2020 പാതിദൂരം പിന്നിടുമ്പോള്‍; ആദ്യപകുതിയിലെ സൂപ്പര്‍ഹിറ്റുകള്‍

2020 പാതിദൂരം പിന്നിടുമ്പോള്‍; ആദ്യപകുതിയിലെ സൂപ്പര്‍ഹിറ്റുകള്‍

പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തത പുലര്‍ത്തി നിരവധി ചിത്രങ്ങളാണ്‌ 2020ല്‍ ഇതുവരെയായി റിലീസ് ചെയ്തിരിക്കുന്നത്. ബോക്‌സോഫീസില്‍ റെക്കോര്‍ഡ് വിജയം നേടിയ സൂപ്പര്‍ഹിറ്റായ അഞ്ചാംപാതിരയും കപ്പേളയും ഷൈലോക്കും, അയ്യപ്പനും കോശിയും ഇതിനുദാഹരണങ്ങളാണ്. അത്തരത്തില്‍ ഈ വര്‍ഷം ഇതുവരെ ഇറങ്ങിയ ഒരുപിടി മികച്ച ചിത്രങ്ങളിതാ..

1. കപ്പേള
ദേശീയപുരസ്‌ക്കാര ജേതാവായ മുഹമ്മദ് മുസ്തഫയുടെ ആദ്യ സംവിധാന ചിത്രമായിരുന്നു 2020ല്‍ പുറത്തിറങ്ങിയ കപ്പേള. നാട്ടിന്‍പുറത്തെ ഒരു പ്രണയകഥയില്‍ തുടങ്ങി പിന്നീട് അപ്രതീക്ഷിതമായ ട്വിസ്റ്റുകളിലൂടെ കഥ പറഞ്ഞ ചിത്രം ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങളിലൊന്നുകൂടിയാണ്. അന്ന ബെന്‍, ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു സുധി കോപ്പ, നിഷ സാരംഗ്, തുടങ്ങിയവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

2. വരനെ ആവശ്യമുണ്ട്
നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിച്ച ഒരു ഫീല്‍ഗുഡ് ചിത്രമായിരുന്നു അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട്. കല്യാണി പ്രിയദര്‍ശന്‍ ആദ്യമായി നായികയായി എത്തിയ മലയാള ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്

3. അഞ്ചാം പാതിര
സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിര. കുഞ്ചാക്കോ ബോബന്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളില്‍ ഒന്നുതന്നെയാണ്. സ്ഥിരം ശൈലികളില്‍ നിന്നുമാറി കുഞ്ചാക്കോ ബോബന്‍ അന്‍വര്‍ എന്ന കഥാപാത്രത്തിലൂടെ ഗംഭീരമായൊരു തിരിച്ചുവരവു തന്നെ ചിത്രത്തിലൂടെ നടത്തി.

4. ഷൈലോക്ക്‌
2020ലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്ക്. ഒരു പക്കാ എന്റര്‍ടെയിനറായ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ആദ്യം മുതല്‍ അവസാനം വരെ മമ്മൂട്ടിയുടെ പ്രകടനമാണ് ചിത്രത്തെ മുന്നോട്ടു കൊണ്ടുപോവുന്നത്. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ തുടക്കം മുതല്‍ ഒടുക്കം വരെ മമ്മൂട്ടിയുടെ വണ്‍മാന്‍ ഷോയാണ് ചിത്രം.

5. അയ്യപ്പനും കോശിയും
ആക്ഷന്‍ രംഗങ്ങളും നാടന്‍ തല്ലും അതിനൊത്ത ഡയലോഗുകളും കൊണ്ടും പ്രേക്ഷകരെ രസിപ്പിച്ച ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. സമീപകാലത്ത് ഇറങ്ങിയ എറ്റവും മികച്ച ചിത്രങ്ങളിലൊന്നായി പ്രേക്ഷകര്‍ വിലയിരുത്തിയ ചിത്രം ബിജുമേനോന്റെയും പൃഥ്വിരാജിന്റെയും കരിയറിലെ മികച്ച പ്രകനം കൂടിയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. അനാര്‍ക്കലിക്ക് ശേഷം സച്ചി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ഹവില്‍ദാര്‍ കോശിയും കോശിയുടെ ശത്രുവായ അയ്യപ്പന്‍ നായരുടെയും പ്രതികാര കഥയായിരുന്നു പറഞ്ഞത്‌.

6. ട്രാന്‍സ്
എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രമാണ് ട്രാന്‍സ്. ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ്, നസ്രിയ, സൗബിന്‍ ഷാഹിര്‍, വിനായകന്‍, ശ്രീനാഥ് ഭാസി, ജിനു എബ്രഹാം തുടങ്ങി വന്‍താര നിരയാണ് ചിത്രത്തിലുള്ളത്. ഫഹദ് ഫാസില്‍ എന്ന നടന്റെ അതിഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്.

7. ഫോറന്‍സിക്
ടൊവീനോ തോമസ് കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമാണ് ഫോറന്‍സിക്. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായികയായി എത്തുന്നത്. സാമുവല്‍ കാട്ടൂര്‍ക്കാരാനായി ടൊവീനോയും റിഥികയാായി മംമ്തയും ശിഖയുടെ റോളില്‍ റെബ മോണിക്കയും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ച വെച്ചത്. മലയാളത്തിലെ മികച്ച ത്രില്ലര്‍ ചിത്രങ്ങളിലൊന്നുകൂടിയാണ് ഈ വര്‍ഷം പുറത്തിറങ്ങിയ ഫോറന്‍സിക്.

8. ഗൗതമന്റെ രഥം
നീരജ് മാധവിനെ നായകനാക്കി നവാഗതനായ ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗൗതമന്റെ രഥം. ദി കാറിന് ശേഷം ഒരു കാര്‍ പ്രധാന കഥാപാത്രമായി എത്തിയ മലയാള ചിത്രം കൂടിയാണിത്. ക്യാരക്ടര്‍ റോളുകള്‍ മാത്രമല്ല നായകവേഷവും തന്റെ കൈയില്‍ ഭദ്രമാണെന്ന് ചിത്രത്തിലെ ഗൗതമനിലൂടെ നീരജ് തെളിയിച്ച ചിത്രം കൂടിയാണിത്.

Share this story