ദേവതാരകം : ഭാഗം 20

ദേവതാരകം : ഭാഗം 20

എഴുത്തുകാരി: പാർവതി പാറു

അവൾ കണ്ണുകൾ മെല്ലെ അടച്ചു സീറ്റിലേക്ക് ചാരി…. അവളുടെ ഓർമ്മകൾ പുറത്തെ കാഴ്ചകളെ പോലെ പുറകിലേക്ക് പോയി.. കുറച്ചധികം പുറകിലേക്ക്…. ഒരു എട്ടാം ക്ലാസ്കാരിയുടെ വേനലവധി കാലത്തേക്ക്… …. അച്ഛന്റെ ഒപ്പം പാടവരമ്പിലൂടെ എന്നും അമ്പലത്തിൽ പോയിരുന്ന ഒരു പാവാടക്കാരി വായാടിപെണ്ണ് … അമ്പലത്തിൽ തോഴുതിറങ്ങി അച്ഛൻ ആരോടോ സംസാരിക്കാൻ പോയി… അവൾ അമ്പലകുളത്തിന് ചേർന്നുള്ള മഞ്ചാടിമരച്ചോട്ടിലേക്ക് നടന്നു… മഞ്ചാടി കുരുവിനോട് അവൾക്കെന്നും അടങ്ങാത്ത കൊതി ആണ്‌…

കുളപ്പടവിൽ വീണു കിടക്കുന്ന മഞ്ചാടി പെറുക്കാൻ ഇറങ്ങിയപ്പോഴാണ് ആരോ വെള്ളത്തിൽ കാലുകഴുകുന്നത് കണ്ടത്… പുറം തിരിഞ്ഞു നിൽക്കുന്നത് കൊണ്ട് മുഖം വ്യക്തമായില്ല… അവൾ അവിടെ ഇരുന്ന് മഞ്ചാടി പെറുക്കാൻ തുടങ്ങി… പെട്ടന്നാണ് തന്റെ കൈകളിലേക്ക് കുറേ മഞ്ചാടികൾ ഒരുമിച്ച് വന്നു വീണത്… അവൾ തല ഉയർത്തി നോക്കി…. നീലക്കണ്ണുകളുള്ള ഇടതൂർന്ന ചെമ്പൻ മുടിയുള്ള ഒരു ആൺകുട്ടി.. . അവൻ അവളെ നോക്കി ചിരിച്ചു… പിന്നെ മെല്ലെ പടികൾ കയറി മുകളിലേക്ക് നടന്നു… അതാരാ… ഞാൻ ഇത് വരെ കാണാത്ത ഒരു മുഖം…. അവൾ ഓർത്തു…

അവളും എഴുന്നേറ്റ് അച്ഛന്റെ അരികിലേക്ക് നടന്നു…. അച്ഛൻ ആ കുളപ്പടവിൽ വെച്ച് കണ്ട ആൺകുട്ടിയോട് എന്തോ സംസാരിക്കുന്നുണ്ട്… അടുത്ത് തന്നെ അമ്മയെ പോലെ തോന്നിക്കുന്ന സ്ത്രീയും.. അവൾ അവർക്കരുകിലേക്ക് എത്തിയപ്പോഴേക്കും അവർ അമ്പലത്തിൽ കയറി ഇരുന്നു.. ആരാ അച്ഛാ അത്… അതോ.. അത് നിന്റെ അമ്മയുടെ കൂട്ടുകാരി ആയിരുന്നു… കൂടെ ഉള്ളത് അവരുടെ മകനും… അവർ വെക്കേഷൻ ആയിട്ട് വന്നതാ… ഓ.. അച്ഛനെന്താ അവരോട് ഇത്ര കാര്യമായി സംസാരിച്ചിരുന്നത്… അതോ… ആ മോൻ ഇപ്പോൾ പ്ലസ് വൺ കഴിഞ്ഞ് നിക്കാ.. പഠിക്കാൻ നല്ല മിടുക്കൻ ആണ്‌…

