ശ്രീയേട്ടൻ… B-Tech : PART 10

ശ്രീയേട്ടൻ… B-Tech : PART 10

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

ശ്രീയുടെ അച്ഛൻ സേതുമാധവന്റെയും നമ്മുടെ നായിക സേതുവിന്റെയും പേരുകൾ തമ്മിൽ പലർക്കും തെറ്റിപ്പോകുന്നു എന്ന അഭിപ്രായം കണക്കിലെടുത്തു ഇനി മുതൽ സേതുമാധവൻ എന്ന ശ്രീയുടെ അച്ഛനെ നമുക്ക് മാധവൻ മാഷ് എന്നോ മാധവേട്ടൻ എന്നോ ഒക്കെ സംബോധന ചെയ്യാം..എല്ലാവരും സഹകരിക്കുമല്ലോ…🙏🙏🙏

💥💥💥💦💦💥💥💥💦💦💥💥💥

“ശ്രീ….”
ബാലൻ മാഷിന്റെ വിളിയാണ് ശ്രീയെ ആ കാച്ചെണ്ണയുടെ ഗന്ധത്തിൽ നിന്നും മുക്തനാക്കിയത്…

“എന്നാൽ ഞങ്ങളിറങ്ങട്ടെ..ശ്രീ വണ്ടിയിലല്ലേ..ഞങ്ങൾ പ്രകാശന്റെ ഓട്ടോയിലാണ് വന്നത്…”

“അതേ മാഷേ..ഞാൻ വണ്ടിയിലാ..ഇറങ്ങുവാ..എന്നാ മാഷ് വിട്ടോ..”

“ശ്രീ..സേതുവിനോട് ദേഷ്യം ഒന്നും തോന്നരുത്…ക്ഷമിച്ചെക്കണം..കേട്ടോ..

ബാലൻ മാഷ് പോകാനായി തിരിഞ്ഞു..

ഒന്നാലോചിച്ചു നിന്നതിനു ശേഷം ശ്രീ മാഷിനെ വിളിച്ചു..

“മാഷേ..”

ബാലൻ മാഷ് തിരിഞ്ഞു നിന്നു..

അവൻ അടുത്തേക്ക് ചെന്നു അദ്ദേഹത്തെ നോക്കി ചോദിച്ചു..

“അന്നും ഒരു ദിവസം മാഷ് എന്നോടിതു പോലെ പറഞ്ഞല്ലോ..സേതുവിനോട് ദേഷ്യം തോന്നരുത് എന്നു..എന്താണത്…?”

ബാലൻ മാഷ് അവന്റെ തോളിൽ കൈ വെച്ചു..

“വൈകിട്ട് വായനശാലയിലേക്ക് വാ..സംസാരിക്കാം..”

ശ്രീ എന്തോ ചിന്തയോടെ മെല്ലെ തലയാട്ടി…

💥💥💥💥💥💥💥💥💥💥💥💥💥

വീട്ടിൽ ചെന്ന് കുളിച്ചു ഫ്രഷായി അമ്മ നൽകിയ ചക്കയപ്പവും ചായയും കഴിച്ചു, അച്ഛന്റെ അരികിൽ പോയി കുറച്ചു നേരം സംസാരിച്ചിരുന്നതിനു ശേഷം അവൻ വായനശാലയിലേക്ക് പോയി…

നടന്നാണ് പോയത്…തോണിക്കടവും കഴിഞ്ഞു അല്പം കൂടി മുന്നോട്ടു പോകണം വായനശാലയിലേക്ക്..

മേടം പകുതിയായിരിക്കുന്നു..ഇത്തവണ വിഷുവും കണിയും ഒന്നും ഓർത്തതുപോലുമില്ല..ആശുപത്രിവാസമായിരുന്നു..

ഇടവം തുടങ്ങുന്നതിന്റെ സൂചനയൊക്കെ പ്രകൃതി നൽകുന്നുണ്ട്..ഒരു മൂടിക്കെട്ടൽ…

ശ്രീ വായനശാലയിലെത്തി..രണ്ടു മൂന്നു മുറികളുണ്ട് അവിടെ..അങ്ങിങ്ങായി നാലഞ്ചു പേർ എന്തൊക്കെയോ വായിച്ചുകൊണ്ടിരുപ്പുണ്ട്.. ഉള്ളിലേക്ക് ചെന്നപ്പോൾ ആ മുറിയിൽ ഏതോ രാഷ്ട്രീയ മാസികയും വായിച്ചു ബാലൻ മാഷിരിക്കുന്നത് കണ്ടു…

ശ്രീ അടുത്ത് ചെന്നിരുന്നു..

