രാജീവം : ഭാഗം 5

രാജീവം : ഭാഗം 5

എഴുത്തുകാരി: കീർത്തി

ഇടക്ക് ഒരു പാർട്ട് വിട്ടുപോയിരുന്നു… ആയതിനാൽ 5 പാർട്ടുകളും ഒരുമിച്ചു പോസ്റ്റുന്നു… വായനക്കാർ ക്ഷമിക്കണം. മൂന്നാമത്തെ പാർട്ട് പോസ്റ്റിയിരുന്നില്ല.

PART 1 ……………….. ആളും ബഹളവും നിറഞ്ഞൊരു വിവാഹവീട്. ഓരോരുത്തരും തിരക്കുകളിൽ മുഴുകി ഓടിനടക്കുമ്പോൾ ഒരാൾ മാത്രം ഇതെല്ലാം കണ്ട് നിറക്കണ്ണുകളോടെ മാറി നിൽക്കുകയായിരുന്നു. “സഞ്ജുവേട്ടാ… ” വിളി കേട്ട് അയ്യാൾ തിരിഞ്ഞു നോക്കി. മാളവികയായിരുന്നു. “ഇവിടെ നിൽക്കാണല്ലേ. അവിടെ ദക്ഷിണ കൊടുക്കാൻ തുടങ്ങി. ഏട്ടനെ അന്വേഷിക്കുന്നുണ്ട്. ” “ഞാൻ വന്നോളാം. നീ ചെല്ല്. ” അപ്പോഴാണ് അയ്യാളുടെ കണ്ണ് കലങ്ങിയിരിക്കുന്നത് അവൾ കണ്ടത്. “ഏട്ടൻ കരയാണോ? ” “അത്…. ഞാൻ ഓരോന്ന് ഓർത്തു പോയി. ” “ഇനി അതൊക്കെ ഓർത്തിട്ടെന്താ കാര്യം? ദേ ഈ കലങ്ങിയ കണ്ണും വെച്ചോണ്ട് അവളുടെ മുന്നിലേക്ക് വരരുത് കേട്ടോ. അല്ലെങ്കിൽ തന്നെ വന്നവര് ഓരോരുത്തരും മനുവിനെ കണ്ടിട്ട് പറയുന്നത് കേട്ട് ആ മനസ് ഒരുപാട് വേദനിക്കുന്നുണ്ട്. അവളത് പറഞ്ഞില്ലെങ്കിലും എനിക്കറിയാം അവളെ. അതോടത്ത് ഏട്ടനും…. ” “ഇല്ല മാളു. നീ പൊക്കോ ഞാനങ്ങ് വരാം. ” മാളു പോകുന്നത് നോക്കി അയ്യാൾ നിന്നു. മനസിന് കടിഞ്ഞാണിടാൻ എത്ര ശ്രമിച്ചിട്ടും സഞ്ജുവിന് സാധിച്ചില്ല. അവന്റെ ഓർമ്മകൾ വർഷങ്ങൾ പിറകിലേക്ക് സഞ്ചരിച്ചു.

🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀 പഴമയുടെ പ്രൗഢി നഷ്ടപ്പെടാത്ത ഒരു നാലുകെട്ട് തറവാട്. എല്ലായിടവും പൂക്കളാലും തോരണങ്ങളാലും അലങ്കരിച്ചിരിക്കുന്നു. വാഹനങ്ങളും ആളുകളും വന്നുകൊണ്ടിരിക്കുന്നു. എങ്ങും തിരക്ക് മാത്രം. പണിക്കർക്ക് നിർദ്ദേശങ്ങൾ നൽകിക്കൊണ്ട് തറവാട്ടിലെ കരണവന്മാരും. മുതിർന്നവരും കുട്ടികളും ഒരുപോലെ സന്തോഷത്തോടെ ഓടിനടക്കുന്നു. ഏതാണ്ട് ഒരു ഉത്സവത്തിന്റെ പ്രതീതി. ചുരുക്കം പറഞ്ഞാൽ ആർക്കും നിൽക്കാനും ഇരിക്കാനും നേരമില്ലാത്ത അവസ്ഥ. “ദേവാ….. ദേവാ….. ഇവനിത് എവിടെയാ? ” ഏകദേശം 80നോടടുത്ത് പ്രായം വരുന്ന ശ്രീത്വം വിളങ്ങുന്ന മുഖമുള്ള ഒരു മുത്തശ്ശി അകത്തു നിന്നും ഉച്ചത്തിൽ വിളിച്ചുകൊണ്ട് പുറത്തേക്ക് വന്നു. “ആ…. അമ്മേ… ഞാനിവിടുണ്ട്. ” പന്തലുപണിക്കർക്ക് ഓരോ നിർദ്ദേശങ്ങൾ നല്കിക്കൊണ്ടിരുന്ന ആരോഗ്യദൃഢഗാത്രനായ ഒരു മധ്യവയസ്‌കൻ വിളി കേട്ടു. അപ്പോൾ ആ മുത്തശ്ശി വളരെ പതുക്കെ സൂക്ഷിച്ചു പടിയിറങ്ങി അയ്യാളുടെ അടുത്തേക്ക് ചെന്നു. “എന്താ അമ്മേ? എന്തിനാ എന്നെ അന്വേഷിച്ചത്? “

“എന്താ ദേവാ നീയൊന്നും അറിയാത്തതു പോലെ സംസാരിക്കുന്നത്? മറ്റന്നാളാണ് കല്യാണം. ബന്ധുക്കളും മറ്റും വന്നുതുടങ്ങി. ” “അതാണോ കാര്യം. ഞാനെന്നാൽ അവരോട് ഇപ്പൊ പോയിട്ട് കല്യാണത്തിന്റെ അന്ന് വരാൻ പറയാം. ന്താ? ” തമാശരൂപേണ അയ്യാൾ പറഞ്ഞപ്പോൾ ആ മുത്തശ്ശിയുടെ മുഖം പെട്ടന്ന് മങ്ങി. “പിന്നെ മോളെ പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ? ഇതല്ലേ അച്ഛൻ !” അതിന് മറുപടിയായി അയാളൊന്ന് ചിരിച്ചു. അപ്പോൾ മുത്തശ്ശി തുടർന്നു. “കാര്യം പറയുമ്പോഴാ അവന്റെയൊരു തമാശ. എടാ വരുന്നോരൊക്കെ എന്നോടാ ചോദിക്കുന്നത് മീനു ഇതുവരെ എത്തിയില്ല്യാലോ. ” “അതാണോ? എന്റെ അമ്മേ അമ്മയ്ക്കറിയാവുന്നതല്ലേ എല്ലാം. അവള്ടെ സ്വഭാവം വെച്ച് ഒരു നാലു ദിവസം മുന്പെങ്ങാനും അവളിങ്ങെത്തിയാൽ നമ്മുടെ പ്ലാനിങ്ങെല്ലാം പൊളിയും. ” “അതെനിക്കും അറിയാം. ന്നാലും…. ” “ഒരെന്നാലും ഇല്ല. മറ്റന്നാൾ അവളെ അണിയിച്ചൊരുക്കുമ്പോൾ മാത്രമേ അവള് കാര്യങ്ങളൊക്കെ അറിയാവൂ. ഇല്ലെങ്കിൽ നമ്മളീ ബുദ്ധിമുട്ടിയതെല്ലാം വെള്ളത്തിൽ വരച്ച വര പോലെയാവും. എന്റെ മോളായോണ്ട് പറയല്ല.ഈ വിവാഹം പൊളിച്ചടുക്കി കൈയിൽ തരും ന്റെ പുന്നാരമോള്. ” “അത് പിന്നെ പറയാനുണ്ടോ. എത്ര വട്ടം അനുഭവമുള്ളതാണ് നമുക്ക്. “

“അതാ പറഞ്ഞത് അമ്മ ചെന്ന് ആ ചോദിക്കുന്നവരോട് എന്തെങ്കിലും പറഞ്ഞു പിടിച്ചു നിക്കാൻ. പിന്നെ നാളെ അവളിങ്ങ് വരും. പോരെ. ” “നീ ഒന്നൂടെ ഒന്ന് വിളിച്ചു നോക്ക്. ” അമ്മയോട് പറഞ്ഞു കൊണ്ട് അയ്യാൾ ഫോണെടുത്തു. ഇതേസമയം തിരക്കാർന്നൊരു നഗരത്തിലെ ഐ. ടി. കമ്പനി. ഫോൺ ബെല്ലടിക്കുന്നത് കെട്ട് മാളവിക സിസ്റ്റത്തിൽ നിന്നും കണ്ണെടുക്കാതെ തന്നെ ആ കാൾ അറ്റൻഡ് ചെയ്തു. “ഹലോ… ” “മോളെ മാളു. ഇത് ഞാനാ ദേവൻ മാമയാ. ” “പറഞ്ഞോളൂ അമ്മാമ്മേ എന്താ? ” “മീനു എവിടെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ലല്ലോ? ” “ഇവിടെ ഉണ്ടായിരുന്നു ലോ. ഞാനൊന്ന് നോക്കട്ടെ. തിരിച്ചു വിളിക്കാൻ പറഞ്ഞാൽ പോരെ? ” “അത് വേണ്ട. നീ ഇത് അവൾക്ക് കൊടുക്ക്. ” ഉടനെ മാളവിക തന്റെ സീറ്റിൽ നിന്നും എഴുന്നേറ്റു മീനുവിന് വേണ്ടിയുള്ള തിരച്ചിലിലായി. മാളവികയും മീനുവെന്ന മീനാക്ഷിയും ബന്ധുക്കളാണ്. ഒപ്പം ഒരിക്കലും പിരിയാത്ത രണ്ട് ഇണപ്രാവുകളെ പോലെ. പഠിച്ചതും വളർന്നതും ഇപ്പൊ ജോലി ചെയ്യുന്നതും ഒരുമിച്ച് ഒരിടത്ത്. മാളവികയുടെ ചോദ്യത്തിന് ഓഫീസിലുള്ളവരുടെയെല്ലാം മറുപടി ഒന്ന് തന്നെയായിരുന്നു. “ഇത്രയും നേരം ഇവിടെ ഉണ്ടായിരുന്നു. ഇപ്പൊ എവിടെയാണെന്ന് അറിയില്ല. ” ന്ന്. “മാഡം മിഥുൻ സാറിന്റെ കാബിനിൽ ഉണ്ട്. ” ഒരു സ്റ്റാഫ് പറഞ്ഞു.

അന്വേഷണത്തിനൊടുവിൽ അവള് മീനുവിനെ കണ്ടെത്തിയപ്പോൾ ഫോണും പിടിച്ചു നേരെ അങ്ങോട്ട് വിട്ടു. “ഒഫീഷ്യൽ മാറ്റർ പറയാനുണ്ടെന്ന് പറഞ്ഞത് വെറുതെയാ. എനിക്ക് മീനാക്ഷിയോട് അല്പം തനിച്ചു സംസാരിക്കാൻ….എത്ര നാളായി ഞാൻ തന്നോട് ചോദിക്കുന്നു. ഇത്തവണയെങ്കിലും ഒരു പോസിറ്റീവ് റിസൾട്ട്‌ തന്റെ ഭാഗത്തുന്ന്….. പ്ലീസ്…. ” മിഥുൻ പറഞ്ഞു. “മോനെ മിഥുനെ നീ അധികം പ്ലീസണ്ട. തന്റെ ചോദ്യത്തിനുള്ള മറുപടി ഞാനെന്നോ തന്നതാണ്. കൂടെ വർക്ക്‌ ചെയ്യുന്നതല്ലേ ഇനിയും കാണണ്ടതല്ലേ ന്ന് കരുതിയിട്ടാണ് ഇതുവരെ ഞാൻ തന്നോട് റഫായി പെരുമാറാത്തത്. ഇനിയും ഇങ്ങനെ പറഞ്ഞു പിറകെ വന്നാൽ എന്റെ കൈയിന്റെ ചൂടറിയും നിയ്യ്. പറഞ്ഞില്ലെന്നു വേണ്ട. ” ഞാനും പറഞ്ഞു. ഇവിടെ വന്നപ്പോൾ തൊട്ട് സഹിക്കുന്നതാണ്. എത്ര പറഞ്ഞാലും മനസിലാവില്ലന്ന് വെച്ചാൽ….. “സാരമില്ല. തന്റെ കൈകൊണ്ടല്ലേ ചൂടല്ല എനിക്ക് കുളിരത്തെയുള്ളു. ” അയ്യാൾ പിന്നെയും ഒലിപ്പിക്കുവാണല്ലോ അലവലാതി. എന്നാ കൊടുത്തിട്ട് തന്നെ ബാക്കി കാര്യം. “പിന്നെത്തേക്ക് വെക്കേണ്ട നിനക്കുള്ളത് ഞാൻ ഇപ്പൊ തന്നെ തരാടാ.” പറയുന്നതോടൊപ്പം ഞാൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു. അവനിട്ട് ഒന്ന് പൊട്ടിക്കാൻ തയ്യാറായി അവന്റെ അടുത്തേക്ക് ചെന്നു. കൈ ഉയർത്തിയതും ആ മാളുപ്പെണ്ണ് എവിടുന്നോ ഓടിവന്ന് എല്ലാം നശിപ്പിച്ചു. “മീനു….. ” “എന്താടി? ” “മീനു ദേ അമ്മാവൻ. ” “അയ്യോ… എവിടെ? “

എത്ര ധൈര്യമുണ്ടെങ്കിലും അച്ഛനെ എനിക്ക് പേടിയാ. അതുപോലെ അച്ഛന് എന്നെയും. അതിലേറെ ഒത്തിരി ഇഷ്ടവും. “ദേ ഫോണിൽ…. ” കൈയിലെ ഫോൺ കാണിച്ചു കൊണ്ട് അവൾ പറഞ്ഞു. ഞാൻ വേഗം ഓടിച്ചെന്ന് ഫോൺ വാങ്ങിച്ചു. “മീനാക്ഷി… പ്ലീസ് ഒന്ന് പറഞ്ഞിട്ട് പോടോ. ” അച്ഛനോട് സംസാരിക്കുന്നതിനിടയിൽ ആ കോഴി വിളിച്ചു കൂവി. “എന്റെ മാളു….നീയ്യാ കോഴിടെ വായിൽ വല്ല ഡബിൾ മുണ്ടും തിരുകിക്കേ ഞാനിപ്പോൾ വരാം. ” എന്നിട്ട് ഞാൻ ഫോണും കൊണ്ട് ക്യാമ്പിന് പുറത്തു കടന്നു. അച്ഛന് കുറച്ചു ദിവസമായി ഈ ഫോൺ വിളി അല്പം കൂടിയിട്ടുണ്ട്. എന്താണാവോ? സംസാരിച്ചത് മുഴുവനും ഞങ്ങളോട് രണ്ടുപേരോടും നാട്ടിലേക്ക് ഉടനെ ചെല്ലാൻ പറയാനായിരുന്നു. മുത്തശ്ശിക്ക് ഞങ്ങളെ കാണാൻ തോന്നുന്നുണ്ടത്രേ. പ്രായമായതല്ലേ ഒന്ന് വന്നിട്ട് പൊയ്ക്കോന്ന്. “പെട്ടന്ന് പറഞ്ഞാൽ എങ്ങനെയാ ലീവ് കിട്ടില്ല അച്ഛാ. ” “ലീവ് തന്നില്ലെങ്കിൽ ആ ജോലിയാങ്ങ് രാജി വെച്ചേക്ക്. ” “അച്ഛാ…. ” “എന്ത് ചെയ്തിട്ടായാലും വേണ്ടില്ല നാളെ നിങ്ങൾ രണ്ടാളും ഇവിടെ ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ….. ” “ഇല്ലെങ്കിൽ…… ” “മുത്തശ്ശിയെ അറിയാലോ? പിന്നെ ഞാനും ചിലതൊക്കെ ചെയ്യും. ” ഞാൻ വേറെന്തെങ്കിലും പറയും മുൻപേ അച്ഛൻ ഫോൺ കട്ട്‌ ചെയ്തു. അച്ഛൻ പറഞ്ഞതെല്ലാം മാളുവിനോടും പറഞ്ഞു. രണ്ടുപേരും കൂടെ ഒരുവിധത്തിൽ ലീവ് ഒപ്പിച്ചെടുത്തു.

