ഋതുസാഗരം: PART 24

ഋതുസാഗരം: PART 24

നോവൽ
എഴുത്തുകാരി: മിഴി വർണ്ണ

ഋതുവിന്റെ ട്രീറ്റ്‌മെന്റ് നടക്കുന്നത് സച്ചുവിന്റെ കൂട്ടുകാരിയും ഋതുവിന്റെ ഏറ്റവും വലിയ ശത്രുവുമായ വൃന്ദയുടെ അച്ഛന്റെ (Dr.വിക്രമൻ) ആയുർവേദശുപത്രിയിൽ ആണ്.
വർണാശ്രമം എന്നു പേരിട്ട ആ ചികിത്സ കേന്ദ്രത്തിൽ ഒട്ടനവധി രോഗിയിൽ വന്നു പോകുന്നു…രോഗികൾ ആയല്ല… അതിഥികൾ ആയാണ് ഓരോ വ്യക്തിയും അവിടെ കഴിയുന്നതു. ആലപ്പുഴയുടെ പ്രകൃതിരമണീയത കണ്ടുണരുന്നതു ആ ആശ്രമത്തിലെ ഓരോ അന്തേവാസിക്കും ഒരു പുത്തൻ ഉണർവ് ലഭിക്കുന്നു…വേമ്പനാട്ട് കായലിന്റെ ഓളങ്ങളിൽ മിന്നി തിളങ്ങുന്ന പൊന്ന്സൂര്യവെട്ടം ഏതൊരു മനസ്സിനും പുത്തൻ ഉണർവ് നല്കുന്നവയാണ്.

ആശ്രമത്തിൽ കഴിയുന്ന രോഗികളെ മാസത്തിൽ ഒരിക്കൽ മാത്രമേ ബന്ധുക്കൾക്ക് കാണാൻ അനുവാദം ഉള്ളൂ. എല്ലാ മലയാളമാസം ഒന്നാം തിയതിയും മാത്രം. മറ്റുള്ളവരെപോലെ തന്നെ ഋതുവിനെ കാണാനും അന്നു മാത്രമാണ് അവളുടെ കുടുംബാഗങ്ങൾക്ക് അനുവാദം ഉള്ളത്. ഏതൊരു അവസ്ഥയിലും ഈ റൂൾ തെറ്റിക്കാൻ ആശ്രമത്തിന്റെ അമരക്കാരനായ വിക്രമൻ സമ്മതിക്കാറില്ല.

അച്ഛന്റെ ഹോസ്പിറ്റലിനടുത്തു തന്നെയാണ് വൃന്ദയുടെ ഭർതൃവീട്. അതിനാൽ തന്നെ ഒരു ദിവസം പോലും മുടങ്ങാതെ വൃന്ദ ഋതുവിന്റെ സുഖവിവരം അന്യോഷിക്കാൻ എത്താറുണ്ട്… കഴിഞ്ഞ ഒന്നര വർഷത്തിനിടെയ്ക്ക് ആ വരവ് ഒരിക്കൽ പോലും തെറ്റിയിട്ടില്ല. കാരണം ഒന്നര വർഷം മുൻപ് തന്റെ ജീവന്റെ പാതിയെ അവിടെ ഏൽപ്പിച്ചു മടങ്ങിയ തന്റെ കൂട്ടുകാരന് അവൾ ഒരു വാക്കു കൊടുത്തിരുന്നു.

“ഒരു മരണത്തിനും വിട്ടു കൊടുക്കാതെ ഋതുവിനു ഈ വൃന്ദ കാവൽ നിൽക്കുമെന്ന്.”

ഒരിക്കൽ പോലും ഋതുവിനോട് നേരിട്ടു സംസാരിച്ചിട്ടില്ല എങ്കിലും സച്ചുവിന്റെ വാക്കുകൾ അവൾക്കൊരു വലിയ സ്ഥാനം വൃന്ദയുടെ മനസ്സിൽ നേടിക്കൊടുത്തു. ഒറ്റമോളായി വളർന്ന വൃന്ദയ്ക്ക് ഋതു ഇന്നൊരു കുഞ്ഞനുജത്തിയാണ്. ആ അനിയത്തിക്കുട്ടിയുടെ തിരിച്ചു വരവിനായി അവളും അകമഴിഞ്ഞ് പ്രാർഥിക്കുന്നു. വൃന്ദയുടെ ഭർത്താവ് ആദികേശവ് ഡൽഹിയിൽ വർക്ക്‌ ചെയ്യുന്നു… ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ഏകദേശം 7 വർഷമായി… മൂന്നു മക്കളുടെ അമ്മയാണിന്നു വൃന്ദ. അതും ഒറ്റ പ്രസവത്തിൽ പിറന്ന മൂന്നോമൽ കണ്മണികളുടെ.

