പവിത്ര: PART 29

പവിത്ര: PART 29

നോവൽ
എഴുത്തുകാരി: തപസ്യ ദേവ്‌

പ്രശാന്തിനെ കുറിച്ച് ഓർക്കുമ്പോൾ വല്ലാത്തൊരു ഭയം തന്റെ മനസ്സിനെ പിടി കൂടുന്നത് പവിത്ര അറിയുന്നുണ്ടായിരുന്നു….

അവൾ പ്രശാന്തിന്റെ ഫോണിലേക്ക് വിളിച്ചു നോക്കി. സ്വിച്ചു ഓഫ്‌ എന്നാണ് മറുപുറത്ത്
നിന്ന് ലഭിക്കുന്ന പ്രതികരണം.
പവിത്രയുടെ മുഖത്തെ ടെൻഷൻ കണ്ട് സൗമ്യക്കും പേടി തോന്നി.

” എന്താ പവിത്രേച്ചി പ്രശ്നം ”

” ഏയ്‌ പ്രശ്നം ഒന്നുമില്ല…
ഞാൻ വെറുതെ അവനെ വിളിച്ചു നോക്കിയതാ പക്ഷേ സ്വിച്ചു ഓഫ്‌ ആണ് ഫോൺ ”

” ഓ അതാണോ കാര്യം… അത് ചാർജ് ഇല്ലാതെ ഓഫ്‌ ആയത് വല്ലതും ആയിരിക്കും പിന്നെ ട്രൈ ചെയ്തു നോക്കിയാൽ മതി ”
സൗമ്യ പറഞ്ഞതിനെ ശരി വെക്കുന്നത് പോലെ പവിത്ര തല കുലുക്കി.

വൈകിട്ട് വീട്ടിൽ എത്തിയപ്പോൾ അവിടെ എല്ലാവരും ഉണ്ട്. അമ്മാവൻ, അമ്മായി, മുരളി, ശാരിക അവരുടെ മകൾ അങ്ങനെ എല്ലാരും.

തന്നെ ഉപദേശിക്കാൻ ആണ് വന്നതെന്ന് അവരുടെ മുഖത്ത് നിന്നും പവിത്ര മനസ്സിലാക്കി. അമ്മയാണ് ഇവരെ വിളിച്ചു വരുത്തിയതെന്നും അവൾക്ക് അറിയാം.
പെട്ടെന്ന് അവരെയൊക്കെ കണ്ടതിന്റേതായ ഭാവവ്യത്യാസം ഒന്നും അവളിൽ ഉണ്ടായിരുന്നില്ല.

മുരളിയോട് സുഖ വിവരങ്ങൾ തിരക്കി അവൾ മുറിയിലേക്ക് പോയി.
പ്രതീക്ഷിച്ച പോലെ തന്നെ ആദ്യം ഇന്ദു അമ്മായി മുറിയിൽ എത്തി.

” എന്താണ് പവിത്രകുട്ടിയെ വലിയ തിരക്ക് ആണെന്ന് തോന്നുന്നല്ലോ…
അമ്മായിയെ കാണാൻ അങ്ങോട്ടേക്ക് വരാറേ ഇല്ലല്ലോ ”

പിന്നിയിട്ടിരുന്ന മുടി വിടർത്തി ഇടുക ആയിരുന്നു പവിത്ര….
ഇന്ദു അവളുടെ വിടർത്തിയിട്ട മുടി കോതി കൊടുക്കാൻ തുടങ്ങി

” ഇന്നലെ കൂടി നമ്മൾ കണ്ടു സംസാരിച്ചത് അല്ലേ..
അമ്മായിക്ക് എന്താ മറവി രോഗം പിടിപെട്ടോ ”
പവിത്ര തമാശയായി ചോദിച്ചു.

