ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 25

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 25

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

ചിന്തകളിൽ തന്റെ പ്രണയം… നന്ദൂട്ടന്റെ മുഖവും… വേണ്ട താൻ കാരണം നന്ദൂട്ടന്റെ ജീവിതവും… ഉള്ളിൽ അതി ഭീകരമായൊരു യുദ്ധം ആരംഭിച്ചപ്പോഴും വസു തന്റെ മിഴികൾ ഇറുകെ പൂട്ടി കൈകൾ അതി ശക്തിയായി ഹാരങ്ങൾ പൊട്ടിച്ചെറിയാൻ പാകത്തിൽ അവയിൽ പിടി മുറുക്കി കൊണ്ടിരുന്നു.. കഴുത്തിൽ ഒരു തണുപ്പ് അനുഭവപെട്ടപ്പോഴാണ് കണ്ണുകൾ വലിച്ചു തുറന്നത്.. പിൻകഴുത്തിൽ മുടികൾക്കിടയിലൂടെ ഒരു നിശ്വാസം തട്ടുന്നതും അറിയുന്നുണ്ടായിരുന്നു.

വലിച്ചു തുറന്ന കണ്ണുകൾ അന്വേഷിച്ചതത്രയും അനന്തനെയായിരുന്നു… കണ്ടുകിട്ടാഞ്ഞപ്പോൾ മുഖം തിരിച്ചു നോക്കി.. തന്റെ കഴുത്തിൽ നിന്നും കൈകൾ മാറ്റുന്ന കണ്ണനെ കണ്ടതും ഇമവെട്ടാതെ നോക്കി നിന്നു.. കണ്ണുകൾ നിറഞ്ഞതും മുഖം വെട്ടിച്ചു താഴേക്ക് നോക്കിയപ്പോൾ കണ്ടു മാറിൽ കിടക്കുന്ന കണ്ണന്റെ പേരു കൊത്തിയ താലി.. നിർവികാരതയോടെ അവയിൽ കൈകൾ കൊണ്ട് തൊട്ടു.. പൊള്ളുന്നത് പോലെ തോന്നി. തുളസി മാല പരസ്പരം അണിയിച്ചു.. ഹരിനന്ദ് എന്ന പേരിലുള്ള മോതിരവും ആ താലിയോടൊപ്പം ഏറ്റുവാങ്ങിയിരിക്കുന്നു..

ശരീരം അത്രമേൽ പൊള്ളുന്നു.. അച്ഛൻ വന്ന് കൈകളെടുത്തു ആ കൈകളോട് ചേർത്തു വച്ചു.. മോൻ നോക്കുമെന്നറിയാം… എങ്കിലും ഭംഗി വാക്കെന്നോണം പറയുകയാണ്… എന്റെ ജീവനാണ് മോനെ ഏൽപ്പിക്കുന്നത് നോക്കിയേക്കണേ.. അത്രയും പറഞ്ഞു കണ്ണുനീർ തുടക്കുന്ന വസുവിന്റെ അച്ഛന് നിറഞ്ഞൊരു പുഞ്ചിരിയാണ് കണ്ണൻ സമ്മാനിച്ചത്. വിവാഹകർമങ്ങൾ കഴിഞ്ഞതും ഹരിയുടെയും സുധിയുടെയും താലികെട്ടായിരുന്നു. ശേഷം കണ്ണനോടൊത്ത് ശ്രീ കോവിലിന്റെ മുന്നിൽ ശൂന്യമായ മനസോടുകൂടെ നിന്നു.

ചെറിയ രീതിയിൽ മാത്രം ഒരുക്കിയിരിക്കുന്ന സദ്യയും കഴിച്ചു. തിരികെ ഇറങ്ങാൻ നേരം അച്ഛനെയും അമ്മയെയും ഇച്ചേട്ടനെയും കെട്ടിപിടിച്ചു കരഞ്ഞു കൊണ്ടിരുന്നു. പാറു അവളെ ഒരുവിധം സമാധാനിപ്പിച്ചു കൊണ്ട് കണ്ണന്റെ കാറിൽ കൊണ്ട് ഇരുത്തി. ഓർമ്മകൾ ഇരച്ചെത്തിയതും കണ്ണുകൾ ഇറുകെ പൂട്ടി അങ്ങനെ കിടന്നു.. കയ്യിലൊരു തണുപ്പനുഭവപെട്ടപ്പോഴാണ് കണ്ണുകൾ തുറന്നത്.. തന്റെ കയ്യിൽ പതിഞ്ഞിരിക്കുന്ന കൈകളിലേക്കും ആ മുഖത്തേക്കും ഉറ്റു നോക്കി.. വീടെത്തി…

