ശ്രീയേട്ടൻ… B-Tech : PART 11

ശ്രീയേട്ടൻ… B-Tech : PART 11

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

ഇടവമാസം ആരംഭിച്ചു..മൂടിക്കെട്ടലും ഇളം വെയിലുമായി ഇടവം അങ്ങനെ തെന്നിനീങ്ങുകയാണ്…വൈകിട്ട് ആറുമണിയാകുമ്പോഴെയുള്ള ഇരുളിമയിൽ മഴച്ചാറ്റിൽ പൊതിഞ്ഞ നനുതണുപ്പും ഉണ്ടാവും..

ഒരു ബുധനാഴ്ച ദിവസം psc കോച്ചിങ് സെന്ററിൽ…

ക്ലാസ് കഴിഞ്ഞു പോരാൻ നേരം ജാൻസിയെ കാത്തു നിൽക്കുകയാണ് സേതു..

ജാൻസി psc ബുള്ളറ്റിൻ മേടിക്കാൻ സ്റ്റാഫ് റൂമിൽ നിൽക്കുകയാണ്..

അപ്പോഴാണ് ബാങ്ക് കോച്ചിങ്ങിലെ ഒരു പെണ്കുട്ടി വന്നു പാർക്കിങ് ഏരിയ യിൽ നിന്നു സ്‌കൂട്ടി സ്റ്റാർട് ചെയ്തത്..

എത്ര സ്റ്റാർട് ചെയ്തിട്ടും അതു സ്റ്റാർട്ടാവുന്നില്ലായിരുന്നു…

സേതു ആ പെണ്കുട്ടിയെ നോക്കി..അല്പം മോഡേണ് ആണ്..ജീൻസും ടോപ്പും ആണ് വേഷം..തോളൊപ്പം കിടക്കുന്ന മുടി സ്മൂതെന് ചെയ്തിട്ടിട്ടുണ്ട്…വെളുത്തിട്ടാണ്..നല്ല ഭംഗിയുള്ള മുഖം..

“ഗോഡ്.. ഇനീയിപ്പോ എന്തു ചെയ്യും..”അവൾ വിഷണ്ണയായി അതിന്റെ ഹാന്റിലേക്കു കൈമുട്ടൂന്നിയിരുന്നു…

അപ്പോഴാണ് ശ്രീ ആ വഴി ബുള്ളറ്റുമായി വന്നത്..

“ഓയ് ..ഇങ്ങോട്ടൊന്നു വന്നേ..”അവൾ ശ്രീയെ വിളിച്ചു..

എന്തുപറ്റി എന്നു ശ്രീ വണ്ടിയിലിരുന്നു തന്നെ ചോദിച്ചു..

“പണിമുടക്കി”അവൾ സ്‌കൂട്ടീ തൊട്ടുകാണിച്ചു കൊണ്ടു പറഞ്ഞു..

ശ്രീ ബുള്ളറ്റിൽ നിന്നിറങ്ങി ചെന്നു അവളുടെ സ്‌കൂട്ടീ നോക്കി..സെല്ഫ് സ്റ്റാർട്ട് ചെയ്തിട്ടും ചവിട്ടി സ്റ്റാർട്ട് ചെയ്തിട്ടൊന്നും അത് സ്റ്റാർട്ട് ആയില്ല..

“സാരമില്ല..ഇവിടെ പൂട്ടി വെച്ചേക്കു..ഞാൻ നാളെ വരുമ്പോൾ മെക്കാനിക്കിനെ വിളിക്കാം…ഇപ്പൊ സമയം വൈകിയില്ലേ..താമസിക്കും..ഒരു മഴക്കോളും ഉണ്ട്..
നീ വാ..ഞാൻ ഡ്രോപ്പ് ചെയ്യാം..”ശ്രീ അവളെ വിളിച്ചു..

അവൾ വന്നു ശ്രീയുടെ ബുള്ളറ്റിൽ കയറിയിരുന്നു..ശ്രീ വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു…

“ബൈ..അനുപമാ…”പുറകിൽ നിന്നു രണ്ടു പെണ്കുട്ടികൾ വിളിച്ചു പറഞ്ഞു..