“അച്ഛാ….ഋതുവിനു ഇപ്പോൾ എങ്ങനെ ഉണ്ട്‌??? ”

ഋതുവിന്റെ നാഡിമിടുപ്പ് പരിശോധിച്ചു കൊണ്ടു നിന്ന വിക്രമൻ മകളുടെ ചോദ്യം കേട്ട് തലയുയർത്തി നോക്കി. അവളുടെ കണ്ണുകൾ ശുഭകരമായ ഒരു വാർത്ത അതും എത്രയും വേഗം ആഗ്രഹിക്കുന്നു എന്നു അദ്ദേഹത്തിനു തോന്നി.

“മോളെ…ഋതു ഏതു അവസ്ഥയിൽ ആണെന്ന് ഞാൻ പറയാതെ തന്നെ നിനക്ക് അറിയാല്ലോ. അവളുടെ എല്ലാ നാഡിഞരമ്പുകളും വിശ്രമത്തിൽ ആണ്. അവയെ ഉണർത്താൻ ഉള്ള ശ്രമം ആണ് ഞങ്ങൾ ഇവിടെ നടത്തികൊണ്ടിരിക്കുന്നതു. ഈ ശിരോധാരയ്ക്കും ഉഴിച്ചിലിനും എല്ലാം അതിന്റെതായ പരിമിതികൾ ഉണ്ട്‌. മനുഷ്യശരീരം ഒത്തിരി അത്ഭുതങ്ങൾ നിറഞ്ഞതാണ്…ഒരുപാട് രഹസ്യങ്ങൾ നിറഞ്ഞത്. അതിൽ പല രഹസ്യങ്ങളുടെയും ഉത്തരം ഇന്നും വൈദ്യശാസ്ത്രത്തിനന്യമാണ്. അത്തരത്തിലുള്ള ഉള്ള രഹസ്യത്തിന്റെ കലവറ സ്വയം വിശ്രമവസ്ഥയിൽ തന്നെ നിലനിൽക്കാൻ നിരന്തരമായി ശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ അതിനെ പൂർവ്വ സ്ഥിതിയിലേക്ക് കൊണ്ടു വരുക എന്നത് ഏറെക്കുറെ അസാധ്യമാണ്. ”

“അപ്പോൾ അച്ഛൻ പറഞ്ഞു വരുന്നത് ഋതു ഒരിക്കലും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരില്ല എന്നാണോ?? ”

“അങ്ങനെ അല്ല വൃന്ദ…. ഋതുവിനെ ഞാൻ ഒന്നര വർഷമായി ചികിത്സിക്കുകയാണ്. ആ പരിചയം വെച്ചു എനിക്ക് നൂറ്റൊന്ന് ശതമാനം ഉറപ്പോടെ പറയാൻ കഴിയും. ഈ കുട്ടിക്ക് നല്ല മാറ്റം ഉണ്ട്‌. ഇവിടെ കൊണ്ടു വരുമ്പോൾ നാഡിമിടുപ്പ് വളരെ മന്ദഗതിയിൽ ആയിരുന്നു. ഇപ്പോൾ അതു സാധാരണ രീതിയിലേക്ക് മടങ്ങി എത്തിയിരിക്കുന്നു…ഏറ്റവും പ്രധാനപ്പെട്ടകാര്യം കഴിഞ്ഞ രണ്ടു ദിവസമായി ഋതുവിന്റെ കൈ വിരലുകൾ ചലിക്കുന്നുണ്ട്. എന്റെ അറിവ് സത്യമാണെങ്കിൽ അവൾക്കു നമ്മൾ പറയുന്നതു കേൾക്കാനും മനസിലാക്കാനും പ്രതികരിക്കാനും സാധിക്കുന്ന നിമിഷം വിദൂരമല്ല.”

