ലയനം : ഭാഗം 2

Share with your friends

ഓഫീസിൽ കറക്റ്റ് സമയം തന്നെ അവർ എത്തി. ചെന്ന ഉടൻ തന്നെ അർജുൻ തന്നെ കാണണം എന്ന് പറഞ്ഞത് കേട്ട് ലക്ഷ്മി ആകെ വിയർത്തു. ബാഗിൽ നിന്ന് ലാപ് എടുത്തു ബാഗ് അഞ്ചുവിന്റെ കൈയിൽ കൊടുത്തു വിട്ടു ലക്ഷ്മി അർജുനെ കാണാൻ പോയി. അവൾ ചെല്ലുമ്പോൾ അവൻ ലാപും തുറന്നു വെച്ച് എന്തോ ആലോചനയിൽ ആയിരുന്നു.”സാർ മെ ഐ “, അവൾ അനുവാദം വാങ്ങി അകത്തേക്ക് നടന്നു. “ഇന്നലെ ഈവെനിംഗ് തന്നെ അസ്‌സൈന്മെന്റ് കംപ്ലീറ്റ് ആക്കിയോ… ഇന്ന് 11 മണിക്ക് സെൻറ് ചെയ്യാൻ ഉള്ളതാണ് “, അർജുൻ പതിവിലും ഗൗരവത്തിൽ ചോദിച്ചു. “അത്… സാർ… “, ലക്ഷ്മി പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ അർജുൻ സീറ്റിൽ നിന്ന് ചാടി എഴുന്നേറ്റു. “ചെയ്തില്ല അല്ലേ…പിന്നെ എന്തിനാണ് ഒരുങ്ങി കെട്ടി രാവിലെ ഇങ്ങോട്ട് വരുന്നത്. ജോലി ചെയ്യുന്നതിന് ആണ് സാലറി തരുന്നത്. അല്ലാതെ തന്റെ അച്ഛൻ ഉണ്ടാക്കി വെച്ചത് അല്ല എടുത്തു തരുന്നത് “, അർജുൻ പറയുന്നത് എല്ലാം തല കുനിച്ചു കേട്ട് നിന്നു എങ്കിലും അവന്റെ ആ ഡയലോഗ് കേട്ട് ലക്ഷ്മി തല ഉയർത്തി അവനെ ഒന്ന് നോക്കി. “എന്താ നോക്കുന്നത്… ഓഹ് അച്ഛനെ പറഞ്ഞത് കൊണ്ടാണോ “, ഇരു കൈകളും പോക്കറ്റിൽ വെച്ച് അർജുൻ അവൾക്ക് നേരെ നടന്നു കൊണ്ട് ചോദിച്ചു.

എന്നിട്ടും ഗതികേട് കൊണ്ട് ഒന്നും മിണ്ടാതെ തന്നെ അവൾ നിന്നു. “കൈ പൊള്ളിയത് ആവും അല്ലേ കാരണം. കൈ പൊള്ളി എന്ന് കരുതി ഭക്ഷണം കഴിക്കാതെ അല്ലല്ലോ വന്നത്….”, ലക്ഷ്മി ഒന്നും മിണ്ടുന്നില്ല എന്ന് കണ്ട് അർജുൻ വീണ്ടും സംസാരിക്കാൻ തുടങ്ങി. “ടാ, അജു… “, പെട്ടന്ന് ആണ് ഡോർ തുറന്നു ജിഷ്ണു അവിടെക്ക് വന്നത്. അർജുന്റെ കോളേജ് മേറ്റ്‌ ആണ് ജിഷ്ണു. കൂടാതെ കമ്പനിയുടെ ഒരു ഷെയർ ജിഷ്ണുവിന്റെ ആണ്. “ആ നീ വന്നോ….നിന്റെ ടീമിൽ അല്ലേ ഇയാൾ… 11 മണിക്ക് അയക്കാൻ ഉള്ള ആ അ്‌സൈന്മെന്റ് ഇത് വരെ കംപ്ലീറ്റ് ചെയ്തില്ല ഇയാൾ.വേഗം എന്താ എന്ന് വെച്ചാൽ ചെയ്യൂ “, ലക്ഷ്മിയെ ഒന്ന് നോക്കി ജിഷ്ണുവിനോട് അർജുൻ പറഞ്ഞു. “എടാ അത് ഇന്നലെ രാത്രി തന്നെ ലക്ഷ്മി കംപ്ലീറ്റ് ചെയ്ത് എനിക്ക് അയച്ചിരുന്നു. ഞാൻ അത് ചെക്ക് ചെയ്ത് അപ്പോൾ തന്നെ നിനക്ക് അയച്ചല്ലോ. നീ കണ്ടില്ലേ “, ജിഷ്ണു സംശയത്തോടെ അർജുനെ നോക്കി. ഇത്തവണ ഞെട്ടിയത് അർജുൻ ആയിരുന്നു. ഇന്നലെ അവളുടെ കൈയിലെ പൊള്ളൽ കണ്ട് ഒരാഴ്ചക്ക് ഒന്നും ചെയ്യാൻ അവളെ കൊണ്ട് പറ്റില്ല എന്നാണ് അവൻ കരുതിയത്. എന്നാൽ എല്ലാം ചെയ്ത് രാത്രി തന്നെ അവൾ അയച്ചിരിക്കുന്നു. അവന് ശരിക്കും അത്ഭുതം തോന്നി. “ഞാൻ ഒന്ന് നോക്കട്ടെ എന്നാൽ… യു ക്യാൻ ഗോ നൗ “, അത്ര മാത്രം പറഞ്ഞു കൊണ്ട് അർജുൻ സീറ്റിലേക്ക് ഇരുന്നു.

ഒന്നും മിണ്ടാതെ അവൾ പോകുന്നത് ഒളി കണ്ണിട്ട് അവൻ നോക്കി. “എനിക്ക് അറിയാൻ വയ്യാത്തത് കൊണ്ട് ഞാൻ ചോദിക്കുവാ, നിനക്ക് എന്താ അവളോട് ഇത്ര ദേഷ്യം…ഇവിടെ അവൾ വന്നത് മുതൽ ഞാൻ കാണുന്നതാ ഒരു കാര്യവും ഇല്ലാതെ ഉള്ള നിന്റെ വഴക് പറയൽ.ഇത്രയും ചെറിയ പ്രായത്തിൽ എന്തൊരു പെർഫെക്ട് ആയിട്ടാണ് അവൾ ഓരോ കാര്യങ്ങളും ചെയ്യുന്നത്.ഇല്ലാത്ത കാര്യത്തിന് വഴക്ക് പറഞ്ഞു അവളെ പറഞ്ഞു വിടല്ലേ നീ. അവളുടെ വർക്കിന്‌ ഒക്കെ നല്ല അഭിപ്രായം ആണ് എല്ലാർക്കും. വേറെ കമ്പനിക്കൾ അറിഞ്ഞാൽ കൊത്തി കൊണ്ട് പോകും മോനെ “, ജിഷ്ണു ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞു അർജുനെ നോക്കി. അവന്റെ മുഖം ആകെ ദേഷ്യത്താൽ വലിഞ്ഞു മുറുകിയിരുന്നു. “എല്ലാവരുടെയും അവളെ കുറച്ചുള്ള ഈ പൊക്കി പറച്ചിൽ… അതാണ് എനിക്ക് ദേഷ്യം… അവൾ ആരാ… വെറും ഒരു ബിടെക്ക്കാരി.പിന്നെ അവളെ കണ്ടിട്ട് ഒന്നും അല്ലല്ലോ നമ്മൾ ഈ കമ്പനി സ്റ്റാർട്ട്‌ ചെയ്തത്.അവൾ പോയ നമുക്ക് പുല്ല് ആണ് “, അർജുൻ ദേഷ്യത്തിൽ പറഞ്ഞത് കേട്ട് ജിഷ്ണു പൊട്ടിച്ചിരിച്ചു.

“ഹഹഹ… ഇതിന്റെ പേര് ആണ് അസൂയ. നിനക്ക് മുഴുത്ത അസൂയ ആണ് അവളോട്…നിനക്ക് മാത്രമേ നല്ലോണം കോഡ് ചെയ്യാൻ പറ്റു എന്ന് പറയുന്നത് എന്ത് കഷ്ടം ആണ്. “, ജിഷ്ണു അർജുനെ കളിയാക്കി കൊണ്ട് പറഞ്ഞു. “ഇപ്പോൾ എവിടെ നിന്ന് എഴുന്നേറ്റു പോയാൽ തടി കേടാകാതെ രക്ഷപ്പെടാം. ഇല്ലെങ്കിൽ നിന്റെ എല്ല് ഞാൻ ഒടിക്കും “, അർജുൻ പല്ല് കടിച്ചു കൊണ്ട് പറഞ്ഞു. “ഞാൻ പോയേക്കാം.ഒരു പണിയും ഇല്ലാത്തതു കൊണ്ട് ജിമ്മിൽ പോയി ഉരുട്ടി കേറ്റിയ മസിൽ അല്ലേ… ചുമ്മ എന്തിനാ എന്റെ എല്ല് കളയുന്നത് “, അവന് ദേഷ്യം വന്നു എന്ന് മനസിലാക്കി ജിഷ്ണു വേഗം പുറത്തേക്ക് നടന്നു. അർജുൻ അവന്റെ ജോലികൾ തുടർന്നു. ഇതേ സമയം ലക്ഷ്മിയുടെ കൈയിലെ കെട്ടുകൾ അഴിച്ചു നോക്കുകയായിരുന്നു അഞ്ചു.അവളുടെ ഓരോ വിരലുകൾ കാണുമ്പോഴും അഞ്ചുവിന്റെ കണ്ണുകൾ നിറഞ്ഞു. “എന്റെ കുഞ്ഞിപെണ്ണേ നമുക്ക് ഹോസ്പിറ്റലിൽ പോകാം ടീ… ഇത് വല്ലാതെ പൊള്ളിയിട്ടുണ്ട് “, അഞ്ചു സങ്കടത്തോടെ പറഞ്ഞു. “നീ ഒന്ന് പോയെ അഞ്ചു. അടുക്കളയിൽ ഒന്നും കേറാത്തത് കൊണ്ടാ ഇതൊക്കെ വലുതായി നിനക്ക് തോന്നുന്നത്.അത് വിട്ട് വന്നു ജോലി ചെയ്തേ, ഇല്ലെങ്കിൽ അർജുൻ സാർ നമ്മളെ ശരിയാക്കും “, വേദന ഉണ്ടെങ്കിലും ലക്ഷ്മിക്ക് അങ്ങനെ പറയാൻ ആണ് തോന്നിയത്.

