നിലാവിനായ് : ഭാഗം 25

നിലാവിനായ് : ഭാഗം 25

എഴുത്തുകാരി: സേഷ്മ ധനേഷ്‌

മുൻ ഭാഗം വായിച്ചു കഥ ഒന്നു ഓർത്തെടുക്കാൻ ശ്രമിക്കണേ….. “ഞാൻ പറഞ്ഞതു കേട്ടില്ലേ… അതു കൂടി ബിൽ ചെയ്യാൻ… ഒന്നുമില്ലെങ്കിലും എന്റെ അച്ഛൻ വളർത്തി കൊണ്ട് വന്നതല്ലേ… ആ പറ്റ് വീട്ടിയാൽ മതി” “എന്താ… മനസിലായില്ല”… മറു ചോദ്യം അച്ചുവിന്റെയായിരുന്നു. ആ ചോദ്യത്തിനോടൊപ്പം അവളുടെ കണ്ണുകൾ ദേഷ്യത്തിൽ ചുമന്നിരുന്നു. അച്ചുവിന്റെ കൂർത്ത നോട്ടത്തിൽ ഗായത്രിക്ക് തന്റെ ശബ്ദം പോലും തൊണ്ടയിൽ കുടുങ്ങിയ പോലെ. “അല്ല… എന്റെ അച്ഛന്റെ… ചിലവിൽ കഴിഞ്ഞ…” അച്ചുവിന്റെ മുഖ ഭാവത്തിൽ ഗായത്രിയുടെ വാക്കുകൾ മുഴുവനാക്കാൻ കഴിയുന്നുണ്ടായില്ല. പറഞ്ഞു പൂർത്തിയാക്കും മുന്നേ തന്റെ വലതു കൈ ഉയർത്തി മുന്നോട്ടുള്ള സംസാരത്തിൽ നിന്നും ഗായത്രിയെ തടഞ്ഞിരുന്നു. “പൊന്നുമോളെ നിന്റെ ബിൽ അടക്കണമെന്നു നേരെ ചൊവ്വേ പറയുകയായിരുനെങ്കി ഒരു അനിയത്തിയുടെ അവകാശത്തോടെ പറഞ്ഞിരുന്നെങ്കിൽ ഈ നിൽക്കുന്ന മനുഷ്യൻ സന്തോഷപൂർവ്വം ചെയ്യുമായിരുന്നു.

അതല്ലാതെ കണ്ടു നിന്റെ അച്ഛന്റെ ചിലവിൽ കഴിഞ്ഞ കണക്കും കൊണ്ടു വന്നാൽ ഉണ്ടല്ലോ… അദ്ദേഹം നിരത്തുന്ന കണക്ക് വച്ചു നോക്കുമ്പോൾ നിന്റെ അച്ഛൻ ഇപ്പോഴും ജീവേട്ടന്റെ കടക്കാരൻ ആണ്” അച്ചു പറഞ്ഞതു മനസിലാകാത്ത പോലെ ഗായത്രി നെറ്റി ചുളിച്ചു നോക്കി “മോൾക്ക്‌ ഞാൻ പറഞ്ഞതു മനസിലായില്ല അല്ലെ… ജീവേട്ടൻ കമ്പനിയിൽ ചാർജ് എടുത്തതിനു ശേഷമുള്ള കഴിഞ്ഞ മൂന്നുവർഷത്തെ കമ്പനി ഇൻകംമിൽ വന്ന ഗ്രോത് നോക്കിയാൽ മതി. അപ്പൊ മനസിലാകും. ഈ ഒരു വ്യക്തിയുടെ ബുദ്ധിയും അധ്വാനവും ക്ഷമയും നിങ്ങളുടെയൊക്കെ അവഗണനയിൽ ഉരുകിയ മനസും…. അതൊന്നു കൊണ്ടു മാത്രമാണ് ഇത്രയധികം ഗ്രോത് കമ്പനിക്ക് ഉണ്ടായത്. നിന്റെ അച്ഛൻ മാസം ജീവേട്ടന് കൊടുത്തിരുന്ന ശമ്പളം എത്രയാണെന്ന് നിനക്ക് അറിയുവോ…

