ഭദ്ര IPS : ഭാഗം 7

ഭദ്ര IPS : ഭാഗം 7

എഴുത്തുകാരി: രജിത ജയൻ

ഷാനവാസ് കൈചൂണ്ടി കാണിച്ചിടത്തേക്ക് ഭദ്ര തിരിഞ്ഞു നോക്കി… പുതിയ പളളിയുടെ കുറച്ചു പുറകിലായ് ഇടിഞ്ഞു പൊളിഞ്ഞു വീണൊരു കെട്ടിടം ..!! “ഷാനവാസ് എന്താണത് …? “മാഡം അതൊരു പഴയ പളളിയുടെ അവശിഷ്ടങ്ങൾ ആണ് , അവിടെയും ഒരു സെമിത്തേരി ഉണ്ട് … ഒരു പക്ഷേ തൊമ്മിച്ചൻ പേടിച്ച് നിലവിളിച്ചു എന്ന് പറയുന്നത് അവിടെ നിന്നായ്ക്കൂടെ…? ഷാനവാസിന്റ്റെ വാക്കുകൾക്ക് കാതോർത്ത് നിന്നിരുന്ന ഭദ്ര എന്തോ ഓർത്തിട്ടെന്നവണ്ണം പെട്ടെന്ന് കപ്യാരെ തനിക്കരികിലേക്ക് വിളിച്ചു … വറീതേ …!!

എന്താണ് സാറെ…? “ഈ പള്ളി ഇവിടെ പണിയുന്നതിന് മുമ്പ് ആ പഴയ പള്ളിയിൽ ആയിരുന്നോ കുർബാനയും മറ്റും നടത്തീയിരുന്നത്..? “അതേ സാറെ, ആദ്യം അവിടെ ആയിരുന്നു … പിന്നീട് സഭകൾ തമ്മിൽ പ്രശ്നം വന്നു ,അങ്ങനെ പള്ളി കേസിൽ പെട്ടു. കുർബാന മുടങ്ങി. .. അന്നേരമാണ് തേക്കിൻ തോട്ടംക്കാര് അവരുടെ ഈ സ്ഥലം പളളിയ്ക്കായ് വിട്ടു തന്നതും ഇവിടെ ഈ പളളി പണിതതും. ..!! അപ്പോൾ ആ പള്ളി ആരും ഉപയോഗിക്കാതെ , ആർക്കും വേണ്ടാതെ നശിച്ചു അല്ലേടോ…? “അതെ സാറെ…”

വറീതിന്റ്റെ വാക്കുകൾക്കുളളിൽ എന്തോ ചികഞ്ഞെന്ന പോലെ ഭദ്ര ഒരുനിമിഷം കണ്ണടച്ചു നിന്നു പിന്നെ തനിക്കൊപ്പം വന്നവരോടൊരാഗ്യം കാണിച്ചവൾ മെല്ലെ ആ പഴയ പളളിയുടെ നേരെ നടന്നു, ഷാനവാസും കൂട്ടരും അവളെ പിൻതുടർന്നു … ആൾപെരുമാറ്റമില്ലാതെ ആകെ നശിച്ച അവസ്ഥയിലായിരുന്നു ആ പഴയ പള്ളി. ..എങ്ങും പൊടിയും വളർന്ന കാടും മാത്രം. .. ഭദ്ര സിഐ രാജീവിനെ ഒന്ന് നോക്കി, അയാൾ ഗിരീഷിനെയും കൂട്ടി ആ പളളിയുടെ ഉൾവശമാകെ അരിച്ചുപെറുക്കി. .. “സംശയിക്കതക്ക യാതൊന്നും ഇവിടെ ഇല്ല മാഡം …!! രാജീവ് വന്ന് ഭദ്രയോടത് പറയുമ്പോൾ ഭദ്രയുടെ നോട്ടം ആ പഴയ പളളിയുടെ സെമിത്തേരിയിലേക്കായിരുന്നു..