മാഷ് മുഖമുയർത്തി നോക്കി..

“ആഹ്..ശ്രീ വന്നോ..”അദ്ദേഹം മാസിക അടച്ചു വെച്ചു..കണ്ണിൽ നിന്നും കണ്ണടയെടുത്ത് തുടച്ചു വീണ്ടും തിരികെ വെച്ചു ശ്രീയെ നോക്കി..

“എവിടെയാ ശ്രീ.. ഞാൻ തുടങ്ങേണ്ടത്..”അദ്ദേഹം ചിരിച്ചു…

“മാഷെന്തിനാണ് സേതുവിനോട് ദേഷ്യം തോന്നരുത്..എന്നെന്നോട് പറയുന്നത്..മാഷിനോട് അവൾ എന്തെങ്കിലും പറഞ്ഞോ..”?

“എന്നോടൊന്നും പറഞ്ഞിട്ടില്ല ശ്രീ..പക്ഷെ സാവിത്രി ടീച്ചറോട് എന്തൊക്കെയോ പറയാതെ പറഞ്ഞിട്ടുണ്ട്…അവൾക്കു വലിയ വിഷമമായിരുന്നു അന്ന് പടവിൽ നിന്നു വീണു ശ്രീയുടെ ഇന്റർവ്യൂ മുടങ്ങിയില്ലേ..അതവൾ കാരണമാണെന്നും പറഞ്ഞു..പിന്നെയിപ്പോൾ അതിരട്ടിച്ചു..ശ്രീയുടെ കുവൈറ്റ് യാത്രയും മുടങ്ങിയല്ലോ..അതും അവൾ കാരണമാണെന്ന് പറഞ്ഞു..അതാ ഞാൻ പറഞ്ഞേ അവളോട്‌ ദേഷ്യം ഒന്നും തോന്നരുതെന്നു…

ഞങ്ങൾക്കവൾ മകളാണ് ശ്രീ..2 മക്കളുണ്ടായിട്ടും തിരിഞ്ഞു നോക്കാത്ത അവർക്ക് പകരം ദൈവം തന്ന മകൾ…

അവളുടെ വീട്ടിലെ കാര്യമൊക്കെ കഴിഞ്ഞു എന്നും വരും വീട്ടിൽ…. ആർക്കുംവേണ്ടാത്ത ഈ കിഴവനെയും കിഴവിയെയും സന്തോഷിപ്പിക്കാൻ..കുറച്ചു നേരം കൂടെയിരുന്നു സ്നേഹം പകരാൻ..

പിന്നെ അവളുടെ അവസ്ഥ…അതും സങ്കടപ്പെടുത്തുന്നതാണ്…ശിവൻ…അവൻ ഭാനുമതിയുടെ ആങ്ങളയുടെ മകനാണ്…ചെറുപ്പത്തിലേ അവന്റെ അമ്മ മരിച്ചതാണ്..അച്ഛന്റെയും രണ്ടാനമ്മയുടെയും ഇടയിൽ വളർന്നവൻ..അതിന്റെയെല്ലാം പോരായ്മകൾ അവനിലുണ്ട്…എല്ലാ കൊള്ളരുതായ്മകളും…ഇനി അവനെ നേരെയാക്കാനോന്നും പറ്റില്ല..

ചെറിയ പ്രായം മുതലേ സേതുവിന്റെ പുറകെയാ…കല്യാണം കഴിക്കണം എന്നും പറഞ്ഞു അവളെ ഉപദ്രവിക്കാനൊക്കെ തുടങ്ങിയപ്പോൾ സമയമാകുമ്പോൾ കെട്ടിച്ചു കൊടുക്കാം എന്നൊരു വാക്ക് കൊടുക്കേണ്ടി വന്നു അവനു…അതിനു മുന്നിട്ട് നിന്നത് ഞാനാ…അവന്റെ ശല്യം ഒഴിവാക്കാനായി അന്നങ്ങനെ പറയേണ്ടി വന്നു…പക്ഷെ ഇപ്പൊ കല്യാണത്തിനുള്ള സമായമായില്ലേ എന്നും ചോദിച്ചു ബഹളം തുടങ്ങീട്ടുണ്ട്…ശ്രീധരൻ ഒരു സാധുവാ…അവനെക്കൊണ്ടു ശിവനെ എതിരിടാനൊന്നും പറ്റില്ല…മകളെയോർത്തു വിഷമിക്കാനെ അവനു നേരമുള്ളൂ…ഭാനുവാണെങ്കിൽ കിടന്ന കിടപ്പിലും..എന്തെങ്കിലും കംപ്ലെയിന്റു കൊടുക്കാമെന്നു വിചാരിച്ചാൽ പൊലീസുകാരിൽ പലരും ഇവന്റെ കയ്യിലാ…

