രുദ്രാക്ഷ : PART 9

രുദ്രാക്ഷ : PART 9

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

മുകളിൽ കറങ്ങുന്ന ഫാനാണ് കണ്ണുകൾ തുറന്നപ്പോൾ രുദ്ര ആദ്യം കണ്ടത്. സംഭവിച്ചതെല്ലാം ഓടിയലച്ച് അവളിലേക്ക് ഓർമകളുടെ രൂപത്തിൽ എത്തിയപ്പോൾ എന്റെ കുഞ്ഞെന്ന വിളിയോടവൾ ചാടിയെഴുന്നേറ്റു.

അടുത്ത ബെഡിലെ രോഗിക്ക് ഡ്രിപ് ഘടിപ്പിച്ചുകൊണ്ടുനിന്ന നഴ്സ് അവളെഴുന്നേൽക്കുന്നത് കണ്ട് ഓടിയെത്തി.
രുദ്രയെ സമാധാനിപ്പിക്കാൻ അവരൊരുപാട് പാടുപെട്ടു.

വിവരമറിഞ്ഞെത്തിയ ഡോക്ടർ രുക്മ രുദ്രയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു .
രുദ്രാക്ഷ.. താൻ ചെറുപ്പമല്ലേ ഇനിയും തനിക്ക് കുഞ്ഞുങ്ങളുണ്ടാകും. പടിയിൽ എവിടെയോ വയർ നന്നായി ഇടിച്ചിരുന്നു അതുകൊണ്ടാണ് രക്ഷിക്കാൻ കഴിയാതിരുന്നത്. താൻ സമാധാനിക്കെടോ. ഹസ്ബൻഡ് പുറത്തിരുപ്പുണ്ട്. ഇതിനകത്തേക്ക് ആരെയും കയറ്റില്ല. ഉടൻ തന്നെ വാർഡിൽ ആക്കാം . നാളെ ഡിസ്ചാർജ് തരാം. ഞാൻ ഹസ്ബന്റിനോട് പറയാം.. വിതുമ്പിക്കരയുന്ന രുദ്രയോടായി പറഞ്ഞശേഷം ഡോക്ടർ രുക്മ തിരഞ്ഞു.

ഡോക്ടർ.. വേണ്ട അയാൾ.. അയാളൊന്നും അറിയേണ്ട. എനിക്കയാളെ കാണുകയും വേണ്ട. അയാളാ എന്റെ കുഞ്ഞിനെ കൊന്നത്. സ്വാർത്ഥതയാ അയാൾക്ക്. എനിക്കിനി അയാളെ കാണേണ്ട. എന്നെ രക്ഷിക്കാൻ ഡോക്ടറിന് പറ്റുമോ..

തന്റെ മുൻപിലിരുന്ന് വിങ്ങിക്കരയുന്ന ഇരുപത്തിയൊന്ന് വയസ്സ് പ്രായമുള്ള ആ പെൺകുട്ടിയെ ഡോക്ടർ സഹതാപത്തോടെ നോക്കി. അവളുടെ കരഞ്ഞു വിങ്ങിയ മുഖത്തിൽ നിന്നും അവളെത്ര മാത്രം നഷ്ടപ്പെട്ടുപോയ കുരുന്നുജീവനെ ആഗ്രഹിച്ചിരുന്നുവെന്ന് അവർ ചിന്തിച്ചു. ഒരുമാത്ര തന്റെ മുൻപിലിരിക്കുന്ന പെൺകുട്ടിയോട് വല്ലാത്തൊരു അലിവ് അവർക്കുതോന്നി.

ആരോടും പറയാതെ ഇത്രനാളും അടക്കിപ്പിടിച്ചിരുന്ന കാര്യങ്ങൾ അവരോട് തുറന്നുപറയുമ്പോൾ ഡോക്ടർ ഞെട്ടലിൽ നിന്നും മുക്തയായില്ല.

എ കെ ബിസിനസ് വളരെ പ്രശസ്തമായതിനാൽ അതിനെപ്പറ്റി കേട്ടിട്ടുണ്ട്. അതിന്റെ ഉടമ സിദ്ധാർഥിനോടും അവർക്ക് ബഹുമാനമായിരുന്നു ഇതുവരെ.
എന്നാൽ നിഷ്കളങ്കയായ ഒരു പെൺകുട്ടി അയാൾ കാരണം അനുഭവിച്ച യാതനകൾ അവർക്ക് അവനോടുള്ള ബഹുമാനത്തിന് പകരം വെറുപ്പ് സൃഷ്ടിക്കാൻ ഇടവരുത്തി.
സ്ത്രീയെന്നാൽ സർവ്വം സഹയാണെന്ന് പറഞ്ഞ വ്യക്തിയോട് അവർക്ക് ആ നിമിഷം അതിയായ കോപം തോന്നി.

