മകരക്കൊയ്ത്ത്‌ : ഭാഗം 1

Share with your friends

എഴുത്തുകാരൻ: സജി തൈപ്പറമ്പ്

എന്തിനാ അമ്മേ.. മേലേ തൊടിയിലെ ശാരദേച്ചി വന്നത്? കൂട്ടുകാരിയെ കാണാൻ പോയിട്ട് തിരിച്ച് വന്ന നീലിമ, ഗെയ്റ്റിന് മുന്നിൽ നിന്ന് ഓട്ടോയിൽ കയറിപ്പോയ ശാരദയെ കണ്ട് ജിജ്ഞാസയോടെ ദേവകിയോട് ചോദിച്ചു. അവര് നിന്നെക്കാണാൻ വന്നതാ എന്നെ കാണാനോ, എന്തിന്? നിന്നെ അവരുടെ മോൻ സുധാകരന് കല്യാണം കഴിച്ച് കൊടുക്കുമോന്ന് ചോദിക്കാൻ ങ്ഹേ? എന്നിട്ട് അമ്മ എന്ത് പറഞ്ഞു? അച്ഛൻ വരട്ടെ ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞു അത് ശരി, അപ്പോൾ അമ്മയ്ക്കും അച്ഛനും മാത്രം ഇഷ്ടപ്പെട്ടാൽ മതിയോ? എൻ്റെ അഭിപ്രായമറിയണ്ടെ? നീരസത്തോടെ നീലിമ ചോദിച്ചു.

അതിന് നിനക്ക് എതിരഭിപ്രായമൊന്നും ഉണ്ടാകില്ലെന്ന് അമ്മയ്ക്കറിയാം സുധാകരൻ നല്ലൊരു ചെറുപ്പക്കാരനല്ലേ? ,ഇപ്പോഴത്തെ ആണുങ്ങളെ പോലെ ബീഡി വലിയും കള്ള് കുടിയുമൊന്നുമില്ല, സ്വന്തമായി നാലഞ്ച് ഏക്കറ് പുഞ്ചപ്പാടമുള്ളത് കൊണ്ട്, കൃഷിയും മറ്റുമായി വീട്ടിൽ തന്നെ എപ്പോഴുമുണ്ടാവും, അല്ലാതെ കൂട്ടുകാരുമായി കറങ്ങി നടക്കാനോ, കവലയിൽ പോയിരുന്ന് വായിനോക്കാനോ ഒന്നിനും പോകാറില്ല ദേവകിക്ക് സുധാകരനെക്കുറിച്ച് പറയുമ്പോൾ ,നൂറ് നാവായിരുന്നു.

എൻ്റമ്മേ … അങ്ങേരൊരു പഴഞ്ചൻ മനുഷ്യനാ ,ഇത് വരെ പുള്ളിക്കാരൻ ഒരു പാൻ്റ്സിട്ട് പോകുന്നത് അമ്മ കണ്ടിട്ടുണ്ടോ? അയാൾക്ക് ബൈക്ക് ഓടിക്കാനറിയാമോ ?എന്തിനധികം പറയുന്നു ,ഒരു സൈക്കിള് പോലും ചവിട്ടാൻ അറിയാത്തത് കൊണ്ട്, ഇവിടുന്ന് കാൽനടയായിട്ടാണ് , മങ്കൊമ്പിലുള്ള കൃഷിഭവനിൽ വരെ പോകുന്നത് അയ്യോടാ … നീ എന്തോന്നാ കൊച്ചേ ഈ പറയുന്നത്?

സൈക്കിള് ചവിട്ടുന്നതും പാൻ്റിടുന്നതും ബൈക്കോടിക്കുന്നതുമൊക്കെയാണോ ഒരു പുരുഷന് വേണ്ട യോഗ്യത ,കെട്ടിക്കൊണ്ട് പോകുന്ന പെണ്ണിനെ മാനം മര്യാദയ്ക്ക് നോക്കാനുള്ള കഴിവും തൻ്റേടവുമുണ്ടാകണം, സുധാകരനത് വേണ്ടുവോളമുണ്ട്, ഞാനത്രേ നോക്കിയുള്ളു അയ്യേ… അമ്മേ ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ്, കല്യാണം കഴിഞ്ഞ് കൊയ്ത്തരിവാളുമെടുത്ത് പാടത്തേയ്ക്കിറങ്ങാനാണോ? നിങ്ങളെന്നെ ഇത്രയും പഠിപ്പിച്ചത്, സുധാകരേട്ടൻ്റെ പെങ്ങള് സുഷമയുടെ കാര്യമറിയാമല്ലോ?

