മിഥുനം: PART 14

മിഥുനം: PART 14

നോവൽ
****
എഴുത്തുകാരി: ഗായത്രി വാസുദേവ്

വിറയ്ക്കുന്ന കാലടികളോടെ ദേവു മിഥുന്റെ മുറിക്ക് നേരെ നടന്നു . ചാരിയിട്ട വാതിൽ തുറന്ന് ഉള്ളിലേക്ക് കയറിയതേ കണ്ടു കട്ടിലിൽ കിടന്നൊരു പുസ്തകം വായിക്കുന്ന മിഥുനെ. അവൾ പതിയെ കയ്യിലെ ഗ്ലാസ്‌ ടേബിളിനു മേൽ വെച്ചു.

അവൻ മുഖമുയർത്തി നോക്കാത്തതിനാൽ അവളവിടെ തന്നെ നിന്നു . താൻ വന്നത്പോലും അറിയാതെയുള്ള വായനയിൽ ആണെന്ന് കണ്ടതും ദേവു അവന്റെ കയ്യിലിരുന്ന പുസ്തകത്തിന്റെ പുറംചട്ട നോക്കി. “ചിദംബരസ്മരണ ” മ്മ് കൊള്ളാല്ലോ. മിഥുൻ സാർ ചുള്ളിക്കാട് ഫാൻ ആണെന്ന് തോന്നുന്നു.

ഒട്ടുനേരത്തിനു ശേഷം മിഥുൻ തലയുയർത്തി നോക്കിയപ്പോൾ ജനലിലൂടെ പുറത്തേക്ക് നോക്കി നിക്കുന്ന ദേവുവിനെ കണ്ടു. അവളുടെ മുടിയിലെ മുല്ലപ്പൂവും ടേബിളിലെ ഗ്ലാസും കണ്ടതോടെ മിഥുന് ദേഷ്യം വന്നു.

“ദേവികാ “അവന്റെ അലർച്ച കേട്ടതും ദേവു ഞെട്ടി തിരിഞ്ഞു നോക്കി.

“നീയെന്താ ഇവിടെ? ”

“അമ്മ പറഞ്ഞു ഇനിമുതൽ ഇവിടെ കിടക്കണം എന്ന്. പറ്റില്ലാന്ന് ഞാൻ എങ്ങനെയാ പറയുക.? ”

അത് കേട്ടതോടെ മിഥുൻ തെല്ലടങ്ങി. ശെരിയാണ് അമ്മയോടും വേറെ ആരോടും ഇത് എഗ്രിമെന്റ് കല്യാണം ആണെന്ന് പറയാൻ പറ്റില്ലല്ലോ.

ദേവുവിന്റെ പേടിച്ചു വിറച്ചുള്ള നിൽപ് കണ്ടതും മിഥുന് ചിരി വന്നെങ്കിലും അവനത് പുറത്ത് കാട്ടാതെ അവളെ അരികിലേക്ക് വിളിച്ചു. പതിയെ പതിയെ ദേവു അടുത്തേക്ക് വന്നതും മിഥുൻ അവന്റെ സൈഡിൽ കിടന്ന തലയിണ എടുത്തു അവൾക്ക് നേരെ എറിഞ്ഞു..

“ദാ ആ അലമാരയിൽ ഷീറ്റ് കാണും . അതെടുത്തു നിലത്തു കിടന്നോ. എന്റെയൊപ്പം കട്ടിലിൽ കിടക്കാനുള്ള മോഹം അങ്ങ് വാങ്ങിവെച്ചേക്ക് ”

“എനിക്കിവിടെ കിടക്കണമെന്നു യാതൊരു മോഹവുമില്ല ”
ദേവു ഷീറ്റെടുത്തു നിലത്തു വിരിച്ചു കിടന്നു.. രണ്ടാളുടെയും മനസ് അസ്വസ്ഥമായിരുന്നു. അതിന്റെ സൂചനയെന്നോണം പുറത്ത് നിന്നു ചീവീടിന്റെ ശബ്ദം ഉയർന്നു കേട്ടു .