നിന്റെ ഒരുമാസത്തെ പോക്കറ്റ് മണിയുടെ മൂന്നിൽ ഒരു ഭാഗം പോലുമില്ല അതു. കമ്പനിയിൽ ഇൻകം കൂടിയിട്ടും കോമ്പൻസഷൻ മറ്റു ജോലിക്കാർക്ക് കൊടുത്തിട്ടും ഈ മനുഷ്യന് കൊടുക്കാൻ നിന്റെ അച്ഛൻ തയ്യാറായിരുന്നില്ല. എന്നിട്ടും ചെയ്യുന്ന ജോലി ആത്മാർത്ഥതയോടെ മാത്രമേ അദ്ദേഹം ഇതുവരെ ചെയ്തിട്ടുള്ളൂ. നിനക്ക് എന്തു യോഗ്യതയാടി ഉള്ളത് കണക്ക് ചോദിക്കാൻ… നിന്റെ അച്ഛനുപോലുമില്ല പിന്നെയല്ലേ നിനക്ക്… ഗായത്രി നീ എന്റെ കണ്മുന്നിൽ നിന്നും പൊക്കോ… എനിക്ക് എന്നെ തന്നെ കണ്ട്രോൾ ചെയ്യാൻ പറ്റാതെ വന്ന ഞാൻ ചിലപ്പോ നിന്നെ കൈ വച്ചെന്നിരിക്കും… പബ്ലിക് പ്ലേസ് ആണെന്നൊന്നും ഞാൻ നോക്കില്ല”… അച്ചു വല്ലാതെ വിറച്ചിരുന്നു. അവളുടെ കണ്ണുകളിലെ ചുവപ്പും ശരീര ഭാഷയും നോട്ടവുമെല്ലാം അവളുടെയുള്ളിലെ ദേഷ്യത്തിന്റെ അളവ് എത്രത്തോളമെന്നു ഗായത്രി മനസിലാക്കിയിരുന്നു. ജീവൻ അതുവരെ അച്ചുവിന്റെ മുഖത്തേക്ക് തറഞ്ഞു നിൽക്കുകയായിരുന്നു. അവന്റെ മനസു ഒരുപാട് സന്തോഷിച്ചു. തന്റെ ഉള്ളം അറിഞ്ഞവൾ.

ഒരു നിമിഷം കൊണ്ട്…. അല്ലെങ്കിൽ ഗായത്രിയുടെ വാക്കുകൾ കൊണ്ടു മറവിയിലേക്ക് തള്ളിയിട്ടത് എല്ലാം പൂർവാധികം ശക്തിയോടെ മനസിലേക്ക് ഓടിയെത്തിയിരുന്നു. അത്രത്തോളം വേദനിപ്പിക്കുന്ന ഓർമകൾ… പക്ഷെ അച്ചുവിന്റെ വാക്കുകളിലൂടെ തനിക്ക് വീണ്ടും പുത്തൻ ഉണർവ് കിട്ടിയത് പോലെ… ആ ഒരു നിമിഷത്തിൽ അച്ചുവിന്റെ നെഞ്ചിൽ ചേരാൻ അവന്റെ ഉള്ളം കൊതിച്ചു. മറ്റുള്ളവരുടെ ശ്രെദ്ധ തങ്ങളിൽ ആണെന്ന് ജീവന് തോന്നി. ജീവൻ വേഗം അച്ചുവിന്റെ കൈകളിൽ പിടിച്ചു വലിച്ചു. “വിട് ജീവേട്ട… ഇവളോട് രണ്ടു പറഞ്ഞില്ലെങ്കി….” അച്ചു പറഞ്ഞു മുഴുവിപ്പിക്കും മുന്നേ ജീവൻ അവളെ പിടിച്ചു വലിച്ചു നടന്നു. “മതി അച്ചു… ഇതു ഒരുമാതിരി സംസ്കാരം ഇല്ലാത്തവരെ പോലെ പബ്ലിക് പ്ലെസിൽ കിടന്നു അടികൂടുന്നു… അവൾക്കോ അതില്ല നിനക്കെങ്കിലും വേണ്ടേ…” “എന്തു വേണ്ടേ എന്നു… നേരത്തെ പറഞ്ഞ സംസ്കാരം ആണോ ഉദ്ദേശിച്ചത്”…