“അതിനർത്ഥം അധികം താമസിക്കാതെ എന്റെ അനിയത്തിയുടെ ശബ്ദം എനിക്ക് കേൾക്കാൻ സാധിക്കും എന്നാണോ?? ”

“എനിക്ക് ഒന്നും ഉറപ്പിച്ചു പറയാൻ പറ്റില്ല മോളേ…. ചെലപ്പോൾ ഇനിയും ഒരുപാട് താമസിക്കാം. അല്ലെങ്കിൽ ഈ നിമിഷം തന്നെ ഒരുറക്കത്തിൽ നിന്നെന്നപോൽ ഋതു ഉണർന്നു എഴുന്നേൽക്കാം. കണ്ടില്ലേ കുട്ടിയുടെ കൈവിരലുകൾ ഇപ്പോഴും ചലിക്കുന്നു. ”

“ശരിയാണ് അച്ഛാ…. ദാ നോക്കിക്കേ…. ഋതു വിരലുകൾ അനക്കുന്നുണ്ട്. ഞാൻ ഈ സന്തോഷവാർത്ത ഇപ്പോൾ തന്നെ സച്ചുവിനെ വിളിച്ചു പറയാം. അവനു ഒത്തിരി സന്തോഷമാകും. ”

“അരുത് മോളേ….. ഇപ്പോഴേ അങ്ങനെ ഒന്നും ചെയ്യരുത്. ”

“പക്ഷേ അച്ഛാ…. സച്ചുവിനോട് എന്തിനാ ഇതൊളിക്കുന്നതു?? ഈ ഒരു വാർത്ത ചിലപ്പോൾ താളം തെറ്റുന്ന അവന്റെ മനസ്സിനെ പഴയ പോലെ ആക്കും. ഞങ്ങൾക്ക് ഞങ്ങളുടെ പഴയ സാഗറിനെ തിരിച്ചു കിട്ടും. എന്തിനാ അച്ഛാ എന്നെ തടയുന്നതു?? ഇനിയും വൈകിയാൽ അവനെ ഒരുപക്ഷേ ഞങ്ങൾക്ക് എന്നന്നേക്കുമായി നഷ്ടം ആകും. ഇന്നും രുദ്രൻ വിളിച്ചിരുന്നു… സാഗറിന്റെ അവസ്ഥ ഓരോ ദിവസവും വാഷളായി കൊണ്ടിരിക്കുകയാണ്…പ്ലീസ് അച്ഛാ…. പ്ലീസ്. ”

“മോളേ…. ഒരല്പം കൂടി കാത്തിരുന്നാൽ ചെലപ്പോൾ നിന്റെ കൂട്ടുകാരന് ഇതിലും വലിയ സന്തോഷം കൊടുക്കാൻ സാധിച്ചാലോ?? അതല്ലേ കുറച്ചു കൂടി നല്ലത്?? ഒരാഴ്ച്ച കൂടി മോൾ കാത്തിരിക്കു. അതിനു ശേഷം അച്ഛൻ മോളേ തടയില്ല. ”

“അച്ഛൻ എന്തു സന്തോഷത്തിന്റെ കാര്യമാണ് ഉദ്ദേശിച്ചത്?? ”

ആ ചോദ്യത്തിനു മറുപടി പറയാതെ പുഞ്ചിരിച്ചുകൊണ്ടു വിക്രമൻ ഇറങ്ങി പോയി…ഇത്രയും വർഷത്തെ അനുഭവം അദ്ദേഹത്തെ മനുഷ്യ ശരീരത്തിലെ ഓരോ സ്പന്ദനത്തെയും തിരിച്ചറിയാൻ പാകത്തിന് ആക്കി തീർത്തിരിക്കുന്നു. അല്ലെങ്കിലും ലോകത്തു അനുഭവങ്ങളെക്കാൾ വലിയ അധ്യാപകൻ ഇല്ലല്ലോ. ആ അനുഭവങ്ങളുടെ വെളിച്ചത്തിൽ വിക്രമന് പൂർണ വിശ്വാസം ഉണ്ട് ഋതുവിന്റെ ദേഹത്തെ ചെറിയ ചലനങ്ങൾ ഒരാഴ്ചയ്ക്കകം തന്നെ അതിന്റെ പൂർണ്ണരൂപം കൈക്കൊള്ളും എന്നു. അനുഭവങ്ങളുടെ വെളിച്ചത്തിലൂടെ മനുഷ്യൻ കാണുന്ന കാഴ്ച്ചകൾ ഒരിക്കലും തെറ്റാറില്ല… അദ്ദേഹത്തിന്റെ ഊഹങ്ങൾ സത്യമായിരുന്നു. മൂന്നു വർഷത്തെ വിശ്രമം കഴിഞ്ഞു…മരണതുല്യമായ ശുദ്ധീകരണത്തിനു ശേഷം ഋതുവിന്റെ ശരീരവും ആത്മാവും ഉണരാൻ പോകുന്നു.