അങ്ങനെ ഞങ്ങൾ നാട്ടിലേക്കുള്ള തൊട്ടടുത്ത ഫ്ലൈറ്റ് പിടിച്ചു പോന്നു. എയർപോർട്ടിൽ ഞങ്ങൾ വണ്ടി നോക്കി നിൽക്കുകയായിരുന്നു. അച്ഛൻ വിളിച്ചപ്പോൾ പറഞ്ഞിരുന്നു വണ്ടി അയക്കാമെന്ന്. “മാളു ….. മീനു….. ” അപ്പോഴാണ് ഞങ്ങളാ വിളി കേട്ടത്. ആ ശബ്ദത്തിന്റെ ഉടമയെ ഞങ്ങൾ തിരിഞ്ഞു നോക്കി. സഞ്ജുവേട്ടനായിരുന്നു. ഞങ്ങളുടെ മറ്റൊരു കസിൻ. അച്ഛന്റെ മൂത്ത ജ്യേഷ്ഠന്റെ മകൻ. എനിക്ക് അങ്ങേര് വല്യച്ഛന്റെ മകനും മാളുവിന് അമ്മാവന്റെ മകനുമാണ്. ആളും ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. ഹൈദരാബാദിൽ. സത്യത്തിൽ എന്റെയും മാളുന്റെയും റോൾ മോഡൽ ഏട്ടനാണ്. എന്നാൽ ഞങ്ങള് രണ്ടും ഏട്ടന് പാരയും. “സഞ്ജുവേട്ടാ…. ഏട്ടനെന്താ ഇവിടെ? ” മാളുവാണ്. “ഞാൻ നിങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ വന്നതല്ലേ. ” “അതല്ല ഏട്ടനെന്താ ഇപ്പൊ നാട്ടിലാണോ. ഹൈദരാബാദ് ഉപേക്ഷിച്ചോ? ” “ഞാൻ ലീവിലാണ് പെണ്ണുങ്ങളെ. കുറച്ചു ദിവസം ഇവിടെ ണ്ടാവും. പിന്നെ ഞാൻ മാത്രല്ല തറവാട്ടിൽ എല്ലാരും എത്തിയിട്ടുണ്ട്. ” “എല്ലാരും വന്നിട്ടുണ്ട്ന്നോ? അതെന്താ ഇപ്പൊ എല്ലാരും കൂടി? എന്താ വിശേഷം? ” “നിങ്ങള് അങ്ങോട്ടല്ലേ വരുന്നേ. അപ്പൊ അറിയാം. വാ. ” ഏട്ടൻ അധികം ഒന്നും പറയാതെ ഞങ്ങളുടെ ബാഗുമെടുത്ത് നടന്നു.

സംശയത്തിന്റെ വിത്തുകൾ മുളച്ചു തുടങ്ങിയ മനസുമായി ഞാനും മാളുവും പിറകെയും. തറവാട്ടിൽ ചെന്നിറങ്ങിയ ഞങ്ങൾ അവിടുത്തെ അന്തരീക്ഷം കണ്ട് വായും പൊളിച്ചു നിന്നു. വീട് മുഴുവനും അലങ്കരിച്ചിരിക്കുന്നു. പോരാത്തതിന് ഏട്ടൻ പറഞ്ഞതുപോലെ എല്ലാ ബന്ധുക്കളും എത്തിയിട്ടുമുണ്ട്. എന്തെങ്കിലും അറിവുണ്ടോന്നറിയാൻ മാളുവിനെ നോക്കി. എവിടെ? എന്റെ അതേ അവസ്ഥ തന്നെ അവിടെയും. അല്ലേലും അവൾക്ക് എന്തെങ്കിലും അറിയാമെങ്കിൽ അതെന്നോട് പറയും. തീർച്ച. “എന്താണ് രണ്ടും കുന്തം വിഴുങ്ങിയത് പോലെ നിൽക്കുന്നത്. വായോ. ” സഞ്ജുവേട്ടൻ പറഞ്ഞു. ഉടനെ എവിടുന്നൊക്കെയോ കുറേ കുട്ടിപ്പട്ടാളങ്ങൾ ഞങ്ങളെ വന്നു പൊതിഞ്ഞു. “ചേച്ചിമാര് വന്നതല്ലെയുള്ളു. ഒന്ന് ഫ്രഷാവട്ടെ. അതുവരെ മക്കള് അപ്പുറത്ത് പോയി കളിച്ചോ. ” അവരുടെ പിറകെ വന്ന മുത്തശ്ശി പറഞ്ഞു. കൂടെ മറ്റു ബന്ധുജനങ്ങളും ഉണ്ടായിരുന്നു. “എവിടെയോ എന്തോ ചീഞ്ഞു നാറുന്നുണ്ടല്ലോ. ” ഞാൻ ശബ്ദം താഴ്ത്തി മാളുവിനോട് പറഞ്ഞു. “ശെരിയാ. എനിക്കും തോന്നി. ” “എന്താ രണ്ടും കൂടി ഒരു ഗൂഢാലോചന? ” ഏട്ടനാണ്. “ഏയ്‌ ഒന്നൂല്ല്യ. ” “എന്നാ ചെന്ന് ഫ്രഷായിട്ട് വാ ന്നിട്ട് വല്ലതും കഴിക്കാം. ” കണ്ടുപിടിച്ചോളാം എന്ന അർത്ഥത്തിൽ അച്ഛനെയൊന്ന് നോക്കിയിട്ട് ഞാൻ എന്റെ റൂമിലേക്ക് നടന്നു. കുളി കഴിഞ്ഞു കണ്ണാടിയിൽ നോക്കി മുടി കോതിക്കൊണ്ടിരിക്കുമ്പോളാണ് മാളു ഓടിക്കിതച്ചു വരുന്നത്. മുറിക്കകത്ത് കടന്നതും അവള് ഡോർ അടച്ചു കുറ്റിയിട്ടു.

ഏതാണ്ട് പട്ടി ഓടിച്ചുവിട്ടത് പോലെയായിരുന്നു അവളുടെ മട്ടും മാതിരിയും. “എന്താ മാളു എന്തിനാ നീയ്യിങ്ങനെ ഓടിക്കിതച്ചു വന്നത്? ” ആള് മറുപടി പറയാൻ കഴിയാതെ നിന്ന് കിതക്കുകയായിരുന്നു. ഞാൻ റൂമിലിരുന്ന ജഗ്ഗിൽ നിന്നല്പം വെള്ളമെടുത്തു കൊടുത്തു. ഒറ്റവലിക്കാണ് അവളത് കുടിച്ചു തീർത്തത്. എന്നിട്ട് കുറച്ചു ആശ്വാസമായെന്ന് തോന്നിയപ്പോൾ അവൾ പറഞ്ഞു തുടങ്ങി. “ഇവിടെ കാണുന്ന ഈ അലങ്കാരങ്ങളും മറ്റും എന്തിനാണെന്ന് നിനക്ക് മനസ്സിലായോ? ” “ആവോ എനിക്കെങ്ങനെ അറിയാനാ ആരെങ്കിലും ഒന്ന് പറയണ്ടേ. ചോദിക്കുമ്പോൾ വിഷയം മാറ്റുവാ. ” “എന്നാ കേട്ടോ നാളെ ഇവിടൊരു വിശേഷമുണ്ട്. ” “നാളെയോ? അതെന്താ? എന്നിട്ട് എന്നോട് ആരും ഒന്നും പറഞ്ഞില്ലല്ലോ. ” “പറയില്ല. നിന്നോടെന്നല്ല എന്നോടും പറയില്ല. ഇതിപ്പോ സംശയം തോന്നി ഞാനാ കുട്ടിപ്പട്ടാളങ്ങളെ ഒന്നെടുത്തിട്ട് കുടഞ്ഞു. കുറച്ചു ചോക്ലേറ്റ് വാങ്ങി തരാന്ന് പറഞ്ഞു ഒന്ന് സുഖിപ്പിക്കേം ചെയ്തു. അപ്പോഴല്ലേ കാര്യങ്ങൾ അറിഞ്ഞത്. ” “നീ എന്താ അറിഞ്ഞത് അത് പറ. ” “നീ സമാധാനമായിട്ട് കേൾക്കണം. എടുത്ത്ചാടി ഒന്നും ചെയ്യരുത്. ” “ആ സമ്മതിച്ചു. നീ കാര്യം എന്താന്ന് വെച്ചാൽ പറ. നാളെ എന്താ ഇവിടെ? ” “മീനാക്ഷിക്കല്യാണം!!!” “എന്തോന്ന്? ” “എടി നാളെ നിന്റെ കല്യാണമാണെന്ന്. അതിന് വേണ്ടിയാണ് എല്ലാവരും വന്നിരിക്കുന്നത്. ” കേട്ടത് വിശ്വസിക്കാനാവാതെ കുറച്ചു നേരം ഞാനവളെ തന്നെ നോക്കിയിരുന്നു. “സത്യമാടി.

എല്ലാവരും കൂടിയുള്ള ട്രാപ്പായിരുന്നു. ഇനിയിപ്പോ എന്താ ചെയ്യുക.” എന്റെ മനസ് വായിച്ചെടുത്ത പോലെ അവൾ പറഞ്ഞു. എന്റെ മനസ് ആകെ ശൂന്യമായിരുന്നു. എന്നാലും അച്ഛൻ എന്നോട് ഇങ്ങനെ ചെയ്യുമെന്ന് ഞാൻ വിചാരിച്ചില്ല. ഞാൻ പറഞ്ഞിരുന്നതല്ലേ എനിക്കിപ്പോൾ ഒരു വിവാഹം വേണ്ടാന്ന്. എല്ലാം അറിഞ്ഞിട്ടും…… വല്ലാത്ത സങ്കടം തോന്നി. എല്ലാവരോടും ദേഷ്യം. മാളുവിനോട് ഒന്നും പറയാതെ ഞാൻ റൂമിൽ നിന്നിറങ്ങി. പിറകിൽ നിന്നും അവളുടെ വിളികളെ പോലും ഗൗനിച്ചില്ല. ചുറ്റുപാടുമുള്ള അലങ്കാരങ്ങളും തിരക്ക് പിടിച്ചു ഓടിനടക്കുന്ന ഉറ്റവരെയും കണ്ടപ്പോൾ സങ്കടവും ദേഷ്യവും ഒരുപോലെ തോന്നി. മുറ്റത്ത് അച്ഛൻ ശങ്കരൻ മാമയോട് സംസാരിച്ചു നിൽക്കുന്നത് കണ്ടു. അച്ഛന്റെ മുഖത്തും പ്രവർത്തികളിലും എന്നത്തേക്കാളും സന്തോഷവും ഉത്സാഹവുമുണ്ടായിരുന്നു. ഒന്നും കണ്ടുനിൽക്കാനുള്ള ശേഷിയില്ലാതെ ഞാൻ അവിടുന്ന് പുറത്തേക്കിറങ്ങി. “മുത്തശ്ശി മീനൂനെ കണ്ടോ? ” മാളു വീടു മുഴുവൻ മീനുവിനെ അന്വേഷിച്ചു നടക്കുകയായിരുന്നു. ആരും കണ്ടവരില്ല. സന്തോഷത്തോടെ കല്യാണത്തിരക്കിൽ ഓടിനടന്നവരെല്ലാം അങ്കലാപ്പോടെ മീനുവിനെ തിരഞ്ഞുനടക്കാൻ തുടങ്ങി. ഒപ്പം “മീനു… മീനു…” വെന്ന വിളികളും. “അപ്പോൾ… നിങ്ങള് എല്ലാം അറിഞ്ഞു ലെ? ” ദേവൻ മാളവികയോട് ചോദിച്ചു. “അത്…. മാമേ… ഞാൻ…… അറിഞ്ഞിട്ട് അവളോട് പറഞ്ഞില്ലെങ്കിൽ……. ” അവൾ തല കുനിച്ചുനിന്നു കൊണ്ട് പറഞ്ഞു “ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. എല്ലാം അവള് അറിഞ്ഞ സ്ഥിതിക്ക് ഇനി എങ്ങനെയെങ്കിലും അവളെക്കൊണ്ട് സമ്മതിപ്പിച്ചേ മതിയാവൂ. ” “അതിന് അവളെ ഒന്ന് കണ്ടുകിട്ടണ്ടെ. മുങ്ങിയെന്നാ തോന്നണത് ചട്ടമ്പി. ” മുത്തശ്ശി പറഞ്ഞു. മറുപടിയായി അതിനൊരു പുഞ്ചിരി മാത്രം നൽകി മഹാദേവൻ വീടിന്റെ പുറത്തേക്കിറങ്ങി.

PART 2 ………………..  ആരും ഇങ്ങോട്ട് വരില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ആ തിരക്കിൽ നിന്നെല്ലാം ഒഴിഞ്ഞു കുളപ്പടവിൽ വന്നിരുന്നത്. ശാന്തമായി കിടക്കുന്ന ‘പച്ചവെള്ളം’. അതിലേക്കങ്ങനെ നോക്കിയിരിക്കുമ്പോൾ മനസും അല്പം ശാന്തമായത് പോലെ തോന്നുന്നു. ഇടയ്ക്ക് തഴുകി തലോടി പോകുന്ന ഇളംക്കാറ്റും. പെട്ടന്ന് പിറകിലൊരു കാൽപ്പെരുമാറ്റം. അച്ഛനാണ്. അധികം വൈകാതെ അച്ഛൻ ഞാനിരിക്കുന്ന പടവിന് തൊട്ടുമുകളിലെ പടിയിലിരുന്നു. “മോള് ഇവിടെ വന്നിരിക്കാണോ.ഞങ്ങൾ അവിടെ എവിടെയൊക്കെ നോക്കിയെന്നറിയുവോ? ” “……” “മോള് അച്ഛനോട് പിണങ്ങി ഇരിക്കാണോ? ” എന്റെ മുഖം അച്ഛന് അഭിമുഖമായി പിടിച്ചുകൊണ്ട് അച്ഛൻ ചോദിച്ചു. “എന്തിനാ അച്ഛാ ഇത്ര പെട്ടന്ന് ധൃതി പിടിച്ച് ഇപ്പൊ.ഞാൻ പറഞ്ഞതല്ലേ …… ” നിറഞ്ഞുവന്ന കണ്ണുകളോടെ അച്ഛനെ നോക്കി ഞാൻ ചോദിച്ചു. “പെട്ടന്നോ? അച്ഛന്റെ കുട്ടിക്ക് എത്ര വയസായിന്ന് വല്ല വിചാരവുമുണ്ടോ? പിന്നെ…. അച്ഛനറിയാം മോൾക്ക് ഇപ്പൊ ഒരു വിവാഹത്തിന് താല്പര്യമില്ലന്ന്. പക്ഷെ ഞാനൊരച്ഛനല്ലേ? അമ്മ പോയതിന് ശേഷം എനിക്ക് നീയ്യും നിനക്ക് ഞാനും ഉണ്ടായിരുന്നു. ഒരുപക്ഷെ നാളെ എനിക്കെന്തെങ്കിലും സംഭവിച്ചാൽ ന്റെ കുട്ടി തനിച്ചായിപ്പോവില്ലേ? ” “അച്ഛാ….. അച്ഛനോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട്. ഇങ്ങനെയുള്ള വർത്താനമൊന്നും പറയരുതെന്ന്. നമ്മൾ ഒറ്റയ്ക്കല്ലല്ലോ എല്ലാവരും ഇല്ലേ പിന്നെന്താ? “” “അത് ശെരിയാണ്. എത്ര ബന്ധുക്കൾ ഉണ്ടെന്ന് പറഞ്ഞാലും മോളെ സുരക്ഷിതമായൊരു കൈയിൽ ഏൽപ്പിച്ചു കഴിഞ്ഞാലേ അച്ഛന് സമാധാനമാവൂ.