സേതു മിഴികളുയർത്തി അനുപമയെ നോക്കി…

“ബൈ..”അനുപമ തിരിഞ്ഞു അവരെ കൈവീശി കാണിച്ചു..

സേതുവിനെന്തോ നെഞ്ചിൽ ഒരു ഭാരം അനുഭവപ്പെട്ടു…വളരെ ഇഷ്ടപ്പെട്ടതെന്തോ കളഞ്ഞു പോയ പോലെ..ആരോ കയ്യിൽ നിന്നും പിടിച്ചു പറിച്ചെടുത്ത പോലെ..കയ്യിൽ നിന്ന് വീണ് തരിതരിയായി പൊട്ടിയുടഞ്ഞ പോലെ..

ഇതൊന്നുമല്ലല്ലോ…താൻ തനിയെ വലിച്ചെറിഞ്ഞു കളഞ്ഞതല്ലേ ആ വിലപ്പെട്ട നിധിയെന്നും ഒരു വേള അവൾ ഓർത്തു..

പെയ്യാനൊരുങ്ങിയ കണ്ണീർമഴയെ അതിനനുവദിക്കാതെ വിദഗ്ധമായി ഒളിപ്പിച്ചു ജാൻസിയുടെ കൂടെ അവൾ ബസ് സ്റ്റാണ്ടിലേക്കു നടന്നു..

വെള്ളിയാഴ്ച…

സേതുവിനൊക്കെ അന്ന് ശ്രീയുടെ ക്ലാസ് ഇല്ല…മറ്റൊരു ക്ലാസ് ആണ്..

അന്ന് ഫുൾ ബാങ്ക്കാർക് ആയിരുന്നു ശ്രീ..

ക്ലാസ് കഴിഞ്ഞിറങ്ങുമ്പോൾ psc കാർക്ക് നാളെയും ക്ലാസ് ഉണ്ടെന്നു സ്റ്റാഫ്‌റൂമിൽ നിന്നും അറിയിച്ചു..സാധാരണ അവർക്ക് ശനിയാഴ്ച ക്ലാസ് ഇല്ലാത്തതാണ്..

ഗേറ്റ് കടക്കുന്ന നേരം സ്‌കൂട്ടീ യുമായി പുറത്തേക്കിറങ്ങുന്ന അനുപമയെ തടഞ്ഞു നിർത്തി അവളുടെ ഫ്രണ്ട് വർഷ പറഞ്ഞു

“ഡാ.. നാളെ പൊളിച്ചെക്കണം..നല്ല സുന്ദരിയായി നിന്നെക്കണം കേട്ടോ..”

“ഓ.. എന്തൊരുങ്ങാനാ..എന്നെ കാണാത്ത ആളൊന്നുമല്ലല്ലോ..പിന്നെ പേരിനൊരു പെണ്ണുകാണൽ …അത്രേയുള്ളൂ..”

“കഴിയുമ്പോൾ വിളിച്ചു ന്യൂസ് തന്നെക്കണേ…”വർഷ പറഞ്ഞു കൊണ്ട് നടന്നു നീങ്ങി..

റോഡ് ക്രോസ്സ് ചെയ്യാൻ നിന്ന സേതു അതു കേട്ട് ആശ്വസിച്ചു…എന്തിനോ ഒരു പുഞ്ചിരി അവളുടെ അധരത്തിൽ പൂത്തു..

*****

പിറ്റേ ദിവസം…
രാവിലെ എഴുന്നേറ്റ് മുറ്റമടിച്ചു കൊണ്ടിരുന്നപ്പോഴാണ് ഗീത ,പതിവിനു വിപരീതമായി തിരക്കിട്ടു പണികൾ തീർക്കുന്ന സുമംഗലയെ കണ്ടത്..

“എന്താ സുമേച്ചി..ഇന്നെവിടെങ്കിലും പോകുന്നുണ്ടോ..?”

“ആം..നിന്നോടിന്നലെ പറയാൻ മറന്നു..ഞങ്ങൾക്കിന്നു ഒരു പെണ്ണുകാണ്ലുണ്ട്…”

സുമാമ്മയുടെ ആ വർത്തമാനം കേട്ടുകൊണ്ടാണ് സുകുമോൾ കണ്ണും തിരുമ്മി എഴുന്നേറ്റു വന്നത്…

“ആണോ സുമാമ്മേ ..എവിടെയാ..”?