ഒരു പുരികം പൊക്കി ദേഷ്യത്തോടെ തന്നെ ജീവനോടുള്ള ചോദ്യം… അവളുടെ മുഖം കണ്ടു അവനു ചിരി വരുന്നുണ്ടായിരുന്നു. “നിങ്ങളെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതിപ്പോ നിങ്ങൾക്ക് ജന്മം തന്ന സ്ത്രീയാണെങ്കി കൂടിയും ഞാൻ നല്ല മറുപടി പറഞ്ഞിരിക്കും. അതുകൊണ്ട് ഞാൻ കുറച്ചു സംസ്കാരം ഇല്ലാത്തവൾ ആകുന്നെങ്കി ആയിക്കോട്ടെ… അതിലെനിക്ക് സന്തോഷമേയുള്ളൂ” അവളുടെ വാക്കുകൾക്കുമുന്നിൽ… അവളുടെ കണ്ണുകളിലെ ആഴങ്ങളിൽ ഒരു നിമിഷം ജീവൻ നിന്നുപോയി… ആ ആഴങ്ങളിൽ പോലും തന്നോടുള്ള സ്നേഹവും പ്രണയവും വാത്സല്യവും മാത്രമേ കാണാൻ കഴിഞ്ഞുള്ളു അവനു… തനിക്ക് വേണ്ടി ഉയർന്ന ശബ്ദം… അതവളുടെ തന്നോടുള്ള കരുതലും പ്രണയവുമായിരുന്നു… കുറച്ചു നിമിഷങ്ങൾക്ക് ശേഷം അവൻ അവളുടെ കൈകളിൽ പിടിച്ചു വലിച്ചു തന്റെ നെഞ്ചോരം ചേർത്തു… തന്റെ രണ്ടു കൈകളിൽ അവളുടെ മുഖമെടുത്തു ആ നെറ്റിയിൽ ചുംബിച്ചു…

ഒരു തുള്ളി കണ്ണുനീർ അച്ചുവിന്റെ കവിളിനെ തഴുകി തലോടി…. ദീർഘമായി നിശ്വസിച്ചു…. അച്ചു മിഴികൾ താഴ്ത്തി അവന്റെ നെഞ്ചോടു ചേർന്നു അവന്റെ സ്നേഹം ഏറ്റു വാങ്ങി. ജീവൻ അവളുടെ മുഖമുയർത്തി ആ കണ്ണുകളിലേക്ക് വീണ്ടും നോക്കി നിന്നു… സ്വയം മറന്നുള്ള നിൽപ്പ്… “ഇതൊരു പബ്ലിക് പ്ലെസ് ആണെന്ന് മറന്നു പോയോ മാഷേ” ഒരു കുസൃതി ചിരിയോടെയുള്ള അവളുടെ ചോദ്യമാണ് അവനെ സ്വപ്ന ലോകത്തു നിന്നു തിരികെ കൊണ്ടു വന്നത്… അവൻ ഒന്നു ഞെട്ടി ചുറ്റും നോക്കി… തങ്ങളെ വീക്ഷിക്കുന്ന ഒരുപാട് കണ്ണുകൾ… ചമ്മൽ മറയ്ക്കാൻ പാടുപെട്ടു കൊണ്ടു അച്ചുവിന്റെ കൈകളിൽ പിടിച്ചു തന്നോടു ചേർത്തു അവൻ നടന്നു നീങ്ങി… ജീവൻ തിരിഞ്ഞു നോക്കുമ്പോൾ തങ്ങളെ ദേഷ്യത്തോടെ നോക്കുന്ന ഗായത്രിയുടെ മുഖം കണ്ടു…