തത്കാലം അഞ്ചു അത് സമ്മതിച്ചു എങ്കിലും വൈകിട്ടു അവളെയും കൊണ്ട് ഹോസ്പിറ്റലിൽ പോകാൻ അഞ്ചു ഉറപ്പിച്ചു. ഉച്ച വരെ ഉള്ള പണിയെല്ലാം കഴിഞ്ഞ് രണ്ട് പേരും ഭക്ഷണം കഴിക്കാൻ ആയി കാന്റീനിലേക്ക് നടന്നു.അവരെ പ്രതീക്ഷിച്ച് ജിഷ്ണു നേരത്തെ തന്നെ സീറ്റ് പിടിച്ചു വച്ചിട്ടുണ്ടായിരുന്നു. ജിഷ്ണുവും അഞ്ജലിയും കോളേജിൽ വെച്ചുള്ള റിലേഷൻ ആണ്. വീട്ടിൽ ഒക്കെ സംസാരിച്ചു കല്യാണം ഉറപ്പിച്ചു വച്ചിരിക്കുകയാണ് രണ്ട് പേരുടെയും.അർജുനും ജിഷ്ണുവും ലക്ഷ്മിയുടെയും അഞ്ജലിയുടെയും സീനിയെർസ് ആണ്. “പതിവ് തന്നെ അല്ലേ രണ്ട് പേർക്കും “, അവർ വരുന്നത് കണ്ടപ്പോൾ തന്നെ അവൻ ചോദിച്ചു. “എനിക്ക് ജൂസ് എന്തെങ്കിലും മതി ഏട്ടാ. കൈക്ക് സുഖം ഇല്ല “, ലക്ഷ്മി പറഞ്ഞപ്പോൾ ആണ് ജിഷ്ണു അവളുടെ കൈ കണ്ടത്. അഞ്ജലിയെ പോലെ അവനും ലക്ഷ്മിയുടെ കാര്യം എല്ലാം അറിയുന്നത് കൊണ്ട് അവളെ ഒന്ന് നോക്കുകയല്ലാതെ ജിഷ്ണു ഒന്നും ചോദിച്ചില്ല. കുറച്ചു സമയം കൊണ്ട് തന്നെ 3 ചോറും ഒരു ജൂസും അവരുടെ ടേബിളിലേക്ക് വന്നു.”അജു കൂടി വരും ഇപ്പോൾ, അവന് വേണ്ടി ആണ് “, അവർ ചോദിക്കുന്നതിന് മുന്നേ തന്നെ ജിഷ്ണു പറഞ്ഞത് കേട്ട് കുടിച്ചു കൊണ്ടിരുന്ന ജൂസ് ലക്ഷ്മിയുടെ മൂക്കിൽ കയറി.

“ഹോ എന്റെ പെണ്ണെ നീ അതിന് ഇപ്പോൾ എന്തിനാ പേടിക്കുന്നെ… അജു ഏട്ടൻ നിന്നെ പിടിച്ചു തിന്നില്ല “, അഞ്ചു അവളുടെ തലയിൽ പതുകെ തട്ടി കൊടുത്തു കൊണ്ട് പറഞ്ഞു. അപ്പോഴേക്കും അർജുൻ അങ്ങോട്ട് വന്നു.ലക്ഷ്മിയെ കണ്ട് ഒന്ന് സംശയിച്ചു എങ്കിലും അവൻ വേഗം വന്ന് അവൾക്ക് എതിരെയുള്ള ചെയറിൽ ഇരുന്നു. എത്രയും പെട്ടന്ന് ജൂസ് കുടിച്ച് എഴുന്നേറ്റു പോകാൻ ലക്ഷ്മി ഉടനെ തീരുമാനിച്ചു.അതിനായ അവൾ ശ്രമിച്ചു എങ്കിലും തണുപ്പ് കാരണം വലിയ സ്പീഡിൽ ഒന്നും അവൾക്ക് അതിന് കഴിഞ്ഞില്ല.ഒരുവിധം കഷ്ടപ്പെട്ടു ഗ്ലാസ്‌ കാലിയാക്കി പോകാൻ എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ ആണ് അഞ്ചു അവളെ പിടിച്ചു വെച്ചത്. “ഇന്നലെ രാവിലെ അല്ലേ കൈ പൊള്ളിയത്. അപ്പോൾ ആ നേരം മുതൽ ഇത് പോലെ വെള്ളം കുടിച്ചല്ലേ മോള് ജീവിച്ചത്.ഇനി ഇത് ഉണങ്ങുന്നത് വരെ അങ്ങനെ തന്നെ അല്ലേ… സൊ ഒരു നേരം എങ്കിലും വയറു നിറച്ചു കഴിച്ചിട്ട് എന്റെ മോള് പോയാൽ മതി “, അഞ്ചു പറഞ്ഞത് കേട്ട് ലക്ഷ്മിക്ക് എന്തോ പോലെ തോന്നി. “വേണ്ട അഞ്ചു, വയറു നിറഞ്ഞു… “, അർജുന്റെ മുന്നിൽ വീണ്ടും നാണം കെടും എന്ന് കരുതി ലക്ഷ്മി പറഞ്ഞു. “വേണോ വേണ്ടയോ എന്ന് ഒന്നും ഞാൻ ചോദിച്ചില്ല. അല്ലെങ്കിൽ തന്നെ ഭക്ഷണം കിട്ടാത്ത സ്ഥലത്ത് നിന്നാ വരുന്നത്.

അപ്പോൾ പിന്നെ കൈയും കൂടി എങ്ങനെ ആവുമ്പോൾ പറയണോ “, അഞ്ചു അവളെ വിടാൻ ഭാവം ഇല്ല എന്ന മട്ടിൽ പറഞ്ഞു. അത് വരെ അവളെ ശ്രദ്ധിക്കാതെ കഴിച്ചു കൊണ്ടിരുന്ന അർജുൻ അഞ്ജലി പറഞ്ഞത് കേട്ട് അറിയാതെ തല ഉയർത്തി ലക്ഷ്മിയെ നോക്കി. അർജുനുമായി അശ്വതിയുടെ കല്യാണം ഉറപ്പിച്ചു എന്ന് ലക്ഷ്മിക്ക് ഉറപ്പായിരുന്നു.ഇടക്ക് ഒക്കെ അമ്മക്കൊ വല്യമ്മക്കൊ ദേഷ്യം വരുമ്പോൾ ഭക്ഷണം തരാതെ ഇരിക്കുന്നത് സത്യം ആണ് എങ്കിലും കല്യാണം ഉറപ്പിച്ച പെണ്ണിന്റെ വീട്ടുകാരെ കുറിച്ച് പറയുന്നത് അർജുന് ഇഷ്ടപ്പെടില്ല എന്ന് അവൾക്ക് ഉറപ്പായിരുന്നു. അഞ്ചു പറഞ്ഞത് അനുസരിച്ചില്ല എങ്കിൽ ഇനിയും അവൾ എന്തെങ്കിലും പറയും എന്ന് അറിയുന്നത് കൊണ്ട് നല്ല കുട്ടിയായി ലക്ഷ്മി അവിടെ തന്നെ ഇരുന്നു. അപ്പോഴേക്കും അർജുനും ജിഷ്ണുവും കഴിച്ചു കഴിഞ്ഞ് എഴുന്നേറ്റു. അത് അവൾക് വലിയ ആശ്വാസം ആയിരുന്നു അപ്പോൾ. അപ്പോഴേക്കും അഞ്ചു വയറു പൊട്ടുന്ന വിധത്തിൽ ലക്ഷ്മിക്ക് വാരി കൊടുത്തിരുന്നു. ഉച്ച കഴിഞ്ഞ് ലക്ഷ്മിക്കും അഞ്ചുവിനും വർക്ക്‌ ഒന്നും ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ ലക്ഷ്മിയെയും കൊണ്ട് ഹോസ്പിറ്റലിൽ പോകാൻ എന്ന് ഉറപ്പിച്ചു അഞ്ജലി പെർമിഷൻ ചോദിക്കാൻ ആയി അർജുന്റെ അടുത്തേക്ക് ചെന്നു.

