കഥ: ആറാം രാത്രി

Share with your friends

“ഇന്ന് ആറാം നാൾ പകൽ. ഈ രാത്രി പുലരും മുൻപേ മൂന്നാമത്തെ കുട്ടിയും മരിക്കും. ഇന്നത്തെ ദിവസത്തിനു അപ്പുറത്തേയ്ക്ക് ആയുസ് വരച്ചിട്ടില്ലാത്ത ഈ കുഞ്ഞിനെ എവിടെ ഒളിപ്പിച്ചാലും ആരൊക്കെ കാവൽ നിന്നാലും മാറ്റാൻ കഴിയാത്ത തടുക്കാൻ കഴിയാത്ത വിധി മരണം.”

പറയുന്നത് ഗുരു ശിവനാരായണനാണ്. വാക്കുകൾ പിഴക്കാത്ത വെറും വാക്കുകൾ പറയാത്ത ഗുരു. ചെയ്യുന്ന കർമ്മങ്ങൾക്ക് മറ്റുള്ളവരുടെ നന്മയും സമാധാനവും മാത്രം പകരം ആഗ്രഹിക്കുന്ന ഗുരുവിന്റെ ആശ്രമ വാതിൽ തേടി വരുന്നവരുടെ കണ്ണുകളിൽ ‘ഞങ്ങളുടെ കൂടെ സ്വാമി ഉണ്ട്’ എന്ന വിശ്വാസത്തിന്റെ തിളക്കത്തോടെയാണ് തിരിച്ചു പോകാറുള്ളത്.

പ്രസവിച്ചു ദിവസങ്ങൾ മാത്രമായിട്ടുള്ള സ്വന്തം കുഞ്ഞിന്റെ ജീവന് വേണ്ടിയാണ് ഗുരുവിനെതേടി സേതുവും മീരയും ഇവിടെ എത്തിയത്.

“കർമ്മഫലമാണ് …..അനുഭവിക്കേണ്ടി വരും .”

“ഗുരോ, ഞങ്ങളുടെ കുഞ്ഞിനെ രക്ഷിക്കാൻ ഒരു മാർഗവും ഇല്ലേ….?”

“കാണുന്നില്ല ..ഇതിന് മുൻപ് രണ്ട് കുട്ടികൾ .രണ്ടും പ്രസവിച്ചു ആറാം നാൾ പാതിരാത്രി മരിച്ചു .നിങ്ങൾ കാണുന്ന സമയം ആ കുഞ്ഞിങ്ങളുടെ ശരീരം നീല നിറം .അമ്മിഞ്ഞ പാൽ മാത്രം കുടിച്ച കുട്ടികളുടെ ശരീരത്തിൽ കൊടിയ വിഷം .”

“അതെ ഗുരോ, സത്യമാണ് .പോലീസിനും ഡോക്ടറമ്മാർക്കും ഒരു തുമ്പുപോലും കണ്ടെത്താൻ കഴിഞ്ഞില്ല. എല്ലാവരും ഉത്തരം കിട്ടാതെ മൗനം തുടർന്നു രണ്ട് കുട്ടികളുടെയും മരണത്തിൽ.
ഒരു കാര്യം ഉറപ്പാണ് ശത്രു നിസ്സാരക്കരനല്ല .”

കുഞ്ഞുതുണിയിൽ പൊതിഞ്ഞു മീര കൈയിൽ പിടിച്ചിട്ടുണ്ട് തന്റെ മൂന്നാമത്തെ ആൺകുട്ടിയെ. മീരയുടെ കണ്ണിൽ നിന്നും വീഴുന്ന കണ്ണുനീർ തുള്ളികൾ ആ പൈതലിനെ പൊതിഞ്ഞു പിടിച്ച തുണിയിൽ ധാരയായി വീണു കൊണ്ടിരുന്നു.

“എനിക്ക് വേണം ഇവനെ … പേറ്റുനോവിന്റെ വേദന മാറും മുൻപ് എന്റെ മാറിടം ചുരത്തി തുടങ്ങിയ നേരം രണ്ട് വട്ടം എനിക്ക് എന്റെ മക്കളെ നഷ്ടപ്പെട്ടു …ഇനി വയ്യ …ഗുരോ.. എനിക്ക് എന്റെ മോനെ വേണം .”

