നിവേദ്യം : ഭാഗം 13

Share with your friends

എഴുത്തുകാരി: ആഷ ബിനിൽ

“എന്തു പറ്റി അമ്മേ..? ഹരിയേട്ടൻ എവിടെ?” “മോളെ അത്… അവര് രണ്ടുപേരും കൂടി ഹണിമൂൺ ട്രിപ്പ് പോയിരിക്കുകയാണ്. ലണ്ടൻ പാരീസ് ഒക്കെ. ചിലപ്പോ അവളുടെ നാട്ടിലും പോകും എന്ന് പറഞ്ഞു.” അമ്മ പറഞ്ഞു. “കുഞ്ഞിനെ ഇവിടെ ആക്കിയിട്ടോ?” ഞാൻ ചോദിച്ചു. അമ്മയുടെ മുഖം ഒന്നൂടെ മ്ലാനമായി. “ഞാൻ നേരത്തെ നിന്നോട് പറഞ്ഞില്ലേ മോളെ. അവരുടേത് ഒരുതരം ഭ്രാന്തമായ സ്നേഹമാണ്. അവരുടെ ലോകത്ത് അവര് മാത്രമേയുള്ളൂ. മോനെ അവളെക്കാളും കൂടുതൽ സ്നേഹിക്കരുത് എന്നു അവൾക്ക് നിർബന്ധം ആണ്. അതുപോലെയാണ് അവനും. കുഞ്ഞുണ്ടായി ആറു മാസം കഴിഞ്ഞപ്പോൾ പാല് കൊടുക്കുന്നതും നിർത്തി.

ആകെപ്പാടെ ദിവസം അര മണിക്കൂറോ മറ്റോ കുഞ്ഞിന്റെ കൂടെയിരിക്കും. അത്ര മാത്രം. ഇവന്റെ ഒന്നാം പിറന്നാൾ പോലും ആഘോഷിച്ചില്ല, ഓർത്തോ എന്നുപോലും സംശയം ആണെനിക്ക്. വേണ്ടെങ്കിൽ പിന്നെ എന്തിനാ എന്തിനാ അവര് ഇവനെ…..” ബാക്കി പറയാതെ അമ്മ നിർത്തി. ബേസിക് പ്രൊഡക്ഷൻ കണ്ട്രോൾ അറിയാത്തയാൾ ആണോ ഡോക്ടർ മസിലളിയൻ? ഉണ്ണിക്കുട്ടന്റെ പിറന്നാൾ ഞാൻ ഓർത്തിരുന്നു. ആഘോഷമായി നടത്താത്തത് എന്തെന്ന് ആലോചിക്കുകയും ചെയ്തിരുന്നു. “ഇപ്പോ തന്നെ ഒരു മാസത്തെ ട്രിപ്പ് ആണെന്നും പറഞ്ഞാണ് പോയിരിക്കുന്നത്.

തിരിച്ചു വരുമോ എന്നുപോലും ഞങ്ങൾക്ക് അറിയില്ല മോളെ” അമ്മ പറയുന്നതെല്ലാം കേട്ട് മൗനിയായി ഇരിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ. “മോളെ.. ഞാനും ദേവേട്ടനും കല്യാണം കഴിഞ്ഞിട്ട് ഇപ്പോ വർഷം നാല്പത് ആകാൻ പോകുകയാണ്. ഞങ്ങളിൽ ഒരാളില്ലാതെ മറ്റെയാൾക്കും ജീവിതമില്ല. പക്ഷെ ഞങ്ങളൊന്നും ഇതുപോലെ ഈ ലോകത്ത് അവർ മാത്രമേയുള്ളൂ എന്ന മട്ടിൽ അല്ല ജീവിക്കുന്നത്. എന്റെ വയറ്റിൽ പിറന്നിട്ടും ഈ നെഞ്ചിൽ കിടത്തി വളർത്തിയിട്ടും അവനെ ഒട്ടും മനസിലാകുന്നില്ല മോളെ എനിക്ക്..” അമ്മ കണ്ണ് നിറയ്ക്കാൻ തുടങ്ങി. “ദേ പിന്നേം കവിയൂർ പൊന്നമ്മ. ഈ കണ്ണിൽ ഡാം വല്ലതും സെറ്റ് ചെയ്തിട്ടുണ്ടോ, ഇങ്ങനെ ഇടയ്ക്കിടയ്ക്ക് ഷട്ടർ തുറക്കാൻ?”