കാൽമുട്ടിൽ മുഖം ചേർത്ത് വിമ്മിക്കരയുന്ന രുദ്രയുടെ തലയിൽ തലോടുന്നതിനായി അവർപോലും അറിയാതെ അവരുടെ കൈകൾ നീണ്ടു.
ഏറെക്കാലമായി ഒരു ആശ്വാസം കലർന്ന തഴുകലിന് കൊതിച്ചിരുന്നതുപോലെ അവരവരുടെ വയറിൽ കൈകൾ ചുറ്റി മുഖം അമർത്തി.

മോളേ ഒരു ഡോക്ടർ എന്ന നിലയിൽ പോലീസിനെ അറിയിക്കാനേ എന്നെക്കൊണ്ട് സാധിക്കുള്ളൂ. അവർ പറഞ്ഞതും രുദ്ര മുഖമുയർത്തി അവരെ നോക്കി.

നിഷേധമെന്നപോലെ തല വെട്ടിച്ചു അവൾ.
വേണ്ട ഡോക്ടർ.. ഒരുപാട് കാശുണ്ട് അയാളുടെ കൈയിൽ. അതിൽനിന്നെല്ലാം അയാൾ രക്ഷപ്പെടും. രുദ്ര തല വെട്ടിച്ചു കൊണ്ടിരുന്നു.

പക്ഷേ.. ഒരമ്മയെന്ന നിലയിൽ ഞാൻ ചിന്തിക്കുന്നു മോളേ. എനിക്കുമുണ്ട് നിന്റെ പ്രായമുള്ള ഒരു മകൾ. അവൾക്ക് ഈ അവസ്ഥ വരരുതേയെന്ന് ഞാൻ പ്രാർത്ഥിക്കുകയാണ്. മോളെവിടെ പോയാലും അയാൾ നിന്നെ അന്വേഷിച്ച് വരും. ഒന്നുകിൽ മോളെ സർക്കാരിന്റെ തന്നെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റാൻ കഴിയും. തല്ക്കാലം അയാൾ പോലീസ് കസ്റ്റഡിയിൽ ആകും. ആ നേരം മതി മോൾക്ക് രക്ഷപെടാൻ. രുക്മ പറഞ്ഞുനിർത്തിയതും പ്രതീക്ഷയുടെ ഒരു നീർത്തിളക്കം അവർ രുദ്രയുടെ മിഴികളിൽ കണ്ടു.

പിന്നെയെല്ലാം പെട്ടെന്നായിരുന്നു. പുറത്ത് കാത്തിരുന്ന സിദ്ധുവിനെ തേടിയെത്തിയത് പോലീസ് ആയിരുന്നു.

പരസ്പരം ഉണ്ടായ കലഹത്തിനിടെ അപകടം പറ്റി കുഞ്ഞിനെ നഷ്‍ടമായി എന്ന് മാത്രമേ പോലീസിൽ പറഞ്ഞുള്ളൂ. കൂടെ ഇനി ജീവിക്കാൻ താല്പര്യമില്ലെന്നും.
എല്ലാവർക്കും സിദ്ധാർഥ്‌ നാരായണിനെ അറിയാമെന്നുള്ളതിനാൽ പത്രങ്ങളിലും മറ്റും എരിവും പുളിയും ചേർത്ത് വാർത്തകൾ സ്ഥാനം പിടിച്ചു.

* * *

നിലയ്ക്കാത്ത കോളിങ് ബെൽ ശബ്ദമാണ് അവളെ ഓർമയിൽ നിന്നുണർത്തിയത്.
യാഥാർഥ്യത്തിലേക്ക് തിരിച്ചുവരാൻ അവൾ രണ്ടുനിമിഷമെടുത്തു. മുറിയാകെ ഇരുട്ട് പടർന്നിരുന്നു. കൈയെത്തി സ്വിച്ച് ഇട്ടതും വീട് മുഴുവൻ പ്രകാശം പരന്നു.
വാരിയെറിഞ്ഞും അടിച്ചു പൊട്ടിച്ചും ഇട്ടിരിക്കുന്ന സാധനങ്ങളിലേക്ക് അവളുടെ നോട്ടം പതിഞ്ഞു.
വാഷ്‌റൂമിൽ നിന്നും മുഖം കഴുകി ടവ്വലിൽ മുഖം ഒപ്പിയശേഷം അവൾ താഴേക്ക് നടന്നു.

