ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 21

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 21

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

തന്റെ മുറിയിൽ ജനാലയിലൂടെ പുറത്തേക്ക് നോക്കി വസു നിന്നു… പൊട്ടുപോലെ കാണുന്ന ചന്ദ്രനെ നോക്കി അവൾ വിളിച്ചു… നന്ദാ… എന്നെ തനിച്ചാക്കിയല്ലേ.. പറ്റണില്ല നന്ദാ.. എന്റേതല്ലെന്ന് വിശ്വസിക്കാൻ എനിക്ക് പറ്റണില്ല്യ.. മറ്റൊരാൾക്ക് സ്വന്തമായതിനെ ഇനിയും തിരികെ ആഗ്രഹിക്കുന്നില്ല… എന്നാൽ വസുവിന്റെ ബുദ്ധിയും ഹൃദയവും പടവെട്ടി കൊണ്ടിരുന്നു.. പ്രണയത്തിനായി.. പ്രണയത്തിനു മാത്രമായി… 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ദിവസങ്ങൾ ഓളം വെട്ടി നീങ്ങിക്കൊണ്ടിരുന്നു..

ഇരുട്ടിനെ പ്രണയിച്ചു കൊണ്ട് വസിഷ്ഠയും അവളുടെ മുറിയിലും പുസ്തകങ്ങളിലും മാത്രമായി ജീവൻ കണ്ടെത്തി. തന്റെ അനിയത്തിയുടെ അവസ്ഥയിൽ നെഞ്ചം നീറി നീറി സുദേവ് ജീവിച്ചു. അവളെക്കാണാൻ ഇടക്കൊക്കെ ഹരിയും കൂട്ടുകാരും വന്നു പോയി കൊണ്ടിരുന്നു. എന്നാൽ ആരോടും ഒന്നും പറയാതെ മൗനത്തെ മാത്രം ഭോഗിച്ചുകൊണ്ടവൾ ദിവസങ്ങൾ തള്ളിനീക്കി. ജീവൻ നിലനിൽക്കാനായി മാത്രമാണ് വസു ആഹാരത്തെയും ജലത്തെയും കൂട്ട് പിടിച്ചതത്രയും. ഒന്നിടവിട്ട ദിവസങ്ങളിൽ തന്നെ കാണാൻ എത്തുന്ന ഹരിയിൽ നിന്നും മാത്രമാണ് അവൾ കോളേജിലെ വിശേഷങ്ങൾ അറിഞ്ഞു പോന്നത്.

എങ്കിലും ഇടക്കൊക്കെ അനന്തന്റെ വിശേഷങ്ങൾ കേൾക്കാനായി മാത്രം കാതുകൂർപ്പിക്കുമായിരുന്നു. നിർജീവതയോടെ കണ്ണുനീർ അകമ്പടിയോടെ വരൾച്ച ബാധിച്ച അവളുടെ ചുണ്ടിൽ വിഷാദത്തിന്റ പുഞ്ചിരി തെളിയുമായിരുന്നു. വിഷാദം കാരണമില്ലാതെയുള്ള വിഷാദം…. തന്നെ പ്രണയിച്ചത് അനന്തൻ തന്നെയല്ലേ എന്ന സംശയവും അവളിൽ ഇടക്കൊക്കെ നാമ്പിട്ടു കൊണ്ടിരുന്നു. മാറി ചിന്തിക്കാൻ കഴിയാത്തവണ്ണം വേരാഴ്ന്നു പോയിരിക്കുന്നു. രാത്രികളിൽ മാത്രം ചന്ദ്രനെ നോക്കി മൗനമായി സംവദിച്ചു കൊണ്ടവൾ സ്വയം ആശ്വാസം കണ്ടെത്തി.

താൻ തീർത്ത മായാവലയം സ്വയം ചങ്ങലകണ്ണികളായി രൂപാന്തരപ്പെട്ടുകൊണ്ട് തന്നെ സ്വയം കൊല്ലുന്നതായും അനുഭവപെട്ടു. നന്ദാ നീയൊരു മന്ത്രികതയാണ്.. എനിക്ക് പുറത്തു കടക്കാനാകാത്ത മാന്ത്രികവലയം… പക്ഷെ നിന്നെ നേടാൻ എനിക്ക് കഴിഞ്ഞില്ല… എന്നാൽ നിന്റെ ഓർമകളിൽ… അതിന് പറയത്തക്ക ഓർമകളെവിടെ.. ഭ്രാന്തിയാണ് ഞാൻ എനിക്കറിയാം… ദിവസങ്ങൾ അറിയാതെ… ആഴ്ചകളറിയാതെ എത്ര ദിവസം.. പകലുറക്കങ്ങളിൽ തന്നെ തലോടി പോകുന്ന അമ്മയുടെ ഗന്ധവും കണ്ണുനീരിന്റെ നനവും തന്റെ വേദനകൾ മാത്രം താരാട്ടായുള്ള തലയണകൾക്കിപ്പോൾ അന്യമല്ലാതായി മാറിയിരിക്കുന്നു..

