താദാത്മ്യം : ഭാഗം 30

താദാത്മ്യം : ഭാഗം 30

എഴുത്തുകാരി: മാലിനി വാരിയർ

മൃദുലമായ തണുത്ത കാറ്റ് അവളെ തലോടി കടന്നുപോയി.. ആ ഇളം കാറ്റിൽ അവളുടെ കറുത്തിരുണ്ട മുടിയിഴകൾ പാറിക്കളിച്ചു. “മിലുവും സിദ്ധുവേട്ടന്റെ മുറപ്പെണ്ണ് തന്നെയല്ലേ… പിന്നെന്താ ഞാൻ മാത്രമാണ് മുറപ്പെണ്ണ് എന്ന് പറഞ്ഞേ..” അവൻ അതിന് എന്ത് മറുപടിയാണ് പറയാൻ പോകുന്നതെന്ന് അറിയാമായിരുന്നിട്ടും അവന്റെ നാവുകൊണ്ട് കേൾക്കണം എന്ന ആഗ്രഹത്തോടെ അവൾ ചോദിച്ചു. “മിലു എനിക്കൊരു കുഞ്ഞിനെ പോലെയാണ് അവളെ ഞാൻ ഒരിക്കലും എന്റെ മുറപ്പെണ്ണായി കണ്ടിട്ടില്ല..അങ്ങനെ തോന്നിയിരുന്നത് നിന്നെ മാത്രമാണ്..” അവൾ പ്രതീക്ഷിച്ചത് തന്നെ അവൻ പറഞ്ഞപ്പോൾ അവളുടെ മനസ്സ് സന്തോഷത്താൽ നിറഞ്ഞു കവിഞ്ഞു. “ശരി മിഥു… സമയം ഒരുപാടായി.. ഇപ്പൊ നീ പോയി കിടന്നുറങ്ങ്, രാവിലെ കാണാം..ശുഭരാത്രി… ” അവൻ പുഞ്ചിരിയോടെ പറഞ്ഞപ്പോൾ അവളും പുഞ്ചിരിച്ചുകൊണ്ട് അവളുടെ മുറിയിലേക്ക് പോയി.

ഉറങ്ങാൻ കിടന്നെങ്കിലും അവൾ എത്ര ശ്രമിച്ചിട്ടും അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല..ഇന്ന് അവൻ അവളോട്‌ പറഞ്ഞ വാക്കുകൾ വീണ്ടും വീണ്ടും അവളുടെ കാതുകളിൽ പ്രതിധ്വനിച്ചുകൊണ്ടിരുന്നു… ഒടുവിൽ കുറെ നേരത്തെ കാത്തിരിപ്പിനുശേഷം അവൾ ഉറക്കത്തിലേക്ക് വഴുതി വീണു.. ************** പിറ്റേന്ന്, “അമ്മായി.. എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ടായിരുന്നു. ടൗണിലേക്ക് എങ്ങനെയാ പോവാ..? ബസ് ഉണ്ടാവോ..? ” മിഥു മീനാക്ഷിയോട് ചോദിച്ചു. “ബസ്സോ… മോളെ സിദ്ധു കൊണ്ട് പൊയ്ക്കോളും.. നീ റെഡി ആയി ഇരിക്ക്..” അവളുടെ മുഖത്ത് തലോടിക്കൊണ്ട് മീനാക്ഷി പറഞ്ഞു. “ശരി… അമ്മായി… എന്നാൽ ഞാൻ റെഡി ആയിട്ട് വരാം…” എന്ന് പറഞ്ഞുകൊണ്ട് അവൾ മുറിയിലേക്ക് പോയി. സിദ്ധു പ്രാതൽ കഴിക്കാൻ വീട്ടിലേക്ക് വന്ന നേരം, “സിദ്ധു… ഇന്ന് പാടത്ത് ജോലി കൂടുതലാണോ..? ” മീനാക്ഷി അവനോട് ചോദിച്ചു.

