നിവേദ്യം : ഭാഗം 9

Share with your friends

എഴുത്തുകാരി: ആഷ ബിനിൽ

“എഡ്വി… അവൾ സമ്മതിച്ചു” പൂർണചന്ദ്രൻ ഉദിച്ച പ്രകാശം ആയിരുന്നു അത് പറയുമ്പോൾ ഹരിയേട്ടന്റെ മുഖത്ത്. മനസിന്റെ സന്തോഷം അവിടെ തെളിഞ്ഞു കണ്ടു. എന്റെയൊപ്പം ഉള്ളപ്പോൾ ഒരിക്കൽ പോലും ഈ തെളിച്ചം കണ്ടിട്ടില്ല. അവൾ സമ്മതിച്ചില്ലെങ്കിൽ എന്തു ചെയ്തേനെ എന്നു ഞാൻ വെറുതെ ആലോചിച്ചു നോക്കി. മനസിലും ശരീരത്തിലും മറ്റൊരാളെ പുൽകുന്ന ഒരു മനുഷ്യനൊപ്പം എനിക്ക് ജീവിക്കാൻ കഴിയുമോ? ജീവിച്ചാലും അയാൾക്ക് എന്നെ എന്നെങ്കിലും സ്നേഹിക്കാനാകുമോ? അല്ല. എഡ്വി സമ്മതിച്ചില്ലെങ്കിൽ മസിലളിയൻ യൂ എസിലേക്ക് തിരിച്ചു പോകുമെന്ന് ഉറപ്പാണ്.

അപ്പോ പിന്നെ ഈ ചോദ്യങ്ങൾക്കൊന്നും തന്നെ പ്രസക്തിയില്ല. പിരിയാനുള്ള എന്റെ സമ്മതത്തിന് പോലും ഇവിടെ പ്രസക്തിയില്ല. എങ്കിലും ഇവിടെ ഞങ്ങളുടെ വിവാഹബന്ധം ഇതേപടി തുടർന്നേനെ. ദുർഗന്ധം വമിക്കുന്ന ആ ഭാണ്ഡം ഞാൻ ചുമന്നുകൊണ്ട് നടന്നേനെ, ആർക്കും വേണ്ടാതെ. ഈ വിവാഹ ജീവിതം എന്നു പറയുന്നത് തന്നെ ഒരു ഞാണിന്മേൽ കളി ആണല്ലോ. ചെലോർത് റെഡിയാകും ചെർലോർത് റെഡിയാകില്ല. എന്റേത് റെഡിയായില്ല. അതിൽ എനിക്കിതിരി വിഷമം ഒക്കെയുണ്ട്. എന്നാലും സാരല്യ, സ്നേഹിക്കുന്ന രണ്ടു പേര് ഒന്നിക്കാൻ ഞാൻ കാരണം ആയല്ലോ.

ഡിവോഴ്‌സ് പേപ്പറിൽ സൈൻ ചെയ്യുമ്പോൾ എന്റെ കണ്ണുകൾ അനുസരണക്കേട് കാണിക്കാൻ ശ്രമിച്ചെങ്കിലും ഒരുതുള്ളി പോലും പൊഴിയാൻ ഞാൻ അനുവദിച്ചില്ല. കാരണം ഒഴുകാൻ പോകുന്നത് എന്റെ ഹൃദയം മുറിഞ്ഞ രക്തമാണ്. അത് ഈ മനുഷ്യന് ഒരിക്കലും ഒരു ഭാരമായിക്കൂടാ. ശൂന്യമായ മനസോടെയാണ് വീട്ടിലേക്ക് വന്നു കയറിയത്. സമയം മൂന്നുമണി ആകാറായിരുന്നു. ഹരിയേട്ടൻ വേഷം മാറി അച്ഛനോടും അമ്മയോടും സംസാരിക്കാൻ താഴേക്ക് പോയി. ഞാൻ വെറുതെ കട്ടിലിൽ കയറി കിടന്നു. വിശപ്പോ ദാഹമോ അന്ന് ഞാനറിഞ്ഞില്ല. താഴെ നിന്ന് ഒച്ചയും ബഹളവും ഒക്കെ കേൾക്കുന്നുണ്ടായിരുന്നു.