***************

“അപ്പച്ചി… സച്ചു എവിടെ??? ”

ഋഷിയുടെ ചോദ്യം കേട്ടതും അപ്പച്ചിയുടെ മുഖത്തു ഒരു വിഷാദഭാവം നിറഞ്ഞു… അതു കണ്ടപ്പോൾ ആണ് താൻ ചോദിച്ച ചോദ്യം എന്താണ് എന്നവൻ ഓർത്തത്. കഴിഞ്ഞ മൂന്നുവർഷമായി എപ്പോഴും മുറിക്കുള്ളിൽ തന്നെ അടച്ചുമൂടി ഇരിക്കുന്ന സച്ചു എവിടെ എന്നൊരു ചോദ്യത്തിന്റെ ആവിശ്യം ഇല്ലല്ലോ എന്നു ഋഷി ഓർത്തു.

“അവൻ എപ്പോഴത്തെയും പോലെ റൂമിൽ ഉണ്ട് മോനേ… എന്റെ ഋതുമോൾ പോയതിൽ പിന്നെ അവൻ വിരലിൽ എണ്ണാവുന്ന തവണയല്ലേ ആ മുറിക്കു പുറത്തു പോലും വന്നിട്ടുള്ളൂ. ”

“അപ്പച്ചി വിഷമിക്കണ്ട…. എല്ലാം ശരിയാകും. നമ്മുടെ സച്ചു ഉറപ്പായും പഴയപോലെയാകും. എനിക്ക് പൂർണ്ണ വിശ്വാസം ഉണ്ട്.”

“എങ്ങനെ ശരിയാകാൻ ആണ് മോനേ?? സച്ചുവിനെ പഴയപോലെ ആക്കാൻ ഈ ലോകത്ത് ഒരാൾക്കേ കഴിയൂ. അവന്റെ ഭാര്യയ്ക്ക്. ആ വിവാഹത്തിനു ശേഷം എങ്കിലും ഋതുവിനു വേണ്ടി അവൻ പുറത്തു ഇറങ്ങും എന്നു കരുതിയാണ് അന്നു ഞാനതിനു സമ്മതം മൂളിയത്. എന്നിട്ടു എന്താ സംഭവിച്ചതു?? മോളേ കൂടി കൊണ്ടു ദൂരെ ഒരു നാട്ടിൽ ഇട്ടു. വീട്ടുകാര്യം നോക്കാൻ ജോലിക്ക് പോകാൻ പറഞ്ഞപ്പോഴും ലാപ്ടോപ്പും പിടിച്ചു റൂമിൽ തന്നെ ഇരിക്കാൻ തുടങ്ങി. ആ ബാൽക്കണി കൂടി ഇല്ലായിരുന്നു എങ്കിൽ എന്റെ മോൻ സൂര്യപ്രകാശം പോലും കാണില്ലയിരുന്നു. എന്നും രാവിലെ അവിടെ പോയി ഋതുവിനെയും കാത്ത് അവൻ നിൽക്കുന്നതു കാണുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ് മോനേ…എന്റെ മോനെയും മോളെയും ഈ അമ്മയിൽ നിന്നു ദൈവം തട്ടിയെടുത്തു കളഞ്ഞില്ലേ!”

അതു പറയുമ്പോഴേക്കും അപ്പച്ചിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.. ആശ്വസിപ്പിക്കാൻ എന്നോണം ഋഷി അവരെ ചേർത്തു പിടിച്ചു.