മീരയുടെ അലറി കരച്ചിൽ ആശ്രമത്തിൽ ഉണ്ടായിരുന്ന എല്ലാ കണ്ണുകളെയും ഈറനണിയിച്ചു.

ആശ്രമത്തിലെ നാഗ കാവിലെ പാലമരത്തിന്റെ ചില്ലകൾ ആടി ഉലഞ്ഞു .പാലപൂവിന്റെ മണം കാറ്റിൽ ഒഴുകി ശിവനാരായണ ഗുരുവിന്റെ നാസികയേ ഉണർത്തി.

ഗുരുവിന്റെ കണ്ണുകൾ വിടർന്നു .മുഖം ചുവന്ന പ്രകാശ കിരണങ്ങളാൽ തിളങ്ങി .

” നീയും ഇതുപോലെ ജനിച്ച കുഞ്ഞുങ്ങളുടെ ജീവൻ എടുത്തിട്ടുണ്ട് മീര …ഓർത്ത് നോക്ക്.അന്ന് നീ കത്തി ആളുന്ന തീയിലേക്ക് എടുത്തെറിഞ്ഞ നാഗത്തിന്റെ കുഞ്ഞുങ്ങൾ ….നീ ഇപ്പോൾ അനുഭവിക്കുന്ന വേദന അന്ന് മറ്റൊരു അമ്മയുടെ വേദനയാണ് …അവളാണ് നിന്റെ മക്കളെ …..നിങ്ങൾ എവിടെ ഒളിപ്പിച്ചാലും ആയിരം കണ്ണുകൾ രാത്രി മുഴുവൻ തുറന്നിരുന്നാലും പ്രതികാരം തീർക്കാൻ അവൾ വരിക തന്നെ ചെയ്യും. ഈ രാത്രിക്ക് ശേഷം ഇവന് ആയൂസ് ഉണ്ടങ്കിൽ പിന്നെ നിങ്ങൾക്ക് ഒരിക്കലും ആ നാഗങ്ങളുടെ ശാപം ഉണ്ടാവില്ല . .”

ഗുരുവിന്റെ ഈ വാക്കുകൾ സേതുവിന്റെയും മീരയുടെയും മുഖത്ത്‌ മാത്രമല്ല സങ്കടം ഉണ്ടാക്കിയത് കേട്ടു നിന്നവരുടെ മുഖത്തും ആ സങ്കടം കാണുന്നുണ്ട്.

ആ സമയം ഗുരുവിന്റെ കണ്ണിൽ പത്തി വിടർത്തിയ ഒരു നാഗത്തിന്റെ നിഴൽ. ചുവന്ന് തിളങ്ങിയ ഗുരുവിന്റെ മുഖം കണ്ടു മീര പേടിയോടെ ഇരുകണ്ണുകളും ഇറുക്കിയടച്ചു. ഒരു കാര്യം ഉറപ്പാണ് …അവസാനം സംസാരിച്ചത് ഗുരു ആയിരുന്നില്ല.ഗുരുവിന്റെ നാവിലൂടെ ആ സർപ്പമായിരിക്കും സംസാരിച്ചത്.

തേടി വന്ന അവസാനപ്രതിക്ഷയും അവസാനിച്ചു .ഗുരുവിനും കഴിയില്ല തന്റെ കുഞ്ഞിനെ രക്ഷിക്കാൻ .

സേതുവും മീരയും ആശ്രമത്തിന്റെ പുറത്ത് കടന്നു .

“ഏട്ടാ ..അറിഞ്ഞു കൊണ്ടല്ല …പഴയ ചാക്കും കടലാസും കത്തിച്ചപ്പോൾ പെട്ടുപോയി ആ നാഗ കുഞ്ഞുങ്ങൾ …ഒരു കാര്യം സത്യം ഇവൻ കൂടി എനിക്ക് നഷ്ടമായാൽ ഞാൻ ജീവിച്ചിരിക്കില്ല ..”