ഒന്നും ചെയ്യാൻ തോന്നിയില്ല. അവർക്കിടയിലേക്ക് ഇറങ്ങി ചെല്ലാൻ മനസ് അനുവദിച്ചില്ല എന്നുവേണം പറയാൻ. പിറ്റേന്ന് രാവിലെയാണ് ഞാൻ ഉറക്കം തെളിഞ്ഞത്. അടുത്ത ദിവസം എക്സാം ഉള്ളതാണ്. മസിലളിയനെ അവിടെങ്ങും കണ്ടില്ല. ഞാൻ ഫ്രഷായി താഴേക്ക് ചെന്നു. ലിവിങ് റൂമിൽ അച്ഛൻ ഉണ്ടായിരുന്നു. കരഞ്ഞു തളർന്ന രൂപത്തിൽ, തൊട്ടടുത്തു തന്നെ അമ്മയും. അവരുടെ അവസ്ഥയ്ക്ക് ഞാനും കാരണക്കാരിയാണ്. മകനെ ഞാൻ നന്നാക്കിയെടുക്കും എന്നവർ സത്യമായും പ്രതീക്ഷിച്ചു കാണണം. മദ്യപനും പെണ്ണ് പിടിയാനുമായ ചെക്കന്മാരെ പോലും അങ്ങനെ നന്നാക്കിയ കഥകൾ ഒരുപാടുണ്ടല്ലോ വായിക്കാൻ. സിനിമകൾ ഒരുപാടുണ്ടല്ലോ കാണാൻ.

ചുരുക്കം ചിലർ റിയൽ ലൈഫിലും ഉണ്ട്. അപ്പോ പിന്നെ എന്നെക്കൊണ്ട് അതിന് കഴിയാഞ്ഞത് തീർച്ചയായും എന്റെ വീഴ്ചയാണ്. ശ്രീദേവിയമ്മയുടെ അടുത്തുചെന്ന് ഞാനാ മടിയിൽ കിടന്നു. അമ്മ എന്റെ തലമുടിയിൽ വിരലോടിച്ചുകൊണ്ടിരുന്നു. ഇന്നേവരെ തോന്നാത്ത ഒരുതരം വീർപ്പുമുട്ടൽ, വെറുപ്പിക്കുന്ന നിശബ്ദത വീട്ടിലാകെ തളം കെട്ടി നിന്നു. അടൂർ ഗോപാലകൃഷ്ണൻ സർ ഇപ്പോ വന്നിരുന്നെങ്കിൽ ഞങ്ങളെയെല്ലാം സിനിമേൽ എടുത്തേനെ. ലതികേച്ചി കാപ്പി കുടിക്കാൻ വിളിച്ചിട്ട് പോയി. അവരുടെ മുഖവും അവാർഡ് സിനിമയിലെ നായികയെപ്പോലെ ഉണ്ട്. “മോളെ…” പ്രാതൽ കഴിച്ചെന്നു വരുത്തി റൂമിലേക്ക് പോകാൻ നിന്ന എന്നെ അമ്മ വിളിച്ചു.

“നിന്നോടെന്തു പറഞ്ഞ് അശ്വസിപ്പിക്കണം എന്നു എനിക്കറിയില്ല മോളെ. മകനെ നന്നാക്കാൻ വിവാഹം കഴിപ്പിക്കുന്ന ടിപ്പിക്കൽ അച്ഛനമ്മമാർ ആയി പോയി ഞങ്ങൾ. നിന്റെ ജീവിതം കൂടി ഞങ്ങൾ കാരണം…” അമ്മയുടെ മുഖഭാവം എനിക്ക് സഹിക്കാൻ കഴിയുന്നില്ലയിരുന്നു. “ആഹാ. കവിയൂർ പൊന്നമ്മ മോഡ് ഓൺ ആയല്ലോ… എന്താമ്മേ ഇത്? എൻടിആർ പോയാൽ നാഗചൈതന്യ വരും. ഇങ്ങനെ സെന്റി അടിക്കല്ലേ. വിട്ട് കളയണം…” ചിരിച്ചുകൊണ്ടാണ് പറഞ്ഞതെങ്കിലും എന്റെ കണ്ണുകൾ അതനുസരിക്കുന്നില്ലായിരുന്നു. അതോടെ അമ്മയെന്നെ കെട്ടിപ്പിടിച്ചു കരച്ചിലായി. അച്ഛനും കണ്ണ് നിറഞ്ഞിരിക്കുന്നത് കണ്ടു. ഹാർട്ടിന് അസുഖമുള്ള മനുഷ്യൻ ആണേ, വിഷമം ഒന്നും താങ്ങാൻ കഴിയില്ല പാവത്തിന്.