കണക്കിൽ പ്രത്യേകിച്ച്… നിന്റെ കണക്കിനോടുള്ള പേടിയുടെ കാര്യം ഞാൻ അവരോട് പറയാർന്നു… ഈ അച്ഛന്റെ ഒരു കാര്യം… എല്ലാരോടും പറഞ്ഞു എന്നെ നാണം കെടുത്തും… അയ്യോ എന്റെ കുഞ്ഞാറ്റ അപ്പോളേക്കും പിണങ്ങിയോ.. നിന്റെ നല്ലതിന് വേണ്ടിയല്ലേ അച്ഛൻ പറയുന്നേ… ആ മോൻ പോവുന്ന വരെ നിനക്ക് ട്യൂഷൻ എടുത്ത് തരാം എന്ന് പറഞ്ഞിട്ടുണ്ട്… നീ ഏതായാലും ഇപ്പൊ വെറുതെ ഇരിക്കല്ലേ.. ഒന്ന്‌ പോയി നോക്ക്… ഞാൻ ഒറ്റക്കോ എന്നെ കൊണ്ടൊന്നും വയ്യ.. ഒറ്റക്ക് വേണ്ട.. നിന്റെ കൂട്ടുകാരെ ഒക്കെ കൂട്ടിക്കോ.. എല്ലാത്തിനും കണക്കിന് മൊട്ട ആണല്ലോ… അച്ഛാ… വേണ്ട വേണ്ടാ….

അങ്ങനെ അവളും കൂട്ടുകാരും അവന്റെ അടുത്ത് ട്യൂഷന് പോവാൻ തീരുമാനിച്ചു… ക്ലാസ്സ്‌ വായനശാലയിൽ വെച്ച് ആയിരുന്നു… ആദ്യത്തെ ദിവസം തന്നെ അവർക്ക് കണക്കിനോട് ഉള്ള പേടി മാറ്റാൻ അവൻ കുറച്ച് എളുപ്പ മാർഗങ്ങൾ പറഞ്ഞു കൊടുത്തു… ഓരോ ദിവസം കഴിയും തോറും അവർക്ക് കണക്കിനോടുള്ള പേടിയും മാറി തുടങ്ങി… ആദ്യമൊക്കെ താല്പര്യം ഇല്ലാതെ പോയിരുന്ന ക്ലാസ്സിലേക്ക് ഉത്സാഹത്തോടെ പോവാൻ തുടങ്ങി… ദിവസവും വൈകുന്നേരം നാലു മണി മുതൽ ആറു മണി വരെ ആയിരുന്നു ക്ലാസ്സ്‌… ക്ലാസ്സ്‌ കഴിഞ്ഞാൽ താരയെ കൂട്ടാൻ അച്ഛൻ വന്ന് കാത്തുനിൽക്കുന്നുണ്ടാവും…

വീട്ടിലേക്ക് പോകും വഴി എല്ലാം അവൾ ക്ലാസ്സിനെ കുറിച്ച് വാതോരാതെ സംസാരിക്കുമായിരുന്നു.. ഒരു ദിവസം ക്ലാസ്സിൽ കണക്കു ചെയ്യുന്നതിനിടെ അവളുടെ അശ്രദ്ധ കാരണം ഉത്തരം തെറ്റി… പുറകിൽ നിന്നൊരു കൈ അവളുടെ ചെവിയിൽ മുറുകി… എവിടെ നോക്കിയാണ് പെണ്ണേ ചെയ്യുന്നത് എന്ന് ചോദിച്ചു തലക്ക് ഒരു കിഴുക്കും കൊടുത്തു… ക്ലാസ്സിലെല്ലാവരും അവളെ നോക്കി ചിരിച്ചു… അവൾക്ക് നല്ല ദേഷ്യം വന്നു… അവനോട്‌… ആ നീല കണ്ണുകൾ കുത്തിപ്പൊട്ടിക്കാൻ തോന്നി… പിന്നീടുള്ള ദിവസങ്ങളിൽ ഒന്നും അവൾ അവനെ നോക്കിയതും ചിരിച്ചതും ഒന്നും ഇല്ല…

