രാജീവം : ഭാഗം 2

രാജീവം : ഭാഗം 2

എഴുത്തുകാരി: കീർത്തി

ആരും ഇങ്ങോട്ട് വരില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ആ തിരക്കിൽ നിന്നെല്ലാം ഒഴിഞ്ഞു കുളപ്പടവിൽ വന്നിരുന്നത്. ശാന്തമായി കിടക്കുന്ന ‘പച്ചവെള്ളം’. അതിലേക്കങ്ങനെ നോക്കിയിരിക്കുമ്പോൾ മനസും അല്പം ശാന്തമായത് പോലെ തോന്നുന്നു. ഇടയ്ക്ക് തഴുകി തലോടി പോകുന്ന ഇളംക്കാറ്റും. പെട്ടന്ന് പിറകിലൊരു കാൽപ്പെരുമാറ്റം. അച്ഛനാണ്. അധികം വൈകാതെ അച്ഛൻ ഞാനിരിക്കുന്ന പടവിന് തൊട്ടുമുകളിലെ പടിയിലിരുന്നു.

“മോള് ഇവിടെ വന്നിരിക്കാണോ.ഞങ്ങൾ അവിടെ എവിടെയൊക്കെ നോക്കിയെന്നറിയുവോ? ” “……” “മോള് അച്ഛനോട് പിണങ്ങി ഇരിക്കാണോ? ” എന്റെ മുഖം അച്ഛന് അഭിമുഖമായി പിടിച്ചുകൊണ്ട് അച്ഛൻ ചോദിച്ചു. “എന്തിനാ അച്ഛാ ഇത്ര പെട്ടന്ന് ധൃതി പിടിച്ച് ഇപ്പൊ.ഞാൻ പറഞ്ഞതല്ലേ …… ” നിറഞ്ഞുവന്ന കണ്ണുകളോടെ അച്ഛനെ നോക്കി ഞാൻ ചോദിച്ചു. “പെട്ടന്നോ? അച്ഛന്റെ കുട്ടിക്ക് എത്ര വയസായിന്ന് വല്ല വിചാരവുമുണ്ടോ? പിന്നെ…. അച്ഛനറിയാം മോൾക്ക് ഇപ്പൊ ഒരു വിവാഹത്തിന് താല്പര്യമില്ലന്ന്.

പക്ഷെ ഞാനൊരച്ഛനല്ലേ? അമ്മ പോയതിന് ശേഷം എനിക്ക് നീയ്യും നിനക്ക് ഞാനും ഉണ്ടായിരുന്നു. ഒരുപക്ഷെ നാളെ എനിക്കെന്തെങ്കിലും സംഭവിച്ചാൽ ന്റെ കുട്ടി തനിച്ചായിപ്പോവില്ലേ? ” “അച്ഛാ….. അച്ഛനോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട്. ഇങ്ങനെയുള്ള വർത്താനമൊന്നും പറയരുതെന്ന്. നമ്മൾ ഒറ്റയ്ക്കല്ലല്ലോ എല്ലാവരും ഇല്ലേ പിന്നെന്താ? “” “അത് ശെരിയാണ്. എത്ര ബന്ധുക്കൾ ഉണ്ടെന്ന് പറഞ്ഞാലും മോളെ സുരക്ഷിതമായൊരു കൈയിൽ ഏൽപ്പിച്ചു കഴിഞ്ഞാലേ അച്ഛന് സമാധാനമാവൂ.

മോളോട് പറഞ്ഞില്ലെന്നേയുള്ളു രണ്ടാഴ്ച മുൻപ് അച്ഛന് ചെറിയൊരു നെഞ്ചുവേദന വന്നു. മൂന്നാല് ദിവസം ആശുപത്രിയിൽ തന്നെയായിരുന്നു. ” “എന്നിട്ട് എന്നോടൊരു വാക്ക് പറഞ്ഞില്ലല്ലോ…… ” ഞാൻ ആധിയോടെ കരഞ്ഞുകൊണ്ട് ചോദിച്ചു. “ദാ ഇത് കൊണ്ട് തന്നെയാ നിന്നെ അറിയിക്കേണ്ടന്ന് ഞാൻ പറഞ്ഞത്. അതുകൊണ്ട് കൂടിയാണ് ഇങ്ങനെയൊക്കെ……. എന്റെ മോള് ഈ വിവാഹത്തിന് സമ്മതിക്കണം. അച്ഛന് വേണ്ടി. എതിരൊന്നും പറയരുത്. ” നിർബന്ധത്തിന് വഴങ്ങി അച്ഛന്റെ സന്തോഷത്തിന് വേണ്ടി ഞാനാ വിവാഹത്തിന് സമ്മതിച്ചു. “മോൾക്ക് ചെറുക്കനെ കാണണ്ടേ.

