പ്രണയവിഹാർ: ഭാഗം 24

Share with your friends

നോവൽ: ആർദ്ര നവനീത്‎

നവി നീട്ടിയ തണുത്ത വെള്ളം തരുണി കുടിച്ചു. അവരപ്പോഴും ഞെട്ടലിൽ നിന്നും മോചിതയായിരുന്നില്ല. തറയിലിരുന്ന് ചുമരിലേക്ക് ചാരിയിരുന്ന് വിങ്ങിക്കരയുന്ന ശ്രാവണിയെ അവർ അലിവോടെ നോക്കി. ചെയ്തുപോയ തെറ്റുകൾ മുൻപിൽ വന്ന് പല്ലിളിക്കുന്നതുപോലെ അവർക്ക് തോന്നി. നിരഞ്ജനരികിൽ നിന്നും അവർ എഴുന്നേറ്റു. പലതവണ ചുവടുകൾ വേച്ചുപോയി. എന്നിട്ടും അവർ അവൾക്കരികിലേക്ക് നടന്നു. ജന്മം നൽകിയ മകൾ. മുലപ്പാലിന്റെ മാധുര്യം പോലും പലപ്പോഴും നിഷേധിച്ച് മാറിലെ ചൂടേറ്റ് വളരേണ്ട പ്രായത്തിൽ ജോലിക്കാരുടെ അടുക്കലും പ്ലേ സ്കൂളിലുമായി ഒതുക്കി തീർത്തതാണ് അവളുടെ ബാല്യം. പ്രൊഫഷനിൽ ബെസ്റ്റ് ഡോക്ടർ എന്ന പേര് നേടിയ തരുണിക്ക് നല്ലൊരു അമ്മയാകാൻ കഴിഞ്ഞില്ല. നല്ലൊരു ഭാര്യയാകാൻ കഴിഞ്ഞില്ല .

ജീവിതത്തിൽ ബന്ധങ്ങളുടെ മുൻപിൽ തോറ്റുപോയവൾ. അവർക്ക് സ്വയം പുച്ഛം തോന്നി. ഒരിക്കലെങ്കിലും നല്ലൊരു അമ്മയായി മാറിയിരുന്നെങ്കിൽ തന്റെ മകൾക്ക് ഇന്നീ ഗതിയുണ്ടാകില്ലായിരുന്നു. മകളെ മനസ്സിലാക്കുവാൻ ശ്രമിക്കാതെ അവളോടൊപ്പം നിൽക്കുവാതെ പ്രവർത്തിച്ചതിനും അനുഭവിക്കേണ്ടി വന്നത് അവൾക്ക് തന്നെയാണ്. അവൾ പോയെന്നറിഞ്ഞപ്പോൾ എന്തായിരുന്നു മനസ്സിൽ. ശൂന്യതയായിരുന്നു വല്ലാത്തൊരു ശൂന്യത. നികത്താൻ കഴിയാത്ത ശൂന്യത. അവളുടെ താളമില്ലാതെ ഇടയ്ക്കുള്ള കൊലുസിന്റെ നാദമില്ലാതെ ഉറങ്ങിയ വീട്. ഒരിക്കൽ വല്ലാതെ വീർപ്പുമുട്ടൽ അനുഭവപ്പെട്ടപ്പോൾ അവളുടെ മുറിയിലേക്ക് കയറി.

ആ ചുവരുകളും ഡയറിത്താളുകളിൽ പോലും വ്യക്തമായിരുന്നു അവളുടെ മനസ്സ്. ജന്മം നൽകിയവർ ഇരുപത് വർഷം കാണാതെ പോയ മകളുടെ മനസ്സ്. ഒറ്റപ്പെട്ടുപോയ അവളുടെ ബാല്യം.. ലഭിക്കാതെ പോയ അമ്മയുടെ മാറിലെ ചൂട്.. അച്ഛന്റെ വാത്സല്യം..സഹോദരസ്നേഹം അങ്ങനെയെല്ലാം. വിഹാന്റെ അമ്മയിലും അച്ഛനിലും അവൾ ആ സ്നേഹം കണ്ടെത്തിയെന്നുള്ള സന്തോഷവും അതിലുണ്ടായിരുന്നു. അത് വായിച്ചപ്പോൾ ഉണർന്നതല്ലായിരുന്നോ തന്നിലെ അമ്മ. അന്യയായൊരു പെൺകുട്ടിയെ ഇത്രയേറെ സ്നേഹിക്കാൻ അവർക്കെങ്ങനെ സാധിക്കുന്നു.. ചെറിയൊരു അസൂയ നാമ്പിട്ടിരുന്നില്ലേ അപ്പോൾ . വിഹാൻ.. അവൾക്കെത്രമാത്രം പ്രിയപ്പെട്ടവനായിരുന്നെന്ന് അറിഞ്ഞത് ആ കടലാസ്സ് താളുകളിലൂടെയായിരുന്നു.