ആദ്യമായി അവൾക്കു നേരെ പുച്ഛത്തോടെ ചിരിച്ചു കൊണ്ടു അച്ചുവിനെ ഒന്നുകൂടി കണ്ണിലേക്ക് ചേർത്തണച്ചു ജീവൻ നടന്നു നീങ്ങി. ഗായത്രി അവിടെ നിന്നും നേരെ പോയത് അശ്വിൻ താമസിക്കുന്ന ഫ്ലാറ്റിലേക്കാണ്. കൂട്ടുകാരികളുടെ മുന്നിൽ നാണം കെട്ടു, അച്ചുവിന്റെ വായിലിരിക്കുന്നത് മുഴുവൻ കേട്ടു കയ്യിൽ പൈസയുമില്ല… പോരാത്തതിന് അശ്വിൻ ഇപ്പൊ കുറച്ചായി തന്നെ അവഗണിക്കുന്ന പോലെ… ആദ്യമാദ്യം താൻ വിളിക്കാൻ കാത്തിരിക്കുമായിരുന്നു അശ്വിൻ, മാളിൽ കറങ്ങാൻ ആയാലും എന്തിനും തന്നോടു കൂടെ ഉണ്ടായിരുന്നു, രാത്രി വൈകിയേറുന്ന ചാറ്റിംഗ് കോളിങ്… ഇപ്പൊ കുറെ ദിവസങ്ങളായി അവൻ ഒന്നിനും താത്പര്യപ്പെടാത്ത പോലെ… ബേസ്‌മെന്റ് പാർക്കിങ്ങിൽ അശ്വിന്റെ കാർ കിടക്കുന്നത് കണ്ടിരുന്നു. ലിഫ്റ്റ് കേറി അശ്വിന്റെ റൂമിനു കുറച്ചു മാറി നിന്നു അവൾ അവനെ വിളിച്ചു. “അശ്വിൻ… നീയിപ്പോ ഫ്ലാറ്റിൽ ഉണ്ടോ”

“ഗായു… സോറി ഡാ… ഞാൻ അവിടെയില്ല. ബിസിനസ്സ് ആവശ്യത്തിനായി അച്ഛന്റെ കൂടെ ചെന്നൈ വരെ പോകണം… എന്താടാ അത്യാവശ്യം വല്ലതുമുണ്ടോ” “ഹേയ്… നോ…ഒക്കെ പോയിട്ട് വായോ” ഗായത്രി സംശയത്തോടെ തന്നെ സംഭാഷണം അവസാനിപ്പിച്ചു… എങ്കിലും അശ്വിന്റെ ഫ്ലാറ്റിനു മുന്നിൽ ചെന്നു കോളിങ് ബെൽ അടിച്ചു. രണ്ടു പ്രാവശ്യം അടിച്ചിട്ടും ഡോർ തുറക്കാത്തത് കൊണ്ടു ആശ്വാസത്തോടെ തിരിഞ്ഞു നടക്കാൻ തുടങ്ങിയ ഗായത്രിക്ക് മുൻപിൽ ഡോർ പെട്ടന്ന് തുറന്നു. മുന്നിൽ ഒരു ത്രീ ഫോർത് മാത്രം ഇട്ടുകൊണ്ടു അശ്വിൻ. പെട്ടന്ന് ഗായത്രിയെ അവിടെ കണ്ട അവൻ പകച്ചു പോയിരുന്നു. അവളോട്‌ സംസാരിക്കാൻ കഴിയാത്ത വിധത്തിൽ നിശ്ചലനായി നിൽക്കുകയായിരുന്നു അവൻ. ഗായത്രി അവന്റെ മുഖത്തേക്ക് ഉറ്റു നോക്കിക്കൊണ്ടു തന്നെ അകത്തേക്ക് കേറി. സെറ്റിയിൽ അവന്റെ പാന്റും ബനിയനും കിടക്കുന്നുണ്ട്… കൂട്ടത്തിൽ ഒരു ഷാൾ കൂടി…