“സുകു…നിന്നോട് പറഞ്ഞിട്ടില്ലേ വലിയവർ സംസാരിക്കുന്നതിന്റെ ഇടയിൽ കയറരുതെന്നു..”ഗീത അവളെ ശാസിച്ചു അകത്തേക്കയച്ചു..

അതു കൊണ്ടു തന്നെ അവർ ബാക്കി പറഞ്ഞതൊന്നും അവൾ കേട്ടില്ല…

**

പതിനൊന്നു മണി കഴിഞ്ഞപ്പോൾ സേതു ബസ് സ്റ്റാൻഡിൽ എത്തി..ജൻസിയുമുണ്ട് കൂടെ..ശനിയാഴ്ച ആയതു കൊണ്ട് ഇത്തിരി തിരക്കുണ്ടാകും…

ബസ് എടുത്തിട്ടില്ലാത്തതിനാൽ അവർ പുറത്തു തന്നെ നിന്നു..
കുറച്ചു കഴിഞ്ഞപ്പോൾ സുകുമോളും എത്തി..ശനിയാഴ്ച ദിവസങ്ങളിൽ അവൾ ടൗണിൽ ഡാൻസ് ക്ലാസ്സിൽ പോകുന്നുണ്ട്…

മൂവരും കൂടി വർത്തമാനം പറഞ്ഞു നിന്നപ്പോഴാണ് ഒരു കാറിൽ ശ്രീയും അമ്മയും കൂടി പോകുന്നത് കണ്ടത്..

സുകുമോൾ ശ്രീയെ നോക്കി കൈകാണിച്ചു…അവൻ തിരിച്ചും..

“ഇന്ന് ശ്രീയേട്ടൻ ഉണ്ടാവില്ലെന്ന് തോന്നുന്നു…”ജാൻസി പറഞ്ഞു

അപ്പോഴേക്കും ബസ് സ്റ്റാർട് ചെയ്തിട്ടു..

മൂവരും കൂടി ബേസിൽ കയറി…

ഇരുന്നു കഴിഞ്ഞപ്പോൾ സുകുമോൾ പറഞ്ഞു..

“ശ്രീയേട്ടൻ പെണ്ണുകാണാൻ പോകുവാ”…

“ങ്ഹേ…”ജാൻസി അന്തം വിട്ടു..”എന്നിട്ട് ഡേവിചായൻ ഒന്നും പറഞ്ഞില്ലല്ലോ…”

സേതുവിന് നെഞ്ചിൽ ഒരു ഇടിവെട്ടിയത് പോലെയാണ് തോന്നിയത്…

ബസിലെ മുൻവശത്തെ സീറ്റിന്റെ കമ്പിയിൽ അവൾ ബലമായി പിടിച്ചു..

°°°°അപ്പോൾ അനുപമ..പറഞ്ഞ പെണ്ണുകാണൽ …ശ്രീയേട്ടനാരുന്നോ…ശരിയാ…അനുപമ പറഞ്ഞതവൾ ഓർത്തു..”കണ്ടിട്ടുള്ള ആളല്ലേ..എന്തൊരുങ്ങാനാ..”°°°

അവളുടെ കണ്ണുകൾ തിളച്ചു മറിഞ്ഞു..

വെറുതെ എന്തൊക്കെയോ സ്വപ്നം കണ്ടു..

“സ്നേഹിക്കാൻ ഒരാളുണ്ടാവുമെന്നു..”
“കൂടെ ചേർത്തു നിർത്തി സങ്കടം ഒപ്പിതരുമെന്നു..”
“ഞാനുണ്ട് കൂടെ…എന്നു പലവട്ടം പറഞ്ഞു ആ നെഞ്ചോടു ചേർക്കുമെന്നു…”

ഒക്കെ നഷ്ടസ്വപ്നങ്ങളായല്ലോ…

അവൾ തലയിൽ കൈ താങ്ങി തല കുനിച്ചിരുന്നു…

പെട്ടെന്ന് ബസ് നീങ്ങിത്തുടങ്ങി..