മിഥുൻ കണ്ണുകളടച്ചു കിടന്നതും ദേവു പതിയെ കണ്ണുകൾ തുറന്നവനെ നോക്കി. ജനലിലൂടെ നിലാവെളിച്ചം അവന്റെ മുഖത്തിന്റെ പകുതി ഭാഗത്തേക്ക്‌ അടിക്കുന്നുണ്ടായിരുന്നു . മിഥുന്റെ ചുണ്ടുകൾ എന്തോ മന്ത്രിച്ചത്‌ ദേവു അറിഞ്ഞു. നിഹ എന്ന നാമം ആയിരിക്കുമതെന്ന് രണ്ടാമതൊന്നാലോചിക്കാതെ ദേവുവിന് മനസ്സിലായിരുന്നു.. തെല്ലുനേരത്തേക്ക് ദേവുവിന് നിഹയോട് അസൂയ തോന്നിപോയി .

ദേവുവിന്റെ കണ്ണിൽ നിന്നും ഒരിറ്റു തുള്ളി ഊർന്നു നിലത്തുവീണു. എത്രയൊക്കെ അടക്കി വെച്ചിട്ടും ദേവുവിനൊന്നു പൊട്ടിക്കരയാൻ തോന്നിപ്പോയി. പുതപ്പിന്റെ ഒരറ്റം വായിലേക്ക് തിരുകി വെച്ചവൾ തലയിണയിലേക്ക് മുഖം അമർത്തിവെച്ചു.. മിഥുൻ അപ്പോഴും അവന്റെ പ്രണയിനിയുടെ ഓർമകളിൽ ജീവിക്കാൻ ശ്രെമിക്കുകയായിരുന്നു.

“ജീവിക്കുന്ന ഓരോ നിമിഷവും ഞാൻ നിന്നെക്കുറിച്ചോർക്കുന്നു……
അല്ലെങ്കിൽ……
നിന്നെക്കുറിച്ചു ഓർക്കുന്ന നിമിഷങ്ങളിൽ
മാത്രമാണ് ഞാൻ ജീവിക്കുന്നത് ”
(മാധവിക്കുട്ടി)

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

പുലർച്ചെ എപ്പോഴോ ദേവു എണീറ്റു. ഇനിയും കിടന്നാൽ ശെരിയാവില്ലെന്ന് ഓർത്തുകൊണ്ട് അവൾ എണീറ്റ് കുളിച്ചു റെഡിയായി വന്നു പഠിക്കാൻ ഇരുന്നു. രാധിക എഴുന്നേറ്റതും ദേവു പോയി ചായ ഇട്ടു രാധികക്കും മാധവനുമുള്ളത് കൊടുത്തു. കുറച്ചു സമയം അടുക്കളയിൽ സഹായിച്ചതിന് ശേഷം അജുവിനെയും മാളുവിനെയും വിളിച്ചു എഴുന്നേൽപ്പിച്ചു റെഡി ആവാൻ പറഞ്ഞയച്ചതിനു ശേഷം മിഥുന്റെ അടുത്തേക്ക് ചെന്നു.
രണ്ടാളും തമ്മിൽ സംസാരം ഒന്നും ഉണ്ടായില്ല.

ദേവുവിനും അത് തന്നെയായിരുന്നു ആശ്വാസം. മിഥുന്റെ കുത്തിനോവിക്കുന്ന വാക്കുകളേക്കാൾ ഭേദം അവന്റെ മൗനമാണെന്ന് ദേവിക ഓർത്തു. എങ്കിലും ഇടയ്ക്കിടെ അനുസരണ ഇല്ലാതെ അവളുടെ കണ്ണുകൾ അവനെ തേടിച്ചെന്നു .