“മോളെ.. അവനെയോർത്തു ഞാൻ നീറാൻ തുടങ്ങിയിട്ട് വർഷം എത്രയായി എന്നറിയോ. ദേവേട്ടന് ഹാർട്ടിന് പ്രശ്നം ഉള്ളതാണ്. ആ മനുഷ്യന്റെ കാര്യം പോലും ചിന്തയില്ല അവന്. അവൾ മാത്രം മതി. അവളെ സ്നേഹിച്ചോട്ടെ, ഇടയ്ക്കിടക്ക് എങ്കിലും ഞങ്ങളെക്കൂടെ ഒന്ന് ഓർത്തൂടെ അവന്..?” “ഒക്കെ ശരിയാകും അമ്മേ..” ഒരു ആശ്വാസവാക്ക് പോലെ ഞാൻ പറഞ്ഞു. അതല്ലാതെ ഞാനെന്തു പറയാൻ ആണ്. ഞാനും അമ്മയും കൂടി ഹാളിലേക്ക് വന്നു. എല്ലാവർക്കും ജ്യൂസ് വിളമ്പി. “ഇവിടെയ്ക്ക് വരാൻ എന്തായിരുന്നു ചമ്മൽ. എന്നിട്ട് ദേ ഇപ്പോൾ ചേച്ചി വീട്ടുകാരിയായല്ലോ.” ചിന്നു പറഞ്ഞു. ശരിയാണ്. ഇപ്പോഴും ഞാൻ മനസുകൊണ്ട് ഈ വീട്ടിലെയാണ്.

ആ ചിന്ത മാറ്റാതിരിക്കാൻ തന്നെയാണ് എന്നെ ഇവിടേക്ക് വരുന്നതിൽ നിന്ന് ഇത്രകാലം തടഞ്ഞു നിർത്തിയതും. ഒരു ബന്ധവുമില്ലാത്ത ഒരു വീടിനെ എത്ര വേഗമാണ് ഒരു പെണ്കുട്ടി സ്വന്തമാക്കുന്നത്. സത്യത്തിൽ അതവൾക്ക് സ്വന്തമാണോ? എന്നെങ്കിലും സ്വന്തമാക്കുമോ? വന്നു കയറിയവൾ എന്നാണ് ഉടമയാകുക? അവളുടെ ഭർത്താവും കുടുംബവും അവളെ ചേർത്തുനിർത്തുമ്പോൾ അല്ലെ? ഞാനീ വീട്ടിൽ ആകെ ഹരിയേട്ടനുമൊപ്പം താമസിച്ചത് ഒരാഴ്ചയാണ്. അതിന് ശേഷം അച്ഛനും അമ്മയും എന്നെ എത്രമാത്രം സ്നേഹിച്ചാലും, ഹരിയേട്ടൻ അവഗണിക്കുന്നത് താങ്ങാൻ കഴിഞ്ഞിരുന്നില്ല.

ഹരിയേട്ടനെ ചേർത്തുനിർത്താൻ, ഈ വീട്ടിലേതാകാൻ, സത്യത്തിൽ ഞാനൊന്നും ചെയ്തിട്ടില്ല. എന്റേതല്ല എന്നു തിരിച്ചറിഞ്ഞ നിമിഷം മുതൽ വിട്ടു കൊടുത്തിട്ടേയുള്ളൂ. വിട്ടുകൊടുക്കലും സ്നേഹമാണ് എന്നു പറഞ്ഞു നടന്ന ഞാൻ സത്യത്തിലൊരു ലോക പരാജയം ആണ്. “അവൾ അല്ലെങ്കിലും വീട്ടുകാരിയാണെടാ. ഞങ്ങളുടെ മകൾ തന്നെയാണ് അവൾ.” അച്ഛൻ പറഞ്ഞത് കേട്ടപ്പോൾ എനിക്കിത്തിരി ആശ്വാസം തോന്നി. ലോകപരാജയം ആണെങ്കിലും പൂർണ പരാജയം അല്ല ഞാൻ. ഞാൻ മുകളിലെ മുറിയിലേക്ക് പോയി. ഞാൻ ഇട്ടിട്ട് പോന്നപ്പോൾ എങ്ങനെ ആയിരുന്നോ, അതുപോലെ തന്നെയുണ്ട്. എന്റെ ഓർമകൾ ഇപ്പോഴും അവിടെ കുടുങ്ങി കിടക്കുകയാണ് എന്നു തോന്നി.