“അജു ഏട്ടാ… എനിക്ക് കുറച്ചു പണി ഉണ്ടായിരുന്നു. വർക്ക്‌ ഒന്നും ഇല്ലെങ്കിൽ ലക്ഷ്മിയെയും കൂട്ടി ഞാൻ പൊയ്ക്കോട്ടേ “, അഞ്ചു ചോദിച്ചു. “അതെന്തിനാ ലക്ഷ്മി… ജിഷ്ണുനെയും കൂട്ടി പൊയ്ക്കൂടേ നിനക്ക് “, ലാപ്പിൽ നിന്ന് കണ്ണ് എടുക്കാതെ തന്നെ അർജുൻ ചോദിച്ചു. “അത് ഏട്ടാ, അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ വേണ്ടി ആണ്.നല്ല പൊള്ളലുണ്ട് കൈകൾക്ക് “, കുറച്ചു പേടിച്ച് ആണെങ്കിലും അഞ്ചു പറഞ്ഞത് കേട്ട് അർജുൻ പെട്ടന്ന് തല ഉയർത്തി അവളെ ഒന്ന് നോക്കി. “ഉം… പൊയ്ക്കോ…ഈ നേരത്തെയുള്ള പോക്ക് എപ്പോഴും ഒരു ശീലം ആക്കേണ്ട… കേട്ടല്ലോ “, അർജുൻ കുറച്ചു കടുപ്പിച്ചു തന്നെ പറഞ്ഞു. അത് കേട്ട് അഞ്ചു തല കുലുക്കി വേഗം തിരികെ വരാൻ ആയി തുടങ്ങിയപ്പോൾ ആണ് അർജുൻ അവളെ വിളിച്ചത്. “അഞ്ചു, ലക്ഷ്മിക്ക് ഇന്നലെ ഞാൻ കുറച്ചു വർക്ക്‌ കൊടുത്തിരുന്നു.അത് ചെയ്യാൻ താൻ ഹെല്പ് ചെയ്തോ അവളെ? അല്ല കൈക്ക് സുഖം ഇല്ലാതെ എങ്ങനെ ചെയ്തു എന്ന് അറിയാൻ ചോദിച്ചതാണ് “, അർജുൻ വളരെ മയത്തിൽ ആണ് അത് ചോദിച്ചത്. “ഞാൻ ഹെല്പ് ഒന്നും ചെയ്തില്ല ഏട്ടാ. അതിന് അവൾ സമ്മതിക്കില്ല.രാത്രി ഉറക്കം കളഞ്ഞു വേദന സഹിച്ചു ടൈപ്പ് ചെയ്തിട്ടുണ്ടാവും അവൾ.

ഇല്ലെങ്കിൽ വല്ല വോയിസ്‌ വെച്ചോ മറ്റോ… ഭക്ഷണം കഴിച്ചില്ല എങ്കിലും ജോലി ചെയ്യുന്ന കാര്യത്തിൽ അവൾക്ക് ഒരു കോംപ്രമൈസും ഇല്ല.ചോദിക്കണോ അജു ഏട്ടാ… “, “നോ, വേണ്ട… ഞാൻ ജസ്റ്റ്‌ താൻ ഹെല്പ് ചെയ്തോ എന്ന് അറിയാൻ ചോദിച്ചതാ. നിങ്ങൾ പൊയ്ക്കോ… ടൈം കളയേണ്ട “, അർജുൻ വേഗം തന്നെ അഞ്ചുവിനെ പറഞ്ഞ് വിട്ട് എന്തോ ആലോചനയിൽ മുഴുകി.അവളുടെ അവസ്ഥയിൽ ചെറിയൊരു സഹതാപം ഒക്കെ അർജുന് തോന്നി എങ്കിലും പൂർണമായും അവളെ അംഗീകരിക്കാൻ അവന്റെ മനസ്സ് തയാറായില്ല. ഹോസ്പിറ്റലിൽ പോയി മരുന്നും വാങ്ങി അഞ്ജലി ലക്ഷ്മിയെ വീട്ടിൽ കൊണ്ട് വിട്ടു.ലക്ഷ്മിയുടെ വല്യമ്മക്ക് ഇഷ്ടം അല്ലെങ്കിലും ശ്രീദേവിക്ക് അഞ്ജലിയെ വലിയ കാര്യമായിരുന്നു. അഞ്ജലിയുടെ അമ്മയും ശ്രീദേവിയും ഒരുമിച്ച് ആണ് വർക്ക്‌ ചെയ്യുന്നത്. വീട്ടിലെ കാര്യങ്ങളും അശ്വതിയുടെ കാര്യങ്ങളും ഒക്കെ ശ്രീദേവി ആയിരുന്നു നോക്കിയിരുന്നത്. അത് കൊണ്ട് തന്നെ വല്യമ്മ ശ്രീദേവിയുടെ ഇഷ്ടങ്ങൾക്ക് ഒന്നും തടസ്സം നിൽക്കാറില്ല. രാത്രി പണി എല്ലാം കഴിഞ്ഞ് കിടക്കാൻ നേരത്താണ് വല്യച്ഛൻ ലക്ഷ്മിയെ കാണാൻ വന്നത്. “മോളെ… കിടക്കാൻ ആയോ…. “,

അദ്ദേഹം സ്നേഹത്തോടെ അടുക്കളയിലേക്ക് വന്നു കൊണ്ട് ചോദിച്ചു. “ആവുന്നു വല്യച്ഛ…എന്തെങ്കിലും വേണോ വല്യച്ഛന് “, അടുക്കളയിൽ അദ്ദേഹത്തെ കണ്ട് ഒരു നിമിഷം ലക്ഷ്മി അമ്പരന്നു കൊണ്ട് ചോദിച്ചു.”ഒന്നും വേണ്ട… മോൾ എവിടെ ഇരിക്ക്. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് “, അദ്ദേഹം അവളെയും കൂട്ടി നടന്നു കൊണ്ട് പറഞ്ഞു.. ഒരു വേള വീട്ടിൽ നിന്നും പോകാൻ പറയാൻ ആണോ വല്യച്ഛന്റെ വരവ് എന്ന് ഓർത്ത് അവൾക്ക് നല്ല പേടി തോന്നി. “മോള് പേടിക്കേണ്ട. ഇവിടെ നിന്നും പോകുന്ന കാര്യം പറയാൻ ഒന്നും അല്ല,ഈ വീട്ടിൽ അടുത്ത് തന്നെ ഒരു മംഗള കർമം നടക്കും. ഈ നാട്ടിൽ തന്നെ ആ കാര്യം അറിയുന്ന അവസാനത്തെ ആള് മോൾ ആയിരിക്കും. അശ്വതിയുടെയും അർജുന്റെയും കല്യാണം ഉറപ്പിച്ചു… ഈ മാസം 18ന്.വേറെ ആരും മോളോട് പറയില്ല എന്ന് എനിക്ക് അറിയാം. പക്ഷെ എനിക്ക് അങ്ങനെ പറ്റില്ലല്ലോ “, ഇടറിയ ശബ്ദത്തിൽ വല്യച്ഛൻ പറഞ്ഞത് കേട്ട് ലക്ഷ്മിക്കും സങ്കടം വന്നു. “അയ്യേ… വല്യച്ഛൻ കരയുകയാണോ… സന്തോഷിക്കുകയല്ലേ വേണ്ടത്… എനിക്ക് ഒരു വിഷമവും ഇല്ല എന്നോട് ആരും പറയാത്തത്തിൽ.പക്ഷെ ഒരു കാര്യത്തിൽ മാത്രം വല്യച്ഛൻ എനിക്ക് ഉറപ്പ് തരണം. “, അദ്ദേഹത്തിന്റെ കൈകൾ കൂട്ടി പിടിച്ചു കൊണ്ട് അപേക്ഷ എന്ന പോലെ ലക്ഷ്മി പറഞ്ഞു. “അശ്വതി ചേച്ചിയുടെ കല്യാണം കൂടാൻ എന്നെ സമ്മതിക്കണം.എല്ലാവരും വരുന്നത് കൊണ്ട് അമ്മ ചിലപ്പോൾ എന്നെ ഇവിടെ നിർത്തില്ല. ആരുടെയും മുന്നിൽ വരാതെ അടുക്കളയിൽ തന്നെ നിന്നോളാം ഞാൻ.എന്റെ ഒരേയൊരു ചേച്ചി അല്ലേ വല്യച്ഛ…ആ ചേച്ചിയുടെ കല്യാണം എനിക്ക് കാണണം “, അവസാനത്തെ വരി പറഞ്ഞ് കഴിയുമ്പോഴെക്കും അവൾ പൊട്ടി കരഞ്ഞു പോയിരുന്നു. മറുപടി ഒന്നും പറഞ്ഞില്ല എങ്കിലും ഒരുവിധം സമാധാനിപ്പിച്ച് വല്യച്ഛൻ അവളെ കൊണ്ട് കിടത്തി.എല്ലാ ദിവസത്തെ പോലെ അന്നും ലക്ഷ്മി കരഞ്ഞു തളർന്ന് ഉറങ്ങി.

കല്യാണം ഒരുക്കങ്ങൾക്ക് വേണ്ടി ഒരാഴ്ച മുന്നേ തന്നെ ലക്ഷ്മി ലീവ് എടുത്തു.അപ്പോഴേക്കും തന്നെ അടുത്ത ബന്ധുക്കൾ എല്ലാം വീട്ടിൽ വന്നു തുടങ്ങിയിരുന്നു.ശ്രീദേവിയുടെ അച്ഛനും അമ്മയും ഏറ്റവും ഇളയ അനിയത്തിയും കുടുംബവും എല്ലാം ഒരാഴ്ച മുന്നേ തന്നെ എത്തി.അവർക്ക് ആര്ക്കും ലക്ഷ്മിയോട് ഒരു വിരോധവും ഉണ്ടായിരുന്നില്ല. മറിച്ചു അവളെ വലിയ കാര്യം ആയിരുന്നു. പ്രത്യേകിച്ച് മുത്തച്ഛനും മുത്തശ്ശിക്കും. അത് കൊണ്ട് തന്നെ എല്ലാവരുടെയും കണ്ണ് വെട്ടിച്ചു ലക്ഷ്മി അവരെ കാണാൻ മുറിയിൽ ചെല്ലും. “അമ്മ ആരോട് ചോദിച്ചിട്ടാണ് ഇവളെ മുറിയിൽ കയറ്റിയത് “, ഒരു ദിവസം മുത്തശ്ശിയെ കാണാൻ ചെന്ന ലക്ഷ്മിയെ കയ്യോടെ പിടിച്ചു കൊണ്ട് ശ്രീദേവി അലറി. “എന്റെ പേരകുട്ടിയെ എന്നെ കാണാൻ വന്നതിന് നീ എന്തിനാണ് ദേഷ്യപ്പെടുന്നത് ദേവി “, മുത്തശ്ശിയും വിട്ട് കൊടുക്കാൻ ഭാവം ഇല്ലാത്തതു പോലെ ചോദിച്ചു. “ഇവൾ നമ്മുടെ ആരും അല്ല… എനിക്ക് ഇല്ലാത്ത ഒരു ബന്ധവും ഇവളുമായി ആർക്കും ഇവിടെ വേണ്ട “, വിറച്ചു കൊണ്ട് ശ്രീദേവി അത് പറഞ്ഞപ്പോൾ എങ്ങോട്ടെങ്കിലും ഓടി ഒളിക്കാൻ തോന്നി ലക്ഷ്മിക്ക്.