സേതു ചാടിയെഴുന്നേറ്റു…”ജാൻസി..എനിക്ക് വയ്യ..തലവേദനയെടുക്കുന്നു..ഞാൻ ഇറങ്ങുവാ..”പറഞ്ഞു കൊണ്ടവൾ മുന്നോട്ടു നീങ്ങി..

“ഇറങ്ങണം…”

അവളെ അറിയാവുന്നത് കൊണ്ടു കണ്ടക്ടർ ബെല്ലടിച്ചു…

“സേതുവേച്ചീ…എന്താ പറ്റിയെ..”സുകുമോൾ തല വെളിയിലേക്കിട്ടു കൊണ്ട് ചോദിച്ചു..

ഒന്നൂല്ല..എന്നു സേതു ചുമൽ കൂച്ചി കാണിച്ചെങ്കിലും ആ കണ്ണുകൾ കലങ്ങിയിരിക്കുന്നത് സുകുമോൾ കണ്ടു…

അവൾ സങ്കടത്തോടെ സേതു നടന്നകലുന്നത് നോക്കിയിരുന്നു…

***

വൈകുന്നേരം അഞ്ചിന് ടൗണിൽ നിന്നു പുഴക്കരയിലേക്കുള്ള കാശിനാഥനിൽ കയറിയിരിക്കുകയാണ് ശ്രീ…

അപ്പോഴാണ് ക്ലാസ് കഴിഞ്ഞു ജാൻസി വന്നു ബസിൽ കയറിയത്…

ശ്രീ അവളെ നോക്കി ചിരിച്ചു…

ആൾക്കാർ കയറി സീറ്റ് തീർന്നുകൊണ്ടിരിക്കുന്നത് കണ്ടു അവൾ വേഗം മുന്നിലുള്ള ഒരു സീറ്റിൽ പോയിരുന്നിട്ടു ശ്രീയെ തിരിഞ്ഞു നോക്കി..

അവൾക്കെന്തൊക്കെയോ ശ്രീയോട് ചോദിക്കണമെന്നുണ്ടായിരുന്നു…

അപ്പോൾ തന്നെ സുകുമോളും വന്നു..
അവൾ ശ്രീയുടെ കൂടെ കയറിയിരുന്നു..

ജാൻസി കയറിയിട്ടും കൂടെ സേതുവിനെ കാണാഞ്ഞു പതുക്കെ പുറത്തേക്കു നോക്കുകയായിരുന്നു ശ്രീ..

“ആരെയാ നോക്കുന്നെ..?”സുകുമോൾ ചോദിച്ചു..

അവൻ കണ്ണടച്ചു കാണിച്ചു..

“അതൊക്കെ പോട്ടെ എങ്ങനുണ്ടാരുന്നു പെണ്ണുകാണൽ..?”

“അടിപൊളി…”

“ഇഷ്ടപ്പെട്ടോ..”?

“ഓ.. ഇഷ്ടപ്പെട്ടല്ലോ…”

“സേതുവെച്ചിയേലും സുന്ദരിയാണോ..?”

അവൻ സുകുമോളെ ഒന്നു സൂക്ഷിച്ചു നോക്കി എന്നിട്ടു ചോദിച്ചു

“ആര്”??

“ശ്രീയേട്ടൻ കണ്ട പെണ്ണ്..”

“ഞാൻ കണ്ട പെണ്ണോ..?നിനക്കിതു എന്തു പറ്റിയെന്റെ സുകുമോളെ..”

“അപ്പൊ ശ്രീയേട്ടൻ പെണ്ണുകാണാൻ പോയതല്ലേ…?

“പെണ്ണുകാണൽ അല്ല..ചെറുക്കൻ കാണൽ”ശ്രീ ചിരിച്ചു..

“എന്തുവാ ശ്രീയേട്ട…ഒന്നു തെളിച്ചു പറ…”സുകുമോൾ അക്ഷമയായി..