” ആഹ് അത് ശരിയാണ്… എന്നാലും അത് വഴിയിൽ വെച്ച് കണ്ടപ്പോൾ അല്ലേ അല്ലാതെ നീ വീട്ടിലേക്ക് വന്നില്ലല്ലോ ”

” അമ്മായിക്ക് എന്നോട് എന്തോ പറയാൻ ഉണ്ടല്ലോ അതിനല്ലേ ഇങ്ങനെ വളഞ്ഞു മൂക്ക് പിടിക്കുന്നത്….
എന്താന്ന് വെച്ചാൽ പറഞ്ഞോളൂ ഈ സഭ കൂടിയതിന്റെ പിന്നിലെ ലക്ഷ്യം എന്താണ്… ”

കളളം പിടിക്കപ്പെട്ട കൊച്ച് കുട്ടിയുടെ മുഖത്ത് വിരിയുന്ന വളിച്ച ചിരി അമ്മായിയുടെ മുഖത്തും പ്രതിഫലിച്ചു.

” അത് പിന്നെ മോളേ നിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ പത്മം വിളിച്ചു വരുത്തിയതാ ഞങ്ങളെ ”

” എന്റെ കാര്യത്തിൽ എന്ത് തീരുമാനം എടുക്കാൻ.. ”
പവിത്ര ചോദ്യഭാവത്തിൽ അവരെ നോക്കി.

” എല്ലാവർക്കും ഓരോ ജീവിതം ആക്കി കൊടുത്തിട്ട് നീ മാത്രം ഇങ്ങനെ ഒറ്റയ്ക്ക് ജീവിക്കുന്നത് ഞങ്ങൾക്ക് കണ്ടു നിൽക്കാൻ വയ്യാ മോളേ…
ഞങ്ങളുടെ ഒക്കെ കാലം കഴിയുമ്പോൾ നിനക്ക് ആരുണ്ട്….
ഭാവിയിൽ ആദിക്കും നിന്നെ സംരക്ഷിക്കുന്നതിനൊക്കെ ഒരു പരിധി കാണും.
അന്ന് നിനക്ക് നഷ്ടബോധം തോന്നരുത് ഡേവിച്ചനെ ഓർത്ത് ”

” അതിന് ഞാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലല്ലോ അമ്മായി എന്നെ സംരക്ഷിക്കണം എന്ന്…
ഇപ്പോഴും ആദി ആണോ എന്നെ നോക്കുന്നത് ”
അസഹിഷ്ണുതയോടെ പവിത്ര അമ്മായിയെ നോക്കി.

” എന്നല്ല മോളേ ഞാൻ പറഞ്ഞത്…. ഈ ജോലിയും ആരോഗ്യവും ഒന്നും എന്നും നില നിൽക്കുന്ന കാര്യങ്ങൾ അല്ല… പ്രായം പുറകോട്ടല്ല മുന്നോട്ട് ആണ് സഞ്ചരിക്കുന്നത്… നിന്റെ അമ്മയും ഞാനും ഒക്കെ വാർദ്ധക്യത്തിലേക്ക് എത്തിയത് പോലെ നീയും ഒരു നാൾ എത്തും…
അന്ന് ഒരു വയ്യാഴിക വന്നാൽ നിന്നെ താങ്ങാൻ ആരും കാണില്ല ഇങ്ങനാണേൽ…
മറിച്ചു ഒരു കല്യാണമൊക്കെ കഴിച്ചു കുഞ്ഞുങ്ങൾ ആയി കഴിഞ്ഞാൽ നിന്റെ മക്കൾ നിന്നെ താങ്ങാൻ കാണും ”

കട്ടിലിലേക്ക് ഇരുന്നിട്ട് തന്റെ അടുത്തേക്ക് പവിത്രയെ കൂടി ഇന്ദു പിടിച്ചിരുത്തി.

” അങ്ങനാണേൽ ഞാൻ ഒരു കാര്യം ചോദിക്കട്ടെ അമ്മായി….
ഇതുപോലെ മക്കൾ ഉള്ള അച്ഛനമ്മമാർ തന്നെയല്ലേ വൃദ്ധസദനങ്ങളിൽ കഴിയുന്നത്.. ”

” അതൊക്കെ ശരി തന്നെയാണ് ഞാൻ സമ്മതിക്കുന്നു മോളേ… ”

” എന്താ അമ്മായി ഇവള് സമ്മതിക്കുന്നില്ലേ ”
മുരളിയും ശാരികയും മുറിയിലേക്ക് വന്നു.

