ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 14

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 14

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

അവളുടെ ചെയ്തികളെല്ലാം കാറിന്റെ വ്യൂ മിററിൽ നോക്കി കണ്ടിരുന്ന ആ വ്യക്തിയിലും ഒരു പുഞ്ചിരി വിടർന്നു. ഇനി അധിക ദൂരമില്ല.. നിന്നെ സ്വന്തമാക്കാനുള്ള എല്ലാ പ്രതിബന്ധങ്ങളും തുടച്ചു നീക്കികൊണ്ട് നിന്നെ എന്റേതാക്കി മാറ്റിയിരിക്കും സിഷ്ഠ. എന്റേത് മാത്രം. അതുവരെ ഈ ഒളിച്ചുകളി തുടർന്നേ പറ്റു… 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 വീട്ടിൽ ചെന്നപ്പോൾ ഒരങ്കത്തിനുള്ള ആള് തന്നെ അവിടെയുണ്ടായിരുന്നു. എല്ലാവരോടും സംസാരിച്ചുകൊണ്ട് അവരിൽ ഒരാളായി മാറുമ്പോഴും അനന്തനെ കുറിച്ചുള്ള ചിന്തകൾ തന്നെയായിരുന്നു മനസ് നിറയെ.. സുദേവിനുള്ള ഗിഫ്റ്റ് കൊടുക്കാനായി അവന്റെ മുറിയിൽ ചെന്നപ്പോൾ എന്തോ കാര്യമായ ചർച്ച നടത്തുകയായിരുന്നു അവനും ഹരിയും. അവിടെ നിൽക്കാതെ വസു തന്റെ മുറിയിലേക്ക് പോയി കുളിച്ചു റെഡിയായി താഴേക്കെത്തി. സുദേവിനുള്ള ഗിഫ്റ്റ് കൊടുത്തു. ഹരിയും സുദേവുമായുള്ള എൻഗേജ്മെന്റ് മൂന്നു മാസത്തിനുള്ളിൽ നടത്താൻ തീരുമാനമായി.

പിന്നീട് അവിടെ നില്ക്കാൻ തോന്നാത്തത് കൊണ്ട് തന്നെ തന്റെ മുറിയിലേക്ക് പോയി. മുറിയിലെത്തിയതും വാതിൽ മെല്ലെ ചാരി. ഹാൻഡ് ബാഗിൽ നിന്നും എൻവലപ്പ് പുറത്തെടുത്തു. അതിന്റെയുള്ളിലുള്ള കുറിപ്പിൽ എന്താണെന്നറിയാനുള്ള ആകാംക്ഷയോടെ തന്നെ തുറന്നു. സിഷ്ഠ താൻ കണ്ടിട്ടുണ്ടോ ഇലകൾക്കുള്ളിൽ ഉറങ്ങുന്ന പുഴുവിനെ.. ആ പുഴുവിനൊരു പ്രതീക്ഷയുണ്ട്. എന്താണെന്നല്ലേ താനിപ്പോൾ ചിന്തിക്കുന്നത്? തന്റെ ചുണ്ടിൽ വിടർന്ന പുഞ്ചിരി ഞാൻ ഇവിടെയിരുന്നു കാണുന്നുണ്ട്.. പുഴുവിനെന്നും പ്രണയമായിരുന്നു പൂവിനോട്.. പക്ഷെ അതാരും കണ്ടിരുന്നില്ല.. ആ പ്രണയം എന്നും നിശബ്ദമായിരുന്നു… മൗനമായി പ്രണയിക്കാൻ ആയിരുന്നു പുഴുവിനെപ്പോഴും ഇഷ്ടം. അങ്ങനെ പ്രണയിച്ചു പ്രണയിച്ചു അവളിലേക്കെത്താൻ സ്വയം അവനൊരു ചിത്രശലഭമാവാൻ ഒരുങ്ങി. പക്ഷെ അവൻ കേവലമൊരു പുഴുവായിരുന്നു…

