ദേവതാരകം : ഭാഗം 13

Share with your friends

എഴുത്തുകാരി: പാർവതി പാറു

എനിക്കിഷ്ടം മറ്റൊരാളെ ആണ്‌…. അയാളും എന്നെ സ്നേഹിക്കുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം… പക്ഷെ എനിക്ക് അത് തുറന്നു പറയാൻ സമയം ആയിട്ടില്ല… അതിനു മുന്നേ ചിലത് അറിയേണ്ടതായുണ്ട്…. അവൾ കടലിലേക്ക് തന്നെ നോക്കിക്കൊണ്ട് പറഞ്ഞു… ദേവക്ക് അത് ആരാണെന്ന് അറിയാൻ അതിയായ ആഗ്രഹം തോന്നി… പക്ഷെ അവളുടെ മറുപടിയെ അവൻ ഭയന്നു…. നമുക്ക് പോകാം… അവൻ അവളുടെ മുഖത്ത് നോക്കാതെ ചോദിച്ചു…. മ്മ്… അവൾ മൂളി… . തിരിച്ചുവരുമ്പോൾ രണ്ട് പേരും മൗനം ആയിരുന്നു…. അവളോട് ഒന്നും ചോദിക്കാൻ ദേവക്ക് കഴിഞ്ഞില്ല… മാഷേ എനിക്ക് വിശക്കുന്നു… അവൾ പുറകിൽ ഇരുന്ന് പറഞ്ഞപ്പോൾ ദേവ കണ്ണാടിയിലൂടെ അവളെ നോക്കി..

തന്റെ മൗനം അവളെ വേദനിപ്പിച്ചെന്ന് അവന് തോന്നി… എവിടെയാ പോണ്ടേ അവൻ ചോദിച്ചു…. നമുക്ക് തട്ടുകടയിൽ കേറാം എന്ന വേഗം ഫുഡ്‌ കിട്ടും… അവൻ ഒരു തട്ടുകടക്ക് മുന്നിൽ നിർത്തി… രണ്ട് പ്ളേറ്റ് ദോശ കഴിച്ചു… തിരിച്ചു വീട്ടിൽ എത്തി താരയോട് യാത്ര പറയാതെ ദേവ മുകളിലേക്ക് പോയി… കിടന്നിട്ട് അവന് ഉറക്കം വന്നില്ല…. താര അവൾ പ്രണയിക്കുന്നത് ആരെ ആയാലും അതിന് വർഷങ്ങളുടെ പഴക്കം ഉണ്ട്… തന്നെ ആവും എന്ന് പ്രദീക്ഷ ഉണ്ട്… പക്ഷെ താനും അവളും പരിചയപ്പെട്ടിട്ട് അധികം ആയിട്ടില്ല .. അപ്പോൾ അത് സംഗീത് ആയിക്കൂടെ… അവനെ കുറിച്ച് പറയുമ്പോൾ അവൾ വാചാല ആവാറുണ്ട്… അവളുടെ ഹൃദയത്തിൽ അവന് വലിയ ഒരു സ്ഥാനം ഉണ്ട്…

സംഗീത്തിനും അങ്ങനെ തന്നെ ആണ്‌…. തനിക്കന്ന് കിട്ടിയ പുസ്തകത്തിൽ കണ്ട മയിൽപീലിയും മായ എന്ന പേരും… താൻ സംഗീതിന്റെ ഫോണിൽ കണ്ടിട്ടുണ്ട്… ആ പുസ്തത്തിലെ അതേ കൈയക്ഷരം ആണ്‌ താര തന്ന ഡയറിയിലും… എല്ലാം കൂട്ടി വായിക്കുമ്പോൾ താര മായ ആവുന്നു.. അവൾ സംഗീതിന്റെ പ്രണയം ആവുന്നു… അവർ രണ്ടുപേരും പറഞ്ഞപ്പോൾ ഒരു കാര്യം കോമൺ ആയിരുന്നു… രണ്ടുപേരും തുറന്നു പറഞ്ഞിട്ടില്ല പ്രണയം…. പക്ഷെ രണ്ടുപേർക്കും ഉറപ്പുണ്ട് തന്റെ പങ്കാളി തന്നെ സ്‌നേഹിക്കുന്നുണ്ടെന്ന്… അപ്പോൾ അവർ തന്നെ ആവില്ലേ തമ്മിൽ തമ്മിൽ സ്നേഹിക്കുന്നത്… പിറ്റേന്ന് രാവിലെ അവളെ ഫേസ് ചെയ്യാൻ അവന് ബുദ്ധിമുട്ട് തോന്നി… അവൻ വെളുപ്പിനെ ബൈക്ക് എടുത്ത് പോയി… കൊയിലാണ്ടിയിൽ അവന്റെ കൂടെ പഠിച്ച ഒരു കൂട്ടുക്കാരൻ ഉണ്ടായിരുന്നു സഹൽ…