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

“ദേവൂ, ഇന്നല്ലേ മോളെ ചെറിയച്ഛൻ നിങ്ങളെ വിരുന്നിനു ക്ഷണിച്ചിരിക്കുന്നത്? ” പ്രഭാതഭക്ഷണത്തിനിടക്ക് മാധവൻ ചോദിച്ചു.
“അതേ അച്ഛാ ”

“നിങ്ങൾ എപ്പോഴാ പോകുന്നത്? ”

“അത് മിഥുൻ സാർ ഒന്നും പറഞ്ഞില്ല ”
ദേവിക പറഞ്ഞു നിർത്തിയതും മാളുവും അജുവും പൊട്ടിച്ചിരിച്ചു . ദേവു എന്താ കാര്യമെന്നറിയാതെ അവരെ പകച്ചു നോക്കി.

“എന്റെ ഏടത്തീ ഭർത്താവിനെ സാർ എന്നാണോ വിളിക്കുന്നത്? ഏട്ടൻ എടത്തിയെ ഏത് സ്കൂളിലാ പഠിപ്പിച്ചത്? ” അജു ചിരിച്ചുകൊണ്ട് ചോദിച്ചു.
ദേവു ഒന്നും പറയാനാവാതെ നിന്നു .

“ഹാ ചമ്മണ്ട ചമ്മണ്ട ഇനി മുതൽ ഞങ്ങടെ ഏട്ടനെ എട്ടാന്നോ മറ്റോ വിളിച്ചാൽ മതി ഞങ്ങള് വിളിക്കുന്നപോലെ. അല്ലേ ഏട്ടാ? ” മാളു ചോദിച്ചു. മിഥുൻ അതെയെന്ന് തലയാട്ടി.

“എന്നാ പിന്നെ ഐശ്വര്യമായിട്ട് ഇപ്പോഴേ അങ്ങ് വിളിച്ചു തുടങ്ങിക്കോ ”
അജുവാണ്. ദേവു കണ്ണുരുട്ടി കാണിച്ചിട്ടും അജു പിന്മാറിയില്ല . ഒടുവിൽ രാധികയും സപ്പോർട്ട് ചെയ്തതോടെ ദേവു പതിയെ ഏട്ടാ ന്നു വിളിച്ചു . മിഥുൻ എല്ലാവരുടെയും മുന്നിൽ പുഞ്ചിരിച്ചു .

“ആ മോളെ നിങ്ങളെന്നാൽ ഭക്ഷണം കഴിച്ചിട്ട് ഇറങ്ങിക്കോളൂ. ഇന്നവിടെ തങ്ങിയിട്ട് നാളെ വന്നാൽ മതി. മറ്റന്നാൾ ആശ്രമത്തിലേക്ക് പോകേണ്ടതല്ലേ? ”
ദേവു തലയാട്ടി സമ്മതിച്ചു. മിഥുൻ എന്തോ പറയാൻ തുടങ്ങിയതും മാധവൻ തടഞ്ഞു
.
“പോയിട്ട് വാ മോനേ . രാമചന്ദ്രൻ അത്രയും കാര്യമായിട്ട് ക്ഷണിച്ചിട്ട് പോയില്ലെങ്കിൽ മോശമാണ്. വേണെങ്കിൽ അജുവിനെയും മാളുവിനെയും കൂട്ടിക്കോ. ”

അതോടെ മിഥുൻ സമ്മതിച്ചു..അച്ഛനോട് തർക്കിച്ചു ജയിക്കാൻ ആവില്ലെന്ന് അവനറിയാം . അജുവും മാളുവും വേഗം തന്നെ റെഡി ആവാനായി പോയി.
ദേവു മിഥുനെയും റെഡിയാക്കി ഒരു ചെറിയ ബാഗിൽ ആവശ്യമുള്ള സാധനങ്ങൾ എടുത്തു വെക്കാൻ തുടങ്ങി.