“അപ്പച്ചി വിഷമിക്കാതിരിക്കു…. എല്ലാം ശരിയാകും. അപ്പ എന്നോട് കുഞ്ഞിലേ പറഞ്ഞിട്ടില്ലേ.. പുലർച്ചെ കാണുന്ന സ്വപ്നം ഫലിക്കും എന്നു. കഴിഞ്ഞ ദിവസം ഞാനൊരു സ്വപ്നം കണ്ടു. നമ്മുടെ വാവ പഴയ കുസൃതിച്ചിരിയോടെ എന്നോട് ബർത്ത്ഡേ ഗിഫ്റ്റ് ചോദിക്കുന്നതായി… ദൈവം കരുണ കാണിച്ചാൽ ആ സ്വപ്നം നടക്കും അപ്പച്ചി. ഉറപ്പായും നടക്കും…അതു സത്യമായാൽ നമുക്ക് നമ്മുടെ പഴയ സച്ചുവിനെയും കിട്ടും.”

“എന്റെ മോനേ… നിന്റെ നാവു പൊന്നാവട്ടെ…. ആ സ്വപ്നം സത്യമായാൽ പകരം എന്റെ ജീവൻ വേണേലും ഭഗവാന് ഞാൻ കൊടുക്കാം…എനിക്ക് എന്റെ കുഞ്ഞുങ്ങളുടെ സന്തോഷം മാത്രം മതി. ”

“എല്ലാം ശരിയാകും അപ്പച്ചി…. ഞാൻ ഒന്നു പോയി സച്ചുവിനെ കാണട്ടെ.”

അതും പറഞ്ഞു ഋഷി മുകളിലേക്ക് നടന്നു. അപ്പോഴും അവന്റെ മനസ്സിൽ ഒരൊറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. താൻ കണ്ട സ്വപ്നം വേഗം പൂർത്തിയാകണേ എന്നു.

റൂമിലേയ്ക്ക് ചെന്നു കേറുമ്പോൾ ഋഷി കണ്ടത് കട്ടിലിൽ തലചായ്ച്ചിരിക്കുന്ന സച്ചുവിനെ ആണ്. അടുത്തു ചെന്നു നോക്കിയപ്പോൾ ഋതുവിന്റെ ഫോട്ടോയിൽ തലവയ്ച്ചാണ് ആ ഇരുപ്പ് എന്നു മനസിലായി…ഒരു സമയത്തു എല്ലാവരും ആരാധനയോടെ നോക്കിയിരുന്ന സച്ചുവിന്റെ ഇപ്പോഴത്തെ ജീവിതം ആദ്യമൊക്ക ഋഷിയെ വേദനിപ്പിക്കുമായിരുന്നു….പക്ഷേ കഴിഞ്ഞ മൂന്നു വർഷങ്ങൾ കൊണ്ടു അതെല്ലാവർക്കും കണ്ടു തഴമ്പിച്ച ഒരു കാഴ്ച്ചയായി മാറിയിരിക്കുന്നു. സച്ചുവിനെ പഴയ ജീവിതത്തിലേക്ക് കൊണ്ടു വരാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല… ഋതുവിനല്ലാതെ മറ്റാർക്കും അവനെ പഴയ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ ആകില്ല എന്ന തിരിച്ചറിവ് ആണ് എല്ലാവരെയും നിസാഹയരാക്കി തീർത്തത്.

ഋഷി അവന്റെ ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ആണ് മുറിയിൽ മറ്റാരുടെയോ സാന്നിധ്യം മനസിലാക്കിയിട്ടെന്നപോൽ സച്ചു ഞെട്ടി ഉണർന്നതു. ചുറ്റും കണ്ണോടിപ്പിച്ചപ്പോൾ വാതിലിനരുകിൽ നിൽക്കുന്ന ഋഷിയെ അവൻ കണ്ടു. ഒരു നിമിഷം ആ കണ്ണുകളിൽ നിരാശയുടെ കാർമേഘങ്ങൾ വന്നു മൂടി. ഒരുപക്ഷേ മറ്റാരെയോ ആയിരിക്കാം ആ കണ്ണുകൾ പ്രതീക്ഷിച്ചത്.

