💔 മൊഴിയിടറാതെ 💔 : ഭാഗം 19

Share with your friends

എഴുത്തുകാരി: തമസാ

മോളെയും തോളിലിട്ട് കുറേ ദൂരം അങ്ങോട്ടും ഇങ്ങോട്ടുമായി നടന്നു ദീപൻ….വെയിലില്ലാത്ത ഇടം തേടി… .മോളേ ചുറ്റിയേക്കുന്ന കൈ വിറയ്ക്കുന്നപോലെയൊക്കെ തോന്നുന്നുണ്ട്….. ഉള്ളിലെ സന്തോഷം കൊണ്ടാണ്…… എത്ര നാളുകൾ …… എത്ര രാത്രികൾ നിന്നെ ഞാനീ തോളിൽ ചായ്ച്ചുറക്കുന്നത് സ്വപ്നം കണ്ടിട്ടുണ്ട് മോളേ…..ദീപന്റെ കണ്ണുനീർ പൊടിഞ്ഞു…… ചുണ്ടിൽ അമർന്ന ചിരിയ്‌ക്കൊപ്പം നെഞ്ച് തിരുമ്മി ഒരുപിടി ശ്വാസം കടന്നു പോയി…

മരണങ്ങൾ പോലും മറ്റൊരുവന് അവസരങ്ങൾ ആയി മാറാറുണ്ട്….. ഇവിടെയും….. പക്ഷെ തനിക്കെതിരെ മത്സരിച്ചവനല്ല മരിച്ചതെന്ന് മാത്രം…. എങ്കിലും അത് തനിക്കവസരമായി മാറി….. ഈ കുഞ്ഞിനെ ഒന്ന് എടുക്കാൻ…… ഒന്ന് കണ്ടുകൊണ്ട് ഇരിക്കാൻ…. വീട്ടിൽ നിന്ന് മാറി തണലത്തു വെച്ചിരിക്കുന്ന സ്വന്തം ബൈക്കിനു മുകളിലേക്ക് ദീപൻ മോളെയും കൊണ്ട് ഇരുന്നു…. അത്രയും നേരം മിണ്ടാതെ തോളിൽ കിടന്ന മോള്, ബൈക്ക് കണ്ടപ്പോൾ തന്നെ ചിരിച്ചു കൊണ്ട് എഴുന്നേറ്റ് ഹാൻഡിലിൽ പിടിച്ചു…..

മോളുടെ വയറിലൂടെ ചുറ്റിപ്പിടിച്ചുകൊണ്ട് ദീപൻ നന്ദൂട്ടിയുടെ തുടുത്ത കവിളിൽ ഉമ്മകൾ നിറച്ചു…… തൂങ്ങിക്കിടക്കുന്ന ഊത്തക്കവിളിൽ അവന്റെ ചുണ്ടുകൾ കൊണ്ട് തന്നെ വേദനിപ്പിക്കാതെ കടിച്ചുപിടിച്ചു….അവന്റെ ചുണ്ടുകൾ മോളുടെ കവിളിൽ ഉരഞ്ഞു വാത്സല്യം തുളുമ്പുന്ന ശബ്ദങ്ങൾ പുറത്തു വന്നു…… അയാൾക്ക്, അവളെ ചുംബിച്ചു മതിയാകുന്നുണ്ടായിരുന്നില്ല……. ഇന്നലെ കുളിച്ചതാണ് മോള്…. ദീപൻ ഇടയ്ക്ക് വീട്ടിൽ പോയി വന്നിരുന്നു ….

ആകെ മുഷിഞ്ഞിട്ടുണ്ട് കുഞ്ഞ് ….. അതിന്റെ ഒരു ക്ഷീണമാണ് മോൾക്ക് കൂടുതലും….. പിന്നെ വയറു നിറച്ചൊന്നും കിട്ടിയിട്ടുമില്ല കുഞ്ഞിന്…..ഗീതു ,.. അവൾക്കും വയ്യായിരുന്നല്ലോ…… ചുരുണ്ടു കിടക്കുന്ന മുടികൾക്കുള്ളിലൂടെ ഇടതു കൈവിരലുകൾ കടത്തി വിട്ടുകൊണ്ട് അവൻ ഒതുക്കി വെയ്ക്കാൻ നോക്കി…… ചെറുതായി ഒന്ന് ഒതുങ്ങിയെന്നു മാത്രം…… പക്ഷേ ആ കുഞ്ഞുവാവപ്പെണ്ണിന്റെ ഉച്ചിയ്ക്ക് അപ്പോഴും നല്ല രാസ്നാദിപ്പൊടിയുടെ കുളിർപ്പിക്കുന്ന മണം ഉണ്ടായിരുന്നു…