“സാർ., വീട്ടിൽ വരുമ്പോൾ ചെറിയച്ഛനോടും ചെറിയമ്മയോടും ഒന്ന് സ്നേഹായിട്ട് പെരുമാറണെ പ്ലീസ്. ”

“ഹ്മ്മ് ” മിഥുൻ ഒന്നമർത്തി മൂളി .
അജുവിന്റെ സഹായത്തോടെ മിഥുനെ വണ്ടിയിലിരുത്തി അവർ യാത്ര തുടങ്ങി . ചളി പറഞ്ഞും പാട്ട് പാടിയുമൊക്കെ അജുവും മാളുവും യാത്ര നന്നേ ആസ്വദിച്ചു. മിഥുന്റെ മുഖത്തു വലിയ തെളിച്ചം ഒന്നും കാണാത്തത് കൊണ്ട് തന്നെ ദേവു ആകെ ടെൻഷനിൽ ആയിരുന്നു. അവനവിടെ ചെന്നു എങ്ങനെ പെരുമാറും എന്ന ചിന്ത ദേവുവിനെ ആകെ ആശങ്കപ്പെടുത്തി.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

രാമചന്ദ്രന്റെ വീട്ടിലേക്ക് ചെന്നു കയറുമ്പോഴേ അവരെ കാത്തെന്നപോലെ അഞ്ജലിയും അരവിന്ദും നിൽപ്പുണ്ടായിരുന്നു..

“ആഹാ നിങ്ങളിന്നു സ്കൂളിൽ പോയില്ലേ? ” മാളു കുശലം ചോദിച്ചു.

“ഞങ്ങടെ ചേച്ചി വരുമ്പോൾ ഞങ്ങൾ എങ്ങനെയാ സ്കൂളിൽ പോകുന്നത് “എന്നും പറഞ്ഞു അഞ്ജലി ഓടിവന്നു ദേവുവിനെ കെട്ടിപിടിച്ചു ..

അപ്പോഴേക്കും കാറിന്റെ ഡിക്കിയിൽ നിന്നു വീൽചെയർ അജു എടുത്തിരുന്നു . അഞ്ജലിയെ വിട്ടു കയ്യിലിരുന്ന കവറുകൾ അവളെ ഏൽപ്പിച്ചു ദേവു മിഥുന്റെ അരികിലെ ഡോർ തുറന്നു . അജുവും ദേവുവും കൂടി മിഥുനെ താങ്ങിപിടിച്ചു വീൽച്ചെയറിൽ ഇരുത്തി .

അപ്പോഴേക്കും സരസ്വതി ഒരു താലത്തിൽ ആരതിയുമായി വന്നു. അത് കണ്ടു മാളു ദേവുവിനരുകിൽ നിന്നു മാറാൻ തുടങ്ങിയെങ്കിലും ഒരു കയ്യാൽ ദേവു മാളുവിനെ ചേർത്തുപിടിച്ചു . അജുവിന്റെ കയ്യിൽ മിഥുനും പിടിച്ചു. അവരെ നാലുപേരെയും ഒന്നിച്ചു ആരതി ഉഴിഞ്ഞശേഷം സരസ്വതി അകത്തേക്ക് കയറ്റി..

“ചെറിയച്ഛൻ എവിടെ ചെറിയമ്മേ? ” വീടാകമാനം ഒന്ന് കണ്ണോടിച്ചു ദേവു ചോദിച്ചു..

“നിങ്ങൾ വരുന്നെന്നും പറഞ്ഞു പുഴമീൻ വാങ്ങാൻ പോയതാ. ഈ സമയത്ത് പോയാലല്ലേ ഫ്രഷ് മീൻ കിട്ടൂ. “സരസ്വതി ചിരിയോടെ പറഞ്ഞു .

“അയ്യോ അതൊന്നും വേണ്ടായിരുന്നു ചെറിയമ്മേ “മിഥുൻ പറഞ്ഞു.

അതൊന്നും സാരമില്ലെന്ന് പറഞ്ഞു സരസ്വതി അവരെ ഹാളിലെ സോഫയിൽ ഇരുത്തി.

“ഇവിടെ സൗകര്യം ഇത്രെയൊക്കെയേ ഉള്ളൂട്ടോ. “ദേവു ഒട്ടൊരു വിഷമത്തോടെ പറഞ്ഞു.