“ഷാനവാസ് കമോൺ…!! പറഞ്ഞു കൊണ്ട് ഭദ്ര ധൃതിയിൽ സെമിത്തേരിയുടെ നേരെ നടക്കുമ്പോൾ, പള്ളിയിൽ ആരോ പറഞ്ഞേൽപ്പിച്ചതു പോലെ മാധ്യമ പടകളും വിശ്വാസികളും തിങ്ങി കൂടി…!! “ഷാനവാസ് , ഗിരീഷ് , രാജീവ് നിങ്ങൾക്കാർക്കെങ്കിലും ഇവിടെ അസ്വഭാവികമായിട്ടെന്തെങ്കിലും തോന്നുന്നു എങ്കിൽ അത് നോട്ട് ചെയ്യുക.., എന്നോടത് ഇപ്പോൾ പറയണ്ട ആരും..!! അതുപോലെതന്നെ ഹരി ഒരു കാര്യം ചെയ്യണം ഇവിടെ ഉള്ള കല്ലറകൾക്കെന്തെങ്കിലും പ്രത്യേകത തോന്നുന്നു എങ്കിൽ അവയുടെ എല്ലാം വീഡിയോ എടുക്കണം,

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക നിങ്ങളുടെ ഒരു പ്രവർത്തിയും പുറത്തു നിന്നു നോക്കുന്നവർക്ക് മനസ്സിലാവരുത്,ഓകെ …!! യെസ മാഡം… “ദെൻ കമോൺ… ക്വിക് …!! ആ സെമിത്തേരിയുടെ ഉൾവശമാകെ നടന്നു നോക്കവേ ഭദ്രയുടെയും കൂട്ടരുടെയും മുഖത്ത് പലവിധ ഭാവങ്ങൾ മിന്നിമറഞ്ഞു…!! പുറത്തക്ഷമരായ് കാത്തുനിന്ന മാധ്യമ പട ഒടുവിൽ സെമിത്തേരിയിലേക്ക് കടന്നു കയറാൻ തുടങ്ങും എന്നു തോന്നിയപ്പോൾ ഭദ്ര തന്റെ ടീമിനെയും കൂട്ടി വേഗം പഴയ പള്ളിയിൽ നിന്നും കപ്യാരുടെ അരികിലേക്കെത്തി ….!!

അവളുടെ അരികിലേക്ക് ആകാംക്ഷയോടെ കുതിച്ചെത്തിയ ആളുകളെ ഞെട്ടിച്ചു കൊണ്ടവൾ പെട്ടെന്ന് കപ്യാരു വറീതിനെ ഷർട്ടിൽ കുത്തി പിടിച്ച് തന്നോട് വലിച്ചു ചേർത്ത് നിർത്തുമ്പോൾ കാര്യമെന്തെന്നറിയാതെ ജനങ്ങൾ പകച്ചു പരസ്പരം നോക്കി. .. ഭദ്ര മാഡത്തിന്റ്റെ നീക്കം എന്തിനെന്നറിയാതെ സിഐ രാജീവ് തനിക്കൊപ്പമുളളവരെ അമ്പരപ്പോടെ നോക്കി ,അവർക്കും ഭദ്രയുടെ നീക്കം മനസ്സിലാക്കാൻ സാധിച്ചില്ല. …!! “എടോ വറീതെ, താനെന്താടോ കരുതീത് താനെന്തു പറഞ്ഞാലും ഞങ്ങളതൊക്ക തൊണ്ട തൊടാതെ വിഴുങ്ങി ഈ തെന്മല വിട്ട് പോവുമെന്നോ..?

ഭദ്രയുടെ മുഖത്തെ ആളുന്ന കോപംകണ്ടൊരു നിമിഷം പോലീസുകാർ പോലും പകച്ചു പോയി …!! സാറെ , ഞാനെന്താ പറഞ്ഞത്..? ഞാൻ … ഞാനൊന്നും പറഞ്ഞു പറ്റിച്ചില്ലല്ലോ…? “നീ പറ്റിച്ചില്ല എന്നോ…? നുണപറയുന്നോ റാസ്കൽ …!! നീ അല്ലേടാ ഞങ്ങളോട് അല്പം മുമ്പ് പറഞ്ഞത് കാണാതാവുന്നതിനു മുമ്പ് ശവകുഴി തൊമ്മിച്ചൻ സെമിത്തേരിയിൽ നിന്നെന്തോ കണ്ടു പേടിച്ചെന്ന്, എന്നിട്ട് ഞങ്ങൾ ചെന്നു അരിച്ചുപെറുക്കി നോക്കീട്ടും അവിടെ ഒന്നും കണ്ടില്ലല്ലോടാ. ..? സാറെ അത്…,, വാക്കുകൾക്കായ് വറീത് തപ്പി തടയുമ്പോൾ പെട്ടെന്നാണ് ആൾക്കൂട്ടം ഭദ്രയെയും കൂട്ടരെയും വളഞ്ഞത് …!!