” ഞാൻ സംസാരിച്ചു തുടങ്ങിയതേയുള്ളു മുരളി… ”

” ഞങ്ങൾ നിന്റെ കല്യാണക്കാര്യം അങ്ങ് ഉറപ്പിച്ചു..
ചെറുക്കൻ ഡേവിഡ് അവന് നിന്നെ ഇഷ്ടമാണെന്ന് അമ്മ പറഞ്ഞു…..
നിനക്കും ഇഷ്ടക്കുറവ് ഒന്നും കാണില്ലല്ലോ അല്ലേ ”
മുരളി മൂത്ത ചേട്ടന്റെ അധികാര ഭാവത്തോടെ ആണ് അവളോട് അത് പറഞ്ഞത്.

” എന്നോട് ചോദിക്കാതെ ആണോ എന്റെ കല്യാണം ഉറപ്പിക്കുന്നത്… ”

” അതിനിപ്പോ എന്താ നല്ല ബന്ധം അല്ലേ നിനക്ക് സമ്മതിച്ചാൽ എന്താ… പ്രായം കൂടി പൊക്കോണ്ട് ഇരിക്കുവല്ലേ..
എത്രയും പെട്ടെന്ന് തന്നെ നടത്തണം. ”
ശാരികയാണ് അത് പറഞ്ഞത്.

” പ്രായം കൂടി പോകുന്നതിന് മുൻപ് എന്തായിരുന്നു ഏട്ടനും ഏടത്തിയും എന്റെ വിവാഹം നടത്തി തരാൻ മുൻകൈ എടുക്കാതെ ഇരുന്നത്….
ഇപ്പോൾ എന്താ ഒരു ശുഷ്‌കാന്തി… ”

പവിത്രയുടെ പരിഹാസം തിരിച്ചറിഞ്ഞ മുരളിയുടെയും ഭാര്യയുടെയും തല കുറ്റബോധത്താൽ താഴ്ന്നു.

” നിങ്ങളെ കുറ്റപ്പെടുത്താനോ വിഷമിപ്പിക്കാനോ വേണ്ടിയല്ല ഞാൻ ഇപ്പോൾ ഇത് പറഞ്ഞത്…
എന്റെ കാര്യങ്ങളിൽ തീരുമാനം എടുക്കുന്നത് ഞാൻ തന്നെയാണ്.
മറ്റാരും ഇടപെടുന്നത് എനിക്ക് ഇഷ്ടമല്ല….
ചിലപ്പോൾ പണ്ട് മുതൽക്കേ അങ്ങനെ ശീലിച്ചത് കൊണ്ടായിരിക്കാം…
എന്ത് ചെയ്യാനാ ഞാൻ ഇങ്ങനെ ആയി പോയി ”

പുഞ്ചിരിയോടെയാണ് പവിത്ര അവരോട് അത് പറഞ്ഞത്… കൂടുതൽ സംസാരിച്ചിട്ടും കാര്യം ഇല്ലെന്ന് മനസ്സിലായത് കൊണ്ട് തന്നെ അവർ മുറിയിൽ നിന്നും ഇറങ്ങി.

” ഇനി എന്താ അമ്മായിക്ക് എന്നോട് പറയാനുള്ളത് ”

” ഒന്നുമില്ലെന്റെ ഹിറ്റ്ലർ ദീദി ”
ഇന്ദു ചിരിയോടെ അവളെ ഒന്ന് നോക്കിയിട്ട് പോയി. പതിയെ ആ ചിരി പവിത്രയുടെ ചുണ്ടുകളിലും തെളിഞ്ഞു.

എല്ലാവരും അന്നത്തെ ദിവസം അവിടെ കൂടി. ഡേവിച്ചന്റെ തോളിൽ കയ്യിട്ട് കഥ പറഞ്ഞു നടക്കുന്ന മുരളിയേയും അവരോടൊപ്പം അതൊക്കെ ആസ്വദിച്ചു നടക്കുന്ന ആദിയെയും പവിത്ര കാണുന്നുണ്ടായിരുന്നു.

പിറ്റേന്ന് യാത്ര പറഞ്ഞു പോകാനിറങ്ങുന്നതിന് മുൻപായി ശാരിക പവിത്രയുടെ അടുത്തേക്ക് ചെന്നു.

