ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 13

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 13

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

അനന്തന്റെ കൂടെയുള്ള ആളെ മനസ്സിലായതും ദേഷ്യവും വിഷമവും കലർന്ന സമ്മിശ്രമായൊരു വികാരം അവളിൽ ഉടലെടുത്തു. പക്ഷെ ഏതോ ഒരോർമ്മ അവളിൽ പ്രതീക്ഷയുടെ ഒരു ഇത്തിരി വെട്ടം നിറച്ചു.. കുറച്ചു മാറി നിന്ന് കൊണ്ട് വസു അവരെ വീക്ഷിച്ചു. സാരി സെക്ഷനിൽ നിന്നും സാരി വലിച്ചെടുത്തു നോക്കുന്ന തിരക്കിലായിരുന്നു അനന്തൻ. ഓരോ സാരി എടുത്തു പ്രതീക്ഷയോടെ നോക്കുന്നു. എന്നാൽ പൊടുന്നനെ തന്നെ എന്തോ ഓർമയിൽ തിരികെ വെക്കുകയും ചെയ്യുന്നു… കുറച്ചു നേരം അവന്റെ ചെയ്തികൾ നോക്കി അങ്ങനെ തന്നെ നിന്നു വസു.

അപ്പോഴാണ് ഡിസ്‌പ്ലേയിൽ ഇരിക്കുന്ന സാരിയിലേക്ക് അവളുടെ കണ്ണുകളിടഞ്ഞത് . സിമ്പിൾ വർക്കുകളോടെയുള്ള കണ്ണന്റെ പടമുള്ള ഡിസൈൻ സെറ്റ് സാരിയായിരുന്നു അത്. അതിന്റെ ഭംഗിയുമാസ്വദിച്ചങ്ങനെ നിന്നു. തുടരെ തുടരെയുള്ള ഫോൺ റിങ് കേട്ടതും ഷോപ്പിൽ നിന്നും പുറത്തിറങ്ങി കൊണ്ട് കാൾ അറ്റൻഡ് ചെയ്തു. സുദേവായിരുന്നു അത്. പെട്ടന്ന് വരാമെന്ന് പറഞ്ഞു ഫോൺ വച്ചു തിരിഞ്ഞതും ആരുടെയോ മേൽ ചെന്നിടിച്ചു. വീഴാതിരിക്കാനായി തന്നെ ചേർത്തു പിടിച്ചിരിക്കുന്ന കൈകളിലേക്ക് നോക്കി പിന്നീട് മുഖത്തേക്കും. നന്ദൻ… സർ.. ക്രമാതീതമായി ഉയർന്ന ശ്വാസത്തെ പിടിച്ചു കെട്ടി അവന്റെ കണ്ണുകളിലേക്ക് നോട്ടമയച്ചു. ആർ യൂ ഓക്കേ? അവളുടെ കവിളിൽ തട്ടി അവൻ ചോദിച്ചു. ന്റെ നന്ദാ.. നന്ദനാകെ ഇത് മാത്രേ ചോദിക്കാനറിയു? എപ്പോഴും ആർ യൂ ഓക്കേ?

തെല്ലൊരു ദേഷ്യത്തോടെ അവൾ സ്വയം പറഞ്ഞുകൊണ്ട് അവന്റെ കൈകളിൽ നിന്ന് ഊർന്നു മാറി. കുഴപ്പമൊന്നുമില്ല സർ.. വസു മറുപടി പറഞ്ഞു. അല്ല സർ എന്താണിവിടെ? ഞാൻ കുറച്ചു ഷോപ്പിംഗ് ഒക്കെ ഉണ്ടായിരുന്നു. അതിന് വന്നതാണ്. അനന്തൻ മറുപടി പറഞ്ഞു. തനിക്ക് വിരോധമില്ലെങ്കിൽ എന്നെയൊന്ന് സഹായിക്കാമോ ഡ്രസ്സ് ഒക്കെ സെലക്ട് ചെയ്യാൻ.. തിരിച്ചൊരു പുഞ്ചിരിയിൽ ഉത്തരമൊതുക്കി അവനൊപ്പം നേരത്തെ കണ്ട ഷോപ്പിലേക്ക് തിരികെ കയറുമ്പോൾ തന്റെ ജീവിതത്തിന്റെ ഗതി മാറ്റി മറിക്കുന്ന ഒന്ന് അവിടെയുണ്ടെന്ന് അവൾക്കറിയാമായിരുന്നു. തിരികെ ഡിസ്‌പ്ലേയിൽ നോക്കിയപ്പോൾ ആ സാരി അപ്രത്യക്ഷമായത് അവൾക്ക് കുറച്ചു സങ്കടമൊക്കെ നൽകിയെങ്കിലും. അതിനെ കാര്യമാക്കി എടുത്തില്ല. അനന്തന്റെ കൂടെയുള്ള നിമിഷങ്ങളത്രയും ആസ്വദിക്കുകയായിരുന്നു.