“നീ എന്താ ഋഷി ഇവിടെ?? ”

“ഞാൻ നിന്നെയൊന്നു കാണാൻ വന്നതാണ്… മാസത്തിൽ ഒരിക്കൽ ഞാനോ രുദ്രനോ ഇതുപോലെ വന്നു കണ്ടില്ല എങ്കിൽ ഈ ഭ്രാന്തൻ രൂപം മാറ്റില്ലല്ലോ! വാ എഴുന്നേക്ക്… വന്നു ഈ മുടിയൊക്കെ വെട്ടി മുഖം ഓക്കേ ഒന്നു ഷേവ് ചെയ്തു വൃത്തിയാക്ക്. ”

“എന്തിനാ ഋഷി….. ആർക്കു വേണ്ടിയാ ഈ മുഖത്തു ഐശ്വര്യം ഉണ്ടാക്കുന്നത്. എന്റെ എല്ലാ ഐശ്വര്യവും അവൾ അല്ലേ…. എന്റെ കിളിക്കുഞ്ഞു. അവൾ ഇല്ലാണ്ട് എന്തിനാ ഇതൊക്കെ?? ”

“അവൾ വരും…. പക്ഷേ നിന്റെ കിളിക്കുഞ്ഞു വരുമ്പോൾ നീ ഇങ്ങനെ കാട്ടാളൻമാരെ പോലെ ഇരുന്നാൽ അവൾ പേടിക്കില്ലേ??? വന്നേ നിന്നെ ഒന്നു മനുഷ്യക്കോലം ആക്കട്ടെ. ”

“എല്ലാ തവണയും നീ ഇതു തന്നല്ലേ പറയുന്നതു???എന്നിട്ട് എവിടെ എന്റെ പെണ്ണ്?? അവൾക്കു എന്നോട് പിണക്കം ആണ്. അന്നു ഞാൻ അവളെ രക്ഷിക്കാൻ ചെല്ലാത്തൊണ്ടുള്ള പിണക്കം…അവളെ കുറ്റം പറയാൻ പറ്റില്ല. അവസാന നിമിഷം പോലും ഞാൻ ചെല്ലും എന്നു അവൾ പ്രതീക്ഷിച്ചു കാണും….പക്ഷേ എനിക്ക്
…എനിക്ക്… ”

“ആ പിണക്കം ഓക്കേ മാറും. അതിനല്ലേ അവളെ വേദനിപ്പിച്ച വിഷ്ണുവിനെ നീ ജീവശവമാക്കി ഇട്ടിരിക്കുന്നതു…. എന്റെ പെങ്ങളോട് അവൻ ചെയ്ത ക്രൂരതയ്ക്കുള്ള പ്രതികാരം നീ ചെയ്തു കഴിഞ്ഞില്ലേ?? ഒന്നു അനങ്ങാൻ പോലും കഴിയാതെ ജീവശവം പോലെ അവൻ മൂന്നു വർഷമായി കിടക്കുകയല്ലേ??? സ്വന്തം മോന്റെ അവസ്ഥ കണ്ടു അവന്റെ അച്ഛനും ഓരോ നിമിഷം ഉരുകി ജീവിക്കുകയല്ലേ?? ആര് കാരണം ആണോ ഋതുവിനു ചീത്തപ്പേര് ഉണ്ടായത് അവരെ കൊണ്ടു തന്നെ ഈ ലോകത്തോട് നീ സത്യം പറയിച്ചില്ലേ??? എല്ലാത്തിനും ഉപരി ഋതു വീണു പിടഞ്ഞ അതേ സ്ഥലത്തു വിഷ്ണു സ്വന്തം ജീവനു വേണ്ടി പിടയുന്ന അവസരം നീ ഉണ്ടാക്കിയില്ലേ???

ഇതിൽ കൂടുതൽ ഋതുവിനു വേണ്ടി ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല സച്ചു. അവളുടെ സ്വന്തം രക്തമായ എനിക്ക് പോലും…. ഞാൻ പോലും തള്ളി പറഞ്ഞിട്ടും ഒരു വാക്ക് പോലും പരിഭവം പറയാതെ അവൾക്കു വേണ്ടി ഇത്രയൊക്കെ ചെയ്ത നിന്നോട് പിണങ്ങി ഇരിക്കാൻ എന്റെ വാവക്ക് പറ്റില്ല സച്ചു. ഒരിക്കലും പറ്റില്ല..ഇനിയും നീ ഇങ്ങനെ സ്വയം ശിക്ഷിക്കരുത്…ഒന്നും ഇല്ലേലും നീ താലികെട്ടിയ പെണ്ണിനെ ഓർത്തെങ്കിലും നീ മുറിക്കുള്ളിൽ നിന്നു ഒന്നു പുറത്തു ഇറങ്ങു…. പ്ലീസ്.”