ഡോർ തുറക്കുമ്പോൾ കണ്ടു അക്ഷമനായി നിൽക്കുന്ന സഞ്ജുവിനെ. അവന്റെ മുഖത്ത് പേടി നിഴലിച്ചിരുന്നു.
അകത്തേക്ക് കയറിയതും കൈനീട്ടി അവളുടെ കവിളിൽ അടിച്ചശേഷം അവനവളെ നെഞ്ചോട് ചേർത്തു.
ഒരാശ്വാസമെന്നോണം രുദ്രയും അവനെ മുറുകെ പിടിച്ചിരുന്നു.
എത്ര നേരം അങ്ങനെ നിന്നുവെന്നറിയില്ല.
രുദ്ര തന്നെ ആദ്യം അടർന്നു മാറി.

എത്ര നേരമായി ഞാൻ നിന്റെ ഫോണിൽ വിളിക്കുന്നുണ്ടെന്ന് നിനക്കറിയാമോ രുദ്രൂ.. പരാതിയെന്നപോലെ സഞ്ജു പറഞ്ഞു.

ഞാൻ ആത്മഹത്യ ചെയ്യുമെന്ന് വിചാരിച്ചോ സഞ്ജു നീ.. നിർവ്വികാരയായി രുദ്ര ചോദിച്ചു.

ആത്മഹത്യ അതും നീ ഒന്ന് പോയെടീ.
ഇതിലും വലിയ പ്രശ്നങ്ങളിൽ പിടിച്ചു നിന്നതല്ലേ നീ. അന്നത്തെ പൊട്ടിപ്പെണ്ണല്ലല്ലോ ഇന്ന് നീ. യുദ്ധത്തിന് വേണ്ടി രാകി വയ്ക്കുകയല്ലേ നീ നിന്നെത്തന്നെ. ഉലയിലെ കനലിൽ ചുട്ടു പഴുത്തുകൊണ്ടിക്കുന്ന ഇരുമ്പാണ് നീ. എത്ര തല്ലിയാലും നിന്റെ മൂർച്ച കൂടുകയേയുള്ളൂ.. ആത്മവിശ്വാസത്തോടെ സഞ്ജു പറയുമ്പോൾ രുദ്രയുടെ അധരത്തിൽ ഒരു ചിരിച്ചു വിടർന്നു. വെറും ചിരിയല്ല കൊലച്ചിരി. വർഷങ്ങളായി കരുതിയിരുന്ന ദിനങ്ങൾക്കിനി അധികം ദൈർഘ്യമില്ലെന്ന് അവളോർത്തു.
തനിക്ക് സ്വന്തമായുണ്ടായിരുന്നതെല്ലാം നഷ്ടപ്പെടുത്തി തന്റെ ജീവിതം ഇല്ലാതാക്കിയവനോട് ആത്മാഭിമാനമുള്ള ഒരു പെണ്ണിന് തോന്നാവുന്ന പകയായിരുന്നു അപ്പോഴവളിൽ നിറഞ്ഞു നിന്നത്. അത് മനസ്സിലായെന്നപോൽ സഞ്ജു ഒന്ന് പുഞ്ചിരിച്ചു.

പല ഭാവങ്ങളിൽ രൂപമെടുക്കാൻ പെണ്ണിന് മാത്രമേ കഴിയുള്ളൂവെന്നും സ്നേഹം ലഭിച്ചാൽ അവൾ ശാന്തമായൊഴുകുന്ന പുഴയാണെന്നും പക നിറഞ്ഞാൽ വിഷം വമിക്കുന്ന വാസുകിയാണെന്നും അവനോർത്തു. ലക്ഷ്മിയായും ഭദ്രയായും ശാന്തരൂപിണിയായും സംഹാരരുദ്രയായും രൂപമെടുക്കുന്ന പെണ്ണിനോടവന് ആ നിമിഷം വല്ലാത്ത ആരാധന തോന്നി.

പിറ്റേന്ന് അവൾ ഓഫീസിൽ വരില്ലെന്നും കരഞ്ഞു തളർന്ന് കിടക്കുമെന്നും കരുതിയ സിദ്ധുവിന്റെ ധാരണകളെ പൂർണ്ണമായും തച്ചുടച്ചുകൊണ്ട് പതിവിലും പ്രസരിപ്പോടെ രുദ്ര ആഗതയായി.