അവർ വീട്ടിൽ എത്തിയപ്പോൾ അസ്തമയമായി .

അച്ഛനും അമ്മയും ബന്ധക്കളും അയൽവാസികളും അവരുടെ വീട്ടിലുണ്ട് അവർ ചെല്ലുമ്പോൾ .എല്ലാവരോടും സേതു കാര്യങ്ങൾ പറഞ്ഞു.

എല്ലാവരും കൂടെ ഉണ്ട്. ഒരു നാട് മുഴവൻ പ്രാർത്ഥനയോടെ കൂടെ നിൽക്കും. ഈ രാത്രിയെ അതിജീവിക്കാൻ.

എങ്കിലും പ്രതികാരത്തിന്റെ ഈ രാത്രിയിൽ ആ സർപ്പത്തെ തടയാൻ ആരുണ്ട് …..?

ഈ ആറാം ദിവസത്തെ രാത്രിയിൽ എത്ര കണ്ണുകൾ കാത്തിരുന്നാലും അവരുടെ ഇടയിലൂടെ ആരും കാണാതെ ആ സർപ്പം വരും .കുഞ്ഞിന്റെ ജീവനെടുക്കും .നേരം പുലരുമ്പോൾ സർപ്പ ദംശനമേറ്റ് ആ കുഞ്ഞും നീല നിറമാകും .

സമയം രാത്രിയായി.ഇരുട്ടിൽ ഈ വീടിന്റെ ഏതോ ഒരു ഭാഗത്ത്‌ ആ സർപ്പം കാത്ത് നിക്കുന്നുണ്ടാകും.

ഇത് ആറാം ദിവസം രാത്രി ..പ്രതികാരത്തിന്റെ രാത്രി .

നടുമുറിയിൽ മെത്തയിൽ കുഞ്ഞിനെ കിടത്തി . മെത്തക്ക് ചുറ്റും കട്ടിലിന് ചുറ്റും ആ നടുമുറിയുടെ ചുറ്റും ആ വീടിന്റെ ചുറ്റും ആളുകൾ നിരന്നു. പകൽ പോലെ വെളിച്ചം. വടിയുമായി ഒരു നാട് മൊത്തം കാവൽ.

ഇതൊരു പോരാട്ടമാണ് ജനിച്ചു ആറാം നാൾ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട പ്രതികാരത്തിൽ ജനിച്ച ആറാം നാൾ രണ്ട് കുട്ടികളുടെ ജീവനെടുത്ത സർപ്പത്തിന്റെ മുൻപിൽ മനുഷ്യക്കോട്ട കെട്ടി ഈ രാത്രിയിലെ മരണത്തെ തോൽപ്പിക്കാനുള്ള പോരാട്ടം.

പാതിരയായി….

കാറ്റ് വീശാൻ തുടങ്ങി.

പാല പൂവിന്റെ മണം ആ കാറ്റിൽ ഒഴുകി തുടങ്ങി.

കാറ്റിന് ശക്തികൂടി …ഇടി മിന്നൽ ..ഒപ്പം മഴ .

വേനലിലെ രാത്രി മഴ .
മഴ കനത്തു. കാറ്റിൽ വീടിന്റെ ചുറ്റും ഉണ്ടായിരുന്ന വെളിച്ചം അണഞ്ഞു .ആളുകൾ പരക്കം പാഞ്ഞു .

ഇടിമിന്നലും കാറ്റും മഴയും അതിന്റെ ഇടയിൽ മീര കുഞ്ഞിന്റെ അരികിൽ നിന്നും പുറത്തേക്ക് നാഗത്തറയിലേക്ക് ഓടി .

“ഞാനല്ലേ തെറ്റുകാരി …ന്റെ ജീവനെടുത്തിട്ട് ന്റെ കുഞ്ഞിനെ വെറുതെ വിട് ..”

അവൾ അവളുടെ നെറ്റി നാഗത്തറയിലെ കല്ലിൽ ഉറക്കെ പലവട്ടം കുത്തി. നെറ്റി പൊട്ടി ചോര കല്ലിലൂടെ ഒലിക്കാൻ തുടങ്ങി.

