നിൻ നിഴലായ് : ഭാഗം 9

Share with your friends

എഴുത്തുകാരി: ശ്രീകുട്ടി

” പുള്ളിക്കാരനെ ഞാൻ ആദ്യം കാണുന്നത് ഒന്നര മാസം മുൻപ് ശിവാനിയെന്ന ഞങ്ങളുടെ ശിവയുടെ വിവാഹദിവസമായിരുന്നു. തലേദിവസമേ അങ്ങെത്തിയേക്കണമെന്ന് അവൾ നേരത്തെ പറഞ്ഞിരുന്നതിനാൽ ഞാൻ കെട്ടും പാണ്ടവുമൊക്കെ മുറുക്കിയെങ്കിലും ഒറ്റക്കങ്ങനെ വല്ലോടത്തും പോയി തങ്ങണ്ട എന്ന എന്റെ നേരാങ്ങളയുടെ ഉത്തരവിനടിയിൽ അച്ഛനും അമ്മയും ഏകകണ്ഠമായി ഒപ്പിട്ടതോടെ എന്റെയാ പ്ലാൻ പൊളിഞ്ഞു. പിന്നെ കാലത്ത് ആറുമണിക്ക് വീട്ടിൽ നിന്നിറങ്ങാൻ പ്ലാനിട്ടു.

പക്ഷേ നമ്മുടെ ചങ്കിന്റെ കല്യാണമല്ലേ എല്ലാവരും ഒരുപോലെ സാരിയുടുത്ത് പോയേക്കാമെന്നുള്ള മറ്റ് ചങ്ക് തെണ്ടികളുടെ ഒടുക്കത്തെ ആഗ്രഹം കാരണം എന്റെ ആ പ്ലാനും വളരെ ദയനീയമായി പരാജയപ്പെട്ടു. സാരി കണ്ടിട്ടുണ്ടെന്നല്ലാതെ ഇന്നുവരെ ഉടുത്തിട്ടില്ലാത്ത എനിക്കുണ്ടോ സാരിയുടുക്കാൻ അറിയുന്നു. പിന്നെ മ്മടെ ചങ്കത്തിയും നാത്തൂനും കൂടിയായ ജാനിയെ കിടക്കപ്പായയിൽ നിന്നും വിളിച്ചുപൊക്കി എങ്ങനെയൊക്കെയോ സാരിയൊക്കെ ഉടുത്തുകെട്ടിയപ്പോഴേക്കും മണി ഒൻപത് കഴിഞ്ഞിരുന്നു. എന്തായാലും എങ്ങനെയൊക്കെയോ ഒൻപതരക്ക് ഓഡിറ്റോറിയത്തിലെത്തി.

” ഞങ്ങളിത്രേം നേരം നിന്നെ നോക്കിയിരിക്കുവായിരുന്നു എന്നാപ്പിന്നെ എല്ലാരുമായല്ലോ നമുക്ക് പോയി ശിവേയൊന്ന് കണ്ടിട്ട് വരാം. ” എന്നെ കണ്ടതും കസേരയിൽ നിന്നും എണീറ്റുകൊണ്ട് ദിവ്യ പറഞ്ഞു. ” അത് ശരിയാ മണ്ഡപത്തിൽ ഇറങ്ങുമ്പോൾ കാണാമെന്നുള്ള മോഹമൊന്നും വേണ്ട. താലികെട്ട് സമയത്ത് ക്യാമറമാൻമാരുടെ ബാക്ക് മാത്രേ ബാക്കിയുള്ളവർക്ക് കാണാൻ പറ്റു. ” ദിവ്യയുടെ വാക്കുകൾ ശരി വച്ചുകൊണ്ട് ബാക്കിയെല്ലാം കൂടെ എണീറ്റു. ഞങ്ങൾ ചെല്ലുമ്പോൾ ശിവ ഒരുക്കമൊക്കെ കഴിഞ്ഞ് ആരോടോ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ആ കൂട്ടത്തിൽ ഞങ്ങളും കൂടി. കല്യാണപ്പെണ്ണിന്റെ കൂടെ കുറേ ഫോട്ടോയൊക്കെയെടുത്ത് കഴിഞ്ഞ് ഞങ്ങൾ പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് നമ്മുടെ കഥാനായകൻ അകത്തേക്ക് വന്നത്. ” ആഹ് എടീ ഇത് അരുണേട്ടൻ ഏട്ടന്റെ ഫ്രണ്ടാണ്. ” പെട്ടന്ന് അകത്തേക്ക് വന്ന ആളെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് അടുത്ത് നിന്നിരുന്ന എന്റെ കയ്യിൽ പിടിച്ചുകൊണ്ട് ശിവ പറഞ്ഞു. തന്നെ നോക്കി കോരിത്തരിച്ച് നിൽക്കുന്ന ഞങ്ങളൊരുകൂട്ടം പിടക്കോഴികളെ നോക്കി പുള്ളിക്കാരനും ഒന്ന് പുഞ്ചിരിച്ചു . കൂടിനിന്ന പിടക്കോഴികളുടെ എല്ലാം ഉള്ളിൽ പടപടാന്ന് ലഡ്ഡു പൊട്ടി.