“തെറ്റ് പറ്റിയ നിന്നോട് ക്ഷമിച്ചില്ലേ ഞങ്ങൾ. പിന്നെ ഒരു തെറ്റും ചെയ്യാത്ത ഇവളെ എന്തിന് അകറ്റി നിർത്തണം “, ഓർക്കാപ്പുറത്തുള്ള മുത്തശ്ശിയുടെ ആ ചോദ്യം കേട്ട് ശ്രീദേവിയെക്കാൾ ഞെട്ടിയത് ലക്ഷ്മി ആണ്. മുത്തശ്ശിയും മുത്തച്ഛനും അവളെ സപ്പോർട്ട് ചെയ്യും എങ്കിലും ആദ്യം ആയി ആണ് അമ്മയെ വേദനിപ്പിക്കുന്നത് പോലെ അവർ സംസാരിക്കുന്നത്. ഒന്നും മിണ്ടാതെ ലക്ഷ്മിക്ക് നേരെ കത്തുന്ന നോട്ടം നോക്കി ശ്രീദേവി മുറിയിൽ നിന്നും ഇറങ്ങി പോകുമ്പോൾ അവസാനത്തെ പ്രതീക്ഷയും പോയത് പോലെയാണ് ലക്ഷ്മിക്ക് തോന്നിയത്. “മോളെ, ഇത്രയും കാലം ഇങ്ങനെ ഒന്നും പറയാതെ ഞങ്ങൾ പിടിച്ചു നിന്നു. ഇനിയും ദേവിയുടെ മനസ്സ് മാറിയില്ല എങ്കിൽ ഞങ്ങളുടെ കാലം കഴിഞ്ഞാൽ നിന്റെ കാര്യം പിന്നെ എന്താവും എന്ന് ഓർക്കാൻ പോലും പറ്റുന്നില്ല.മോളും പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. അവൾ തലയിൽ കയറാൻ നോക്കുമ്പോൾ നീ അതിന് നിന്ന് കൊടുത്താൽ അവൾ നിന്നെ ജീവനോടെ തിന്നിട്ടെ പോകു… മനസ്സിലായോ “, എല്ലാം കണ്ട് പേടിച്ചു നിൽക്കുന്ന ലക്ഷ്മിയെ നോക്കി മുത്തശ്ശി അത് പറഞ്ഞപ്പോൾ എവിടെ നിന്നോ ഒരു ആത്മവിശ്വാസം വന്നത് പോലെ തോന്നി അവൾക്ക്.

ഇതേ സമയം സ്വന്തം മുറിയിൽ അമ്മയുടെ മുന്നിൽ ലക്ഷ്മി കാരണം അപമാനിത ആയതിൽ ദേഷ്യം വന്നു നിൽക്കുകയായിരുന്നു ശ്രീദേവി. അപ്പോഴാണ് വല്യമ്മ ഒരു സ്ത്രീയും ആയി അങ്ങോട്ട് വന്നത്. “ദേവി, ഇത് അർജുന്റെ ഇളയമ്മയാണ്.അവർക്ക് എന്തോ പറയാൻ ഉണ്ട് എന്ന് “, വന്നപ്പോൾ തന്നെ വല്യമ്മ പറഞ്ഞു. ശ്രീദേവി അവരെ മുഴുവനായും ഒന്ന് നോക്കി.പ്രായത്തിനു ചേരാത്ത മേക്കപ്പും സാരിയും ഒക്കെ ആയി അവരെ കണ്ടപ്പോൾ തന്നെ ശ്രീദേവിക്ക് അത്ര ഇഷ്ടപ്പെട്ടില്ല എങ്കിലും അവർ അത് പുറത്തു കാണിക്കാതെ ഇരുന്നു. അപ്പോഴേക്കും വല്യമ്മ പോയി വാതിൽ അടച്ചു തിരിച്ചു വന്നു. കുറച്ചു നേരത്തെ സംസാരത്തിനു ശേഷം അർജുന്റെ ഇളയമ്മ പോകുമ്പോൾ ശ്രീദേവിയുടെ മുഖത്ത് നേരത്തെ ഉണ്ടായിരുന്ന അപമാന ഭാരം ഒന്നും ഉണ്ടായിരുന്നില്ല, പകരം ലക്ഷ്മിയെ എന്നന്നേക്കും ആയി ജീവിതത്തിൽ നിന്നും ഒഴിവാക്കാൻ ഉള്ള വഴി തനിക്കു മുന്നിൽ തുറന്നു കിട്ടിയ സന്തോഷം മാത്രം ആയിരുന്നു.

കല്യാണത്തിന്റെ തലേ ദിവസം മുത്തശ്ശി ആരും കാണാതെ ലക്ഷ്മിക്ക് കൊടുത്ത അധികം വില ഇല്ലാത്ത സാരിയും ഉടുത്തു അതിരാവിലെ തന്നെ ഒരുങ്ങി അവൾ. എല്ലാവരും എഴുന്നേൽക്കുന്നതിനു മുന്നേ തന്നെ എല്ലാം ചെയ്ത് കഴിഞ്ഞ് മെല്ലെ അടുക്കളയിലേക്ക് നടന്നു.അതിന് പുറത്തായി ആണ് പ്രധാന വെപ്പ് പണികൾ ഒക്കെ നടക്കുന്നത്.ചെറിയ രീതിയിൽ ഒക്കെ അവരെ സഹായിച്ചു മറ്റാരുടെയും മുന്നിൽ പെടാതെ ലക്ഷ്മി നേരം തള്ളി നീക്കി. വീട്ടിൽ ആളും ബഹളവും കൂടി വരുന്നത് അവൾ അറിഞ്ഞു എങ്കിലും എല്ലാവരെയും ഫേസ് ചെയ്ത് താലി കേട്ട് എങ്ങനെ കാണും എന്ന് ഓർത്ത് അവൾക്ക് ആകെ പരിഭ്രമം ആയി. കെട്ടിന് നേരം ആവാൻ ആയി എന്ന് ആരൊക്കെയോ പറഞ്ഞതും നിമിഷ നേരം കൊണ്ട് തന്നെ വീട് ആളോഴിഞ്ഞ പൂര പറമ്പ് പോലെ ആയി. വീട്ടിൽ നിന്നും വളരെ അടുത്തുള്ള അമ്പലത്തിൽ ആയിരുന്നു താലി കേട്ട് നിശ്ചയിച്ചിരുന്നത്. എല്ലാവരും അങ്ങോട്ട് പോയി എന്ന് ഉറപ്പാക്കി ലക്ഷ്മിയും പതിയെ വീടിനു പുറത്തിറങ്ങി.കുറച്ചു ദൂരം മാത്രം നടന്നാൽ മതി എങ്കിലും എല്ലാവരും തന്നെ സ്വന്തം വണ്ടിയിൽ ആണ് അമ്പലത്തിൽ പോയത് എന്ന് ഓർത്ത് അവൾ അത്ഭുതപ്പെട്ടു. മൂന്ന് നാല് പെണ്ണുങ്ങൾ ഒഴികെ മറ്റാരും തന്നെ അവൾക്ക് മുന്നിൽ ഉണ്ടായിരുന്നില്ല.

അവരെ ആണെങ്കിൽ ലക്ഷ്മിക്ക് പരിചയവും ഉണ്ടായിരുന്നില്ല. അത് വലിയ ആശ്വാസം ആയി തോന്നി അവൾക്ക്. ഒട്ടും സമയം കളയാതെ അവരെ പിന്നിൽ ആക്കി ലക്ഷ്മി നടന്നു. പെട്ടന്ന് ആണ് ഓടി കിതച്ചു വല്യച്ഛൻ വരുന്നത് അവൾ കണ്ടത്.എന്താണ് സംഭവം എന്ന് നോക്കി നിൽക്കേ ഒന്നും പറയാതെ അവളുടെ കൈയും പിടിച്ചു അദ്ദേഹം ഓടി തുടങ്ങിയിരുന്നു.ആ ഓട്ടം നിന്നത് അമ്പലത്തിൽ ആയിരുന്നു. അവിടെ കൂടിയവർ എല്ലാം അത്ഭുത ജീവിയെ കാണുന്നത് പോലെ അവളെ നോക്കി. കാര്യം അറിയാൻ അതിയായ ആഗ്രഹം തോന്നി എങ്കിലും വല്യച്ഛന്റെ മുഖം കണ്ട് അവൾ അത് വേണ്ട എന്ന് വെച്ചു. അമ്പലത്തിൽ എത്തിയിട്ടും ലക്ഷ്മിയുടെ കൈ വിടാതെ തന്നെ അദ്ദേഹം മുറുക്കി പിടിച്ചിരുന്നു. മുറുകി വരുന്ന വല്യച്ഛന്റെ കൈയിലെ പിടുത്തവും കൂടി നിൽക്കുന്ന ആളുകളുടെ ഭാവവും അരുതാത്തത് എന്തോ സംഭവിച്ചു എന്ന് സൂചിപ്പിക്കുന്നത് പോലെ തോന്നി അവൾക്ക്. എന്ത് ചെയ്യണം എന്ന് അറിയാതെ വല്യച്ഛനെ അവൾ പിന്തുടർന്നു. പെട്ടന്ന് ആണ് അഞ്ജലിയെയും അവളുടെ അമ്മയെയും ലക്ഷ്മി കണ്ടത്. അഞ്ചുവിനെ കണ്ടപ്പോൾ തന്നെ അവൾക്ക് പകുതി ആശ്വാസം തോന്നി. ലക്ഷ്മിയെ കണ്ട ഉടനെ തന്നെ അഞ്ചുവും അവൾക്ക് അരികിലേക്ക് ഓടി വന്നു.