“നല്ല ഭംഗിയുള്ള വീട് അല്ലേ ഏട്ടാ? “അജു മിഥുനോട് ചോദിച്ചു.
മിഥുൻ ആകമാനം ഒന്ന് കണ്ണോടിച്ചു. ചെറുതെങ്കിലും വൃത്തിയുള്ള വീട്. ചുമരിലൊക്കെ ഓരോ കരകൗശല വസ്തുക്കൾ ഉണ്ട്. മിഥുൻ അതൊക്ക കൗതുകത്തോടെ നോക്കുന്നത് കണ്ടു അരവിന്ദ് പറഞ്ഞു

“അതൊക്കെ അഞ്ജലിയുടെ കലാപരിപാടികൾ ആണ് ചേട്ടാ.. കളർ പേപ്പറുകൾ വെച്ചു അവളിതുപോലെ ഓരോന്നൊക്കെ ചെയ്യാറുണ്ട്. ”

മിഥുൻ ചുമരിൽ തൂക്കിയിരുന്ന തൂവലുകൾ കൊണ്ടുള്ള ഡ്രീം ക്യാച്ചർ കണ്ടു അത് മോള് ഉണ്ടാക്കിയതാണോ എന്ന് അഞ്ജലിയോട് ചോദിച്ചു. നാണത്തോടെ അവൾ അതെയെന്ന് തലയാട്ടി . സൂപ്പർ ആയിട്ടുണ്ടെന്നു മിഥുൻ കൈകൊണ്ട് ആംഗ്യം കാണിച്ചതും അവൾ ചിരിച്ചുകൊണ്ട് താങ്ക്യൂ പറഞ്ഞു.

അപ്പോഴേക്കും അടുക്കളയിൽ നിന്നും ഒരു ട്രേയിൽ അഞ്ചാറു ഗ്ലാസ്സുകളുമായി സരസ്വതി വന്നു.
“സംഭാരം ആണുട്ടോ മക്കളേ. നല്ല ചൂടല്ലേ ഇത് കുടിച്ചു നോക്ക്. “അവർ ഒരു പുഞ്ചിരിയോടെ അതെടുത്തു കുടിച്ചു.

അപ്പോഴേക്കും മുറ്റത്തൊരു ബൈക്ക് വന്നു നിൽക്കുന്ന ശബ്ദം കേട്ടു.. ചെറിയച്ഛൻ കയ്യിലൊരു കൂടുമായി വന്നു അത് ദേവികയെ ഏൽപ്പിച്ചു.
“കുറച്ചു വൈകി മക്കളേ. വഴിയിലൊരു പരിചയക്കാരനെ കണ്ടു നിന്നുപോയി. ”

“ഹേയ് അതൊന്നും സാരമില്ല അങ്കിൾ. ഞങ്ങൾ ജസ്റ്റ്‌ വന്നതേ ഉള്ളൂ. “അജു മറുപടി പറഞ്ഞു.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

പുറക് വശത്തുനിന്നും വലിയ ശബ്ദം കേട്ടാണ് മിഥുൻ മയക്കത്തിൽ നിന്നുണർന്നത് . ഉച്ചക്ക് ഊണ് കഴിഞ്ഞൊന്നു മയങ്ങിപോയിരുന്നു. നെഞ്ചിൽ ഒരു ഭാരം തോന്നി നോക്കിയപ്പോൾ കണ്ടു തന്നെ കെട്ടിപ്പിടിച്ചുറങ്ങുന്ന അജുവിനെ. അവന്റെ കൈയാണ് തന്റെ നെഞ്ചത്ത് ഇരിക്കുന്നത്. ഉള്ള മസ്സിൽ എല്ലാം കൂടെ ഉരുട്ടിക്കേറ്റി വെച്ചിട്ട് ശ്വാസം വിലങ്ങുന്നല്ലോ ദൈവമേ . മിഥുൻ അവന്റെ കയ്യെടുത്തു എറിഞ്ഞു.
അജു ഞെട്ടി എണീറ്റ് ചുറ്റും നോക്കി.