അച്ഛന്റെ കൈയിൽ ഫോട്ടോയുണ്ട്.” “വേണ്ട. ഏതായാലും ഇത്രയും ആയതല്ലേ. അച്ഛന്റെ സെലെക്ഷൻ ഒട്ടും മോശാവില്ല്യാന്ന് എനിക്കറിയാം. അതുകൊണ്ട് ഞങ്ങൾ തമ്മിൽ നാളെ മണ്ഡപത്തിൽ വെച്ച് പരസ്പരം കണ്ടാൽ മതി. അതിനൊരു ത്രില്ലുണ്ട് ന്റെ മഹാദേവാ… ” “അച്ഛനെ പേരെടുത്തു വിളിക്കുന്നോടി അസത്തെ. ” അച്ഛൻ ചിരിയോടെ എന്നെ അടിക്കാൻ കൈയോങ്ങിയതും ഞാൻ രണ്ടുപടി മുകളിലേക്ക് ഓടിക്കയറി. ശേഷം രണ്ടുപേരും കൂടി വീട്ടിലേക്ക് നടന്നു. “കണ്ടോ ഞാനപ്പളെ പറഞ്ഞില്ലേ എന്റെ മോള് കല്യാണത്തിന് സമ്മതിക്കുംന്ന്.

ഇവളേയ് ഈ മഹാദേവന്റെ മോളാ. ” എല്ലാരുടെയും മുന്നിലേക്ക് എന്നെ നിർത്തികൊണ്ട് അച്ഛൻ സന്തോഷത്തിൽ പറഞ്ഞു. ഞാൻ വിവാഹത്തിന് സമ്മതിച്ചുന്ന് അറിഞ്ഞപ്പോൾ എല്ലാവർക്കും സമാധാനമായി ഒപ്പം ആഘോഷങ്ങളെല്ലാം ഒന്നൂടെ ഉഷാറായി. പലർക്കും വിശ്വസിക്കാനും പ്രയാസമായിരുന്നു. മാളുവിനടക്കം. രാവിലെ നേരത്തെ എഴുന്നേറ്റ് മാളുവിനെയും കൂട്ടി അമ്പലത്തിൽ പോയി തൊഴുതുവന്നു. അമ്മയുടെ അസ്ഥിത്തറയിൽ ചെന്ന് പ്രാർത്ഥിച്ച് അനുഗ്രഹവും വാങ്ങി.

അതിന് ശേഷം എന്തൊക്കെയാ നടന്നതെന്ന് ഒരു പിടിയുമില്ല. ആകെയൊരു ജഗപൊക. ബ്യൂട്ടീഷ്യൻ ചേച്ചിമാരും മാളുവും കൂടി എന്നെ ഒരുക്കിയെടുത്തു. ഇനി കൂൾ ഓഫ് ടൈമാണ്. എക്സമിനു മുൻപ് ഒന്ന് ശ്വാസം വിടാനുള്ള സമയം പോലെ. തറവാട്ടിൽ വെച്ചുതന്നെയായിരുന്നു വിവാഹം. റൂമിൽ ഞാനും മാളുവും ചെറിയമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. എനിക്കാണെങ്കിൽ വയറിനുള്ളിൽ എന്തൊക്കെയോ ഉരുണ്ടുക്കേറുന്നത് പോലെ തോന്നി. ആളെ ഒന്ന് കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. അതിന്റെ ടെൻഷൻ വേറെ. അച്ഛനോട് എന്താണ് പേരെന്ന് പോലും ചോദിച്ചില്ല.

കഷ്ടം. ഇപ്പൊ ആരോടെങ്കിലും ചോദിക്കാമെന്ന് വെച്ചാൽ നാണക്കേട്. മാളുവിന് അറിയുന്നുണ്ടാവുമോ ആവോ. ഒന്ന് ചോദിച്ചു നോക്കട്ടെ. ഞാൻ അവളെ അടുത്ത് വിളിച്ചു കാര്യം ചോദിക്കാൻ തുടങ്ങിയപ്പോൾ മുത്തശ്ശിയും അമ്മായിമാരും കൂടി അങ്ങോട്ട് വന്നു. “റെഡിയായില്ലേ? ദേ ചെറുക്കനും കൂട്ടരും എത്തി കേട്ടോ. ” കൂട്ടത്തിൽ ഒരു അമ്മായി പറഞ്ഞു. മുത്തശ്ശി അടുത്ത് വന്ന് അടിമുടിയൊന്ന് നോക്കിയ ശേഷം നിറുകയിൽ ചുംബിച്ചു. “ആഹാ… എത്തിയോ? എന്നാ ഞാനിപ്പോൾ വരാം. ഇവള്ടെ ചെക്കൻ എങ്ങനെയുണ്ടെന്ന് ഞാനൊന്ന് നോക്കട്ടെ. ” മാളു പറയലും പുറത്തേക്ക് ഓടലും കഴിഞ്ഞു.