“ഡീ.. പോത്തെ..നിനക്കു വിച്ചുവെട്ടന്റെ അനിയത്തി അനുചേച്ചിയെ അറിയില്ലേ..അനുപമ..സുമംഗലാമ്മയുടെ ചേട്ടന്റെ മോള്..ടൗണിൽ വീടുള്ള..നീയെന്റെ കൂടെ അവിടെ വന്നിട്ടുള്ളതല്ലേ…”?

“അതേ…അവിടെന്താ…”?

“അനുവിനെ പെണ്ണുകാണാൻ ഇന്ന് ഒരാൾ വരുന്നുണ്ടായിരുന്നു…അവളുടെ കൂടെ ബാംഗ്ലൂർ പടിച്ചതാ…അവൾ മാത്രമല്ലേ കണ്ടിട്ടുള്ളൂ..ഞങ്ങളാരും കണ്ടിട്ടില്ലല്ലോ…അതു കൊണ്ടു ചെറുക്കനെ കാണാൻ പോയതാ..ഇപ്പൊ മനസിലായോഡീ പൊട്ടീ…”അവൻ അവളുടെ മൂക്കിൽ പിടിച്ചു വലിച്ചു…

“ശ്ശൊ…”സുകുമോൾ സ്വയം തലയ്ക്കിട്ടു ഒരു കൊട്ടു കൊടുത്തിട്ട് കുനിഞ്ഞിരുന്നു..

“എന്താടീ…അതു പോട്ടെ രാവിലെ നിന്റെ സേതുവേച്ചീ കൂടെ ഉണ്ടായിരുന്നല്ലോ..എന്നിട്ടിപ്പൊ അവളെവിടെ..”അവൻ ചോദിച്ചു…

“അതാ..ഞാൻ ശ്ശൊ ന്നു പറഞ്ഞേ..”

സുകുമോൾ ശ്രീയുടെ ചെവിയുടെ അടുത്തു വന്നു പതിയെ പറഞ്ഞു..”ശ്രീയേട്ടൻ പെണ്ണ്കാണാൻ പോയെന്നാ ഞാൻ വിചാരിച്ചത്…അത് ഞാൻ സേതുവെച്ചിയോട് പറഞ്ഞു…ചേച്ചിക്ക് സങ്കടമായെന്നു തോന്നുന്നു…തലവേദനയാണെന്നും പറഞ്ഞു ബസിൽ നിന്നിറങ്ങി പോയി…”

“ഓഹോ…അങ്ങനോക്കെയാണോ കാര്യങ്ങൾ..”അവൻ സുകുമോളെ നോക്കി പതിയെ മീശപിരിച്ചു കാണിച്ചു…

അവന്റെ കണ്ണുകളിലെ നറു തിളക്കം ചുണ്ടിലെ പുഞ്ചിരിയിലേക്കു വഴി മാറി..

‘കാശിനാഥനിൽ ‘അപ്പോൾ ഇട്ടിരുന്ന പ്രണയഗാനം ആ പുഞ്ചിരിക്ക് ആക്കം കൂട്ടി…

കണ്ണുകൾ അടച്ചു കൈകൾ കെട്ടി ശ്രീ സീറ്റിലേക്ക് ചാഞ്ഞുകിടന്നു…

പുറത്തു ഇടവപ്പാതിയുടെ കിലുകിൽ ശബ്ദം നേർത്തു കേട്ടു തുടങ്ങി…പിന്നെയതൊരു ചിലങ്കധ്വനിയായി മാറി…

ഒട്ടുമിക്കപെരും ഷട്ടർ താഴ്ത്തിയിരുന്നപ്പോൾ ശ്രീ മാത്രം ആ മുത്തുമണികളെ തന്റെ മുഖത്തേക്ക് ആവാഹിച്ചു…

കൈപുറത്തേക്കിട്ടു മഴമുത്തുകളെ തട്ടിത്തെറുപ്പിച്ചു അവൻ..ഒരു വേള അത് തെറുപ്പിച്ചു സുകുമോളുടെ മുഖത്തേക്കിട്ടു കൊണ്ടു ചിരിച്ചു കാണിച്ചു…

“വട്ടായോ..”.എന്നവളുടെ ചോദ്യത്തിന് മുന്നിൽ കണ്ണിറുക്കി കാട്ടി ചിരിച്ചുകൊണ്ട് അവൻ വീണ്ടും മഴയിലേക്കിറക്കി തന്റെ മനസ്സിനെ…