“നീയെപ്പോഴാടാ ഇവിടെ വന്നു കിടന്നത്? ”

“ആ എപ്പോഴോ കിടന്നു ഉറങ്ങിപ്പോയി. ഉച്ചക്ക് കനത്ത പോളിങ് ആയിരുന്നത് കൊണ്ട് നല്ല ഷീണം ” അജു മൂരിനിവർത്തിക്കൊണ്ട് പറഞ്ഞു.
പെട്ടന്ന് വീണ്ടും പുറകെ വശത്തുനിന്നു ശബ്ദമുയർന്നു. രണ്ടാളും ഒന്നിച്ചു നോക്കി. അജു വേഗം തന്നെ മിഥുന്റെ മുഖം എല്ലാം തുടച്ചു അവനെയും കൊണ്ട് പിന്നാമ്പുറത്തേക്ക് ചെന്നു.
അവിടെ അടുക്കളയോട് ചേർന്നുള്ള തിണ്ണയിൽ ഒരു ചക്ക ഇരുന്നു വെട്ടുകയാണ് സരസ്വതി .. അടുത്തിരുന്നു ഓരോ ചുളകളായി അടർത്തി ഒരു പ്ലേറ്റിലേക്കിട്ട് വെക്കുകയാണ് ദേവു. ഇടക്ക് ഓരോ കഷ്ണം വെച്ചു മാളുവിനും അഞ്ജലിക്കും അരവിന്ദിനും അവൾ വായിൽ വെച്ചു കൊടുക്കുന്നുണ്ട്. മാളുവിന്റെ ചളികൾക്കെല്ലാം അഞ്ജലി ചിരിച്ചു വൻ സപ്പോർട്ട് കൊടുക്കുന്നുണ്ട്. ആ കാഴ്ച്ച എന്തുകൊണ്ടോ മിഥുന്റെ ഉള്ളം കുളിർപ്പിച്ചു.

മിഥുനെയും അജുവിനെയും കണ്ടു സരസ്വതി അവരെ അടുത്തേക്ക് വിളിച്ചു. മിഥുനെയും കൊണ്ട് അജു അവിടേക്ക് ചെന്നു മാളുവിനും ദേവുവിനും അരികിലായി ഇടയുണ്ടാക്കി ഇരുന്നു . ദേവു ഒരു ചക്കച്ചുളയെടുത്തു അജുവിന്റെ വായിൽ വെച്ചു കൊടുത്തു.

“ചേട്ടനെന്താ ചേച്ചീ കൊടുക്കാത്തെ? ” അരവിന്ദിന്റെ ചോദ്യം കേട്ടതും ദേവു ഒന്ന് ഞെട്ടി.
സരസ്വതി നിൽക്കുന്നത് കൊണ്ട് ഒന്നും പറയാനും വയ്യാ. ദേവു കയ്യിൽ ഒരു പീസ് എടുത്തു മിഥുന് നേരെ നീട്ടി . അവൻ എങ്ങാനും ചെറിയമ്മയുടെ മുന്നിൽ വെച്ചു കൈതട്ടി മാറ്റുമോ എന്ന് ദേവു നല്ലോണം ഭയന്നു .
പക്ഷെ മിഥുൻ വായ തുറന്നതും ദേവു ആ ചക്കച്ചുള അവന്റെ വായിലേക്ക് വെച്ചുകൊടുത്തു. കൈപിൻവലിക്കാൻ ആഞ്ഞതും അവന്റെ പല്ലുകൾ ചെറുതായി അവളുടെ വിരലുകളിൽ സ്പർശിച്ചു. ആ സ്പർശനം പെട്ടെന്നെന്തോ ദേവുവിന് ഒരു രോമാഞ്ചം സമ്മാനിച്ചു. അവൾ വേഗം കൈവലിച്ചു മിഥുനെ നോക്കി. പക്ഷെ അവന്റെ മുഖത്തു ഭാവഭേദം ഒന്നും ഉണ്ടായില്ല.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