അവൾ…സേതു..അവളിപ്പോൾ എല്ലാം അംഗീകരിച്ച മട്ടിലാ..അവളുടെ വിധി ഇതാണെന്നു..അവൾക്കു സമ്മതമാത്രേ കല്യാണത്തിന്…എന്നാലെങ്കിലും പ്രശ്നങ്ങൾ തീരുമല്ലോ എന്നാണവൾ പറയുന്നത്…

ബാലൻ മാഷ് പറഞ്ഞു നിർത്തി..

ശ്രീ മാഷേ നോക്കി…

“ജോലി നഷ്ടപ്പെടാൻ കാരണം അവളാണ് എന്നൊന്നും ഞാൻ കരുതുന്നില്ല മാഷേ..അതു ഓരോ വിധിയല്ലേ…നമ്മുടെ കയ്യിൽ എത്തിച്ചേരേണ്ടതാണെങ്കിൽ അതു എന്നായാലും എത്തിച്ചേരും…കാലം ചേർത്തു വെച്ചോളും മാഷേ നമുക്ക് വന്നു ചേരേണ്ടതൊക്കെ…ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും ഒന്നും മനുഷ്യർ കൊണ്ടു നടക്കാതിരിക്കുന്നതാണ് നല്ലത്..പ്രകൃതിക്കറിയാം ആർക്കെന്താണ് നല്കേണ്ടതെന്ന്..അതിനനുസരിച്ചു കാലവുമായി ചേർന്നു പ്രകൃതി അതു നല്കിയിരിക്കും…ചിലത് നഷ്ടപ്പെടുത്തേണ്ടിയും വരും..അതാ ഞാൻ പറഞ്ഞത് ..സ്വപ്നങ്ങളും പ്രതീക്ഷകളും ഇല്ലാതിരിക്കുന്നതാണ് നല്ലതെന്ന്..കിട്ടാതിരിക്കുമ്പോൾ സങ്കടപ്പെടേണ്ടി വരില്ല…മനുഷ്യൻ ഈ പ്രപഞ്ചസത്യങ്ങൾക്കു മുന്നിലൊക്കെ നിസ്സഹായനാണ് മാഷേ…”

“പിന്നെ എന്റെ മുന്നിലിപ്പോൾ മറ്റൊന്നുമില്ല…വയ്യാത്ത അച്ഛനും കണ്ണീർ വാർക്കുന്ന അമ്മയും ല ച്ചുവിന്റെ പഠിപ്പും,വിവാഹവും …ഇതു മാത്രേ ഉള്ളൂ…

അവൾ മാഷിനോട് പറഞ്ഞിട്ടുണ്ടോ എന്നറിയില്ല..ചെറിയൊരിഷ്ടം തോന്നിയിരുന്നു എനിക്കവളോട്..അവൾക്കു താൽപര്യമില്ല എന്നു പറഞ്ഞപ്പോൾ ഞാനത് വേണ്ടെന്നു വെച്ചു..

പിന്നെ ശിവനെ എനിക്ക് നേരത്തെ പരിചയമൊന്നുമില്ല..പക്ഷെ ഇവിടെ വന്നയന്നു മുതൽ അവൻ എന്റെ പുറകെയാ…പ്രശ്നങ്ങൾ ഉണ്ടാക്കാനായിട്ടു ഇങ്ങോട്ട് വരുവായിരുന്നു…