” ഏട്ടത്തി എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു ”
ശാരിക പറയുന്നതിന് മുൻപായി പവിത്ര കേറി പറഞ്ഞു.

” എന്താ പവിത്രേ ”

” പ്രായത്തിലും അനുഭവത്തിലും ഞാൻ നിങ്ങളെക്കാൾ ഇളയത് ആണ്… ഇപ്പോൾ പറയുന്ന കാര്യം കേട്ട് നിങ്ങളെ ഞാൻ ഉപദേശിക്കുക ആണെന്ന് ഒരിക്കലും കരുതരുത്.. ”

” എന്താണെങ്കിലും നീ പറഞ്ഞോ പവിത്രേ… പണ്ടത്തെ നിന്റെ ഏട്ടത്തി അല്ല ഞാൻ ഇപ്പോൾ…
നീ പറയുന്നതിലെ ശരി ഇന്നെനിക്ക് മനസ്സിലാകും. ”
അവളുടെ ചുമലിൽ സ്നേഹത്തോടെ കൈ വെച്ചു കൊണ്ട് ശാരിക പറഞ്ഞു.

” വേറൊന്നുമല്ല നിങ്ങൾ രണ്ടുപേരും അത്യാവശ്യം നല്ല സാലറി ഉള്ള ജോലിക്കാർ ആണ്…
ഏട്ടൻ ഇപ്പോൾ അവധിയിൽ ആണെങ്കിലും വയ്യാഴികകൾ ഒക്കെ മാറുമ്പോൾ ജോലിയിൽ തിരികെ പ്രവേശിക്കും…
ഒറ്റമോളേയുള്ളു നിങ്ങൾക്ക്.. വേറേ പ്രാരാബ്ധങ്ങളോ ബാധ്യതകളോ ഇല്ല…
എന്നിട്ടും ഒരു അത്യാവശ്യം വന്നപ്പോൾ കുറച്ചെങ്കിലും പണം എടുക്കാൻ ഏടത്തിയുടെ കൈയ്യിൽ ഉണ്ടായിരുന്നില്ല…
ഇനി എങ്കിലും അത്യാവശ്യം നല്ലൊരു ബാങ്ക് ബാലൻസ് വേണം…
മൃദുല മോള് വളർന്നു വരികയാണ് അത് ഓർമ്മ വേണം.
ഞാൻ ഇപ്പോഴും പറയുകയാണ് ഇതൊരു ഉപദേശം ആണെന്ന് തോന്നരുത്…
അന്നത്തെ ആ സാഹചര്യം ഓർക്കുമ്പോൾ എനിക്ക് പറയണമെന്ന് തോന്നി ”

പവിത്ര ശാരികയെ നോക്കി… താൻ പറഞ്ഞത് ഏട്ടത്തിക്ക് ഇഷ്ടപ്പെട്ടു കാണില്ല എന്നാണ് അവൾ കരുതിയത്…
എന്നാൽ ശാരികയുടെ മുഖത്ത് സന്തോഷം ആയിരുന്നു.

” നീ പറഞ്ഞത് ശരിയായ കാര്യം തന്നെയാണ് പവിത്രേ…
ഞാനും ഇത് ഓർത്തതാണ്… പൈസ സൂക്ഷിക്കാൻ ഞാനും മുരളിയേട്ടനും മിനക്കെടാറില്ല…
കിട്ടുന്ന ശമ്പളം അപ്പപ്പോ ചിലവാക്കി തീർക്കുക ആയിരുന്നു ഞങ്ങൾ ചെയ്തത്…
ഇടയ്ക്കൊക്കെ ഞാനും ഏട്ടനോട് പറഞ്ഞിട്ടുണ്ട് പൈസ സൂക്ഷിച്ചു ചിലവാക്കണം മോള് വളർന്നു വരികയാണ് എന്നൊക്കെ…
അതിനെക്കുറിച്ചു ഇപ്പോഴേ ഓർത്ത് ടെൻഷൻ അടിക്കേണ്ട കാര്യമില്ല എന്നാണ് മുരളിയേട്ടൻ പറയാറുള്ളത്…
എന്നാൽ ഇനി അങ്ങനെ ആരിക്കില്ല പവിത്രേ…
അന്ന് ഹോസ്പിറ്റലിൽ ഞാൻ ഉരുകി തീരുവായിരുന്നു…
എന്റെ മുരളിയേട്ടനെ എനിക്ക് തിരിച്ചു കിട്ടില്ല എന്ന് പോലും ഞാൻ ഓർത്തു.
ഇനി അങ്ങോട്ട് ധൂർത്തടി ഒന്നുമില്ല….
എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ടായിരിക്കും ”

ശാരിക അത്രയും പറഞ്ഞപ്പോൾ പവിത്രക്കും സന്തോഷമായി.

