നിലാവിനായ് : ഭാഗം 10

നിലാവിനായ് : ഭാഗം 10

എഴുത്തുകാരി: സേഷ്മ ധനേഷ്‌

“അതേ… അതു തന്നെയാണ് ഉദ്ദേശം. അതിനു നിങ്ങൾക്ക് എന്താ…” അവളുടെ മറു ചോദ്യത്തിനുള്ള ഉത്തരം ഗൗതമിന്റെ അടുത്തുണ്ടായിരുന്നില്ല. അവൾ ഇങ്ങനെ പ്രതികരിക്കുമെന്നു അവൻ കരുതിയതുമില്ല. അവരെ ഒരുമിച്ചു കണ്ടപ്പോഴുള്ള ദേഷ്യമാണ്… അവർക്കിടയിൽ വല്ലാത്തൊരു ആത്മബന്ധവും സ്നേഹബന്ധവുമാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്… പക്ഷെ തന്നോടുള്ള അവളുടെ അവഗണനയാണ് തന്നെ ഇങ്ങനെ പ്രതികരിക്കാൻ പ്രേരിപ്പിച്ചത്. അല്ലെങ്കിൽ തന്നെ എന്തു ധൈര്യത്തിലാണ് അവളെ അടിച്ചത്. താൻ ആരാണ് അവളുടെ…. പിന്നീടാണ് താൻ ചെയ്ത പ്രവർത്തിയെ കുറിച്ചു ഗൗതം ബോധവാനായത്. “ചോദിച്ചത് കേട്ടില്ലേ നിങ്ങൾ…. എന്റെ ഉദ്ദേശം അതു തന്നെയാണ്… അതിനു നിങ്ങൾക്കെന്താ… പറ…” ദേവ്നിയുടെ ഉയർന്നു കേൾക്കുന്ന ശബ്ദത്തിനു മുന്നിൽ ഗൗതം ഉത്തരം മുട്ടി നിന്നു.

അവളുടെ കണ്ണുകളെ നേരിടാനാകാതെ അവൻ ദൃഷ്ട്ടി വേറെയെങ്ങോ പായിച്ചു. “അല്ല… ഞാൻ ജീവനെ കല്യാണം കഴിച്ചാൽ എങ്ങനെയാ നിങ്ങളുടെ വീട്ടിലെ കെട്ടിലമ്മയായി കഴിയുന്നത്… അതിനു… അതിനു ജീവൻ നിങ്ങളുടെ വീട്ടിലെ ആരെങ്കിലും ആണോ…” ദേവ്നിയുടെ ആ ചോദ്യതിന് അർത്ഥം മനസിലാകാത്ത പോലെ അവൻ സംശയത്തോടെ അവളെ നോക്കി. “നിങ്ങൾക്ക് മനസിലായില്ലേ… ജീവൻ നിങ്ങളുടെ സ്വന്തം സഹോദരനാണോ… രക്തബന്ധം ആണോ ഒന്നുമല്ല” “അങ്ങനെയുള്ള ഒരാൾ അയാളുടെ ഇഷ്ടംപോലെ ജീവിക്കുന്നതിനു നിങ്ങൾക്ക് എന്താ” എല്ലാവരും ഒരു അതിശയതോടെയാണ് അത്രയും കേട്ടു നിന്നത്. “ജീവൻ ഞങ്ങളുടെ ആരാണെന്നു എനിക്ക് നിന്നെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല” ഗൗതം ഒന്നു ജയിക്കാനായി പ്രതിരോധിച്ചു. “എന്നെ നിങ്ങൾ ബോധ്യപ്പെടുത്തേണ്ട… ആ മനുഷ്യനെ എങ്കിലും ബോധ്യപ്പെടുത്തണം. നിങ്ങൾക്ക് അയാൾ ആരാണെന്നു… നിങ്ങൾക്ക് മാത്രമല്ല നിങ്ങളുടെ വീട്ടിലെ ഓരോ അംഗങ്ങൾക്കും… അങ്ങനെയൊരു മനുഷ്യജീവൻ നിങ്ങളുടെ വീട്ടിൽ ഉണ്ടെന്നുള്ള തോന്നലെങ്കിലും നിങ്ങൾക്ക് ആർക്കെങ്കിലുമുണ്ടോ” “തന്റെ സഹോദരൻ ആണെങ്കി ഈ നിൽക്കുന്ന മാധവ് മേനോൻ സാറിനെ…

അച്ഛൻ എന്നു വിളിക്കാനുള്ള അവകാശം ഉണ്ടോ… എപ്പോഴെങ്കിലും വിളിച്ചു കേട്ടിട്ടുണ്ടോ” അവളുടെയ ചോദ്യത്തിന് ഉത്തരമില്ല. ഗൗതം ശിരസ്സു കുനിഞ്ഞു നിന്നുപോയി. താൻ ഒരിക്കൽ പോലും അതിനെ കുറിച്ചു ചിന്തിച്ചില്ലലോ. അച്ഛനോടൊ അമ്മയോടൊ ചോദിച്ചിട്ടില്ല. എന്തിനേറെ മനസു തുറന്നുള്ള സംസാരം പോലും ജീവനും എനിക്കുമിടയിൽ ഇതുവരെ ഉണ്ടായിരുന്നില്ലലോ. ഗൗതം ദേഷ്യത്തിൽ അവളെ നോക്കി മുഖം തിരിച്ചു നിന്നു. മാധവ് മേനോന്റെ മുഖത്തു പക്ഷെ വേറെ എന്തൊക്കെയോ ചിന്തകൾ ആയിരുന്നു. “ഒരേ വയറ്റിൽ നിന്നും വന്നതല്ലേ ജീവനും ഗായത്രിയും… നിന്റെ സ്വന്തം സഹോദരൻ അല്ലെ… പറഞ്ഞു വരുമ്പോൾ ഗൗതമിനേക്കാളും സഹോദര സ്ഥാനം ഈ നിൽക്കുന്ന വ്യക്തിക്കല്ലേ… നീ ഇന്നുവരെ ഏട്ടാ എന്നൊന്ന് വിളിച്ചിട്ടുണ്ടോ…