അവന്റെ വീട്ടിലേക്ക്… വൈകുന്നേരം വരെ അവനോട് സംസാരിച്ചു സമയം കളഞ്ഞു… ആ സമയത്തൊന്നും അവൻ താരയെ ഓർത്തില്ല… കഴിയുന്നതും അവളിൽ നിന്ന് അകന്നിരിക്കാൻ അവന് തോന്നി… തിരിച്ചു അവൻ വീട്ടിൽ എത്തുമ്പോഴേക്കും 9 മണി കഴിഞ്ഞിരുന്നു… താര ഒറ്റക്ക് ആയത് കൊണ്ട് ഉറങ്ങി കാണും എന്ന് അവൻ പ്രദീക്ഷിച്ചു… പക്ഷെ അവൾ ഉറങ്ങിയിരുന്നില്ല… അവനെ കാത്ത് ഉമ്മറത്തുതന്നെ ഉണ്ടായിരുന്നു… ദേവക്ക് അവളുടെ മുഖത്തേക്ക് നോക്കാൻ ബുദ്ധിമുട്ട് തോന്നി…. പക്ഷെ അവളുടെ കണ്ണുകൾ അവനിൽ തന്നെ ആയിരുന്നു…. എവിടെ പോയി മാഷേ… അവളുടെ ചോദ്യത്തിൽ പരിഭവം നിറഞ്ഞിരുന്നു… ഞാനെന്റെ ഫ്രെഡിനെ കാണാൻ പോയതായിരുന്നു… അത് പറഞ്ഞു അവൻ അവളുടെ മുഖത്തേക്ക് നോക്കി… ഒട്ടും തെളിച്ചം ഇല്ലാത്ത മുഖം..

കരഞ്ഞു കലങ്ങിയ പോലെ ഉള്ള കണ്ണുകൾ… ആ കാഴ്ച അവന്റെ മനസ് വേദനിപ്പിച്ചു… എന്ത് പറ്റി താരേ തനിക്കു വയ്യേ…. എനിക്ക് ഒന്നും ഇല്ല…. അവൾ എങ്ങോട്ടോ നോക്കി പറഞ്ഞു… പക്ഷെ കണ്ടിട്ട് അങ്ങനെ അല്ലല്ലോ… ഒന്നും ഇല്ല.. എനിക്ക് എന്തായാലും മാഷ്ക്ക് എന്താ… അവളുടെ ആ മറുപടി അവനെ തളർത്തി.. നിനക്ക് നൊന്താൽ നോവുന്നത് എന്റെ മനസാണ് പെണ്ണേ… അവൻ ഉള്ളിൽ പറഞ്ഞു… താരേ അങ്ങനെ ആണോ താനെന്നെ വിചാരിച്ചിരിക്കുന്നത്… അവന്റെ വാക്കുകളിൽ ദേഷ്യവും വേദനയും കലർന്നിരുന്നു.. പിന്നെ.. രാവിലെ എന്നോട് ഒരു വാക്ക് പോലും പറയാതെ പോയില്ലേ… എത്ര വിളിച്ചു… എത്ര മെസേജ് അയച്ചു… തിരിച്ചു വിളിച്ചോ… ഇല്ലല്ലോ… ഉവ്വോ… പിന്നെ ഞാൻ എന്താ പറയണ്ടേ… എന്നെ ഒറ്റക്കാക്കി പോയില്ലേ… അവളുടെ വാക്കുകളിൽ പരിഭവം മാത്രം ആയിരുന്നു…

ആ പരിഭവങ്ങൾ അവന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്നു… അവൻ യാന്ത്രികമായി അവളുടെ അടുത്തേക്ക് നടന്നു… ചേർത്തുപിടിച്ചു മാപ്പ് പറയാൻ അവന്റെ മനസ് വെമ്പി… പക്ഷെ അടുത്ത നിമിഷത്തിൽ അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു… ഇനി എന്നെ ഒറ്റക്കാക്കി പോകുമോ… വിതുമ്പി കൊണ്ട് അവൾ ചോദിച്ചു… ഇല്ല… ഇനി എന്റെ താരയെ ഞാൻ ഒറ്റക്കാക്കില്ല.. അവളുടെ മുടികളിൽ തലോടി അവൻ പറഞ്ഞു… അവളെ മുറിയിലേക്ക് പറഞ്ഞയച്ചു ദേവ മുകളിലേക്ക് കേറി… ദേവ തിരിച്ചറിയുകയായിരുന്നു അവളുടെ ഉള്ളിൽ ദേവക്ക് ഉള്ള സ്ഥാനം… അവൾ തന്നെ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന് അവന് മനസിലായി തുടങ്ങി… അവൾ പ്രണയിക്കുന്നത് തന്നെ ആണ്‌… അവളുടെ കണ്ണുകളിൽ അവൻ അത് കണ്ടു…. അവൾ ചേർന്നു നിന്ന നെഞ്ചിൽ അവൻ തലോടി… അവളെയും സ്വപ്നം കണ്ട് ഉറങ്ങി….