കല്യാണത്തിന് മുമ്പ്, അവൾക്ക് കിട്ടിയ ജോലിക്ക് പോകേണ്ടെന്ന് പറഞ്ഞ് തടസ്സം നിന്നത്, ഈ സുധാകരേട്ടൻ ഒറ്റൊരാളാ ,ആ സ്ഥിതിക്ക്, ഭാവിയിൽ എനിക്കൊരു ജോലി ശരിയായാൽ , അതിന് പോകാൻ അങ്ങേര് അനുവദിക്കുമെന്ന് അമ്മയ്ക്ക് തോന്നുന്നുണ്ടോ? മോളേ.. ഭർത്താവിന് നല്ല വരുമാനമുണ്ടെങ്കിൽ പിന്നെ, ഭാര്യയ്ക്കെന്തിനാ ഒരു ജോലി, അവൻ്റെ കുട്ടികളെയും നോക്കി , നല്ലൊരു കുടുംബിനിയായി , സന്തോഷത്തോടെ കഴിഞ്ഞുടെ? മേലെതൊടിയിൽ ,ശാരദേച്ചിയും സുധാകരനും മാത്രമല്ലേയുള്ളു, അത് കൊണ്ട് നിനക്കവിടെ രാജകുമാരിയെ പോലെ കഴിയാം തൻ്റെ വാദങ്ങളൊന്നും, അമ്മയുടെ മനോഭാവത്തിന് മുന്നിൽ വിലപ്പോവില്ലെന്ന് മനസ്സിലാക്കിയ നീലിമ, നിരാശയോടെ അകത്തേയ്ക്ക് കയറിപ്പോയി.

പൂപ്പള്ളി കവലയിലെ പീടിക പൂട്ടിയിട്ട്, നീലിമയുടെ അച്ഛൻ വാസുദേവൻ വീട്ടിലെത്തിയപ്പോൾ എട്ട് മണി കഴിഞ്ഞു. നിങ്ങക്ക് കുറച്ചുടെ നേരത്തെ പീടിക അടച്ച് വന്നാലെന്താ ?വീട്ടിലിരിക്കുന്നവരുടെ ആധി നിങ്ങക്ക് പറഞ്ഞാൽ മനസ്സിലാവില്ല ,കൈയ്യിലൊരു ടോർച്ച് പോലുമില്ല ,വല്ല ഇഴജന്തുക്കളും കടിച്ചാലെന്ത് ചെയ്യും. ഭർത്താവിന് കഞ്ഞി വിളമ്പി കൊടുക്കുന്നതിനിടയിൽ, ദേവകി പരിഭവത്തോടെ ചോദിച്ചു. ഓഹ് പിന്നേ… പത്ത് മുപ്പത് കൊല്ലമായി, ഞാനീ പോക്ക് വരവ് തുടങ്ങീട്ട്, എന്നെ കടിക്കാൻ ചൊണയുള്ള ജന്തുകളൊന്നും ഈ നാട്ടിലില്ല,

നീയാ ചമ്മന്തി ഇത്തിരി കൂടി എടുക്ക് നോക്കിയേ , മേലേ തൊടിയിലെ ശാരദ വന്നിരുന്നു ഉം എന്നതാ കാര്യം? നീലിമയെ സുധാകരന് കെട്ടിച്ച് കൊടുക്കുമോന്നറിയാനാ വന്നത് ആഹാ, അത് നല്ല ആലോചനയാണല്ലോടീ.. നമുക്ക് നോക്കാം ഉം ഞാൻ നീലിമയോട് പറഞ്ഞപ്പോൾ അവൾക്കത്ര പിടിച്ചിട്ടില്ല ,ഞാൻ പിന്നെ ഒരു വിധത്തിൽ പറഞ്ഞ് സമ്മതിപ്പിച്ചിട്ടുണ്ട് ങ്ഹാ അത് മതി ,കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിയുമ്പോൾ അവള് പൊരുത്തപ്പെട്ടോളും, പണ്ട് നീയും ഇങ്ങനെ തന്നെ അല്ലായിരുന്നോ? ആദ്യത്തെ ഒന്ന് രണ്ടാഴ്ച നീയെൻ്റെ മുഖത്തേയ്ക്ക് പോലും നോക്കീട്ടില്ലല്ലോ?

അങ്ങനെയുള്ള നിന്നെ ഞാൻ, പുഷ്പം പോലെ മെരുക്കിയെടുത്തില്ലേ? ഓഹ് പിന്നേ… ഒരു ഫയൽവാൻ വന്നിരിക്കുന്നു ,ദേ അപ്പുറത്ത് കൊച്ചൊറങ്ങീട്ടില്ല ,എന്നെക്കൊണ്ടൊന്നും പറയിപ്പിക്കേണ്ട, നീയൊന്നടങ്ങെൻ്റെ ദേവൂ.. ഞാനൊരു തമാശ പറഞ്ഞതല്ലേ? മുഖം വീർപ്പിച്ചിരുന്ന ഭാര്യയെ നുള്ളിക്കൊണ്ട് വാസുദേവൻ പറഞ്ഞു വാസുദേവൻ്റെ അനുകൂലമറുപടി കിട്ടിയപ്പോൾ, പിറ്റേ ആഴ്ച തന്നെ സുധാകരൻ അമ്മയും അമ്മാവനുമായി നീലിമയെ പെണ്ണ് കാണാൻ വന്നു.

