ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 18

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 18

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

എന്നാൽ അനിയന്ത്രിതമായി ഉയരുന്ന ഹൃദയമിടിപ്പുകളെ വരുതിയിലാക്കാൻ അവൾക്ക് സാധിച്ചില്ല. ശുഭസൂചകമല്ലാത്തവണ്ണം അവളുടെ വലംകണ്ണ് തുടിച്ചുകൊണ്ടിരുന്നു.. ഓട്ടോയിലിരിക്കുമ്പോഴും അനന്തന് വന്ന കാൾ എന്തായിരുന്നു എന്ന ചിന്തയായിരുന്നു അവൾക്ക്. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ടെക്സ്റ്റയിൽസിന്റെ മുന്നിൽ തന്നെ അവരെ കാത്തെന്ന പോലെ സുദേവ് ഉണ്ടായിരുന്നു.

വളരെ സിമ്പിൾ ആയിട്ടുള്ള ഡ്രസ്സ് ആയിരുന്നു അവരിരുവരും തിരഞ്ഞെടുത്തത്. സുദേവ് കൂടെയുള്ളതുകൊണ്ട് തന്നെ പെട്ടന്ന് ഡ്രസ്സ് എടുപ്പും മറ്റും തീർത്തു. ഹരിയേയും പാറുവിനെയും അവളുടെ വീട്ടിൽ ഇറക്കി. തിരിച്ചു വീട്ടിലെത്തിയതും സുദേവ് ജയനെ വിളിക്കാൻ എയർപോർട്ട് വരെ പോയി. രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാതെ അങ്ങനെ കിടന്നു. ആരോ തന്റെ കാലിൽ തൊടുന്നതായി തോന്നിയെങ്കിലും അറിഞ്ഞിട്ടും അറിയാത്തത് പോലെ ഉറക്കം നടിച്ചു വസു കിടന്നു. നെറുകയിലും കരസ്പർശം അറിഞ്ഞതും കൂടുതൽ പിടിച്ചു നില്ക്കാൻ കഴിയാതെ അവൾ കണ്ണ് തുറന്നു.

എനിക്കറിയാമായിരുന്നു എന്റെ മോൾ ഉറങ്ങി കാണില്ലെന്ന്.. മോൾക്കെന്തോ വിഷമമുണ്ടെന്ന് സുമ വിളിച്ചപ്പോൾ പറഞ്ഞിരുന്നു. അതാണ് വന്നതും മോളെ നോക്കാൻ വന്നത്. ജയപ്രകാശ് പറഞ്ഞു. കുഴപ്പമൊന്നുല്ല അച്ഛേ.. വെറുതെ ഓരോന്ന് ആലോചിച്ചതാണ് ഞാൻ. അപ്പോൾ ഡിപ്രെസ്സ്ഡ് ആയി. ഇപ്പോൾ ഓക്കേ ആയി. ചിരിയോടെ വസു പറഞ്ഞു. അപ്പോൾ ശരി മോളെ രാവിലെ നേരത്തെ പോണ്ടേ. ഉറങ്ങിക്കോ. അവളെ പുതപ്പിച്ചു നെറ്റിയിൽ ഉമ്മയും കൊടുത്തു അയാൾ മുറിവിട്ടു പുറത്തിറങ്ങി. അച്ഛനോടും കള്ളം പറഞ്ഞിരിക്കുന്നു. പക്ഷെ എന്തിനാണ്. തിരുത്താൻ കഴിയാത്ത എത്രയെത്ര കള്ളങ്ങൾ. ഓരോന്ന് ചിന്തിച്ചു കൂട്ടി എപ്പോഴോ വസു ഉറക്കത്തെ പുൽകി.