അത് കണ്ടു വല്യച്ഛൻ ലക്ഷ്മിയെ അഞ്ചുവിനെ ഏൽപ്പിച്ചു കണ്ണ് കൊണ്ട് എന്തോ കാണിച്ചു. ഒന്നും മിണ്ടാതെ തന്നെ അഞ്ചു അവളെയും കൊണ്ട് ഡ്രസിങ് റൂമിലേക്ക് നടന്നു. കൂടെ അഞ്ചുവിന്റെ അമ്മയും ഉണ്ടായിരുന്നു. “പൊന്ന് അഞ്ചു,നീ എങ്കിലും ഒന്ന് പറഞ്ഞ് താ എന്താ ഇവിടെ നടക്കുന്നത് എന്ന്… പ്ലീസ് “, ലക്ഷ്മി കരച്ചിലിന്റെ വക്കോളം എത്തി ചോദിച്ചു.ഒന്നും മിണ്ടാതെ തന്നെ അഞ്ചു അവളെ പിടിച്ചു റൂമിലെ ചെയറിൽ ഇരുത്തി.”കുഞ്ഞി പെണ്ണെ… ഇന്ന് നിന്റെ കല്യാണം ആടി… അർജുൻ ഏട്ടനുമായി “, അഞ്ചു പറഞ്ഞത് കേട്ട് ലക്ഷ്മി ഞെട്ടി വിറച്ചു. “നീ എന്താ ഈ പറയുന്നത്. അർജുൻ സാർ എന്നെ…. അശ്വതി ചേച്ചി എവിടെ “, കേട്ടത് വിശ്വാസിക്കാൻ ആവാതെ അവൾ ചോദിച്ചു. “മോളെ അശ്വതിക്ക് വേറെ ഒരു പയ്യനെ ഇഷ്ടം ആയിരുന്നു. അവൾ ഇന്ന് രാവിലെ അവന്റെ കൂടെ പോയി “, അഞ്ചുവിന്റെ അമ്മ പറഞ്ഞത് കേട്ട് ലക്ഷ്മിക്ക് ശ്വാസം പോലും കിട്ടാതെ ആയി. അർജുനോട്‌ സന്തോഷത്തോടെ സംസാരിച്ചു നിൽക്കുന്ന അശ്വതിയെ ആയിരുന്നു ലക്ഷ്മി അപ്പോൾ ഓർത്തത്.എന്നിട്ടും ഇതെങ്ങനെ സംഭവിച്ചു എന്ന് ഓർത്ത് അവളുടെ തല പുകഞ്ഞു.”അഞ്ചു എനിക്ക് ഇത്തിരി വെള്ളം കൊണ്ട് തരുമോ “, തല കറങ്ങുന്നത് പോലെ തോന്നി അവൾ പറഞ്ഞത് കേട്ട് അഞ്ചുവിന്റെ അമ്മ പെട്ടന്ന് പുറത്തേക്ക് പോയി.

പെട്ടന്ന് ആണ് അപ്പുറത്തെ മുറിയിൽ നിന്നും ആരൊക്കെയോ സംസാരിക്കുന്നത് അവർ കേട്ടത്. “ചേച്ചി എന്ത് പരിപാടി ആണ് കാണിച്ചത്. അച്ചുവിന് ഇല്ലാത്ത ഒരു ബന്ധത്തിന്റെ പേരിൽ കല്യാണം മുടക്കുക എന്നൊക്കെ വെച്ചാൽ… “, വല്യമ്മയുടെ അനിയൻ ആണ് സംസാരിക്കുന്നത് എന്ന് ശബ്ദം കേട്ടപ്പോൾ തന്നെ ലക്ഷ്മിക്ക് മനസിലായി. അഞ്ചുവും ലക്ഷ്മിയും പരസ്പരം നോക്കി നിൽക്കേ വല്യമ്മയുടെ സംസാരവും അവർ കെട്ടു.”എടാ രവി, ആ ചെക്കൻ ഉണ്ടല്ലോ അർജുൻ അവന്റെ ജാതകത്തിലെ രണ്ട് കല്യാണത്തിന് യോഗം ഉണ്ട് പോലും. പറഞ്ഞത് വേറെ ആരും അല്ല, സാക്ഷാൽ ദേവനാരായണ പണിക്കർ ആണ്. അദ്ദേഹം പറഞ്ഞാൽ പറഞ്ഞത് പോലെ സംഭവിക്കും. അത് പറയാൻ ആ ചെക്കന്റെ ഇളയമ്മ വീട്ടിൽ വന്നിരുന്നു. കാര്യം കേട്ടപ്പോൾ തന്നെ അച്ചു പറഞ്ഞു ഈ കല്യാണം വേണ്ട എന്ന്.രണ്ട് കല്യാണം എന്ന് പറഞ്ഞാൽ ഒന്നെങ്കിൽ ആദ്യത്തെത് മരിക്കും, ഇല്ലെങ്കിൽ ബന്ധം ഒഴിയും… ഇത് രണ്ടായാലും അവൾക്ക് പറ്റില്ല എന്ന് പറഞ്ഞു.അങ്ങനെ ബന്ധം തന്നെ ഒഴിവാക്കാൻ ഞാൻ തീരുമാനിച്ചപ്പോഴാ ദേവിക്ക് ഇങ്ങനെ ഒരു ബുദ്ധി തോന്നിയത്. ഇതാവുമ്പോൾ ആ പെണ്ണിനെ സുഖം ആയി ഒഴിവാക്കാം “, വല്യമ്മ പറഞ്ഞത് കേട്ട് അഞ്ചുവിന് വലിയ ദേഷ്യം വന്നു. അവൾ വിറച്ചു കൊണ്ട് അപ്പുറത്തേക്ക് പോകാൻ ആയി നടന്ന് തുടങ്ങിയപ്പോൾ തന്നെ ലക്ഷ്മി അവളുടെ കൈയിൽ കയറി പിടിച്ചു.

വേണ്ട എന്ന അർഥത്തിൽ ലക്ഷ്മി കരഞ്ഞു കൊണ്ട് തല വെട്ടിച്ചു.അത് കേൾക്കാതെ അഞ്ചു പോകാൻ നോക്കി എങ്കിലും ലക്ഷ്മി ഉടനെ അവളുടെ കാലിൽ പിടിക്കാൻ ആയി കുനിഞ്ഞു. അത് കണ്ടു അഞ്ചു പിടഞ്ഞു മാറി അവളെ കെട്ടിപിടിച്ചു.”എന്തിനാ കുഞ്ഞി ഇങ്ങനെയൊക്കെ “, അഞ്ചു കരഞ്ഞു കൊണ്ട് ചോദിച്ചു.”എന്റെ അമ്മ എനിക്ക് വേണ്ടി കണ്ട് പിടിച്ച ആള് അല്ലേ. പിന്നെ എന്താ അഞ്ചു “, അഞ്ചുവിൽ നിന്നും അകന്ന് മാറി കണ്ണുകൾ നിറഞ്ഞു ചിരിച്ചു കൊണ്ട് ലക്ഷ്മി ചോദിച്ചു. “അർജുൻ സാറിന് അറിയോ… “, എന്തോ ആലോചിച്ചത് പോലെ ലക്ഷ്മി പെട്ടന്ന് ചോദിച്ചു. “അറിയാം മോളെ…. അവനോടും വീട്ടുകാരോടും എല്ലാം ഞാൻ സംസാരിച്ചു. അവർക്ക് സമ്മതം ആണ് “, അവളുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞു കൊണ്ട് വല്യച്ഛൻ അങ്ങോട്ട് വന്നു. അദ്ദേഹത്തിന്റെ കൈയിൽ അവൾക്ക് ഒരുങ്ങാൻ ഉള്ള സാരിയും ആഭരണങ്ങളും ഒക്കെ ഉണ്ടായിരുന്നു. അഞ്ചുവിന്റെ കൈയിലെക്ക് അതെല്ലാം കൊടുക്കാൻ അദ്ദേഹം നോക്കിയപ്പോൾ ലക്ഷ്മി ഉടനെ തന്നെ അത് തടഞ്ഞു. “വേണ്ട വല്യച്ഛ…ഒന്നും വേണ്ട. ഇതൊക്കെ പിന്നെ എനിക്ക് ഒരു ഭാരം ആവും.ഇപ്പോൾ എങ്ങനെയാണോ അങ്ങനെ തന്നെ മതി “, ആദ്യമായി ആയിരുന്നു അത്രയും ഉറച്ച ഒരു തീരുമാനം ലക്ഷ്മിയിൽ നിന്നും ഉണ്ടാവുന്നത്.

