രാജീവം : ഭാഗം 6

രാജീവം : ഭാഗം 6

എഴുത്തുകാരി: കീർത്തി

രാജീവേട്ടന്റെ കാറിലായിരുന്നു യാത്ര. രാജീവേട്ടൻ അവിടെ ഒരു ഫ്ലാറ്റിലായിരുന്നു താമസം. ഫ്ലാറ്റിൽ ചെന്നു കയറിയതും തുടങ്ങി രാജീവേട്ടൻ വർക്ക്‌ ചെയ്യുന്ന കമ്പനിയുടെയാണ് ആ ബിൽഡിഗെന്നും, ആ പ്രൊജക്റ്റിന്റെ ഹെഡ് പുള്ളിയായിരുന്നുവെന്നും പറഞ്ഞു തള്ളൽ. പോരാത്തതിന് രാജീവേട്ടന്റെ ഫ്ലാറ്റിന്റെ ഇന്റീരിയറും അങ്ങേരാണത്രെ. അത് കേട്ടപ്പോൾ എന്തെങ്കിലും കുറ്റം കണ്ടുപിടിച്ചു തളർത്താമെന്ന് വിചാരിച്ചു. പക്ഷെ കുറ്റം കണ്ടുപിടിക്കാൻ നടന്ന് തളർന്നത് ഞാനായിരുന്നു.

ഫ്ലാറ്റിൽ മൂന്ന് ബെഡ് റൂമുകളാണ് ഉള്ളത്. ഒന്ന് രാജീവേട്ടന്റെ വർക്കിംഗ്‌ ഏരിയയാണത്രെ വേറൊന്ന് ഗസ്റ്റ്‌ റൂമും. പിന്നെയുള്ള ഒന്നിലാണത്രെ കിടപ്പ്. ഞാൻ പക്ഷെ എന്റെ ബാഗും മാറ്റുമെടുത്ത് രാജീവേട്ടന്റെ റൂമിൽ കയറാതെ ഗസ്റ്റ്‌ റൂമിലേക്ക് നാടന്നു. “നീ ഇതെങ്ങോട്ടാ? ഇതാണ് നമ്മുടെ റൂം. ” “ഞാൻ ഈ റൂമിൽ താമസിച്ചോളാം. ” “അതെന്താ നിനക്ക് ഈ റൂമിൽ കിടന്നാല്? ” “നാഗവല്ലിടെ ഡയലോഗൊന്നും പറയാൻ നിക്കണ്ട. നമ്മൾ ഒരുമിച്ച് ഒരു മുറിയിൽ ശെരിയാവില്ല. ” “ഇത്രയും ദിവസം എന്റെ കൂടെ ഒരു മുറിയിലല്ലേ താമസിച്ചിരുന്നത്.

പിന്നെന്താ ഇപ്പൊ ഇങ്ങനെ? ” “അത് നാട്ടിലല്ലേ. ഇവിടെ നമ്മൾ മാത്രമല്ലേയുള്ളൂ. ആരാ ചോദിക്കാനും പറയാനും? ഞാൻ ആ റൂമിലേക്ക് പോകും. ” “ആഹാ… എങ്കിൽ നീ ആ റൂമിൽ കയറുന്നത് എനിക്കൊന്ന് കാണണം. ” പറയുന്നതോടൊപ്പം രാജീവേട്ടൻ പാഞ്ഞുചെന്ന് ആ റൂമിന്റെ വാതിലിൽ ലോക്ക് ചെയ്ത് ചാവി എവിടെക്കോ വലിച്ചെറിഞ്ഞു. “ദേ കളിക്കാൻ നിക്കാതെ ആ റൂം തുറന്ന് തായോ. ” “ഇല്ല. തുറക്കില്ല. ” “വേണ്ട. തുറക്കേണ്ട. പക്ഷെ തന്റെ കൂടെ ഈ റൂമിൽ ഞാൻ താമസിക്കില്ല. ഞാനീ സോഫയിൽ ചുരുണ്ടുകൂടിക്കൊള്ളാം.

” സോഫയിൽ ഇരുന്നുകൊണ്ട് ഞാൻ പറഞ്ഞപ്പോൾ രാജീവേട്ടൻ ഒന്നും മിണ്ടാതെ വന്ന് എന്നെ പൊക്കിയെടുത്ത് റൂമിലെ ബെഡിൽ കൊണ്ടുപോയി ഇട്ടു. എന്നിട്ട് വാതിൽ കുറ്റിയിട്ടു. വാതിൽ തുറക്കാനായി എഴുന്നേറ്റു ഓടിയ എന്നെ രാജീവേട്ടൻ പിടിച്ചു വലിച്ച് ചുമരിനോട് ചേർത്ത് നിർത്തി. കുതറി മാറാൻ ശ്രമിച്ചപ്പോൾ എന്റെ ഇരുകൈകളും പിടിച്ചു ഇരുവശത്തായി ചുമരിനോട് ചേർത്തുപിടിച്ചു. വിരലിട വ്യത്യാസത്തിൽ ആ മുഖം എന്നിലേക്കടുപ്പിച്ച് കൊണ്ട് എന്നോട് ചേർന്നുനിന്നു. “മര്യാദക്ക് ഇവിടെ അടങ്ങി നിന്നോളണം. നീ ഈ റൂമിൽ തന്നെ കിടക്കും എന്റെ കൂടെ.