കറുപ്പ് ഷർട്ടും മടക്കിക്കുത്തിയ മുണ്ടുമൊക്കെ ഉടുത്ത് കട്ടത്താടിയൊക്കെ വച്ച വെളുത്തുതുടുത്ത് മൂക്കിന്റവിടൊരു മറുകൊക്കെയുള്ള പുള്ളിയെ കണ്ടതും മ്മടെ റിലേ പോയി. നീല ഞരമ്പുകൾ എഴുന്ന് നിന്നിരുന്ന ചെന്നിയിലൂടെ ചാലിട്ടൊഴുകിയ വിയർപ്പ് പുറം കൈ കൊണ്ട് തുടച്ചുമാറ്റി ചിരിക്കുന്ന അങ്ങേരടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ ഞാൻ ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു. ” എടീ വാ പോകാം ” പെട്ടന്നുള്ള അല്ലിയുടെ വിളി കേട്ട് ഉള്ളിൽ എണീറ്റ് നിന്ന് ഡാൻസ് കളിച്ചുകൊണ്ടിരുന്ന കാട്ടുപിടക്കോഴിയെ തല്ക്കാലം ഉറക്കിക്കിടത്തിയിട്ട് ഞാൻ പതിയെ മനസ്സില്ലാ മനസ്സോടെ അവരോടൊപ്പം മണ്ഡപത്തിന് മുന്നിൽ വന്നിരുന്നു.

അപ്പോഴും ആ ചിരിയിൽ മയങ്ങിയിരിക്കുകയായിരുന്നു ഞാൻ. ” ഒരു പൊളിച്ചേട്ടൻ അല്ലേഡീ ” ” ശരിയാ ആ ചിരി ഓഹ്…. എനിക്ക് വയ്യ ” ഇങ്ങനെ പോകുന്നു മ്മടെ ചങ്ക് കോഴികളുടെ കമന്റുകൾ. ” വയ്യെങ്കിൽ വല്ല ഹോസ്പിറ്റലിലും പോടീ ” സ്വതവേ അസൂയ ഒട്ടുമില്ലാത്തതുകൊണ്ടും പിന്നെ നമ്മുടെ നായകനെ എനിക്കൊട്ടും ഇഷ്ടപ്പെടാതിരുന്നത് കൊണ്ടും ഞാൻ മനസ്സിൽ പറഞ്ഞു. അവളുമാർ ഓരോന്ന് പറയുമ്പോഴും എനിക്ക് ദേഷ്യം സഹിക്കാനെ കഴിഞ്ഞില്ല. അതിനൊക്കെ ഇടയിലും എന്റെ കണ്ണും മനസ്സും പുള്ളിക്കാരനെ തപ്പി ഓഡിറ്റോറിയം മുഴുവൻ തേരാപാരാ ഓടിക്കോണ്ടിരുന്നു.