” പിന്നെ ഞാൻ പറയാൻ വന്നത് പ്രശാന്തിന്റെ കാര്യമാണ്.. ”

” എന്താ ഏട്ടത്തി പ്രശാന്തിന്റെ എന്ത് കാര്യം..
ഏട്ടത്തി അവനെ കാണാറുണ്ടോ….
അവൻ ഓഫീസിൽ വരാറുണ്ടോ…
അവന്റെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല ”
പ്രശാന്തിന്റെ പേര് കേട്ടതും പവിത്രയുടെ ഉള്ളിൽ പ്രതീക്ഷയുടെ മുളനാമ്പ് പൊട്ടി.

” നിങ്ങളാരും ഒന്നുമറിഞ്ഞില്ലേ അപ്പോൾ…
ചിപ്പി പ്രെഗ്നന്റ് ആയിരുന്നു. ”

” ആഹ് അത് ഞാൻ അറിഞ്ഞിരുന്നു ”

” മ്മ് ഞങ്ങളെ പോലെ അവനും പെൺകുഞ്ഞാ… ”

പ്രഗ്നന്റ് ആണെന്ന് പറഞ്ഞപ്പോൾ എത്ര മാസം ആയെന്ന് ശശിധരൻ പറഞ്ഞില്ല എന്ന് അപ്പോഴാണ് അവൾ ഓർത്തത്. കുഞ്ഞ് ജനിച്ചപ്പോൾ പോലും ഒന്ന് വീട്ടിൽ വിളിച്ചറിയിക്കാൻ അവന് തോന്നിയില്ലല്ലോ..

” പക്ഷേ ചിപ്പിയും പ്രശാന്തും തമ്മിൽ അത്ര സ്വരച്ചേർച്ചയിൽ ഒന്നും അല്ല എന്നാണ് കേൾക്കുന്നത്. കുറച്ചു ദിവസങ്ങളായിട്ട് അവനെ കാണാറേ ഇല്ല ഇപ്പോൾ. ലാസ്റ്റ് കണ്ടത് ഓഫീസിൽ വന്നു രാജി മേഡവുമായി വഴക്ക് ഇടുന്നതാണ്… അവന്റെ കോലം ഒന്ന് കാണണമായിരുന്നു കണ്ണൊക്കെ ചുവന്നു മുടിയും താടിയും വളർത്തി…
ഒരു വല്ലാത്ത രൂപം.
ഞാൻ മിണ്ടാൻ പോയില്ല ”

വന്നവരൊക്കെ പിരിഞ്ഞു പോയിട്ടും ശാരിക പറഞ്ഞിട്ടുപോയ കാര്യങ്ങൾ ആയിരുന്നു പവിത്രയുടെ മനസ്സ് നിറയെ. പ്രശാന്തിന്റെ കുടുംബ ജീവിതത്തിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് ചിപ്പിയുടെ അച്ഛനും പറഞ്ഞിരുന്നു.
കുഞ്ഞ് ഉണ്ടായി കഴിയുമ്പോൾ അത് മാറുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് വെറുതെ ആയെന്ന് അവൾക്ക് തോന്നി.

*********************

മാധവിന് കഴിക്കാനുള്ള മെഡിസിൻ എടുത്തു വെച്ചിട്ട് താഴെ ഷീറ്റ് വിരിക്കുകയാണ് രമ്യ. കട്ടിലിൽ അത് നോക്കിയിരിക്കുന്ന മാധവിന്റെ മുഖത്ത് തെളിച്ചക്കുറവ് കാണാം.