തരുണി മിഴികൾ ഇറുകെയടച്ചു. കണ്ണുനീർത്തുള്ളികൾ മത്സരിച്ചൊഴുകി. ശ്രാവണിയുടെ മുൻപിൽ അവർ മുട്ടുകുത്തി ഇരുന്നു. അവരുടെ തകർന്ന മനസ്സ് പ്രവർത്തികളിൽ വ്യക്തമായിരുന്നു. വിഹാൻ എല്ലാത്തിനും സാക്ഷിയായി മിണ്ടാതെ നിന്നതേയുള്ളൂ. അവരുടെ ഇരുകൈകളും അവളുടെ മുഖം ലക്ഷ്യമാക്കി നീങ്ങി. കണ്ണുനീർപ്പാട നിറഞ്ഞ ആ മുഖം അവർ കൈകളിൽ കോരിയെടുത്തു. അന്നാദ്യമായി സ്നേഹത്താൽ അവരുടെ മാറ് ചുരന്നു. പ്രസവിച്ച് തന്നോട് ചേർന്ന് കിടക്കുന്ന ടവ്വലിൽ പൊതിഞ്ഞ ചുവന്ന റോസാപ്പൂവ് പോലുള്ള കുരുന്നിന്റെ മുഖം അവർക്കുള്ളിൽ തെളിഞ്ഞുവന്നു. വാത്സല്യം അണപൊട്ടിയൊഴുകി. അതീവസ്നേഹത്തോടെ.. ഇതുവരെ പകർന്നു നൽകാൻ കഴിയാത്ത വാത്സല്യം അവർ അവളുടെ നെറുകയിൽ ചുംബനമായി പകർന്നു നൽകി .

ആവണിയുടെ വാക്കുകളിൽ കോറിയിട്ടൊരു അമ്മയെന്ന രൂപത്തിന് വന്ന മാറ്റം ശ്രാവണി ശ്രദ്ധിച്ചു. അമ്മയുടെ ചുംബനം കണ്ണുകൾ അടച്ചവൾ ഏറ്റുവാങ്ങി. അവരുടെ മാറിലേക്ക് അവരവളെ ചേർത്തുവച്ചു. അമ്മ ചെയ്തതെല്ലാം തെറ്റായിരുന്നു മോളേ. ഈ അമ്മ കാരണമാണ് എന്റെ കുഞ്ഞിന് ഇതെല്ലാം അനുഭവിക്കേണ്ടി വന്നത്. അവർ വിങ്ങിപ്പൊട്ടി. പരിഭവങ്ങൾ പെയ്തു തീരുകയായിരുന്നു അവിടെ. പുതിയൊരു മാറ്റം പിറവിയെടുക്കുകയായിരുന്നു. നേടിയെടുക്കാൻ സാധിക്കാതിരുന്നവ തന്നെത്തേടിയെത്തിയപ്പോൾ അതുപോലും തിരിച്ചറിയാനാകാതെ നിസ്സഹായയായി നിൽക്കേണ്ടി വന്ന ശ്രാവണി നെരിപ്പോടായി കിടന്നു . എങ്കിലും അവളനുഭവിക്കുകയായിരുന്നു പെറ്റമ്മയുടെ സ്നേഹം… അച്ഛന്റെ വാത്സല്യം. പണത്തിനോ പ്രതാപത്തിനോ അവിടെ സ്ഥാനമുണ്ടായിരുന്നില്ല.

തരുണിയും നിരഞ്ജനും കാണുകയായിരുന്നു ഒരു കുടുംബത്തെ.. മനസ്സിലാക്കുകയായിരുന്നു കുടുംബത്തിന്റെ മൂല്യവും ബന്ധങ്ങളുടെ കെട്ടുറപ്പും. മകൾ സുരക്ഷിതമായ കൈകളിലാണെന്ന സന്തോഷം മാത്രമാണ് അപ്പോൾ അവരിൽ നിറഞ്ഞു നിന്നത്. വിഹാൻ എല്ലാത്തിനും ഒപ്പമുണ്ടായിരുന്നു. ബന്ധങ്ങൾ അറുത്ത് മുറിക്കുവാൻ വളരെ എളുപ്പമാണ്.. കൂട്ടിച്ചേർക്കുവാനാണ് പ്രയാസം. കൂട്ടിച്ചേർത്ത ബന്ധങ്ങളുടെ കണ്ണികൾ അറ്റുപോകാതെ ചേർത്തു പിടിക്കുമ്പോഴല്ലേ ബന്ധങ്ങൾ നിലനിൽക്കുകയുള്ളൂ. സ്വന്തo മകനെപ്പോലെ… അല്ല മകനായി തന്നെ തരുണിയും നിരഞ്ജനും വിഹാനെ ചേർത്തണച്ചു. ശ്രാവണിയുടെ ചികിത്സകൾ തുടങ്ങുകയായിരുന്നു. എല്ലാവരുടെയും സ്നേഹം അവളിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. പതിയെ അപരിതത്വo മാറുവാൻ തുടങ്ങി.