പൂവിലേക്കുള്ള വഴിയിലെല്ലാം അവനു പല പല തടസ്സങ്ങളായിരുന്നു. മുള്ളുകളായിട്ടും കമ്പായിട്ടും എല്ലാം ആ തടസങ്ങൾ തലയുയർത്തി നിന്നിരുന്നു. ഇടക്കെപ്പോഴോ അത് വഴി പോയ ശലഭം അവളോടുള്ള പ്രണയത്തിന്റെപുറത്ത് പൂവിനെ അവന്റേതാക്കി മാറ്റി. അവളിൽ നിന്നും തേൻനുകർന്ന് ആത്മസംതൃപ്തിയടയുന്ന ശലഭത്തെ, അവരുടെ പ്രണയത്തെ, ജീവിതത്തെ മാത്രമേ എല്ലാവരും നോക്കി കണ്ടിരുന്നുള്ളൂ. ഇവിടെ ഇലകളുടെയും മുള്ളുകളുടെയും ഇടയിൽ മാറിയിരുന്നു അവളെ നോക്കികണ്ടിരുന്ന പുഴു തന്റെ പ്രതിഷേധമെന്നോണം മൗനത്തെ കൂട്ടുപിടിച്ചു ഇലയെയും മുറിപെടുത്തി കൊണ്ടിരുന്നു. ഒടുക്കം അവൻ പിടഞ്ഞു വീഴുമ്പോഴും അവൾ അറിഞ്ഞിരുന്നില്ല പ്രണയത്തോടെ അവളെ നോക്കിയിരുന്ന അവനെ.. ശലഭത്തേക്കാൾ അവളെ സ്വന്തമാക്കാൻ ആഗ്രഹിച്ചവനെ.

ചിലപ്പോഴൊക്കെ അങ്ങനെയാണ് സിഷ്ഠ. നമ്മൾ പ്രണയിക്കുന്നവരെ തിരക്കിയിറങ്ങുമ്പോൾ നമ്മളെ പ്രണയിക്കുന്നവരെ അറിയാതെ പോകും. എന്നത്തേയും പോലെ ഇവിടെയും ഞാൻ ഒരു കാര്യം ഒളിച്ചു വെക്കട്ടെ. നമ്മൾ മാത്രമാകുന്ന നിമിഷം. നീ അപ്പോഴും ഇതിനെ കുറിച്ചു ചിന്തിക്കുന്നുണ്ടെങ്കിൽ, അഥവാ നിനക്ക് ഓർമ്മ വരുന്നെങ്കിൽ. നിന്നോട് മാത്രമായി എനിക്കത് പറയണം. ………… പത്തു ദിവസങ്ങൾ അല്ലേ? വിരഹത്തിന്റെതാണ് അവ.. എന്നാൽ ഈ വിരഹം ക്ഷണികമാണ്.. നമ്മുടെ പ്രണയത്തിന്റെ നദിയെ, അതിന്റെ ഒഴുക്കിനെ താത്കാലികമായി ആരോ തടയണ കെട്ടി നിറുത്തിയതാണെന്ന് വിശ്വസിക്ക്. നമ്മൾ നമ്മളെ തിരിച്ചറിയുന്ന നിമിഷം എനിക്കുറപ്പാണ്… അത്രയും നേരം കെട്ടിനിർത്തപ്പെട്ട നിന്റെ പ്രണയം കെട്ടുപൊട്ടിച്ച് എന്നിലേക്ക് ഒഴുകുമെന്ന്… കാത്തിരിക്കാം സിഷ്ഠ… ഇങ്ങനൊരു സാഹിത്യ ഭ്രാന്തൻ എന്താണ് ഏതാണ് എഴുതുന്നതെന്ന് ഒരു ബോധോം ഇല്യേ നന്ദന്…