അത് ശരി വയ്ക്കുന്നത് പോലെ അഞ്ചുവും തല കുലുക്കി. വല്യച്ഛൻ ഉടനെ കൈയിൽ ഉള്ളത് എല്ലാം സൈഡിലേക്ക് മാറ്റി വെച്ചു. പിന്നെ അദ്ദേഹത്തിന്റെ കഴുത്തിൽ കിടന്ന മാല അഴിച്ചു ലക്ഷ്മിയുടെ കഴുത്തിൽ ഇട്ട് കൊടുത്തു.അവൾ വേഗം അദ്ദേഹത്തിന്റെ കാലിൽ വീണു നമസ്കാരിച്ചു.അമ്മയുടെയും വല്യമ്മയുടെയും ഒത്തു കളിയിൽ വീണ് പോയ വല്യച്ഛനെ ഓർത്ത് അവൾക്ക് വലിയ വിഷമം തോന്നി. “എനിക്ക് മുത്തച്ഛനെയും മുത്തശ്ശിയെയും കാണണം വല്യച്ഛ.ഒന്ന് വിളിച്ചുകൊണ്ട് വരുമോ “, ലക്ഷ്മി ആഗ്രഹത്തോടെ അദ്ദേഹത്തോട് ചോദിച്ചു. വല്യച്ഛൻ മുറിയിൽ നിന്നും പോയിട്ടും അഞ്ചു കരച്ചിൽ നിർത്തിയിരുന്നില്ല. “എന്തിനാ എന്റെ അഞ്ചുട്ടി ഇങ്ങനെ കരയുന്നത്. നല്ലൊരു കാര്യം അല്ലേ സംഭവിക്കുന്നത്. ഇല്ലേ അമ്മേ… “, ലക്ഷ്മി അഞ്ചുവിനെ കെട്ടിപിടിച്ചു കൊണ്ട് അവളുടെ അമ്മയോട് ചോദിച്ചു. “അതെ മോളെ,നമ്മുടെ ലെച്ചു മോളുടെ ഭാഗ്യം അല്ലേ അജുവിനെ പോലെ ഒരു ചെക്കനെ കിട്ടുന്നത്. അവളുടെ മോശം സമയം ഒക്കെ മാറി എന്ന് കൂട്ടിയാൽ മതി “, അമ്മ പറഞ്ഞത് കൂടി കേട്ട് അഞ്ചുവിന്റെ കരച്ചിൽ ഇരട്ടിയായി. “ദേ, പെണ്ണെ. എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ…കരച്ചിൽ ഒന്ന് നിർത്തു “, ലക്ഷ്മി കടുപ്പത്തിൽ തന്നെ പറഞ്ഞത് കേട്ട് അഞ്ചു അവളുടെ കരച്ചിൽ അടക്കി.

പിന്നെ കൈയിൽ ഉണ്ടായിരുന്ന ഓരോ സ്വർണ വളകൾ അഴിച്ചു ലക്ഷ്മിയുടെ കൈയിൽ ഇട്ട് കൊടുത്തു.അത് ലക്ഷ്മി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. “മോൾക്ക് ഇതിലും കൂടുതൽ തരണം എന്ന് ആയിരുന്നു ഞങളുടെ ആഗ്രഹം.പക്ഷെ സാഹചര്യം അങ്ങനെ ആയിപോയി. നന്നായി വരട്ടെ… എന്നും സന്തോഷത്തോടെ ഇരിക്കട്ടെ “, അഞ്ചുവിന്റെ അമ്മയും വന്നു ലക്ഷ്മിയുടെ നെറ്റിയിൽ ഉമ്മ വെച്ച് കൊണ്ട് പറഞ്ഞു. അത് വരെ പിടിച്ചു നിന്ന കണ്ണുനീർ എല്ലാം ആ അമ്മയുടെ തോളിൽ കിടന്ന് ലക്ഷ്മി കരഞ്ഞു തീർത്തു. അപ്പോഴേക്കും മുത്തശ്ശിയും മുത്തച്ഛനും അങ്ങോട്ട്‌ വന്നു.അവർക്കും അധികം ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. ലക്ഷ്മിയെ അനുഗ്രഹിച്ചു അവർ അവളെയും കൊണ്ട് അമ്പലത്തിലെക്ക് നടന്നു. അർജുനും വീട്ടുകാരും നേരത്തെ തന്നെ അവിടെ ഉണ്ടായിരുന്നു.ഒരു ഒരുക്കങ്ങളും ഇല്ലാതെ വരുന്ന ലക്ഷ്മിയെ കണ്ട് അവരുടെ എല്ലാം മുഖത്തു പുച്ഛം നിറഞ്ഞു നിന്നു. അതൊന്നും ശ്രദ്ധിക്കാൻ ഉള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല ലക്ഷ്മി. അവളുടെ കണ്ണുകൾ അമ്മയെ മാത്രം തിരഞ്ഞുകൊണ്ടിരുന്നു. മുത്തശ്ശിയുടെയും അഞ്ചുവിന്റെയും കൈയും പിടിച്ചു ലക്ഷ്മി തൊഴാൻ ആയി നടന്നു.

കൂടെ അർജുനും.പൂജാരി വന്നു താലിയും മാലയും പൂജിക്കാൻ ആയി ചോദിച്ചപ്പോൾ ആണ് ചെക്കന് അങ്ങോട്ട് ഇടേണ്ട മാലയെ പറ്റി മുത്തശ്ശി ആലോചിച്ചത്. അവർ വേഗം തന്നെ വല്യച്ഛനെ കാണാൻ ആയി പോയി. അർജുനും അവന്റെ ഇളയമ്മയും ലക്ഷ്മിയും അഞ്ചുവും മാത്രം ആയി അവിടെ.ലക്ഷ്മി കണ്ണുകൾ അടച്ചു കൈ കൂപ്പി നിന്നു എങ്കിലും മനസ്സ് ശൂന്യം ആയിരുന്നു. “ഇളയമ്മേ… 4 പവന്റെ താലി മാല കൊടുക്കേണ്ട ട്ടോ.ആ താലിയും ചരടും മാത്രം കൊടുത്താൽ മതി പൂജിക്കാൻ.അത് തന്നെ ഇവൾക്ക് അധികം ആണ് “, കണ്ണടച്ച് നിൽക്കുകയായിരുന്നു എങ്കിലും അർജുന്റെ ശബ്ദം ലക്ഷ്മി ശരിക്കും കേട്ടു. ലക്ഷ്മിയെ ചേർത്ത് പിടിച്ച അഞ്ചുവിന്റെ കൈ ദേഷ്യത്തിൽ മുറുകുന്നത് തിരിച്ചറിഞ്ഞപ്പോൾ ലക്ഷ്മി വേഗം കണ്ണുകൾ തുറന്നു. “അഞ്ചു,വല്യച്ഛൻ തന്ന മാല പൂജിക്കാൻ ഞാൻ കൊടുത്തു എന്ന് ചെന്ന് പറയു നീ. അത് കൈയിൽ ഉള്ള കാര്യം മറന്നു “, കഴുത്തിൽ കിടന്ന മാല അഴിച്ചു കൊണ്ട് ലക്ഷ്മി പറഞ്ഞത് കേട്ട് അഞ്ചു എന്തോ ഭാവത്തിൽ അവളെ നോക്കി. അർജുന്റെ വാക്കുകൾക്ക് ലക്ഷ്മിയിൽ നിന്നും മറുപടി അഞ്ചു പ്രതീക്ഷിച്ചു. എന്നാൽ അതൊന്നും ഒരു പ്രശ്നമേ അല്ല എന്ന പോലെ ആയിരുന്നു ലക്ഷ്മിയുടെ പെരുമാറ്റം.പറഞ്ഞത് കേൾക്കാതെ നില്കുന്നത് കണ്ട് ലക്ഷ്മി അഞ്ചുവിനെ തട്ടി വിളിച്ചു പറഞ്ഞു വിട്ടു.

മുത്തശ്ശിയും മറ്റും വരുന്നതിന് മുന്നേ തന്നെ അവൾ മാല പൂജിക്കാനായി കൊടുത്തു.ഇല്ലെങ്കിൽ ഒരുപക്ഷെ അവർ സമ്മതിച്ചു എന്ന് വരില്ല.പൂജാരി എന്തൊക്കെയോ മന്ത്രങ്ങൾ എല്ലാം പറഞ്ഞു തരുന്നുണ്ട് എങ്കിലും രണ്ട് പേരും അതൊന്നും ഏറ്റു ചൊല്ലിയില്ല. പൂജിച്ച താലിയും മാലയും ആയി മണ്ഡപത്തിലെക്ക് അവർ നടന്നു.ചുറ്റും തുറിച്ചു നോക്കുന്ന കണ്ണുകളെ ലക്ഷ്മി കണ്ടില്ല എന്ന് നടിച്ചു.പിന്നെ കാര്യങ്ങൾ എല്ലാം പെട്ടന്ന് ആയിരുന്നു.താലി കെട്ടലും കൈ പിടിച്ചു കൊടുക്കലും വലം വെക്കലും എല്ലാം ആർക്കോ വേണ്ടി എന്ന പോലെ രണ്ടു പേരും ചെയ്തു. ഫോട്ടോ സെക്ഷൻ ഒക്കെ ഒഴിവാക്കി വേഗം തന്നെ ഭക്ഷണം കഴിക്കാൻ ആയി ആരൊക്കെയോ അവരെ കൊണ്ട് പോയി.അഞ്ചു ലക്ഷ്മിയുടെ കൈ വിടാതെ തന്നെ സാദാ സമയവും അവളുടെ കൂടെ തന്നെ നടന്നു.മുന്നിൽ വന്ന ചോറിൽ കൈ ഇട്ട് കളിച്ചു എന്ന് അല്ലാതെ ലക്ഷ്മി ഒന്നും തന്നെ കഴിച്ചില്ല. എന്നാൽ അർജുൻ ആവട്ടെ ഇത് വരെ ചോറ് കഴിച്ചിട്ടില്ല എന്ന പോലെ ആരെയും നോക്കാതെ കഴിച്ചു കൊണ്ടിരുന്നു. “അജു,ദേ നിന്റെ ഭാര്യ ഒന്നും കഴിക്കുന്നില്ല.അവൾക്ക് വാരി കൊടുക്കടാ “, എല്ലായിടത്തും കാണുന്നത് പോലെ അർജുന്റെ കൂട്ടുകാർ അവരുടെ അടുത്തേക്ക് വന്നു പറഞ്ഞു.”