പക്ഷേ കക്ഷിയുടെ പൊടിപോലും അവിടെങ്ങും കാണാനില്ലായിരുന്നു. അങ്ങനെ താലികെട്ടൊക്കെ കഴിഞ്ഞ് ഊട്ട് പുരയിലെത്തുമ്പോൾ വിളമ്പുകാരുടെ കൂട്ടത്തിൽ ഞാനിത്രേം നേരം തേടി നടന്ന മുഖം. അപ്പോഴത്തെയൊരു സന്തോഷം ജീവിതത്തിൽ അന്നുവരെ അനുഭവിച്ചിട്ടില്ലാത്തതായിരുന്നു. അടുത്ത് വന്നൊരു പുഞ്ചിരി സമ്മാനിച്ച് ഇലത്തുമ്പിൽ വിളമ്പിയ കടുമാങ്ങാ അച്ചാർ എന്താണെന്ന് കൂടി നോക്കാതെ ഞാൻ വാരിത്തിന്നു. പിന്നീട് സാമ്പാറും തോരനും വിളമ്പി വന്നപ്പോഴും ആളുടെ മുഖത്ത് ആ പുഞ്ചിരി അതുപോലെ തന്നെയുണ്ടായിരുന്നു. പിന്നീട് ഓഡിറ്റോറിയത്തിന്റെ പല ഭാഗത്ത്‌ വച്ച് കാണുമ്പോഴും ആളുടെ കണ്ണുകൾ എന്നെ ചുറ്റിപറന്നുകൊണ്ടിരുന്നത് ഞാനറിഞ്ഞിരുന്നു.

അതൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയിട്ടും ഒന്ന് രണ്ട് ദിവസം ആ പുഞ്ചിരി ഉള്ളിലൊരു കുളിർമഴ പെയ്യിച്ചിരുന്നു. പിന്നെ പതിയെ അതൊക്കെ മറന്നിരുന്നു പക്ഷേ ഇങ്ങനെ തേടി വരാനും മാത്രം ആ മനസ്സിൽ ഞാൻ വേരോടിയിരുന്നോ ??? ” ” നിങ്ങൾക്കെന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആവാം കേട്ടോ മോളേ … ” ആ ശബ്ദമാണ് അപർണയെ ഓർമകളിൽ നിന്നുമുണർത്തിയത്. അരുണിന്റെ അച്ഛൻ വേണുഗോപാലിന്റെതായിരുന്നു ആ ശബ്ദം. അത് കേട്ട് അരുൺ ഒരു ചിരിയോടെ പതിയെ എണീറ്റ് മുറ്റത്തേക്ക് ഇറങ്ങി. ഒപ്പം അപർണയും. മുറ്റത്തിന്റെ ഓരത്തെ അശോകത്തിന്റെ ചുവട്ടിൽ അതേ ചിരിയോടെ തന്നെ അവൻ നിന്നിരുന്നു. “

ഇപ്പോഴും അമ്പരപ്പ് മാറിയില്ലേ ?? ” അവനരികിലായ് തല കുമ്പിട്ട് നിന്നിരുന്ന അവളോടായി അരുൺ ചോദിച്ചു. മറുപടിയായി ഒരു പുഞ്ചിരി അവളുടെ അധരങ്ങൾ സമ്മാനിച്ചു. ” എന്നെ ഓർമയുണ്ടായിരുന്നോ ??? ” എന്തോ ആലോചിച്ചുകൊണ്ട് പെട്ടന്ന് അവൾ ചോദിച്ചു. ” മറന്നെങ്കിലല്ലേ ഓർക്കേണ്ടതുള്ളൂ…. ” ഒരു കുസൃതിച്ചിരിയോടെ അവൻ പറഞ്ഞു. ” അന്നവിടെ വച്ച് മനസ്സുകൊണ്ട് ഒപ്പം കൂട്ടിയതാണ് ഈ കിലുക്കാംപെട്ടിയെ ” അവന്റെ വാക്കുകൾ അത്ഭുതത്തോടെയായിരുന്നു അവൾ കേട്ടുനിന്നത്. കുറച്ച് സമയം കൂടിക്കഴിഞ്ഞ് അവർ മടങ്ങുമ്പോൾ ജാനകിയുടെ പിന്നിൽ നിന്നിരുന്ന അപർണയുടെ നോട്ടം അവനെ തേടിയെത്തി.