മോളോട് പറഞ്ഞില്ലെന്നേയുള്ളു രണ്ടാഴ്ച മുൻപ് അച്ഛന് ചെറിയൊരു നെഞ്ചുവേദന വന്നു. മൂന്നാല് ദിവസം ആശുപത്രിയിൽ തന്നെയായിരുന്നു. ” “എന്നിട്ട് എന്നോടൊരു വാക്ക് പറഞ്ഞില്ലല്ലോ…… ” ഞാൻ ആധിയോടെ കരഞ്ഞുകൊണ്ട് ചോദിച്ചു. “ദാ ഇത് കൊണ്ട് തന്നെയാ നിന്നെ അറിയിക്കേണ്ടന്ന് ഞാൻ പറഞ്ഞത്. അതുകൊണ്ട് കൂടിയാണ് ഇങ്ങനെയൊക്കെ……. എന്റെ മോള് ഈ വിവാഹത്തിന് സമ്മതിക്കണം. അച്ഛന് വേണ്ടി. എതിരൊന്നും പറയരുത്. ” നിർബന്ധത്തിന് വഴങ്ങി അച്ഛന്റെ സന്തോഷത്തിന് വേണ്ടി ഞാനാ വിവാഹത്തിന് സമ്മതിച്ചു. “മോൾക്ക് ചെറുക്കനെ കാണണ്ടേ. അച്ഛന്റെ കൈയിൽ ഫോട്ടോയുണ്ട്.” “വേണ്ട. ഏതായാലും ഇത്രയും ആയതല്ലേ. അച്ഛന്റെ സെലെക്ഷൻ ഒട്ടും മോശാവില്ല്യാന്ന് എനിക്കറിയാം. അതുകൊണ്ട് ഞങ്ങൾ തമ്മിൽ നാളെ മണ്ഡപത്തിൽ വെച്ച് പരസ്പരം കണ്ടാൽ മതി. അതിനൊരു ത്രില്ലുണ്ട് ന്റെ മഹാദേവാ… ” “അച്ഛനെ പേരെടുത്തു വിളിക്കുന്നോടി അസത്തെ. ” അച്ഛൻ ചിരിയോടെ എന്നെ അടിക്കാൻ കൈയോങ്ങിയതും ഞാൻ രണ്ടുപടി മുകളിലേക്ക് ഓടിക്കയറി. ശേഷം രണ്ടുപേരും കൂടി വീട്ടിലേക്ക് നടന്നു. “കണ്ടോ ഞാനപ്പളെ പറഞ്ഞില്ലേ എന്റെ മോള് കല്യാണത്തിന് സമ്മതിക്കുംന്ന്.

ഇവളേയ് ഈ മഹാദേവന്റെ മോളാ. ” എല്ലാരുടെയും മുന്നിലേക്ക് എന്നെ നിർത്തികൊണ്ട് അച്ഛൻ സന്തോഷത്തിൽ പറഞ്ഞു. ഞാൻ വിവാഹത്തിന് സമ്മതിച്ചുന്ന് അറിഞ്ഞപ്പോൾ എല്ലാവർക്കും സമാധാനമായി ഒപ്പം ആഘോഷങ്ങളെല്ലാം ഒന്നൂടെ ഉഷാറായി. പലർക്കും വിശ്വസിക്കാനും പ്രയാസമായിരുന്നു. മാളുവിനടക്കം. രാവിലെ നേരത്തെ എഴുന്നേറ്റ് മാളുവിനെയും കൂട്ടി അമ്പലത്തിൽ പോയി തൊഴുതുവന്നു. അമ്മയുടെ അസ്ഥിത്തറയിൽ ചെന്ന് പ്രാർത്ഥിച്ച് അനുഗ്രഹവും വാങ്ങി. അതിന് ശേഷം എന്തൊക്കെയാ നടന്നതെന്ന് ഒരു പിടിയുമില്ല. ആകെയൊരു ജഗപൊക. ബ്യൂട്ടീഷ്യൻ ചേച്ചിമാരും മാളുവും കൂടി എന്നെ ഒരുക്കിയെടുത്തു. ഇനി കൂൾ ഓഫ് ടൈമാണ്. എക്സമിനു മുൻപ് ഒന്ന് ശ്വാസം വിടാനുള്ള സമയം പോലെ. തറവാട്ടിൽ വെച്ചുതന്നെയായിരുന്നു വിവാഹം. റൂമിൽ ഞാനും മാളുവും ചെറിയമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. എനിക്കാണെങ്കിൽ വയറിനുള്ളിൽ എന്തൊക്കെയോ ഉരുണ്ടുക്കേറുന്നത് പോലെ തോന്നി. ആളെ ഒന്ന് കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. അതിന്റെ ടെൻഷൻ വേറെ. അച്ഛനോട് എന്താണ് പേരെന്ന് പോലും ചോദിച്ചില്ല.

കഷ്ടം. ഇപ്പൊ ആരോടെങ്കിലും ചോദിക്കാമെന്ന് വെച്ചാൽ നാണക്കേട്. മാളുവിന് അറിയുന്നുണ്ടാവുമോ ആവോ. ഒന്ന് ചോദിച്ചു നോക്കട്ടെ. ഞാൻ അവളെ അടുത്ത് വിളിച്ചു കാര്യം ചോദിക്കാൻ തുടങ്ങിയപ്പോൾ മുത്തശ്ശിയും അമ്മായിമാരും കൂടി അങ്ങോട്ട് വന്നു. “റെഡിയായില്ലേ? ദേ ചെറുക്കനും കൂട്ടരും എത്തി കേട്ടോ. ” കൂട്ടത്തിൽ ഒരു അമ്മായി പറഞ്ഞു. മുത്തശ്ശി അടുത്ത് വന്ന് അടിമുടിയൊന്ന് നോക്കിയ ശേഷം നിറുകയിൽ ചുംബിച്ചു. “ആഹാ… എത്തിയോ? എന്നാ ഞാനിപ്പോൾ വരാം. ഇവള്ടെ ചെക്കൻ എങ്ങനെയുണ്ടെന്ന് ഞാനൊന്ന് നോക്കട്ടെ. ” മാളു പറയലും പുറത്തേക്ക് ഓടലും കഴിഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ മുഹൂർത്തത്തിന് സമയമായെന്ന് പറഞ്ഞ് സഞ്ജുവേട്ടൻ വിളിക്കാൻ വന്നു. ഞങ്ങൾ അങ്ങോട്ട്‌ നടക്കുമ്പോളാണ് മാളു ഓടിവന്ന് മുത്തശ്ശിയെ ഒരിടി. “ഈ പെണ്ണിന് കണ്ണും മൂക്കൊന്നും ഇല്ലേ. ഇപ്പൊ തന്നെ മനുഷ്യനെ കൊന്നേനല്ലോ? ” മുത്തശ്ശി ദേഷ്യപ്പെട്ടു. പക്ഷെ അവൾ അതൊന്നും കാര്യമാക്കാതെ എന്നോടെന്തോ പറയാൻ ശ്രമിക്കുകയായിരുന്നു. എന്തോ കണ്ട് പേടിച്ചോടി വന്നത് പോലെയാണ് എനിക്ക് തോന്നിയത്. എല്ലാരും മാറി മാറി ചോദിച്ചു. പക്ഷെ കിതപ്പ് മാറിയിട്ട് വേണ്ടേ എന്തെങ്കിലും ഒന്ന് മൊഴിയാൻ.

അവസാനം അവളെ കേൾക്കാൻ നിൽക്കാതെ മുഹൂർത്തം തെറ്റുമെന്ന് പറഞ്ഞ് ഏട്ടൻ എന്നെയും കൊണ്ട് മുന്നോട്ട് നടന്നു. താലത്തിന്റേയും അമ്മായിമാരുടെയും അകമ്പടിയോടെ ഞാൻ മണ്ഡപത്തിൽ ചെന്നിരുന്നു. തൊട്ടടുത്ത് ഇരിക്കുന്ന ആളെ നോക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ എന്തോ നോക്കാൻ കഴിഞ്ഞില്ല. ഞാൻ തല താഴ്ത്തി ഇരുന്നു. അച്ഛനും മറ്റും എന്റെ പിറകിൽ തന്നെ നിൽപ്പുണ്ടായിരുന്നു. എനിക്കറിയാം. ഞാൻ സമ്മതം പറഞ്ഞുവെങ്കിലും തലക്കെട്ട് കഴിഞ്ഞാലേ അച്ഛന് എന്നെ വിശ്വാസമാകൂ. അത്രയ്ക്ക് നല്ല പുള്ളിയാണേയ്. “ഹലോ… ” പെട്ടന്ന് വളരെ ആർദ്രമായ ആ ശബ്ദം എന്റെ കാതുകളെ തേടിയെത്തി. ടെൻഷനും നാണവും കൂടിക്കലർന്ന ഒരു പുഞ്ചിരിയോടെ ഞാനാ മുഖത്തേക്ക് നോക്കി. നിമിഷങ്ങൾ പോലും വേണ്ടിവന്നില്ല ആ പുഞ്ചിരി മായാൻ. എന്റെ അടുത്തിരിക്കുന്ന ആളെ കണ്ടു ഞാൻ അമ്പരന്നു. “രാജീവേട്ടൻ… !!!” “അപ്പൊ എന്നെ മറന്നട്ടില്ല. സന്തോഷം. ” ആ മുഖത്ത് നിറഞ്ഞ ചിരിയായിരുന്നു. എന്റെ കണ്ണുകൾ ഉടനെ മാളുവിനെ തിരഞ്ഞു. എനിക്ക് നേരെ മുന്നിൽ ഞങ്ങൾക്ക് അഭിമുഖമായി ഒരു ചെയറിൽ ഇരിപ്പുണ്ടായിരുന്നു കക്ഷി. ഞാൻ ദയനീയമായി അവളെ നോക്കി.

“ഇതായിരുന്നോടി നീ പറയാൻ വന്നത് ” എന്ന അർത്ഥത്തിൽ ഞാനൊന്ന് നോക്കിയപ്പോൾ എന്റെ മനസറിഞ്ഞ പോലെ അവൾ അതെയെന്ന് തലയാട്ടി. “എന്റെ മീനുക്കുട്ടിക്ക് സുഖം തന്നെയല്ലേ? ” അയ്യാളുടെ പറച്ചിലും മുഖത്തെ വിജയചിരിയും എന്നെ ചൊടിപ്പിച്ചു. ഞാൻ ഇരച്ചു വന്ന ദേഷ്യത്തിൽ ഇരുന്നിടത്ത് നിന്നും എഴുന്നേൽക്കാൻ ഒരുങ്ങിയതും എന്റെ പിറകിൽ എസ്കോര്ട് നിന്നിരുന്ന അച്ഛൻ അപ്പോൾ തന്നെ എന്നെ അവിടെ പിടിച്ചിരുത്തി. നോക്കിയപ്പോൾ എന്നെനോക്കി കണ്ണുരുട്ടി പേടിപ്പിച്ചു. വേറെ നിവർത്തിയില്ലാതെ അവിടെ തന്നെ ഇരുന്നു. അതുകണ്ട് രാജീവേട്ടൻ ആക്കി ചിരിക്കുന്നുണ്ടായിരുന്നു. “എഴുന്നേറ്റ് ഓടാൻ നോക്കിയിട്ട് ഒരു കാര്യവുമില്ല മോളെ. അടങ്ങി ഇരിക്കുന്നതാണ് നല്ലത്. ” ഒരുമാതിരി ഭീഷണി പോലെയായിരുന്നു അത് പറഞ്ഞത്. എനിക്ക് ഈ കല്യാണം വേണ്ടന്ന് ഉറക്കെ വിളിച്ചു പറയാൻ തോന്നി. പക്ഷെ ഇന്നലെ അച്ഛൻ പറഞ്ഞ കാര്യങ്ങളും അച്ഛന്റെ അവസ്ഥയും ഓർത്തപ്പോൾ നാവ്‌ പൊന്തിയില്ല. കൂടാതെ ഇത്രയും ആളുകളുടെ മുന്നിൽ ഞാൻ കാരണം എന്റെ അച്ഛൻ തല കുനിച്ചു നിൽക്കുന്നത് എനിക്ക് സഹിക്കില്ല.

ഇതിന് മുൻപും വിവാഹാലോചനകൾ മുടക്കിയിട്ടുണ്ടെങ്കിലും അതൊന്നും ഇങ്ങനെയൊരു സാഹചര്യത്തിലേക്ക് എത്തിയിരുന്നില്ല. ഒന്നുകിൽ പെണ്ണുകാണൽ ചടങ്ങിന് അല്ലെങ്കിൽ അതിന് ശേഷം ഞാനതെല്ലാം മുടക്കിയിട്ടുണ്ട്. പക്ഷെ ഇതിപ്പോ……വഴികൾ ആലോചിക്കുന്ന കൂട്ടത്തിൽ ഡിവോഴ്സിനെ കുറിച്ചുവരെ ചിന്തിച്ചു. ഒരുപക്ഷെ കതിർമണ്ഡപത്തിൽ ഇരുന്ന് വിവാഹം കഴിയുന്നതിനു മുൻപ് ഡിവോഴ്സിനെ പറ്റി ചിന്തിച്ച ആദ്യത്തെ കല്യാണപ്പെണ്ണ് ഞാനായിരിക്കും. അശാന്തമായ മനസോടെ ഓരോന്ന് ആലോചിച്ച് ഇരിക്കുമ്പോളാണ് “മുഹൂർത്തമായി. താലി കെട്ടിക്കോളു” ന്നുള്ള പൂജാരിയുടെ വാക്കുകൾ ഇടുത്തി പോലെ എന്റെ ചെവിയിൽ തുളഞ്ഞു കയറിയത്. ഉടനെ രാജീവേട്ടൻ എന്റെ മുഖത്തിന് നേരെ ഒരു ആലിലത്താലി പൊക്കിപ്പിടിച്ചു. ഒപ്പം “കണ്ടോടി “ന്നുള്ള അർത്ഥത്തിൽ എന്നെയും ആ താലിയെയും മാറി മാറി നോക്കി. രാജീവേട്ടനിൽ നിന്നു മുഖം തിരിച്ചു മാളുവിനെ നോക്കിയപ്പോൾ അവൾ ശില കണക്കെ ഞങ്ങളെ ഉറ്റുനോക്കി ഇരിപ്പായിരുന്നു. വൈകാതെ രാജീവേട്ടൻ എന്റെ കഴുത്തിൽ താലി ചാർത്തി. കണ്ണുകളടച്ച് ഞാനൊരു ദീർഘശ്വാസമെടുത്തു. മനസ് ശൂന്യമായിരുന്നതുകൊണ്ട് ഒന്നും പ്രാർത്ഥിക്കാനും സാധിച്ചില്ല.

ഒരു പാവയെപോലെ ഞാനിരുന്നു കൊടുത്തു. “ചെക്ക് !!! ഞാൻ പറഞ്ഞില്ലേ ഈ രാജീവല്ലാതെ വേറൊരുത്തനും നിന്റെ കഴുത്തിൽ താലി കെട്ടില്ലെന്ന് . ” പതിഞ്ഞ ശബ്ദത്തിൽ രാജീവേട്ടൻ എന്റെ ചെവിയിൽ പറഞ്ഞു. മറുപടിയായി കടുപ്പിച്ചൊന്ന് നോക്കിയപ്പോൾ ദുഷ്ടൻ ഒരു വഷളൻ ചിരിയോടെ എന്നെ നോക്കി സൈറ്റടിച്ചു. ശേഷം ഒരു നുള്ള് സിന്ദൂരത്താൽ രാജീവേട്ടൻ എന്റെ സീമന്തരേഖയെ ചുവപ്പണിയിച്ചു. തുടർന്നുള്ള ചടങ്ങുകൾക്ക് മുതിർന്നവരുടെ നിർദേശങ്ങൾ അനുസരിക്കുന്ന ഒരു പാവയായിരുന്നു ഞാൻ. അവരെ കൂടാതെ ഫോട്ടോഗ്രാഫർമാരുടെ വക വേറെ. എന്നാൽ രാജീവേട്ടൻ ഇതെല്ലാം ആസ്വദിക്കുകയായിരുന്നു. മാളുവിനെ ഒത്തിരി നോക്കിയെങ്കിലും അവളെ പിന്നെ ആ പരിസരത്തേക്ക് തന്നെ കണ്ടില്ല. എന്നെ ഈ മാക്കാന് ഇട്ടുകൊടുത്തിട്ട് നാടുവിട്ടോ ആവോ?