അല്ലെങ്കിൽ….. കുറച്ചു മുന്നേ നീ തന്നെ പറഞ്ഞില്ലേ ഇവിടെ ചോദിക്കാനും പറയാനുമൊന്നും ആരുമില്ലെന്ന്. അത് മറക്കണ്ട. ഈ വീട്ടിൽ നീയും ഞാനും മാത്രേ ഉള്ളുന്ന്. ” ആ പറഞ്ഞതിലെ ഭീഷണി മനസ്സിലായതും ഞാനല്പം ഒതുങ്ങി. അല്ലാതെ വേറെ നിവർത്തിയില്ലല്ലോ. “എന്നാ എന്റെ മീനുക്കുട്ടി ചെന്ന് കിടക്കാൻ നോക്ക്. നല്ല യാത്രാക്ഷീണമുണ്ട്. ” എന്റെ മുന്നിൽ നിന്നും മാറി നിന്ന് പറഞ്ഞു. ഉടനെ ജീവൻ കിട്ടിയാൽ മതിയെന്ന രീതിയിൽ ഞാൻ ബെഡിൽ ചെന്നുകിടന്നു. പുതപ്പെടുത്തു തലവഴി മൂടിപ്പുതച്ച് കിടന്നു. എന്തൊക്കെയോ പാത്രങ്ങൾ വീഴുന്ന ശബ്ദം കേട്ടാണ് രാവിലെ ഉണർന്നത്.

അടുക്കളയിൽ നിന്നാണ്. രാവിലെ തന്നെ ഭർത്താവ് അടുക്കളയിൽ കയറിയിട്ടുണ്ട്. ഞാൻ നേരെ അങ്ങോട്ട്‌ ചെന്നു. “എണീറ്റോ? ഓഫീസിൽന്ന് വിളിച്ചിരുന്നു. അർജന്റായിട്ട് ഒന്നങ്ങോട്ട് ചെല്ലാൻ പറഞ്ഞു. ഞാനൊന്ന് പോയിട്ട് വരാം. ഇന്നലെ വരുമ്പോൾ വാങ്ങിച്ച ബ്രെഡ്‌ ഇരിപ്പുണ്ട് അതിന്റെ കൂടെ രണ്ടു ഓംലറ്റ് കൂടി ഉണ്ടാക്കായിരുന്നു. ചായയ്ക്ക്. താൻ നല്ല ഉറക്കമായിരുന്നു അതാ വിളിക്കാതിരുന്നത്” പിറകിൽ എന്റെ സാമിപ്യം അറിഞ്ഞ് രാജീവേട്ടൻ പറഞ്ഞു. “മ്മ്മ്… ” “ഓഫീസിൽ പോകാനുള്ളത് കൊണ്ട് എന്റെ കുളി കഴിഞ്ഞു.

പല്ല് തേച്ച് വന്നാൽ ഒരുമിച്ചിരുന്നു കഴിക്കാം. ” ഇന്നലെത്തെ ഭീഷണിയും മറ്റും ഓര്മയുള്ളത് കൊണ്ട് പറയുന്നതെല്ലാം അനുസരിച്ചു. കുളിച്ചു വന്നപ്പോഴേക്കും രാജീവേട്ടൻ എല്ലാം ടേബിളിൽ എടുത്തു വെച്ചിരുന്നു. എന്നെ കണ്ടതും അടിമുടിയൊന്നു നോക്കി. “റൂമിലെ വാർഡ്രോബിൽ നിനക്കുള്ള കുറച്ചു ഡ്രസ്സ്‌ ഞാൻ വാങ്ങിച്ചു വെച്ചിരുന്നു. ” “കണ്ടു. അത് മുഴുവനും മുണ്ടും നേര്യതുമല്ലേ. ഞാനെന്താ മുത്തശ്ശിയാണോ അതൊക്കെ ഉടുത്തോണ്ട് നടക്കാൻ. എനിക്കിഷ്ടമല്ല. ” “നിർബന്ധിക്കുന്നില്ല. നിര്ബന്ധിച്ചാലും ഉടുക്കില്ലെന്ന് അറിയാം.