താൻ ഏഴുവർഷം മുൻപ് അറിഞ്ഞ രുദ്രയിൽ നിന്നും ഒരുപാട് പരിവർത്തനം അവൾക്കുണ്ടായെന്ന് ആ നിമിഷം അവൻ മനസ്സിലാക്കി.
അവളോടൊപ്പം ചിരിയോടെ നടന്നുവരുന്ന സഞ്ജുവിനെ കണ്ട് സിദ്ധുവിന്റെ മനസ്സിൽ അവനെ ഇല്ലാതാക്കുവാൻ തക്ക പക രൂപംകൊണ്ടു.

രുദ്ര ക്യാബിനിൽ കയറി അല്പസമയം കഴിഞ്ഞതും സിദ്ധുവിന്റെ ഫോൺ ശബ്‌ദിച്ചു.
സാർ.. ഇന്നലെ പറഞ്ഞ ഫയലുമായി മാഡത്തെ കാണുവാൻ പറഞ്ഞു. മറുവശത്തുനിന്നും ഓഫീസ് അസിസ്റ്റന്റ് പറഞ്ഞു.

താനിതുവരെ ആ ഫയൽ തയ്യാറാക്കിയില്ലെന്നവൻ ഓർത്തു.
അനുവാദത്തോടെ ക്യാബിനിൽ സിദ്ധു പ്രവേശിക്കുമ്പോൾ കാലിന്മേൽ കാൽ കയറ്റി ഇരിക്കുന്ന രുദ്രയെയാണവൻ കണ്ടത്.

മിസ്റ്റർ സിദ്ധാർഥ് ഇന്നലെ ഞാൻ പ്രീവിയസ് മന്ത് അക്കൗണ്ട്സ് ഡീറ്റെയിൽസ് ആവശ്യപ്പെട്ടിരുന്നു. എവിടെ ഫയൽ. രുദ്ര ഗൗരവത്തോടെ ചോദിച്ചു.

അത്.. അത് മാഡം. അത് തയ്യാറാക്കാൻ സാധിച്ചില്ല.
സിദ്ധു പറഞ്ഞു നിർത്തി.

വാട്ട്‌.. തയ്യാറാക്കിയില്ലെന്നോ. തനിക്കിവിടെ പിന്നെയെന്താടോ പണി. കറക്റ്റ് സമയത്ത് സാലറി അക്കൗണ്ടിൽ എത്തുന്നുണ്ടല്ലോ. അതിന്റെ കൂറ് കാണിക്കാണെങ്കിലും പണിയെടുക്കടോ. വെറുതെ എ സിയിൽ ഇരുന്ന് സുഖിക്കാനല്ല ജോലി കൃത്യമായി ചെയ്യാനാണ് തന്നെയൊക്കെ ഇവിടെ നിർത്തിയിരിക്കുന്നത്. അല്പം ആത്മാർഥത ജോലിയോടെങ്കിലും കാണിക്കാൻ ശ്രമിക്ക്. ഇന്ന് ഉച്ചയ്ക്ക് മുൻപായി ഫയൽ എന്റെ ടേബിളിൽ ഉണ്ടായിരിക്കണം. ദിസ്‌ ഈസ്‌ മൈ ഫൈനൽ വാണിംഗ്. ഗോട്ട് ഇറ്റ്.. രുദ്ര ശബ്ദമുയർത്തി.

യെസ് മാഡം.. അപമാനം കൊണ്ട് തലകുനിച്ചുകൊണ്ട് സിദ്ധു പറഞ്ഞു.

ക്യാബിനിൽ നിന്നും ഇറങ്ങുന്നതിനു മുൻപായി പക നിറഞ്ഞ മുഖവുമായവൻ രുദ്രയെ നോക്കി. താൻ തുടങ്ങിക്കഴിഞ്ഞു എന്ന ഭാവത്തോടെ അവനെ പുച്ഛത്തോടെ നോക്കിക്കൊണ്ട് രുദ്ര നിൽപ്പുണ്ടായിരുന്നു.

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

രുദ്രാക്ഷ : PART 1

രുദ്രാക്ഷ : PART 2

രുദ്രാക്ഷ : PART 3

രുദ്രാക്ഷ : PART 4

രുദ്രാക്ഷ : PART 5

രുദ്രാക്ഷ : PART 6

രുദ്രാക്ഷ : PART 7

രുദ്രാക്ഷ : PART 8

Share this story