കല്ലിൽ ഒഴുകി ഒലിച്ച ചോരയിലൂടെ സർപ്പം മീരയുടെ അരികിലൂടെ ഇഴഞ്ഞു.

ഇടിമിന്നൽ വെളിച്ചത്തിൽ കുതിർന്ന മണ്ണിലൂടെ ആ സമയം തകർന്ന കോട്ടയിലേക്ക് … പ്രതികാരത്തിനായി നടു മുറിയിലെ മെത്തയുടെ അടുത്തേക്ക് സർപ്പം പതുക്കെ പതുക്കെ ഇഴഞ്ഞു ചെന്നു.

പ്രതികാരത്തിന്റെ രാത്രിയിൽ കാറ്റും മഴയും അരികിൽ പത്തി വിടർത്തിയ സർപ്പത്തിനെയും അറിയാതെ കാണാതെ നടുമുറിയിലെ മെത്തയിൽ ആറ് ദിവസം പ്രായമായ പൈതൽ കണ്ണുകൾ അടച്ചു കൈ ചുരുട്ടി കിടന്നു.

കുറച്ചു സമയത്തിന് ശേഷം കാറ്റും മഴയും അടങ്ങി. ആ സമയം വരെ കാറ്റിൽ പടർന്ന പാലപൂവിന്റെ മണവും ഇല്ലാതായി. അവർ വീണ്ടും വെളിച്ചം തെളിയിച്ചു .

എല്ലാരും ഓടി വന്നു നടുതറയിലേക്ക്. അവിടെ മെത്തയിൽ അവൻ ഒന്നും അറിയാതെ ഉറങ്ങുന്നുണ്ട്. പക്ഷെ അരികിൽ അവന്റെ അമ്മയില്ല.

ആളുകൾ മീരയെ എല്ലായിടത്തും തിരയാൻ തുടങ്ങി .

സേതു വേഗം പടിഞ്ഞാറെ ഭാഗത്തുള്ള നാഗത്തറയിലേക്ക് ഓടി .

സേതുവിന്റെ പിറകെ വേറെ ആരൊക്കെയോ ഓടി.

അവിടെ ആ നാഗത്തറയിലെ കല്ലിൽ പറ്റിപ്പോയ തെറ്റിന് മാപ്പ് പറഞ്ഞ് നെറ്റി ഇടിച്ചു ചോര വാർന്നു ബോധമില്ലാതെ കിടന്ന മീരയെ എല്ലാവരും ചേർന്ന് പൊക്കി എടുത്തു വീട്ടിലേക്ക് നടന്നു.

അവർ ആരും കണ്ടില്ല അവളുടെ ചോര ഒലിച്ച ആ കല്ലിന്റെ പിന്നിൽ ഒരു അമ്മയുടെ കണ്ണീരിന് മുൻപിൽ സ്വന്തം പ്രതികാരത്തെ ക്ഷമിച്ചു ആ അമ്മയെ അനുഗ്രഹിച്ചു നാഗറാണി പത്തി വിടർത്തി നിൽക്കുന്നത്.

ഒരു നാട് മുഴുവൻ പ്രാർത്ഥനയോടെ കാവൽ നിന്നിട്ടും പിന്തിരിയാത്ത സർപ്പം കുഞ്ഞിന്റെ ജീവന് വേണ്ടി സ്വന്തം ജീവൻ പകരം വെച്ച അമ്മയുടെ മുൻപിൽ തോറ്റു കൊടുത്തു.

നേരം പുലർന്നു. ആറാം ദിവസത്തിന് ശേഷം ഉദിച്ചപുലരിയിൽ മീരയുടെ മടിയിൽ കിടന്ന് അമ്മിഞ്ഞ നുകർന്ന കുഞ്ഞിന്റെ കവിളിൽ മീര അമർത്തി ചുംബിച്ചു.

ആ സമയം വീണ്ടും നാഗകാവിൽ നിന്നും പാലപൂവിന്റെ മണം വീശിയടിച്ചു.
നവാസ് ആമണ്ടൂർ

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!