നിറമനസോടെ ഭഗവതിക്ക് മുന്നിൽ തൊഴുതു നിൽക്കുമ്പോൾ ഹരിയുടെ മനസിൽ കണ്ണന്റെ മുഖമായിരുന്നു. മനസ് നിറയെ പരിഭവമായിരുന്നു. മുഹൂർത്തമായത് കൊണ്ട് തന്നെ പെട്ടന്ന് മോതിര മാറ്റവും നടത്തി. മുതിർന്നവരുടെ അനുഗ്രഹവും മറ്റും വാങ്ങി. ഈ സമയമൊക്കെയും വസു പാറുവിനും മഹിക്കും നിഖിക്കും ഒപ്പമായിരുന്നു. ഉള്ളിൽ ഒരഗ്നി പർവതം ചുമന്ന് കൊണ്ട് തന്നെ അവൾ എല്ലാവർക്കും വേണ്ടി സന്തോഷം അഭിനയിച്ചു. കണ്ണന്റെ വിവാഹം ശരിയായാൽ ഉടനടി തന്നെ ഇവരുടെ വിവാഹവും നടത്താമെന്ന ധാരണയിൽ ആണ് അവർ പിരിഞ്ഞത്.

മുത്തശ്ശനും മുത്തശ്ശിയുമെല്ലാം തറവാട്ടിലേക്ക് പോയ ശേഷം എന്നത്തേയും പോലെ കളിചിരികളാൽ ആ ദിവസം അവർ തള്ളിനീക്കി. എന്നത്തേയും പോലെ ഒറ്റ നക്ഷത്രത്തെ നോക്കി നിന്ന വസുവിനു നിരാശ സമ്മാനിച്ചു കൊണ്ട് കാർമേഘം അപ്പാടെ വിഴുങ്ങിയിരുന്നു ആ തിളക്കത്തെ. നന്ദാ… എന്നെ കേൾക്കുന്നുണ്ടോ? തനിച്ചാക്കില്ലെന്ന് വിശ്വസിച്ചോട്ടെ ഞാൻ. അവൾ ആകാശത്തേക്ക് നോക്കിയങ്ങനെ നിന്നു. ഇതേ സമയം ആകാശത്തേക്ക് കണ്ണും നട്ടിരുന്ന ആ വ്യക്തിയുടെ കണ്ണുകൾ നിറഞ്ഞൊഴുകകയായിരുന്നു.

ഞാൻ പ്രാണനാണെങ്കിൽ ആ പ്രാണൻ വസിക്കുന്ന ഗേഹമാണ് പെണ്ണേ നീ.. അവൻ മന്ത്രിച്ചു. എന്റെ ജീവന്റെ… ആത്മാവിന്റെ അവകാശി നീ മാത്രമാണ് സിഷ്ഠ. ആരൊക്കെ വന്നാലും നിന്നിൽ നിന്നും ഞാനൊരു മോചനം ആഗ്രഹിക്കുന്നില്ല. അകത്തേക്ക് പോയി അവൻ തന്റെ പുസ്തകത്തിൽ ഇങ്ങനെ കുറിച്ചു. ഒളിച്ചുകളിക്ക് അന്ത്യം കുറിച്ചിരിക്കുന്നു സിഷ്ഠ. ഞാൻ നിനക്കെഴുതുന്ന അവസാനത്തെ കുറിപ്പാണ് ഇത്. ഉത്തരമില്ലാത്ത ഒരു പ്രഹേളിക പോലെ നീണ്ടു പോകേണ്ട… എല്ലാം അവസാനിപ്പിക്കാം നമുക്ക്…

പിറ്റേന്ന് അനന്തനെ കാണാമെന്ന ധാരണയിൽ കോളേജിലെത്തിയ വസുവിനെ കാത്തിരുന്നത് അവന്റെ ലീവ് നെ കുറിച്ചുള്ള വാർത്തയായിരുന്നു. എങ്കിലും പ്രതീക്ഷയോടെ തന്നെ ആണ് അവൾ ഓരോ ദിവസവും തള്ളിനീക്കിയത്. ഇതൾ കൊഴിയുന്നത് പോലെ ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു. ഏകദേശം ഒരാഴ്ചക്ക് ശേഷം വസു അനന്തൻ തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ മുൻപ് വന്ന കുറിപ്പുകളിൽ തന്റെ ജീവൻ കണ്ടെത്തി. അന്നൊരു വെള്ളിയാഴ്ചയായിരുന്നു അമ്മക്ക് ഒട്ടും വയ്യാത്തത് കൊണ്ട് വസു കോളേജിൽ പോയില്ലാരുന്നു. ചെമ്പകം ചോട്ടിലും മറ്റുമായി സമയം കളഞ്ഞങ്ങനെ നടന്നു. കൊഴിഞ്ഞു വീണ ചെമ്പകങ്ങൾ പെറുക്കി കൂട്ടി. ഇതിപ്പോൾ എന്താ ഇങ്ങനെ…