വിളിക്കുന്നത് പോയിട്ട് അങ്ങനെയൊരു സ്ഥാനം നിന്റെ മനസിലെങ്കിലും കൊടുത്തിട്ടുണ്ടോ… ഇല്ല” ഗായത്രിയുടെ നേരെ ദേവ്നിയുടെ വാക്കുകൾ കനൽ പോലെ ചൂട് പിടിച്ചതായിരുന്നു. ദേവ്നി നോക്കുമ്പോൾ സുഭദ്ര ഉമിനീർ വറ്റി വരണ്ടു നിൽക്കുകയായിരുന്നു. സുഭദ്ര നന്നേ പേടിച്ചിരുന്നു. ദേവ്നിയുടെ വാക് ശരം ഇനി തന്റെ നേർക്കായിരിക്കുമെന്നു അവർക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ജീവൻ കണ്ണുകൾ അടച്ചു എല്ലാവർക്കും പുറം തിരിഞ്ഞു നിന്നു. ഒരുവേള തന്റെ മനസിൽ വർഷങ്ങളായുള്ള വേദനകൾ ഒരു തിരമാല കണക്കെ മറ്റുള്ളവരിൽ ദേവ്നിയിലൂടെ അലയടിക്കുകയായിരുന്നുവെന്നു അവനു തോന്നി പോയി. “ചെറുപ്പത്തിലേ നിഷ്കളങ്ക സ്നേഹം വച്ചു നീട്ടി കൊതിപ്പിച്ചു ഒടുവിൽ ആ സ്നേഹത്തിലും സ്വന്തം ലാഭം നോക്കി… മുന്നോട്ടുള്ള ജീവിതത്തിനും സമൂഹത്തിലെ ഉയർന്ന ജീവിതത്തിനും വേണ്ടി സ്നേഹം പോലും ഉപേക്ഷിച്ചു കളഞ്ഞവരും…”

അതു പറയുമ്പോൾ ദേവ്നിയുടെ കണ്ണുകൾ ശീതളിൽ തറഞ്ഞു നിന്നു… അവൾക്കും ദേവ്നിയെ നേരിടാൻ ആകാതെ മുഖം കുനിച്ചു നിന്നു പോയി.. “പിന്നെ… ഇപ്പൊ നിങ്ങൾ എല്ലാവരും വന്നത് ഈ നിൽക്കുന്ന ശീതളിന്റെ വിജയം ആഘോഷിക്കാൻ അല്ലെ… ഇന്നെന്താ ദിവസമെന്നു നിങ്ങൾക്ക് അറിയുമോ… ഈ ദിവസം നിങ്ങളുടെ ആരുടെയും ഓർമയിൽ കാണില്ലെന്നറിയാം… മാടത്തിനു ഓർമയുണ്ടോ… “ദേവ്നി സുഭദ്രയുടെ അടുത്തെക്കു ചെന്നു ചോദിച്ചു. അവർ ഒരു സംശയത്തോടെ അവളെ നോക്കി. “ഓർമയില്ല അല്ലെ… പ്രസവിച്ച വയറിനു ഓർമയില്ല… പക്ഷെ വളർത്തു മകന്റെ ജനന തീയതിയും നാളും സമയവും എന്തിനേറെ ജാതകം വരെ കാണാതെ അറിയുമായിരിക്കുമല്ലോ… അല്ലെ” അവളുടെ വാക്കുകളിൽ മുഴുവൻ പുച്ഛം മാത്രമായിരുന്നു. “ഇന്ന് ജീവന്റെ പിറന്നാൾ ആണ്. നിങ്ങൾക്ക് ആർക്കും ഓർമ എന്നല്ല അറിയില്ല എന്നുവേണം പറയാൻ. നിങ്ങളെ പോലെ ഒരമ്മ… അതു” “ദേവ്നി… നിർത്തുന്നുണ്ടോ നീ. മതി.

ഇതൊരു ഓഫീസ് ആണ്” സുഭദ്രയെ എന്തെങ്കിലും പറയും മുന്നേ ജീവൻ ദേഷ്യത്തിൽ തന്റെ കൈകൾ ഉയർത്തി ടേബിളിൽ അടിച്ചു. അവന്റെ അപ്പോഴത്തെ ആ ദേഷ്യം ആദ്യമായി കാണുകയായിരുന്നു എല്ലാവരും. “ഞാൻ ആരുമല്ല ജീവന്റെ. നിങ്ങൾ എല്ലാവരും എല്ലാമെല്ലാം ആണ് ആ മനുഷ്യന്. അതുകൊണ്ടാണ് പുറമെ നിന്നുള്ള വ്യക്തി നിങ്ങളെ പറഞ്ഞപ്പോൾ ആ മനുഷ്യന് വേദനിച്ചത്… ദേഷ്യം വന്നത്” “ഞാനും ജീവനും പരസ്പരം എന്തു ബന്ധമാണെന്നു ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. ഞങ്ങൾക്ക് രണ്ടുപേർക്കും അറിയാം ഞങ്ങൾ എങ്ങനെയാണെന്ന്” ഗൗതമിന്റെ മുഖത്തു നോക്കിയാണ് ദേവ്നിയത് പറഞ്ഞതു. അവളുടെ മുഖത്തു അടിച്ചതിനുള്ള മറുപടിയാണ് ഇതെന്ന് അവനു മനസിലായി. അവളെയടിച്ച അടി തന്റെ ഇരുകരണത്തും വാക്കുകൾ കൊണ്ടു അവൾ അടിച്ചപോലെയാണ് അവനു തോന്നിയത്. “എല്ലാവരും ഉണ്ടായിട്ടും അനാഥനായാണ് അദ്ദേഹം ജീവിക്കുന്നത്…