PART 3 ……………….. ചടങ്ങുകൾ എല്ലാം കഴിഞ്ഞ് എല്ലാവരോടും യാത്ര പറഞ്ഞ് ആ കാലന്റെ വീട്ടിലേക്ക് പുറപ്പെട്ടു. അച്ഛനോടും മറ്റും എത്ര ബഹുമാനത്തോടെയും സ്നേഹത്തോടെയുമാണ് രാജീവേട്ടൻ പെരുമാറുന്നത്. ചരിത്രവും പുരാണവുമൊക്കെ എനിക്കും മാളുവിനുമല്ലേ അറിയൂ. എന്നാലും എന്റെ ഭഗവാനെ എത്രയെത്ര ആലോചനകൾ വന്നതാ. അതെല്ലാം പൊളിച്ചടുക്കി അവസാനം അച്ഛന്റെ സങ്കടത്തിൽ വീണ് സമ്മതിച്ചത് ഇയ്യാളോടുത്തുള്ള വിവാഹത്തിന് ആയിരുന്നെന്ന് അറിഞ്ഞില്ലല്ലോ. ഈ ചതി എന്നോട് വേണ്ടായിരുന്നു. ഇനി ഒരുപക്ഷെ പഴയതൊക്കെ അച്ഛനോട് പറഞ്ഞിട്ടുണ്ടാവുമോ. ഏയ്‌… ഉണ്ടെങ്കിൽ എപ്പോഴേ ചോദ്യം വന്നേനെ. കെട്ടിപിടുത്തവും കൂട്ടക്കരച്ചിലുമെല്ലാം കഴിഞ്ഞു രാജീവേട്ടന്റെ വീട്ടിലെത്തി. യാത്രയിൽ ഉടനീളം മിഴികൾ തോരാതെ പെയ്യുകയായിരുന്നു. എന്തുകൊണ്ടോ രാജീവേട്ടനും ശല്യത്തിനൊന്നും വന്നില്ല. എന്നെ എന്റെ ലോകത്ത് തനിച്ചു വിട്ടു. രാജീവേട്ടന്റെ അമ്മ തന്ന നിലവിളക്കും പിടിച്ചു വലതുകാൽ വെച്ച് ഞാനാ വീട്ടിലേക്ക് കയറി. ഒത്തിരി ബന്ധുക്കൾ അവിടെയും ഉണ്ടായിരുന്നു. എന്നാൽ രാജീവേട്ടനും അച്ഛനും അമ്മയും അനിയൻ രാഹുലുമടങ്ങുന്ന ഒരു കൊച്ചു കുടുംബമാണ് അത്. രാത്രിയിലെ റിസപ്ഷൻ കഴിഞ്ഞതും ബന്ധുക്കൾ എല്ലാം അവരവരുടെ വീടുകളിലേക്ക് പോയി. പിന്നീട് ആ വീട്ടിൽ ഞങ്ങൾ അഞ്ചു പേരും അച്ഛന്റെ ഒരു പെങ്ങളും ഭർത്താവും അവരുടെ രണ്ടു മക്കളും മാത്രമായി. വീണയും വാണിയും. വാണി ഒരു പാവം കുട്ടിയാണ്. പക്ഷെ വീണ.

അവളിച്ചിരി മോഡേൺ ആണ്. രൂപത്തിലും ഭാവത്തിലും. കൂടാതെ വന്നപ്പോൾ തൊട്ട് ഞാൻ ശ്രദ്ധിക്കുകയാണ് എന്നെ കാണുമ്പോൾ മാത്രം ഏതാണ്ട് ചെകുത്താൻ കുരിശ് കണ്ടത് പോലൊരു നോട്ടം. വല്ലാത്തൊരു ദേഷ്യവും. ഞാൻ അവളോട്‌ എന്തോ വലിയ പാതകം ചെയ്തത് പോലെ. ഇനി ഒരുപക്ഷെ ഈ വിവാഹം അവൾക്ക് ഇഷ്ടപ്പെട്ടില്ലേ ആവോ. ബന്ധം വെച്ച്നോക്കുമ്പോൾ രാജീവേട്ടൻ അവളുടെ മുറച്ചെറുക്കനല്ലേ. അങ്ങനെ എന്തെങ്കിലും ആണെങ്കിൽ അവളെ വിട്ടുകളയരുത്. മുറുകെ പിടിക്കണം. മിക്കവാറും അവൾ എനിക്കുള്ള തുറുപ്പുചീട്ടാവാൻ സാധ്യതയുണ്ട്. ചിലപ്പോൾ ഞാൻ ചെയ്യേണ്ട പലതും ഇവള് ചെയ്‌തെന്ന് വരാം. ഞാനോർത്തു. രാത്രിയിൽ അമ്മ ഒരു ഗ്ലാസ്‌ പാൽ കൈയിൽ വെച്ചുതന്നു. അതുമായി ആ ഭൂതത്താൻ കോട്ടയിലേക്ക് കയറിചെന്ന ഞാൻ അന്തം വിട്ടു. ഇതിപ്പോ എന്റെ റൂമാണോ അതോ ആ കാലന്റെ റൂമാണോ. ബെഡിന് നേരെ മുകളിലായി രാജീവേട്ടനും അച്ഛനും അമ്മയും അനിയനും ഉള്ള ഒരു വലിയ ഫോട്ടോ ഒഴിച്ച് ബാക്കി എല്ലായിടത്തും എന്റെ ഫോട്ടോസ് ആണ്. അതെല്ലാം നോക്കി അങ്ങനെ നിൽക്കുമ്പോഴാണ് വാതിലടയുന്ന ശബ്ദം കേട്ടത്. തിരിഞ്ഞു നോക്കിയ ഞാൻ കാണുന്നത് ചുമരിൽ ചാരി കൈകൾ രണ്ടും മാറിൽ പിണച്ചുകെട്ടി നിൽക്കുന്ന രാജീവേട്ടനെയാണ്.

എന്നെത്തന്നെ ഉറ്റുനോക്കുന്ന ആ കണ്ണുകളിൽ വിജയത്തിളക്കവും ചുണ്ടിൽ പുച്ഛഭാവവുമായിരുന്നു. ഉള്ളിൽ ഒരു ചെറിയ പേടിയൊക്കെ തോന്നുന്നുണ്ട്. എന്നാലും വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. ദേഷ്യത്തോടെ തലയനക്കി എന്താണെന്ന് ചോദിച്ചു. ഉടനെ കൈകൾ അയച്ച് മുണ്ടെടുത്ത് മടക്കിചുറ്റി എന്റെ നേർക്ക് നടന്നടുത്തു. രാജീവേട്ടൻ മുന്നോട്ട് വരുന്നതിനനുസരിച്ച് ഞാൻ പുറകോട്ടു പൊയ്ക്കൊണ്ടിരുന്നു. അരുതെന്ന് വിലക്കിയിട്ടും എന്റെ കാലുകൾ എന്നെ ചതിച്ചു. രാജീവേട്ടനാണെങ്കിൽ നടക്കുന്നതോടൊപ്പം മീശയും പിരിച്ചു ഒരുമാതിരി വഷളൻ നോട്ടമായിരുന്നു. സംഭരിച്ചു വെച്ചിരുന്ന ധൈര്യം ചേർന്നുപോകാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ഇനിയും പുറകോട്ടു പോകാൻ പറ്റാതെ ഞാൻ ചുമരിൽ തട്ടിനിന്നു. എന്റെ വീട്ടിലായിരുന്നു എങ്കിൽ ഇച്ചിരികൂടി ധൈര്യമുണ്ട്. ഇതിപ്പോ ഇയ്യാളുടെ താവളത്തിൽ. പോരാത്തതിന് ഭർത്താവെന്ന അധികാരവും. എന്നാലും മുഖത്തെ ദേഷ്യം ഒട്ടും കുറയ്ക്കാതെ ഞാനും ആ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി നിന്നു. സൈഡിലൂടെ അവിടുന്ന് മാറാൻ തുനിഞ്ഞതും രാജീവേട്ടൻ കൈകൾരണ്ടും എന്റെ ഇരുവശങ്ങളിലായി ചുമരിൽ വെച്ച് ലോക്ക് ചെയ്തു. ഒപ്പം കുറച്ചുകൂടി എന്നോട് ചേർന്നുനിന്നു. “എങ്ങോട്ടാ ഓടിപോകുന്നെ? ഉണ്ണിയാർച്ചയുടെ ശൗര്യമൊക്കെ ചോർന്നുപോയോ? ” “മാറി നിൽക്ക്. ആണുങ്ങളായാൽ ഇങ്ങനെ ചതിയിലൂടെയല്ല വാക്ക് പാലിക്കേണ്ടത്. “

“അതിന് ആര് ചതിച്ചു. ഞാൻ നേരായ വഴിയിലൂടെ തന്നെയാണ് നിന്നെ സ്വന്തമാക്കിയത്. വീട്ട്കാരുടെയും ബന്ധുക്കളുടെയും നാട്ടുകാരുടേയുമൊക്കെ മുന്നിൽ വെച്ച് അന്തസായി നിന്റെ കഴുത്തിൽ താലികെട്ടിയാടി ഞാൻ വാക്ക് പാലിച്ചത്. പിന്നെ… അച്ഛൻ നിന്നോട് ചോദിച്ചതല്ലേ ഫോട്ടോ കാണണോന്ന്. വേണ്ടന്ന് നീ തന്നെയല്ലേ പറഞ്ഞത്. ” “ഓഹ്… അതൊക്കെ അറിഞ്ഞിരുന്നു ലെ. ” “പിന്നല്ലാതെ. പൊന്നുമോള് വിവാഹം മുടക്കാൻ പല വഴികളും നോക്കുംന്ന് അച്ഛൻ പറഞ്ഞപ്പോൾ എല്ലാം സർപ്രൈസായിട്ട് ഒരുക്കാംന്ന് ഞാനാ അവരോട് പറഞ്ഞത്. എന്നാലും ഞാനാണെന്ന് നീ മുന്നേ അറിയുമോന്ന് എനിക്ക് ചെറിയൊരു ഭയം ഉണ്ടായിരുന്നു. പക്ഷെ കണ്ടോ എന്റെ സ്നേഹം ആത്മാർത്ഥവും സത്യവുമാണ്. അതുകൊണ്ടല്ലേ ഇപ്പോൾ നീ എന്റെ മുന്നിൽ ഇങ്ങനെ നിൽക്കുന്നത്. ” “എന്റെ കഴുത്തിലൊരു താലി കെട്ടിയെന്ന് വെച്ച് താൻ ജയിച്ചുന്ന് കരുതണ്ട. എന്റെ മനസ്സിൽ ഒരിക്കലും ഒരു ഭർത്താവിന്റെ സ്ഥാനം തനിക്ക് കിട്ടാൻ പോണില്ല. ” “അതൊക്കെ നിന്റെ ഇഷ്ടം. പക്ഷെ എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് നീ മാത്രമാണ്. അന്നും ഇന്നും എന്നും. ” അപ്പോൾ രാജീവേട്ടന്റെ വാക്കിലും നോക്കിലും നിറഞ്ഞു നിന്നത് എന്നോടുള്ള അടങ്ങാത്ത പ്രണയമായിരുന്നു.എന്നാൽ എന്റെ മനസ്സിൽ അയാളോടുള്ള ദേഷ്യവും. കുറച്ചു നേരത്തേക്ക് ഞങ്ങൾ മൗനം ഭഞ്ജിച്ചു. അണുവിട മാറാതെ ആള് അതെ നിൽപ്പ് തന്നെ.

ഒന്ന് മുന്നിൽന്ന് മാറിയിരുന്നെങ്കിൽ എവിടെലും പോയി തല ചായ്ക്കാമായിരുന്നു. കുത്തബ് മിനാർ പോലെ നിൽക്കല്ലേ സാധനം. ഞാൻ രാജീവേട്ടനിൽ നിന്നും നോട്ടം മാറ്റി നിലത്തേക്ക് നോക്കി നിന്നു. പെട്ടന്നാണ് ഒട്ടും പ്രതീക്ഷിക്കാതെ ആ അധരങ്ങൾ എന്റെ കവിളിൽ പതിഞ്ഞത്. ഞെട്ടി തലയുയർത്തി നോക്കിയ ഞാൻ കാണുന്നത് പ്രണയാർദ്രമായി ഒരു കുസൃതി ചിരിയോടെ എന്നെ നോക്കുന്നതാണ്. “ടോ താനെന്ത് വൃത്തിക്കേടാ ഈ കാണിച്ചത്? ” ഞാൻ ദേഷ്യപ്പെട്ടു. “നമ്മുടെ ഫസ്റ്റ് നൈറ്റായിട്ട് ഇതെങ്കിലും തരണ്ടേ ഞാനെന്റെ ഭാര്യയ്ക്ക്. ” പറഞ്ഞു കഴിഞ്ഞതും ആള് ബെഡിൽ ചെന്ന് മലർന്നുകിടന്നു. ഞാനാണെങ്കിൽ വായിൽ തോന്നിയ ചീത്തയെല്ലാം വിളിച്ച് നേര്യതിന്റെ തലപ്പുകൊണ്ട് കവിൾ തുടക്കുകയായിരുന്നു. വൃത്തിക്കെട്ടവൻ എന്ത് ധൈര്യത്തിലാണ്…. ഛെ. അലവലാതി. 🎶മധുവിധു രാവുകളെ സുരഭിലയാമങ്ങളെ മടിയിലൊരാൺപ്പൂവിനെ താ…. 🎶 കാലൻ മലർന്നുകിടന്ന് മുകളിലേക്ക് നോക്കി ഗാനമേള നടത്താണ്. വേറൊരു പാട്ടും കിട്ടിയില്ലേ ഈ കൊശവന് പാടാൻ. അയാൾടെ ഒരു മധുവിധു. തന്റെ മധു ഞാൻ വിധുവാക്കി തരാടോ മാക്കാനേ. “ആ കവിള് നുള്ളിപ്പറിക്കാതെ ലൈറ്റ് അണച്ചിട്ട് ഇവിടെ വന്ന് കിടക്കൂ കുട്ടി. “

“അയ്യടാ കൂടെ കിടക്കാൻ പറ്റിയ ഒരാള്. ഞാനിന്ന് ഉറങ്ങുന്നില്ല. എന്തേ? ” “വേണ്ട. അവിടിരുന്നോ. ഞാൻ ധൈര്യായിട്ട് ഉറങ്ങട്ടെ കാവലിന് ആളുണ്ടല്ലോ. ” അതും പറഞ്ഞ് ആ ദുഷ്ടൻ ബെഡിന് ഒരു വശം ചേർന്നുതിരിഞ്ഞു കിടന്നു. ഞാൻ കുറേ നേരം അവിടെ പോസ്റ്റായി നിന്നു. നിന്ന് നിന്ന് മടുത്തപ്പോൾ റൂമിനകത്ത് നൈറ്റ്‌ വാക്കിങ് ആരംഭിച്ചു. അതും മടുത്തപ്പോൾ ഒരു മൂലയ്ക്ക് ഇരിപ്പായി. രാജീവേട്ടൻ ഉറക്കത്തിൽ ഏതൊക്കെയോ ലോകത്തെത്തിയെന്ന് തോന്നുന്നു. ആലോചനകൾക്ക് വിരാമമിട്ട് കണ്ണുകളിൽ നിദ്രദേവി തഴുകി തുടങ്ങി. അങ്ങനെ ഇരുന്ന് എപ്പോഴോ ഉറങ്ങിപോയി. സൂര്യരശ്‌മികൾ കൺപ്പോളകൾക്കിടയിലൂടെ കണ്ണിലേക്കു അരിച്ചിറങ്ങിയപ്പോഴാണ് കണ്ണ് തുറന്നത്. നോക്കിയപ്പോൾ ഞാൻ കിടക്കുന്നത് ബെഡിലാണ്. പുതപ്പുകൊണ്ട് പുതച്ചിട്ടുമുണ്ട്. അടുത്ത് രാജീവേട്ടനെ കാണുന്നുമില്ല. എവിടെ പോയി ആവോ. പിന്നെ കിടക്കാതെ വേഗം എഴുന്നേറ്റ് കുളിച്ചു താഴേക്ക് ചെന്നു. അടുക്കളയിൽ അമ്മയും അപ്പച്ചിയും പിന്നെ വേറൊരു ചേച്ചിയും ഉണ്ടായിരുന്നു. അമ്മ അവരെ എനിക്ക് പരിചയപ്പെടുത്തി തന്നു. അമ്മയ്ക്ക് സഹായത്തിനു നിർത്തിയിരിക്കുന്ന ചേച്ചിയാണ്. തുളസി. ആരോരുമില്ലാത്ത ഒരു പാവം. അടുക്കളയിൽ അപ്പച്ചിയും ഉണ്ടായിരുന്നു. ഞാൻ കരുതിയത് മകളെ പോലെത്തന്നെ അമ്മയ്ക്കും എന്നോട് ദേഷ്യമായിരിക്കും എന്നാണ്. സാധാരണ അങ്ങനെയാണല്ലോ.