ഡൽഹിയിലെ ആ അതിശൈത്യ രാത്രിയിൽ മുറിയിൽ സംഗീത് ഒറ്റക്കിരുന്നു…. അവന്റെ മനസ് 5 വർഷം പിറകിലേക്ക് പോയി…. അവന്റെ കലാലയ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിനങ്ങളിലേക്ക്…. ….. മധ്യവേനൽ അവധി കഴിഞ്ഞു കോളേജ് തുറന്നു… സംഗീത് ഇപ്പോൾ തേർഡ് ഇയർ ൽ എത്തി…. കഴിഞ്ഞ രണ്ടു വർഷങ്ങൾ കൊണ്ട് കുട്ടികൾക്കിടയിലും അദ്യാപകർക്കിടയിലും അവൻ പ്രിയപ്പെട്ടവൻ ആയി മാറിയിരുന്നു… സൗമ്യമായ സ്വഭാവം…. ആരോടും പെട്ടന്ന് ഇണങ്ങുന്ന പ്രകൃതം…. പഠിത്തത്തിയിലും, ചിത്രം വരയിലും, മുന്നിൽ നിൽക്കുന്നവൻ… ഇടതുപക്ഷ പാർട്ടിയുടെ ഭാവി വാഗ്ദാനം..തീപ്പൊരി പ്രാസംഗികൻ… പിന്നെ കണ്ണിലും ചുണ്ടിലും കുസൃതി ഒളിപ്പിച്ച ഒരു കൊച്ചു സുന്ദരൻ…. ചെറുപ്പത്തിലേ അച്ഛന് നഷ്ടപ്പെട്ടത് കൊണ്ട് പണത്തിന്റെയും അധ്വാനത്തിന്റെയും വില അവനറിയാമായിരുന്നു…..

ഒഴിവുദിവസങ്ങളിൽ പെയിന്റിങ്ങി നും കോൺക്രീറ്റു പണിക്കും ഓക്കെ പോയി ആണ്‌ അവനവന്റെ വീട്ടിലെ മൂന്ന് വയറുകൾ നിറച്ചിരുന്നത്… അവന്റെ കുറവുകൾ അറിഞ്ഞു കൊണ്ട് തന്നെ അവന്റെ സുഹൃത്തുക്കൾ അവനോടപ്പം നിന്നിരുന്നു… അവന്റെ പെരുമാറ്റവും ഭംഗിയും ഓക്കെ കണ്ട് കോളേജിലെ പല പെൺകുട്ടികളും അവന് പുറകിൽ ഉണ്ടായിരുന്നു… അതിൽ ഒരാൾ ആയിരുന്നു ക്ഷമ… മറ്റു പെൺകുട്ടികളെ പോലെ അവളൊരിക്കലും പ്രണയാഭ്യർഥനയുമായി അവനിലേക്ക് ചെന്നിരുന്നില്ല… അവൻ പോലും അറിയാതെ അവൾ അവനെ പ്രണയിച്ചു… അവൾ അവന്റെ ക്ലാസ്സിൽ തന്നെ ആയിരുന്നു… അവന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാൾ…. പക്ഷെ തന്റെ കുറവുകളെ സ്വീകരിക്കാൻ കഴിയുന്ന, തന്റെ ഇഷ്ടങ്ങൾക്ക് ഒപ്പം നിൽക്കുന്ന…