ചിലരുടെ ചെയ്തികളിൽ അനാഥമായതാണ് ഞാനും എന്റെ ജീവിതവും… ഞങ്ങൾ ഞങ്ങൾക്ക് പരസ്പരം താങ്ങും തണലും ആയതാണ്” മാധവ് മേനോനു നേരെയായിരുന്നു ദേവ്നിയുടെ ആ വാക്കുകൾ. അയാളുടെ മുഖം വിളറി വെളുത്തിരുന്നു. എല്ലാവരെയും കടന്നു ജീവൻ പുറത്തേക്കിറങ്ങി. അവന്റെ ക്യാബിൻ പുറത്തായി തന്നെ പ്രകാശ് രാജ് കൂടെ അച്ചുവും ഉണ്ടായിരുന്നു. അയാളുടെ കണ്ണുകളിലെ നീർത്തിളക്കം മാത്രം എന്തിനെന്ന് ജീവന് മനസിലായില്ല. “സർ… സർ ഇവിടെ… ” അകത്തെ സംഭാഷണങ്ങൾ എല്ലാം പ്രകാശ് കെട്ടുവെന്നു അവനു മനസിലായി. അച്ചുവിന്റെ മുഖത്തും സങ്കടത്തിന്റെ അലകൾ കണ്ടു. നോവാർന്ന ഒരു പുഞ്ചിരി അവൻ രണ്ടുപേർക്കും നൽകി. “ഞങ്ങൾ വന്ന സമയം ശരിയായില്ല എന്നു തോന്നുന്നു… പ്രോജെക്ടിൽ അധികം കൂട്ടിച്ചേർക്കേണ്ട കുറച്ചു കാര്യങ്ങൾ കൂടിയുണ്ടായിരുന്നു. അതു പറയാൻ വേണ്ടി വന്നതാണ്” പ്രകാശ് അച്ചുവിന്റെ കയ്യിൽ നിന്നു ഒരു ഫയൽ വാങ്ങി ജീവന് നേരെ നീട്ടി. “ഇതിൽ നോക്കി സംശയം എന്തെങ്കിലുമുണ്ടെങ്കിൽ ചോദിക്കു.

വിളിച്ചാൽ മതി” പ്രകാശ് മറ്റൊന്നും പറയാതെ മുന്നേ നടന്നു. പെട്ടന്ന് എന്തോ ഓർത്തെന്ന പോലെ തിരികെ വന്നു… അവന്റെ കൈകളിൽ പിടിച്ചു… അവന്റെ കൈകളിൽ രണ്ടു തുള്ളി കണ്ണുനീർ ജീവന്റെ കൈകളിൽ വീണു… ആ കണ്ണുനീർ വീണിടം പൊള്ളി പിടഞ്ഞപോലെ ജീവൻ കൈകൾ പിൻവലിച്ചു പോയി. പ്രകാശിന്റെ കണ്ണിൽ നിന്നും വീണ ചുടുകണ്ണീർ മകനോടുള്ള മാപ്പപേക്ഷ ആയിരുന്നു… അതു എന്തിന് വേണ്ടിയായിരുന്നുവെന്നു അപ്പോൾ ജീവന് മനസിലാക്കാൻ സാധിച്ചില്ല. തിരികെ വീട്ടിലേക്കു കൃഷ്ണന്റെയും രാധികയുടെയും ഒപ്പം സുഭദ്രയും കൂടെ പോയി. മറ്റുള്ളവർ ഓഫീസിൽ തന്നെ നിന്നിരുന്നു. സുഭദ്ര വീട്ടിനുള്ളിലേക്ക് കയറി ഡൈനിങ്ങ് ടേബിളിൽ ഇരുന്ന ഒരു ജഗ് വെള്ളം കുടിച്ചു. എത്ര കുടിച്ചിട്ടും ദാഹം തീരാത്ത പോലെ. കൃഷ്ണന്റെ മുഖവും വലിഞ്ഞു മുറുകിയിരുന്നു.

“ഏട്ടാ… എന്താ സംഭവിക്കുന്നതെന്ന് എനിക്കൊന്നു പറഞ്ഞു തരാവോ. ഏട്ടൻ അല്ലെ പറഞ്ഞതു അയാൾ… അയാൾ ഇനിയൊരിക്കലും എന്റെ മുന്നിൽ തിരിച്ചു വരില്ലെന്ന്” സുഭദ്രയുടെ ചോദ്യത്തിൽ ഉത്തരമില്ലാതെ നിൽക്കാൻ മാത്രമേ അയാൾക്കായുള്ളൂ. “എന്നെയും എന്റെ കുഞ്ഞിനെയും അയാൾ ഉപേക്ഷിച്ചു പോയതാണെന്ന് ഏട്ടൻ പറഞ്ഞില്ലേ” “ഞാൻ.. ഞാൻ.. അന്ന് പറഞ്ഞത് സത്യമാണ് സുഭദ്രേ. ഞാൻ.. ഞാൻ അയാളെ അന്വേഷിച്ചു ചെല്ലുമ്പോൾ അയാൾ പറഞ്ഞതു നിന്നെയും കുഞ്ഞിനെയും നോക്കാൻ അയാൾക്ക് കഴിയില്ലെന്നാണ്” വല്ലാതെ ശബ്ദം ഇടറിയിരുന്നു കൃഷ്ണന്. കള്ളം പറഞ്ഞു ഫലിപ്പിക്കാൻ പെടുന്ന പാടാണ് അതെന്നു സുഭദ്രക്ക് ആ നിമിഷത്തിലും മനസിലായില്ല. “പിന്നെ… പിന്നെ ഇപ്പൊ ഇത്ര വലിയ ആസ്തിയുള്ള ഒരു മനുഷ്യൻ ആയതു എങ്ങനെയാണ്.

