നിവേദ്യം : ഭാഗം 3

നിവേദ്യം : ഭാഗം 3

എഴുത്തുകാരി: ആഷ ബിനിൽ

“നിനക്ക് പഠിക്കാൻ പോണോ?” ആ ചോദ്യം കേട്ട് ഞാനൊന്ന് ഞെട്ടി. എന്ത് ചോദ്യം ആണെന്റെ ചേട്ടാ. പഠിക്കാൻ പോണോ എന്നു ചോദിച്ചാൽ ആരാ വേണ്ടെന്ന് പറയുക..? “ഡീ… ചോദിച്ചത് കേട്ടില്ലേ?” “കേ.. കേട്ടു ചേട്ടാ… പോണം” ഞാൻ പെട്ടന്ന് പറഞ്ഞു. ഇതിനിടയ്ക്ക് എനിക്ക് വിക്കും തുടങ്ങിയോ? “MBAയ്ക്ക് ചുമ്മാ അങ്ങു പോയി അഡ്മിഷൻ എടുക്കാൻ ഒന്നും പറ്റില്ല. എൻട്രൻസ് എഴുതണം. അതു വല്ലതും അറിയോ?” ഓഹോ. പുച്ഛം… “അറിയാം ചേട്ടാ. ഞാൻ CAT എഴുതിയിരുന്നു. ഏഴായിരത്തിനുള്ളിൽ റാങ്കും ഉണ്ടായിരുന്നു” ഇപ്പോ പുച്ഛം അല്പം കുറഞ്ഞോ എന്നൊരു ഡൗട്ട്.

അമ്മൂ, നീ പൊളി ആണ് മോളെ… “സർട്ടിഫിക്കറ്റ് ഒക്കെ നിന്റെ കയ്യിൽ ഉണ്ടോ?” “ആ ഉണ്ടേട്ടാ. ഞാൻ എടുക്കാം” ഞാൻ ഓടിപ്പോയി എന്റെ ബാഗെടുത്തു കട്ടിലിൽ വച്ചു. ബാഗിനെ നോക്കിയും പുച്ഛം വാരി വിതരുന്നത് കണ്ടു. പുതിയ ബാഗാണ്. അതും ഞാൻ അധ്വാനിച്ചു വാങ്ങിയത്. ഇതിൽ എന്താ ഇത്ര പുച്ഛിക്കാൻ? സർട്ടിഫിക്കറ്റ് എല്ലാം വച്ച ഫയലും കൊണ്ട് ഓടി അടുത്തെത്തി. അഞ്ചാം ക്ലാസിലെ പ്രസംഗത്തിന് കിട്ടിയത് മുതൽ സുഗമ ഹിന്ദി പരീക്ഷയുടെ വരെ സർട്ടിഫിക്കറ്റ് ഉണ്ട് അതിൽ. പുച്ഛം വാരി വിതറിക്കൊണ്ടു തന്നെ എല്ലാം നോക്കുന്നത് കണ്ടു.

“ഞാഞ്ഞൂലിനും ശീൽക്കാരമോ ഞാനെന്നഹങ്കാരമോ.. മാറാലയും ചെമ്പല്ലിയും മേല്‍ക്കൂര താങ്ങുന്നുവോ…” പേടിക്കരുത്. എന്റെ ഫോൺ റിങ് ചെയ്തതാണ്. എൻടിആർ അത് കേട്ടൊന്ന് അമ്പരന്നു എന്ന് തോന്നുന്നു. നോക്കുമ്പോൾ വീട്ടിൽ നിന്നാണ്. “ഹല്ലോ മിസ്റ്റർ ആഭിജാത്യം… ഹവ്വാർ യൂ ഡൂയിങ്‌” ഞാൻ ഫോണെടുത്ത പാടെ പറഞ്ഞു. എൻടിആർ അത് കേട്ട് ഞെട്ടി. “അച്ഛൻ ആണ്” ഞാൻ ഫോൺ ചെവിയിൽ നിന്നല്പം മാറ്റിയിട്ട് ആളോട് പറഞ്ഞു. എവിടെ.. മൈൻഡ് ഇല്ല. ഡ്രസിങ് റൂമിലേക്ക് കയറുന്നത് കണ്ടു. രാവിലെ വരെ ഇവിടെ നിന്ന് ഡ്രസ് മാറിയ മനുഷ്യൻ ആണ്.