മാഷിന് അറിയോ…ശിവന്റെ നേരെ ഞാൻ കത്തിയോങ്ങിയത് കണ്ടല്ല..എന്റച്ഛന്റെ നെഞ്ചുപൊട്ടിയത്..ആൾക്കൂട്ടത്തിൽകൂടെ നിന്ന ആരോ ശ്രീ സേതുവിനെ കേറിപ്പിടിച്ചതിനാ ശ്രീയും ശിവനും കൂടി വഴക്കിടുന്നത് എന്നു പറയുന്നത് കേട്ടിട്ടാ…. അവൾ പടവിൽ നിന്നു വീഴാൻ പോയപ്പോൾ വീഴാതിരിക്കാനായി ഞാൻ പിടിച്ചു എന്നുള്ളത് നേരാ…പക്ഷെ അത് മറ്റൊരർഥത്തിലല്ല….അവൾ ഇങ്ങനൊക്കെ പറഞ്ഞപ്പോൾ ഞാനത് കളിയായി എടുത്തതെയുള്ളൂ..പക്ഷെ ഇപ്പോൾ ആൾക്കാരുടെ മുന്നിൽ വെച്ചു ശിവൻ….അവനോടിങ്ങനെയൊക്കെ ആരു പറഞ്ഞു..?വന്ന അന്ന് മുതൽ അവൻ എന്നോട് കലിപ്പ് കാണിക്കുന്നത് ആര് പറഞ്ഞിട്ടാ..”??

“പോട്ടെ മാഷേ…”ശ്രീ പോകാനായി ഇറങ്ങി…

“ശ്രീ..സേതുവാണ് ശിവനൊടിതോക്കെ പറഞ്ഞതെന്നാണോ നീ കരുതുന്നെ..”

“എനിക്കറിയില്ല മാഷേ…അറിയുകയും വേണ്ടാ…ഞാൻ പറഞ്ഞല്ലോ..നെഞ്ചു തകർന്ന അച്ഛൻ മാത്രമേ ഇപ്പോൾ കണ്മുന്നിലുള്ളൂ…”

💦💦💦💦💦💦💦💦💦💦💦💦💦

“മേടമാസത്തിലെ കാർത്തിക ….”
ശ്രീയുടെ ജന്മദിനമാണ് ഇന്ന്…

മഹാദേവന്റെ നടയിലൊരു നക്ഷത്രപൂജയും പാൽപായസവും…
വീട്ടിൽ എല്ലാവരും ചേർന്ന് ഇലയിട്ടൊരു സദ്യയും.. ഡേവിച്ചനും ഫൈസിയും കൂടെ കാണും..
അത്താഴത്തിനു ഗീതേച്ചിയും സുകുമോളും കാണും…

അന്നും ശ്രീ രാവിലെ കുളിച്ചുതൊഴാനായി മഹാദേവന്റെ നടക്കൽ ചെന്നു…

ചീട്ടെടുത് വഴിപാട് എഴുതിച്ചു..നക്ഷത്രപൂജയുടെ രശീത് നടക്കലും..പാൽ പായസത്തിനുള്ള പാത്രം തിടപ്പള്ളിയിൽ കൊണ്ടുവെച്ചു…
ചുറ്റും തൊഴുതു കൊണ്ടിരിക്കുമ്പോൾ നടയിൽ നിന്നും തിരുമേനി പേര് വിളിക്കുന്നത് കേട്ടു…

“ശ്രീഹരി…കാർത്തിക..”

വഴിപാട് വാങ്ങുവാനായി പാതിഅഴിച്ചിട്ട ഷർട്ടിൽ തെരുപ്പിടിച്ചു കൊണ്ട് അവൻ നടയിലേക്ക് നടന്നു…

💥ഒരു നിമിഷം നിന്നുപോയി ശ്രീ…💥

തൂണിന്റെ മറവിലേക്ക് മറഞ്ഞു നിന്നവൻ നടയിലേക്ക്നോക്കി…

“ശ്രീഹരി..കാർത്തിക..പുഷ്പാഞ്ജലിയല്ലേ കുട്ടീ…അവലും പഴവും നിറച്ച ഇലയ്ക്കുമുകളിൽ കളഭവും ഭസ്മവും പൂഷ്പങ്ങളും വിതറിയ മറ്റൊരു ഇലച്ചീന്തു കൂട്ടിപ്പിടിച്ചു സേതുവിന്റെ കയ്യിലേക്ക് വെച്ചുകൊടുക്കുന്ന തിരുമേനി…

വാങ്ങിയശേഷം ദക്ഷിണ നൽകി പ്രസാദം നെഞ്ചോടു ചേർത്തു വെച്ചു മിഴികൾ കൂപ്പി നിൽക്കുന്ന സേതു…

“സമയം വളരെ മോശമാണ്..ദൈവാധീനം കുറവ്…അനർത്ഥങ്ങൾ ഇങ്ങോട്ടു തേടി വരും…വളരെ സൂക്ഷിക്കാൻ പറയണം ആളോട്…”തിരുമേനി അത്യന്തം ഗൗരവത്തോടെ അവളെ നോക്കി പറഞ്ഞു…

“ശരി…പറയാം”…അവൾ തലയാട്ടി….

