താദാത്മ്യം : ഭാഗം 33

താദാത്മ്യം : ഭാഗം 33

എഴുത്തുകാരി: മാലിനി വാരിയർ

അവനെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു. “സിദ്ധുവേട്ടാ… !!” അവളുടെ കണ്ണുകൾ വിശ്വസിക്കാനാകാതെ ആശ്ചര്യത്തോടെ നോക്കി നിന്നു. അവൾ അവന് വേണ്ടി പ്രേത്യേകം ഡിസൈൻ ചെയ്ത ആ വസ്ത്രമണിഞ്ഞുകൊണ്ട്, ഏവരുടെയും മനംകവരുന്ന ഗാംഭീര്യത്തോടെ അവിടെ നിൽക്കുകയായിരുന്നു സിദ്ധാർത്ഥൻ.അവൻ ആ ഡ്രസ്സ്‌ ഇടുമെന്ന് അവൾ ഒരിക്കലും കരുതിയില്ല… അവരുടെ വിവാഹ റിസ്‌പെഷനിൽ അവൻ അതുപോലുള്ള വസ്ത്രം അണിഞ്ഞിരുന്നെങ്കിലും ഇന്ന് അവനിൽ നിറഞ്ഞ ഗാംഭീര്യം അവൾക്ക് പുതുമയുള്ളതായി തോന്നിച്ചു.അവന്റെ കണ്ണുകളും അവളിലേക്ക് ഉടക്കി നിൽക്കെ.., അവൻ അടുത്തേക്ക് വരുന്തോറും അവളുടെ ഹൃദയമിടിപ്പ് കൂടിക്കൊണ്ടിരുന്നു.

അവളുടെ അരികിലെത്തിയ അവൻ ഒരു പുരികം ഉയർത്തികൊണ്ട് എന്താണെന്ന് ഭാവത്തിൽ നോക്കി.അവളോ ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ സ്വയം മറന്ന് അവനെ തന്നെ നോക്കി നിന്നു. അവൻ അവളുടെ തോളുകളിൽ പിടിച്ചു കുലുക്കിയപ്പോഴാണ് അവൾ യാഥാർഥ്യത്തിലേക്ക് വന്നത്.. “എന്താ ഇങ്ങനെ സ്തംഭിച്ചു നിൽക്കുന്നേ…വാ ഫങ്ക്ഷൻ തുടങ്ങാൻ സമയമായി..” അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.. “ഉം… ശരി… സിദ്ധുവേട്ടാ…” അവൾ അവനോടൊപ്പം ചേർന്ന് നടന്നു. അവരുടെ ജോഡി ചേർന്നുള്ള ആ സുന്ദരമായ നടത്തം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. “വൗ..!!! മിഥു… നിങ്ങളെ രണ്ട് പേരെയും കാണാൻ നല്ല ഭംഗിയുണ്ട്…” മീര രണ്ട് പേരെയും കണ്ട് മിഴികൾ മിന്നിച്ചുകൊണ്ട് പറഞ്ഞു.ഇരുവരും അതിന് മറുപടിയെന്നോണം പുഞ്ചിരിച്ചു, ശേഷം നവദമ്പതികൾക്ക് ആശംസകൾ അർപ്പിക്കാൻ വേദിയിലേക്ക് കയറി.

വേദിയിൽ ഉണ്ടായിരുന്നവരും സിദ്ധു-മിഥു ദമ്പതികളുടെ ചേർച്ചയെ കുറിച്ച് തന്നെയാണ് സംസാരിച്ചു കൊണ്ടിരുന്നത്.. അത് കേട്ടതും മിഥുനയുടെ മുഖം നാണത്താൽ ചുവന്നു തുടുത്തു…അവളുടെ ഹൃദയം സന്തോഷത്തിന്റെ അതിർവരമ്പുകൾ താണ്ടി പാറിനടന്നു. മൃദുലവും മധുരവുമായ ലളിതമായ പാശ്ചാത്യ സംഗീതം ആ നിമിഷത്തെ കൂടുതൽ മനോഹരമാക്കി. അവിടെ ഉണ്ടായിരുന്ന ദമ്പതികൾ ആ പാട്ടിന് ചുവടുകൾ വെച്ചുകൊണ്ട് അവരുടെ സന്തോഷം പ്രകടിപ്പിക്കാൻ തുടങ്ങി. “നമുക്കും കളിച്ചാലോ…” സിദ്ധു കണ്ണുകൾ കൊണ്ട് ചോദിച്ചതും..മിഥുവിന് അത് മിഥ്യയാണോ എന്ന് തോന്നി പോയി.

