പ്രണയവിഹാർ: ഭാഗം 17

പ്രണയവിഹാർ: ഭാഗം 17

നോവൽ: ആർദ്ര നവനീത്‎

കാറ്റേറ്റ് മുളയിലകൾ തമ്മിൽ ഉരസുമ്പോഴുണ്ടാകുന്ന മർമ്മരങ്ങളും ദൂരെയെവിടെയോ പാടുന്ന കുയിലിന്റെ സ്വരവുമൊഴിച്ചാൽ അവർക്കിടയിൽ അൽപ്പനേരം നിശബ്ദത മാത്രമായിരുന്നു. തന്റെ ഇണയെത്തേടി നടന്ന ആ കുയിലിന്റെ സ്വരമാധുര്യത്തിന് വിരഹത്തിന്റെ നോവായിരുന്നു. കണ്ണുനീരിനിടയിലും ഐഷുവും ആവണിയും മൊഴിയുടെ മുഖത്തിലെ ഓരോ ഭാവങ്ങളും സൂക്ഷ്മമായി ഒപ്പിയെടുക്കുകയായിരുന്നു. അവളുടെ കവിളിലൂടെ കണ്ണുനീർച്ചാൽ തീർത്തിട്ടുണ്ട്. അതൊഴിച്ചാൽ സഹതാപമായിരുന്നില്ലേ ആ മുഖത്ത് ഒരുവേള ഇരുവർക്കും തോന്നി. അപ്പോൾ ശ്രീക്കുട്ടി..? എന്തുകൊണ്ടോ ശ്രാവണിയെക്കാളേറെ വിഹാന്റെ ശ്രീക്കുട്ടിയാകണം ആ മനസ്സിൽ പതിഞ്ഞത്.

അവളുടെ ചോദ്യം ആവണിയിലും ഐഷുവിലും ആശങ്കയുണർത്തി. സഹതാപമല്ലാതെ മറ്റൊന്നും തന്നെ അവളിലില്ല. അതിനർത്ഥം ഇവൾ മൊഴിയെന്നാണോ. ആറിലേക്കായിരുന്നു അവൾ ചാടിയത്. നീന്തലറിയാത്തതിനാലും മഴ കാരണം ആറ് കരകവിഞ്ഞൊഴുകുന്നതിനാലും രക്ഷപ്പെടില്ലെന്ന് അവൾക്കുറപ്പായിരുന്നിരിക്കണം. തിരച്ചിൽ നടന്നു. നല്ല ഒഴുക്കുണ്ടായിരുന്നു. നാലാം നാൾ മീനുകൾ കൊത്തി വികൃതമായ നിലയിൽ കിലോമീറ്ററുകൾക്കും അപ്പുറത്തുനിന്നും അവളെ കിട്ടി. നിർവികാരികതയോടെ ദൂരേക്ക് മിഴികൾ പായിച്ച് ഐഷു പറഞ്ഞു. അപ്പോൾ വിഹാൻ.. അവളുടെ സ്വരം പതറിയിരുന്നു.

വിഹാൻ.. അവൻ ശരിക്കും ഞങ്ങൾക്ക് അത്ഭുതമാണ്. ഒരാൾക്ക് ഇത്രയേറെ പ്രണയിക്കാൻ കഴിയുമോ. രണ്ട് പ്രാവശ്യമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പക്ഷേ ദൈവത്തിന്റെ കണക്ക് പുസ്തകത്തിൽ അവന് ആയുസ്സ് തീരാത്തതിനാലാകാം ഇന്നുമവൻ ജീവിക്കുന്നത്. അവന്റെ അമ്മയ്ക്ക് നൽകിയ വാക്കിന് മേൽ ശ്രീക്കുട്ടിയുടെ ഓർമ്മകളിൽ ജീവിക്കുന്നു. ആ വീട് മുഴുവൻ അവളാണ്.. അവളുടെ ഓർമ്മകളാണ്. പൊട്ടിച്ചിരിക്കുന്ന.. കുസൃതി മിന്നുന്ന മിഴികളുള്ള.. അവന്റെ പെണ്ണിന്റെ ഓർമ്മകൾ. അവനത് ഓർമ്മകളല്ലോ അവന്റെ ഹൃദയത്തിൽ തുന്നിച്ചേർത്തിരിക്കുകല്ലേ അവളെ ആർക്കും പറിച്ചു മാറ്റാൻ കഴിയാത്ത വിധം. ഞങ്ങൾക്കവളോട് ദേഷ്യമാണ്.

അവനെ ഉപേക്ഷിച്ച് മരണത്തെ കൂട്ടുപിടിക്കാൻ തോന്നിയതിൽ. അവൾക്കറിയാമായിരുന്നു അവൾ ഏത് കോലത്തിൽ എങ്ങനെ വന്നാലും അവളുടെ വിഹാൻ അവളെ സ്വീകരിക്കുമെന്ന്. എന്നിട്ടും ഒരിക്കൽ വേണ്ടെന്ന് പറയേണ്ടി വന്നു എന്ന ഒരൊറ്റ കാരണത്താൽ അവൾ പോയി. സ്നേഹിച്ചു തോൽപ്പിക്കുകയാ രണ്ടുപേരും ആർക്കും മനസ്സിലാക്കുവാൻ കഴിയാത്തവിധം. മൊഴി കണ്ണുകൾ ഇറുകെയടച്ചു. കണ്ണുനീർ കവിളിലൂടെ ചാലിട്ടൊഴുകി. വിഹാനെയോർത്ത് അവൾക്കെന്തോ വേദന തോന്നി. ഒരു പ്രണയമല്ല പ്രണയകാവ്യമായിരുന്നു വിഹാൻ. പിന്നെ.. പിന്നെ അയാളെന്തിനാ എന്നെ ശ്രീക്കുട്ടിയെന്ന് വിളിച്ചത്.. മൊഴി ജിജ്ഞാസയോടെ ചോദിച്ചു. ആവണിയും ഐഷുവും പരസ്പരം നോക്കി.

ആവണി മൊബൈൽ എടുത്ത് അവൾക്ക് നേരെ നീട്ടി. അതിലെ ഫോട്ടോ കണ്ട് മൊഴി പിന്നിലേക്ക് വേച്ചുപോയി. അവൾ അതിലേക്ക് തുറിച്ചുനോക്കി. ആവണിയുടെ കൈകൾ ഫോണിൽ തട്ടിക്കൊണ്ടിരുന്നു. ശരിക്കും താൻ തന്നെ. അതോ തന്നെപ്പോലെയോ. അവളുടെ കൈകൾ സ്വന്തം മുഖത്തിൽ പരതി. അവളുടെ മുഖം വിളറി വെളുത്തു. സിൽക്ക് നാരുകൾ പോലെ പറന്ന മുടിയിഴകൾ.. തിളക്കമുള്ള കുറുമ്പ് തിങ്ങിയ മിഴികൾ.. അധരത്തിൽ കുസൃതിച്ചിരി. കൂട്ടുകാരോടൊപ്പമുള്ള ശ്രാവണി.. വിഹാനോടൊപ്പമുള്ള ശ്രാവണി. വിഹാന്റെ കരവലയത്തിലൊതുങ്ങി അവന്റെ പ്രണയത്തിനെ കുറുമ്പോടെ നേരിടുന്ന ശ്രാവണിയുടെ ഫോട്ടോയിൽ അവൾ നോക്കി നിന്നു.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story