കുറച്ചു കഴിഞ്ഞപ്പോഴേക്കും മോള് കരച്ചിലും ആയി….. വിശന്നൊട്ടിയ വയർ പിന്നെയും പിന്നെയും കാണുമ്പോൾ തന്നെ ദീപന്റെ ഹൃദയം തകർന്നു…… അവൾക്ക് വയ്യാത്തത് കൊണ്ട് നേരാം വണ്ണം പാല് പോലും കുടിച്ചിട്ടുണ്ടാവില്ല….ഇത്രയും ബന്ധുക്കൾ ഉണ്ടായിട്ട് ഒരെണ്ണമെങ്കിലും എന്റെ കൊച്ചിനെ ഒന്ന് തിരിഞ്ഞു നോക്കാൻ…… !!!…… മോളെയും കൊണ്ട് എങ്ങോട്ടെങ്കിലും പോയാലോ എന്ന് കരുതിയെങ്കിലും നീനയെ ഒറ്റയ്ക്ക് അവിടെ ഇട്ടിട്ട് പോകുന്ന കാര്യം ആലോചിച്ചപ്പോൾ അവൻ നിവൃത്തി കെട്ട് അവിടെ തന്നെ നിന്നു..

ഏതെങ്കിലും പെൺകുഞ്ഞു തനിച്ചാകുന്നത് കാണുമ്പോൾ, അവളെന്റെ മോളാണെന്ന് കരുതിയാൽ മാത്രം മതി…….. അവൾ സുരക്ഷിതയാകും വരെ ഉള്ളിലൊരു ഭാരം ആയിരിക്കും…… വീട്ടിലേക്ക് ഒന്ന് നോക്കിയിട്ട് ദീപൻ ബൈക്കിലേക്ക് തന്നെ മടുത്ത് ഇരുന്നു… എന്നാലും എന്ത് പെണ്ണുങ്ങളാ….. ആ പെൺകൊച്ചു നന്ദുവിനെയും കൊണ്ട് ഇവിടെ നിൽക്കുന്നത് കണ്ടതല്ലേ…. എന്നിട്ടാ എല്ലാം കൂടി അതിനെയും കൂടി കൂട്ടാതെ, അല്ലെങ്കിൽ ഏതെങ്കിലും ഒരാളിവിടെ നിൽക്കാതെ തൂത്തു പെറുക്കി പോയത്…….

തോളത്തിട്ട് തട്ടി നോക്കിയിട്ട് ഒന്നും മോള് കരച്ചിൽ നിർത്തിയില്ല…. ഒരു മിട്ടായി എങ്കിലും ഉണ്ടായിരുന്നെങ്കിൽ ഈ കരച്ചില് കാണേണ്ടായിരുന്നല്ലോ….. ദീപന്റെ ഉള്ളിൽ നീറ്റലായി…. ബൈക്കിൽ പിടിപ്പിച്ച ബാഗിൽ, ഒന്നും ഉണ്ടാവില്ല എന്ന് അറിയാമായിരുന്നിട്ടും അവൻ വെറുതെ കയ്യിട്ടു….. സിഗരറ്റ് വാങ്ങിയപ്പോൾ എപ്പോഴെങ്കിലും ഒരു മിട്ടായി ബാക്കിയായി തന്നിട്ടുണ്ടെങ്കിലോ…. !!! ….. അകത്തേക്ക് ഇട്ട വലം കയ്യിൽ എന്തോ തട്ടി…….

സംശയിച്ച് എടുത്തു നോക്കിയപ്പോൾ DNA മൌത്ത് സ്വാബ് കിറ്റ് ……. ഇത്രയും സംഭവങ്ങൾ മുന്നിൽ നടക്കേ, അതിന്റെ കാര്യം തന്നെ അവൻ മറന്ന് പോയിരുന്നു…… വിതുമ്പിക്കിതച്ചുള്ള കുഞ്ഞാറ്റയുടെ കരച്ചിൽ, ആ കിറ്റ് അതുപോലെ തന്നെ തിരിച്ചു വെയ്ക്കാൻ അവനെ പ്രേരിപ്പിച്ചു……. എന്ത് ചെയ്യും?……. വിശപ്പിന്റെ കരച്ചിലായത് കൊണ്ട് മോള് അടങ്ങുന്നില്ല……. അവൻ മോളേ മേലോട്ടുയർത്തിയും താഴ്ത്തിയും എല്ലാം നോക്കി പരാജയപ്പെട്ടൊടുവിൽ നന്ദുവിനെ കെട്ടിപ്പിടിച്ചുകൊണ്ട് തകർന്ന് നിന്നു….