ഓരോന്നും സെലക്ട് ചെയ്യുമ്പോൾ അവൻ കാണിക്കുന്ന സൂക്ഷ്മത. ഇഷ്ടമുള്ള ഒന്ന് കാണുമ്പോൾ വിടരുന്ന കണ്ണുകൾ. വിരിയുന്ന പുഞ്ചിരി എല്ലാം തന്നെ അവളെ കൊല്ലാതെ കൊല്ലുന്നതായി അവൾക്കനുഭവപ്പെട്ടു. അവനോട് ചേർന്നു നിൽക്കുമ്പോൾ തന്നിൽ മുളപൊട്ടിയൊഴുക്കന്നതെന്താണെന്ന് മനസിലാക്കാൻ അവൾ വൃഥാ പരിശ്രമിച്ചുകൊണ്ടിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ അവനൊപ്പം വേണ്ടതെല്ലാം സെലക്ട് ചെയ്തു. അപ്പോഴെല്ലാം തന്നെ അവനിലേക്ക് അറിയാതെതന്നെ അവളുടെ ഓരോ നോട്ടവും എത്തിക്കൊണ്ടിരുന്നു. എന്നാൽ അപ്പോഴൊന്നും തന്നെ അവന്റെ കൂടെയുണ്ടായിരുന്ന ആളെ ഒന്ന് പരതുകയോ അന്വേഷിക്കുകയോ ചെയ്തിരുന്നില്ല വസു. എല്ലാം പാടേ വിസ്മരിച്ചുകൊണ്ട് താനും നന്ദനും മാത്രമുള്ളൊരു ലോകം അവൾ കെട്ടിപടുത്തിരുന്നു.

അവൾ വരുന്നതിനുമുമ്പ് അവൻ സെലക്ട് ചെയ്തത് പാക്ക് ചെയ്തു കിട്ടി. അതിനൊപ്പം ഇപ്പോഴുള്ളതും ചേർത്തു ബില്ലിടാൻ പറഞ്ഞു അനന്തൻ. തനിക്ക് ആകെ മുഷിച്ചിലായോ സിഷ്ഠ? ഞാൻ കാരണം.. അനന്തൻ ചോദിച്ചു. ഇല്ല്യ.. മറിച്ചു സന്തോഷം മാത്രമേയുള്ളു…വസു മറുപടിയായി പറഞ്ഞു. എങ്കിൽ ശരി നമുക്ക് ഫുഡ് കോർട്ടിൽ പോയി വല്ലതും കഴിക്കാം. എന്റെ കൂടെ ഫ്രണ്ട്സ് ഉണ്ടായിരുന്നു. അവരോട് ഞാൻ വിളിച്ചു പറയാം. ശരി… അവന്റെ കൂടെയുള്ള ഓരോ നിമിഷവും അതിന്റെ ഭംഗിയൊട്ടും ചോരാതെ തന്നെ തന്നിലേക്ക് ചേർക്കാൻ അവളുടെയുള്ളം വെമ്പൽ കൊണ്ടിരുന്നിരിക്കാം.

ഫുഡ് കോർട്ടിൽ എത്തിയതും തനിക്ക് എന്താണ് പ്രിയം എന്ന് ചോദിച്ച അനന്തന് നേരെ ചെറിയൊരു പുഞ്ചിരി നൽകി. വെയ്റ്റർ വന്നു ചോദിച്ചതും അവൾ ആദ്യം തിരക്കിയത് നൊങ്ക് ആണ്. പിന്നീട് ഇളനീരും. രണ്ടും ഉണ്ടെന്ന് പറഞ്ഞപ്പോൾ. അവ രണ്ടും ജ്യൂസ് ആക്കി മിക്സ് ചെയ്തു കൊണ്ടുവരാൻ പറഞ്ഞു. അവളുടെ ഇഷ്ടം അറിഞ്ഞതും അനന്തൻ ആദ്യമൊന്ന് ഞെട്ടിയെങ്കിലും. പിന്നീട് ചിരിയോടെ അവനും അത് തന്നെ ഓർഡർ ചെയ്തു. സർ.. സർ നും ഇങ്ങനെ കഴിക്കാൻ ഇഷ്ടമാണോ? തെല്ലൊരു അമ്പരപ്പോടെ അവൾ അന്വേഷിച്ചു. ഇഷ്ടമാണ്. പക്ഷെ മിക്സ് ചെയ്തു കഴിച്ചു നോക്കിയിട്ടില്ല. ഇനി നോക്കാം. അവന്റെ ആ മറുപടിയിൽ വസുവൊന്ന് പുഞ്ചിരിച്ചു.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 കഴിച്ചിറങ്ങിയതും അനന്തനെ ഒരുപറ്റം ചെറുപ്പക്കാർ വളഞ്ഞു. എല്ലാവരും അവനെ കെട്ടിപ്പിടിക്കുന്നു. സംസാരിക്കുന്നു. അങ്ങനെ കുറെ. അവരെ കണ്ടതും മാറി നിൽക്കുന്ന വസുവിനെ പരിചയപെടുത്താനും അനന്തൻ മറന്നില്ല. അല്ല മാളു എവിടെ? നിന്റെ കൂടെയുണ്ടെന്നാണല്ലോ പറഞ്ഞത്? അനന്തനോടെ കൂട്ടത്തിൽ ഒരാൾ തിരക്കിയതും വസുവും അനന്തനെ നോക്കി. ആ എന്റെ കൂടെയുണ്ടായിരുന്നു. പരിചയമുള്ള ആരുടെയോ കാൾ വന്നപ്പോൾ പോയതാണ്. പിന്നീട് വിളിച്ചിട്ട് കിട്ടിയില്ല. അനന്തൻ മറുപടിയെന്നോണം പറഞ്ഞു തീർന്നതും അവന്റെ ഫോണും റിങ് ചെയ്തു. ഫോൺ എടുത്തു കൊണ്ടു തന്നെ മറു വശത്തു നിന്നിരുന്ന മാളുവിനെ കൈകാട്ടി വിളിച്ചു. അവനടുത്തെത്തിയ മാളവിക കുറച്ചപ്പുറം നിൽക്കുന്ന വസുവിനെ കണ്ടതും അവളോട് ഹായ് പറഞ്ഞു.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story