മാധവേട്ടൻ പറഞ്ഞതു വച്ചു നോക്കിയാൽ ഇവിടത്തേക്കാളും ആസ്തിയും പണവും അയാൾക്കുണ്ട്” “ഞാൻ… ഞാനൊന്നു അന്വേഷിക്കട്ടെ സുഭദ്രേ… നീ.. നീയെന്നെ ഇങ്ങനെ കുറ്റപ്പെടുത്താതെ” “ഞാൻ… ഞാൻ കുറ്റപ്പെടുത്തിയതല്ല. പ്രായത്തിന്റെ എടുത്തു ചാട്ടത്തിൽ ചെയ്ത ഒരു തെറ്റ്… ഒരാളെ സ്നേഹിച്ചു പോയി… എന്നും കൂടെയുണ്ടാകുമെന്നു കരുതിയ ഞാൻ അത്ര കണ്ടു സ്നേഹിച്ചത്… വയറ്റിൽ അയാളുടെ ജീവൻ ജനിച്ചത് പോലും അറിയിക്കാൻ കഴിഞ്ഞില്ലലോ… അതിനു മുന്നേ എന്നെ ഉപേക്ഷിച്ചു പോയതല്ലേ… ഏട്ടൻ അയാളെ അന്വേഷിച്ചു പോയതും അയാളുടെ ജീവൻ എന്നിൽ ഉണ്ടെന്നു അറിയിക്കാൻ ആയിരുന്നില്ലേ… എന്നിട്ടും എന്നെ വേണ്ടയെന്നു പറഞ്ഞു പോയ മനുഷ്യൻ ഇപ്പൊ വീണ്ടും വന്നത് മറ്റെന്തോ കണക്കു കൂട്ടിയാണ്… എനിക്ക് ഉറപ്പാണ്” “എനിക്കും അങ്ങനെ തോന്നുന്നുണ്ട് സുഭദ്രേ…

എന്തായാലും ഞാൻ അവനെ കുറിച്ചൊന്നു കൂടി അന്വേഷിക്കട്ടെ” സുഭദ്രയുടെ തോളിൽ തട്ടി സമാധാനിപ്പിക്കാൻ എന്നപോലെ അയാൾ പറഞ്ഞു. അയാളുടെ നോട്ടത്തിൽ പോലും ഒരു ക്രൗര്യം നിറഞ്ഞിരുന്നു. “ഏട്ടന്റെ നില നിൽപ്പിന് വേണ്ടിയാണ് ഞാൻ മാധവേട്ടന്മായുള്ള കല്യാണത്തിന് സമ്മതിച്ചത്… ഏട്ടന്റെ വാക്ക് കേട്ടാണ് ഞാൻ എന്റെ മോനെ പോലും നോക്കാതെ…. പോറ്റമ്മയായി മാത്രം ഒതുങ്ങിയത്…” സുഭദ്ര കരഞ്ഞു കൊണ്ടു പതം പറഞ്ഞു നെറ്റിയിൽ അടിച്ചു കരയാൻ തുടങ്ങി. അവളുടെ കരച്ചിൽ കണ്ടു ഉള്ളിൽ നിറഞ്ഞ പുച്ഛം നിറഞ്ഞ ചിരി അയാളുടെ ചുണ്ടുകളിലും തങ്ങി നിന്നു. അയാൾ സ്വന്തം സഹോദരിയെ പുച്ഛത്തോടെ നോക്കി കൊണ്ടു പുറത്തേക്കു നടന്നു. ചേട്ടന്റെയും അനിയത്തിയുടെയും സംഭാഷണങ്ങൾ കേട്ടു നോക്കി കൊണ്ട് നിൽക്കുകയായിരുന്നു കൃഷ്ണന്റെ ഭാര്യ രാധിക. അവർ പതിയെ നടന്നടുത്തു സുഭദ്രയുടെ തോളിൽ കൈ വച്ചു.

“ഏടത്തി… ഞാൻ… ” സുഭദ്ര തേങ്ങൽ അടക്കി പിടിച്ചു ഒരു ആശ്രയത്തിനെന്ന പോലെ രാധികയെ നോക്കി. ആ നിമിഷം അവരുടെ മുഖത്തും പുച്ഛം തന്നെയായിരുന്നു. “നീയൊരിക്കലും ഒരു നല്ല അമ്മയായിരുന്നില്ല സുഭദ്രേ. നൊന്തു പ്രസവിച്ച മകനെ കണ്മുന്നിൽ നിർത്തി വളർത്തു മകന് ആവോളം സ്നേഹം നൽകി. സത്യത്തിൽ വളർത്തുമകനും നൽകിയത് നിന്റെ ഉള്ളിൽ നിന്നും വന്ന സ്നേഹം തന്നെയാണോ… നിന്റെ നില നിൽപ്പിന് വേണ്ടി… അതിനു വേണ്ടി നീ സ്നേഹം അഭിനയിച്ചതല്ലേ… ശരിക്കും സ്വർഥയാണ് നീ. സ്വാർഥയായ ഒരു അമ്മ. സഹോദരന്റെ നില നിൽപ്പിനും കൂടിയായിരുന്നു നീ പ്രസവിച്ച മകനെ തള്ളികളഞ്ഞത് എന്നു പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല… പേറ്റു നോവ്‌ അറിഞ്ഞ ഒരു സ്ത്രീയും അതു ചെയ്യില്ല… പക്ഷെ നീ അതു ചെയ്തു… നിന്റെയുള്ളിലെ സ്വാർത്ഥത നിറഞ്ഞ സ്ത്രീയത് ചെയ്തു…