എന്തൊരു പാപിയാണ് ഞാൻ.. സ്വന്തം അമ്മയുടെ, അച്ഛന്റെ, ഇച്ഛന്റെ ആരുടേയും കണ്ണുനീരിനു വിലകല്പിക്കാതെ സ്വന്തം പ്രണയത്തെ അല്ല അനന്തനോടുള്ള ഭ്രാന്തിനെ മാത്രം ചങ്ങല കണ്ണിയാൽ ജീവിതത്തോട് ബന്ധിച്ചവൾ ഭ്രാന്തിയല്ലാതെ മറ്റാരാണ്? ഭ്രാന്തു തന്നെയാണ്… അതിനെ മറ്റൊരു പേരിട്ടു വിളിക്കേണ്ടതില്ല.. ഇതിൽ നിന്നും ഒരു മോചനം താനും ആഗ്രഹിക്കുന്നു. ഇനിയും വയ്യ… അവസാനത്തെ നീറ്റൽ… എന്റെ ഹൃദയത്തിന്റെ അവസാനത്തെ നീറ്റൽ.. തന്റെ നന്ദന്റെ സ്ഥാനത്ത് മറ്റൊരാളെ പ്രതിഷ്ഠിക്കാൻ കഴിയാത്ത പക്ഷം താൻ ജീവിക്കേണ്ട കാര്യമെന്ത്? തന്റെ ജീവിതത്തിനെന്തു പൊരുൾ? ദിവസങ്ങൾക്കു ശേഷം അവൾ മുറിവിട്ടു പുറത്തിറങ്ങി.

പതിയെ ചെമ്പകചോട്ടിലേക്ക് നടന്നു. തളിരിട്ടിട്ടുണ്ടോ? ഇല്ല… പക്ഷെ കൊഴിഞ്ഞു വീണിട്ടുണ്ട്.. ഇലകൾ പൂക്കൾ എല്ലാം കൊഴിഞ്ഞിരിക്കുന്നു… ഇനി തന്റെ ചെമ്പകം പൂക്കില്ലേ? ഒരിക്കലും… തന്റെ പ്രണയത്തിന്റെ അല്ല ഭ്രാന്തിന്റെ സ്മാരകമെന്നവണ്ണം.. അവൾ സ്വയം ചിന്തിച്ചു. വസുവിനെ കാണാതെ തിരക്കി വന്ന സുദേവ് കാണുന്നത് ചെമ്പക ചോട്ടിൽ എന്തോ ആലോചിച്ചു നിൽക്കുന്ന വസുവിനെയാണ്.. എന്താ മോളെ ഇവിടെ നിൽക്കുന്നത്.. സുദേവ് ചോദിച്ചു. മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും അവനെ നോക്കിയൊന്ന് പുഞ്ചിരിക്കാൻ വസു ശ്രമിച്ചു. അവളെ കാണാൻ വന്ന ഹരിയും ഈ കാഴ്ചയാണ് കാണുന്നത്. സന്തോഷത്തോടെ ഓടി വന്നവളെ കെട്ടിപിടിച്ചു.

പതിയെ തന്നിൽ നിന്നും ഹരിയെ അടർത്തി മാറ്റി അവളുടെ കവിളിലൊന്ന് തലോടി. ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു.. ഇച്ഛാ ഞാൻ എത്ര ദിവസമായി പുറത്തിറങ്ങിയിട്ട്? വസു ചിലമ്പിച്ചിരുന്ന സ്വരത്തോടെ അന്വേഷിച്ചു. തികട്ടി വന്ന സന്തോഷവും സങ്കടവും കടിച്ചമർത്തി സുദേവ് പറഞ്ഞു.. മൂന്നു മാസങ്ങൾ കഴിഞ്ഞിരിക്കുന്നു.. നീയൊന്ന് പഴയത് പോലെ ആയി കണ്ടാൽ മതി. പഴയത് പോലെ ആവാൻ വസിഷ്ഠ ലക്ഷ്മിക്കിനി കഴിയില്ല ഇച്ഛാ.. ഇരുട്ടിനെ ഏകാന്തതയെ ഞാനും അത്രമേൽ പ്രണയിക്കുന്നുണ്ട് ഇപ്പോൾ.. അത്രയും പറഞ്ഞു കൊണ്ട് അകത്തേക്ക് കയറുന്ന വസു കാണുന്നത് തന്നെ മാത്രം നോക്കി വാതിൽക്കൽ നിൽക്കുന്ന അമ്മയെ ആണ്. അടുത്തേക്ക് ചെന്ന് അമ്മയെ കെട്ടിപിടിച്ചു. എന്ത് പറ്റി അമ്മേ..

മെല്ലെ അവരുടെ കാതിൽ അവൾ ചോദിച്ചു. ശബ്‍ദം വിലക്കിയത് കൊണ്ട് തന്നെ മൗനമായവർ കണ്ണുനീർ പൊഴിച്ചു. മോളെ… ഏങ്ങലടികൾക്കപ്പുറം അവർ അവളെ ചേർത്തു നിർത്തി വിളിച്ചു. അച്ഛൻ… അച്ഛനെവിടെ അമ്മേ? ഇവിടില്ല മോളെ… എന്തോ അത്യാവശ്യമായി ബാംഗ്ലൂർ പോയിരിക്കാണ്. നിന്നോട് പറഞ്ഞില്ലേ.. പറഞ്ഞു കാണും… ഞാൻ ഓർക്കുന്നില്ല അമ്മേ.. അച്ഛനെ വിളിച്ചു ഒന്നിങ്ങോട്ട് വരാൻ പറയോ അമ്മ.. എനിക്ക് ഒന്ന് മാപ്പ് പറയണം അത്രേം ഞാൻ വേദനിപ്പിച്ചില്ലേ.. നിനക്ക് ആ സർ നോട് അത്രേം ഇഷ്ടം ഉണ്ടായിരുന്നെങ്കിൽ ഒന്ന് സൂചിപ്പിച്ചിരുന്നെങ്കിൽ.. അയാളുടെ കാല് പിടിച്ചാണെങ്കിലും ഈ അമ്മ.. അത്രയും പറഞ്ഞപ്പോൾ തന്നെ ഏങ്ങലടിയോടെ വസു സുമയെ വീണ്ടും പുൽകി.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story