ഒരുവൾക്ക് വേണ്ടിയാണ് അവൻ കാത്തിരുന്നത് .. കോളേജിലെ അവന് ഏറ്റവും പ്രിയപ്പെട്ട ദേവതാരു മരത്തിന്റെ ചുവട്ടിൽ കിടക്കുമ്പോൾ ഒരിക്കൽ അവനൊപ്പം ഈ മരത്തിനു കീഴെ ഇരുന്ന് വാതോരാതെ സംസാരിക്കാൻ ഒരാൾ വരുമെന്ന് അവനുറപ്പ് ഉണ്ടായിരുന്നു…. നിന്റെ പുറകെ ഇത്രയും എണ്ണം നടന്നിട്ടും ഒന്നിനോട് പോലും ഒരു വികാരവും നിനക്ക് തോന്നുന്നില്ലേ എന്ന് അവന്റെ കൂട്ടുകാർ കളിയാക്കുമ്പോൾ അവൻ പറയും എന്റെ പ്രണയം അത് ഒരിക്കൽ എന്നെ തേടി വരും…. അവളെ കാണുന്ന മാത്രയിൽ എന്റെ മനസ് എന്നോട് പറയും അവൾ ആണ്‌ ഞാൻ കാത്തിരിക്കുന്ന എന്റെ ലോകം എന്ന്… ആ ദിവസത്തിന് വേണ്ടി ആണ്‌ ഞാൻ കാത്തിരിക്കുന്നത്” അവന്റെ ഇത്തരം വർത്തമാനങ്ങളെ അവന്റെ സുഹൃത്തുക്കൾ പുച്ഛിച്ചു തള്ളും… പക്ഷെ അവൻ അതൊന്നും കാര്യം ആക്കിയില്ല…. തന്റെ പ്രണയത്തിനു വേണ്ടി കാത്തിരുന്നു…. കോളേജിൽ ഫസ്റ്റ് ഇയർ ക്ലാസ്സ്‌ തുടങ്ങി…

ഒരു ദിവസം വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞ് അവനേറ്റവും പ്രിയപ്പെട്ട ദേവതാരു മരത്തിന്റെ താഴെ ഒരു പെൺകുട്ടി ഇരിക്കുന്നുണ്ടായിരുന്നു… അവിടെ ഇരിക്കാനായി ചെന്ന സംഗീത് അവളെ കണ്ട് നടത്തത്തിന്റെ വേഗത കുറച്ചു.. … മുടി അഴിച്ചിട്ടു മുഖം താഴ്ത്തി ഇരുന്ന് പുസ്തകത്തിൽ എന്തോ വരക്കുകയാണ്….. ഒരു പ്ലെയിൻ വൈറ്റ് കളർ ചുരിദാർ ആണ്‌ വേഷം… അവിടെ വീശുന്ന കാറ്റിൽ അവളുടെ മുടിയും ഷാളും പറന്നു കളിക്കുന്നുണ്ട്… പക്ഷെ അവൾ അതൊന്നും ശ്രദ്ധിക്കുന്നില്ല.അവളുടെ ശ്രദ്ധ മുഴുവൻ പേപ്പറിൽ ആണ്‌… നീണ്ടു മെലിഞ്ഞ അവളുടെ കാലുകളിൽ സ്വർണകൊലുസ് തിളങ്ങുന്നുണ്ടായിരുന്നു … കൈകളിൽ വെളുത്ത കുപ്പിവളകൾ അവളുടെ ചലനങ്ങൾക്കൊപ്പം കിലുങ്ങുന്നുണ്ടായിരുന്നു…. അവളുടെ മുഖം മുടി കൊണ്ട് സംഗീതിന് മുന്നിൽ മറക്കപ്പെട്ടിരുന്നു…

അവൾ ആ മുടി ഒന്ന്‌ ഒതുക്കി ഇരുന്നെങ്കിൽ അവൻ ആഗ്രഹിച്ചു… അവന്റെ ആഗ്രഹം കേട്ടപോലെ അവൾ മുടി ഒതുക്കി ചെവിക്ക് പുറകിലേക്ക്… അവളുടെ കാതിലെ വെള്ളക്കല്ലുവെച്ച കുഞ്ഞു ജിമിക്കിയിലേക്കാണ് അവന്റെ കണ്ണുകൾ ആദ്യം പോയത്… പിന്നെ മൂക്കിൻ തുമ്പിലെ വെള്ളക്കൽ മൂക്കുത്തി…. അതിനു മുകളിൽ അതിലുമൊക്കെ തിളങ്ങുന്ന കണ്ണുകൾ… അവൾ മുഖം ഉയർത്തി…. അവൻ കണ്ടു…. അവന്റെ മനസ് മന്ത്രിച്ചു…. അവൾ ഇതാണ്.. നീ കാത്തിരുന്ന നിന്റെ പ്രണയം….. അവൻ അവിടെ നിശ്ചലനായി നിന്നു… അവൾ എഴുന്നേറ്റതും നടന്ന് പോയതും ഒന്നും അവനറിഞ്ഞില്ല…. അവൻ മറ്റേതോ ലോകത്ത് ആയിരുന്നു…. അവളുടെ മുഖം അവന്റെ ഹൃദയത്തിന്റെ അടിത്തട്ടുകളിൽ ഇറങ്ങിച്ചെന്നു .. അവന്റെ സ്വപ്നത്തിൽ അവൾ മാത്രം നിറഞ്ഞു നിന്നു…

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!