ഞാനും പിന്നെ മൈൻഡ് ആളെ ചെയ്യാൻ പോയില്ല. അച്ഛനോടും, അമ്മയോടും അപ്പുവിനോടും ചിന്നുവിനോടും മാറി മാറി സംസാരിച്ചു. ഇപ്പോൾ മനസിനൊരു സന്തോഷം. ഫോൺ വിളി കഴിഞ്ഞു നോക്കുമ്പോൾ ആളെ മുറിയിൽ എങ്ങും കണ്ടില്ല. താഴേക്ക് ചെന്നപ്പോൾ ശ്രീദേവിയമ്മ പത്രം വായിക്കുകയാണ്. എൻടിആറിനെ അവിടെങ്ങും കാണുന്നില്ല. എവിടെ പോയി കാണും? അമ്മയോട് ചോദിക്കണോ? “അവനും ദേവേട്ടനും കൂടി ഒന്ന് പുറത്തു പോയതാണ് മോളെ”. എന്റെ നോട്ടം കണ്ട് അമ്മ പറഞ്ഞു. ഞാൻ ചമ്മി ഒന്നു ചിരിച്ചു. പിന്നെ കുറേനേരം അമ്മയോട് സംസാരിച്ചിരുന്നു.

“ഞാനൊരു കാര്യം ചോദിക്കട്ടെ അമ്മേ?” “ഹരിയെകൊണ്ട് എന്തിനാ നിന്നെ വിവാഹം കഴിപ്പിച്ചത് എന്നല്ലേ?” ആഹാ.. ജ്യോതിഷവും വശമുണ്ടോ ശ്രീദേവിയമ്മക്ക്? ഞാൻ ഒന്ന് മൂളിയതെയുള്ളൂ. “മോളെ അവന് കള്ള് കുടിയോ അലമ്പോ ദുശീലങ്ങളോ ഒന്നും ഇല്ല. പിന്നെ എന്തിനാണ് നിന്നെ തന്നെ അവന് വധുവായി തിരഞ്ഞെടുത്തത് എന്നു ചോദിച്ചാൽ… വേണ്ട. ഞാൻ പറയുന്നില്ല. സമയം ആകുമ്പോ അതിനുള്ള മറുപടി അവൻ തന്നെ നിന്നോട് പറയും.” പിന്നെ ഞാനൊന്നും ചോദിക്കാൻ നിന്നില്ല. വീട്ടുകാര്യങ്ങളും അച്ഛന്റെയും അമ്മയുടെയും കുടുംബക്കാരെക്കുറിച്ചും ഒക്കെ പറഞ്ഞിരുന്നു. നേരം പോയതറിഞ്ഞില്ല.

അച്ഛനും എൻടിആറും കൂടി കയറി വന്നപ്പോഴാണ് സമയം നോക്കിയത്. രണ്ടുമണി ആയിരുന്നു. അമ്മ ഊണ് വിളമ്പി വയ്ക്കാൻ പോയി. ഞാനും കൂടെ ചെന്നു. “നിങ്ങളിതുവരെ കഴിച്ചില്ലേ?” അച്ഛൻ ചോദിച്ചു. “ഇല്ല.. അച്ഛനും ഏട്ടനും വരാൻ വെയ്റ്റ് ചെയ്യുകയായിരുന്നു” ഞാൻ പറഞ്ഞത് കേട്ട് അമ്മ അന്തം വിട്ട് എന്നെ നോക്കി. “നിവേദ്യയ്ക്ക് രാജഗിരി കോളേജിൽ MBAയ്ക്ക് അഡ്മിഷൻ റെഡി ആക്കിയിട്ടുണ്ട്. നീ പോയി ഒന്നുരണ്ടു സൈൻ ചെയ്യാൻ മാത്രമേയുള്ളൂ ഇനി” കഴിക്കുന്നതിനിടയിൽ എൻടിആർ പറഞ്ഞു. എനിക്ക് കേട്ടത് വിശ്വസിക്കാൻ കഴിയുന്നില്ലയിരുന്നു.

ഇതൊരു സ്വപ്നം ആണോ എന്നുപോലും ഓർത്തുപോയി. ലോക്കൽ കോളേജിൽ പഠിക്കാനുള്ള അവസരം പോലും ഇല്ലാതെ നടന്ന ഞാൻ രാജഗിരിയിൽ..? സാമ്പറിലെ വറ്റൽമുളക് കടിച്ചപ്പോൾ ആണ് സംഭവം സത്യമാണ് എന്നു മനസിലായത്. “അത് മണ്ടേ ക്ലാസ് തുടങ്ങുകയല്ലേ. ജോയിൻ ചെയ്യാൻ പോകുമ്പോൾ ചെയ്താൽ മതി മോള്” വിദൂരതയിൽ എവിടെയോ അച്ഛൻ പറയുന്നത് കേട്ടു. മൺഡേ എന്നു പറയുമ്പോൾ ഇനി അഞ്ചു ദിവസം..! ഞാനൊരു സ്വപ്നലോകത്ത് ആയിരുന്നു. അതിൽ നിന്ന് ഭൂമിയിലേക്ക് വരാൻ കുറച്ചു സമയമെടുത്തു.