“അശ്വിൻ… ഫുഡ് വന്നില്ലേ… എന്താ റൂമിലേക്ക് വരാൻ ഇത്ര താമസം” അഴിഞ്ഞുലഞ്ഞ മുടിയും സ്ഥാനം തെറ്റിയ വസ്ത്രങ്ങളുമായി കോളേജിലെ തന്റെ പ്രിയ കൂട്ടുകാരി ജാസ്മിൻ…. “ഗായത്രി…”ജാസ്മിന്റെ ചുണ്ടുകൾ മന്ത്രിച്ചു. അവളെ അവിടെ പ്രതീക്ഷിച്ചിരുന്നില്ല ഇരുവരും. അശ്വിനും ജാസ്മിനും അവളുടെ മുൻപിൽ തല കുമ്പിട്ടു നിന്നു… ഗായത്രി അശ്വിന്റെ മുൻപിൽ ചെന്നു നിന്നു… അശ്വിൻ മുഖമുയർത്തിയതും ഗായത്രി കൈകൾ ഉയർത്തി… അവളുടെ കൈ തന്റെ മുഖത്തു പതിയുമെന്നു കരുതി അശ്വിൻ ഒരു നിമിഷം കണ്ണുകളടച്ചു… കുറച്ചു നിമിഷങ്ങൾക്കുള്ളിലും ഒന്നും സംഭവിക്കാതെ കണ്ടു അശ്വിൻ മുഖമുയർത്തി നോക്കുമ്പോൾ തന്നെ തന്നെ നോക്കി നിൽക്കുകയാണ് ഗായത്രി. അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്. കണ്ണുനീർ ഒഴുകുന്നുണ്ട്. “ഗായു… ഞാൻ ” അശ്വിൻ പറഞ്ഞു തുടങ്ങും മുന്നേ അവനെ കൈകൾ ഉയർത്തി ഗായത്രി തടഞ്ഞു.

അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി കൊണ്ടു തന്നെ ഗായത്രി ആഞ്ഞു വീശി സ്വന്തം കവിളിൽ അടിച്ചു. രണ്ടു കൈകൾ കൊണ്ടും മാറി മാറി തന്റെ ഇരുകവിളിലും അവൾ ആഞ്ഞടിച്ചു കൊണ്ടിരുന്നു. സ്വയം ശരീരത്തെ വേദനിപ്പിച്ചു കൊണ്ടിരുന്നു. കണ്ണുകൾ നിറഞ്ഞു തൂവി കൊണ്ടിരുന്നു അവളുടെ. ശരീരത്തിന്റെ വേദനയെക്കാളും മനസിന്റെ വേദനയാണ് കണ്ണുനീരായി ഒഴുകിയിറങ്ങിയത്. അശ്വിനും ജാസ്മിനും ഗായത്രി ചെയ്യുന്നത് മിഴിച്ചു നോക്കി നിന്നു പോയി. കുറച്ചു നിമിഷങ്ങൾക്കുള്ളിൽ തന്നെ അശ്വിൻ ഗായത്രിയെ തടയാനായി മുന്നോട്ട് ആഞ്ഞു… പക്ഷെ ഗായത്രി തന്റെ നോട്ടത്തിലും ചൂണ്ടിയ വിരലിന്റെ മുന്നിൽ അവനെ നിർത്തി. ” നിന്നെ കുറിച്ചു എല്ലാം അറിഞ്ഞുകൊണ്ടു തന്നെയാണ് ഞാൻ സ്നേഹിച്ചത്. നീ കോളേജിൽ വച്ചു ദേവ്നിയോട് ചെയ്തത് അടക്കം എല്ലാം… എല്ലാം അറിഞ്ഞു കൊണ്ടു തന്നെ… എല്ലാം അറിഞ്ഞിട്ടും എന്തുകൊണ്ടോ…