എന്റെ കുഞ്ഞിന് കൊടുക്കാനായി ഒരു കുഞ്ഞു മിട്ടായി പോലും കയ്യിൽ കരുതാതെ കയറി വന്ന ഹതഭാഗ്യനായി പോയല്ലോ ഞാൻ…… മോളെയും ഇടം കൈകൊണ്ട് പിടിച്ച്, അവൻ വീട്ടുമുറ്റത്തേക്ക് തന്നെ നടന്നു….. മുൻവശത്തെ ഇറയത്തിന്റെ ഓരം ചേർന്ന് വെച്ചിരിക്കുന്ന ചായപ്പാത്രം കണ്ട് അവനതിൽ നിന്ന് ഇത്തിരി ഡിസ്പോസിബിൾ ഗ്ലാസ്സിലേക്ക് ഒഴിച്ചു….. ചൂടുണ്ടായിരുന്നില്ല…… ഉള്ള ചൂട് വെയിലിന്റെ മാത്രം ആയിരുന്നു……

അടുത്ത് തന്നെ ഒരു പ്ലാസ്റ്റിക് കൂടിൽ പൊട്ടിച്ചു ബാക്കി വെച്ച ബ്രെഡും ഉണ്ടായിരുന്നു……. മരണവീട്ടിൽ ഇത് പതിവാണ്…. അയല്പക്കത്തു നിന്ന് ആരെങ്കിലും തീരുന്ന മുറയ്ക്ക് ചായയിട്ട് കൊണ്ടുവെക്കും…. കൂടെ, വാങ്ങിച്ച ബ്രെഡ്ഡും… നീലപ്പന്തലിന്റെ അടിയിലിരുന്ന്, അമ്മേ….. മ്മേ…. എന്ന് വിളിച്ചു കരയുന്ന കുഞ്ഞിനെ ഊട്ടാൻ ദീപൻ പാടുപെട്ടു….. ഒരു കഷ്ണം ബ്രെഡിൽ തന്നെ മോള് മടുപ്പ് കാട്ടി….

ഒടുവിൽ, അമ്മയുടെ തലയ്ക്ക് വെച്ചിരുന്ന പഴങ്ങളിൽ നിന്ന് ഒരെണ്ണം വിരിഞ്ഞെടുത്തു മോളേ കഴിപ്പിക്കുമ്പോൾ മറ്റൊന്നും അവൻ ചിന്തിച്ചില്ല…… തന്റെ കുഞ്ഞിന്റെ വിശപ്പ് മാത്രം ആയിരുന്നു ഉള്ളിൽ…… കിണറ്റിൽ ചോട്ടിൽ കർമങ്ങൾക്കായി കഴുകിയപ്പോൾ വീണുപോയ എള്ള് കൊത്തുന്ന കാക്കയെയും മറ്റും കാട്ടികൊടുത്തുകൊണ്ട് അവൻ മോളേ കഴിപ്പിച്ചു….. അവനതെല്ലാം അത്ഭുതം ആയിരുന്നു……

ഇതുപോലെ അടുത്തെങ്ങും നടക്കുമെന്ന് പ്രതീക്ഷിച്ചില്ല….. അവന്റെ തുടയിൽ രണ്ട് വശത്തേക്ക് കാലിട്ടിരുന്ന്, ദീപൻ പറയുന്നതിനെല്ലാം മൂളിക്കൊണ്ട് കുഞ്ഞു പഴവും ചായയും കഴിച്ചു…. അത് കഴിപ്പിച്ചു കഴിഞ്ഞു പിന്നെയും നടയിൽ കുഞ്ഞിനേം കൊണ്ട് ഇരിക്കുമ്പോൾ ആണ്, കിറ്റ് ഉപയോഗിക്കാൻ ഇതിലും നല്ലൊരു അവസരം ഇനി കിട്ടില്ലല്ലോ എന്ന് അവൻ ചിന്തിച്ചത്….. കുഞ്ഞിന്റെ വായ്ക്കുള്ളിൽ വിരലിട്ട്, വെള്ളത്തോടൊപ്പം അവൻ രണ്ടും മൂന്നും വട്ടം നല്ലപോലെ കഴുകി….