വെയിലൊന്നാറിയപ്പോൾ പിള്ളേര്‌സെറ്റ് എല്ലാം കൂടി നടക്കാനിറങ്ങി . മിഥുനൊപ്പം തന്നെ ദേവുവും നടന്നു . വിളഞ്ഞു നിൽക്കുന്ന കതിരുകളുള്ള പാടത്തിനു അരികിലുള്ള റോഡിലൂടെയാണ് അവർ നടന്നിരുന്നത്. നെൽക്കതിരുകളോട് കിന്നാരം പറഞ്ഞു ഒഴുകിയെത്തിയ കാറ്റ് അവരെ തലോടി കടന്നുപോകുന്നുണ്ടായിരുന്നു.

ഒട്ടുനേരത്തിനു ശേഷം അവരൊരു തോടിന്റെ കരയിലെത്തി. മാളു അതുകണ്ടു തുള്ളിച്ചാടാൻ തുടങ്ങി. മാളുവും അജുവും അഞ്ജലിയും അരവിന്ദും കൂടി വെള്ളത്തിലേക്കിറങ്ങി കളിക്കാൻ തുടങ്ങി. അവരുടെ സന്തോഷം കണ്ടു നിറഞ്ഞ ചിരിയോടെ ദേവു മിഥുന്റെ വീൽച്ചെയറിന്റെ താഴെയായി പുല്ലിലായി ഇരുന്നു .

രണ്ടാളും ഒന്നും മിണ്ടാതെ ദൂരേക്ക് നോക്കിയിരുന്നു. ഒരു വിരൽപ്പാട് അടുത്തായിരുന്നിട്ടും അവരുടെ മനസുകൾ തമ്മിൽ കാതങ്ങൾ അകലെയായിരുന്നു. ഒരു നെഞ്ച് നിറയെ ദുഖങ്ങളുമായി മിഥുനും പകർന്നുകൊടുക്കാനാവാത്ത സ്നേഹവുമായി വീർപ്പുമുട്ടുന്ന ഹൃദയവുമായി ദേവുവും അടുത്തടുത്തിരുന്നു.

ദേവുവിന്റെ ഓർമകളിൽ ഒരു കുറ്റിത്താടിക്കാരനും അവന്റെ ബലിഷ്ഠമായ കാര്യങ്ങളും താൻ ചേർന്ന് നിന്ന ഇളംചൂടുള്ള ആ നെഞ്ചും നിറഞ്ഞുനിന്നു.

പെട്ടന്നേതോ ഓർമയിൽ അവൾ തന്റെ ഇടംകയ്യിലേക്ക് നോക്കി. അന്നവൻ തന്നെ ഇടതുകൈയിൽ വലിച്ചാണ് ആ നെഞ്ചിലേക്ക് ചേർത്തതെന്നു ഒരു ഉൾപ്പുളകത്തോടെ അവളോർത്തു.

രണ്ട്മൂന്ന് ദിവസത്തേക്ക് തന്റെ കയ്യിൽ തെളിഞ്ഞുനിന്നിരുന്നു ആ വിരൽപാടുകൾ. ഇടക്കിടെയുള്ള നോവുപോലും സുഖകരമായിരുന്നു തനിക്ക്. ആ പാടുകളിൽ വിരലോടിച്ചു സ്വയം മറന്നു നിന്നുപോയിട്ടുണ്ട് . പതിയെ ആ വേദന കയ്യിൽ നിന്നു മാഞ്ഞുപോകുമ്പോഴും ഉള്ളിൽ വല്ലാത്തൊരു ദുഖമായിരുന്നു.

ചില ഗന്ധങ്ങളും എന്തിനേറെ ചില നോവുകൾ പോലും ചിലരെ ഓർമിപ്പിക്കുമെന്നു പഠിക്കുകയായിരുന്നു താൻ… ദേവു ഓർത്തു.