ഓട്ടക്കലത്തിലെ വെള്ളം പോലെ കുറെ ഓർമകൾ..! സൈഡിലെ ബാൽക്കണിയിലേക്കിറങ്ങി ചെന്നു. എനിക്ക് ഈ വീട്ടിൽ ഏറ്റവും ഇഷ്ടമുള്ള സ്ഥലം ആയിരുന്നു ഇത്. മുറ്റത്തെ മരത്തിൽ നിന്ന് മഞ്ഞപ്പൂക്കൾ വീഴുന്ന ബാൽക്കണി. ഞാനും ലതികേച്ചിയും ഇവിടെ ക്ളീൻ ചെയ്യുന്ന കാര്യം പറഞ്ഞ് എത്ര അടി കൂടിയിരിക്കുന്നു… ഇവിടിരുന്ന മഴ കാണാൻ വല്ലാത്തൊരു ഭംഗിയാണ്. മഴത്തുള്ളികൾക്കൊപ്പം മഞ്ഞ പൂക്കളും വീഴും. അതു നോക്കിയിരുന്നു ഞാൻ ഹരിയേട്ടനെ കിനാവുകാണും. ചിറകൊടിഞ്ഞ എന്റെ കിനാവുകൾ. എന്താലെ… മൂന്ന് വർഷം കൊണ്ട് എന്തെല്ലാം സംഭവിച്ചു. ഇപ്പോൾ ജീവിതം എവിടെത്തി നിൽക്കുന്നു… “ചേച്ചിയെന്താ ഒറ്റക്കിരുന്നു ഓർമകൾ അയവിറക്കുകയാണോ?”

നോക്കുമ്പോൾ അച്ചുവാണ്. കട്ടിമീശയൊക്കെ വന്നു വല്യ ചെക്കൻ ആയി ഇപ്പോൾ. ബാങ്കിൽ ജോലിയാണ്. കിച്ചുവും മിടുക്കൻ ആയിട്ടുണ്ട്. മെക്കാനിക്കൽ എഞ്ചിനീറിങ് ആണ് പഠിക്കുന്നത്. അവനും ചിന്നുവും തമ്മിലുള്ള അന്തർധാര ഇപ്പോഴും സജീവമാണ്. പറഞ്ഞില്ലെങ്കിലും എനിക്കതറിയാം. “ഒന്നും ഇല്ലടാ ഞാൻ വെറുതെ…” “സ്റ്റാറ്റസ് ഇടുന്നില്ലേ?” അവൻ ആക്കുന്നപോലെ ചോദിച്ചു. ഞാൻ ഒന്നു നന്നായി ചമ്മി. പണ്ട് ഇവിടെ താമസിക്കുമ്പോൾ ഈ മഞ്ഞപ്പൂക്കളും മഴയും ആയിരുന്നു എന്റെ സ്ഥിരം സ്റ്റാറ്റസ്. എന്റെ ഭാഷയിൽ പറഞ്ഞാൽ ഈ ഏരിയയിലെ എന്റെ സ്ഥിരം വേട്ടമൃഗങ്ങൾ. “എന്താ ചേച്ചിയും അനിയനും കൂടി ഇവിടെ?” വെങ്കി അളിയനും മുറിയിലേക്ക് വന്നു.