ഫോൺ റിങ് ചെയ്തപ്പോൾ മസിലളിയൻ സൈഡിൽ കൂടി ഒന്നുമറിയാത്തപോലെ റൂമിലേക്ക് വലിഞ്ഞു. മറിമായം മുതൽ കോമഡി സ്റ്റാർസ് വരെ വേണ്ടിവന്നു എനിക്ക് അച്ഛനെയും അമ്മയെയും ഒന്ന് ചിരിപ്പിക്കാൻ. അപ്പോഴേക്കും എനിക്കുള്ള വിളി എത്തി. “നിവേദ്യാ. വേഗം റെഡിയായി വരൂ. അഡ്വക്കേറ്റിനെ കാണാൻ പോണം” ഓഹ്മ്മബ്രാ. വെപ്രാളം ഒക്കെ കണ്ടാൽ ഭാര്യയെ ഡെലിവറിക്ക് കൊണ്ടുപോക്കുകയാണ് എന്നു തോന്നും. എന്നെ കൊണ്ടോയി കളയാൻ ആണ് ഈ ആവേശം. ഹും. “ഞാൻ ഹാരിമോന്റെ കൂടെ വന്നോളാം” ഞാൻ പറഞ്ഞു. “അതാരാ?” ഓഹോ. എന്റെ ഹാരിമോനെ അറിയില്ല അല്ലെ ജാഡ തെണ്ടി. ശരിയാക്കി തരാം. “അതോ അതെന്റെ ബോയ്ഫ്രണ്ട് ആണ് ഹരിയെട്ടാ.

ഡിവോഴ്‌സ് കഴിഞ്ഞാൽ ഞങ്ങൾ കല്യാണം കഴിക്കാൻ ഇരിക്കുവാ” ആളുടെ മുഖം ഒന്ന് തെളിഞ്ഞപോലെ തോന്നി. ഓടി എന്റടുത്തു വന്നു കൈയ്യിൽ കയറി പിടിച്ചു. ഞാനാകെ അന്തിച്ചു പോയി. “നിവേദ്യാ. ആം സോ ഹാപ്പി ഫോർ യൂ… നമ്മൾ ഡിവോഴ്‌സ് ആയാൽ തന്റെ ലൈഫ് എങ്ങനെ ആകും എന്ന ടെൻഷൻ ഉണ്ടായിരുന്നു എനിക്ക്. ഇപ്പോ സമാധാനമായി… ആം സോ സോ ഹാപ്പി…” അത്രയും പറഞ്ഞിട്ട് ഊർന്നുവീഴാൻ പോയ കണ്ണീർ തുടച്ചുകൊണ്ട് ആൾ മുറി വിട്ടുപോയി. എന്താ ഇപ്പോ ഇവിടെ സംഭവിച്ചേ? ആരാ പടക്കം പൊട്ടിച്ചേ? എന്തായാലും സ്വന്തം ഭാര്യക്ക് ബോയ്ഫ്രണ്ട് ഉണ്ടെന്ന് അറിയുന്നത് സന്തോഷം കൊണ്ട് കണ്ണ് നിറയ്ക്കാൻ തക്ക വാർത്ത ആണെന്ന് ഞാനിപ്പോഴാ അറിയുന്നത്.

വക്കീലോഫീസിൽ എത്തിയപ്പോൾ എന്റെ ബോയ്ഫ്രണ്ടിനെ കാണാൻ ഓടിവന്ന എൻടിആറിന്റെ മുഖം ഒന്ന് പ്ലിങ്ങി. ഞാൻ പുച്ഛം വാരി വിതറി. നിങ്ങൾക്ക് മാത്രമല്ലാസ് എനിക്കും പുച്ഛിക്കാൻ അറിയാം ഹേ. സാമാന്യം വലിയൊരു ഓഫീസ് ആണ് അത്. ഒരു കാര്യവുമില്ലാതെ പത്തിരുപത് ജൂനിയർ വക്കീലന്മാർ അതിലെ തേരാപാരാ നടക്കുന്നത് കണ്ടു. എന്റെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു. ചിരിക്കുന്ന മുഖത്തിനുള്ളിൽ കരയുന്ന മനസിനെ ഒളിപ്പിക്കാൻ ഞാൻ പാടുപെട്ടു. അഡ്വ. മാലിനി നമ്പ്യാർ. പത്തു നാല്പത്തിയഞ്ചു വയസുള്ള ഒരു സ്ത്രീയാണ്. കുറുക്കന്റെ പോലെ കൗശലം നിറഞ്ഞ മുഖം. ഡിവോഴ്‌സ് സ്‌പെഷ്യലിസ്റ്റ് ആണ് ആൾ. കേസ് നന്നായി പഠിച്ചിട്ട് മാത്രമേ എടുക്കൂ എന്ന് കേട്ടിരുന്നു.

