നിൻ നിഴലായ് : ഭാഗം 2

Share with your friends

എഴുത്തുകാരി: ശ്രീകുട്ടി

അടുത്തേക്ക് വരുമ്പോൾ പതിവില്ലാതെ അവന്റെ കണ്ണുകളിലേക്ക് നോക്കി അവളും ഒന്ന് പുഞ്ചിരിച്ചു. ” ഹാപ്പി ബർത്ത്ഡേ ” അടുത്തേക്ക് വന്ന് പെട്ടന്നവൾ പറഞ്ഞത് കേട്ട് അഭി അവളെത്തന്നെ മിഴിച്ചുനോക്കി നിന്നു. ” ഹലോ ഇതെന്താ ഇവിടൊന്നുമല്ലേ ആള് ??? ” അവന്റെ കണ്ണുകൾക്ക് മുന്നിൽ കൊണ്ടുവന്ന് വിരൽ ഞൊടിച്ച് പൊട്ടിച്ചിരിച്ചുകൊണ്ട് അവൾ ചോദിച്ചു. ഒരു ജാള്യതയോടെ അവനുമൊന്ന് പുഞ്ചിരിച്ചു. ” തൊഴുത് കഴിഞ്ഞോ അപ്പൊ പോവല്ലേ ??? ” അവനെയും നോക്കി ശ്രീകോവിലിന് ചുറ്റുപാടുമായി ഒന്ന് കണ്ണോടിച്ചുകൊണ്ട് അവൾ ചോദിച്ചു. സമ്മതമറിയിച്ചുകൊണ്ട് പുഞ്ചിരിയോടെ അഭി തലയനക്കി. “

അല്ല എന്റെ ബർത്ത്ഡേയുടെ കാര്യമെങ്ങനെയറിഞ്ഞു അപ്പു പറഞ്ഞോ ??? ” അവളോടൊപ്പം ക്ഷേത്രത്തിന് പുറത്തേക്ക് നടക്കുമ്പോൾ അവൻ പതിയെ ചോദിച്ചു. അവൾ മൃദുവായിട്ടൊന്ന് പുഞ്ചിരിച്ചു. പിന്നെ പറഞ്ഞു … ” അതൊക്കെയുണ്ട് ഇഷ്ടമുള്ളവരുടെ കാര്യങ്ങളൊക്കെ എങ്ങനെയെങ്കിലുമൊക്കെ അറിയും ” അവന്റെ മുഖത്ത് നോക്കാതെയുള്ള അവളുടെ പറച്ചിൽ കേട്ട് അഭി ആ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. പക്ഷേ അവളിൽ ഭാവഭേദമൊന്നുമുണ്ടായിരുന്നില്ല. അവളോടൊപ്പം തോളോട് തോൾ ചേർന്ന് നടക്കുമ്പോഴും അവന്റെ കണ്ണുകൾ സംസാരിക്കുമ്പോൾ കാറ്റിലിളകുന്ന അവളുടെ നെറ്റിത്തടത്തിലെ കുഞ്ഞളകങ്ങളിലായിരുന്നു.

വീടിന്റെ മുന്നിലെത്തി ഗേറ്റ് തുറന്ന് അവളകത്തേക്ക് പോകുമ്പോൾ അവന് എന്തെന്നില്ലാത്ത ഒരു നഷ്ടബോധം തോന്നി. ” എന്താ അഭിക്കുട്ടാ ഒരാലോചന ??? ” അവളെക്കുറിച്ച് തന്നെ ഓർത്തുകൊണ്ട് പരിസരം പോലും മറന്ന് നടന്നുവരുന്ന അവനെക്കണ്ട് മുറ്റത്തെ തുളസിയിൽ നിന്നും ഇല നുള്ളിക്കൊണ്ട് നിന്ന കാർത്യായനി ചിരിച്ചുകൊണ്ട് ചോദിച്ചു. ” ഒന്നൂല്ല അച്ഛമ്മേ ഞാൻ വെറുതെ…. ” അവരെ നോക്കി പറഞ്ഞുകൊണ്ട് അവൻ വേഗത്തിൽ അകത്തേക്ക് നടന്നു. ഹാളിലേക്ക് കയറുമ്പോൾ തന്നെ അടുക്കളയിൽ നിന്നും പായസത്തിന്റെ മണം മൂക്കിലേക്കടിച്ചുകയറി.