“ഓഹ് ഞങ്ങള് വെങ്കിക്ക് ഒരു കല്യാണം ആലോചിച്ചാലോ എന്നു സംസാരിക്കുകയായിരുന്നു.” ഞാൻ പറഞ്ഞു. അളിയൻ ഒന്ന് ഞെട്ടി. “പൊന്നു പെങ്ങളെ വേണ്ട. പപ്പാ ഭരണം വേണ്ടപ്പാന്നും പറഞ്ഞു നടന്ന ഞാനിപ്പോ സൂര്യനായ് തഴുകി ഉറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം എന്നും പാടിയാണ് നടക്കുന്നത്. മൂന്ന് നേരം ചിലവിന് കിട്ടണോലോ. ഇതിന്റെ കൂടെ ഇനി കല്യാണം കൂടി താങ്ങില്ല” “എന്നാലും പണിക്ക് പോകരുത്.” ഞാൻ പറഞ്ഞത് കേട്ട് വെങ്കി ചിരിച്ചു. പിന്നെ ഊണ് കഴിഞ്ഞു ഞങ്ങൾ എല്ലാവരും കൂടി ഒന്ന് പുറത്തേക്കിറങ്ങി. ഞാൻ, അപ്പു, ചിന്നു, അച്ചു, വെങ്കി, കിച്ചു, പിന്നെ ശ്രീദേവിയമ്മയും ദേവച്ചനും ഉണ്ണിക്കുട്ടനും.

ലുലുവിലേക്കാണ് പോയത്. ഒരു സിനിമ, ഫുഡ്, ഷോപ്പിംഗ് അത്രയും ആയിരുന്നു പ്ലാൻ. എല്ലാവരും ഉണ്ടായത് കൊണ്ടുതന്നെ നല്ല ഓളം ആയി. ദേവച്ചൻ ആയിരുന്നു സ്പോണ്സർ. പവത്തിലെ ഞങ്ങളെല്ലാം നന്നായി തന്നെ തേച്ചു. ആൾ അതെല്ലാം ആസ്വദിക്കുന്നുണ്ടായിരുന്നു. “എന്റെ മകൻ ഒരിക്കലെങ്കിലും ഇതുപോലൊന്ന് എന്നോട് ചേർന്ന് നിന്നിരുന്നെങ്കിൽ, എന്നോട് എന്തെങ്കിലും ഒന്ന് ആവശ്യപ്പെട്ടെങ്കിൽ….” അച്ഛൻ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് നല്ല വിഷമം തോന്നി. ഏത് പ്രശ്നത്തിലും പാറപോലെ ഉറച്ചു നിൽക്കുന്ന മനുഷ്യനാണ്. “ദേവേട്ടാ, അവനെ നന്നായി വളർത്താൻ കഴിയാഞ്ഞത് നമ്മുടെ തെറ്റല്ലേ.. പിന്നെ അവൻ ഇല്ലെങ്കിലും ഉണ്ണിക്കുട്ടൻ ഉണ്ടല്ലോ നമ്മുടെ കൂടെ.

അത് മതിയില്ലേ ഇപ്പോ നമുക്ക്” ശ്രീദേവിയമ്മ ആശ്വാസവാക്ക് എന്നപോലെ പറഞ്ഞു. അവരുടെ ലോകത്ത് കുറച്ചുനേരം ഒറ്റയ്ക്ക് വിടാൻ ഞാൻ മോനെയും കൊണ്ട് നടന്നു. നോക്കുമ്പോൾ ദേ മുറ്റത്തൊരു മൈന, ശെയ്… കോഴി..! ഇങ്ങേര് എന്താ ഇവിടെ? ആ നോട്ടം അത്ര പന്തിയല്ലല്ലോ. ഇനി പോയി മിണ്ടിയേക്കാം. അല്ലെങ്കിൽ അതിനും കൂടി നാളെ ഓഫീസിൽ വച്ചു കേൾക്കേണ്ടി വരും. “ഹായ് സർ…” ആള് എന്നെ ജസ്റ്റ് ഇപ്പോ കണ്ടതേയുള്ളൂ എന്ന മട്ടിൽ ഒരു നോട്ടം. ശ്രദ്ധ മുഴുവൻ ഉണ്ണിക്കുട്ടനിൽ ആണ്. എന്താ അഭിനയം ന്റെ പൊന്നോ. “ഓഹ് നിവേദ്യാ. താനെന്താ ഇവിടെ?” “ഞാൻ.. വെറുതെ ഒരു ഷോപ്പിംഗിന് ഇറങ്ങിയതാണ് സർ” “ഹ്മ്മ.. ഏതാ ഈ കുട്ടി?” എന്തു പറയണം എന്നെനിക്ക് മനസിലായില്ല.

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!