അവൾക്ക് ആ നിമിഷം മിഥുന്റെ മുഖം കാണാൻ തോന്നി. അവൾ പതിയെ തല ചെരിച്ചു അവന്റെ മുഖത്തേക്ക് നോക്കി . അവൻ എന്തൊക്കെയോ ഓർമകളിൽ ആണ് . നേരിയ ചെമ്പൻരാശി കലർന്ന മുടിയിഴകളും ഒരു വശത്തുനിന്നും പതിക്കുന്ന സൂര്യരശ്മികളും അവന്റെ മുഖത്തെ സുന്ദരമാക്കി.

ദേവു പതിയെ തന്റെ കൈകൾ എടുത്തു മിഥുന്റെ കൈകളോട് ചേർത്തുവെച്ചു. അവൻ തലചെരിച്ചു അവളെ നോക്കി.

“താങ്ക്സ് ”

“എന്തിന്? ” അവൻ മറുചോദ്യമെറിഞ്ഞു.

“ഇവിടെ എല്ലാവരുടെയും മുന്നിൽ വെച്ചു സ്നേഹത്തോടെ പെരുമാറുന്നതിനു ”

“മ്മ് ” അവനൊന്നു മൂളി.

“നല്ല രസമുണ്ട് ഇവിടെയെല്ലാം കാണാൻ.. ഈ ചെറിയ തണുപ്പുള്ള അന്തരീക്ഷവും തോടും നീലക്കളറിലെ മലയും അവയെ ചുറ്റി ഒഴുകുന്ന കുഞ്ഞു അരുവികളും.. നൈസ് പ്ലേസ് ” മിഥുൻ പറഞ്ഞു.

“ഉണ്ണിയേട്ടൻ എണീറ്റ് നടക്കുമ്പോൾ നമുക്ക് ഇനിയും വരണം ഇവിടെയെല്ലാം. അന്ന് ദാ നമുക്ക് ആ കാണുന്ന കുന്നിന്റെ മുകളിൽ കയറണം. സൂര്യാസ്തമന സമയത്ത് അവിടെനിന്നു നമ്മൾ എന്ത് പ്രാർത്ഥിച്ചാലും നടക്കുമത്രേ. അവിടെ മുകളിൽ ഒരു ക്ഷേത്രവും ഉണ്ട്. “ദേവു ആവേശത്തോടെ പറഞ്ഞു.
“നീയെന്താ വിളിച്ചേ? ”

ദേവു മുഖം കുനിച്ചു നിന്നു.

“ദേവികാ നീയെന്താ വിളിച്ചേ? ”

“ഉണ്ണിയേട്ടൻ ന്നു. അമ്മ പറഞ്ഞു അങ്ങനെ വിളിക്കണമെന്ന്. സോറി ഇനി ആവർത്തിക്കില്ല സാർ. ”

മ്മ് വീണ്ടുമൊന്നു മൂളിയിട്ട് മിഥുൻ അകലക്കാണുന്ന മലനിരകളിലേക്ക് മിഴികൾ പായിച്ചു.

പെട്ടന്നാണ് പിന്നിൽ നിന്നും ഒരു വിളി കേട്ടത്.

ദേവൂ….

ദേവുവും മിഥുനും ഒന്നിച്ചു തിരിഞ്ഞുനോക്കി .

..തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

മിഥുനം: ഭാഗം 1

മിഥുനം: ഭാഗം 2

മിഥുനം: ഭാഗം 3

മിഥുനം: ഭാഗം 4

മിഥുനം: ഭാഗം 5

മിഥുനം: ഭാഗം 6

മിഥുനം: ഭാഗം 7

മിഥുനം: ഭാഗം 8

മിഥുനം: ഭാഗം 9

മിഥുനം: ഭാഗം 10

മിഥുനം: ഭാഗം 11

മിഥുനം: ഭാഗം 12

മിഥുനം: ഭാഗം 13

Share this story