കാതുകളെ വിശ്വസിക്കാനാകാതെ അവൾ അവനെ അമ്പരപ്പോടെ നോക്കി നിൽക്കുന്ന സമയത്താണ്, “ഹേയ്.. ഹാൻഡ്‌സം.. ഷാൽ വീ ഡാൻസ്..” നവനാഗരീതമായി വസ്ത്രമണിഞ്ഞ, ചുണ്ടിൽ കടുത്ത ചായവും കണ്ണിനെ മറയ്ക്കുന്ന മനോഹരമായ ചിത്രശലഭത്തിന്റെ മുഖം മൂടിയും അണിഞ്ഞ ഒരു യുവതി അവന്റെ വലം കയ്യിൽ പിടിച്ചുകൊണ്ട് ചോദിച്ചു. “എക്സ്ക്യൂസ് മീ…ഇത് എന്റെ ഹസ്ബൻഡ് ആണ്.. കുട്ടി വേറെ ആരെയെങ്കിലും കണ്ട് പിടിക്ക്…” കണ്ണിൽ കടുത്ത ദേഷ്യത്തോടെ ആ യുവതിയുടെ കൈ തട്ടി മാറ്റി.. ശേഷം അവന്റെ കൈകളിൽ ചുറ്റുപിടിച്ചുകൊണ്ട് മിഥു അവനോട് ചേർന്ന് നിന്നു. സിദ്ധുവിന്റെ ഹൃദയം സന്തോഷത്തിൽ നിറഞ്ഞു തുളുമ്പിയത് അവന്റെ പുഞ്ചിരിയിൽ പ്രതിഫലിച്ചിരുന്നു.അവനും അവളുടെ വിരലുകൾ ചേർത്ത് പിടിച്ചു. “വാ സിദ്ധുവേട്ടാ..” അവൾ അവനെയും കൊണ്ട് നൃത്തവേദിയിലേക്ക് നടന്നു.

അവൻ അവളുടെ കൈയിൽ മൃദുലമായി പിടിച്ചതും അവൾ അവന്റെ കണ്ണുകൾക്കുള്ളിലൂടെ ഹൃദയത്തിലേക്ക് ഇറങ്ങി ചെന്നു..ഒരു കൈ അവളുടെ കയ്യിലും മറുകൈ അവളുടെ തോളിലും വെച്ചുകൊണ്ട് ആ മൃദുലസംഗീതത്തിന് ചുവടുകൾ വെച്ചു. ആ സുന്ദര നിമിഷത്തിൽ അവൾ സ്വയംമറന്നു നിന്നു.. കാരണം ആദ്യമായാണ് അവന്റെ കരങ്ങൾ അവളുടെ മേനിയിൽ സ്പർശിക്കുന്നത്, ആ സ്പർശനം ഒരു മിന്നൽ പോലെ അവന്റെ കൈകളിലൂടെ ശാരിരീമാസകാലം രോമാഞ്ചമുണ്ടാക്കി.. തന്റെ ദേഷ്യം ആ ഒറ്റ നിമിഷം കൊണ്ട് അലിഞ്ഞു ഇല്ലാതായത് പോലെ അവൾക്ക് തോന്നി.. സിദ്ധുവിന്റെ കാര്യവും ഏതാണ്ട് അങ്ങനെ തന്നെ ആയിരുന്നു.. അവളുടെ മൃദുല സ്പര്ശത്തിൽ അവനും അലിഞ്ഞു പോയിരുന്നു… കണ്ണുകൾ പരസ്പരം ഉടക്കി ഇഴുകി ചേർന്നുള്ള ആ നൃത്തം അവിടെ ഉണ്ടായിരുന്ന കാണികളുടെ ശ്രദ്ധയാകർഷിച്ചു എന്നറിഞ്ഞതും അവർ സ്വബോധത്തിലേക്ക് വന്നു.. “എന്തായാലും വീട്ടിൽ ചെന്ന് അമ്മയോട് ഒന്ന് ദൃഷ്ട്ടി ഉഴിഞ്ഞിടാൻ പറഞ്ഞോളൂ..