പക്ഷെ നേരെ മറിച്ചാണ് സംഭവിച്ചത്. എന്നോട് വളരെ സ്നേഹത്തോടെയാണ് അപ്പച്ചി പെരുമാറിയത്. അവരോടൊപ്പം ഓരോന്ന് ചെയ്തു ഞാനും അവിടെ കൂടി. കുറച്ചു കഴിഞ്ഞപ്പോൾ വാണി അങ്ങോട്ട്‌ വന്നു. അവളുമായി ഞാൻ പെട്ടന്ന് കൂട്ടായി. മറ്റവളെ പോലെയല്ല. ഒരു വായാടി. ഏത് നേരവും എന്തെങ്കിലുമൊക്കെ കലപില സംസാരിച്ചു കൊണ്ടിരിക്കണം അവൾക്ക്. അങ്ങനെ നിൽക്കുമ്പോഴാണ് ഉമ്മറത്തു നിന്നും അച്ഛന്റെ വക ചായയ്ക്കുള്ള ഓർഡർ വന്നത്. അമ്മ അച്ഛന് ചായ എടുക്കുന്ന കൂട്ടത്തിൽ അങ്കിൾനും പിന്നെ വേറെ രണ്ട് ഗ്ലാസിൽ കൂടി ചായയെടുത്തു. രാജീവേട്ടനും രാഹുൽനുമുള്ളതാണത്രേ. “അമ്മേ ചായ ഞാൻ കൊണ്ടുകൊടുത്തോട്ടെ.? ” “അതിനെന്താ മോള് കൊടുത്തോ. രാജീവ്‌ എണീച്ചുവോ? ” “റൂമിൽ ഇല്ലല്ലോ അമ്മേ. ” “എന്നാ മുകളിൽ അറ്റത്തുള്ള മുറിയിൽ കാണും. രാവിലെ എണീച്ചാൽ രാഹുൽനേം കുത്തിപ്പൊക്കി അതിനകത്തു കയറും. പിന്നെ കുറേ നേരം അതിനകത്താണ്. എല്ലാം കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ രാഹുൽന്റെ മുഖമൊന്ന് കാണണം. ” അമ്മ ചിരിയോടെ പറഞ്ഞു. ഞാൻ ട്രേയുമെടുത്ത് പുറത്തേക്കും. അച്ഛനും അങ്കിൾനും കൊടുത്തു കഴിഞ്ഞ് ഞാനെന്റെ പ്രാണേശ്വരനെ തപ്പി മുകളിലേക്ക് കയറി. അമ്മ പറഞ്ഞ റൂമിന്റെ വാതിൽക്കൽ എത്തിയപ്പോഴേ കൾക്കുന്നുണ്ട് അകത്തെ ബഹളം.

“ഏത് നേരവും മേലനങ്ങാതെ ഇരുന്ന് വെട്ടിവിഴുങ്ങീട്ട് കണ്ടില്ലേ വല്ല വീപ്പക്കുറ്റി പോലെയായിട്ടുണ്ട്. എന്നാ അതിനനുസരിച്ചു വർക്ക്ഔട്ട് ചെയ്യാൻ പറഞ്ഞാൽ അപ്പൊ തുടങ്ങും വെള്ളം കുടിക്കണം ബാത്‌റൂമിൽ പോണം അമ്മേ കാണണം അച്ഛൻ വിളിക്കുന്നുന്നും പറഞ്ഞ്. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട. മര്യാദക്ക് ചെയ്യടാ അങ്ങോട്ട്‌. ” പാവം രാഹുലെന്ന മാടപ്രാവിനെ നിർത്തി പൊരിക്കുന്നുണ്ട് ദുഷ്ടൻ. രാഹുൽ രാജീവേട്ടനെ പോലെയല്ല. അല്പം തടിച്ച് ഒരു ഗുണ്ടുമണിയാണ്. ഓരോരുത്തരും ഓരോ ശരീരപ്രകൃതിയല്ലേ. എല്ലാരും ഇയ്യാളെ പോലെയാവുമോ കഷ്ടം. ഞാൻ ഡോർ തുറന്നു അകത്തു കയറി. മാടപ്രാവ് സൈക്കിൾ ഓടിക്കാൻ പഠിക്കുകയായിരുന്നു. ഇടയ്ക്കിടെ ഉറക്കം തൂങ്ങി ഡ്രൈവിംഗ് തെറ്റുന്നുമുണ്ട്. അതിന്റെ അവസ്ഥയോർത്ത് സങ്കടം തോന്നി. ഞാൻ അവനെ തട്ടിവിളിച്ച് ചായ കൊടുത്തു. രാജീവേട്ടനെ നോക്കി പേടിച്ചു പേടിച്ചാണ് അവൻ ചായ കുടിച്ചത്. ഇടയിൽ എന്നെനോക്കി എന്തൊക്കെയോ കഥകളിയും കാണിക്കുന്നുണ്ടായിരുന്നു. “എങ്ങനെലുമൊന്ന് രക്ഷിക്ക് ” ന്നുള്ളതിന്റെ പുതിയ ഓരോ മുദ്രകളും ഭാവങ്ങളുമാണ് അതെന്ന് മനസിലാക്കാൻ അധികം സമയം വേണ്ടിവന്നില്ല. പെട്ടന്ന് തോന്നിയ ബുദ്ധിയിൽ “നിന്നെ താഴെ അച്ഛൻ അന്വേഷിച്ചിരുന്നു ” ന്ന് പറഞ്ഞതും “എന്താ അച്ഛാ ” ന്നും വിളിച്ചോണ്ട് അവൻ താഴേക്കോടി.

രാജീവേട്ടൻ എന്നെനോക്കി ഒന്ന് അമർത്തി മൂളിയിട്ട് വീണ്ടും ചെയ്തുകൊണ്ടിരുന്ന കസർത്തിലേക്ക് തിരിഞ്ഞു. ദുഷ്ടൻ ഞാൻ ചായ കൊണ്ടുവന്നത് കണ്ടിട്ടും ഒരു മൈൻഡുമില്ല. ഞാനെന്താ ഇതെടുത്ത് അണ്ണാക്കിൽ ഒഴിച്ച്കൊടുക്കണോ ആവോ. കുറച്ചു നേരം രാജീവേട്ടന്റെ പ്രവൃത്തി നോക്കിനിന്ന എനിക്ക് പെട്ടന്ന് ഓർമ വന്നത് ബോയിങ് ബോയിങ് സിനിമയിലെ മോഹൻലാലിനേയും ആ പാവം കോഴിയെയുമാണ്. അതോർത്തു നിന്ന് അറിയാതെ ഞാൻ ചിരിച്ചുപോയി. ഉടനെ കാലൻ തിരിഞ്ഞു നോക്കിയതും സ്വിച്ച് ഇട്ടപ്പോലെ എന്റെ ചിരി നിന്നു. “എന്താടി വായിനോക്കി നിന്ന് ഇളിക്കുന്നെ? ” “അയ്യടാ വായിനോക്കാൻ പറ്റിയൊരു മൊതല്. ഹും… സൽമാൻ ഖാനാണെന്നാ വിചാരം. കണ്ടാലും മതി. കാറ്റ് നിറച്ച് വെച്ചതാണോന്ന് ആർക്കറിയാം. ” “ദേ പെണ്ണെ ഞാൻ കഷ്ടപ്പെട്ട് മെയിന്റൈൻ ചെയ്തു കൊണ്ടുനടക്കുന്ന എന്റെ ബോഡിയെ പറഞ്ഞാലുണ്ടല്ലോ… ” “അതിന് പറയാൻ എന്തേലും ഉണ്ടായിട്ട് വേണ്ടേ. ഈ കാണുന്ന മസിലും വയറ്റിലെ പാക്കുകളും ഉണ്ടായിട്ടൊന്നും ഒരു കാര്യവുമില്ല. നിവിൻ ചേട്ടൻ പറഞ്ഞപോലെ കേരളത്തിലെ ആമ്പിള്ളേർക്ക് എന്തിനാ സിക്സ്പാക്ക്. അവരൊരു ഷർട്ടും മുണ്ടുമുടുത്ത് നെറ്റിയിലൊരു ചന്ദനകുറിയും തൊട്ട് ഇറങ്ങിയാലുണ്ടല്ലോ നിങ്ങടെ ഈ സിക്സ്പാക്കൊക്കെ വല്ല തോട്ടിലും പോയികിടക്കും. “

“നീ കുറെ നേരായല്ലോ തുടങ്ങീട്ട്. ചായ തരാൻ വന്നാൽ തന്നിട്ട് പോ. അല്ലാതെ ഇവിടെ കിടന്നു വാചകമടിച്ചാലുണ്ടല്ലോ എന്റെ ഭാര്യയ്ക്ക് ഇന്നലെ കവിളത്തു കിട്ടിയത് വേറൊരിടത്ത് കിട്ടും. ” രാജീവേട്ടൻ തന്റെ തന്നെ ചുണ്ടിൽ തടവിക്കൊണ്ട് അവലക്ഷണം കെട്ട ഒരു ചിരിയോടെ പറഞ്ഞു. “വൃത്തിക്കെട്ടവനെ ഞാനെന്റെ അച്ഛനോട് പറഞ്ഞു കൊടുക്കുംടോ നോക്കിക്കോ. ” “ആഹ്… ബെസ്റ്റ്. എന്നാ ചെല്ല്. പോയി ഇപ്പൊ തന്നെ പറഞ്ഞിട്ട് വാ. നാണമുണ്ടോടി നിനക്ക്. ഇതൊക്കെ അച്ഛനോട് പോയി പറയുന്നു. കഷ്ടം. ” “താൻ പോടോ അലവലാതി, ദുഷ്ട, വൃത്തിക്കെട്ടവനെ, കോഴി…. ” “എടി നിന്നെ ഞാൻ…. ” പറയുന്നതോടൊപ്പം എന്റെ നേരെ പാഞ്ഞതും കൈയിലെ ട്രേ കണ്ടൊരിടത്ത് വെച്ച് ഞാൻ പുറത്തേക്കോടി. കാലന്റെ കൈയിൽന്ന് രക്ഷപെട്ട സന്തോഷത്തിൽ ചിരിച്ചു കൊണ്ട് ഓടിവന്നപ്പോൾ ആരുമായോ കൂട്ടിയിടിച്ചു. തലയുയർത്തി നോക്കിയ ഞാൻ കണ്ടത് എന്നെനോക്കി ദഹിപ്പിക്കുന്ന രണ്ട് ചോരക്കണ്ണുകളാണ്.

PART 4 ………………..  വീണയായിരുന്നു ആ കണ്ണുകളുടെ ഉടമ. വർധിച്ചു വന്ന ദേഷ്യത്തിൽ അവൾ എന്നോടെന്തോ പറയാൻ ഒരുങ്ങിയതും എന്റെ പിറകിൽ വന്ന രാജീവേട്ടനെ കണ്ടു. ഉടനെ ആ വാക്കുകളെ തൊണ്ടയിൽ തന്നെ വിഴുങ്ങി എന്നോടുള്ള ദേഷ്യം നിലത്ത് ചവിട്ടിതീർത്ത് റൂമിലേക്ക് കയറി പോയി. പിന്നീടുള്ള രണ്ടു മൂന്നു ദിവസം വിരുന്നിനുപോക്കും സൽക്കാരങ്ങളും ഒക്കെയായിരുന്നു. മറ്റുള്ളവരുടെ മുന്നിൽ ഉത്തമഭാര്യഭർത്താക്കന്മാരും ഒറ്റയ്ക്ക് കിട്ടുമ്പോൾ കീരിയും പാമ്പുമായിരുന്നു ഞങ്ങൾ. ഇതിന്റെ ഇടയിൽ ‘ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം ‘ന്ന് പറഞ്ഞത് പോലെ വീണപിശാശ്. അവൾക്ക് അവളുടെ മുറച്ചെറുക്കനെ വേണമെങ്കിൽ തല നന്നായി വർക്ക്‌ ചെയ്ത് എടുത്തോണ്ട് പൊക്കൂടെ. എന്തിനാ വെറുതെ എന്നെ നോക്കി ദഹിക്കുന്നെ ആവോ. ഞാനെന്തോ അങ്ങേരെ കെട്ടിപ്പൂട്ടി വെച്ചിരിക്കുന്ന പോലെയാണ് പെണ്ണിന്റെ നോട്ടവും ഭാവവും. “എനിക്കൊന്നും വേണ്ട നീ ആ സാധനത്തിനെ മുഴുവനായും എടുത്തോ “ന്ന് പറയാൻ പല തവണ നാവ്‌ തരിച്ചതാണ്. പക്ഷെ എന്തോ ഒന്ന് എന്റെ നാവിനെ നിശ്ചലമാക്കി. പക്ഷെ ഒരു ദിവസം രാജീവേട്ടന്റെ കൈയിൽ നിന്നും അവൾക്കൊരു ഡോസ് കിട്ടി. അതിന്റെ പിറ്റേന്ന് കിട്ടാവുന്നതെല്ലാം കെട്ടിപെറുക്കി അവൾ സ്ഥലം വിട്ടു. വീട്ടിൽ നിന്ന് അച്ഛൻ ദിവസവും വിളിക്കും. മാളുവും. തുടരാൻ സാധിക്കില്ലെന്ന് തോന്നിയത് കൊണ്ട് ഞാൻ ജോലി രാജി വെച്ചു. അതിന് ആ മിഥുൻ ഭയങ്കര കരച്ചിലും പിഴിച്ചിലുമായിരുന്നു.

രാത്രിയിൽ ഭക്ഷണം കഴിച്ചോണ്ട് ഇരിക്കുമ്പോഴാണ് അമ്മ പറഞ്ഞത് നാളെ വീട്ടിൽ പൊയ്ക്കൊള്ളാൻ. വിവാഹം കഴിഞ്ഞിട്ട് പോയില്ലല്ലോ. കുറച്ചു ദിവസം അവിടെ നിന്ന് അവിടുന്ന് നേരെ ബാംഗ്ലൂർക്ക് പോകാലോന്ന്. രാജീവേട്ടനും എന്തൊക്കെയോ അഭിപ്രായങ്ങൾ പറയുന്നുണ്ട്. മൗനമായി ആ സംഭാഷണം കേട്ടുകൊണ്ടിരുന്നു. അപ്പോഴാണ് മനസിലായത് എന്റെ ഭർത്തൂന് ബാംഗ്ലൂർ ആണ് ജോലിയെന്ന്. അവിടെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിലെ മെയിൻ ആർക്കിടെക്ട് ആണെന്ന്. രണ്ടാഴ്ച കൂടുമ്പോഴൊക്കെയാണത്രെ വീട്ടിലേക്ക് വരാറ്. വല്ല തിരക്കും ഉണ്ടായാൽ അതുമില്ല. പിറ്റേന്ന് രാവിലെ എണീച്ചപ്പോൾ തൊട്ട് മനസിന് വല്ലാത്ത സന്തോഷമായിരുന്നു. അല്ലെങ്കിലും സ്വന്തം വീട്ടിലേക്ക് പോകുന്ന കാര്യം വരുമ്പോൾ വിവാഹം കഴിഞ്ഞ എല്ലാ പെൺകുട്ടികൾക്കും ഒരു പ്രത്യേക സന്തോഷമാണ്. ആ ഒരു സന്തോഷത്തിൽ ചിരിയോടെയാണ് രാവിലെ രാജീവേട്ടാനുള്ള ചായ കൊണ്ടുകൊടുത്തത്. അപ്പോൾ അങ്ങേര് എന്നെ കണ്ണുമിഴിച്ച് നോക്കുന്നുണ്ടായിരുന്നു. ഇനി ആള് മാറിയോന്നെങ്ങാനും ആവും.