പിന്നെ എന്തിന് വേണ്ടി… ആർക്ക് വേണ്ടിയാ നീയിങ്ങനെ കരയുന്നെ…?? ” രാധികയുടെ വാക്കുകൾ ഏൽപ്പിച്ച പ്രഹരത്തിൽ സുഭദ്രയുടെ കരച്ചിൽ പെട്ടന്ന് നിന്നു പോയി. വിടർന്ന കണ്ണുകളോടെ അവർ രാധികയെ നോക്കി…. കൃഷ്ണൻ സുഭദ്രയിൽ നിന്നും ഒളിപ്പിച്ച ആ പുച്ഛത്തോടെയുള്ള ചിരി രാധിക സുഭദ്രക്ക് നേരെ കൊടുത്തുകൊണ്ട് ഭർത്താവിന് പുറകെ നടന്നു നീങ്ങി. “ദേവ്നി… ഇതുപോലെ ഇനി ആവർത്തിച്ചാൽ… ഈ ജോബ് ഇനി തനിക്കു കാണുമെന്നു കരുതണ്ട. ഒന്നിന്റെ പേരിലുള്ള സെന്റിമെന്റ്‌സ് പുറത്തല്ല നിന്നെ ഇവിടെ ജോലിക്ക് എടുത്തത്. നിന്റെ ടാലന്റ് മാത്രം കണ്ടുകൊണ്ടാണ്. എന്നു കരുതി എല്ലാ തെറ്റുകളും കണ്ണടച്ചു ക്ഷമിക്കുമെന്നു കരുതണ്ട. ഇനിയിതുപോലെ ആവർത്തിച്ചാൽ യൂ വിൽ ബി ഫയേഡ്.. യൂ മേ ഗോ നൗ” ജീവന്റെ വാക്കുകളിൽ നിറഞ്ഞത് അത്രയും ദേഷ്യമായിരുന്നു. ദേവ്നിയുടെ കണ്ണുകൾ നിറഞ്ഞു…

അവൾ മറുത്തൊന്നും പറയാതെ അവനു വേണ്ടി കരുതിയ ഗിഫ്റ്റ് ടേബിളിൽ വച്ചു കൊണ്ടു തിരികെ നടന്നു…. അവൾ പുറത്തേക്കു പോകും വരെ ലാപ് ടോപ്പിൽ കണ്ണുനട്ടു ഇരിക്കുകയായിരുന്നു അവൻ. അവൾ പോയെന്ന് ഉറപ്പായപ്പോൾ അവൾ വച്ചു പോയ സമ്മാനം തന്റെ നെഞ്ചോടു ചേർത്തു പിടിച്ചു ഒരു ചിരിയോടെ അവൻ ഇരുന്നു… തന്നെ മനസിലാക്കാൻ… തനിക്ക് വേണ്ടി വാദിക്കാൻ… ശരിക്കും സ്വന്തമെന്നു പറഞ്ഞു നെഞ്ചോടു ചേർത്തു പിടിക്കാൻ ഒരാളുണ്ട്… ഒറ്റയ്ക്കല്ല ഈ ജീവിതത്തിൽ… അവൻ അവന്റെ മനസ്സിനോട് മന്ത്രിച്ചു. അന്നത്തെ ദിവസം മുഴുവൻ എല്ലാവരും മൗനമായിരുന്നു. പരസ്പരം നേർക്ക് വരുന്ന സന്ദർഭങ്ങൾ ഒഴിവാക്കി നടന്നു. ജീവന്റെ ദേഷ്യത്തോടെയുള്ള പ്രതികരണം ദേവ്നിക്ക് വിഷമം ഉണ്ടാക്കിയില്ല. തനിക്ക് എങ്കിലും അത്തരത്തിൽ പ്രതികരിക്കാൻ കഴിഞ്ഞ സന്തോഷത്തിലായിരുന്നു അവൾ.

ഗൗതത്തിന്റെ മുൻപിൽ ചെന്നു പെടാതിരിക്കാൻ അവളും ശ്രെദ്ധിച്ചു. ഓഫീസ് സമയം കഴിയും മുന്നേ ജീവൻ മാധവ് മേനോന്റെ ക്യാബിനിൽ ചെന്നു. “ദേവ്നി… ദേവ… അവൾ.. അവൾ പറഞ്ഞതു അപ്പോഴത്തെ ദേഷ്യത്തിലാണ്… അവളോടുള്ള ദേഷ്യം ഒന്നും മനസിൽ വയ്ക്കരുത്” “ഉം… എനിക്ക് മനസിലാകും” ഗൗരവം ഏറിയ വാക്കുകൾ… “തന്റെ മനസിൽ ഉള്ളത് തന്നെയല്ലേ അവൾ പറഞ്ഞതും” മേനോന്റെ ഭാഗത്തെ മറു ചോദ്യം… ഉത്തരമില്ല അതിനു… മനസിൽ ഉണ്ടായിരുന്ന വിഷമങ്ങൾ തന്നെയാണ് ദേവാ പറഞ്ഞതു… പക്ഷെ എന്നോ ആ വിഷമങ്ങൾ കൂടി താൻ ഇഷ്ടപ്പെട്ടിരുന്നു… ഒരുപക്ഷേ സ്വന്തമായി ആ അവഗണനകളും വേദനകളും മാത്രമേ ഉണ്ടായിരുന്നുള്ളു എന്നുവേണം പറയാൻ.

ജീവൻ മറുപടി പറയാതെ ഇറങ്ങി. പതിവ് പോലെ തന്നെ ജീവൻ മുറിയുടെ വാതിൽ ചാരി കിടക്കും മുന്നേ നാളെ ഓഫീസിൽ ചെയ്തു തീർക്കാനുള്ള കാര്യങ്ങൾ എല്ലാം ഒരാവർത്തി കൂടി നോട്ട് ചെയ്യുകയായിരുന്നു. പതിവില്ലാതെ ഒരു നിഴൽ അടുത്തേക്ക് വരുന്നത് ജീവനറിഞ്ഞു. കണ്ണുകൾ ഉയർത്തി നോക്കിയപ്പോൾ മുന്നിൽ ഗൗതം. ഗൗതത്തിനു പുറകിൽ അപ്പോഴും ജീവൻ പ്രതീക്ഷിച്ച നിഴൽ ഉണ്ടായിരുന്നില്ല. ഗൗതം പതിയെ ജീവന്റെ കട്ടിലിൽ തല കുമ്പിട്ടു ഇരുന്നു. കുറച്ചു നിമിഷങ്ങൾ ഇരുവരുടെയും ശ്വാസ നിശ്വാസങ്ങൾ മാത്രമായി കടന്നു പോയി. ഒടുവിൽ ഗൗതം തന്നെ പറഞ്ഞു തുടങ്ങി. “എന്നോട്… എന്നോട് ദേഷ്യമുണ്ടോ” “എന്തിനു” ആ ചോദ്യം പോലും ജീവനിൽ ഒരു ചിരിവരുത്തി. “സത്യത്തിൽ എന്നോടുള്ള കരുതൽ കൊണ്ടാണ് അമ്മ… ” ഗൗതം വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ വിഷമിച്ചു.