“ഇല്ലമ്മേ.. എന്താ.. ഇവിടെ എന്തെങ്കിലും ചെയ്യാനുണ്ടോ..? ” അവൻ മറുചോദ്യം ചോദിച്ചു.. “ഇല്ലടാ… മിഥു മോൾക്ക് ടൗണിലേക്ക് പോകാനുണ്ടെന്ന് പറഞ്ഞു.അതാ ചോദിച്ചേ… നീ അവളേം കൂട്ടി ടൗണിലൊക്കെ ഒന്ന് പോയിട്ട് വാ..ഇവിടെ വന്നിട്ട് നിങ്ങൾ രണ്ടും എങ്ങോട്ടും പോയിട്ടില്ലല്ലോ…” മീനാക്ഷി അവനോട് പറഞ്ഞതും, “ശരിയമ്മേ… പോയിട്ട് വരാം…” അവൻ സമ്മതിച്ചു. അവർ രണ്ട്പേരും സ്നേഹത്തോടെ ഇരിക്കുന്നത് കണ്ടപ്പോൾ മീനാക്ഷിയുടെ മനസ്സ് നിറഞ്ഞു.. “മിഥു… മിഥു…” അവൻ വിളിച്ചതും അവൾ അവന്റെ അടുത്തേക്ക് വന്നു. “എന്താ സിദ്ധുവേട്ടാ…? ” അവൾ പുഞ്ചിരിയോടെ ചോദിച്ചു.. “നിനക്ക് പുറത്തേക്ക് പോകണോന്ന് അമ്മയോട് പറഞ്ഞിരുന്നോ…” അവൻ ചോദിച്ചു. “അതെ സിദ്ധുവേട്ടാ.. കുറച്ചു ഷോപ്പിംഗ് ചെയ്യാനുണ്ട്, അതാ ടൗണിലേക്ക് പോകണോന്ന് പറഞ്ഞിരുന്നു.. എന്താ…? സിദ്ധുവേട്ടന് വേറെ എന്തെങ്കിലും ജോലി ഉണ്ടോ..? ഉണ്ടെങ്കിൽ കുഴപ്പമില്ല നമുക്ക് മറ്റൊരു ദിവസം പോകാം.. എനിക്ക് പ്രശ്നമില്ല..” അവൾ മറുപടി പറഞ്ഞു.

“ഹേയ്…ഇന്ന് എനിക്ക് അങ്ങനെ പ്രേത്യേകിച്ചു പണിയൊന്നുമില്ല.. പിന്നെ പുറത്തേക്ക് പോകണോന്നുണ്ടേൽ എന്നോട് നേരിട്ട് പറഞ്ഞോ.. അതിന് മടിയൊന്നും വിചാരിക്കണ്ട.. അത് പറയാനാ വിളിച്ചേ..ശരി നീ റെഡി ആയി വാ.. ഞാൻ താഴെ ഉണ്ടാവും…” അവൻ പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് താഴേക്ക് നടന്നു.. അവളും ഉത്സാഹത്തോടെ റെഡിയായി ഇറങ്ങി.. “സിദ്ധുവേട്ടാ… കാർ വേണ്ടാ… ബൈക്കിൽ പോകാം…” അവൾ ആഗ്രഹത്തോടെ ചോദിച്ചു.. “എന്താ..” അവൻ അത് മനസ്സിലാവാതെ ചോദിച്ചു.. “എനിക്ക് ബൈക്കിൽ പോകാൻ ഒരുപാട് ഇഷ്ട്ടാ.. അതാ…” അവൾ സത്യസന്ധമായി മറുപടി പറഞ്ഞു.. “ശരി..” എന്ന് പറഞ്ഞ് സമ്മതിച്ചുകൊണ്ട് അവൻ അവളെയും കൊണ്ട് പുറത്തേക്ക് ഇറങ്ങി..മീനാക്ഷി വിടർന്ന മുഖത്തോടെ അവരെ യാത്രയാക്കി. ഇരുവരും ജോഡിയായി പോകുന്നത് കാണാൻ കൂടുതൽ മനോഹരമായി തോന്നിച്ചു.