അങ്ങോട്ട്‌ പോകുന്നതിനോടൊപ്പം ഈ രാജീവ്‌ മോന് ചില പണികൾ കൊടുക്കണമെന്ന ദുരുദ്ദേശവും മനസ്സിലുണ്ടായിരുന്നു. പോകാൻ നേരത്ത് ഡ്രസ്സ്‌ മാറാൻ വേണ്ടി റൂമിലേക്ക് ചെന്ന ഞാൻ അവിടുത്തെ കാഴ്ച കണ്ട് അന്തംവിട്ടു. എന്റെ കണ്ണുകൾ ഇപ്പൊ പുറത്ത് ചാടുമെന്ന് അവസ്ഥയായി. രാജീവേട്ടൻ ഒരു മെറൂൺ കളർ ഷർട്ടും കസവ്കര മുണ്ടുമുടുത്ത് കണ്ണാടിക്ക് മുന്നിൽ നിന്ന് ചന്തം നോക്കുന്നു. ഇടയ്ക്ക് അതിൽ നോക്കി സ്വയം കൊഞ്ഞനം കുത്തുന്നുമുണ്ട്. ഭഗവാനെ വട്ടായോ? ഞാൻ വന്നത് അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. പെട്ടന്ന് എന്തോ ഓർമ വന്നത് പോലെ ഷെൽഫിൽ പരത്തുന്നത് കണ്ടു. എന്താണാവോ ഇത്ര കാര്യമായി തിരയുന്നത്. തിരക്കിനൊടുവിൽ എന്റെ സിന്ദൂരചെപ്പ് കൈയിൽ കിട്ടിയപ്പോൾ ആ മുഖത്തുണ്ടായ പ്രകാശമൊന്ന് കാണേണ്ടതാണ്. സാക്ഷാൽ സൂര്യൻ മാറിനിൽക്കും. അതിൽ നിന്നും ഒരു നുള്ളെടുത്ത് നെറ്റിയിൽ തൊട്ടതിന് ശേഷമായി പിന്നെത്തെ ചന്തം നോക്കൽ. ഇയ്യാൾടെ ദേഹത്ത് സേതുരാമയ്യരുടെ ബാധ വല്ലതും കൂടിയോ ആവോ. രാവിലെ തന്നെ ചുവപ്പ് കുറി.

ഒരുവിധം തൃപ്തിയായെന്ന് തോന്നിയപ്പോൾ ആണ് കണ്ണാടിക്ക് മുന്നിൽ നിന്നൊന്ന് മാറിയത്. അപ്പോൾ മാത്രമാണ് എന്നെയും കണ്ടുള്ളു. ഉടനെ മുണ്ടിന്റെ ഒരറ്റമെടുത്ത് ഇടതുകൈയിൽ പിടിച്ച് എന്റടുത്തേക്ക് വന്നു. ആ വരവ് കണ്ടു ഞാൻ പോലുമറിയാതെ എന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു. ആ കുസൃതിചിരിയിലും നോട്ടത്തിലും എന്റെ അടിവയറ്റിലൊരു മഞ്ഞു വീഴുന്ന സുഖവും ഞാനറിഞ്ഞു. “വായിനോക്കി നിൽക്കാതെ വേഗം റെഡിയായി വാടി. ” അതും പറഞ്ഞു എന്റെ തലയ്ക്കിട്ടൊരു കിഴുക്കും തന്ന് ആളിറങ്ങിപ്പോയി. അയ്യേ ഞാനെന്തിനാ ആ അലവലാതിയെ വായിനോക്കി നിന്നത്. അരുത് മീനാക്ഷി അരുത്. കണ്ട്രോൾ യുവർ സെൽഫ്. അവന്റെ വലയിൽ ഇനിയും വീഴരുത്. ഉള്ളിലിരുന്ന് ആരോ പറയുന്നത് പോലെ. ആലോചിച്ചു നിക്കാതെ പെട്ടന്ന് റെഡിയായി ഞാനും ഇറങ്ങി. വീട്ടിലേക്കുള്ള യാത്രയിൽ മുഴുവൻ ഞാൻ ഗഹനമായ ചിന്തയിലായിരുന്നു. എങ്ങനെയൊക്കെ രാജീവേട്ടന് പണികൊടുക്കാമെന്ന് തല പുകഞ്ഞാലോചിച്ചു. സഹിക്കെട്ട് രാജീവേട്ടൻ എന്നെ വീട്ടിൽ ഉപേക്ഷിച്ചു പോകണം.

അതാണെന്റെ ലക്ഷ്യം. ഉയർന്ന തലച്ചോറിന്റെ പ്രവർത്തനവും സ്റ്റീരിയോയിൽ നിന്ന് കേൾക്കുന്ന നല്ല മെലഡിസും പിന്നെ പകുതി താഴ്ത്തിയ വിൻഡോയിലൂടെ വരുന്ന കാറ്റും ഒക്കെയായപ്പോൾ ഞാൻ സീറ്റിൽ ചാരിയിരുന്ന് ഉറങ്ങിപോയി. വീടെത്തിയെന്ന് പറഞ്ഞ് രാജീവേട്ടൻ തട്ടിവിളിക്കുമ്പോളാണ് ഞാൻ കണ്ണ് തുറന്നത്. വണ്ടിയുടെ ശബ്ദം കേട്ട് എല്ലാവരും പുറത്തേക്ക് വന്നു. ചെറിയൊരു കുശലാന്വേഷണത്തിന് ശേഷം രാജീവേട്ടൻ വണ്ടിയിൽ നിന്ന് കുറച്ചു കവറുകൾ പുറത്തെടുത്തു. ഞാൻ വണ്ടിയിലിരുന്ന് ഉറങ്ങിയപ്പോൾ വാങ്ങിച്ചതാണെന്ന് തോന്നുന്നു. എല്ലാവരോടും വിശേഷങ്ങൾ പങ്കുവെച്ച് കഴിഞ്ഞതും മാളുവിനെയും കൂട്ടി ഞാൻ റൂമിലേക്കോടി. എല്ലാ സംഭവവികാസങ്ങളും അവളെ പറഞ്ഞുകേൾപ്പിച്ചു. എല്ലാം കേട്ടുകഴിഞ്ഞ് കുറച്ചു നേരത്തേക്ക് അവളൊന്നും മിണ്ടിയില്ല. “മീനു ഞാനൊരു കാര്യം പറഞ്ഞാൽ നീ ദേഷ്യപ്പെടുമോ? ” “എന്താ? ” “അത് പിന്നെ. ഏതായാലും നിങ്ങൾ തമ്മിലുള്ള വിവാഹം കഴിഞ്ഞു. രാജീവേട്ടനാണെങ്കിൽ നിന്നെ ഭയങ്കര ഇഷ്ടമാണ്. എങ്കിൽ പിന്നെ…. “

“എങ്കിൽ പിന്നെ..? ” “നിനക്കും രാജീവേട്ടനെ തിരിച്ചു സ്… നേ…. ഹി….. ച്ചൂടെ….. ന്ന് ” “മാളൂ !!!!” “നീയെന്തിനാ എന്നോട് ചൂടാവുന്നത്. ഞാൻ എനിക്ക് തോന്നിയത് പറഞ്ഞുന്നല്ലേ ഉള്ളു. നിനക്ക് ഇഷ്ടമല്ലെങ്കിൽ വേണ്ട. ” “നീ തന്നെ എന്നോട് ഇത് പറയണം. എല്ലാം അറിയാവുന്നതല്ലേ നിനക്ക്. എന്നിട്ടും…. ” “മീനു പക്ഷെ നിനക്കും അങ്ങേരെ ഇഷ്ടമായിരുന്നില്ലെ? .. ” “അതെ. സമ്മതിച്ചു. പക്ഷെ…… ” അവൾ എന്തോ പറയാൻ വന്നതും രാജീവേട്ടൻ അങ്ങോട്ട്‌ വന്നു. ഞങ്ങൾ രണ്ടുപേരും ദഹിപ്പിക്കും വിധത്തിൽ രാജീവേട്ടനെ തന്നെ നോക്കി നിന്നു. ആള് പക്ഷെ അതൊന്നും ഗൗനിക്കാതെ ചിരിച്ചു കൊണ്ടാണ് ഞങ്ങളുടെ അടുത്തേക്ക് വന്നത്. “ഹായ്… പരട്ടാസ്. ” “ടോ… താനെന്താ ഞങ്ങളെ വിളിച്ചേ? ” ഞാൻ ദേഷ്യപ്പെട്ടു. “സാധാരണത്തെ പോലെ ഒരമ്മയുടെ വയറ്റിൽ ജനിച്ചിരുന്നെങ്കിൽ ഇരട്ടകളെന്ന് വിളിക്കാമായിരുന്നു. ഇതിപ്പോ അങ്ങനെയല്ല. പക്ഷെ അതുപോലെ ആണ് താനും. അതുകൊണ്ട് പരട്ടാസ്. സ്വഭാവം കൊണ്ടും രണ്ടിനും ചേരുന്ന പേരും അതാണ്. ” “ഹും…. ” ഞാൻ മുഖം തിരിച്ചു നിന്നു. “മാളവിക ഇവിടെയൊക്കെ ഉണ്ടായിരുന്നു ലേ.

തിരക്കിനിടയിൽ കാണാൻ പറ്റിയില്ല. നിങ്ങൾ രണ്ടും ഇപ്പോഴും ഒരുമിച്ചാണ് ലെ. ” “മ്മ്മ്…. . ” “എങ്കിൽ ഇപ്പൊ ഒരുമിക്കണ്ട. പിന്നെയാവാം. ഇപ്പൊ ഈ സ്വർഗത്തിലെ കട്ടുറുമ്പ് ആവാൻ നിക്കാതെ മാളവിക വേഗം സ്ഥലം വിട്ടേ. ” എന്റെ അടുത്ത് വന്നു തോളിലൂടെ കൈയിട്ട് ചേർത്ത് പിടിച്ചു കൊണ്ടു രാജീവേട്ടൻ പറഞ്ഞു. കേൾക്കണ്ട താമസം “അയ്യേ “ന്നും പറഞ്ഞു അവൾ ഓടി. ആ ദിവസങ്ങളിൽ ഭക്ഷണം കഴിക്കുമ്പോഴോ അല്ലെങ്കിൽ രാത്രി കിടക്കാൻ നേരത്തോ ഒക്കെയേ രാജീവേട്ടനുമായി കണ്ടിരുന്നുള്ളൂ. പരമാവധി സമയം മാളുവിന്റെ കൂടെ കഴിച്ചുക്കൂട്ടും. സഞ്ജുവേട്ടനായിരുന്നു രാജീവേട്ടന് കൂട്ട്. അങ്ങനെ ഇരിക്കുമ്പോളാണ് ഒരു ദിവസം മുത്തശ്ശി പറയുന്നത് “മോനെ കൊണ്ടുപോയി നാടൊക്കൊ ഒന്ന് കാണിക്കാൻ. എപ്പോഴും വീട്ടിനകത്ത് തന്നെയല്ലെ ” ന്ന്. ഇയ്യാളിനി ഈ നാട് കാണാത്ത കുറവേ ഉള്ളു. ഞാൻ മനസ്സിൽ പിറുപിറുത്തു. സഞ്ജുവേട്ടൻ അച്ഛനോടൊപ്പം പറമ്പിൽ തേങ്ങയിടുന്ന സ്ഥലത്താണ്. അങ്ങനെ രാജീവേട്ടനെയും കൂട്ടി നാട് കാണിക്കാൻ ഇറങ്ങി. ഞങ്ങളോടൊപ്പം വരാൻ നിന്ന മാളുവിനെ മുത്തശ്ശി പിടിച്ചു വെച്ചു.

ഗ്രാമഭംഗിയും കണ്ട് നടക്കുമ്പോളാണ് എനിക്കൊരു ബുദ്ധി തോന്നിയത്. നാട്ടിലെ പേരെടുത്ത ‘അലവലാതി ഷാജിയാണ്’ വിക്ടർ. അവന് പാടത്തിന്റെ അടുത്ത് റോഡിനോട്‌ ചേർന്ന് ഒരു കുഞ്ഞു ഒറ്റമുറി വീടുണ്ട്. ശിങ്കിടികളോടൊപ്പം സ്ഥിരം കള്ളുകുടിയും മറ്റുമാണ് അവിടുത്തെ പ്രാധാനപരിപാടി. അതുവഴി പോകുന്ന പെൺകുട്ടികളെ അസഭ്യം പറയലും മറ്റുമാണ് അവരുടെ വിനോദം. രാജീവേട്ടനെയും കൊണ്ട് അതുവഴിയൊന്ന് പോയാലോന്ന് ഞാനോർത്തു. ഒന്നുകിൽ അവര് നന്നാവും അല്ലെങ്കിൽ രാജീവേട്ടൻ നല്ല ബുദ്ധി തോന്നി എന്നെ ഉപേക്ഷിച്ചു പോകും. ഇത്രയും വലിയ കുരുക്കിൽ കൊണ്ടുചാടിക്കുന്ന ഒരു പെണ്ണിന്റെ കൂടെ ജീവിക്കാൻ ആരാ തയ്യാറാവുക. ഈ വഴി പോയാൽ നല്ല പാടം കാണാമെന്ന് പറഞ്ഞ് രാജീവേട്ടനെയും കൂട്ടി ഞാൻ നടന്നു. വിചാരിച്ച പോലെ വിക്ടറും സംഘവും അവിടെ ഉണ്ടായിരുന്നു. എന്നെ കണ്ടതും തുടങ്ങി ഓരോന്ന് കമന്റ് പറയാൻ. ആദ്യം കുറെ ക്ഷമിച്ചുവെങ്കിലും പിന്നീട് രാജീവേട്ടന്റെ നിയന്ത്രണം വിട്ടു. വായ കൊണ്ട് തുടങ്ങിയ വഴക്ക് കൈകൊണ്ടും കാല്കണ്ടുമായി മാറി. കുറ്റം പറയരുതല്ലോ നല്ല സ്റ്റൈലൻ നാടൻ തല്ല്.

രാജീവേട്ടന്റെ തല്ല് കണ്ട് സ്വയം മറന്നു നിന്ന്പോയി. തല്ല് കണ്ടിട്ട് വിക്ടറും കൂട്ടരും നന്നാവുന്ന ലക്ഷണമാണ്. അങ്ങനെ കണ്ട് നിൽക്കുന്നതിനിടയിൽ ഒരുത്തൻ എന്റെ നേർക്ക് ഓടിവന്നു. “വായിനോക്കി നിക്കാതെ വീട്ടിൽ പോടി. ” പെട്ടന്നാണ് രാജീവേട്ടന്റെ അലർച്ച കേട്ടത്. അത് കേട്ട് പേടിച്ചു തിരിഞ്ഞോടാൻ നിന്ന എന്റെ പിറകെ അയാളും വരുന്നുണ്ടായിരുന്നു. അത് കണ്ടതും ഞാൻ വേഗം ജീവനും കൊണ്ടോടി. ഏതൊക്കെയോ വഴിയിലൂടെ ഓടിക്കിതച്ച് ഞാൻ എത്തിപ്പെട്ടത് പറമ്പിലെ തേങ്ങക്കണക്ക് നോക്കുന്നവരുടെ മുന്നിലേക്കാണ്. എന്റെ മട്ടും ഭാവവും കണ്ട് എല്ലാവരും വന്ന് കാര്യമന്വേഷിച്ചു. ഞാൻ നടന്നതെല്ലാം പറഞ്ഞപ്പോൾ ഉടനെ സഞ്ജുവേട്ടൻ അങ്ങോട്ട് ഓടി. അച്ഛനും മറ്റും എന്നെയും കൂട്ടി വീട്ടിലേക്കും. വീട്ടിൽ എല്ലാവർക്കും ടെൻഷനായിരുന്നു. ഒരു കുഞ്ഞു പണികൊടുക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ. അതിന് വേണ്ടി ചെയ്തതാണ്. പക്ഷെ ഇത്രയും കാര്യവുംന്ന് വിചാരിച്ചില്ല. ഈശ്വരാ ഒരാപത്തും വരുത്തരുതേ. ഞാൻ പോലുമറിയാതെ ഒരുനിമിഷം എന്റെ കൈ കഴുത്തിൽ കിടന്ന താലിയിലേക്ക് നീണ്ടു. എല്ലാവരും അക്ഷമരായി അവർക്ക് വേണ്ടി ഉമ്മറത്തും മുറ്റത്തുമായി കാത്തുനിൽക്കുകയായിരുന്നു.