“ആർക്കു വേണ്ടിയും സ്വന്തം അമ്മ മകനോടുള്ള കരുതൽ മാറ്റി വയ്ക്കുമെന്നു എനിക്ക് തോന്നുന്നില്ല ഗൗതം. അതിനെ കുറിച്ചൊന്നും കേൾക്കാൻ എനിക്ക് താൽപര്യമില്ല. പറയാനും.” ജീവന് ആ സംഭാഷണം നീട്ടി കൊണ്ടുപോകാൻ താൽപര്യമില്ലെന്ന് ഗൗതത്തിനു മനസിലായി. നിര്വികാരതയോടെ ജീവനെ നോക്കി കുറച്ചു നിമിഷങ്ങൾ… ഗൗതം പിന്നീട് ഒന്നും പറയാതെ തിരികെ പോകാൻ തുടങ്ങി. “ഗൗതം” ജീവന്റെ പിൻവിളി അവന്റെ ചുവടുകളെ തടഞ്ഞു. “ദേവ്നി… എന്റെ ദേവാ… അവൾ… അവൾ ഒരു പാവമാണ്. അനാഥയായി അല്ല ജനിച്ചത്… അങ്ങനെ ആയിപോയതാണ്… പുറമെ കാണിക്കുന്ന തന്റേടവും ദേഷ്യവുമൊക്കെയുള്ളൂ. ആളൊരു പാവമാണ്. എന്നെ വലിയ ഇഷ്ടമാണ്. ഇഷ്ടമെന്നു പറഞ്ഞാൽ… ഒരു സഹോദരൻ… ഒരു നല്ല സുഹൃത്… അവളുടെ ഗൈഡ്… അങ്ങനെയങ്ങനെ…

അതിൽ കവിഞ്ഞൊരു സ്ഥാനം ഞങ്ങൾക്കിടയിൽ മനസുകൾ തമ്മിൽ ഇല്ല” ഗൗതമിന്റെ കണ്ണുകൾ വിടർന്നു പ്രകാശിക്കുന്നത് ജീവൻ കണ്ടു. ആ കണ്ണുകളിൽ ദേവ്നി തുടിച്ചു നിൽക്കും പോലെ അവനു തോന്നിച്ചു. “എന്നോടൊരു ആത്മബന്ധം അവൾക്കുണ്ടെന്നു നിനക്കറിയാം. പക്ഷെ നിന്നോടുള്ള അവഗണനയാണ് ഇന്ന് അങ്ങനെ ഒരു സന്ദർഭം ഉണ്ടാകാൻ കാരണമെന്നും മനസിലായി. തമാശക്ക് ആണെങ്കി വേണ്ട ഗൗതം. അവളൊരു പാവം കുട്ടിയാണ്. ” “എന്റെ കണ്ണുകളിൽ നോക്ക് ജീവൻ. വെറുമൊരു തമാശയാണ് എനിക്ക് ദേവ്നിയെന്നു നിനക്ക് തോന്നുന്നുണ്ടോ” ഗൗതമിന്റെ ആ വാക്കുകൾ മതിയായിരുന്നു ജീവന് അവനോടുള്ള വിശ്വാസത്തിനു. ജീവൻ ഗൗതമിനു അരികിലേക്ക് ചെന്നു തോളിൽ കൈ വച്ചു. “എനിക്കറിയാം… എങ്കിലും ഒരു സഹോദരന്റെ വേവലാതി ആയി കണ്ടാൽ മതി എന്റെ വാക്കുകൾ” ഗൗതം തിരിഞ്ഞു നടന്നു. പോകും മുന്നേ ഒരിക്കൽ കൂടി തിരിഞ്ഞു നിന്നു.

“ഹാപ്പി ബർത്ത്ഡെയ്‌” ജീവൻ മറുപടിയായി ചിരിച്ചു. ഗൗതം രാവിലെ മുതൽ ദേവ്നിയെ അന്വേഷിച്ചു നടക്കുകയായിരുന്നു. അവളെ കണ്ടു ഒന്നു ക്ഷമ പറയാൻ. ചെയ്തത് തെറ്റായി പോയെന്ന് ഇന്നാലെയെ തോന്നിയതാണ്. പക്ഷെ അന്നേരത്തെ ദേഷ്യത്തിനു… കുറച്ചു സമയം വികാരം വിവേകത്തെ ഭരിച്ചു. അതുകൊണ്ടു മാത്രമാണ് അങ്ങനെയൊക്കെ സംഭവിച്ചത്. ദേവ്നി ആണെങ്കി എന്നുമില്ലാത്ത തിരക്കുകൾ അഭിനയിച്ചു കൊണ്ട് നടന്നു. ഗൗതം പുറകെ നടക്കുന്നത് അറിഞ്ഞിരുന്നു. അതൊരു ക്ഷമാപണം നടത്താനാണെന്നും അറിയാം. ഉച്ചക്ക് ഉള്ള ബ്രേക്ക് സമയം സ്റ്റോർ റൂമിലേക്ക് പോകുകയായിരുന്നു ദേവ്നി. പഴയ ഫയലുകളും അത്യാവശ്യം കുറച്ചു ബുക്ക്സ് കുറച്ചു സാധനങ്ങൾ അങ്ങനെയുള്ള ഒരു റൂമായിരുന്നു അതു. ദേവ്നി അതിൽ കയറിയതിനു പുറകെ ഗൗതവും കയറി വാതിൽ കുറ്റിയിട്ടു.

