ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 9

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 9

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

അത്രയും പറഞ്ഞുകൊണ്ട് തന്റെ ഫോൺ ഗാലറിയിൽ ഉള്ള വസുവിന്റെ ഫോട്ടോയിലേക്ക് കണ്ണുംനട്ടിരുന്നു അവൻ. മെല്ലെ അവളുടെ ചുണ്ടുകളിൽ തത്തികളിച്ചിരുന്ന പുഞ്ചിരി അവനിലേക്കും വ്യാപിച്ചു. കണ്ണുകടച്ചുകൊണ്ട് അവളെയുമോർത്ത് അവൻ പുറത്തേക്ക് നോട്ടമയച്ചു. പിന്നെ പതിയെ പതിയെ ആ മിഴികൾ കൂമ്പിയടഞ്ഞു. എങ്കിലും കൂടുതൽ തെളിമയോട് വസുവിന്റെ ചിത്രം അവനിൽ ഉണർന്നിരുന്നു.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 എത്രയും പെട്ടന്ന് തന്നെ നക്ഷത്രങ്ങളേ കാവൽ വായിച്ചു തീർക്കണമെന്നും, തിരികെ കൊടുക്കുമ്പോൾ അതിൽ തന്റെ കത്തും വെയ്ക്കണം എന്ന ചിന്തകൊണ്ടായിരുന്നു ഓരോ ദിവസവും അവൾ തള്ളി നീക്കികൊണ്ടിരുന്നത്.. ഈ ദിവസങ്ങളിൽ അത്രയും അവൾ നോക്കി കാണുകയായിരുന്നു അനന്തനെ. തന്നോട് ഒരളവിൽ കൂടുതൽ സ്വാതന്ത്ര്യം കാണിക്കാതെ, ഒഴിഞ്ഞു മാറി നടക്കുന്നു. അവന്റെ ക്ലാസ്സില്ലാത്ത ദിവസങ്ങളിൽ ഒക്കെയും സ്റ്റാഫ് റൂമിന് മുൻപിലൂടെ വെറുതെ നടക്കുക എന്നത് വസുവിനെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷം നല്കുന്ന ഒന്നാണ്.. അനന്തനെ കാണുക എന്ന ലക്ഷ്യം ഒന്നുമാത്രമാണ് അതിന് പിന്നിലെന്ന് കൂട്ടുകാർക്ക് പിടികിട്ടിയെങ്കിലും, അവളുടെ ഇഷ്ടത്തിൽ സ്വാതന്ത്രത്തിൽ കൈകടത്താനവർ മുതിർന്നില്ല .. മാത്രമല്ല മൗനമായി മാത്രമേ ആ പ്രണയത്തെയവർ നോക്കി കണ്ടുള്ളു.

അത്രയും നിർമലമായ ഒരു അരുവിപോലെയായിരുന്നു വസുവിന്റെ പ്രണയം ഒഴുകികൊണ്ടിരുന്നത്. ഇടതടവില്ലാതെ അവ മറ്റൊന്നിനെയും ശല്യം ചെയ്യാതെ എന്തിനധികം എത്തിച്ചേരേണ്ട പുഴയെ പോലും ആ ഒഴുക്ക് ശല്യപെടുത്തിയിട്ടില്ല. എല്ലാവർക്കും വസു ഒരു വായാടിയായിരുന്നു. പക്ഷെ അനന്തന് അരികിൽ നിൽക്കുമ്പോൾ അവളുടെ മൗനം പോലും വാചാലമാകുന്നത് പോലെ.. ഇടക്കിടക്ക് വാക്കുകൾക്ക് നേരിടേണ്ടി വരുന്ന ക്ഷാമം. ഉതിർന്നു വരുന്ന വാക്കുകൾക്ക് മുറിവുകൾ സംഭവിക്കുന്നു.. ആ ഒരാളുടെ മാത്രം നിശ്വാസമേൽക്കുമ്പോൾ രോമകൂപങ്ങൾ പോലും വിറകൊള്ളുന്നത്. ഉള്ളിൽ പ്രണയപ്പനി മുറുകുമ്പോൾ പൊള്ളിപ്പിടയുന്ന ശരീരത്തിന് കൂട്ടായി വിരുന്നെത്തുന്ന കുളിരും മറ്റെന്തിനേക്കാളും പ്രിയപ്പെട്ടതായി മാറുകയായിരുന്നു..