ഇടറിയിരുന്ന ആ ഇടനെഞ്ചിലേക്ക് ഇടവത്തിലെ തൂവാനച്ചീളിന്റെ തണുപ്പ് അരിച്ചിറങ്ങുന്നുണ്ടായിരുന്നു…

***

ബസിറങ്ങിയപ്പോൾ അവൻ പറഞ്ഞു…
“ഞാനൊന്ന് വായനശാലയിൽ പോയിട്ട് വരാം..നീയൊന്നു സുമാമ്മയോട് പറഞ്ഞേക്കൂ…

വായനശാല എത്താറായപ്പോൾ ആരോ സൈക്കിളിൽ വന്നു അടുത്തു നിർത്തി…

തിരിഞ്ഞു നോക്കിയപ്പോൾ അപ്പൂട്ടൻ…

“ശ്രീയേട്ട..”സാധാരണ പോലെ കലിപ്പ് മൂടിലല്ല.. അല്പം ഗദ്ഗദത്തോടെയുള്ള വിളി…

“ആഹ്…ഇതാര് ലുട്ടാപ്പിയോ…”ശ്രീ അവന്റെ തോളിൽ കൈ വെച്ചു…

“ശ്രീയേട്ടൻ എന്നോട് ക്ഷമിക്കണം…ഞാൻ കാരണമാ അന്ന് ശിവേട്ടൻ ശ്രീയേട്ടനുമായി തല്ലുണ്ടാക്കിയത്…ശിവേട്ടൻ നിൽക്കുന്നത് കാണാതെയാ ഞാനന്ന് സേതുവെച്ചിയെ കയറിപ്പിടിച്ച ആൾ എന്നു പറഞ്ഞത്…”അവന്റെ കണ്ണു നിറഞ്ഞു..

“സാരമില്ല…പോട്ടെ…”ശ്രീ അവന്റെ ശിരസ്സിൽ തലോടി…

“അതിരിക്കട്ടെ…ഞാൻ അവളെ കയറി പിടിച്ചെന്നു സേതുവേച്ചീ നിന്നോട് പറഞ്ഞോ…”?

അപ്പൂട്ടൻ ഒന്നാലോചിച്ചു..എന്നിട്ട് പറഞ്ഞു..

“ഇല്ലാ…പക്ഷെ അങ്ങനെ പറഞ്ഞു പറ്റിക്കാം എന്നു പറഞ്ഞു…”

“ശരി…എന്നാൽ നീ വിട്ടോ…”സ്റീ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു..

ശ്രീ മുണ്ടിന്റെ ഒരറ്റം ഉയർത്തിപിടിച്ച്…മറുകൈ കൊണ്ടു തന്റെ സുന്ദരമായ താടിയിൽ ഒന്നു തടവി ചുണ്ടിന്റെ കോണിലെ പുഞ്ചിരിയെ നെഞ്ചിലേക്കാവാഹിച്ചു ആ കുളിർ്മഴയിൽ നിറമുള്ള ഓർമകൾ ചാലിച്ചു മെല്ലെ നടന്നു നീങ്ങി…

രണ്ടു കുഞ്ഞുഹൃദയങ്ങൾ തനിക്കായി ഇന്ന് ചെറു സന്തോഷം നല്കിയതോർത്ത്…..

കാത്തിരിക്കുമല്ലോ…

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ശ്രീയേട്ടൻ… B-Tech : PART 1

ശ്രീയേട്ടൻ… B-Tech : PART 2

ശ്രീയേട്ടൻ… B-Tech : PART 3

ശ്രീയേട്ടൻ… B-Tech : PART 4

ശ്രീയേട്ടൻ… B-Tech : PART 5

ശ്രീയേട്ടൻ… B-Tech : PART 6

ശ്രീയേട്ടൻ… B-Tech : PART 7

ശ്രീയേട്ടൻ… B-Tech : PART 8

ശ്രീയേട്ടൻ… B-Tech : PART 9

ശ്രീയേട്ടൻ… B-Tech : PART 10

Share this story