അതുകൊണ്ട് ഈ മനസ്സിൽ ഞാൻ മാത്രമാണെന്ന് സമ്മതിച്ച ശേഷം, നമ്മളൊരുമിച്ച് ജീവിച്ചു തുടങ്ങുമ്പോൾ ഉടുത്താൽ മതി. നിന്നെ ആ വേഷത്തിൽ കാണാനാ എനിക്കേറ്റവും ഇഷ്ടം. ഓണം സെലിബ്രേഷന്റെ അന്ന് കോളേജിലേക്ക് വന്ന എന്റെ മീനുട്ടിടെ രൂപം എനിക്കിന്നും ഓർമയുണ്ട്. ” ഒരുനിമിഷം കണ്ണുകൾ പരസ്പരം കൊരുത്തു. ആ മിഴികളിൽ എന്നോടുള്ള പ്രണയം നിറയുന്നത് ഞാൻ കണ്ടു. എല്ലാം മറന്ന് ആ പ്രണയത്തിൽ ലയിക്കാൻ മനസാഗ്രഹിച്ചു. പക്ഷെ ആ വെറുക്കപ്പെട്ട ആ ദിവസം ഓർമയിലേക്ക് ഓടിവന്നതും നോട്ടം മാറ്റി കഴിക്കാൻ തുടങ്ങി. “ഉച്ചക്ക് കഴിക്കാനുള്ളത് ഞാൻ വരുമ്പോൾ വാങ്ങിച്ചു വരാം.

ഇനി എന്തേലും ഉണ്ടാക്കാൻ അറിയുമെങ്കിൽ അടുക്കളയിൽ എല്ലാം ഇരിപ്പുണ്ടാവും. എന്താ വേണ്ടത്? ” “ഏഹ്…. ഞാൻ ഉണ്ടാക്കിക്കൊള്ളാം. ” കഴിക്കുന്നതിനിടയിൽ പെട്ടന്ന് ചോദിച്ചപ്പോൾ അങ്ങനെയാണ് നാവിൽ വന്നത്. പിന്നെ തിരുത്താനും പോയില്ല. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ രാജീവേട്ടൻ ഓഫീസിലേക്ക് പോയി. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞ് ഫോൺ നമ്പർ തന്നിട്ടാണ് പോയത്. “എനിക്കെല്ലാം അറിയാം. ഞാനുണ്ടാക്കിക്കൊള്ളാം” ന്ന് പറഞ്ഞ് ഉച്ചക്ക് കഴിക്കാനുള്ള ചോറുണ്ടാക്കിയതാണ് അല്പം വേവ് കൂടിപ്പോയി. ഇതിപ്പോ പാത്രത്തിൽ കിടക്കുന്ന സാധനത്തിനെ എന്ത് വിളിക്കണംന്ന് അറിയാത്ത അവസ്ഥയായി. അത് കണ്ടിട്ട് ആകെയൊരു ടെൻഷൻ.

ചോറിന്റെ അവസ്ഥ കണ്ടപ്പോൾ വേറൊന്നും ഉണ്ടാക്കാനും തോന്നിയില്ല. ആകെയൊരു വെപ്രാളം. ദൈവമേ രാജീവേട്ടൻ കണ്ടാൽ നാണക്കേട്. വലിയ കഥയിൽ കേറി ഏറ്റുംപോയി. മുത്തശ്ശി അപ്പഴേ പറഞ്ഞതാ എന്തെങ്കിലുമൊക്കെ വെച്ചുണ്ടാക്കാൻ പഠിക്ക് പഠിക്ക്ന്ന്. വീട്ടിൽ എല്ലാവരുമുള്ളതല്ലേ പോരാത്തതിന് അമ്മായിമാരും പറഞ്ഞു “ഞങ്ങളൊക്കെയില്ലേ. അതൊക്കെ ഇനിയും പഠിക്കാം” ന്ന്. എന്നിട്ടിപ്പോ എന്തായി. ജോലി കിട്ടി മാറിയപ്പോൾ മാളു കൂടെയുണ്ടായിരുന്നു. അവള് നല്ലൊരു കുക്കറാണ്. പച്ചക്കറികൾ അരിഞ്ഞുകൊടുക്കുക, തേങ്ങ ചിരവികൊടുക്കുക അങ്ങനെയുള്ള അല്ലറചില്ലറ പണികളെ എനിക്കുണ്ടായിരുന്നുള്ളൂ.

രാജീവേട്ടന്റെ വീട്ടിലെ അവസ്ഥയും മറിച്ചായിരുന്നില്ല. അവിടെ എല്ലാം അമ്മയും തുളസി ചേച്ചിയുമാണ്. ഇടയ്ക്ക് മാളുവിന് ചെയ്തുകൊടുത്തിരുന്ന പോലെ എന്തെങ്കിലും കൈസഹായം അവിടെയും ചെയ്യും. അത്രതന്നെ. ഇനിയിപ്പോ എന്താ ചെയ്യാ? വല്ല തെങ്ങിന്റെയും കടക്കൽ കൊണ്ട് ഒഴിക്കാമെന്ന് വെച്ചാൽ ഈ ഫ്ലാറ്റിൽ എവിടെയാ തെങ്ങ്. രാജീവേട്ടനോട് വിളിച്ചു പറഞ്ഞാലോ വല്ലതും വാങ്ങിച്ചോണ്ട് വരാൻ. നാണം കെട്ടാലും വേണ്ടില്ല. വയറു കേടാവില്ലല്ലോ. സമയം കളയാതെ വേഗം ഫോണെടുത്ത് രാജീവേട്ടന്റെ നമ്പർ ഡയല് ചെയ്തു. ഒന്ന് റിംഗ് ചെയ്തപ്പോഴേക്കും മറുവശത്ത് ഫോൺ കട്ട്‌ ചെയ്തു.

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story