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ഏകദേശം രണ്ടുമൂന്നു ദിവസങ്ങൾ എടുത്താണെങ്കിലും പുസ്തകം വായിച്ചു തീർത്തു തിരികെ നൽകി. പുസ്തകത്തിനുള്ളിൽ അവളെഴുതിയ കുറിപ്പ് വെക്കാനും മറന്നില്ല. അടുത്തതായി പറഞ്ഞേൽപ്പിച്ചിരുന്ന പുസ്തകം അന്നകരേനിനയായിരുന്നു. കുറെ തിരഞ്ഞെങ്കിലും പുസ്തകം കിട്ടിയത് ഹരിക്കായിരുന്നു. അവളുടെ കയ്യിൽ നിന്നും പുസ്തകം തട്ടിപ്പറിച്ചു വാങ്ങി. ആകാംഷയുള്ളിലടക്കിപിടിച്ചു. കുറിപ്പുണ്ടെങ്കിൽ മറ്റാരും അറിയരുതെന്ന് കരുതിയായിരുന്നു അങ്ങനെ ചെയ്തത്. വൈകുന്നേരമാകാനുള്ള കാത്തിരിപ്പിലായിരുന്നു പിന്നീട് വസു. ഇടക്കൊന്നുരണ്ടു തവണ അനന്തനെ കണ്ടെങ്കിലും, കൂടികാഴ്ചയെല്ലാം പുഞ്ചിരിയിലൊതുക്കി അവൻ നടന്നു നീങ്ങുകയാണുണ്ടായത്. വൈകീട്ട് സുദേവ് കൊണ്ടുപോകാൻ വന്നതും എന്നത്തേക്കാളും ഉത്സാഹം വസുവിന്റെ മുഖത്തുണ്ടായിരുന്നു. പൊതുവെ വൈകുന്നേരങ്ങളൊക്കെ അവൾക്ക് വിരഹമാണ് നൽകിയിരുന്നത്. എന്നാൽ ആ പുസ്തകത്തിൽ ഒളിച്ചിരിക്കുന്ന പ്രിയപ്പെട്ടവന്റെ എഴുത്തിനെ അറിയാൻ അതിത്രീവ്രമായി തന്നെ അവളുമാഗ്രഹിച്ചിരുന്നു.

കടലാസ്കഷ്ണങ്ങളിലൂടെ പ്രണയം കൈമാറുക എന്നാൽ കേൾക്കുന്നവർക്കും കാണുന്നവർക്കും പരിഹാസമായോ ചിലപ്പോൾ കളിയാക്കാനുള്ള കാരണമോ ആയിരിക്കാം.. എന്നാൽ പ്രണയത്തിന്റെ മഷി പുരണ്ട വാക്കുകൾ.. നാസികയോട് ചേർത്താഗന്ധം ഉള്ളിലേക്കാവാഹിക്കുമ്പോൾ വർഷങ്ങള്ക്കിപ്പുറം മരുഭൂമിയിൽ മഴപെയ്യുമ്പോൾ നാമ്പിടുന്ന കള്ളിമുൾചെടി പോലെ, വരണ്ടുകിടക്കുന്ന തന്റെ ഹൃദയത്തിലും ഒരു മഴ പെയ്യാറുണ്ട് .. പ്രണയത്തിന്റെ ഇളം നാമ്പുകൾ കതിരിടാറുണ്ട്. ഒരേ ഒരെഴുത്തുകൊണ്ട് തന്റെ ഹൃദയം അവനു പണയപെട്ടുപോയിരിക്കുന്നു.. എത്ര വിചിത്രമാണത്.. പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു…. സ്റ്റീരിയോയിൽ ഒഴുകിയെത്തിയ പാട്ടിന്റെ വരികളിൽ മുങ്ങിതാണു പോയി വസുവും. ഹരി ഇറങ്ങി യാത്ര ചോദിച്ചപ്പോഴാണ് അവൾ അതിൽ നിന്നും മുക്തയാവുന്നത്.. പിന്നീടുള്ള കുറച്ചു നേരം അനന്തനിൽ നിന്നും ചിന്തകൾ പറിച്ചുനട്ടു. സുദേവുമായി സംസാരിച്ചിരുന്നു. വീട്ടിൽ എത്തിയതും അച്ഛനും അമ്മയും വേഷം മാറി നിൽക്കുന്നത് കണ്ടു കാര്യമെന്താണെന്ന് തിരക്കി. ഹരിയെ പെണ്ണ് ചോദിക്കാൻ അങ്ങോട്ടേക്ക് പോകാൻ നിൽക്കുവാണെന്നറിഞ്ഞതും വേഗം പോയി ഡ്രസ്സ് മാറി വന്നു. പതിവില്ലാതെ നല്ല രീതിയിൽ ഒരുങ്ങി വരുന്ന സുധിയെ കണ്ടതും കളിയാക്കാൻ വസു മറന്നില്ല.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story