പിറന്നാൾ ആഘോഷങ്ങളൊന്നുമില്ലെങ്കിലും ഗംഭീരമായ സദ്യ തന്നെ ശ്രീജ ഒരുക്കിയിരുന്നു. ” ഇങ്ങനെ കിടന്ന് കഷ്ടപ്പെടേണ്ട വല്ല കാര്യവുമുണ്ടോ അമ്മയ്ക്ക് . ജോലിക്കൊരാളെ വച്ചാൽ ഇങ്ങനെ കിടന്നോടിപ്പായണോ ??? ” അടുക്കളയിലേക്ക് ചെന്നുകൊണ്ട് തിരക്കിട്ട ജോലികളിൽ മുഴുകിയിരുന്ന ശ്രീജയോടായി അഭി ചോദിച്ചു. ” ഇവിടിപ്പോ ഒരു ജോലിക്കാരിടെ ആവശ്യമൊന്നുമില്ലഭീ. എനിക്ക് ചെയ്യാനുള്ള ജോലികളെ ഇവിടുള്ളൂ. ” കൈ മടക്കിൽ മുഖം തുടച്ചുകൊണ്ട് ചിരിച്ചുകൊണ്ട് ശ്രീജ പറഞ്ഞു. ” അല്ലമ്മേ അമ്മ കോളേജിൽ പോകുമ്പോഴത്തെ ബുദ്ധിമുട്ടുകൂടി ആലോചിച്ചിട്ടാ ഞാൻ പറഞ്ഞത് . “

അവൻ പറഞ്ഞത് കേട്ട് അവർ വീണ്ടും ചിരിച്ചു. ” അഭീ…. ഇവിടെ ജോലികളൊന്നുമില്ലാഞ്ഞിട്ടോ എനിക്ക് കഷ്ടപ്പാടില്ലാഞ്ഞിട്ടോ അല്ല ഇതൊക്കെ ഞാൻ തന്നെ ചെയ്യുന്നത്. ഞാനുള്ളപ്പോൾ നിങ്ങൾക്ക് വേറൊരാൾ വച്ചുവിളമ്പിത്തരേണ്ടെന്ന് കരുതിയിട്ടാണ്. ജോലിക്കൊരാളെ നിർത്തിയാൽ ശമ്പളത്തിനനുസരിച്ചുള്ള ജോലികളെല്ലാം ഒരുപക്ഷെ എന്നേക്കാൾ നന്നായി അവർ ചെയ്യുമായിരിക്കാം. പക്ഷേ അവരിൽ നിന്നും ഒരു ഭാര്യയുടെ കടമകളൊ അമ്മയുടെ കരുതലോ നിങ്ങൾക്ക് കിട്ടില്ല. അതുകൊണ്ട് തല്ക്കാലം ഇവിടൊരു ജോലിക്കാരിയുടെ ആവശ്യമില്ല. ” ചിരിയോടെ അവന്റെ തലമുടിയിൽ തലോടിക്കൊണ്ട് ശ്രീജ പറഞ്ഞു. ” ഇനി നിനക്കെന്നെ സഹായിച്ചേ പറ്റു എന്നുണ്ടെങ്കിൽ വേലക്കാരിയെ നോക്കാതെ നല്ലൊരു പെൺകുട്ടിയെ കണ്ടുപിടിച്ച് കല്യാണം കഴിക്കാൻ നോക്ക് “