പഴത്തിന്റെ ബാക്കി ഒന്നും വായിൽ അവശേഷിക്കാത്തത് പോലെ…… കുഞ്ഞിന്റെ മുഖവും നന്നായി കഴുകി തുടച്ചിട്ട് അവൻ, ബൈക്കിന്റെ അടുത്തേക്ക് കുഞ്ഞിനേയും കൊണ്ട് ചെന്നു….. മൌത്ത് സ്വാബ് കിറ്റുമായി തിരികെ ഇറയത്തേക്ക് തന്നെ വന്നിരുന്നു …. സസൂക്ഷ്മം ഓരോന്നും എടുത്തു വെച്ചു…… നെഞ്ചോട് മുറുക്കി പിടിച്ചിട്ട് മോളുടെ വായിലെ ചീക്ക് സെൽ എടുക്കാൻ വേണ്ടി മൌത്ത് സ്വാബ് ഉള്ളിലേക്ക് വെച്ചപ്പോൾ മകൾക്ക് നോവുമോ എന്നോർത്ത് അവന്റെ കൈകൾ ചെറുതായി വിറച്ചു…… ചങ്ക് പിടച്ചു……

ഒരു മിനിറ്റ് നേരം അത് വായിൽ ഉരയ്ക്കുന്നതിന്റെ വിമ്മിഷ്ട്ടത്തിൽ നന്ദൂട്ടി മുഖം അനക്കിക്കൊണ്ടിരുന്നു….. അത് കുഞ്ഞിന് വേദനിച്ചിട്ടോ എന്നോർത്ത് അവന്റെ കണ്ണ് പലവട്ടം ചിമ്മിത്തുറന്നു……. വിരൽ പോലും സ്പർശിക്കാതെ ആ കോശങ്ങളെ ശ്രദ്ധിച്ചവൻ ഒടിച്ചു കുപ്പിയിലാക്കി…..തന്റെ സെൽ വീട്ടിൽ ചെന്നിട്ട് എടുത്താൽ മതിയല്ലോ….. എല്ലാം വീണ്ടും പാക്ക് ചെയ്തു മോളെയും കൊണ്ട് ബൈക്കിൽ ചെന്നിരുന്നു….. കിറ്റ് സേഫ് ആക്കി…

ഇനി വെറും ദിവസങ്ങൾ മതി മോളേ, നീ എന്റേത് കൂടി ആണെന്ന് തെളിയിക്കപ്പെടാൻ…. ഗീതു ഒന്നും അറിയില്ല….. റിസൾട്ട്‌ കയ്യിൽ കിട്ടുംവരെ പറയില്ല ഞാൻ…… എനിക്കറിയാം, വരാൻ പോകുന്ന ദിവസങ്ങളിൽ ആൺതുണ ഉള്ളതിന്റെ ഗുണമെന്താണെന്ന് അവൾക്ക് മനസിലാവും….. ആ നേരം തന്നെ അവൾക്ക് മുന്നിലേക്ക് ഞാൻ വരും,….. അവളുടെ മുന്നിൽ വെച്ചു തന്നെ ഈ റിസൾട്ട്‌ ഞാൻ കാണും…… എന്നിട്ട്….. ആവോ…. അറിയില്ല…… എന്റെ കുഞ്ഞാവും മോളേ നീ…..

ഇനി അല്ലെങ്കിലും ചേർത്ത് പിടിക്കും….. അവളോട് പറയും ഞാൻ, കൂടെ കൂട്ടാതെ വയ്യെന്ന്…….. നന്ദു മോളുടെ താടയിലേക്ക് സന്തോഷം കൊണ്ട് അവൻ ഇറുക്കി കടിച്ചു…… അവന്റെ ചുണ്ടുകൾക്കുള്ളിലിരുന്ന് ആ കുഞ്ഞു താടയിലെ ചുഴി ഇക്കിളി പൂണ്ടു ചിരിച്ചു…. …കൂടെ അവന്റെ താടിച്ചുഴിയും …… വിശപ്പൊന്ന് അടങ്ങിയതിന്റെ സന്തോഷത്തിൽ ദീപന്റെ കുഞ്ഞോളും കൊഞ്ചിക്കൊഞ്ചി ചിരിച്ചു ………അവനും അതിനൊപ്പം കൂടി …..രക്തം രക്തത്തെ തിരിച്ചറിയും എന്ന് പറയുന്നത് ഇതാകുമോ …..എന്റെ കുഞ്ഞായത് കൊണ്ടാവില്ലേ അവളെന്നോട് ഇത്രയും പെട്ടെന്ന് അടുത്തത് …..

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!