“എന്റെ തന്നെ ദൃഷ്ട്ടി കിട്ടുമെന്ന് തോന്നുന്നല്ലോ…വൈകുന്നേരം വന്നാലുടൻ ഉഴിഞ്ഞിടണം..” മീനാക്ഷി മനസ്സിൽ ചിന്തിച്ചുകൊണ്ടിരുന്നു. അവനോടൊപ്പം പുറത്ത് പോകാൻ സാധിച്ചതിൽ അവൾക്ക് അതിയായ സന്തോഷം തോന്നി.അര മണിക്കൂറിനുള്ളിൽ അവർ നഗരത്തിന്റെ ഹൃദയഭാഗത്ത് എത്തി ചേർന്നു.. “എന്റെ ഫ്രണ്ടിന്റെ കല്യാണത്തിന് ഗിഫ്റ്റ് വാങ്ങണം സിദ്ധുവേട്ട… ആ ജ്വല്ലറിയിലേക്ക് പോകാം..” “ശരി…” അവൾ പറഞ്ഞതിൻ പ്രകാരം.. അവൻ അവളെയും കൂട്ടി ആ വലിയ സ്വർണ്ണക്കട ലക്ഷ്യമാക്കി നടന്നു. “സിദ്ധു….” ഒരു വൃദ്ധന്റെ വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി.. “വല്യച്ഛ… സുഖമാണോ…? ” അയാളെ കണ്ടതും അവൻ സ്നേഹത്തോടെ ചോദിച്ചു.അയാളും സന്തോഷത്തോടെ അവനോട് സംസാരിച്ചുകൊണ്ടിരുന്നു. “മിഥു… ഇത് നമ്മുടെ ഒരു ബന്ധുവാണ്.. എന്റെ വല്യച്ഛനായിട്ട് വരും… തൊട്ടടുത്ത ഗ്രാമത്തിലാണ്.. വല്യച്ഛ… ഇത് മിഥുന എന്റെ ഭാര്യയാണ്…” സിദ്ധു ഇരുവരെയും പരസ്പരം പരിചയപ്പെടുത്തി കൊടുത്തു..

മിഥുനയും സ്നേഹത്തോടെ അദ്ദേഹത്തോട് കുറച്ചു വാക്കുകൾ സംസാരിച്ചു.. “ശരി.. മിഥു… നീ കടയിലേക്ക് കയറിക്കോ… ഞാൻ ഇദ്ദേഹത്തെ… ബസ്സ് കയറ്റി വിട്ടിട്ട് വരാം…” എന്ന് പറഞ്ഞ് സിദ്ധു അയാളോടൊപ്പം നടന്നു.. മിഥുന കടയിലേക്കും കയറി. കുറച്ചു കഴിഞ്ഞ് അവൻ വന്നതും, അവൾ തന്റെ കൂട്ടുകാരിക്ക് വേണ്ടി വാങ്ങിയ സ്നേഹസമ്മാനം അവനെ കാണിച്ചു.. “നന്നായുട്ടുണ്ട് മിഥു..നിനക്കൊന്നും വാങ്ങുന്നില്ലേ..” അവൻ പുഞ്ചിരിയോടെ ചോദിച്ചു.. “ഇല്ല സിദ്ധുവേട്ടാ… എനിക്കെന്തിനാ ഇപ്പൊ ഇതൊക്കെ… ഉള്ളത് തന്നെ ധാരാളം..” അവളും പുഞ്ചിരിയോടെ മറുപടി പറഞ്ഞു. “ഇനി നമുക്ക് ഒരു ടെക്സ്റ്റൈൽ ഷോപ്പിലേക്ക് പോകാം..അമ്മായിക്ക് ഒരു സാരി വാങ്ങണം…” അവൾ ആവേശത്തോടെ പറഞ്ഞതും.. “അമ്മയ്ക്കോ.. ഇപ്പൊ എന്തിനാ മിഥു…” അവൻ സംശയത്തോടെ ചോദിച്ചു.. “ഞാൻ ആദ്യമായിട്ട് ജോലി ചെയ്ത ശമ്പളം എന്റെ അക്കൗണ്ടിൽ ക്രെഡിറ്റ്‌ ആയിട്ടുണ്ട്.. എന്റെ ഈ ആദ്യത്തെ വരുമാനം കൊണ്ട് എന്റെ മനസ്സിന് ഇഷ്ടപ്പെട്ടവർക്ക് എന്തെങ്കിലും വാങ്ങികൊടുക്കണം എന്നൊരാഗ്രഹം…”