വിഷ്ണു എന്ന പേര് കേട്ടതും സച്ചുവിന്റെ മുഖം ദേഷ്യം കൊണ്ടു ചുമന്നു.

“എന്റെ പെണ്ണ് തിരിച്ചു വരുമ്പോൾ അവൻ നരകിക്കുന്നതു എനിക്ക് കാണിച്ചു കൊടുക്കണം…. അതിനു വേണ്ടി മാത്രം ആണ് ആ ജീവൻ ഞാൻ ബാക്കി വെച്ചിരിക്കുന്നതു…. എന്റെ പെണ്ണിനോട് അവൻ ചെയ്തത് ഈ ജന്മം ഞാൻ മറക്കില്ല…അവൻ ഇനിയും ഒരുപാട് നരകിക്കണം….എന്നിട്ട്…. എന്നിട്ട്…… ”

“സച്ചു…. കണ്ട്രോൾ യുവർ സെൽഫ്…വെറുതെ സ്ട്രെസ് എടുക്കാതിരിരിക്കു…എല്ലാം ശരിയാകും.. നീ വന്നേ നമുക്ക് ഈ കാട്ടാളാകോലം ഓക്കേ ഒന്നു മാറ്റം. അല്ലേൽ എന്റെ പെങ്ങളൂട്ടി എന്നെ വഴക്ക് പറയും..വന്നേ. ”

സച്ചുവിനെ പിടിച്ചു വലിച്ചു ബാത്‌റൂമിലെ കണ്ണാടിക്ക് ഫ്രണ്ടിൽ കൊണ്ടു നിർത്തുമ്പോൾ ഋഷിയുടെ കണ്ണും നിറയുന്നുണ്ടായിരുന്നു. സ്വന്തം പെങ്ങളെ ഓർത്തു മാത്രമല്ല… തന്റെ പ്രിയപ്പെട്ട കൂട്ടുകാരനെ ഓർത്തും.
ഋതു പോയതിനു ശേഷം സച്ചു സ്വന്തം കാര്യം ഒന്നും ശ്രദ്ധിക്കാതായി..താടിയും മുടിയും ഓക്കേ വളർത്തി അസുരൻമാരെ പോലെയുള്ള രൂപവും ജീവിതവും..വല്ലപ്പോഴും ഋഷിയോ രുദ്രനോ ആണ് അവനെ പിടിച്ചു കൊണ്ടു പോയി മനുഷ്യരൂപത്തിൽ ആക്കുന്നത്.

ഒരു സമയത്തു ഋതുവിനെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി മാത്രം ഗ്ലാമറായി പെൺപിള്ളേരെ പിറകെ നടത്തിച്ചവൻ ഇന്നു സ്വയം ജീവിക്കാൻ പോലും മറന്നു ജീവിക്കുന്നു.

****************

രണ്ടു ദിവസങ്ങൾക്ക് ശേഷം രാവിലെ വൃന്ദ പതിവുപോലെ ഋതുവിനരികിൽ ഇരിക്കുകയായിരുന്നു….അനിയത്തിയുടെ ദേഹം മുഴുവൻ തുടച്ചു വൃത്തിയാക്കി എന്നും മുടങ്ങാതെ നെറ്റിയിൽ തിലകം ചാർത്തുന്നത് വൃന്ദയാണ്…ഒരിക്കൽ പോലും അവളത് മുടക്കാറില്ല. അതിനു ശേഷം ഒത്തിരി നേരം വാവയ്ക്കരുകിൽ ഇരുന്നവൾ സംസാരിക്കും… ആ സംസാരം വൈകുന്നേരവും പതിവുള്ളതാണ്. മിക്കപ്പോഴും സച്ചു ആകും സംസാരവിഷയം… അവന്റെ കോളേജ് ജീവിതം.. പിറകെ നടന്ന പെൺകുട്ടികൾ… ഋതുവിനെക്കുറിച്ചുള്ള കഥകൾ…അങ്ങനെ ഒത്തിരി ഒത്തിരി കാര്യങ്ങൾ.

