അലീന : ഭാഗം 1

അലീന : ഭാഗം 1

എഴുത്തുകാരി: സജി തൈപ്പറമ്പ്

ഇല്ലമ്മേ .. അയാളെ പോലെ ഒരുത്തൻ്റെ കൂടെ ജീവിക്കുന്നതിലും ഭേദം ,ആത്മഹത്യ ചെയ്യുന്നതാ, ഒരു പാട് പണമുള്ള കുടുംബത്തിലെ ചെക്കനാന്ന് പറഞ്ഞിട്ട് എന്താ കാര്യം, ഒരു പെണ്ണിന് ദാമ്പത്യ ജീവിതത്തിൽ പണത്തെക്കാളാവശ്യം മനസ്സമാധാനമാണ് ,ദയവ് ചെയ്ത് ഈ കല്യാണത്തിന് അമ്മ എന്നെ നിർബന്ധിക്കരുത് അങ്ങനെ പറയരുത് മോളേ … എല്ലാം തികഞ്ഞ ഒരു ചെറുക്കനെ തന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് വാശി പിടിച്ചിരിക്കാൻ, നമ്മളെ പോലെ പാവപ്പെട്ടവർക്ക് കഴിയില്ല , അതൊക്കെ നമുക്ക് സ്വപ്നം കാണാനേ കഴിയൂ

മോളൊന്ന് മനസ്സ് വച്ച് ഈ കല്യാണം നടന്ന് കിട്ടിയാൽ, നിൻ്റെ താഴെയുള്ളവരുടെ കാര്യത്തിലും ഒരു തീരുമാനമുണ്ടാകും ഞാനപ്പോൾ എൻ്റെ ജീവിതം കുരുതി കൊടുക്കണമെന്നാണോ അമ്മ പറയുന്നത്? ഇല്ല മോളേ.. അമ്മ ഒരിക്കലും നിന്നെ നിർബന്ധിക്കില്ല, ഈ നരകിച്ച ജീവിതത്തിൽ നിന്നും നീയും നിൻ്റെ രണ്ടനുജത്തിമാരും രക്ഷപ്പെടുമല്ലോ എന്നോർത്ത് അമ്മ പറഞ്ഞതാ ,തീരെ നിവൃത്തിയില്ലാതെ വരുമ്പോൾ തളർന്ന് കിടക്കുന്ന അച്ഛന് വിഷം കൊടുത്തിട്ട് ,നമ്മള് നാല് സ്ത്രീകൾക്കും കൂടി ആത്മഹത്യ ചെയ്യാം

അമ്മേ… വേണ്ടമ്മേ.. അങ്ങനെയൊന്നും പറയരുത് ഞാനൊരാള് ബലിയാടായാൽ എൻ്റെ കുടുംബം രക്ഷപെടുമെങ്കിൽ ഈ കല്യാണത്തിന് എനിക്ക് സമ്മതമാണമ്മേ മകളുടെ ഉറപ്പ് കിട്ടിയപ്പോൾ കുറച്ച് വിഷമത്തോടെയാണെങ്കിലും അന്നാമ്മ ബ്രോക്കറോട് സമ്മതമറിയിച്ചു. ആ നാട്ടിലെ പരമ്പരാഗത കുടുംബമായ മാളിയേക്കലെ സ്കറിയാ മാഷിൻ്റെ നാല് മക്കളിൽ ഏറ്റവും ഇളയവനായ സിബിച്ചന് വേണ്ടിയാണ്, അന്നാമ്മയുടെ മൂത്ത മകൾ അലീനയെ ആലോചിച്ചത്. സ്കറിയാ മാഷിൻ്റെ മൂത്ത രണ്ടാൺ മക്കളും മൂന്നാമത്തെ മകളും നന്നായി പഠിച്ച് സർക്കാരുദ്യോഗസ്ഥരായപ്പോൾ, ഇളയവനായ സിബിച്ചൻ മാത്രം പത്താം ക്ളാസ്സ് തോറ്റ് കൂട്ടുകാരുമായി സിനിമ കണ്ടും ക്രിക്കറ്റ് കളിച്ചും തല്ലുണ്ടാക്കിയും സമൂഹത്തിൽ നന്മകൾ ചെയ്ത് പേരെടുത്ത, സ്കറിയാമാഷിന് എന്നും ഒരു തലവേദനയായി മാറി.

പാരമ്പര്യമായി കിട്ടിയ ഭൂസ്വത്തുക്കളും ,ഷോപ്പിങ്ങ് കോംപ്ളസുകളും അതിൽ നിന്ന് ലഭിച്ച കണക്കില്ലാത്ത ബാങ്ക് ബാലൻസുമുള്ള സ്കറിയാ മാഷിൻ്റെ സമ്പത്ത് ധൂർത്തടിക്കലായിരുന്നു, സിബിച്ചൻ്റെ പ്രധാന ഹോബി. സ്വന്തം തെങ്ങിൻ തോപ്പിലെ ചെത്ത്കള്ള് എടുത്ത്, പറമ്പിലിരുന്ന് തന്നെ പരസ്യമായി കൂട്ടുകാരുമായി കള്ള് കുടിക്കുകയും, കാശ് വച്ച്ചീട്ടുകളിക്കുകയും ചെയ്യുന്ന സിബിച്ചനെ നാട്ടുകാർക്ക് വെറുപ്പായിരുന്നു. കറിയാ മാഷിന് ഇങ്ങനെ തലതെറിച്ച ഒരുത്തൻ എങ്ങനുണ്ടായി, എന്ന് ആ നാട്ടിലുള്ളവർ അതിശയത്തോടെ പരസ്പരം ചോദിക്കുമായിരുന്നു .