അപ്പോഴാണ് ഒരു ടാക്സി മുറ്റത്തു വന്നുനിന്നത്. മുൻപിൽ നിന്നും ആദ്യം സഞ്ജുവേട്ടൻ ഇറങ്ങി. ശേഷം പിറകിൽ നിന്നും രാജീവേട്ടനെ താങ്ങി ഇറക്കുന്നുണ്ടായിരുന്നു. ഇടതുകാലിൽ ഒരു കെട്ടുണ്ട്. കൈത്തണ്ടയിലും. “എന്തിനാ മോനെ അവന്മാരുമായി പ്രശ്നത്തിന് പോയത്? എന്തിനാ മീനു നീ മോനെയും കൂട്ടി അതുവഴി തന്നെ പോയത്. നിനക്ക് അറിയാവുന്നതല്ലേ? ” അച്ഛൻ ചോദിച്ചു. “അവളല്ല അച്ഛാ ഞാനാ പറഞ്ഞത് പാടം കാണാൻ പോകാമെന്ന്. ” മറുപടി പറയാതെ ഞാൻ തലകുനിച്ചു നിന്നപ്പോൾ രാജീവേട്ടൻ പറഞ്ഞു. “മ്മ്മ്… ശരി. മീനു നീ മോനെയും കൂട്ടി റൂമിലേക്ക് പോ. അവൻ കുറച്ചു നേരം കിടക്കട്ടെ. ” അച്ഛൻ പറഞ്ഞത് കേട്ട് മറുത്തൊന്നും പറയാതെ രാജീവേട്ടനെയും താങ്ങിപിടിച്ച് ഞാൻ റൂമിലേക്ക് നടന്നു. രാജീവേട്ടനെ ബെഡിൽ കൊണ്ടിരുത്തി കിടന്നോളാൻ പറഞ്ഞു പോകാൻ തിരിഞ്ഞതും എന്നെ പിടിച്ചു വലിച്ചു മടിയിലിരുത്തി. കുതറി എണീക്കാൻ നോക്കിയിട്ടും സാധിച്ചില്ല. “അപ്പൊ എന്നോട് സ്നേഹമുണ്ടല്ലേ? ” വളരെ ആർദ്രമായി എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു. “എനിക്ക് ആരോടും സ്നേഹമൊന്നുമില്ല. ” മറുപടിക്കായി കൊതിക്കുന്ന ആ മനസ്സ് കണ്ടിട്ടും കാണാത്തതുപോലെ ഞാൻ പറഞ്ഞു.

എങ്കിൽ പിന്നെ ഇതിന്റെ അർത്ഥമെന്താ? ” എന്റെ കൺപീലികൾക്കിടയിൽ കുരുങ്ങി കിടന്നിരുന്ന ഒരു തുള്ളി കണ്ണീരിനെ ചൂണ്ടുവിരലിലേക്ക് എടുത്തു കാണിച്ചുകൊണ്ടു ചോദിച്ചു. ഒരുനിമിഷം ഞാനും ആ നീർതുള്ളിയെ നോക്കിയിരുന്നു. “മ്മ്മ്…? ” “അത്…. ഞാൻ…… അച്ഛൻ വഴക്ക് പറഞ്ഞതോണ്ടാ. ” “എന്തിനാ മീനു നീയ്യിങ്ങനെ മുഖത്തുനോക്കി കള്ളം പറയുന്നേ. എനിക്കറിയാം നിനക്കും എന്നെ ഒരുപാട് ഇഷ്ടമാണെന്നു. നിന്റെ ഈ കണ്ണുകളിൽ ഞാനത് പലവട്ടം കണ്ടിട്ടുണ്ട്. നീയ്യും എന്നെ സ്നേഹിക്കുന്നുണ്ട്. ” “ഇല്ല. എനിക്ക് നിങ്ങളെ ഇഷ്ടമല്ല. ഇത് നിങ്ങടെ ഒരിക്കലും നടക്കാത്ത വെറും ആഗ്രഹം മാത്രമാണ്. ” അല്പം തറപ്പിച്ചു തന്നെ പറഞ്ഞു. ഞാനത് പറയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു. അത് ശ്രദ്ധിക്കാതെ മനസിനെ കരിങ്കല്ലാക്കി ഞാനവിടുന്ന് ഇറങ്ങി പോന്നു. “മോനെവിടെ? ” രാത്രി എല്ലാവരുമൊത്ത് ഭക്ഷണം കഴിക്കാനിരുന്നപ്പോൾ അച്ഛൻ ചോദിച്ചു. “റൂമിലുണ്ട്. ” “മോൻ വല്ലതും കഴിച്ചോ? ” “…… ” “മീനു നിന്നോടാ ചോദിച്ചത്. ” “അറിയില്ല. ” “പിന്നെ നീ ഇതെങ്ങോട്ടാ ഇരിക്കുന്നത്.

ഭർത്താവ് വല്ലതും കഴിച്ചോന്ന് നോക്കേണ്ടതും ഇല്ലെങ്കിൽ കഴിപ്പിക്കേണ്ടതും ഒരു ഭാര്യയുടെ കടമയാണ്. ചെല്ല്. ചെന്ന് അവന് ഭക്ഷണം കൊടുക്ക്. എന്നിട്ട് നീ കഴിച്ചാൽ മതി. ” ചുറ്റുമുള്ളവരെല്ലാം നിശബ്ദരായി. എല്ലാവരുടെയും നോട്ടം എന്നിലായിരുന്നു. ഞാൻ അനങ്ങാതെ നിൽക്കുന്നത് കണ്ട് അമ്മായി ഒരു പ്ലേറ്റിൽ ചോറും കറികളും എടുത്തു തന്നു. അച്ഛനെ ഒന്ന് നോക്കിയിട്ട് ഞാനതുമായി റൂമിലേക്ക് ചെന്നു. രാജീവേട്ടൻ ബെഡിൽ പില്ലോ വെച്ച് ചാരി ഇരിക്കുകയായിരുന്നു. കൈയിൽ ഒരു ബുക്കുമുണ്ട്. ഞാൻ പ്ലേറ്റ് കൊണ്ടുപോയി അടുത്തുള്ള ടേബിളിൽ വെച്ചു. ഉടനെ രാജീവേട്ടൻ പ്ലേറ്റിലേക്കും എന്റെ മുഖത്തേക്കും മാറിമാറി നോക്കുന്നത് കണ്ടു. “നിന്റെ കൈകൊണ്ട് വാരിത്തന്നൂടെ? ” “അയ്യടാ… ഇള്ളക്കുട്ടിയല്ലെ വായിൽ വാരിത്തരാൻ. വേണേൽ സ്വയം എടുത്തു കഴിക്ക്. ” “മീനു…. !!!!” ഘനഗാംഭീര്യമാർന്ന ദേഷ്യത്തോടെയുള്ള ആ വിളി കേട്ട് ഞങ്ങൾ ഒരുപോലെ തിരിഞ്ഞു നോക്കി.

PART 5 ………………..  വാതിൽക്കൽ എന്നെത്തന്നെ നോക്കി ദേഷ്യത്തോടെ നിൽക്കുകയായിരുന്നു അച്ഛൻ. ആദ്യമായിട്ടാണ് അച്ഛനെ ഇത്രയും ദേഷ്യപ്പെട്ടു കാണുന്നത്. അച്ഛന്റെ ആ രൂപം കണ്ട് എനിക്ക് വല്ലാത്ത ഭയം തോന്നി. “നീ എന്താ പറഞ്ഞത്? ഈ ഇരിക്കുന്നത് നിന്റെ ആരാന്ന് വല്ല ഓര്മയുമുണ്ടോ? ” ഞാൻ തലകുനിച്ചു മിണ്ടാതെ നിന്നു. “നാളെ നിനക്കും ഇതുപോലെ എന്തെങ്കിലും സംഭവിച്ചാൽ ഇവൻ മാത്രമേ കാണൂ നിനക്ക് കൂട്ടിന്. ഒരുപക്ഷെ ഞാൻ പോലും ഉണ്ടായെന്നുവരില്ല. ജീവിതകാലം മുഴുവൻ നിനക്ക് ഒരു താങ്ങും തണലുമായി ഉണ്ടാവുന്നത് ഇവനാണ്. ആ ഇവനോട് പറയാവുന്ന വർത്തമാനമാണോ നീ ഇപ്പൊ പറഞ്ഞത്? ” ശേഷം ഒന്ന് നിർത്തിയിട്ട് അച്ഛൻ വീണ്ടും തുടർന്നു. “മര്യാദക്ക് അവന് ചോറ് വാരിക്കൊടുക്ക്. ഇത് മുഴുവനും ഇവൻ കഴിച്ചിട്ട് നീ ഇവിടുന്ന് പോയാൽ മതി. ” “വേണ്ട അച്ഛാ മീനുന് ഇഷ്ടമല്ലെങ്കിൽ…. ” “നീ മിണ്ടാതിരുന്ന് കഴിക്കാൻ നോക്ക്. മീനു… മ്മ്മ്… ” അച്ഛന്റെ ആ വിളിയിൽ തന്നെ പേടിച്ചു ഞാൻ വേഗം ഒരു ഉരുളയെടുത്ത് രാജീവേട്ടന്റെ വായിൽ കുത്തിക്കേറ്റി. ആ പ്ലേറ്റിൽ ഒരു കറിവേപ്പില പോലും ബാക്കി വെക്കാതെ മുഴുവനും അങ്ങേരെകൊണ്ട് കഴിപ്പിച്ചു. വാഷ്റൂമിൽ നിന്നും വെള്ളം കൊണ്ടുവന്ന് വായെല്ലാം കഴുകി വൃത്തിയാക്കിയതിന് ശേഷമാണ് ഞാനവിടുന്ന് പോന്നത്.

മീനു പോയിക്കഴിഞ്ഞതും മഹാദേവൻ രാജീവിന്റെ അടുത്ത് ചെന്നിരുന്നു. “ഒന്നെ ഉള്ളൂന്ന് കരുതി അല്പം ലാളിച്ച് വഷളാക്കി. പിന്നെ അമ്മയില്ലാതെ വളർന്ന കുട്ടിയല്ലേ. അതുകൊണ്ട് ഒന്നിന്റെ പേരിലും ഇതുവരെ സങ്കടപ്പെടുത്തിയിട്ടും ഇല്ല. അവൾക്ക് വേണ്ടി അച്ഛൻ മോനോട് മാപ്പ് ചോദിക്കാണ്. ” “അയ്യോ… അച്ഛാ… എന്താ ഇത്. ഇതിന്റെയൊന്നും ആവശ്യമില്ല. ഇതൊക്കെ ഞാനുമൊരു തമാശയായിട്ടേ കണ്ടിട്ടുള്ളു.” “എന്നാലും…. പിന്നെ മോനോട് ഒരു കാര്യം ചോദിക്കണമെന്ന് വിചാരിച്ചിട്ട് കുറച്ചു ദിവസമായി. ” “എന്താ അച്ഛാ? ” “സാധാരണ താല്പര്യമില്ലാതെ വിവാഹം നടത്തിയതിലുള്ള ഒരു ദേഷ്യം മാത്രമല്ല ഞാൻ മീനുവിൽ കാണുന്നത്. അതുകൊണ്ട് ചോദിക്കാണ്. നിങ്ങൾ തമ്മിൽ ഇതിനുമുൻപ് പരിചയമുണ്ടോ? ” കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം അവൻ പറഞ്ഞു തുടങ്ങി. “ഉവ്വ്. അച്ഛന്റെ ഊഹം ശെരിയാണ്. എനിക്ക് മീനാക്ഷിയെ മുൻപേ അറിയാം. അവൾക്ക് എന്നെയും. ” “എങ്ങനെ? ” “എഞ്ചിനീയറിംഗ് ഞങ്ങൾ ഒരു കോളേജിൽ ആയിരുന്നു. മീനുവും മാളവികയും ചേർന്ന സമയത്ത് ഞാനുമുണ്ടായിരുന്നു അവിടെ.

ഫൈനൽ ഇയറിൽ. ” അദ്ദേഹം ഒന്നും മനസിലാകാതെ അവനെ നോക്കി നിന്നപ്പോൾ അവൻ പറഞ്ഞു തുടങ്ങി. മീനുവിന് രാജീവിനോടുള്ള ഇപ്പോഴത്തെ ദേഷ്യത്തിന്റെ കാരണം. ………………………………………………. രാജീവേട്ടന് ഭക്ഷണം കൊടുത്തു കഴിഞ്ഞ് ഞാൻ നേരെ വന്നത് മുകളിലെ ബാൽകെണിയിലേക്കുള്ള നീണ്ടുകിടക്കുന്ന ഇടനാഴിയിലേക്കായിരുന്നു. അറ്റത്തുള്ള ജനലരികിൽ ലൈറ്റ് ഇടാൻ നിൽക്കാതെ ഇരുട്ടിനെ കൂട്ടുപിടിച്ച് അവിടെ നിന്നു. ആകാശത്ത് ഒരൊറ്റ നക്ഷത്രത്തെ പോലും കാണുന്നില്ല. എന്റെ മനസും ചിന്തകളും പോലെ അവിടെയും ഇരുട്ട് മാത്രം. ഒരിക്കലും രാജീവേട്ടനോട് അങ്ങനെ പറയരുതായിരുന്നു. അതും ഇങ്ങനെയൊരു അവസ്ഥയിൽ. ഞാൻ കാരണമല്ലേ രാജീവേട്ടന് ഇന്ന് അങ്ങനെ സംഭവിച്ചത്. എന്നിട്ടും…. ഒരുവേള എന്റെ നോട്ടം കഴുത്തിൽ കിടക്കുന്ന രാജീവേട്ടൻ കെട്ടിയ താലിയിൽ പതിഞ്ഞു. ഒരുകാലത്ത് ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട് ഇതുപോലെ ഒന്ന് ആ കൈകൊണ്ട് ഈ കഴുത്തിലണിയാൻ. രാജീവേട്ടന്റെ സ്വന്തമാകാൻ. രാജീവേട്ടന്റെ പ്രണയമാകാൻ. രാജീവേട്ടന്റേത് മാത്രമായി ആ പ്രണയത്തിൽ ലയിക്കാൻ.പക്ഷെ…… അഡ്മിഷൻ കിട്ടി എഞ്ചിനീയറിംഗിന് ആ കോളേജിൽ ചേർന്ന അന്ന് മുതൽ കേൾക്കുന്ന പേരായിരുന്നു രാജീവ്‌ പത്മനാഭൻ എന്നത്.