” ഹോസ്പിറ്റലിൽ നിന്നും വന്നപ്പോൾ മുതൽ നീ താഴെയാണ് കിടക്കുന്നത്… എന്തിനാ രമ്യ ഇങ്ങനെ ചെയ്യുന്നത് തണുപ്പടിച്ചു നിനക്ക് ശരീര വേദന ഉണ്ടാകും…
ഇനി ഞാൻ സമ്മതിക്കില്ല താഴെ കിടക്കാൻ വന്നേ ”

അവൻ പറയുന്നത് ഒന്നും കേൾക്കാത്ത ഭാവത്തിൽ രമ്യ കിടക്കാൻ തുടങ്ങിയപ്പോൾ മാധവ് വന്നു കൈക്ക് പിടിച്ചു

” വിടെടോ…
തന്റെ കഥകൾ ഒക്കെ അറിഞ്ഞ ഞാൻ ഇനിയും തന്റെ ഒപ്പം കിടക്കണം അല്ലേ..
ഭർത്താവ് എന്ന അധികാരത്തിൽ എന്റെ ദേഹത്ത് തൊട്ട് പോയേക്കരുത്.
ദേ ഇത് കണ്ടോ ”
തലയിണയുടെ അടിയിൽ നിന്നും ഒരു കത്തി അവൾ പുറത്തേക്ക് എടുത്തു. മാധവ് ഭയത്തോടെ പുറകിലേക്ക് മാറി.

” അയ്യോ അങ്ങനെ അങ്ങ് പേടിക്കാതെ.. ഒറ്റയടിക്ക് നിങ്ങളെ കൊന്നു രക്ഷപ്പെടുത്താൻ ഞാൻ തീരുമാനിച്ചിട്ടില്ല… ഇത് എന്റെ ദേഹത്ത് നിങ്ങൾ തൊട്ടാൽ സ്വയം കുത്തി ചവാൻ ഞാൻ എടുത്തു വെച്ചിരിക്കുന്നതാ… അത്രക്ക് വെറുപ്പാ നിങ്ങളോട് എനിക്ക് ”

” എനിക്ക് ഒരു തെറ്റ് പറ്റിപ്പോയി..
ഭാര്യയായ നിനക്ക് എന്നോട് ക്ഷമിക്കാൻ കഴിയില്ലേ മോളേ.. ”
മാധവ് ദയനീയതയോടെ ചോദിച്ചു.

” വിവാഹത്തിന് മുൻപ് നിങ്ങൾ ഒരു പെൺകുട്ടിയെ സ്നേഹിക്കുകയോ മറ്റോ ചെയ്തത് ആയിരുന്നെങ്കിൽ ക്ഷമിക്കാമായിരുന്നു…
പക്ഷേ ഇത് അങ്ങനല്ലല്ലോ ഒരേ സമയം രണ്ടുപേരെ പ്രണയിച്ചിട്ട് ഒരാളെ ചതിക്കുകയും കല്യാണം കഴിഞ്ഞിട്ട് വീണ്ടും മറ്റൊരുത്തിയുടെ ശരീരത്തിന്റെ ചൂട് തേടി പോകുകയും ചെയ്ത നിങ്ങളോട് ഞാൻ ക്ഷമിക്കാനോ ഒരിക്കലുമില്ല.

എന്റെ അച്ഛനെയും അമ്മയെയും ഇനിയും വേദനിപ്പിക്കാൻ കഴിയാത്തത് കൊണ്ട് മാത്രമാണ് ഞാൻ ഇവിടെ നിൽക്കുന്നത്…
ഇത് എനിക്കും കൂടെയുള്ള ശിക്ഷയാണ്.. വയറ്റിൽ കുരുത്ത ജീവനെ കൊന്നതിന്റെ ശിക്ഷ ”

അത് പറയുമ്പോൾ കരഞ്ഞു കഴിഞ്ഞിരുന്നു രമ്യ. തേങ്ങലുകൾ ഉച്ചത്തിൽ ആകാതെ ഇരിക്കാൻ വായ് പൊത്തിപ്പിടിച്ചു കൊണ്ട് അവൾ കിടന്നു.