നിനക്കെന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ ചോദിച്ചോ ഞങ്ങള് അപ്പുറത്തോട്ട് മാറി തരാം ചൂട് ചായ മൊത്തി കുടിക്കുന്നതിനിടയിൽ ശാരദ മകനോട് പറഞ്ഞു വേണ്ട എനിക്ക് പ്രത്യേകിച്ച് ഒന്നും ചോദിക്കാനില്ല അമ്മയ്ക്ക് ഇഷ്ടമായ സ്ഥിതിക്ക് ഇതങ്ങ് ഉറപ്പിച്ചോളു സുധാകരനത് പറഞ്ഞപ്പോൾ നീലിമയ്ക്ക് നിരാശ തോന്നി, ഒറ്റയ്ക്ക് സംസാരിക്കാൻ അവസരം കിട്ടുമ്പോൾ, തൻ്റെ അനിഷ്ടം സുധാകരനോട് തുറന്ന് പറയണമെന്ന് കണക്ക് കൂട്ടിയിരിക്കുകയായിരുന്നു അവൾ കല്യാണമുറപ്പിച്ച് കഴിഞ്ഞാൽ പിന്നെ അമ്മ തന്നെയിനി പുറത്തേയ്ക്കൊന്നും വിടാൻ സാധ്യതയില്ലെന്ന് അവൾക്കറിയാമായിരുന്നു എന്ത് നല്ല ചെറുക്കനാ സുധാകരൻ ,

എന്നിട്ട് നിൻ്റെ മുഖമെന്താടി, കടന്നല് കുത്തിയത് പോലെയിരിക്കുന്നത്? പെണ്ണ് കാണാൻ വന്നവർ തിരിച്ച് പോയപ്പോൾ മുഖം വീർപ്പിച്ചിരിക്കുന്ന നീലിമയോട് അവളുടെ ചേച്ചി പൂർണ്ണിമ ചോദിച്ചു അത്രയ്ക്ക് ഇഷ്ടമായെങ്കിൽ അങ്ങേരെ ചേച്ചിയങ്ങെടുത്തോ? ഹരിച്ചേട്ടൻ്റെ പിണക്കം മാറി, ഉടനെയൊന്നും ചേച്ചിയെ കൂട്ടികൊണ്ട് പോകാൻ വരുമെന്ന്എനിക്ക് തോന്നുന്നില്ല , ദേ കൊച്ചേ, ഞാനൊന്ന് വച്ച് തന്നാലുണ്ടല്ലോ ?ഹരിച്ചേട്ടനും ഞാനും ഇതാദ്യമായിട്ടൊന്നുമല്ലല്ലോ പിണങ്ങുന്നത്? നീ നോക്കിക്കോ, സമയമാകുമ്പോൾ അങ്ങേര് വരികയും ചെയ്യും എന്നെ കൂട്ടിക്കൊണ്ട് പോകുകയും ചെയ്യും പൂർണ്ണിമ അനുജത്തിയെ വെല്ലുവിളിച്ചു.

ഓഹ് ഈ പിള്ളേരുടെ ഒരു കാര്യം നീലിമേ നീയൊന്ന് മിണ്ടാതിരിക്ക് ഇനി അത് മതി അവള് കരച്ചില് തൊടങ്ങാൻ ദേവകി അവരെ ശാസിച്ചു. ദിവസങ്ങൾ കടന്ന് പോയി , ചിങ്ങമാസത്തിലെ ഏറ്റവും നല്ല മുഹൂർത്തത്തിൽ തന്നെ സുധാകരൻ നീലിമയുടെ കഴുത്തിൽ താലിചാർത്തി. മേലേ തൊടിയെന്ന ആ പഴയ തറവാട്ടിലേക്ക് ശാരദയുടെ കൈയ്യിൽ നിന്നും വാങ്ങിയ നിലവിളക്കുമായി കയറുമ്പോൾ മനപ്പൂർവ്വമാണവൾ ആദ്യം ഇടത് കാലെടുത്ത് പടിക്കെട്ടിൽ വച്ചത് അയ്യാ മോളേ വലത് കാല് വച്ച് കയറു പെട്ടെന്ന് തന്നെ അടുത്ത് നിന്ന മറ്റൊരു സ്ത്രീ, അവളെ തിരുത്തി.

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!