മിഴികൾ കൊണ്ട് അവളോട് യാത്ര പറഞ്ഞ് ഒരു കുസൃതിച്ചിരിയോടെ അവൻ കാറിലേക്ക് കയറി. ആ കാർ അകന്നുപോകുന്നത് നോക്കി നിൽക്കുമ്പോൾ എന്തിനെന്നറിയാതെ തുള്ളിത്തുളുമ്പുകയായിരുന്നു അപർണയുടെ ഉള്ളം. എല്ലാവരും പോയിക്കഴിഞ്ഞ് മുറിയിലെത്തിയ ജാനകി ചെറിയൊരു തലവേദന പോലെ തോന്നി പതിയെ കിടക്കയിലേക്ക് കിടന്നു. വളരെ വേഗം അവൾ ഉറങ്ങിയും പോയി. പിന്നെയും കുറേ സമയം കൂടിക്കഴിഞ്ഞായിരുന്നു അഭി അങ്ങോട്ട്‌ വന്നത്. ഡോർ തുറന്ന് അകത്തേക്ക് കയറുമ്പോൾ തന്നെ ബെഡിൽ ഉറങ്ങിക്കിടന്നിരുന്ന ജാനകിയെക്കണ്ട് അവൻ പതിയെ വാതിലടച്ചിട്ട് ബാത്‌റൂമിലേക്ക് പോയി.

ബാത്‌റൂമിൽ പോയിട്ട് തിരിച്ച് വന്ന് ഡ്രസൊക്കെ മാറ്റിയിട്ടും അവളങ്ങനെ തന്നെ കിടക്കുന്നത് കണ്ട് അവൻ പതിയെ അവളുടെ അരികിലേക്ക് ചെന്ന് തന്റെ വലതുകരം നീട്ടി അവളുടെ നെറ്റിയിൽ തൊട്ടുനോക്കി. ” എന്താ ??? ” തണുത്ത കരസ്പർശം നെറ്റിയിലനുഭവപ്പെട്ടതും മിഴികൾ തുറന്ന് അവനെ തുറിച്ചുനോക്കി അവൾ ചോദിച്ചു. ” തട്ടിപ്പോയോന്നറിയാൻ നോക്കിയതാ ” ചുണ്ടിൽ വിരിഞ്ഞ മന്ദഹാസം അവളിൽ നിന്നും മറച്ചുകൊണ്ട് അവൻ പറഞ്ഞു. ” എന്നെ തട്ടാനാ പ്ലാനെന്ന് എനിക്ക് നന്നായറിയാം. പക്ഷേ ആ വിചാരമങ്ങ് എട്ടായിട്ട് മടക്കി പോക്കറ്റിൽ തന്നെ വച്ചോ ” പറഞ്ഞുകൊണ്ട് അവൾ അവനെതിർവശം ചരിഞ്ഞ് കിടന്ന് വീണ്ടും മിഴികളടച്ചു. ” ഇവളെയൊക്കെ നോക്കാൻ .

ചെന്ന എന്നെ പറഞ്ഞാൽ മതിയല്ലോ ” പിറുപിറുത്തുകൊണ്ട് അഭി പുറത്തേക്ക് പോയി. പിന്നീടെല്ലാം വളരെ വേഗത്തിലായിരുന്നു. അരുണിന്റെയും അപർണയുടെയും ജാതകങ്ങൾ ഒത്തുനോക്കി നിശ്ചയത്തിനുള്ള മുഹൂർത്തവും കുറിച്ചു. നിശ്ചയം പ്രമാണിച്ച് അടുത്ത ചില ബന്ധുക്കളോടൊപ്പം ജാനകിയുടെ അച്ഛനമ്മമാരും ശ്രീമംഗലത്തേക്ക് എത്തിയിരുന്നു. എല്ലാവരും ഒരുമിച്ചാണ് നിശ്ചയത്തിനുള്ള വസ്ത്രങ്ങളൊക്കെ എടുക്കാൻ പോയത്. ആദ്യം എല്ലാവരും കൂടി സാരി സെക്ഷനിലേക്കാണ് പോയത്. പിങ്ക് നിറത്തിൽ സിമ്പിളായിട്ടൊരു സാരിയായിരുന്നു അപർണയ്ക്ക് സെലക്ട് ചെയ്തത്.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!