ശബ്ദം കേട്ടു നോക്കിയ ദേവ്നി കാണുന്നത് വാതിലിനടുത് നെഞ്ചിൽ കൈകൾ പിണച്ചു കെട്ടി നിൽക്കുന്ന ഗൗതത്തിനെയാണ്. “ഇനി നീ എവിടേക്ക് ഓടി ഒളിക്കുമെന്നു ഞാൻ ഒന്നു നോക്കട്ടെ” ദേവ്നിയുടെ നോട്ടത്തിനുള്ള മറുപടിയായിരുന്നു അവൻ നൽകിയത്. അവൾ അതു ശ്രെദ്ധിക്കാതെ പഴയ ഒന്നു രണ്ടു ഫയലുകൾ നോക്കിയെടുത്തു. ആ സമയം അത്രയും ഗൗതം അവളെയും അവളുടെ പരിഭവം നിറഞ്ഞ കണ്ണുകളെയും നോക്കി കാണുകയായിരുന്നു. അവളുടെ കണ്ണുകളിൽ ഉണ്ടായിരുന്നത് അവനോടുള്ള ദേഷ്യമായിരുന്നില്ല. പരിഭാവമായിരുന്നു. തന്നെ മനസിലാക്കാതെ പോയ ഒരു പരിഭവം. ഫയലുകൾ എടുത്തു ഗൗതമിനു മുന്നിലേക്ക് ചെന്നു നിന്നു. “പറ” “എന്തു” “എന്നോട് എന്തോ പറയാൻ അല്ലെ വന്നത്. അതു പറയു” “സോറി” “ഉം…ഒക്കെ… കഴിഞ്ഞോ… എങ്കിൽ പോകാനായിരുന്നു”

“കഴിഞ്ഞില്ല… ഞാൻ സോറി പറഞ്ഞില്ലേ… ഈ പരിഭവം കണ്ണിൽ നിന്നും മാറാൻ ഞാൻ എന്താ ചെയ്യേണ്ടത്” ഗൗതം അവളുടെ കണ്ണുകളിലേക്ക് നോക്കിയായിരുന്നു ചോദിച്ചത്. ദേവ്നി തന്റെ കണ്ണുകളെ പിന്തിരിക്കാതെ അവനെ നേരിട്ടു. “നിങ്ങളുടെ എത്ര സിനിമകളിൽ നിങ്ങളുടെ നായികമാരോട് ഇഷ്ടമാണെന്ന് പറയുന്നുണ്ട്… എത്രയോ നായികമാരെ കെട്ടിപിടിക്കുന്നുണ്ട്… ചുംബിക്കുന്നുണ്ട്… അതിനൊക്കെ ഒരേ അർത്ഥം ആണോ” അവളുടെ ചോദ്യത്തിൽ ഗൗതം നെറ്റി തടവി രണ്ടു കൈകളും ഇടുപ്പിൽ കുത്തി അവളെ തന്നെ തുറിച്ചു നോക്കി. “ഈ ലോകത്ത് ഒരു ആണിനെ ഒരു പെണ്ണ് ചേർത്തു പിടിച്ചാലോ നെഞ്ചിൽ ചേർന്നു നിന്നാലോ അതിനൊക്കെ ഒരേ അർത്ഥം ആണെന്ന് നിങ്ങളെ പോലുള്ള ഒരാൾ വിചാരിക്കുമെന്നു കരുതിയില്ല. കഷ്ടം തന്നെ… കഴിഞ്ഞ നൂറ്റാണ്ടിൽ നിന്നും താങ്കൾക്ക് ഇതുവരെ ബസ് കിട്ടിയില്ല തോന്നുന്നു” അവളുടെ പുച്ഛത്തോടെയുള്ള സംസാരം അവനെ ചിരിപ്പിച്ചു.

അവൻ ചിരിച്ചു കൊണ്ട് അവളുടെ കണ്ണുകളിൽ തന്നെ നിറഞ്ഞു നിന്നു. ഒന്നു രണ്ടടി മുന്നോട്ട് വച്ചു അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു അവൻ പറഞ്ഞു… “തന്നിൽ നിന്നും ഞാൻ പ്രതീക്ഷിച്ച ചോദ്യം ഇതല്ല. ജീവനെ എന്നല്ല ഏത് ആണിനെ നീ ചേർത്തു പിടിച്ചാലും എനിക്ക് എന്താ എന്നൊരു ചോദ്യമാണ് നിന്റെ വായിൽ നിന്നും ഞാൻ പ്രതീക്ഷിച്ചതു… പകരം നീ എന്തിനാ എന്നെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്… ജീവനും നീയും തമ്മിലുള്ള ബന്ധം എന്താണെന്ന്… ഉം… ഈ ചോദ്യത്തിനുള്ള ഉത്തരം പറ” ഒരു നിശ്വാസത്തിനും അപ്പുറം മാത്രമുള്ള ഗൗതമിന്റെ കണ്ണുകൾ നേരിടാനാകാതെ ദേവ്നി കണ്ണുകൾ ഇറുകെയടച്ചു. അവൾ വിയർക്കാൻ തുടങ്ങിയിരുന്നു. “ഇതിനുള്ള ഉത്തരം മോൾ ആലോചിച്ചു വയ്ക്ക്” അവളുടെ നെഞ്ചിലെയും കണ്ണിലെയും പിടച്ചിൽ മനസിലാക്കി അവൾക്ക് പോകാനുള്ള വഴിയൊരുക്കി ഗൗതം പറഞ്ഞു. എപ്പോഴോ അവളുടെ ചുണ്ടിൽ ഊറിയ ചിരി മായ്ക്കാൻ അവൾ മുഖം തിരിച്ചു നടന്നു.