“ഹരി. വൈകുന്നേരം മോളേയും കൊണ്ടൊന്ന് അമ്പലത്തിൽ പോയി വരണം കേട്ടോ” എൻടിആർ എന്നെ ഒന്ന് നോക്കി. എന്നിട്ട് അമ്മയെയും നോക്കി. ഈ സാധാനത്തിനെയും കൊണ്ടാണോ പോകേണ്ടത് എന്നൊരു ഭാവം ഞാൻ ആ മുഖത്തു വായിച്ചു. ആളെ കുറിച്ചു ഞാനൊന്ന് ആലോചിച്ചു നോക്കി. അപ്പോൾ എൻടിആറിന് എന്നോട് സ്നേഹം ഒക്കെയുണ്ട്. അതുകൊണ്ടല്ലേ എന്റെ ആഗ്രഹം മനസിലാക്കി കോളേജിൽ ചേർത്തത്. പിന്നെ ഒറ്റ ദിവസം കൊണ്ട് അതുവരെ കണ്ടിട്ട് പോലും ഇല്ലാത്ത എന്നോട് പ്രണയം ഒന്നും വരില്ലല്ലോ. പയ്യെ എല്ലാം റെഡി ആകുമായിരിക്കും.

അതോ ഇനി അത്രയും നേരം എന്റെ തിരുമുഖം കാണാതെ ഇരിക്കാൻ ആണോ കോളേജിൽ വിടുന്നത്? അങ്ങനെ ആണെങ്കിൽ മൂപ്പർക്ക് വല്ല പണിക്കും പോയാൽ പോരെ? അത് പറഞ്ഞപ്പോൾ ആണ് ഓർത്തത്. മൂപ്പർക്ക് എന്തെങ്കിലും പണി ഉണ്ടോ? ഭർത്താവിന്റെ ജോലി പോലും അറിയാത്ത ലോകത്തിലെ ആദ്യത്തെ ഭാര്യ ആയിരിക്കുമോ ഞാൻ? അച്ഛന് ബിസിനസ് ആണല്ലോ. അപ്പോ മൂപ്പരും മിക്കവാറും അതുതന്നെ ആകും പണി. ഒരൊന്നൊക്കെ ആലോചിച്ചു റൂമിൽ എത്തിയത് അറിഞ്ഞില്ല. “ഡീ.. നീ ഇത് എന്ത് ആലോചിച്ചു നിൽക്കുവാ” അലർച്ച കേട്ടതോടെ പോയി. മൂഡ് പോയി.

“ഹേയ്. ഒന്നുമില്ല ചേട്ടാ. ഞാൻ വെറുതെ…” “അതേയ്. നീ ഈ ചേട്ടാ എന്നു വിളിക്കുന്നത് ആക്കി ആണോ എന്നൊരു ഡൗട്ട്” ആൾ എന്റെ മുഖത്തേക്ക് നോക്കിയാണ് പറയുന്നത്. “അയ്യോ. സത്യമായിട്ടും അല്ല ചേട്ടാ. എന്താ വിളിക്കേണ്ടത് എന്നു അറിയാത്തത് കൊണ്ടാണ്” ഞാൻ പെട്ടന്ന് പറഞ്ഞു. “എങ്കിൽ എന്നെ ഹരി എന്നു വിളിച്ചാൽ മതി” “യ്യോ.. പ്രായത്തിന് മൂത്തവരെ പേര് വിളിക്കാൻ പാടില്ലെന്നു എന്റെ അമ്മ പറഞ്ഞിട്ടുണ്ട്” “ഓഹ്.. നാശം… എന്നാൽ പിന്നെ.. പിന്നെ… ഹരിയെട്ടാ എന്നു വിളിക്ക്” മുഖത്തു നോക്കാതെയാണ് പറഞ്ഞത്. അയ്യടാ. കൊച്ചു കള്ളൻ.