തമാശപോലെ ശ്രീജയത് പറയുമ്പോൾ ശ്രദ്ധയുടെ മുഖമായിരുന്നു അവന്റെ മനസ്സിലേക്കോടിയെത്തിയത്. അവളുടെ ഓർമകളിൽ അവന്റെ മുഖം തിളങ്ങി. ദിവസങ്ങൾ കടന്നുപോയിക്കോണ്ടിരുന്നു. അന്നൊരു ശനിയാഴ്ചയായിരുന്നു. ഏഴുമണിയോടെ പതിവില്ലാതെ പെയ്ത മഴയിൽ നനഞ്ഞ് കുളിച്ച് അഭിജിത്ത് വീട്ടിൽ വരുമ്പോൾ വീട് പൂട്ടിക്കിടന്നിരുന്നു. ആ മതിൽക്കെട്ടിനകം മുഴുവൻ ഇരുട്ടിൽ മുങ്ങിയിരുന്നു. ” ഇവരെല്ലാം കൂടി ഇതെങ്ങോട്ട് പോയി ??? ” ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് മുഖത്തെ ജലകണങ്ങൾ തുടച്ച്‌ അവൻ ഫോണെടുത്ത് ശ്രീജയുടെ നമ്പറിലേക്ക് വിളിച്ചു. ” അഭിയേട്ടാ …. ” പെട്ടന്ന് വിളി കേട്ട് ഫോൺ കട്ട് ചെയ്തുകൊണ്ട് അവൻ തിരിഞ്ഞുനോക്കുമ്പോൾ ഗേറ്റ് കടന്നു കുടയും ചൂടി വരുന്ന ശ്രദ്ധയെയാണ് കണ്ടത്. “

അച്ഛമ്മയുടെ ബന്ധത്തിൽപ്പെട്ട ആരോ മരിച്ചെന്ന് ഫോൺ വന്നിട്ട് എല്ലാവരും കൂടി അങ്ങോട്ട് പോയേക്കുവാ. അഭിയേട്ടനെ ഒരുപാട് തവണ വിളിച്ചിരുന്നു. പക്ഷേ ഫോണിൽ കിട്ടുന്നുണ്ടായിരുന്നില്ല. പിന്നഭിയേട്ടൻ വരുമ്പോൾ തരാൻ താക്കോൽ വീട്ടിലേൽപ്പിച്ചിട്ടാ ആന്റി പോയത്. ” മഴയിൽ നിന്നും വരാന്തയിലേക്ക് കയറി കയ്യിലിരുന്ന താക്കോൽക്കൂട്ടം അവന് നേരെ നീട്ടിക്കോണ്ട് ശ്രദ്ധ പറഞ്ഞു. കൈ നീട്ടി താക്കോൽ വാങ്ങുമ്പോൾ അവന്റെ കൈ അവളുടെ നനഞ്ഞ വിരലുകളിൽ സ്പർശിച്ചു. എന്തെന്നറിയാത്ത ഒരു വികാരം അവന്റെ ശരീരത്തിലൂടെ കടന്നുപോയി. ഒന്ന് ഞെട്ടിയത് പോലെ ശ്രദ്ധ പെട്ടന്ന് കൈ പിൻവലിച്ചു.

നനഞ്ഞുകുതിർന്ന് അവളുടെ കഴുത്തിലൊട്ടിക്കിടന്നിരുന്ന മുടിയിഴകളിലും ഈർപ്പമുള്ള ചുവന്ന ചുണ്ടുകളിലുമായിരുന്നു അപ്പോൾ അഭിയുടെ കണ്ണുകൾ. ” ഞാൻ ചെല്ലട്ടെ അഭിയേട്ടാ അമ്മ തിരക്കും ” പെട്ടന്ന് അവന്റെ മുഖത്ത് നോക്കാതെ തിരിഞ്ഞുകൊണ്ട് അവൾ പറഞ്ഞു. ” ശ്രദ്ധ….. ” പെട്ടന്നൊരുൾപ്രേരണയിൽ അവളുടെ കൈകളിലേക്ക് കടന്നുപിടിച്ചുകൊണ്ട് അവൻ വിളിച്ചു. അമ്പരപ്പോടെ അവളാ കണ്ണുകളിലേക്ക് നോക്കി. ” നിനക്ക്….നിനക്കെന്നെ വിട്ട് പോകാതിരുന്നൂടെ ??? ” ഇടറിയ സ്വരത്തിൽ അഭിയത് ചോദിക്കുമ്പോൾ എല്ലാം മറന്ന് അവനെത്തന്നെ നോക്കി നിൽക്കുകയായിരുന്നു ശ്രദ്ധ. ” അഭിയേട്ടാ ഞാൻ…. ” അവൾ വിക്കി. ” എനിക്ക് നിന്നെ ഇഷ്ടാഡീ.