ഇവിടെ ഉള്ള എല്ലാവരുടെയും കണ്ണ് നിങ്ങൾ രണ്ട് പേരിലുമാ… നല്ല കണ്ണ് കിട്ടിക്കാണും..” മീരാ കണ്ണുരുട്ടികൊണ്ട് പറഞ്ഞതും ഇരുവരും ചിരിച്ചു.. ആ സുന്ദരമായ നിമിഷം ഒരിക്കലും മറക്കാൻ കഴിയരുതെന്ന ചിന്തയായിരുന്നു ഇരുവരുടെയും മനസ്സിൽ. അവന്റെ നോട്ടവും ചെയ്തികളും അവന്റെ ഉള്ളിലെ പ്രണയം പ്രകടമാക്കി എങ്കിലും അവൾ അത് പൂർണ്ണമായും വിശ്വസിക്കാനാവാതെ വിഷമിച്ചു.. ആ സംഭവത്തിനു ശേഷം അവന്റെ മുഖത്തേക്ക് നോക്കാൻ തന്നെ അവൾക്ക് നാണമായിരുന്നു എന്ന് വേണം പറയാൻ. അവൻ മുറിയിലേക്ക് പോയപ്പോഴും അവൾ മനപ്പൂർവം കൂട്ടുക്കാരികളോട് സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞ് അവനിൽ നിന്നും ഒഴിഞ്ഞു മാറി.ശേഷം അവൻ ഉറങ്ങിയോ എന്ന് മുറിയിൽ വന്ന് എത്തി നോക്കി. “ഹാവൂ.. സിദ്ധുവേട്ടൻ നല്ല ഉറക്കാ..” സുഖമായി ഉറങ്ങുന്ന സിദ്ധുവിനെ മുഖത്തെ നാണം മായാതെ നോക്കി, അവൾ മനസ്സിൽ പിറുപിറുത്തുകൊണ്ട് മുറിയിലേക്ക് കയറി.

അവൻ ഉറക്കമുണരാതിരിക്കാൻ മെല്ലെ ഒരു പൂച്ചയെ പോലെ പമ്മി പമ്മി വന്ന് അവന്റെ അരികിൽ മെല്ലെ കിടന്നു.നല്ല ക്ഷീണമുണ്ടായിരുന്നത് കൊണ്ട് അവൾ പെട്ടെന്ന് ഉറങ്ങി പോയി. അവൾ മുറിയിലേക്ക് വന്നത് മുതലുള്ളതെല്ലാം സിദ്ധു ശ്രദ്ധിക്കുന്നുണ്ടായിരുന്നു എങ്കിലും അവൻ ഉറക്കം നടിച്ചു കിടക്കുകയായിരുന്നു. അവൾ ഉറങ്ങിയെന്ന് ബോധ്യമായതും അവൻ കണ്ണുകൾ തുറന്ന് അവളുടെ മുഖത്തേക്ക് നോക്കി.. “മനസ്സിനുള്ളിൽ പ്രണയം വെച്ചുകൊണ്ട് എന്തിനാ മിഥു എന്നോട് അടുക്കാൻ മടിക്കുന്നത്..ഇപ്പോഴും നിനക്ക് നീ എന്റെ ഭാര്യയാണെന്നുള്ള തോന്നലെ വന്നിട്ടില്ല..!! എന്താ നീ എന്നോട് അടുത്ത് ഇടപഴകാൻ മടിക്കുന്നത്.. ഇന്ന് ഒരു പെണ്ണ് വന്ന് എന്റെ കയ്യിൽ തൊട്ടതും ‘ഇത് എന്റെ ഭർത്താവാണ്’ എന്ന് പറഞ്ഞില്ലേ..!! അതാണ് എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ച നിമിഷം. നീ എന്റെ ഭാര്യായാടി… ആ സ്വാതന്ത്ര്യത്തോടെ നീ എന്റെ അരികിൽ ഉണ്ടാവണം..

ഇത്രയും ദിവസം ഞാൻ കരുതിയിരുന്നത്.. എന്നെ ഇഷ്ടമല്ലാതെ.. എന്നെ അംഗീകരിക്കാൻ കഴിയാതെയാണ് നീ എന്നിൽ അടുപ്പം കാണിക്കാത്തതെന്നാണ്..എന്നാൽ ഇപ്പൊ നിന്റെ മനസ്സിൽ ഞാനാണെന്ന് എനിക്ക് ബോധ്യമായി. പക്ഷെ ഇപ്പൊ ഈ നിമിഷവും നീ എന്നിൽ നിന്ന് അകന്ന് നിൽക്കുന്നതെന്തിനാണെന്നാണ് എനിക്ക് മനസ്സിലാകാത്തത്.. നീ ഈ പാവം സിദ്ധുവേട്ടനെ ഇനിയും ഇങ്ങനെ ശിക്ഷിക്കാതെ എത്രയും പെട്ടെന്ന് തന്നെ എന്നിലേക്ക് ചേരണം… കേട്ടല്ലോ..” നിഷ്കളങ്കമായി ഉറങ്ങുന്ന അവളുടെ മുഖത്തേക്ക് നോക്കികൊണ്ട് അവൻ അവന്റെ മനസ്സ് തുറന്നു.. ശേഷം അവളുടെ നെറുകിൽ മെല്ലെ ഒന്ന് ചുംബിച്ചു.. “അപ്പൊ ശുഭരാത്രി..” പുഞ്ചിരിയോടെ ഒരിക്കൽ കൂടി അവളെ നോക്കികൊണ്ട് പുതപ്പ് തലവഴി മൂടികൊണ്ട് സുന്ദരമായ സ്വപ്നവും കണ്ടുകൊണ്ട് അവൻ ഉറക്കത്തിലേക്ക് വീണു.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story