എന്റെ ലൈഫ് അവളെ കെട്ടിയത്തോടെ വേസ്റ്റ് ആയി. പക്ഷെ അവൾക്ക് അങ്ങനെ അല്ലല്ലോ.ലോട്ടറി അല്ലേ അടിച്ചിരിക്കുന്നത്.അത് കൊണ്ട് ഒരുനേരം കഴിച്ചില്ല എങ്കിലും ഒരു പ്രശ്നവും ഇല്ല “, എടുത്തടിച്ചത് പോലെ ഉള്ള അവന്റെ മറുപടി കേട്ട് കൂട്ടുകാർ വല്ലാതെ ആയി. അവർ ക്ഷമാ പൂർവ്വം ലക്ഷ്മിയെ ഒന്ന് നോക്കി. അവൾ അവരെ നോക്കി ഒന്നും ഇല്ല എന്ന ഭാവത്തിൽ കണ്ണുകൾ ചിമ്മി ചിരിച്ചു. അത് കണ്ട് അവരും ആശ്വാസത്തോടെ തിരിച്ചു പോയി.മുന്നിൽ കാണുന്ന അർജുനെ അപ്പോഴും വിശ്വാസിക്കാൻ പറ്റാതെ നില്കുകയായിരുന്നു അഞ്ചു. കുറച്ചു ദേഷ്യം ഒക്കെ ഉണ്ട് എങ്കിലും ഒരാളെ ഇത്രയും വിഷമിപ്പിക്കാൻ അവന് എങ്ങനെ പറ്റുന്നു എന്ന് ഓർത്ത് അവൾ അത്ഭുതപ്പെട്ടു. അർജുന്റെ കൂടെ കാറിൽ കയറുമ്പോൾ എല്ലാവരെയും നോക്കി ചിരിക്കാൻ അവൾ വെറുതെ ഒന്ന് ശ്രമിച്ചു.അഞ്ചു അവർ ഇറങ്ങുന്നതിന് മുന്നേ തന്നെ അർജുന്റെ വീട്ടിലെക്ക് പോയിരുന്നു. അത് കൊണ്ട് തന്നെ തീർത്തും ഒറ്റപ്പെട്ടത്ത് പോലെ തോന്നി ലക്ഷ്മിക്ക്.വല്യച്ഛനും മുത്തശ്ശിയും മുത്തച്ഛനും മാത്രം ആയിരുന്നു അവളെ യാത്രയാക്കാൻ ആയി വന്നത്.അവരെങ്കിലും ഉണ്ടായല്ലോ എന്ന് ഓർത്ത് ലക്ഷ്മി സന്തോഷിച്ചു. കാർ എടുത്തത് ജിഷ്ണു ആയിരുന്നു.അവന്റെ കൂടെ മുന്നിൽ മറ്റൊരു ആൺകുട്ടി കൂടി ഉണ്ടായിരുന്നു.പുറകിൽ അർജുനെയും ലക്ഷ്മിയെയും കൂടാതെ ഇളയമ്മയും പിന്നെ ഒരു പെൺകുട്ടിയും ഇരുന്നു.

ആരും ഒന്നും സംസാരിച്ചില്ല, ലക്ഷ്മിക്ക് ഉള്ളു തുറന്നു കരയാൻ പോലും ഉള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടത് പോലെ തോന്നി.ജിഷ്ണു ഒഴികെ ആരും അവൾ ആ വണ്ടിയിൽ ഉണ്ട് എന്ന് പോലും ആലോചിച്ചില്ല എന്നതാണ് സത്യം. കുറച്ചു സമയം എടുത്തു തന്നെ അവർ വീട്ടിൽ എത്തി.കാറിൽ നിന്ന് ഇറങ്ങിയ ലക്ഷ്മി മുന്നിൽ തലയെടുപ്പോടെ നിൽക്കുന്ന 16 കെട്ട് കണ്ട് അമ്പരന്നു.അത് വരെ തോന്നാത്ത ഒരു പരിഭ്രമം അപ്പോൾ ലക്ഷ്മിക്ക് തോന്നി.അപ്പോഴേക്കും അഞ്ചു എവിടെ നിന്നോ വന്നു അവളുടെ കൈ പിടിച്ചിരുന്നു. അർജുന് പകരം അഞ്ചുവിന്റെ കൈ പിടിച്ചു കൊണ്ട് ആണ് ലക്ഷ്മി വീട്ടിലെക്ക് നടന്നത്. ഉമ്മറത്ത് തന്നെ നിലവിളക്കും ആയി ഐശ്വര്യം തോന്നുന്ന ഒരമ്മ നില്കുന്നുണ്ട്. “അജു ഏട്ടന്റെ അമ്മ അതാണ് കുഞ്ഞി “, അഞ്ചു അവളുടെ കാതിൽ പതുക്കെ പറഞ്ഞു. എന്ത് കൊണ്ടോ വലിയ സന്തോഷം തോന്നി ലക്ഷ്മിക്ക്.”കയറി വാ മോളെ… “, അമ്മ വിളക്ക് അവൾക്ക് കൊടുത്തു കൊണ്ട് പറഞ്ഞു. ഒന്ന് ചിരിക്കാൻ ശ്രമിച്ചു വിളക്കും കൊണ്ട് ലക്ഷ്മി വീട്ടിലെക്ക് കയറി.അർജുൻ അപ്പോഴേക്കും എവിടെക്കൊ പോയിരുന്നു.വിളക്ക് പൂജ മുറിയിൽ വെച്ച് പുറത്തേക്ക് നടക്കുമ്പോൾ ആണ് അവളുടെ മുത്തശ്ശിയുടെ പ്രായം ഒക്കെ ഉള്ള ഒരു സ്ത്രീ ലക്ഷ്മിയെ തന്നെ നോക്കി പുറത്തു നില്കുന്നത് അവൾ കണ്ടത്.

കൂടെ അർജുനും ഉണ്ട്.അവന്റെ മുഖത്തെ പുച്ഛം അത് പോലെ തന്നെ ആ അമ്മമ്മയുടെയും മുഖത്ത് ഉണ്ട്. “മോളെ, ഇതാണ് എന്റെ അമ്മ, അച്ചുന്റെ അമ്മമ്മ. ഇനി മുതൽ മോളുടെയും “, അമ്മ അവളെയും കൂട്ടി അമ്മമ്മക്ക് അടുത്തേക്ക് നടന്ന് കൊണ്ട് പറഞ്ഞു.അമ്മമ്മയുടെ അടുത്ത് എത്തിയതും അവൾ വേഗം അനുഗ്രഹം വാങ്ങാൻ ആയി കുനിഞ്ഞു.അത് കണ്ടു അമ്മമ്മ കാലു പെട്ടന്ന് വലിച്ചു എങ്കിലും ലക്ഷ്മി ആ ഞെട്ടൽ മുഖത്തു കാണിക്കാതെ നിന്നു. കാരണം അമ്മ അത് കണ്ടാൽ വിഷമിക്കും എന്ന് അവൾക്ക് തോന്നി.നിലത്ത് തൊട്ട് തൊഴുതു ലക്ഷ്മി എഴുന്നേറ്റു.അമ്മമ്മ അവളെ അടി മുടി ഒന്ന് നോക്കി. കഴുത്തിൽ സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണുന്ന പോലെ കട്ടി കുറഞ്ഞ ഒരു മാലയും. രണ്ട് കുഞ്ഞു ജുമുക്കിയും മൂക്കിൽ ഉള്ള വെള്ളക്കൽ മൂക്കുത്തിയും പിന്നെ അഞ്ചു ഇട്ടു കൊടുത്ത വളയും അല്ലാതെ മറ്റൊന്നും ലക്ഷ്മിക്ക് ഉണ്ടായിരുന്നില്ല. അത് കൂടി കണ്ടപ്പോൾ അമ്മമ്മയുടെ ദേഷ്യം പൂർണമായി.”ഞാൻ ഒന്ന് കിടക്കട്ടെ ഇന്ദു, നല്ല ക്ഷീണം “, അമ്മയോട് അങ്ങനെ പറഞ്ഞ് അമ്മമ്മ അർജുനെയും കൂട്ടി അവിടെ നിന്നും പോയി.