ഇനി നീയില്ലാതെ പറ്റുമെന്നും തോന്നുന്നില്ല ” അവളുടെ കയ്യിലെ പിടുത്തം ഒന്നുകൂടി മുറുക്കിക്കൊണ്ട് വിറയ്ക്കുന്ന ശബ്ദത്തിൽ അവൻ പറഞ്ഞു. ” മോളെ ശ്രദ്ധ… ” അപ്പുറത്ത് നിന്നും സുധയുടെ വിളി കേട്ട് അവനിൽ നിന്നും കൈകൾ വിടുവിച്ചുകൊണ്ട് ശ്രദ്ധ തിടുക്കത്തിൽ പുറത്തേക്ക് ഓടി. അല്പനേരം കൂടി അവിടെത്തന്നെ നിന്നിട്ട് വാതിൽ തുറന്ന് അഭിജിത്ത് അകത്തേക്കും കയറി. അടുക്കളയിൽ ആഹാരമൊന്നുമില്ലാതിരുന്നതിനാൽ അല്പം ബ്രഡ് മാത്രം കഴിച്ചിട്ട് അവൻ ഉറങ്ങാൻ കിടന്നു. ക്ഷീണം കൊണ്ട് പെട്ടന്ന് തന്നെ ഉറങ്ങിപ്പോയ അവൻ രാവിലെ കാളിങ് ബെല്ല് കേട്ടായിരുന്നു കണ്ണ് തുറന്നത്. ഉറക്കത്തിന്റെ ആലസ്യത്തിൽ അവൻ വന്ന് വാതിൽ തുറക്കുമ്പോൾ കയ്യിലൊരു കപ്പ് ചായയുമായി നിറഞ്ഞ പുഞ്ചിരിയോടെ ശ്രദ്ധ വാതിൽക്കൽ നിന്നിരുന്നു. “

ഇവിടാരുമില്ലാത്തോണ്ട് അഭിയേട്ടനുള്ള ചായ തന്നുവിട്ടതാ അമ്മ ” ചായ അവന് നീട്ടിക്കൊണ്ട് ചിരിയോടെ തന്നെ അവൾ പറഞ്ഞു. ” എന്നാപ്പിന്നെ അഭിയേട്ടൻ ഫ്രഷായിട്ട് വാ. ഞാൻ ബ്രേക്ക്‌ ഫാസ്റ്റ് കൊണ്ടുവരാം. ” പറഞ്ഞുകൊണ്ട് അവൾ തിരിഞ്ഞുനടക്കാനൊരുങ്ങി. ” ശ്രദ്ധ…. ഞാനിന്നലെ തമാശയല്ല പറഞ്ഞത്. അതിന് നിനക്കൊരു മറുപടിയുമില്ലേ ??? ” ചായ കയ്യിൽത്തന്നെ പിടിച്ചുകൊണ്ട് അവൻ പെട്ടന്ന് ചോദിച്ചു. അതിനുള്ള അവളുടെ മറുപടി ഒരു പുഞ്ചിരി മാത്രമായിരുന്നു. പക്ഷേ ആ കണ്ണുകളിൽ അവളുടെ പ്രണയം തെളിഞ്ഞുകാണാമായിരുന്നു.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!