എന്തുകൊണ്ടോ എനിക്ക് നിന്നെ ഇഷ്ടമായിരുന്നു… പ്രണയമായിരുന്നു…. ഞാൻ ശാസനയോടെ പറയുന്ന കാര്യങ്ങൾ നീ ചെയ്യുമ്പോൾ നിന്റെ സ്വഭാവം നീ നന്നാക്കിയപ്പോ ഞാൻ കരുതി… അതു എന്നോടുള്ള ഇഷ്ടം കൊണ്ടാണെന്നു… പ്രണയം കൊണ്ടാണെന്നു… അതിരുവിട്ടു, എന്റെ സമ്മതമില്ലാതെ ഒരിക്കൽപോലും എന്റെ ശരീരം പിടിച്ചടക്കാനോ എന്നെ പ്രകോപിപ്പിക്കാനോ നീ ശ്രമിക്കാതിരിക്കുന്നത് കണ്ടപ്പോ ഞാൻ കരുതിയത് അതു… അതു എന്നോടുള്ള പ്രണയമായിരിക്കുമെന്നു… അതുകൊണ്ടു ഒക്കെത്തന്നെയ നീയെന്റെ മനസിൽ കേറി കൂടിയത്… പക്ഷെ… നിനക്കു” ഏങ്ങലടികളോടെ സംസാരിച്ചതുകൊണ്ടു അവളുടെ ശ്വാസം പോലും വിലങ്ങിയിരുന്നു. “എനിക്ക് നിന്നോട് ദിവ്യ പ്രണയം ഒന്നുമില്ലായിരുന്നു. ദേവ്നിയോട് ചെയ്തതിനു നിന്റെ ഏട്ടൻ ജീവൻ വന്നു എന്നെ മേഞ്ഞിട്ടു പോയി… നിനക്ക് അയാളോട് വിരോധവുമല്ലേ നിന്നിലൂടെ പകരം ചോദിക്കാമെന്നു മാത്രമേ ഞാൻ കരുതിയുള്ളൂ” അശ്വിൻ തന്റെ മനസ്സിലുള്ളത് പുറത്തേക്കു തള്ളി. “അന്ന് നീ ദേവ്നിയോട് ചെയ്തതിനു അത്രയല്ലേ ആ മനുഷ്യൻ ചെയ്തുള്ളൂ…

ഇന്ന് എന്നോട് ചെയ്തതിനു ആ മനുഷ്യനോട് പറഞ്ഞാൽ പിന്നെ നീ ജീവനോടെ ഭൂമിയിൽ കാണില്ല… എനിക്ക് ഇപ്പോഴും വിരോധം തന്നെയാണ് ആ മനുഷ്യനോട്… പക്ഷെ ഒരനിയത്തിയുടെ അവകാശം ഇന്നും ആ മനുഷ്യൻ എനിക്ക് തന്നിട്ടുണ്ട്… പക്ഷെ ഞാൻ പറയില്ല… ആളുടെ മുന്നിൽ പോയി നിൽക്കാനുള്ള അർഹത പോലും എനിക്കില്ല, ഈ അവസ്ഥ ഞാൻ അനുഭവിക്കണം. ഞാനായി വരുത്തി വച്ചതാണ്…അഹങ്കാരിയാണ് ഗായത്രി… എല്ലാ സുഖ സൗകര്യങ്ങളിലും വളർന്നപ്പോ അഹങ്കാരവും തന്നിഷ്ടവും കൂടെ വളർന്നു. ആ അഹങ്കാരത്തിനും തന്നിഷ്ടത്തിനും എനിക്ക് കിട്ടിയ സമ്മാനമായി ഇതിനെ കണ്ടോളാം…” ഗായത്രി അശ്വിന്റെ മുന്നിലേക്ക് ഒന്നു കൂടി ചേർന്നു നിന്നു… നിന്നെ… നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു അശ്വിൻ…