സംസാരിക്കുവാൻ തുടങ്ങി. വിഹാനോട് മാത്രം അവൾ അകൽച്ച കാട്ടി. വൈകുന്നേരം വീട്ടിലേക്ക് വന്ന അതിഥികളെ കണ്ട് അവളുടെ കണ്ണുകൾ വിടർന്നു. സഞ്ജുവും ഐഷുവും. ചിരിയോടെ ഐഷുവിനെ പുണർന്നപ്പോൾ ഐഷുവിന്റെ കരങ്ങൾ അവളെ മുറുകെ പിടിച്ചു. ശ്രാവണിയുടെ മാറ്റം ഇരുവരിലും സന്തോഷം നിറച്ചു. ഒരാഴ്ച കഴിഞ്ഞില്ലേ വിവാഹം കഴിഞ്ഞിട്ട് റിസപ്‌ഷൻ വയ്ക്കാമെന്ന് ഇരുവീട്ടുകാരും ഉറപ്പിച്ചു. എല്ലാവരെയും ക്ഷണിക്കാനാണ് ഞങ്ങൾ വന്നത്.. സഞ്ജു കാര്യം അവതരിപ്പിച്ചു. ഐഷു ഇതേസമയം കുളപ്പടവിലായിരുന്നു ശ്രാവണിയോടൊപ്പം. ശ്രാവൂ.. നിനക്കിപ്പോൾ ഓർക്കാൻ സാധിക്കുന്നുണ്ടോ എന്തെങ്കിലും.. ഐഷു ആകാംഷയോടെ ചോദിച്ചു. മങ്ങിയ ചില രൂപങ്ങൾ മാത്രമേ ഉള്ളൂ മനസ്സിൽ. പക്ഷേ ഇവരെല്ലാം നീയുൾപ്പെടെ എനിക്കറിയാവുന്നവരാണെന്ന് തോന്നുന്നുണ്ട്. ഇടയ്ക്കിടെ ഒരു പെൺകുട്ടിയുടെ പൊട്ടിച്ചിരിച്ചു കൊണ്ട് ഓടുന്ന മങ്ങിയ ഒരു രൂപം തെളിയുന്നുണ്ട്.

അതല്ലാതെ മറ്റൊന്നും ഓർക്കാൻ പറ്റുന്നില്ല.. അവളുടെ വാക്കുകളിലെ നിരാശ ഐഷു തിരിച്ചറിഞ്ഞു. എല്ലാം ശരിയാകും. ഇത്രയും ഓർത്തെടുക്കാൻ സാധിച്ചില്ലേ. അതുപോലെ പതിയെ എല്ലാം ഓർമ്മ വരും. ഞങ്ങളുടെ പഴയ കിലുക്കാംപെട്ടിയായി നീ വരും.. ഐഷുവിന്റെ വാക്കുകൾ കേട്ടവൾ പുഞ്ചിരിച്ചു. വിഹാൻ.. അവനുമായി.. ഐഷു അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി. ശ്രാവണിയുടെ മുഖം താഴ്ന്നു. ഐഷു മനസ്സിലായതുപോലെ അവളുടെ കൈകളിൽ കൈ അമർത്തി.. സാന്ത്വനമെന്നോണം. ഐഷു ദൂരേക്ക് മിഴികളൂന്നി. അന്തിച്ചുവപ്പ് ആകാശത്തെ കീഴടക്കിയിരുന്നു. കൂടണയാനായി പക്ഷികൾ പറന്നു പോകുന്നുണ്ടായിരുന്നു. നിങ്ങൾ രണ്ടുപേരും ഒരുപാട് കൊതിച്ച ജീവിതം കിട്ടിയപ്പോൾ അതിങ്ങനെ ആയി. എനിക്കറിയാം അതിൽ അവന് ലേശം പോലും പരിഭവം കാണില്ല.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!