ഈ പൂവുകൾ എല്ലാം കൊഴിഞ്ഞല്ലോ. മൊട്ടുകൾ കാണാനും ഇല്ല. സ്വയം മരത്തോട് ചോദിച്ചങ്ങനെ നിന്നു വസു. ഗേറ്റിനു വെളിയിൽ ആരോ നിൽക്കുന്നത് കണ്ടതും അങ്ങോട്ടേക്ക് ചെന്നു. എന്താണ് അങ്കിൾ? അച്ഛൻ ഇവിടില്ല. വസു പറഞ്ഞു. അയ്യോ മോളെ, ഇന്ന് കത്ത് മോളുടെ പേരിലാണ് വന്നിട്ടുള്ളത്. പോസ്റ്റുമാൻ പറഞ്ഞു. ചെറു ചിരിയോടെ അവൾ കൈനീട്ടി കത്തു വാങ്ങി. ഫ്രം അഡ്രെസ്സ് ഒന്നുല്ല അതിൽ. കുറച്ചു ശങ്കിച്ചാണ് മോൾക്ക് തരുന്നേ. മോൾക്കുള്ളതാണോ ഒന്ന് നോക്കു. എന്റെ അഡ്രെസ്സ് കറക്റ്റ് ആണ് അങ്കിൾ. ആരാണാവോ നോക്കട്ടെ. അപ്പോൾ ശരി മോളെ ഞാൻ നടക്കട്ടെ…

അയാൾ യാത്ര പറഞ്ഞു പോയതും. അവൾ പുറത്തെഴുതിയിരിക്കുന്ന അവളുടെ പേരിലൂടെ വിരലോടിച്ചു. നേരെ തന്റെ മുറിയിലെത്തി. ആ കത്ത് അവളുടെ നെഞ്ചോട് ചേർത്തു വെച്ചു. അതിവേഗത്തിൽ മിടിച്ചുകൊണ്ടിരുന്ന ഹൃദയം ശാന്തമായതും അവൾ എഴുത്തു പൊട്ടിച്ചു വായിച്ചു. ഇനി കുറിപ്പുകളിലൂടെ വാക്കുകളിലൂടെ നമ്മൾ കാണില്ല സിഷ്ഠ. നന്ദൻ ഒരു മിഥ്യയാണെന്ന് കരുതുക. ബന്ധങ്ങൾ ബന്ധനങ്ങളാക്കി കീറിമുറിക്കാത്തൊരു കാലം വിദൂരമല്ല… ബന്ധനങ്ങളില്ലാത്തൊരു ലോകത്ത് നിന്റെ നന്ദൻ നിനക്കായി കാത്തിരിക്കും…. എന്റെ മാത്രം…..

അവസാനമായി കുറിച്ച പൂവിന്റെ പേരു കണ്ടതും അവളൊന്ന് അത്ഭുതപ്പെട്ടു. ഇതെന്താണ് ഈ പൂവിന്റെ പേര്. മുറിയിലേക്ക് കയറി വരുന്ന ഹരി കാണുന്നത് പേപ്പർ കയ്യിലെടുത്തിരിക്കുന്ന വാസുവിനെയാണ്. വസൂ… നിന്റെ ഫോൺ എവിടെ? ദേഷ്യത്തോടെ തന്നെ ആണ് ഹരിയത് ചോദിച്ചത്.. എന്താ.. എന്തുണ്ടായി ഹരി.. ഈ സമയത്തിവിടെ.. വസു അമ്പരപ്പോടെ ചോദിച്ചു. അവള് മാത്രമല്ല ഞങ്ങളും ഉണ്ട്… അകത്തേക്ക് കയറി കൊണ്ട് മഹിയും നിക്കിയും പാറുവും പറഞ്ഞു. അല്ലാ നിന്റെ ഫോൺ എവിടെ വസു.. എത്രനേരമായി വിളിക്കുന്നു? മഹി ചോദിച്ചു. ഞാൻ താഴെ പോയപ്പോൾ ഇവിടെ എവിടെയോ വച്ചിരുന്നു.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story