ഭദ്ര സാറെ … സാർ വറീതേട്ടനെ അങ്ങ് വിട്ടേരെ….!! നിങ്ങൾക്ക് ജേക്കബ് അച്ചനെവിടെ എന്ന് കണ്ടു പിടിക്കാൻ സാധിക്കാത്ത ദേഷ്യമീ പാവത്തിനോട് തീർക്കണ്ട… പിന്നെ സാറുമാര് വലിയ കേമന്മാരായ് പള്ളിയും പളളിപറമ്പും അരിച്ചുപെറുക്കി പരിശോധിക്കുന്നത് കണ്ടപ്പോൾ ഇപ്പോൾ ഒണ്ടാക്കും എന്തെങ്കിലും എന്നു കരുതി ഓടിവന്നതാണ് ഞങ്ങൾ.. .!! ഇപ്പോൾ ഞങ്ങൾക്കറിയാം നിങ്ങളെക്കൊണ്ടൊന്നും ഒന്നും സാധിക്കില്ല എന്ന്…!! വെറുതെ ഷോ കാണിക്കാനായിട്ടൊരോന്നും ചെയ്തു കൂട്ടല്ലേ സാറെ തടി കേടാവുമേ…!! ആൾക്കൂട്ടത്തിൽ നിന്നാരോ വിളിച്ചു പറയുന്നത് കേട്ട ഭദ്ര അതാരെന്ന് നോക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല ..

ചുറ്റും നിന്ന് ആളുകൾ ഓരോന്നും പറഞ്ഞു തുടങ്ങുമ്പോൾ ഭദ്രയും കൂട്ടരും വേഗം അവിടെ നിന്ന് പിൻവാങ്ങി വണ്ടിയിൽ കയറി, കൂടുതൽ ചോദ്യങ്ങളുമായ് വന്ന മാധ്യമ പടയെ അവഗണിച്ചാ ജീപ്പ് പളളിമുറ്റം കടന്നു റോഡിലേക്ക് ഇറങ്ങുമ്പോഴും ഭദ്രയുടെ കണ്ണുകൾ ആ പഴയ പളളിയുടെ സെമിത്തേരിയിലായിരുന്നു…!! ഭദ്രയും കൂട്ടരും കയറിയ ജീപ്പ് കണ്ണിൽ നിന്ന് മറഞ്ഞതും പളളിമുറ്റത്ത് കൂടി നിന്നവർക്കിടയിൽ നിന്നൊരാൾ ആർക്കോ ഫോൺ ചെയ്തറിയിക്കുന്നുണ്ടായിരുന്നു ഭദ്ര നിരാശയായ് നാണം കെട്ട് മടങ്ങി എന്ന്. .!!

തിരക്കൊഴിഞ്ഞു വിജനമായൊരിടത്ത് ജീപ്പ് നിർത്തി അതിൽ ചാരി നിന്നു കൊണ്ട് ഭദ്രം തന്റെ കൂടെയുള്ളവരോരുത്തരെയായ് നോക്കി… രാജീവ് എന്താണ് തന്റെ കണ്ടെത്തൽ ആ സെമിത്തേരിയെ പറ്റി. ..? “മാഡം ആ പഴയ പളളിയുടെ സെമിത്തേരി, അവിടെ എന്തോ ഒരു രഹസ്യം മറഞ്ഞിരിക്കുന്നതുപോലൊരു തോന്നൽ…!! രാജിവ് പറഞ്ഞു ഓകെ, ഗിരീഷ്തനിക്കെന്തു തോന്നി ..? മാഡം രാജീവ് സാറു പറഞ്ഞത് തന്നെ. ..കുറച്ചു കൂടി സമയം അവിടെ നിന്നിരുന്നെങ്കിൽ നമ്മുക്ക് കൂടുതൽ എന്തെങ്കിലും തെളിവ് കിട്ടിയേനെ എന്നൊരു തോന്നൽ. ..,