പെട്ടന്ന് തന്നെ ഗൗതം അവളുടെ കൈകളിൽ പിടിച്ചു വലിച്ചു നിർത്തി… അവളുടെ കവിളിൽ മെല്ലേ തഴുകി… “എന്നോട് പരിഭവവും ദേഷ്യവും ഇല്ലെന്നു നീ വാക്കുകൾ കൊണ്ടു പറയേണ്ട… നിന്റെ ഈ നുണകുഴി കവിൾ പറഞ്ഞാൽ മതി… എന്നെ കാണുമ്പോൾ ഈ നുണകുഴി ഇനി മറച്ചു പിടിക്കരുത്… പ്ളീസ്” അവളുടെ കണ്ണുകളിൽ നിന്നു നോട്ടം മാറ്റാതെ വാതിൽ തുറന്നു ഒരു ചിരിയോടെ പുറത്തേക്കിറങ്ങി. ശീതൾ നോക്കുമ്പോൾ കാണുന്നത് ഒരു കള്ള ചിരിയോടെ സ്റ്റോർ റൂമിൽ നിന്നും പുറത്തേക്ക് പോകുന്ന ഗൗതമിനെയാണ്. പുറകെ നാണത്താൽ പൊതിഞ്ഞ ചിരിയോടെ ദേവ്നി കൂടി വരുന്നത് കണ്ടു… ശീതളിനെ കണ്ടിട്ടും ദേവ്നിയുടെ ആ നാണം വിട്ടുപോയില്ല… അവളെ ശ്രെദ്ധിക്കാതെ അവളെയും കടന്നു ദേവ്നിയും നടന്നു നീങ്ങി… ശീതൾ ഇതൊക്കെ കണ്ടു വിറളി പിടിച്ചു നിന്നു.

അച്ചുവിന്റെ കൂടെ ചെറിയ ഷോപ്പിംഗ് കൂടിയതാണ് ജീവൻ. ഡിസി ബുക്ക്സ് നിന്നും അത്യാവശ്യം കുറച്ചു പുസ്തകങ്ങൾ വാങ്ങിയിരുന്നു. നന്നായി വായിക്കുന്ന കൂട്ടത്തിലായിരുന്നു അച്ചു. ഭ്രാന്തമായ വായന ഇല്ലെങ്കിലും ജീവനും മോശമല്ല. ഒറ്റയ്ക്ക് ആയപ്പോൾ കൂടെ കൂട്ടിയ കൂട്ടുകാരൻ ആണ് വായന. അച്ചുവുമായി ഡിസിയിൽ നിന്നും ഇറങ്ങുമ്പോൾ ജീവന്റെ മുൻപിൽ ഒരു കാഴ്ച കണ്ടു. ഗായത്രി ഏതോ ഒരു ചെറുക്കന്റെ കയ്യിൽ തൂങ്ങി ചിരിച്ചു കളിച്ചു കൊണ്ടു നടക്കുന്നു. അതൊരു സുഹൃത് ബന്ധമല്ലയെന്നു ഒറ്റ നോട്ടത്തിൽ ആർക്കും മനസിലാകും. ജീവന്റെ നില്പും നോട്ടവും പോയിടത്തെക്കു അച്ചുവും നോക്കി. ഗായത്രിയെ കണ്ടിട്ടാണെന് അവൾക്കും മനസിലായി. ജീവൻ അവളുടെ പുറകെ തന്നെ പോയി. ഇവനെ എവിടെയോ കണ്ടിട്ടുണ്ടല്ലോ… അവർ അറിയാതെ അവരെ വീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു ജീവൻ.

അതേ… അശ്വിൻ… അശ്വിൻ അല്ലെ ഇതു… കോളേജിൽ വച്ചു ദേവ്നിയെ ഉപദ്രവിക്കാൻ നോക്കിയ… അവൻ തന്നെ… അശ്വിൻ ആണെങ്കി ഒരിക്കലും നല്ലതിനായിരിക്കില്ല എന്നു ജീവന് ഉറപ്പായിരുന്നു… അവന്റെ കണ്ണുകൾ ദേഷ്യം കൊണ്ടു ചുമന്നു… എന്തോ ഗായത്രിയുടെ ചെവിയിൽ പറഞ്ഞു ചിരിക്കുന്ന അശ്വിനും ഗായത്രിയും മുന്നിൽ ദേഷ്യത്തിൽ നിൽക്കുന്ന ജീവനെ കണ്ടു നടത്തം നിർത്തി. ഒരു നിമിഷത്തെ സ്തംഭനം മാറി ഗായത്രി ജീവൻ എന്ന വ്യക്തിയെ കണ്ടിട്ടില്ലാത്ത പോലെ അശ്വിന്റെ കൈകളിൽ പിടിച്ചു കൊണ്ട് മുന്നോട്ട് നടക്കാൻ തുനിഞ്ഞു. തന്നെ കടന്നു പോകാൻ തുടങ്ങിയ ഗായത്രിയുടെ കൈകളിൽ പിടിച്ചു കൊണ്ട് ജീവൻ തടഞ്ഞു. “ഗായു… എന്താ ഇതു… അവന്റെ കൈ വിട്… വാ എന്റെ കൂടെ വീട്ടിലേക്ക്” ജീവന്റെ ശബ്ദം ഒരു ആഞ്ജയായിട്ടായിരുന്നു ഗായത്രിക്ക് തോന്നിയത്. വാക്കുകളിൽ തെളിഞ്ഞ ദേഷ്യം അവളെയും ദേഷ്യം പിടിപ്പിച്ചിരുന്നു.

“അതു പറയാൻ നിങ്ങൾ ആരാ എന്റെ. ഞാൻ എന്തു ചെയ്യണം ചെയ്യണ്ട എന്നു തീരുമാനിക്കുന്നത് ഞാനാണ്. പിന്നെ എന്റെ അച്ഛനും ഞാൻ സ്നേഹിക്കുന്ന എന്റെ ഗൗതം ഏട്ടനും ഉണ്ട്. നിങ്ങളാര എന്റെ… സഹോദരി ആണെന്നും പറഞ്ഞു കൂടെ കൊണ്ടു നടക്കുന്നില്ലേ ഒരുത്തിയെ… അവളോട്‌ മതി ഈ ഭരണവും ആജ്ഞയും എന്റെയടുത്ത് വേണ്ട…” ഗായത്രിയുടെ കൈകളിൽ പിടിച്ചിരുന്ന ജീവന്റെ കൈകൾ അവൻപോലും അറിയാതെ അയഞ്ഞു പോയിരുന്നു. …തുടരും

Share this story