അത്രയും പറഞ്ഞുകൊണ്ട് അവളിൽ നിന്നും കൈയെടുത്തു മാറ്റി പുറത്തേക്ക് ഇറങ്ങി അവൻ. ഒരു നിമിഷത്തെ ആലോചനക്ക് ശേഷം വസുവും കൂടെ ഇറങ്ങി. നിലവിളക്കും താലവുമേന്തി സുജമ്മയും മറ്റുള്ളവരും നിന്നപ്പോൾ എന്തെന്നറിയാത്ത ഭയവും പരിഭ്രമവും തന്നെ വന്ന് മൂടുന്നത് വസു അറിയുന്നുണ്ടായിരുന്നു. സാരിയിൽ തട്ടി വീഴുമോ അതോ നിലവിളക്ക് അണഞ്ഞുപ്പോകുമോ എന്തെന്നില്ലാത്ത പല ചിന്തകളും. ഒടുക്കം ആഞ്ഞൊന്ന് ശ്വസിച്ചുകൊണ്ട് പുഞ്ചിരിയും എടുത്തണിഞ്ഞാ വിളക്ക് വാങ്ങി.

തന്റെ പരിഭ്രമം അറിഞ്ഞെന്നവണ്ണം കണ്ണൻ ആ കൈകളിൽ പിടിമുറുക്കി. നേരെ പൂജാമുറിയിൽ വിളക്ക് കൊണ്ടു വെച്ചു തൊഴുതിറങ്ങി. സുജമ്മയും ഹരിയുടെ കസിന്സും അവളെ കൊണ്ടു പോയത് ഹരിയുടെ മുറിയിലേക്കാണ്. ബ്യൂട്ടീഷൻ വന്നതും റിസപ്ഷന് വേണ്ടിയുള്ള ഒരുക്കങ്ങൾ എല്ലാം തുടങ്ങി. ഇടക്കെന്തോ മറന്നു വെച്ചത് എടുക്കാനായി കണ്ണൻ വന്നപ്പോൾ ഒരുക്കമെല്ലാം കഴിഞ്ഞിരിക്കുന്ന വസുവിനെയാണ് കാണുന്നത്. കണ്ണനെ മുൻപിലുള്ള കണ്ണാടിയിലൂടെ കണ്ടതും ഇരുന്നിടത്തു നിന്നും എഴുന്നേറ്റു.

ഞാൻ മറന്നു വെച്ചിരുന്നത് എടുക്കാൻ വന്നതാണ് അത്രയും പറഞ്ഞുകൊണ്ട് തന്റെ കയ്യിലിരുന്ന ഒരു പാക്കറ്റ് അവൾക്ക് കാണിച്ചു കൊടുത്തു. തിരിച്ചൊന്നും പറഞ്ഞില്ലെങ്കിലും അവൾ അവനെ നോക്കി ഒരു പുഞ്ചിരി നൽകാൻ വൃഥാ പരിശ്രമിച്ചു. എന്നാൽ അത് കണ്ടില്ലെന്ന് നടിച്ചു കണ്ണൻ പുറത്തേക്ക് ഇറങ്ങി. വസു വീണ്ടും കണ്ണാടിയിലേക്ക് നോട്ടം പായിച്ചു.. നെറ്റിയിൽ ചെറിയതോതിൽ കിടക്കുന്ന കുങ്കുമപൊടികൾ… രാവിലെത്തേതിന്റെ അവശേഷിപ്പ്.. കുഞ്ഞു ഡയമണ്ട് നെക്‌ലേസിന് താഴെയായി കിടക്കുന്ന സ്വർണനൂലിൽ കെട്ടിയ താലി.. മെല്ലെ ഒരു കൈ താലിയിലും മറുകൈ നെറ്റിയിലും വെച്ചു.