“പക്ഷേ നമ്മുക്ക് അങ്ങനെ അവിടെ അധികസമയം നിൽക്കാൻ പറ്റില്ലല്ലോ ഗിരീഷ് …, കാരണം അവിടെ തടിച്ചു കൂടിയ ജനങ്ങളും മാധ്യമങ്ങളും എല്ലാം വെറുതെ അവിടെ എത്തിയവരല്ല..!!.നമ്മളെ തടയുന്നതിനായ് ആരോ മനപ്പൂർവം പറഞ്ഞു വിട്ടതാണവരെ വിശ്വാസത്തിന്റ്റെ പേരിൽ എന്തും ചെയ്യുന്ന ആളുകൾ ആണവർ.. അതുപോട്ടെ, ഷാനവാസ് താൻ പറയൂ തനിക്കെന്തെങ്കിലും അവിടെ നിന്ന് കണ്ടെത്താൻ സാധിച്ചോ…? ഭദ്ര ഷാനവാസിന്റ്റെ മുഖത്തേക്ക് ആകാംഷയോടെ നോക്കി .. “മാഡം അത് ആ പഴയ സെമിത്തേരിയിൽ ഇപ്പോഴും ആൾസഞ്ചാരമുണ്ട്. ..!!

ആരും അവിടേക്ക് പോവാറില്ല എന്നാണ് കപ്യാർ പറഞ്ഞത് ,പക്ഷേ ഈ അടുത്ത ദിവസം കൂടി അവിടെ ആരെല്ലാമോ ഉണ്ടായിരുന്നു. .. അവിടെ ആരോ നടന്നതിന്റ്റെ പാടുകൾ ഉണ്ട്. ..! ഷാനവാസിന്റ്റെ വാക്കുകൾ കേട്ടതും ഭദ്രയുടെ കണ്ണുകൾ തിളങ്ങി … “യു ആർ റൈറ്റ് ഷാനവാസ് .., അവിടെ ആൾ സഞ്ചാരം ഉണ്ട് ..!! രാജീവ് നിങ്ങളത് ഒരു പക്ഷേ ശ്രദ്ധിച്ചിട്ടുണ്ടാവില്ല …, ഹരി .,താനെടുത്ത ആ വിഡീയോ ഒന്ന് പ്ളേ ചെയ്തേ അതിൽ ഉണ്ടാവും ,എല്ലാവരും ശ്രദ്ധിച്ചു നോക്കൂ ഹരിയുടെ കയ്യിലെ വിഡിയോ റെക്കോർഡറിലേക്ക് സൂക്ഷിച്ച് നോക്കുമ്പോൾ ഗിരീഷിനും രാജീവിനും ഒരു കാര്യം ബോധ്യപ്പെട്ടു ഷാനവാസ് പറഞ്ഞത് ശരിയാണെന്ന് അവിടെ ആൾസഞ്ചാരമുണ്ട്. ..!!

വിഡിയോ ശ്രദ്ധയോടെ നോക്കികൊണ്ടിരുന്ന ഭദ്രയുടെ കണ്ണുകൾ പെട്ടെന്ന് ഒന്ന് തിളങ്ങി. . “ഹരി സ്റ്റോപ്പ് …!! മാഡം.., യെസ് ദാ ഇവിടെ , ഇവിടെ നോക്കൂ എല്ലാവരും … ഇവിടെ എന്തെങ്കിലും പ്രത്യേകത കാണാൻ കഴിയുന്നുണ്ടോ നിങ്ങൾക്ക് ..? ഭദ്ര ചൂണ്ടി കാണിച്ചു കൊടുത്ത വിഡിയോ ഭാഗത്തേക്ക് നോക്കിയതും രാജീവ് പെട്ടെന്ന് പറഞ്ഞു യെസ് മാഡം ഇവിടെ പ്രത്യേകത ഉണ്ട് എന്താണ് രാജീവ് ..? മാഡം ഇവിടെ ഉള്ള ഈ ശവക്കല്ലറകളെല്ലാം തന്നെ കുടുംബം കല്ലറകളാണ്…, അതും തേക്കിൻ തോട്ടംകാരുടെ ..!! ദാ അതിന്റെ മുകളിൽ എഴുതി വെച്ചിട്ടുണ്ട്. ..!! യെസ് രാജീവ് ശരിയാണ് താൻ പറഞ്ഞത്. ..