നൈസ് ആയി എട്ടാന്ന് വിളിപ്പിക്കുകയാണ്. “ഡീ” ദേ പിന്നേം. മൂഡ് പോയി. “ഇന്നലെ വന്നു കയറിയ നിന്നോട് എനിക്ക് പ്രത്യേകിച്ചു ഒരു ദേഷ്യവും ഇല്ല. അതുകൊണ്ട് മാത്രം ആണ് ഞാൻ ഇത്ര മയത്തിൽ പെരുമാറുന്നത്. പിന്നെ കോളേജിൽ ചേർത്തത്, അത് നിന്റെ ഭാവി ഞാൻ കാരണം നശിച്ചു എന്നു പറയാതിരിക്കാൻ. അതല്ലാതെ എനിക്ക് നിന്നോട് സ്നേഹമോ പ്രണയമോ ഒന്നും ഇല്ല. ഇനി ഉണ്ടാകാനും പോകുന്നില്ല. നിനക്ക് ആവശ്യം ഇല്ലാതെ പ്രതീക്ഷ തരാതിരിക്കാൻ ആണ് ഞാൻ ഡിസ്റ്റൻസ് ഇട്ട് പെരുമാറുന്നത്.

എന്റെ സ്നേഹം നേടിയെടുക്കാൻ വേണ്ടി വല്ലതും ഒക്കെ കാട്ടി കൂട്ടാൻ ആണ് ഉദ്ദേശം എങ്കിൽ, നീ കേട്ടറിഞ്ഞത് ഒന്നും അല്ല ശരിക്കുള്ള ശ്രീഹരി. ഞാൻ ആരാണെന്ന് നീ അറിയും” ഈ ഡയലോഗ് ഞാൻ എവിടെയോ? ആഹ്. കേട്ടറിവിനെക്കാൾ വലുതാണ് മുരുകൻ എന്ന സത്യം. അതിന് ഇയാളെക്കുറിച്ചു എന്നോട് ആരെന്തു പറഞ്ഞെന്നാ? ബുദ്ധി ഇതൊക്കെ ആലോചിക്കുമ്പോഴും മനസ് ആൾ പറഞ്ഞതൊക്കെ റീവയ്ന്റ് ചെയ്യുകയായിരുന്നു. അറിയാം, ഒറ്റ ദിവസം കൊണ്ടോ ദിവസങ്ങൾ കൊണ്ടോ യാതൊരുവിധ ഇഷ്ടവും ഇല്ലാത്ത ഒരാൾക്ക് എന്നെ പ്രണയിക്കാൻ ഒന്നും കഴിയില്ല എന്ന്.

എങ്കിലും പെട്ടന്ന് കേട്ടപ്പോൾ എന്തോ വിഷമം. കണ്ണ് നിറയുന്നുണ്ടെന്ന് തോന്നുന്നു. ഞാൻ വേഗം ബാത്റൂമിലേക്കു പോയി. തിരികെ വന്നപ്പോൾ ആളെ കണ്ടില്ല.ഓഫീസ് റൂമിൽ എങ്ങാനും ഇരിക്കുകയായിരിക്കും. അമ്പലത്തിൽ പോകുമ്പോ സെറ്റും മുണ്ടും ഉടുക്കാം എന്നു വിചാരിച്ചു. സെറ്റുമുണ്ട് എനിക്കായി വാങ്ങിയത് അലമാരയിൽ ഉണ്ട്. ബ്ലൗസ് പിന്നെ നോക്കേണ്ട, കിങ് സൈസ് ആണ്. എന്റെ കയ്യിൽ ഉണ്ടായിരുന്ന റെഡ് ബ്ലൗസ് എടുത്തിട്ടു. മുടിയും അഴിച്ചിട്ടു. കണ്ണെഴുതി ഒരു കുഞ്ഞു പൊട്ടും എടുത്തു കുത്തി.

ഓർണമെന്റ്‌സ് എല്ലാം ഞാൻ ഇന്നലെ തന്നെ ഊരി വച്ചിരുന്നു. ഒരു ജിമുക്കി കമ്മലും താലി മാലയും രണ്ടു വളയും. കണ്ണാടി നോക്കിയപ്പോൾ മൊത്തത്തിൽ ഞാൻ ആളാകെ മാറിയത് പോലെ തോന്നി. അമ്മു തന്നെ ആണോ ഇത്? മഠത്തിലെ മരുമകളുടെ ആഢ്യത്വം വന്നു തുടങ്ങിയോ? റെഡിയായി ഇറങ്ങി വന്നപ്പോൾ അമ്മയുടെ മുഖം തെളിഞ്ഞു. മകന് പിന്നെ അൾറ്റിമേറ്റ് പുച്ഛം. വണ്ടിയിൽ കയറാൻ പോയപ്പോൾ ആണ് കോമഡി. ജാഗ്വർ..! ഞാൻ ആകെ ഇൻഡിക്കയിലും മാരുതിയിലും ആണ് കയറിയിട്ടുള്ളത്.