” പിന്നെ ഒന്നൂടെ നിങ്ങൾ കേട്ടോ പവിത്രയുടെ കല്യാണമാണ് ഡേവിച്ചായനുമായിട്ട്… ”
വെറുമൊരു ആലോചന മാത്രേ ആയുള്ളൂ എന്ന് അറിയാമെങ്കിലും മാധവിനെ തളർത്താൻ വേണ്ടിയാണ് അവൾ അത് പറഞ്ഞത്.

അമർത്തിയ തേങ്ങലുകൾ മാധവിന്റെ ഉറക്കം നഷ്ടപ്പെടുത്തി. തിരിഞ്ഞു നോക്കുമ്പോൾ തീർത്തും പരാജയപ്പെട്ടവന്റെ മുഖം മാത്രമാണ് തനിക്ക് ഉള്ളതെന്ന് അവൻ തിരിച്ചറിഞ്ഞു.

എത്രയൊക്കെ വഴി തിരിച്ചു വിട്ടിട്ടും ഡേവിഡിന്റെ പ്രണയമെന്ന നദി പവിത്രയിലേക്ക് തന്നെ ഒഴുകി എത്തിച്ചേർന്നിരിക്കുന്നു.
നിസ്വാർത്ഥമായ പ്രണയത്തിന്റെ ശക്തി അതാണ്….
പവിത്ര എന്ന പെണ്ണിനെ സ്വപ്നം കാണാൻ പോലുമുള്ള യോഗ്യത ഇല്ലാത്തവൻ ആണ് താൻ…
അവളുടെ സ്നേഹം കിട്ടാൻ അർഹൻ ഡേവിഡ് തന്നെയാണ്…
തനിക്കാണ് എല്ലാം നഷ്ടമായത്… രമ്യ.. കുറച്ചു വായാടി ആണെങ്കിലും തന്നെ ദൈവ തുല്യമായി കണ്ടു ബഹുമാനിച്ചു പ്രണയിച്ചവൾ…
ഇന്ന് അവൾക്ക് എന്നോടുള്ള വികാരം വെറുപ്പ് മാത്രം.
ഇതാണ് എനിക്ക് ദൈവം കരുതി വെച്ച ശിക്ഷ.. സൗഹൃദങ്ങളെയും പ്രണയിനിയെയും ചതിച്ചതിനുള്ള ശിക്ഷ…
മാധവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

കുളക്കടവിലെ സംസാരത്തിന് ശേഷം ഡേവിച്ചൻ പവിത്രയുടെ മുന്നിൽ ചെല്ലാറില്ല. പരസ്പരം കണ്ടുമുട്ടുന്ന അവസരങ്ങളിൽ ഒക്കെ അവൻ ഒഴിഞ്ഞു മാറുകയാണ് ചെയ്യാറുള്ളത്.

ബൈക്കിന്റെ ചാവിയുമായി പത്തായപ്പുരയുടെ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുക ആയിരുന്നു ഡേവിച്ചൻ. പവിത്ര വരുന്നത് കണ്ടു അവൻ തിരിച്ചു അകത്തേക്ക് തന്നെ കയറി. ഇത് കണ്ട പവിത്ര അവിടേക്ക് ചെന്നു.

” എന്താ ഡേവിഡ് എന്നെ കണ്ടിട്ടാണോ തിരിച്ചു കയറി പോന്നത് ”
അവൾ അകത്തേക്ക് കയറുന്നതിനിടയിൽ ചോദിച്ചു.

” ഏയ്‌ അല്ല ഞാൻ ബൈക്കിന്റെ ചാവി എടുക്കാൻ കയറിയതാ ”
അവൻ വായിൽ വന്ന കളളം പെട്ടെന്ന് പറഞ്ഞു.

” ചാവി അല്ലേ കയ്യിൽ ഇരിക്കുന്നത് ”

” ഓഹ് ഇത് കയ്യിൽ ഉണ്ടായിരുന്നോ… എന്റെ ഒരു മറവിയെ ”
അവൻ സ്വയം തലക്ക് ഒന്ന് കൊട്ടി.

” അതൊക്കെ പോട്ടെ എന്താ ഡേവിഡിന്റെ ഉദ്ദേശം…
എനിക്ക് നിങ്ങളുമായിട്ട് ഒരു റിലേഷൻ താല്പര്യമില്ല എന്ന് പറഞ്ഞിട്ടും എന്റെ വീട്ടുകാരെയും കൂടെ നിർത്തി എന്ത് നാടകം ആണ് നിങ്ങൾ കളിക്കുന്നത് ”

പവിത്രയുടെ ചോദ്യം കേട്ട് ഡേവിഡ് അമ്പരന്നു നിന്നു.