ഇനി വേറെ എന്തെങ്കിലും ..? മാഡം..,ഷാനവാസ് വിളിച്ചു. … ഷാനവാസ് പറ വേറെന്തെങ്കിലും തനിക്ക് കണ്ടെത്താൻ പറ്റിയോ..? യെസ് മാഡം.., വർഷങ്ങളായി ആരും ഉപയോഗിക്കാതെ അനാഥമാക്കപ്പെട്ട ആ സെമിത്തേരിയിലെ ഈ ശവ കല്ലറക്കളുടെ ചുറ്റും മാത്രം അധികം കാടുകൾ വളർന്നിട്ടില്ല, അഥവാ ഉള്ള ചെടികൾ തന്നെ ആരുടെയോ ചവിട്ടേറ്റ് കരിഞ്ഞു പോയിരിക്കുന്നു, അതായത് കഴിഞ്ഞ ദിവസങ്ങളിലെപ്പോഴോ അവിടെ ആരോ ചെന്നിട്ടുണ്ട് ..!! അതെ ഷാനവാസ് , താൻ പറഞ്ഞത് ശരിയാണ്.., അവിടെ എന്തോ ഒരു രഹസ്യം നമ്മളെ കാത്തിരിപ്പുണ്ട്.!!

നമ്മുടെ അന്വേഷണത്തെ ഏറെ സഹായിക്കുന്ന എന്തോ ഒന്ന് …!! മാഡം അങ്ങനെ ഉറച്ചു വിശ്വസിക്കാൻ പറ്റുമോ..? ഒരുപക്ഷെ ആരെങ്കിലും പ്രാർത്ഥിക്കാനോ മറ്റോ കല്ലറയിൽ ചെന്നതായ്കൂടെ..? ഹരികുമാർ ചോദിച്ചു അങ്ങനെ ഒരു ചാൻസില്ല ഹരി, കാരണം പുതിയ പള്ളിയുടെ സെമിത്തേരിയിൽ തേക്കിൻതോട്ടകാരുടെ പുതിയ കുടുംബ കല്ലറ ഞാൻ കണ്ടിരുന്നു, അതായത് ഇപ്പോൾ ഉള്ള തലമുറയ്ക്കുംഒരുപാട് മുമ്പ് ഉള്ളതാണ് പഴയ കല്ലറ അവിടെ പോയി പ്രാർത്ഥിക്കാനിപ്പോൾ ആരാണ് തേക്കിൻ തോട്ടത്തിൽ ..? ഇനിയിപ്പോൾ അങ്ങനെ തന്നെയാണെങ്കിലും ലീന ഡോക്ടറെ കാണാതായ ഈ ദിവസങ്ങളിൽ ഒരിക്കൽ പോലും തേക്കിൻ തോട്ടത്തിൽ നിന്ന് ഒരാളും പളളിയിലേക്ക് പോലും വന്നിട്ടില്ല.

പിന്നെ അവരെന്തിനാ പഴയ കല്ലറയ്ക്ക് അടുത്ത് പോയി..? അതുകൊണ്ട് അവിടെ , ആ കല്ലറ,, അവിടെ ഉണ്ട് നമുക്ക് വേണ്ടതെന്തോ.? ഐയാം ഷുവർ.!! മാഡം, വെറുമൊരു ഊഹത്തിന്റ്റെ പേരിൽ പള്ളി സെമിത്തേരിയിൽ കയറി കല്ലറ പൊളിച്ചാൽ ..,,? പറഞ്ഞു വന്നത് ഗിരീഷ് പാതിവഴിയിൽ നിർത്തി .. “പൊളിച്ചാൽ വിശ്വാസികളിളക്കും അറിയാം ഗിരീഷ് ..,പക്ഷേ നമ്മുടെ ആ ഭയമാണ് ശത്രുക്കൾ മുതലെടുക്കുന്നതെങ്കിലോ..? ഭദ്രയുടെ മറുചോദ്യത്തിന് ഗിരീഷിന് മറുപടി ഉണ്ടായിരുന്നില്ല.. അപ്പോൾ ഇന്ന്, ഇന്ന് രാത്രി നമ്മൾ ആ കല്ലറകൾ പൊളിക്കുന്നു ..!! ഭദ്രയുടെ തീരുമാനം കേട്ടൊരു നിമിഷം ഷാനവാസുൾപ്പെടെയുളളവർ പകച്ചുപോയി വരാനിരിക്കുന്ന ഭവിഷ്യത്ത് അവരുടെ കൺമുന്നിൽ തെളിഞ്ഞൊരു നിമിഷം..!!