കോളേജിലെ എന്ത് കാര്യത്തിനും ആദ്യം കേൾക്കുന്നത് ആ പേരായിരുന്നു. എല്ലായിടത്തെയും പോലെ ഒരു കൊച്ചു കോളേജ് ഹീറോ. അവിടുത്തെ ഗോപികമാരുടെ ശ്രീകൃഷ്ണൻ. കോളേജിന്റെ അഭിമാനം. കാണുന്നതിന് മുന്നേ പലരിൽ നിന്നും കേട്ടറിഞ്ഞ കാര്യങ്ങൾ ആദ്യമാദ്യം ആ കഥകൾ കേൾക്കാൻ ഒരുതരം ആവേശമായിരുന്നു. പിന്നീടത് ആരാധനയായി. ഒന്ന് കാണാനുള്ള അവസരം കിട്ടിയത് ഫ്രഷേഴ്‌സ് ഡേയുടെ അന്നാണ്. നവാഗതർക്ക് പ്രചോദനമെന്ന രീതിയിൽ ഹർഷാരവത്തോടെ ഏവരും സ്റ്റേജിലേക്ക് ആനയിച്ച കഴിഞ്ഞ വർഷത്തെ ടോപ് സ്കോറെർ. ഇത്തവണത്തേയും പ്രതീക്ഷ. പ്രിസിപ്പൽന്റെ കൈയിൽ നിന്നും സമ്മാനം വാങ്ങിക്കാൻ വന്നപ്പോൾ. അന്ന് വീണതാണ്. ആ വീഴ്ചയിൽ എന്റെ കൈയാണോ കാലാണോ ഒടിഞ്ഞത് എന്നൊന്നും അറിയില്ല. പക്ഷെ ഒന്നുമാത്രം മനസിലായി ആ ചങ്ങായി എന്റെ ഹൃദയം അടിച്ചോണ്ട് പോയിന്ന്. ആ ഗോപികമാരുടെ കൂട്ടത്തിൽ ഞാനുമൊരാളായി. എല്ലാ ഡിപ്പാർട്മെന്റും ഒരുമിച്ചായിരുന്നു പരിപാടികൾ ഒരുക്കിയിരുന്നത്. എല്ലാ ഡിപ്പാർട്മെന്റിൽ നിന്നുമുള്ള കുറച്ചു സീനിയഴ്സ് ആയിരുന്നു എല്ലാത്തിനും മുന്നിൽ. കൂടെ രാജീവേട്ടനും. പേര് വിളിച്ച ഓരോ ജൂനിയർസിനോടും ഓരോ കമന്റ് പറഞ്ഞു സദസിനെ ചിരിപ്പിച്ചിരുന്ന ആള് പക്ഷെ എന്റെ ഊഴം വന്നപ്പോൾ മാത്രം പെട്ടന്ന് നിശബ്ദതനായി.

അതിന് ശേഷം പലവട്ടം ആ നോട്ടം എന്നെത്തേടിയെത്തിയത് ഞാനറിഞ്ഞു. ഒരു കൗതുകത്തിന് വേണ്ടി ഉച്ചയ്ക്ക് ശേഷമുള്ള സെഷനിൽ ഞാൻ സീറ്റ് മാറിയിരുന്നു. അപ്പോൾ സ്റ്റേജിലെ കർട്ടൻ ശെരിയാക്കാനെന്ന വ്യാജേന സ്റ്റേജിൽ കയറിനിന്ന് താഴെ ആരെയോ തിരയുന്നത് കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു സന്തോഷമായിരുന്നു. അന്വേഷിച്ചു നടന്നത് കണ്ടപ്പോഴുള്ള ആ മുഖത്തെ തെളിച്ചവും അത് ഞാൻ കണ്ടെന്നായപ്പോഴുള്ള ചമ്മൽ അടക്കാൻ പാടുപ്പെട്ടതും ഇന്നും ഓർമയിൽ മായാതെ നിൽക്കുന്നു. പിന്നീട് എപ്പോൾ കണ്ടാലും ഒരു നോട്ടം…., ഒരു ചിരി…. എനിക്കായ് കരുതിയിരുന്നു. തിരിച്ചും. ആരാധന പതിയെ പ്രണയമായി. പറയാനൊരു മടി. ആരോ വിലക്കുന്നത് പോലെ. ആദ്യം പറഞ്ഞത് മാളുവിനോടായിരുന്നു. ഇതിനിടയിൽ ആരോ പറയുന്നത് കേട്ടു ആ കൃഷ്ണൻ കൈവിട്ടു പോയെന്നും ഒപ്പം പഠിക്കുന്ന ഒരു ചേച്ചിയാണെന്നും. ശ്രദ്ധിച്ചപ്പോൾ ശെരിയാണെന്ന് എനിക്കും തോന്നി. എപ്പോഴും കൂടെയൊരു ചേച്ചിയെ കാണാം. അടയും ചക്കരയും പോലെ. അതിന് ശേഷമാണ് വീഴ്ചയുടെ ആഘാതത്തിൽ നിന്നൊന്ന് മുക്തിയായത്. പക്ഷെ ഹൃദയം അപ്പോഴും തിരിച്ചു കിട്ടിയിരുന്നില്ല. പതിവ് നോട്ടങ്ങളും ചിരിയും പാടെ അവഗണിച്ചു. ആളുടെ നിഴൽ വെട്ടത്ത് പോലും പോകാതെയായി. രാജീവേട്ടന് അതാണ് ഇഷ്ടമെങ്കിൽ അങ്ങനെയാവട്ടെ.

ഏതായാലും എന്റെ ഇഷ്ടം ആള് അറിഞ്ഞിട്ടില്ല. പറഞ്ഞിട്ടുമില്ല. പറയാതിരുന്നത് നന്നായെന്ന് തോന്നി. എന്റെ വിഷമം കണ്ട് മാളു ഒരു ദിവസം രാജീവേട്ടന്റെ ക്ലാസ്സിലെ ഒരു ഏട്ടനോട് കാര്യം ചോദിച്ചു. സത്യമാണെന്നു തന്നെയായിരുന്നു അവിടുന്ന് കിട്ടിയ വിവരവും. പിന്നെ എല്ലാം മറക്കാൻ ശ്രമിക്കുകയായിരുന്നു. പഠനത്തിൽ മാത്രം കോൺസെൻട്രേറ്റ് ചെയ്യാൻ. ആയിടയ്ക്ക് ഒരു ദിവസം ടീച്ചർ വിളിക്കുന്നുണ്ടെന്ന് പറഞ്ഞു ഒരു കുട്ടി വന്ന് വിളിച്ചപ്പോൾ അങ്ങോട്ട്‌ പോവുകയായിരുന്നു. പെട്ടന്നാണ് ആരോ എന്നെ പിടിച്ചു വലിച്ച് ആളൊഴിഞ്ഞൊരു ക്ലാസ്സ്‌റൂമിലേക്ക് കയറ്റിയത്. രാജീവേട്ടനായിരുന്നു. “എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്. ” “എനിക്ക് പോണം. മാറി നിൽക്ക്. ” “എന്റെ ചോദ്യത്തിന് മറുപടി തന്നിട്ട് പൊയ്ക്കോ. എന്തിനാ ഇപ്പൊ എന്നെകാണുമ്പോൾ മുഖം തിരിക്കുന്നത്? ” “….. ” “എന്നോടൊന്ന് ചിരിക്കുക പോലും ചെയ്യാത്തതെന്താ? ” മറുപടി പറയാനാകാതെ പോകാനൊരുങ്ങിയതും കൈയിൽ പിടിച്ചു വലിച്ചു തന്നോട് ചേർത്തുനിർത്തി. എന്റെ കണ്ണിലേക്കുനോക്കി കൊണ്ട് ചോദിച്ചു. “ഈ ഒരു മാസം കഴിഞ്ഞാൽ എന്റെ കോഴ്സ് തീരും. അതുകഴിഞ്ഞു ഒരു ജോലിയായി വീട്ടിൽ വന്ന് ഞാൻ ചോദിക്കട്ടെ തന്നെ എനിക്ക് തന്നേക്കുവോന്ന്? “

കേട്ടത് വിശ്വസിക്കാനാകാതെ ഞാൻ നിന്നു. ഒപ്പം ആ ചേച്ചിയെ കുറിച്ചുള്ള സംശയവും. “നന്ദനയെയാണോ? അവളെന്റെ നല്ലൊരു കൂട്ടുകാരി മാത്രമാണ്. ഇവിടെ പലരും പലതും പറഞ്ഞു നടക്കുന്നുണ്ടെന്ന് എനിക്കും അറിയാം. പക്ഷെ… ഈ രാജീവ്‌ സ്നേഹിച്ചത് നിന്നെയാണ്. സ്വന്തമാക്കാൻ ആഗ്രഹിച്ചതും നിന്നെ മാത്രം. ” എന്റെ സംശയത്തോടെയുള്ള നിൽപ്പ് കണ്ട് ആള് തന്നെ പറഞ്ഞു. മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും അവിടുന്ന് ഇറങ്ങുമ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു. ചൂടാറും മുന്നേ അത് മാളുവുമായി പങ്കുവെക്കാൻ തീരുമാനിച്ചു. ക്ലാസ്സിൽ അവളുണ്ടായിരുന്നില്ല. അതുകൊണ്ട് അവളെ തിരിഞ്ഞു നടക്കുമ്പോഴാണ് കുട്ടികളെല്ലാം അങ്ങോട്ടുമിങ്ങോട്ടും ഓടുന്നത് കണ്ടത്. ചെന്നുനോക്കിയപ്പോൾ കണ്ടത് ഇത്രയും നേരം ഞാനും രാജീവേട്ടനും തമ്മിൽ സംസാരിച്ചിരുന്ന ക്ലാസ്സ്‌റൂമിൽ നിന്നും രാജീവേട്ടനോടൊപ്പം തലകുനിച്ചു ഇറങ്ങി വരുന്ന നന്ദനയെയാണ്. ചുറ്റും പ്രിൻസിപ്പാളടക്കം എല്ലാരുമുണ്ടായിരുന്നു. അപ്പൊ ഇത്രയും നേരം എന്നോട് പറഞ്ഞതൊക്കെ? അധികനേരം അവിടെ നിൽക്കാതെ ഈറനണിഞ്ഞ കണ്ണുകളുമായി മാളുവിനെയും വലിച്ചു ക്ലാസ്സിലേക്ക് ഒരു ഓട്ടമായിരുന്നു. അന്നാണ് എനിക്ക് നഷ്ടപ്പെട്ട എന്റെ ഹൃദയം ഞാൻ വീണ്ടെടുത്തത്.

രാജീവേട്ടൻ ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ വെറുക്കുന്ന വ്യക്തിയായി മാറിയത്. പോരാത്തതിന് രാജീവേട്ടന്റെ ക്ലാസ്സിലെ ജെറിൻ ചേട്ടൻ കാണിച്ചു തന്ന നന്ദനയുമൊത്തുള്ള രാജീവേട്ടന്റെ ചില ഫോട്ടോസ്. അവരൊന്നിച്ചുള്ള പ്രണയനിമിഷങ്ങൾ. കോഴ്സ് കഴിയുന്നത് വരെ പലതവണ കാണാനും സംസാരിക്കാനും വന്നപ്പോൾ കൂട്ടാക്കിയില്ല. കാണുന്നതേ വെറുപ്പായി. അവസാനം കണ്ടപ്പോൾ പറഞ്ഞിട്ട് പോയതായിരുന്നു. വേറൊരുത്തനും വിട്ടുകൊടുക്കില്ലെന്ന്. ഇത്രയും നാളും കാണാതായപ്പോൾ കരുതിയത് നന്ദനയുമൊത്ത് സുഖമായി ജീവിക്കുകയാവുമെന്നാണ്. പക്ഷെ….. പ്രേമിക്കാൻ ഒരുത്തി കല്യാണം കഴിക്കാൻ വേറൊരുത്തി. ഇല്ല എന്റെ ജീവിതത്തിൽ രാജീവേട്ടന് ഇനിയൊരു സ്ഥാനമില്ല. ഒരു തവണ എല്ലാം മറന്നു ശെരിയായി വരികയായിരുന്നു. അപ്പോൾ വീണ്ടും ആശ തന്നിട്ട് നിമിഷനേരം കൊണ്ട് തന്നെ അത് തല്ലികെടുത്തിയില്ലേ. അതുപോലെ വീണ്ടും വന്നിരിക്കുന്നു. ഇനി ഈ മീനാക്ഷി പിന്മാറില്ല. എത്ര ദൃഢനിശ്ചയം എടുത്താലും ഇപ്പോഴും രാജീവേട്ടനെ പൂർണമായും മനസ്സിൽ നിന്നിറക്കിവിടാൻ സാധിച്ചിട്ടില്ലെന്നതാണ് സത്യം. എല്ലാം ഒരിക്കൽ കൂടി ഓർത്തെടുത്ത് അങ്ങനെ നിന്നപ്പോഴാണ് തോളിലൊരു കരസ്പർശം ഞാനറിഞ്ഞത്. കണ്ണ് തുടച്ചുകൊണ്ട് തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് മാളുവിനെയാണ്.

“നീ കരയാണോ? ” “ഇല്ലെടി. ഞാൻ… വെറുതെ….. നീ ചെന്ന് ഉറങ്ങാൻ നോക്ക്. ഗുഡ് നൈറ്റ്‌. ” ……………………………………………………. “അപ്പോൾ അങ്ങനെയൊക്കെയാണ് കാര്യങ്ങൾ….. ” എല്ലാം കെട്ടുകഴിഞ്ഞ് മഹാദേവൻ പറഞ്ഞു. “പക്ഷെ ഇങ്ങനെ പോയാൽ നിങ്ങൾ ഏത് കാലത്ത് ഒന്നിക്കാനാണ്? ഞങ്ങൾക്കും വല്ല മനസമാധാനവുമുണ്ടോ? നിങ്ങള് രണ്ടാളും സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നത് കാണാനല്ലേ ഞങ്ങൾ ആഗ്രഹിക്കുന്നത്. ഇതിപ്പോ എലിയെ പിടിച്ചു പൂച്ചേടെ മുഖത്തേക്കിട്ടത് പോലുണ്ട്. ” “ഇനി ഞാനെന്ത് വേണമെന്നാ അച്ഛൻ പറയുന്നേ? ” “മോൻ എത്രയും പെട്ടന്ന് ബാംഗ്ലൂർക്ക് പോകണം. പോവുമ്പോൾ അവളെയും കൊണ്ടുപോകണം. ഞങ്ങൾ ആരെങ്കിലുമൊക്കെ അടുത്തുള്ളതാണ് അവളുടെ ധൈര്യം. അവിടവുമ്പോൾ നിങ്ങള് മാത്രമല്ലേ കാണൂ. ഇച്ചിരി പേടിപ്പിച്ചു നിർത്തിയാൽ മതി. പാവമാണ്. ഈ കാണുന്ന മുന്കോപവും എടുത്തുചാട്ടവും ഉണ്ടെന്നേയുള്ളൂ…… ” “പിന്നെ ഇച്ചിരി കുരുട്ടുബുദ്ധിയും. ” രാജീവ്‌ കൂട്ടിച്ചർത്തു. അവർ പരസ്പരം ചിരിച്ചു. “ഞാൻ പറഞ്ഞുന്നു കരുതി പെട്ടന്ന് വേണ്ട. ഈ കാല് ഭേദമായിട്ട് മതി. ” “അച്ഛനോട് ഞാനൊരു സ്വകാര്യം പറയട്ടെ. ഈ കെട്ട് വെറും അഡ്ജസ്റ്റ്മെന്റാണ്. ഒന്നൂല്ല്യ. കാലിന് ഒരു ചെറിയ മുറിവേയുള്ളൂ. അവളെ ഒന്ന് പേടിപ്പിക്കാൻ ചെയ്തതാണ്. അങ്ങനെലും ആ അടക്കിവെച്ച സ്നേഹം പുറത്തെടുക്കട്ടെന്ന് വിചാരിച്ചു. ” “എടാ… ഭയങ്കരാ….എന്നിട്ടിപ്പോ പേടിച്ചത് ആരാ? ” അവന്റെ മറുപടി ഒരു ചമ്മിയ ചിരിയായിരുന്നു. വീട്ടിലെ സുഖവാസം അവസാനിപ്പിച്ച് എല്ലാവരോടും യാത്ര പറഞ്ഞ് ഞാൻ രാജീവേട്ടന്റെ കൂടെ ബാംഗ്ലൂർക്ക് പുറപ്പെട്ടു. രാജീവേട്ടന്റെ വീട്ടിൽ നിന്നോളാമെന്ന് എത്ര പറഞ്ഞിട്ടും ആരും സമ്മതിച്ചില്ല. ഇയ്യാൾടെ കൂടെ ഒറ്റയ്ക്ക് അവിടെ. അതായിരുന്നു എന്റെ ടെൻഷൻ. എന്താവുമോ എന്തോ. മനസ് കൈവിട്ടു പോകാതെ കാത്തോളണേ.

(തുടരും)

Share this story