ഇപ്പോഴും പൊള്ളുന്നുണ്ട്… മനസ്സിൽ ഒരാളും ജീവിതത്തിൽ മറ്റൊരാളും. എന്നാൽ ഇത്തവണ വസു കരഞ്ഞില്ല.. പകരം തന്റെ പുതിയ രൂപത്തെ കണ്ണാടിയിൽ ഉറ്റുനോക്കി കൊണ്ടിരുന്നു. റിസപ്ഷന് പോണ്ടേ മോളെ… നീയിവിടെ കണ്ണാടി നോക്കി നിൽക്കുവാണോ? അങ്ങോട്ടേക്കെത്തിയ സുജ തിരക്കി. ദാ വരണു … അവരോടൊപ്പം അവളും താഴേക്ക് നടന്നു. ബന്ധുക്കളെയൊക്കെ ഒരു വിധം പരിചയപെട്ടപ്പോഴേക്കും ഓഡിറ്റോറിയത്തിലേക്ക് ഇറങ്ങാൻ സമയമായി എന്നറിഞ്ഞു…

രണ്ടു രീതിയിലായിട്ടായിരുന്നു സ്റ്റേജ്സ് ഒരുക്കിയത്.. ഒന്നിൽ ഹരിയും സുധിയും മറ്റൊന്നിൽ വസുവും കണ്ണനും ആയിരുന്നു നിന്നിരുന്നത്. സ്കൂളിലെയും കോളേജിലെയും ഒക്കെയായി ഒട്ടനവധി പേരാണ് റിസപ്ഷന് പങ്കെടുത്തത്.. വസു എല്ലാവരോടും സന്തോഷത്തോടെ തന്നെയാണ് പെരുമാറിയത്. കണ്ണന്റെ സുഹൃത്തുക്കളോടും അങ്ങനെ തന്നെയായിരുന്നു. ഒരുവിധം റിസപ്ഷൻ അവസാനിക്കാറായപ്പോഴാണ് അനന്തൻ വരുന്നത്.

കയ്യിൽ ഗിഫ്റ്റും ഉണ്ടായിരുന്നു. അനന്തനെ കണ്ടതും വസുവിന്റെ കണ്ണുകളിൽ നഷ്ടബോധവും കൂടെ എന്തെന്നില്ലാത്ത ഒരു തിളക്കവും കൈവരുന്നത് കണ്ണൻ വേദനയോടെ നോക്കി നിന്നു. പക്ഷേ അനന്തന്റെ തൊട്ടു പിറകിൽ വന്നിരുന്ന ആളിൽ അവളുടെ ദൃഷ്ടി പതിച്ചതും വസു തന്റെ മിഴികൾ പിൻവലിച്ചു. ഹായ് സിഷ്ഠ… സ്റ്റേജിലേക്ക് കയറി വന്നതും പുഞ്ചിരിയോടെ അനന്തൻ അവൾക്ക് കൈ നൽകി. വിറയ്ക്കുന്ന കൈകളോടെ അവൾ അനന്തന് തന്റെ കൈകൾ നൽകി. തൊട്ടു പിറകിലായി വന്ന പെൺകുട്ടി കണ്ണനെ ഓടി വന്ന് കെട്ടിപിടിച്ചു.

താങ്ക് ഗോഡ്.. നിന്നെ ഇങ്ങനെ മൂക്ക് കയറിട്ട് കാണാൻ കഴിയുമെന്ന് ഞാൻ കരുതിയതെ ഇല്ല അവനെ ഒന്നുകൂടെ പുൽകി കൊണ്ട് അവൾ പറഞ്ഞു. എന്താ മിഥു.. നിനക്കാകാമെങ്കിൽ പിന്നെ ഞാൻ കല്യാണം കഴിക്കുന്നത് കൊണ്ട് എന്താ കുഴപ്പം. ചിരിയോടെ തന്നെ കണ്ണൻ പ്രതിവചിച്ചു. ലുക്ക് ദേവ്.. മീറ്റ് മൈ ഹസ് അനന്ത്… അനന്ത് പദ്മനാഭ്… അവൾ അനന്തനെ കണ്ണന് പരിചയപെടുത്തി കൊടുത്തു. എനിക്കറിയാം…. ഞാൻ കണ്ടിട്ടുണ്ട്.. ഹരിനന്ദ്… ഹരിനന്ദ് ദേവ്.. അത്രയും പറഞ്ഞുകൊണ്ട് കണ്ണൻ അവനു കൈകൊടുത്തു. വസിഷ്ഠ ലക്ഷ്മി എന്റെ സ്റ്റുഡന്റ് ആണ്.. മിഥുവിനോടായി അനന്തൻ പറഞ്ഞു. വസിഷ്ഠ?

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story