ഇടയ്ക്കൊക്കെ വൃന്ദയുടെ മൂന്നു മക്കളും കുഞ്ഞയെ കാണാൻ വരാറുണ്ട്. വരുമ്പോഴൊക്കെ അവരും ചോദിക്കുന്നത് ഒരേ ഒരു കാര്യമാണ്…
“കുഞ്ഞ എപ്പോഴാ ഉറക്കം ഉണരുക?? ”
പക്ഷേ കുഞ്ഞുങ്ങളുടെ ആ ചോദ്യത്തിനുള്ള ഉത്തരം അവരുടെ അമ്മയ്ക്ക് ഇപ്പോഴും അറിയില്ല.

അന്നത്തെ ദിവസവും മൂന്നു പേരും അമ്മയ്ക്കൊപ്പം കുഞ്ഞയെ കാണാൻ വന്നു…ഋതുവിനു തിലകവും ചാർത്തിയിട്ട് വൃന്ദ അച്ഛനരികിലേക്ക് പോയി.

“അമ്മ അപ്പൂപ്പന്റെ അടുത്ത് പോയിട്ടു വേഗം വരാം. അതു വരെ മൂന്നു പേരും കുറുമ്പ് ഒന്നും കാണിക്കാതെ ഇവിടെ നിക്കണം…കുഞ്ഞയെ ശല്യം ചെയ്യരുത്…കേട്ടല്ലോ.”

“അമ്മ എന്തിനാ അപ്പൂപ്പന്റെ അടുത്തു പോണത്?? അപ്പൂപ്പനെ ഏപ്രിൽ ഫൂൾ ആക്കാൻ ആണോ?? ”

“ഓഹ് എന്റെ പൊന്നെ…. അമ്മ ഒരു കാര്യത്തിനു പോകുവാ. പിന്നെ നിങ്ങളെ പോലെ ഞാൻ അച്ഛനെ ഏപ്രിൽ ഫൂൾ ഒന്നും ആകില്ല. അമ്മ നല്ല മോളാണ്….അല്ലാണ്ട് നിങ്ങളെ പോലെ കുറുമ്പികൾ അല്ല. ഞാൻ പോയിട്ട് വരവേ.. ”

അതും പറഞ്ഞു വൃന്ദ പുറത്തേക്ക് പോയി…കുട്ടികൾ ആകട്ടെ ഋതുവിന്റെ മുറിയിൽ നിന്നു കളിക്കാനും തുടങ്ങി. കുറച്ചു നേരം കഴിഞ്ഞു വിക്രമനോട് സംസാരിച്ചു നിന്ന അമ്മയ്ക്ക് അരികിലേക്ക് കുട്ടികൾ ഓടി എത്തി.

“അമ്മേ…..കുഞ്ഞേ കണ്ണ് തുറന്നല്ലോ!!”

കുഞ്ഞുങ്ങൾ വന്നു പറഞ്ഞ വാർത്ത കേട്ട് വൃന്ദയും വിക്രമനും മുഖത്തോട് മുഖം നോക്കി.

തുടരും…..

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

ഋതുസാഗരം: ഭാഗം 1

ഋതുസാഗരം: ഭാഗം 2

ഋതുസാഗരം: ഭാഗം 3

ഋതുസാഗരം: ഭാഗം 4

ഋതുസാഗരം: ഭാഗം 5

ഋതുസാഗരം: ഭാഗം 6

ഋതുസാഗരം: ഭാഗം 7

ഋതുസാഗരം: ഭാഗം 8

ഋതുസാഗരം: ഭാഗം 9

ഋതുസാഗരം: ഭാഗം 10

ഋതുസാഗരം: ഭാഗം 11

ഋതുസാഗരം: ഭാഗം 12

ഋതുസാഗരം: ഭാഗം 13

ഋതുസാഗരം: ഭാഗം 14

ഋതുസാഗരം: ഭാഗം 15

ഋതുസാഗരം: ഭാഗം 16

ഋതുസാഗരം: ഭാഗം 17

ഋതുസാഗരം: ഭാഗം 18

ഋതുസാഗരം: ഭാഗം 19

ഋതുസാഗരം: ഭാഗം 20

ഋതുസാഗരം: ഭാഗം 21

ഋതുസാഗരം: ഭാഗം 22

ഋതുസാഗരം: ഭാഗം 23

Share this story