പിറകിലെ ബെഞ്ചിൽ തല കുനിച്ചിരിക്കും… ഒരു ദിവസം എല്ലാവർക്കും ചോദ്യം കൊടുത്ത് അവൻ ക്ലാസ്സിലൂടെ നടക്കുകയായിരുന്നു.. താര എന്നത്തേയും പോലെ തലകുമ്പിട്ട് ഇരുന്ന് ഉത്തരം എഴുതുകയാണ്… അവൻ അവൾക്ക് പുറകിൽ ചെന്ന് ചെവിയോരം ചേർന്ന് ചോദിച്ചു… കുറേ ദിവസം ആയല്ലോ… ഏത് കടന്നൽ ആണ്‌ കുത്തിയത്…?? എന്നും ചോദിച്ചു അവളുടെ കവിളിൽ ചോക്ക് കൊണ്ടൊരു കുത്ത് കൊടുത്തു… അവൾ അറിയാതെ പുഞ്ചിരിച്ചു… അവന്റെ ആ പ്രവർത്തിയിൽ അവൾ അറിയാതെ കോരി തരിച്ചു… ഏതോ ഒരു വികാരം അവളെ മൂടുന്നത് അവൾ അറിഞ്ഞു…

അന്ന് വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞ് ഇറങ്ങിയപ്പോൾ അവൾ അവന്റെ അടുത്തേക്ക് ചെന്നു.. ആദ്യമായാണ് അവൾ ഒറ്റക്ക് അവന്റെ അടുത്ത് ചെല്ലുന്നത്… എന്ത് പറ്റി വല്ല സംശയവും ഉണ്ടോ.. അവൻ ചോദിച്ചു. ഉണ്ട്… എന്താ പേര്… ആരുടെ… ഇയാളുടെ… അവൾ അവനെ ചൂണ്ടി ചോദിച്ചു… ഞാൻ നിങ്ങളെ പഠിപ്പിക്കാൻ വന്ന ആളല്ലേ… അങ്ങനെ ഉള്ളവരെ നിങ്ങൾ എന്താ വിളിക്കാറ്.. മാഷെന്ന്‌…. ആ എന്നാൽ എന്നേം അങ്ങനെ വിളിച്ചാൽ മതി… അതും പറഞ്ഞു അവൻ ഇറങ്ങി മാഷ്… അവൾ മനസ്സിൽ പറഞ്ഞു….. അന്ന് ക്ലാസ്സ്‌ കഴിഞ്ഞ് വരുമ്പോൾ അവൾ പതിവിലും സന്തോഷവതിയായിരുന്നു .. മാഷ്… മാഷ് അവൾ ഇടക്കിടക്ക് പറഞ്ഞു കൊണ്ടിരുന്നു…

അവളിലെ മാറ്റം അച്ഛനും ശ്രധിക്കുന്നുണ്ടായിരുന്നു… അന്ന് രാത്രി അവൾക്ക് കിടന്നിട്ട് ഉറക്കം വരുന്നില്ലായിരുന്നു… ആ നീലക്കണ്ണുകൾ അവളെ കൊത്തിവലിക്കും പോലെ… അവൾ എഴുന്നേറ്റ് ജനാലക്കരികിൽ പോയി നിന്നു… ആകാശത്തെ നക്ഷത്രങ്ങളെ നോക്കി… അതിലെവിടെയോ അവൾ അവനെ കണ്ടു… ആദ്യമായി അവൾ നക്ഷത്രങ്ങളെ തന്നെ നോക്കി നിന്നു… പിന്നെ എന്തോ ഓർത്ത് മേശക്കരികിൽ ചെന്നു… അച്ഛൻ വാങ്ങി തന്ന ഇതുവരെ എഴുതാതെ വെച്ച ഡയറിയിൽ ആദ്യത്തെ പേജെടുത്ത് എഴുതി…. “നീ നക്ഷത്രങ്ങൾ ചിരിക്കുന്നത് കണ്ടിട്ടുണ്ടോ… ഞാൻ കണ്ടിട്ടുണ്ട്…. കണ്ണടച്ചാൽ മതി….