“കണ്ണാ.. നാണം കെടുത്തല്ലേ നീ..” ഭാഗ്യത്തിന് ഡോർ ഓപ്പൺ ചെയ്യാനും സീറ്റ് ബെൽറ്റ് ഇടാനും വല്യ പ്രയാസം ഉണ്ടായില്ല. ഈ ജാഗ്വർ കൂടാതെ ഒരു മിനി കൂപ്പർ, BMW, പോർഷെ അത്രയും ഉണ്ട് പോർച്ചിൽ. എല്ലാത്തിന്റെയും നമ്പർ 999. ഇതിനൊക്കെ പെട്രോൾ അടിക്കാൻ എന്തു കാശ് വേണ്ടി വരും? ലോക്കൽ ഓട്ടത്തിന് ഒരു കുഞ്ഞു വണ്ടി വാങ്ങി ഇട്ടൂടെ? ഈ വണ്ടിയിലും അഞ്ചു പേർക്ക് പോകാം, സാധാരണ മാരുതിയിലും ടാറ്റയിലും അഞ്ചു പേർക്ക് തന്നെ പോകാം. അമ്പലം അടുത്തു തന്നെ ആയിരുന്നു. ഒരു കിലോമീറ്റർ അടുത്തുള്ള അമ്പലത്തിൽ പോകാൻ ആണ് ഇയാള് ഒരു കോടിയുടെ വണ്ടിയും കൊണ്ട് ഇറങ്ങിയിരിക്കുന്നത്.

മഹാദേവന്റെ അമ്പലം ആയിരുന്നു. ജീവിതം എവിടേയ്ക്ക് നീങ്ങിയാലും കൂടെ ഒഴുകാൻ കഴിയണെ എന്നു പ്രാർത്ഥിച്ചു. അന്ന് രാത്രി എന്തുകൊണ്ടോ അമ്മായിയമ്മപ്പോര് ഉണ്ടായില്ല. കട്ടിലിന്റെ ഒരു വശത്തേക്ക് നീങ്ങിയാണ് എൻടിആർ, സോറി ഹരിയേട്ടൻ കിടക്കുന്നത്. ആളെ തൊടാതെ ഞാനും ഒരു മൂലക്ക് കേറി കിടന്നു. പിറ്റേന്ന് രാവിലെ ഞാൻ എഴുന്നേൽക്കുമ്പോഴേക്കും ആൾ ജോഗിംഗിന് പോയിരുന്നു. വന്നപ്പോൾ ഗ്രീൻ ടീ കൊണ്ടുപോയി കൊടുത്തു. നോ മൈൻഡ്. “നീ വേഗം റെഡിയായി വരണം. ഒരിടം വരെ പോകാനുണ്ട്” പ്രാതൽ കഴിഞ്ഞു റൂമിലേക്ക് വിളിച്ചു അത്രയും പറഞ്ഞിട്ട് ആൾ പോയി.

അതിനി എവിടേയ്ക്ക് ആണാവോ… ഹരിയേട്ടന്റെ ലുക്കിന് മാച്ച് ആകുന്ന, അതായത് റിച് ലുക്കുള്ള ഡ്രസുകൾ ഇന്നും എന്റെ കയ്യിൽ ഉണ്ടായിരുന്നില്ല. ഒടുവിൽ എന്റെ ബ്ലൗസിന് മാച്ച് ആകുന്ന ഒരു സാരി അലമാരയിൽ നിന്ന് എടുത്തുടുത്തു. അമ്മയോട് പറഞ്ഞു ഇറങ്ങിയപ്പോഴേക്കും കാറിനരികിൽ അക്ഷമനായി കാത്തു നിൽക്കുകയാണ് കണവൻ. എന്നെ കണ്ടതും അകത്തു കയറി ഡോർ വലിച്ചടച്ചു. കയറണോ വേണ്ടയോ എന്ന കൺഫ്‌യൂഷനിൽ ഞാൻ അവിടെ തന്നെ നിന്നു.

തുടരും

നിവേദ്യം : ഭാഗം 2

Share this story