കല്യാണത്തിന് മുന്നേ ശാരീരികമായ ബന്ധത്തിന് എനിക്ക് താൽപര്യമില്ലെന്ന് ഞാൻ തുറന്നു പറഞ്ഞതു കൊണ്ടാണോ നിനക്ക് എന്നെ വേണ്ടാതായത്… ആയിരിക്കും അല്ലെ… അതിനുശേഷമാണല്ലോ നിന്റെ അകൽച്ച…. വേണ്ടഡോ… ഇതിങ്ങനെ അവസാനിക്കട്ടെ… ഗായത്രി ചിരിച്ചു കൊണ്ട് കരഞ്ഞു. പെട്ടന്ന് ഹാൻഡ് ബാഗിൽ എന്തോ അവൾ തപ്പി തിരഞ്ഞു. കയ്യിൽ ഒരു ബോക്സ് എടുത്തു. ബിസിനെസ്സ് അച്ഛൻ നിന്നെ ഏൽപ്പിക്കാൻ പോകുവാണെന്ന് പറഞ്ഞില്ലേ… നിനക്ക് ഒരു സമ്മാനം കരുതിയതാണ്… അശ്വിന്റെ വലതു കയ്യിലേക്ക് ഗായത്രി അതു പിടിപ്പിച്ചു. നിന്നെ ശല്യപ്പെടുത്താനോ ഭീഷണിപ്പെടുത്താനോ മറ്റുള്ളവരോട് പറഞ്ഞു നടക്കാനോ ഞാൻ വരില്ല… എന്റെ കുറച്ചു ഫോട്ടോസ് നിന്റെ കയ്യിലുണ്ട്. തിരിച്ചും ഞാൻ വിശ്വസിക്കുവാ നിന്നെ…

അല്ലെങ്കിൽ പിന്നെ ഞാൻ നോ പറഞ്ഞപ്പോൾ തന്നെ നിനക്ക് എന്നെ ഭീഷണി പെടുത്തി കാര്യം സാധിക്കാൻ ശ്രമിക്കമായിരുന്നല്ലോ…. അതിനൊന്നും മിനകിടാതെ അടുത്തയാളെ നിന്റെ ബെഡ്റൂമിൽ എത്തിച്ചപ്പോ തന്നെ നിന്നെ മനസിലായി…” ജാസ്മിനും അശ്വിനും നേരെ നോക്കി ഒന്നു കൂടി ചിരിച്ചു കൊണ്ട് അവൾ പുറത്തേക്കു പോയി. കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു. ഗായത്രി നീയൊരു പരാജയമാണെന്ന് അവളുടെ മനസു പറഞ്ഞു കൊണ്ടേയിരുന്നു. തന്റെ അഹങ്കാരത്തിന്, തന്നിഷ്ടത്തിനും ഒരു ഏട്ടനെ അംഗീകരിക്കാതെ ആളുടെ മനസു വാക്കുകൾ കൊണ്ടു വേദനിപ്പിച്ചു കൊണ്ടിരുന്നതിനു എല്ലാത്തിനും കൂടി തനിക്ക് കിട്ടിയ ശിക്ഷ… അവന്റെ മുന്നിൽ തന്റെ മനസിനും പ്രണയത്തിനും ഒരു വിലയുമില്ല… തന്നെ വെറുമൊരു പെണ്ശരീരമായി കണ്ട ഒരുത്തനെ ആണല്ലോ ഇത്ര നാളും സ്നേഹിച്ചത്… പ്രണയിച്ചത്…

മാധവ് മേനോനെ കൊണ്ടു ഒന്നു രണ്ടു ഫയലുകൾ ഒപ്പിടാൻ കൊണ്ടുവന്നതായിരുന്നു ദേവ്നി. അകത്തേക്ക് കയറുമ്പോൾ തന്നെ കണ്ടു ഗായത്രി പുറത്തെ ഗാർഡനിൽ സിമന്റ് ബെഞ്ചിൽ ഇരിക്കുന്നത്… അവൾ ഈ ലോകത്തൊന്നും അല്ലാത്ത പോലെ… ഒരു മണിക്കൂറിനു ശേഷം അവൾ തിരികെ വരുമ്പോഴും കണ്ടു അതേ ഇരിപ്പ് അവൾ ഇരിക്കുന്നു… ദേവ്നി അവളുടെ അടുത്തേക്ക് ചെന്നു. “ഗായത്രി…” ഗായത്രി ആ വിളിയിൽ ഞെട്ടിയത് പോലെ ഒന്നു തല കുടഞ്ഞു… തിരിഞ്ഞു നോക്കി. “നീയോ….” “ഗായത്രി… രണ്ടു മാസമായി അക്കൗണ്ടിൽ പൈസ ഒന്നും എടുത്തിട്ടില്ല. അങ്ങനെ തന്നെയുണ്ട്… കുറവായത് കൊണ്ടാണോ…” “അതു കൊള്ളാമല്ലോ… ഇപ്പൊ ഞാൻ പൈസ ഉപയോഗിക്കാത്തത് ആയോ കുറ്റം” ഗായത്രി ഒന്നു പുച്ഛിച്ചു ചിരിച്ചു കൊണ്ടു ചുണ്ടുകൾ കോട്ടി തിരിഞ്ഞിരിഞ്ഞു.