അവളുടെ മുഖത്തും അതിന്റെ സന്തോഷം പ്രതിഫലിച്ചിരുന്നു. “ശരി മിഥു… നിന്റെ ഇഷ്ടം അങ്ങനെ ആണെങ്കിൽ അത് തന്നെ നടക്കട്ടെ… അപ്പൊ നിനക്ക് ഒന്നും വാങ്ങാൻ വന്നതല്ല അല്ലേ..” അവൻ ആശ്ചര്യത്തോടെ ചോദിച്ചു. “ഇല്ല സിദ്ധുവേട്ടാ..എനിക്കിപ്പോ തന്നെ ഒരുപാട് ഉണ്ടല്ലോ.. അതുമതി… വേണമെങ്കിൽ പിന്നെ വാങ്ങാലോ..” അവൾ പുഞ്ചിരി വിടാതെ മറുപടി പറഞ്ഞു. ടെക്സ്റ്റൈൽസിൽ ചെന്ന അവൾ ആവേശത്തോടെ മീനാക്ഷിക്കും, അവളുടെ അമ്മയ്ക്കും അച്ഛനും പിന്നെ മൃദുലയ്ക്കും സമ്മാനങ്ങൾ വാങ്ങുന്നത് സിദ്ധു ആശ്ചര്യത്തോടെ നോക്കി നിന്നു.. അവൾ വാങ്ങാൻ കരുതിയ എല്ലാം വാങ്ങിയതിന് ശേഷം, അവൻ അവളെ അടുത്തുള്ള ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാനായി കൂട്ടികൊണ്ട് പോയി.. “മിഥു നിനക്ക് എന്താ ഇഷ്ടം…? ഇവിടെ നല്ല നോൺ വെജ് കിട്ടും..

നിനക്ക് ഇഷ്ടമുള്ളത് എന്താണെന്ന് വെച്ചാൽ ഓർഡർ ചെയ്യ്..” അവൻ മെനു കാർഡ് അവളുടെ കയ്യിലേക്ക് കൊടുത്തുകൊണ്ട് വാഷ് റൂമിലേക്ക് പോയി.. അവളും അവൾക്ക് ഇഷ്ടമുള്ള വിഭവങ്ങൾ ഓഡർ ചെയ്ത് സിദ്ധുവിന് വേണ്ടി കാത്തിരുന്നു.. സിദ്ധു തിരിച്ചു വന്നതും മേശയിൽ നിരത്തിയിരിക്കുന്ന വിഭവങ്ങൾ കണ്ട് അതിശയിച്ചു പോയി.. അവിടെ നിർത്തിയിരിക്കുന്ന എല്ലാ വിഭവങ്ങളും അവന്റെ ഇഷ്ട വിഭവങ്ങളായിരുന്നു.. അവൻ ആശ്ചര്യത്തോടെ മിഥുനയെ നോക്കി.. “കഴിക്ക് സിദ്ധുവേട്ടാ… എനിക്കും നല്ല വിശപ്പുണ്ട്..” എന്ന് പറഞ്ഞുകൊണ്ട് അവൾ അത് പാത്രത്തിലേക്ക് പകർന്നുകൊണ്ട് കഴിക്കാൻ തുടങ്ങി.. “നിനക്ക് ഇഷ്ടപ്പെട്ടത് ഓർഡർ ചെയ്യാൻ പറഞ്ഞിട്ട്… ഇതിപ്പോ എല്ലാം എനിക്ക് ഇഷ്ടപ്പെട്ടതാണല്ലോ…? ” അവൻ പുരികം ഉയർത്തികൊണ്ട് ചോദിച്ചു.. “ഏട്ടന് ഇതൊക്കെ ഇഷ്ടമാണെന്ന് അമ്മായി പറഞ്ഞു..അതാ..

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story