” ഞാൻ അങ്ങനൊന്നും ഒരു നാടകവും കളിച്ചിട്ടില്ല ”

” കൂടുതൽ ഒന്നും പറയണ്ട മിസ്റ്റർ എനിക്ക് എല്ലാം മനസ്സിലാകുന്നുണ്ട് ”

” നിർത്തെടി… ഈ ഡേവിച്ചൻ അങ്ങനത്തെ തറ പരിപാടി ഒന്നും ചെയ്യുകേല… നിനക്ക് വിവാഹം വേണ്ടാ എന്ന് പറഞ്ഞു… എങ്കിൽ ഓക്കേ വിവാഹം വേണ്ടാ എന്ന് ഞാനും അങ്ങ് മനസ്സിൽ ഉറപ്പിച്ചു. അത് നിന്നോടുള്ള സ്നേഹം കൊണ്ടാ, ബഹുമാനം കൊണ്ടാ…
അതല്ല എനിക്ക് നിന്നെ കെട്ടിയെ ഒക്കത്തുള്ളൂ എന്നുണ്ടെങ്കിൽ ഉണ്ടല്ലോ, ഞാൻ അങ്ങനൊരു തീരുമാനം എടുത്താൽ ഉണ്ടല്ലോ…
നിന്റെ സമ്മതം ഒന്നും ഈ ഡേവിച്ചൻ നോക്കില്ല.. നിന്റെ കയ്യും കാലും കെട്ടിയിട്ട് പൊക്കിയെടുത്തു പള്ളിയിലെങ്കിൽ പള്ളി… അമ്പലത്തിൽ എങ്കിൽ അമ്പലത്തിൽ കൊണ്ട് പോയി ഒരു മിന്ന് ഈ കഴുത്തിൽ അങ്ങ് ചാർത്തും. ”

( തുടരും )

ഒരുപാട് പ്രതീക്ഷകൾ വെച്ചാണ് നിങ്ങൾ ഓരോരുത്തരും ഈ കഥ വായിക്കുന്നതെന്ന് എനിക്ക് അറിയാം…
തികച്ചും നമ്മുക്ക് ചുറ്റുമുള്ള യാഥാർഥ്യങ്ങൾ മാത്രമാണ് കഥയിൽ എഴുതിയിട്ടുള്ളത്.
നിങ്ങൾ ആഗ്രഹിക്കുന്നത് പോലൊരു തിരിച്ചടിയോ പ്രതികാരമോ ഒന്നുമില്ലാത്ത ഒരു സാധാരണ കഥയായിട്ട് എഴുതി നിർത്താനാണ് ഞാൻ ഇഷ്ടപ്പെടുന്നത്

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

പവിത്ര: ഭാഗം 1

പവിത്ര: ഭാഗം 2

പവിത്ര: ഭാഗം 3

പവിത്ര: ഭാഗം 4

പവിത്ര: ഭാഗം 5

പവിത്ര: ഭാഗം 6

പവിത്ര: ഭാഗം 7

പവിത്ര: ഭാഗം 8

പവിത്ര: ഭാഗം 9

പവിത്ര: ഭാഗം 10

പവിത്ര: ഭാഗം 11

പവിത്ര: ഭാഗം 12

പവിത്ര: ഭാഗം 13

പവിത്ര: ഭാഗം 14

പവിത്ര: ഭാഗം 15

പവിത്ര: ഭാഗം 16

പവിത്ര: ഭാഗം 17

പവിത്ര: ഭാഗം 18

പവിത്ര: ഭാഗം 19

പവിത്ര: ഭാഗം 20

പവിത്ര: ഭാഗം 21

പവിത്ര: ഭാഗം 22

പവിത്ര: ഭാഗം 23

പവിത്ര: ഭാഗം 24

പവിത്ര: ഭാഗം 25

പവിത്ര: ഭാഗം 26

പവിത്ര: ഭാഗം 28

Share this story