“എന്താണ് എല്ലാവരും ഭയന്ന് പോയതുപോലെ.? നമ്മൾ ഇനിയും താമസിച്ചാലൊരു പക്ഷേ അത് ശത്രുകൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കും. .!! ഇപ്പോൾ തന്നെ നമ്മൾ സെമിത്തേരിയിൽ കാലെടുത്ത് വെച്ചപ്പോൾ അവിടെ ചേർന്ന ആ ആൾക്കൂട്ടം അതാരുടെയോ കൃത്യമായ പ്ളാൻ ആണെന്ന് നമുക്ക് ഉറപ്പല്ലേ.? അതുകൊണ്ടാണ് നമുക്ക് അവിടെ നിന്നൊന്നും കിട്ടിയില്ല എന്ന് അവരെ ബോധ്യപ്പെടുത്താൻ ഞാൻ കപ്യാരു വറീതിനെ വെറുതെ ഒന്ന് പേടിപ്പിച്ചത്..!! ഇന്നീ രാത്രി അവരാരും തന്നെ ആ സെമിത്തേരിയിലേക്ക് നമ്മൾ ചെല്ലും എന്ന് പ്രതീക്ഷിക്കില്ല , അതുകൊണ്ട് ഇന്ന് ഈ രാത്രി നമ്മൾ ചെല്ലുന്നു സെമിത്തേരിയിലേക്ക്..!! ഓകെ. ..,

അതൊരു ഓർഡറായിരുന്നു… വിവരങ്ങൾ വിളിച്ചു പറഞ്ഞു ഡിജിപി സാറിൽ നിന്നും അനുവാദം വാങ്ങണം ആദ്യം, പിന്നെ നമ്മുടെ ഫോഴ്സിനെയും കൂട്ടണം ഒരു ആക്രമണം ഉണ്ടായാൽ ചെറുകാൻ…!! &&&&&&&&&&&& രാത്രി പ്രകൃതി പോലും നിശ്ചല ധ്യാനത്തിൽ മുഴുകിയ സമയത്ത് പഴയ പളളിയുടെ സെമിത്തേരി ലക്ഷ്യമാക്കി ഭദ്രയും ടീംമും മുന്നോട്ടു നീങ്ങി… ..!! തേക്കിൻതോട്ടംക്കാരുടെ പഴയ കുടുംബകല്ലറയ്ക്കരികിലെത്തിയതും ഭദ്ര കൂടെയുളളവരെ നോക്കി , ആ നോട്ടത്തിന്റ്റെ അർത്ഥം മനസ്സിലാക്കി രാജീവ് കൂടെ വന്നിരിക്കുന്നവർക്ക് ശ്രദ്ധയോടെ കല്ലറ പൊളിക്കാനുള്ള നിർദ്ദേശം നൽകി…!!

വർഷങ്ങൾ പഴക്കമുള്ള ആ കല്ലറയിലെ ആദ്യത്തെ കല്ലറയുടെ മുകളിലെ സിമന്റ് പാളികൾ പണിക്കാർ ശ്രദ്ധയോടെ അടർത്തി മാറ്റാൻ നോക്കിയതും പെട്ടെന്നൊരു ശബ്ദത്തോടെയാ സിമന്റ് പാളി ഒരു സൈഡിലേക്ക് തെന്നി മാറി …!! ഒരു സെക്കന്റ് നേരത്തേ നിശബ്ദത.., അതിനെ കീറിമുറിച്ച് പെട്ടെന്നാണ് അന്തരീക്ഷത്തിത്തെ നടുക്കി കൊണ്ടൊരു നിലവിളി പണിക്കാരിൽ നിന്നുയർന്നത് …!! ഞെട്ടലോടെ കല്ലറയ്ക്കുളളിലേക്ക് നോക്കിയ ഭദ്രയുടെ ശരീരത്തിലൂടൊരു വിറയൽ പാഞ്ഞു കയറി..!!!

തുടരും…..

ഭദ്ര IPS : ഭാഗം 6

Share this story