ആയിരം നക്ഷത്രങ്ങൾ ചിരിക്കുന്നത് കാണാം…. പക്ഷെ ആ നക്ഷത്രങ്ങൾക്കൊക്കെ നിന്റെ മുഖമാണ്… ” അവൾ ഡയറി അടച്ചു വെച്ചു… വീണ്ടും ആകാശത്തേക്ക് നോക്കി നിന്നു… പിറ്റേന്ന് രാവിലെ അവൾക്ക് പതിവിലും ഉത്സാഹം ആയിരുന്നു… വൈകുന്നേരം മാഷിനെ കാണാം… രാവിലെ കുളി കഴിഞ്ഞ് അമ്മക്കൊപ്പം അടുക്കളയിൽ ഇരിക്കുമ്പോൾ ആണ്‌ അച്ഛൻ വന്നത്… മോളേ ഇന്ന് തൊട്ട് ട്യൂഷൻ ഇല്ല… ആ കുട്ടി നാട്ടിലേക്ക് പോയി… അവൾക്ക് അതൊരു അടിയേറ്റപോലെ ആയിരുന്നു… ഒരു യാത്ര പോലും പറയാതെ മാഷ് പോയിരിക്കുന്നു… അതെന്താ ഏട്ടാ പെട്ടന്ന് പോയേ… അമ്മ ചോദിച്ചു.. അറിയില്ല..

എന്തോ അത്യാവശ്യം ആയി പോവുകയാണെന്ന് പറഞ്ഞു… അച്ഛൻ കണ്ടോ മാഷിനെ… ആ അവർ അമ്പലത്തിൽ ഉണ്ടായിരുന്നു… 10 മണീടെ വണ്ടിക്ക് പോവും എന്ന് പറഞ്ഞു.. എന്നും അമ്പലത്തിൽ പോവാറുള്ളതാ.. ഇന്ന് മടി പിടിച്ചു ഇരുന്നിട്ടല്ലേ… അല്ലേൽ നിനക്കും കാണരുന്നല്ലോ…. അവളുടെ മുഖത്തെ നിരാശ കണ്ട് അച്ഛൻ പറഞ്ഞു.. അച്ഛാ.. മാഷിനി എന്നാ വരാ .. അറിയില്ല മോളേ… അവൻ വലിയ ക്ലാസ്സിൽ ആയില്ലേ… ഇനി അമ്മ വീട്ടിലേക്ക് വരുന്നതൊക്കെ കുറയും.. അപ്പൊ ഇനി ഒരിക്കലും ഞാൻ മാഷേ കാണില്ലേ… അങ്ങനെ അല്ല.. ഭാഗ്യം ഉണ്ടേൽ കാണാം..

അവളുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ നിലത്ത് വീണു.. അതിന്റെ അർഥം അവൾക്ക് അന്ന് തിരിച്ചറിയാൻ ആയില്ല.. പക്ഷെ മകളിലെ മാറ്റം ആ അച്ഛന് മനസിലായി… പിന്നീടുള്ള എല്ലാ ദിവസങ്ങളിലും അവൾ അമ്പലത്തിൽ പോവുമായിരുന്നു… ദൈവത്തോട് പ്രാർത്ഥിക്കാൻ അവൾക്കൊന്നേ ഉണ്ടായിരുന്നുള്ളൂ… മാഷേ കാണാൻ കഴിയണേ… അവനെ ആദ്യമായി കണ്ട കുളപ്പടവിൽ അവൾ ഒറ്റക്കിരിക്കും… അവൻ തന്ന മഞ്ചാടികൾ വീണ്ടും വീണ്ടും എണ്ണിനോക്കും…അവൻ പഠിപ്പിച്ച പാഠങ്ങൾ.. വീണ്ടും വീണ്ടും വായിക്കും… രാത്രി ആകശത്ത് നക്ഷത്രങ്ങളെ നോക്കി ഇരിക്കും…

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story