കുറച്ചു കഴിഞ്ഞപ്പോൾ മുഹൂർത്തത്തിന് സമയമായെന്ന് പറഞ്ഞ് സഞ്ജുവേട്ടൻ വിളിക്കാൻ വന്നു. ഞങ്ങൾ അങ്ങോട്ട്‌ നടക്കുമ്പോളാണ് മാളു ഓടിവന്ന് മുത്തശ്ശിയെ ഒരിടി. “ഈ പെണ്ണിന് കണ്ണും മൂക്കൊന്നും ഇല്ലേ. ഇപ്പൊ തന്നെ മനുഷ്യനെ കൊന്നേനല്ലോ? ” മുത്തശ്ശി ദേഷ്യപ്പെട്ടു. പക്ഷെ അവൾ അതൊന്നും കാര്യമാക്കാതെ എന്നോടെന്തോ പറയാൻ ശ്രമിക്കുകയായിരുന്നു. എന്തോ കണ്ട് പേടിച്ചോടി വന്നത് പോലെയാണ് എനിക്ക് തോന്നിയത്. എല്ലാരും മാറി മാറി ചോദിച്ചു. പക്ഷെ കിതപ്പ് മാറിയിട്ട് വേണ്ടേ എന്തെങ്കിലും ഒന്ന് മൊഴിയാൻ.

അവസാനം അവളെ കേൾക്കാൻ നിൽക്കാതെ മുഹൂർത്തം തെറ്റുമെന്ന് പറഞ്ഞ് ഏട്ടൻ എന്നെയും കൊണ്ട് മുന്നോട്ട് നടന്നു. താലത്തിന്റേയും അമ്മായിമാരുടെയും അകമ്പടിയോടെ ഞാൻ മണ്ഡപത്തിൽ ചെന്നിരുന്നു. തൊട്ടടുത്ത് ഇരിക്കുന്ന ആളെ നോക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ എന്തോ നോക്കാൻ കഴിഞ്ഞില്ല. ഞാൻ തല താഴ്ത്തി ഇരുന്നു. അച്ഛനും മറ്റും എന്റെ പിറകിൽ തന്നെ നിൽപ്പുണ്ടായിരുന്നു. എനിക്കറിയാം. ഞാൻ സമ്മതം പറഞ്ഞുവെങ്കിലും തലക്കെട്ട് കഴിഞ്ഞാലേ അച്ഛന് എന്നെ വിശ്വാസമാകൂ. അത്രയ്ക്ക് നല്ല പുള്ളിയാണേയ്. “ഹലോ… ” പെട്ടന്ന് വളരെ ആർദ്രമായ ആ ശബ്ദം എന്റെ കാതുകളെ തേടിയെത്തി.

ടെൻഷനും നാണവും കൂടിക്കലർന്ന ഒരു പുഞ്ചിരിയോടെ ഞാനാ മുഖത്തേക്ക് നോക്കി. നിമിഷങ്ങൾ പോലും വേണ്ടിവന്നില്ല ആ പുഞ്ചിരി മായാൻ. എന്റെ അടുത്തിരിക്കുന്ന ആളെ കണ്ടു ഞാൻ അമ്പരന്നു. “രാജീവേട്ടൻ… !!!” “അപ്പൊ എന്നെ മറന്നട്ടില്ല. സന്തോഷം. ” ആ മുഖത്ത് നിറഞ്ഞ ചിരിയായിരുന്നു. എന്റെ കണ്ണുകൾ ഉടനെ മാളുവിനെ തിരഞ്ഞു. എനിക്ക് നേരെ മുന്നിൽ ഞങ്ങൾക്ക് അഭിമുഖമായി ഒരു ചെയറിൽ ഇരിപ്പുണ്ടായിരുന്നു കക്ഷി. ഞാൻ ദയനീയമായി അവളെ നോക്കി.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story