“ഞാൻ കഴിഞ്ഞ മാസം മുതൽ അക്കൗണ്ടിൽ പൈസ കൂടുതൽ ഇടുന്നുണ്ട്” ദേവ്നി ഗായത്രിയുടെ മറുപടിക്കായി ഒന്നു രണ്ടു നിമിഷം കാത്തു… ഒന്നും പറയുന്നില്ല എന്നു കണ്ടു ദേവ്നി തിരിഞ്ഞു നടന്നു. “ദേവ്നി… ഇപ്പോൾ… ഇപ്പോൾ കമ്പനിയിൽ പുതിയ വാക്കൻസി ഉണ്ടോ” “പുതിയ വാക്കൻസികൾ ഒന്നുമില്ല. പിന്നെയുള്ളത് ട്രൈനികളേ എടുക്കുന്നുണ്ട്. സുഹൃത്തുക്കൾക്ക് ആർക്കെങ്കിലും ആണോ” “സുഹൃത്തുക്കൾക്ക് അല്ല… എനിക്കാണ്… എന്നുമുതൽ ജോയിൻ ചെയ്യണം” “ട്രൈനികൾക്ക് ശമ്പളം കുറവായിരിക്കും…” ഗായത്രി എഴുനേറ്റു ദേവ്നിക്ക് മുൻപിൽ ചെന്നു നിന്നു. “ട്രൈനികൾക്ക് കൊടുക്കുന്ന ശമ്പളം തന്നെ മതി എനിക്കും. ഞാൻ ഇപ്പോൾ പഠിച്ചു ഇറങ്ങുന്നതെയുള്ളൂ. എനിക്ക് വേറെ മുൻപരിചയം ഒന്നുമില്ലലോ. എന്റെ സിവി ഞാൻ ദേവ്നിയുടെ ഒഫീഷ്യൽ മെയിൽ ഐടിയിലേക്ക് അയക്കാം ഇപ്പോൾ തന്നെ”

“അങ്ങനെയെങ്കിൽ നാളെ തന്നെ ജോയിൻ ചെയ്‌തോളൂ…” “ഒക്കെ… താങ്ക്സ്” ഗായത്രി പോകുന്നതും നോക്കി ദേവ്നി അതിശയിച്ചു നിന്നു. പുതിയ ട്രെയിനിയായി ജോയിൻ ചെയ്ത ഗായത്രിയെ ശീതളിന്റെ കീഴിൽ തന്നെ നിർത്തി. ഗായത്രിക്ക് ജോലിയും മറ്റും പറഞ്ഞു കൊടുക്കേണ്ട ചുമതല ശീതളിനായിരുന്നു. “പൊന്നുമോളെ… നമ്മൾ ഒരുമിച്ചു ഇനി പൊളിക്കാം. ആ കൊച്ചു തമ്പുരാട്ടിയുടെ അധികാരം തിരികെ വാങ്ങി ഓടിച്ചു വിടണം… ജീവൻ ഇവിടെ നിന്നും ഓടി പോയതുപോലെ” ദേവ്നി ക്യാബിനിൽ നിന്നും ഇറങ്ങിയത് കണ്ടു ശീതൾ ഗായത്രിയെ ചേർത്തു നിർത്തി പറഞ്ഞു. ഗായത്രി ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ ശീതളിനെ ഉറ്റു നോക്കി. (തുടരും)

Share this story