറഞ്ഞിട്ടില്ല അതാ അച്ഛൻ അങ്ങനൊക്കെ പറയുന്നത്… ഞാൻ പറഞ്ഞു കൊടുക്കാം എല്ലാം ”
അവൾ പവിത്രയുടെ കയ്യിൽ പിടിച്ചു വലിച്ചു മുറിയിൽ കൊണ്ട് ചെന്നു.
അത് കണ്ടു അമ്പരപ്പോടെ മുരളി അവളെ നോക്കി.

” മൃദു എന്തിനാ നീ ഇവരെ വിളിച്ചോണ്ട് വരുന്നത് ”

” കാരണം എനിക്ക് എന്റെ അച്ഛനെ ജീവനോടെ തിരിച്ചു കിട്ടാൻ കരണക്കാരായവർ ഇവരാണ്…
അമ്മ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്… കുറച്ചെങ്കിലും നന്ദി ഉണ്ടെങ്കിൽ അച്ഛനോട് എല്ലാം പറയ്‌ ”
മൃദു അരിശത്തോടെ അമ്മയോട് പറഞ്ഞു.
മുരളി ശാരികയെ തുറിച്ചു നോക്കി.

” മൃദു പറഞ്ഞത് സത്യമാണ് മുരളിയേട്ടാ… ആക്സിഡന്റ് ആയി വഴിയിൽ കിടന്ന നിങ്ങളെ ഹോസ്പിറ്റലിൽ എത്തിച്ചതും നിങ്ങൾക്ക് ബ്ലഡ്‌ തന്നതും നിങ്ങൾ വെറുപ്പോടെ അകറ്റി നിർത്തുന്ന ഈ ആദി ആണ്…
അതുപോലെ തന്നെ ജീവൻ രക്ഷിക്കണമെങ്കിൽ പെട്ടെന്ന് നടത്തണമെന്ന് പറഞ്ഞ സർജറിക്ക് വേണ്ട പണം കൊണ്ട് തന്നത് പവിത്രയാണ്.
അല്ലാതെ മുരളിയേട്ടന്റെ പുന്നാര അനിയൻ പ്രശാന്തോ എന്റെ വീട്ടുകാരോ അല്ല ”

ശാരിക പവിത്രയെയും ആദിയേയും മുരളിയുടെ മുന്നിലേക്ക് പിടിച്ചു നിർത്തിക്കൊണ്ട് പറഞ്ഞു.

” മുരളിയേട്ടൻ പൊന്ന് പോലെ നോക്കിയ എന്റെ വീട്ടുകാർ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല…
പൈസ ചോദിക്കാൻ വിളിച്ച എന്നോട് പ്രശാന്ത് പറഞ്ഞത് അവനെ ഇനി മേലാൽ ഫോൺ വിളിക്കരുതെന്ന് ആണ്…
എനിക്ക് അന്ന് മനസിലായി ഏട്ടാ നമ്മൾ ധരിച്ചു വെച്ചിരിക്കുന്നത് പോലല്ല ആരുമെന്ന്…
ഇനി എങ്കിലും ഇവരെ മനസ്സിലാക്കാൻ ശ്രമിക്ക് മുരളിയേട്ടാ… ജീവൻ രക്ഷിച്ച ഇവരോട് നന്ദി പറയ്‌ നിങ്ങള്. ”

മുരളി ഒന്നും മിണ്ടാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു. തന്റെ ധാരണകൾ ഒക്കെ തെറ്റ് ആണെന്ന് അയാൾക്ക് ഉൾക്കൊള്ളാൻ പറ്റുന്നുണ്ടായിരുന്നില്ല.

” ഏട്ടത്തി ഇപ്പൊ ഏട്ടന് വേണ്ടത് റെസ്റ്റ് ആണ്… ആവശ്യം ഇല്ലാതെ അതും ഇതും പറഞ്ഞു ടെൻഷൻ അടിപ്പിക്കണ്ട… ഞങ്ങൾ ഇറങ്ങുവാ ”

” ആദി വാ പോകാം ”
അവർ പോകുന്നത് നോക്കി മുരളി നിശ്ശബ്ദനായിരുന്നു.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

പവിത്ര: ഭാഗം 1

പവിത്ര: ഭാഗം 2

പവിത്ര: ഭാഗം 3

പവിത്ര: ഭാഗം 4

പവിത്ര: ഭാഗം 5

പവിത്ര: ഭാഗം 6

പവിത്ര: ഭാഗം 7

പവിത്ര: ഭാഗം 8

പവിത്ര: ഭാഗം 9

പവിത്ര: ഭാഗം 10

പവിത്ര: ഭാഗം 11

പവിത്ര: ഭാഗം 12

പവിത്ര: ഭാഗം 13

പവിത്ര: ഭാഗം 14

പവിത്ര: ഭാഗം 15

പവിത്ര: ഭാഗം 16

പവിത്ര: ഭാഗം 17

പവിത്ര: ഭാഗം 18

പവിത്ര: ഭാഗം 19

പവിത്ര: ഭാഗം 20

പവിത്ര: ഭാഗം 21

പവിത്ര: ഭാഗം 22

പവിത്ര: ഭാഗം 23

പവിത്ര: ഭാഗം 24

പവിത്ര: ഭാഗം 25

Share this story