ഏറ്റെടുത്താൽ പിരിക്കും എന്നത് ഗ്യാരന്റീ ആണെന്നും. “വിവാഹം കഴിഞ്ഞിട്ട് ആറു മാസമല്ലേ ആയുള്ളൂ..?” വക്കീലമ്മ പണി തുടങ്ങി. ഞാൻ തലചൊറിഞ്ഞു. “അതേ മാഡം.” ആഹാ. എന്താ വിനയം. ഇങ്ങനെ സാഹചര്യം അനുസരിച്ചു വിനയം വാരി വിതറാൻ എന്റെ എൻടിആറിന് മാത്രമേ പറ്റൂ. “താങ്കൾ എന്തു ചെയ്യുന്നു?” “ഡോക്ടർ ആണ്. യൂ എസിൽ” “വയസ്?” “ഇരുപത്തിയെട്ട്” അടുത്തത് എനിക്ക് ആയിരുന്നു. “ഒക്കെ. കുട്ടി എന്ത് ചെയ്യുന്നു?” “എംബിഎ സ്റ്റുഡന്റാണ്. വയസ് ഇരുപത്തിയൊന്ന്” ഞാൻ പറഞ്ഞു. അത് അവർക്കത്ര പിടിച്ചില്ല എന്നു തോന്നി. “വെറും ആറു മാസമേ ആയുള്ളൂ വിവാഹം കഴിഞ്ഞിട്ട്. ഇത്ര വേഗം പിരിയാൻ ഉള്ള കാരണം?” “ഞങ്ങൾക്ക് ഒരുമിച്ചു പോകാൻ കഴിയുന്നില്ല മേഡം. അതുകൊണ്ടാണ്”

ഓഹോ. അല്ലാതെ നിങ്ങൾക്ക് നിങ്ങളുടെ മദാമ്മ കാമുകിയെ കെട്ടാൻ അല്ല..? “എന്നാലും കുറച്ചു കാലം കൂടി ശ്രമിച്ചുകൂടെ? നിങ്ങൾ രണ്ടാളും ചെറുപ്പമാണ്. ജീവിതം തുടങ്ങിയിട്ടേയുള്ളൂ” വക്കീലമ്മ അവസാന ശ്രമം പോലെ ചോദിച്ചു. “ഈ ആറു മാസം ശ്രമിച്ചിട്ടും കഴിയുന്നില്ല മേഡം.. അതാണ് ഞങ്ങൾ..” ശ്രമിച്ചെന്നോ? ആര് ശ്രമിച്ചു. കല്യാണം കഴിഞ്ഞ് ഒരാഴ്ച ആയപ്പോ മുങ്ങിയിട്ട് മിനിങ്ങാന്ന് പൊങ്ങിയ നിങ്ങളോ? “ഇതെന്താണ് താങ്കൾ മാത്രമാണല്ലോ സംസാരിക്കുന്നത്. കുട്ടിക്കൊന്നും പറയാനില്ലേ?” “എനിക്ക് സമ്മതമാണ് മേഡം. പിരിയാൻ” ഞാൻ പറഞ്ഞു. “ഹ്മ്മം… എന്തായാലും നിങ്ങളൊന്ന് പുറത്തേക്ക് നിൽക്കൂ. ഞാൻ ഈ കുട്ടിയോടൊന്ന് സംസാരിക്കൂ” വക്കീലമ്മ മസിലളിയനെ പുറത്താക്കി.

“കുട്ടി പൂർണ സമ്മതത്തോടെ തന്നെയാണോ വിവാഹമോചനത്തിന് തയ്യാറായത്?” “അതേ മേഡം” ഞാൻ പതറാതെ പറഞ്ഞു. “വിവാഹം എന്നാൽ കുട്ടിക്കളി അല്ല കുട്ടി. ഈ താലിക്ക് ഒരു പവിത്രതയില്ലേ? ഇതിങ്ങനെ വെറുതെ അറുത്തുമാറ്റാൻ കഴിയുമോ?” “താലിയുടെ പവിത്രത അറിയുന്നത് കൊണ്ടു തന്നെയാണ് എന്റെ ഈ തീരുമാനം. ഇഷ്ടമില്ലാതെ എന്റെ കഴുത്തിൽ കെട്ടിയ ഈ താലിയെ വെറുമൊരു ലോഹകഷ്ണം മാത്രമായിട്ടാണ് എന്റെ ഭർത്താവ് കാണുന്നത്. ഈ താലി തന്നെ ഒരു വാഗ്‌ദാനം അല്ലെ മേഡം. അവസാനം വരെ പരസ്പരം സ്നേഹിച്ചുകൊണ്ട് ഒരുമിച്ചു ജീവിക്കാം എന്ന വാഗ്ദാനം. ഒരാൾ മാത്രം വിചാരിച്ചാൽ അത് പാലിക്കാൻ കഴിയില്ലല്ലോ. താലി ഭർത്താവിന് പവിത്രം അല്ലെങ്കിൽ പിന്നെ ഭാര്യയ്ക്ക് അതൊരു ബാധ്യത ആണ്. ശരിയല്ലേ??” അവർ പിന്നെയൊന്നും പറയാൻ നിന്നില്ല.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!