ചെറുചിരിയോടെ ആ കുറിപ്പിലേക്ക് തന്നെ നോക്കിയിരിക്കുന്നു വസുവിനെ കണ്ടുകൊണ്ടാണ് ഹരി മുറിയിലേക്ക് കയറി വരുന്നത്… സ്വയമിരുന്നു ആലോചിച്ചു കൂട്ടുന്ന വസുവിനെയും അവളുടെ കയ്യിലിരിക്കുന്ന പേപ്പറും നോക്കികൊണ്ട് തന്നെ ഹരി അവളുടെ അരികിൽ ചെന്നിരുന്നു. പേപ്പർ കയ്യിൽ വാങ്ങി വായിച്ചു നോക്കി. വായിച്ച ശേഷം വീണ്ടും വസുവിനെ തന്നെ നോക്കി. വസൂ നിനക്കെപ്പോഴെങ്ങിലും തോന്നിയോ ഞാൻ നിന്നെ നിന്റെ നന്ദനിൽ നിന്നും അകറ്റുന്നുണ്ടെന്ന്? ഹരി ഒട്ടുമൊരു മുഖവുരയില്ലാതെ തന്നെയാണ് ചോദ്യമെറിഞ്ഞത്. എന്തേ അങ്ങനെ ചോദിച്ചേ.? ഒരിക്കലുമില്ല ഹരി.. നീയെന്റെ പ്രിയപ്പെട്ട കൂട്ടുകാരിയാണ്. നിന്നെ ഞാൻ ഒരിക്കലും.. പക്ഷെ എന്തോ നന്ദന്റെ കാര്യം ഒളിച്ചുവെച്ചത് നിന്നെ വിഷമിപ്പിച്ചെന്ന് എനിക്കറിയാം. ഉത്തരമെന്നോണം വസു പറഞ്ഞു. ഈ കുറിപ്പ് ഇന്ന് കിട്ടിയതാണോ? ഇലയും പൂവുമൊക്കെ? ഇനി എന്നാണോ കായ്ക്കുന്നത്?

ചുമ്മാതാണ് ഹരി.. എന്നെ വട്ടാക്കുവാണത്. കുറച്ചുദിവസം ഇനി കത്തുകളുണ്ടാവില്ലല്ലോ. ഞാൻ ഇലയും പുഴുവും പൂവുമൊക്കെ ചിന്തിച്ച് കൊണ്ടിരുന്നാൽ വിഷമിക്കില്ലെന്ന ധാരണയാണ്. അല്ലാതെ ഒന്നുമല്ല. വസു പറഞ്ഞു തീർന്നതും അവളിലെ പുഞ്ചിരി അതേപടി ഹരിയിലേക്കും വ്യാപിച്ചു. പിന്നീട് ഇന്ന് നടന്നതൊക്കെ അവൾ ഹരിയോട് പറഞ്ഞു. എല്ലാം കേട്ട് ചിരിയോടെ തന്നെ ഹരി അവളുടെ കവിളിൽ കൈചേർത്തു വെച്ചു. ഞാനിന്ന് നിന്റെ കൂടെയാ കിടക്കുന്നത്. വിരോധമുണ്ടോ? ഹരി ചോദിച്ചു. ഇല്ലെന്ന് പറഞ്ഞു കൊണ്ട് ഹരിയെ ചേർത്തണച്ചവൾ കട്ടിലിലേക്ക് ചാഞ്ഞു. ഇനി പറ വസു പപ്പൻ സർ എങ്ങനെയാ നിന്റെ നന്ദൻ ആയി മാറിയത്? ഒട്ടുമാലോചിക്കാതെ തന്നെ വസു പറഞ്ഞു.. എനിക്കറിയില്ല ഹരി.. എന്തോ എന്നെ ചേർത്ത് നിർത്തുമ്പോൾ.. എന്റെ അടുത്തെത്തുമ്പോൾ, അകാരണമായി എന്റെ ഹൃദയം പിടക്കാറുണ്ട് ശ്വാസം വിലങ്ങാറുണ്ട്. ഇടക്കെങ്കിലും വാത്സല്യത്തിന്റെ മൂടുപടം നീക്കി ആ കണ്ണുകളിൽ പ്രണയത്തിന്റെ ആഴി തിരതല്ലുന്നത് ഞാൻ കണ്ടിട്ടുണ്ട്.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story