ശ്രീ സൈഡിലുള്ള വാതിലിലൂടെ പുറത്തിറങ്ങി…മുൻവശത്തേക്ക് നോക്കി…

ഇലച്ചീന്തിൽ നിന്നു കളഭവും,ഭസ്മവും എടുത്തു നെറ്റിയിൽ വരച്ചു..അതിലെ ഒരു അരളിയിതളും തുളസിയിലയും കൂടി എടുത്തു മുടിയിൽ തിരുകി..
ഒരു കയ്യിൽ ഇലച്ചീന്തിൽ പ്രസാദവും പിടിച്ചു മറുകൈ നെഞ്ചിൽ തൊട്ട് ഒരിക്കൽ കൂടി ദേവനെ തിരിഞ്ഞു നിന്നു തൊഴുത്..കൊടിമരത്തിനഗ്രത്തെക്കും നോക്കി കണ്ണുകളടച്ചു..കാപ്പിപൊടി നിറത്തിലെപാവാടതുമ്പു ഒരല്പം ഉയർത്തിപ്പിടിച്ചു മഞ്ഞദാവണി ചുറ്റി പടവുകളിറങ്ങുന്നു അവൾ…!!!!

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

അന്ന് ക്ലാസ്സുള്ള ദിവസമായിരുന്നു..

സേതുവിന്റെ ക്ലാസ്സിന്റെ ഇൻചാർജ് ശ്രീക്കാണ്..

കണക്കാണ് അന്നത്തെ വിഷയം…

ചെയ്യാനുള്ള രീതി പറഞ്ഞുകൊടുത്തു നാലഞ്ചേണ്ണം ചെയ്തു കാണിച്ചിട്ട് കുറച്ചു കണക്കുകൾ സ്വയം ചെയ്യാൻ ഇട്ടു കൊടുത്തു ശ്രീ..

എല്ലാവരും ചെയ്യുകയാണ്…

ശ്രീ അൽപസമയം കൈമുട്ട് മേശയിലൂന്നി കൈക്കുമ്പിളിൽ താടി വെച്ചു കണ്ണുകളടച്ചിരുന്നു…

കുറച്ചു നിമിഷങ്ങൾക്ക് ശേഷം കണ്ണുകളുയർത്തിയപ്പോൾ നോട്ടം ചെന്നത് സേതുവിന്റെ മുഖത്തേക്ക് ആണ്..

അവനെ തന്നെ നോക്കിയിരിക്കുകയായിരുന്നു അവൾ…

ഒരു നിമിഷം ശ്രീയും അവളുടെ മുഖത്തു നിന്നു കണ്ണെടുത്തില്ല…

രാവിലെ തൊട്ട കളഭകുറിയും ഭസ്മക്കുറിയും അതു പോലെ തന്നെ നെറ്റിതടത്തിൽ പറ്റിപ്പിടിച്ചിരിപ്പുണ്ട്…

അല്പം വിഷാദം നിറഞ്ഞ നോട്ടം….

പെട്ടെന്ന് ശ്രീ നോട്ടം മാറ്റി ക്ലാസ്സിനു പുറത്തേക്കു പോയിക്കളഞ്ഞു…

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ഇന്റർവ്വൽ സമയം…

ഒട്ടുമിക്ക കുട്ടികളും പുറത്തേക്കു പോയി…

സേതു ക്ലാസിൽ തന്നെയിരിക്കുകയായിരുന്നു…ജാൻസിയുമുണ്ട് അടുത്തു…ഫോൺ നോക്കുന്നു…

അവരുടെ ക്ലാസ്സിനു തൊട്ടു മുന്പിലായി ബാങ്ക് കൊച്ചിങ്ങിലെ കുറച്ചു പെണ്കുട്ടികൾ കൂട്ടം കൂടി നിൽപ്പുണ്ടായിരുന്നു…

അപ്പോഴാണ് ആ വഴി ശ്രീ വന്നത്…

“ശ്രീഹരി സാർ..ബെർത്ഡേ വിഷസ്…കൂട്ടത്തിൽ ആരോ പറയുന്നു..

