താദാത്മ്യം : ഭാഗം 26

താദാത്മ്യം : ഭാഗം 26

എഴുത്തുകാരി: മാലിനി വാരിയർ

“ഹലോ… മിഥു…. മിലുവിനോട് നീ സംസാരിച്ചോ.. ഇപ്പൊ അവൾക്ക് കുഴപ്പമൊന്നും ഇല്ലല്ലോ… ” അർജുൻ വാക്കുകളിൽ കള്ള സ്നേഹം നിറച്ചു. “ഇപ്പൊ അവൾക്ക് കുഴപ്പമില്ല അച്ചു… പിന്നെ ഒരു പാട് നന്ദിയുണ്ട് നിന്നോട്.. നീ ഈ കാര്യം കൃത്യസമയത്ത് തന്നെ എന്നോട് പറഞ്ഞു.. അല്ലെങ്കിൽ ഞാൻ ഒന്നും അറിയില്ലായിരുന്നു…. ” മിഥു അവനോട്‌ കൃതജ്ഞതയോടെ പറഞ്ഞതും അവൻ ഉള്ളിൽ ഗൂഢമായി ചിരിച്ചു. “അവളുടെ സന്തോഷമാണ് എനിക്ക് പ്രധാനം.. അതിന് നന്ദി പറയേണ്ട ആവശ്യമില്ല.. മിഥു.. ” “സാരമില്ലടാ… ” “ഓക്കേ.. ഇനി എന്താ അവളുടെ പ്ലാൻ..” “അവൾക്ക് ജോലി കിട്ടിയിട്ടുണ്ട്.. അതിന് അവൾ ഡൽഹിയിലേക്ക് പോകാൻ പോകുവാ..” ഒട്ടും പ്രതീക്ഷിക്കാതെയുള്ള മിഥുനയുടെ വാക്കുകൾ അവനെ ഒന്ന് ഞെട്ടിച്ചു..

“ഡൽഹിയിലോ…? അവളെ എന്തിനാ അങ്ങോട്ടൊക്കെ ഒറ്റയ്ക്ക് വിടുന്നെ..? അവിടെ എന്തെങ്കിലും പ്രശ്നം വന്നാൽ അവൾ ആരോടു പോയി പറയും..? ” അവൻ ഉത്കണ്ഠയോടെ പറഞ്ഞു. “ഒരു പ്രശ്നവും ഇല്ല അർജുൻ.. അവൾ ഇവിടെ നിന്നാലാണ് ഒരുപാട് വിഷമിക്കുക.. എല്ലാം മറന്ന് പഴയത് പോലെ ആവാൻ അവൾക്ക് ഈ മാറ്റം അത്യാവശ്യമാണ്…” മിഥുന യഥാർത്ഥമായി മറുപടി പറഞ്ഞു. “ശരി മിഥു… അവളോട് ശ്രദ്ധയോടെ ഇരിക്കാൻ പറ..” അവൻ പല്ലുകൾ കടിച്ചുകൊണ്ട് ദേഷ്യം നിയന്ത്രിച്ചു.. “ശരി ടാ… വേറെന്താ…? ” “ഇനി എന്താ നിന്റെ പരുപാടി.. നീയും ഡൽഹിയിൽ പോണോന്ന് പറഞ്ഞതല്ലേ അത് എപ്പഴാ…? “

“അത് അടുത്ത വർഷമാണ് അർജുൻ.. ഞാൻ നാളെ മിലുനെ യാത്രയാക്കി, സിദ്ധുവേട്ടന്റെ കൂടെ നാട്ടിലേക്ക് പോകുവാ..” അവന്റെ ചോദ്യത്തിന് അവൾ സന്തോഷത്തോടെ മറുപടി പറഞ്ഞു. അതവനെ വീണ്ടും അതിശയിപ്പിച്ചു. “നാട്ടിലേക്ക് പോകുവാണെന്നോ..?” അവൻ അതിശയത്തോടെ ചോദിച്ചു.. “അതേടാ… പഠിപ്പ് കഴിഞ്ഞില്ലേ.. ഇനി ഞാൻ എന്റെ വീട്ടിൽ അല്ലെ താമസിക്കേണ്ടത്..” അവൾ മനസ്സിൽ ഉള്ളത് പറഞ്ഞു. “മിഥു ഞാൻ പറയുന്നത് കൊണ്ട് നിനക്കൊന്നും തോന്നരുത്.. നീ ഡൽഹിയിൽ നടക്കാൻ പോകുന്ന ഫാഷൻ കോൺടെസ്റ്റിൽ പങ്കെടുക്കണം എന്ന് സ്വപ്നം കണ്ട് നടന്നതല്ലേ.. എന്നിട്ടിപ്പോ ആ ഗ്രാമത്തിൽ പോകുവാണെന്നോ.. ഈ ഒരു വർഷം നീ നല്ലൊരു ഡിസൈനർ ആണെന്ന് തെളിയിച്ചെങ്കിൽ മാത്രമേ അടുത്ത വർഷം നിനക്ക് ആ കോൺടെസ്റ്റിൽ പങ്കെടുക്കാൻ പറ്റൂ..