ചെറുക്കനെ കൊണ്ടൊരു പെണ്ണ് കെട്ടിച്ചാൽ അവൻ്റെയീ വഴിപിഴച്ച പോക്ക് നിർത്താനാകുമെന്ന് കറിയാ മാഷിനെ എല്ലാവരും ചേർന്ന് ഉപദേശിച്ചപ്പോഴാണ് കല്യാണ ബ്രോക്കറോട് മാഷ് ആലോചന കൊണ്ട് വരാൻ പറഞ്ഞത് ,മാത്രമല്ല മകൻ്റെ സ്വഭാവമറിയുന്ന നാട്ടിൽ തന്നെയുള്ള പെൺകുട്ടിയുടെ പരിപൂർണ്ണ സമ്മതത്തോട് കൂടി വേണം ,മോന് പെണ്ണ് ചോദിക്കാനെന്നും, അതെത്ര പാവപ്പെട്ടവരാണെങ്കിലും കുഴപ്പമില്ലെന്നും മാഷ് ഡിമാൻറ് വച്ചിരുന്നു. എല്ലാം മറച്ച് വച്ചിട്ട് അവസാനം കറിയാമാഷ് ഒരു പെണ്ണിൻ്റെ ജീവിതം തുലച്ചെന്ന് ആരും പറയാൻ പാടില്ലെന്ന നിർബന്ധം മാഷിനുണ്ടായിരുന്നു. നാട്ടിലെ മറ്റ്പ്രമാണി കുടുംബങ്ങളിലുള്ളവർ ഈ ആലോചനയോട് മുഖം തിരിച്ചപ്പോഴാണ് ,സെമിത്തേരിക്കടുത്ത് പള്ളിയുടെ പുറംപോക്കിൽ താമസിക്കുന്ന നിർദ്ധന കുടുംബമായ അന്നാമ്മയുടെ വീട്ടിലേക്ക് ബ്രോക്കർ ആലോചനയുമായി ചെന്നത്.

അന്നാമ്മയുടെ മറുപടി കിട്ടിയപ്പോൾ ബ്രോക്കറത് കറിയാ മാഷിനെ അറിയിച്ചു. പിറ്റേന്ന് വീടിന് മുന്നിലെ ഗ്രാവലിട്ട റോഡിൽ പൊടിപറത്തി വന്ന് നിന്ന രണ്ട് കാറുകളിൽ നിന്ന് കറിയാ മാഷും കുടുംബവും വന്നിറങ്ങിയപ്പോൾ ,ടെൻഷൻ കൊണ്ട്അന്നാമ്മയുടെ കൈകാലുകൾ വിറച്ചു. ചെറുക്കൻ വീട്ടുകാര് കാണാൻ വരുന്നുണ്ടെന്ന് ബ്രോക്കറ് മുൻകൂട്ടി അറിയിച്ചത് പ്രകാരം അടുത്ത വീടുകളിൽ നിന്നും പ്ളാസ്റ്റിക് കസേരകളും ചായയും പലഹാരവും വിളമ്പാനുള്ള, കുപ്പി ഗ്ളാസ്സുകളും ചില്ല് പ്ളേറ്റുകളും നേരത്തെ വാങ്ങി വച്ചിരുന്നു. കറിയാ മാഷ് ഒഴിച്ചുള്ള മറ്റുള്ളവരുടെ മുഖത്ത് കണ്ട പുച്ഛഭാവം ,ഇത്രയും ദാരിദ്ര്യം പിടിച്ച ഒരു കുടുംബത്തിൽ പെണ്ണെടുക്കുന്നതിൻ്റെ അതൃപ്തി യാണെന്ന് അന്നാമ്മയ്ക്ക് മനസ്സിലായി. ഒടുവിൽ ,അലീനയെ കണ്ട് ഇഷ്ടപ്പെട്ട കറിയാ മാഷ് അത് തുറന്ന് പറഞ്ഞു ,

പെണ്ണിനെ ഞങ്ങൾക്കിഷ്ടമായി ,സിബിച്ചന് നേരത്തെ അറിയാവുന്ന കുട്ടിയായത് കൊണ്ട് അവൻ കാണാൻ വരുന്നില്ലെന്ന് പറഞ്ഞത് കൊണ്ടാണ് ഞങ്ങള് മാത്രം വന്നത് പിന്നെ നിങ്ങളിൽ നിന്നും ഞങ്ങൾ പെണ്ണിനെ മാത്രമേ ആവശ്യപ്പെടുന്നുള്ളു ,കല്യാണത്തിന് അവൾക്കാവശ്യമുള്ള സ്വർണ്ണാഭരണങ്ങളും പുതുവസ്ത്രങ്ങളുമൊക്കെയായി അടുത്തയാഴ്ച ഞാനും മറിയാമ്മയും കൂടി വരാം ,തീയതി ഞാൻ വികാരിയച്ഛനെ കൂടി കണ്ട് സംസാരിച്ചിട്ട് അറിയിക്കാം എന്നാൽ പിന്നെ ഞങ്ങളിറങ്ങട്ടെ യാത്ര പറഞ്ഞ് വന്ന് കയറിയവർ പോയപ്പോൾ ,വെള്ളം ചേർക്കാതെ തിളപ്പിച്ച ചായ, ആരും കുടിക്കാതെ പാട കെട്ടിയിരുന്നതും ,എരുവുള്ള മിസ്ചറും, കവറ് പൊട്ടിച്ചിട്ട ബിസ്ക്കറ്റും തണുത്ത് പോയതും അന്നാമ്മയുടെ മനസ്സിൽ ഒരു നൊമ്പരമായി കിടന്നു.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story