സേതു ഒന്നു പതിയെ തലയുയർത്തി നോക്കി..

ക്ലാസ്സ്റൂമിന്റെ ഭിത്തിയുടെ മുകൾ ഭാഗം ഗ്രിൽ ആയതു കൊണ്ട് പുറത്തുള്ളവരെ കാണാൻ പറ്റും..

ശ്രീ അവരെ നോക്കി ചിരിച്ചു കൊണ്ടു ചോദിച്ചു…

“ഓ.. അനു പറഞ്ഞായിരിക്കും അല്ലെ..?എന്നിട്ട് അവളെവിടെ..?”

“അനുപമ ക്ലാസ്സിൽ ഉണ്ട്..”ആരോ പറഞ്ഞു..

“ചെലവ് വേണം…കൂട്ടത്തിൽ നിന്ന വർഷ പറഞ്ഞു..”

“ആയിക്കോട്ടെ… നാളെ വാങ്ങി തരാം…”അവൻ നടന്നു നീങ്ങി…

സേതുവിന്റെ മനസ്സിൽ ഒരു കൊളുത്തു വീണു..

“ഇതാരാ ഇപ്പൊ ശ്രീയേട്ടന്റെ പിറന്നാൾ അറിയാവുന്ന ഒരാൾ ഇവിടെ..”അവൾക്കെന്തോ വല്ലാത്ത സങ്കടം തോ

💥💦💥💦💥💦💥💦💥💦💥💦💥

അത്താഴ സമയം…

ശ്രീ ഉച്ചക്ക് വീട്ടിലില്ലാതിരുന്നതിനാൽ ഡേവിച്ചനും ഫൈസിയും അപ്പോഴാണ് വന്നത്..

ഗീതേച്ചിയും സുകുമോളും അവിടേതന്നെയുണ്ടായിരുന്നു…

കൂട്ടുകാർക്കൊപ്പം ശ്രീ ഭക്ഷണം കഴിച്ചെങ്കിലും ഗീതേച്ചിയും അമ്മയുമൊക്കെയിരുന്നപ്പോൾ അവരുടെയൊപ്പം വെറുതെ തീന്മേശയിലിരുന്നു…

“കേട്ടോ സുമേച്ചി…ശ്രീയുടെ സമയം തീരെ നല്ലതല്ല…സമയദോഷം ആണ് അവനു..”

ഗീതയുടെ പറച്ചിൽ കേട്ടു ശ്രീ ഗീതയുടെ മുഖത്തേക്ക് നോക്കി…

“അനർത്ഥങ്ങൾ ഇങ്ങോട്ടു തേടി വരുന്ന സമയമാ..”

“എന്നാര് പറഞ്ഞു ഗീതേച്ചിയോട്”…അവൻ ചോദിച്ചു..

“അല്ല..ഞാൻ പൊതുവെ പറഞ്ഞതാ…കാർത്തികക്കാർക്ക് ഇപ്പൊ സമയം തീരെ നന്നല്ല…ദൈവാധീനം കുറവുള്ള സമയം…”അവൾ വിക്കി…

“ആയിക്കോട്ടെ..ഈ കളി എവിടെ വരെ പോകും എന്ന് നമുക്ക് നോക്കാം…”

പറഞ്ഞു കൊണ്ട് ഒരു ഗൂഢസ്മിതത്തോടെ ശ്രീ അവിടെ നിന്നും എഴുന്നേറ്റു….

കാത്തിരിക്കുമല്ലോ💕

തുടരും….

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ശ്രീയേട്ടൻ… B-Tech : PART 1

ശ്രീയേട്ടൻ… B-Tech : PART 2

ശ്രീയേട്ടൻ… B-Tech : PART 3

ശ്രീയേട്ടൻ… B-Tech : PART 4

ശ്രീയേട്ടൻ… B-Tech : PART 5

ശ്രീയേട്ടൻ… B-Tech : PART 6

ശ്രീയേട്ടൻ… B-Tech : PART 7

ശ്രീയേട്ടൻ… B-Tech : PART 8

ശ്രീയേട്ടൻ… B-Tech : PART 9

Share this story