ആ പട്ടിക്കാട്ടിൽ പോയിട്ട് നീ എന്ത് കാണിക്കാന..” പുച്ഛത്തോടെയുള്ള അവന്റെ വാക്കുകൾ കേട്ടതും മിഥുവിന് ദേഷ്യമാണ് വന്നത്. “നീ ഒരിക്കലും നന്നാവില്ലേ അർജുൻ.. എന്റെ ലക്ഷ്യത്തിൽ എത്താൻ ആ നാട് ഒരിക്കലും ഒരു തടസമല്ല.. എവിടെ ആണെങ്കിലും എന്റെ ലക്ഷ്യം എങ്ങനെ നേടണമെന്ന് എനിക്ക് നന്നായി അറിയാം.. അത്കൊണ്ട് നീ അതോർത്ത് വെറുതെ തല പുണ്ണാക്കണ്ട..” ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് അവൾ ഫോൺ കട്ട് ചെയ്തു. “ഇവൻ ഒരിക്കലും മാറാൻ പോകുന്നില്ല..” മനസ്സിൽ അവനെ വഴക്ക് പറഞ്ഞുകൊണ്ട് മിഥു മൃദുലയുടെ മുറിയിലേക്ക് നടന്നു.. തനിക്ക് കൊണ്ടുപോകാനുള്ളതെല്ലാം പെട്ടിയിൽ അടുക്കി വയ്ക്കുകയായിയുന്നു മൃദുല.. “മിലു…ഒന്നും മറന്നിട്ടില്ലല്ലോ…? ” “എല്ലാം എടുത്തിട്ടുണ്ട് ചേച്ചി..” മൃദുല പുഞ്ചിരിച്ചു. “സൂക്ഷിക്കണം കേട്ടോ..

ലീവ് കിട്ടിയാൽ ഇങ്ങോട്ട് വരണം.. എല്ലാരും നിന്നെ ഒരുപാട് മിസ്സ്‌ ചെയ്യും മിലു…” മിഥുന കണ്ണുകൾ നിറച്ചുകൊണ്ട് പറഞ്ഞു. “ചേച്ചി… ആരോ ഒരാൾക്ക് വേണ്ടി.. ഞാൻ നിങ്ങളെയെല്ലാം ഒരുപാട് വിഷമിപ്പിക്കുന്നുണ്ടല്ലേ..” മൃദുലയുടെ കണ്ണുകളും നിറഞ്ഞു.. “ഇല്ലടാ.. നീ ആരോ ഓൾക്ക് വേണ്ടിയാണ് വീട് വിട്ട് പോകുന്നതെന്ന് ചിന്തിക്കുന്നതെന്തിനാ….ഈ യാത്ര നിന്റെ ജീവിതത്തിൽ ഉയരാൻ വേണ്ടിയുള്ളതാണ്.. അത് ഒരിക്കലും മറക്കരുത്..” മിഥു അവളുടെ കൈകൾ ചേർത്ത് പിടിച്ചുകൊണ്ട് സമാധാനിപ്പിച്ചു. “അതെ ചേച്ചി..” മൃദുലയുടെ ചുണ്ടുകളിൽ ചെറു പുഞ്ചിരി വിടർന്നു.. “ചേച്ചി..എനിക്ക് ഒരേ ഒരു ആഗ്രഹം മാത്രേ ഉള്ളൂ.. ചേച്ചിയും ഏട്ടനും എപ്പോഴും സന്തോഷത്തോടെ കഴിയണം. ഇപ്പൊ എന്റെ മനസ്സിൽ അത് മാത്രമേ ഉള്ളൂ..നിങ്ങൾ രണ്ടും സന്തോഷത്തോടെ ജീവിക്കുന്നു എന്ന് കേൾക്കാനാണ് ഞാൻ ഇപ്പൊ ആഗ്രഹിക്കുന്നത്..

സിദ്ധുവേട്ടൻ വളരെ നല്ലവനാണ് മിഥുവേച്ചി… ഏട്ടനെ ഒരിക്കലും വേദനിപ്പിക്കരുത്.. നിങ്ങൾ സന്തോഷത്തോടെ ഇരിക്കുന്നു എങ്കിൽ മാത്രമേ എനിക്കും സന്തോഷിക്കാൻ കഴിയൂ.. ചേച്ചി അതെപ്പോഴും ഓർമ്മയിൽ വെക്കണം..” മൃദുലയുടെ വാക്കുകൾ മിഥുനയുടെ ചുണ്ടുകളെയും വിടർത്തി. ആ വീട്ടിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വിഷമിക്കുന്നത് ശോഭയാണ്.തന്റെ രണ്ട് മക്കളും ഒന്നിച്ച് വീട് വിട്ട് പോവുകയാണ് എന്നറിഞ്ഞപ്പോൾ ആ അമ്മയുടെ മനം വേദനയാൽ പിടയുകയാണ്.മഹേന്ദ്രൻ അവർക്ക് ധൈര്യം പകർന്നു കൂടെ നിന്നു.. കാളിങ് ബെൽ ശബ്ദം കേട്ടതും മിഥുന ഓടി ചെന്ന് വാതിൽ തുറന്നു..പുഞ്ചിരിയോടെ നിന്നിരുന്ന സിദ്ധുവിനെ അവൾ സന്തോഷത്തോടെ അകത്തേക്ക് ക്ഷണിച്ചു.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story