അമ്മ അവളെയും കൂട്ടി അർജുന്റെ മുറിയിലെക്ക് നടന്നു. കൂടെ അഞ്ചുവും.”അന്ന് അശ്വതിയെ കാണാൻ വന്നപ്പോൾ തന്നെ മോളെ ഞാൻ കണ്ടിരുന്നു. അഞ്ചുവും ജിഷ്ണുവും പറഞ്ഞു മോളുടെ കഥയെല്ലാം എനിക്ക് അറിയാം.സത്യത്തിൽ അശ്വതിയെക്കാളും എനിക്ക് ഇഷ്ടം ആയത് മോളെ ആണ്. “, നടക്കുന്ന വഴിയിൽ അമ്മ പറഞ്ഞത് കേട്ട് ലക്ഷ്മി അത്ഭുതപ്പെട്ടു. “അച്ചുന് കല്യാണം തന്നെ വേണ്ട എന്ന് പറഞ്ഞു നടക്കുകയായിരുന്നു.പിന്നെ അമ്മമ്മ പിടിച്ച പിടിയിൽ ആണ് അന്ന് പെണ്ണ് കാണാൻ കൊണ്ട് വന്നത്.കല്യാണം ഉറപ്പിക്കുമ്പോഴും അവന് വലിയ താല്പര്യം ഒന്നും ഉണ്ടായില്ല. എല്ലാം അമ്മമ്മയുടെ ഇഷ്ടത്തിന് വിട്ടു കൊടുക്കുകയായിരുന്നു.അമ്മമ്മയെ അവന് അത്രയും ഇഷ്ടം ആണ് “, അത് കേട്ട് ചെറു തീയിൽ നിന്ന് അഗ്നി പർവതത്തിൽ എത്തിയ പോലെ തോന്നി ലക്ഷ്മിക്ക്.കല്യാണത്തിന് അമ്മമ്മക്ക് ഇഷ്ടം അല്ല എന്ന് ആ മുഖത്തു കണ്ടതാണ്. പിന്നെ എന്തിനാണ് സമ്മതിച്ചത്ത് എന്തോ… ആലോചിക്കും തോറും ലക്ഷ്മിക്ക് തല പെരുക്കുന്നത് പോലെ തോന്നി. അപ്പോഴേക്കും അവർ മുറിയിൽ എത്തിയിരുന്നു.

ബെഡ്‌റൂമിനോട്‌ ചേർന്ന് ഒരു ഓഫീസ് റൂമും കൂടി ഉണ്ടായിരുന്നു ആ മുറിക്ക്.”ഇതാ മോളെ, റിസപ്ഷന് വേണ്ടി ഉള്ളതാണ്. കുളിച്ചു വന്ന് ഡ്രസ്സ്‌ മാറിക്കോ. ഇപ്പോൾ വരും എല്ലാരും മോളെ കാണാൻ. പിന്നെ ഒന്നിനും നേരം കിട്ടില്ല “, വലിയ ഒരു കവർ അവൾക്ക് കൊടുത്തു അമ്മ പറഞ്ഞു.അഞ്ചു ആണ് അത് വാങ്ങി തുറന്നു നോക്കിയത്.നല്ല വില കൂടിയ ലഹങ്ക ആയിരുന്നു കവറിൽ.അപ്പോഴേക്കും അർജുനും റൂമിലേക്ക് വന്നു. ഡ്രെസ്സും കൈയിൽ പിടിച്ചു അതിലേക്ക് തന്നെ നോക്കി നിൽക്കുന്ന ലക്ഷ്മിയെ കണ്ട് അവന് ദേഷ്യം വന്നു. “ഇത്രയും വില കൂടിയ ഡ്രസ്സ്‌ എല്ലാം ആദ്യം ആയി കാണുമ്പോൾ അതിന്റെ അത്ഭുതം ഉണ്ടാവും “, അവൻ മനസ്സിൽ ഓർത്തു.അവളെ ഒന്ന് നോക്കി ചിരിച്ചു അമ്മ പോകാൻ ആയി തിരിഞ്ഞു നടന്നു. പെട്ടന്ന് തന്നെ ലക്ഷ്മി അവരെ വിളിച്ചു… “അമ്മേ… മുഷിച്ചിൽ ഉണ്ടാവില്ല എങ്കിൽ ഒരു കാര്യം പറഞ്ഞോട്ടെ.എനിക്ക് ഇങ്ങനെ ഉള്ള ഡ്രസ്സ്‌ ഇട്ട് ശീലം ഒന്നും ഇല്ല. അമ്മയുടെ പഴയ സെറ്റ് മുണ്ട് ഉണ്ടെങ്കിൽ അത് തരുമോ.

അതാണ് എനിക്ക് ഇഷ്ടം “, ലക്ഷ്മി ശബ്ദം താഴ്ത്തി കൊണ്ട് അമ്മയോട് ചോദിച്ചു. കുറച്ചു നേരം ഇന്ദു അവളെ തന്നെ നോക്കി നിന്നു. “ഞാൻ അശ്വതിക്ക് വേണ്ടി കുറച്ച് അധികം സെറ്റ് മുണ്ട് വാങ്ങി വെച്ചിരിക്കുന്നു. പിന്നെയാ അറിഞ്ഞേ ആ കുട്ടിക്ക് അതൊന്നും ഇഷ്ടം അല്ല എന്ന്. അത് കൊണ്ട് ഇവിടെ അലമാരയിൽ വെക്കാതെ ഞാൻ എന്റെ പെട്ടിയിൽ വെച്ചു. മോൾ ചെന്ന് കുളിച്ചു വാ. അപ്പോഴേക്കും ഞാൻ പോയി അത് എടുത്തിട്ട് വരാം “,തനിക്ക് പറ്റിയ മോളെ കിട്ടിയ സന്തോഷത്തിൽ ഇന്ദു മതി മറന്ന് കൊണ്ട് പറഞ്ഞു. അഞ്ചുവിന് വലിയ അത്ഭുതം ഒന്നും തോന്നിയില്ല ലക്ഷ്മിയുടെ പറച്ചിലിൽ.എന്നാൽ അർജുൻ പിന്നെയും ഞെട്ടി നിൽക്കുകയായിരുന്നു.അവൻ വിചാരിക്കുന്നത്തിന്റെ നേരെ വിപരീതമാണല്ലോ അവൾ പ്രവർത്തിക്കുന്നത് എന്ന് കണ്ട് അവൻ അത്ഭുതപ്പെട്ടു.പിന്നെ അവന് എന്തോ അവിടെ നിൽക്കാൻ തോന്നിയില്ല.അർജുൻ പുറത്തേക്ക് പോയപ്പോൾ തന്നെ ലക്ഷ്മി കുളിക്കാനും പോയി. അവൾ തിരികെ വന്നപ്പോഴും അമ്മ വന്നിരുന്നില്ല.

“അഞ്ചു, ഇവിടെ ഉള്ള ആരെയും എനിക്ക് അറിയില്ല.അതൊക്കെ ഒന്ന് പറഞ്ഞു താ “, മുടി വിടർത്തി ഇട്ട് കൊണ്ട് ലക്ഷ്മി പറഞ്ഞു. “കുഞ്ഞി, ഇത് ശരിക്കും അജു ഏട്ടന്റെ അമ്മയുടെ വീട് തന്നെയാ. നീ കണ്ടില്ലേ അമ്മമ്മയെ, അവർക്ക് മക്കൾ എല്ലാവരും അടുത്ത് തന്നെ വേണം എന്ന് വലിയ നിർബന്ധം ആണ്.മുത്തച്ഛൻ നേരത്തെ തന്നെ മരിച്ചു പോയതാ. അവർക്ക് 4 മക്കൾ ആണ്.2 ആണും 2 പെണ്ണും.മൂത്തത് ആണ് ഇന്ദു അമ്മ.പിന്നെ ഉള്ളതിൽ ഒരാൾ പുറത്ത് എവിടെയോ ആണ്. പിന്നെ ഉള്ള ആൾ മനു മാമൻ, അദ്ദേഹവും കുടുംബവും ഇവിടെ തന്നെ ആണ്.ഏറ്റവും ഇളയതാണ് ഇന്ന് നമ്മുടെ കൂടെ ഉണ്ടായിരുന്ന ഇളയമ്മ ശ്യാമ.പിന്നെ ഇവരുടെ മക്കളും ഉണ്ട്. എല്ലാം അമ്മ തന്നെ പറഞ്ഞ് തരും “, ലക്ഷ്മിയുടെ മുടി പതുക്കെ തലോടി കൊണ്ട് അഞ്ചു പറഞ്ഞു നിർത്തി.”എനിക്ക് അകത്തേക്ക് വരാമോ? “, ചെറിയൊരു പെൺകുട്ടിയെയും എടുത്തു കൊണ്ട് ഒരു ചേച്ചി അകത്തേക്ക് വന്നു. അഞ്ജുവും ലക്ഷ്മിയും പെട്ടന്ന് എഴുന്നേറ്റു. ലക്ഷ്മി ആരാ എന്ന ഭാവത്തിൽ അഞ്ചുവിനെ ഒന്ന് നോക്കി.

“കുഞ്ഞി, ഇത് അജു ഏട്ടന്റെ ഏട്ടൻ അഭിജിത്ത് ഏട്ടന്റെ ഭാര്യ അമൃത ചേച്ചി “, ലക്ഷ്മിയുടെ നോട്ടം മനസിലാക്കി അഞ്ചു പറഞ്ഞു. “അതൊക്കെ ഞങ്ങൾ പരിചയപ്പെട്ടോളാം ഇല്ലേ കുഞ്ഞി…ഞാൻ ആണ് കുഞ്ഞിയുടെ ഒരേയൊരു ഏട്ടത്തി, അമ്മു എന്ന് വിളിച്ചോ…ഇത് എന്റെ മോള് കാർത്തിക. “, അമൃത ലക്ഷ്മിയെ പിടിച്ചു ബെഡിൽ ഇരുത്തി കൊണ്ട് പറഞ്ഞു.കുറച്ചു സമയം കൊണ്ട് തന്നെ അമ്മയെ പോലെ അമൃതക്കും തന്നോട് വിരോധം ഒന്നും ഇല്ല എന്ന് അവൾക്ക് മനസിലായി. അത് പോലെ തന്നെ കാർത്തു മോൾ ലക്ഷ്മിയുമായി പെട്ടന്ന് അടുത്തു. അപ്പോഴേക്കും ഇന്ദു അമ്മ എടുത്താൽ പൊങ്ങാത്ത അത്രയും സെറ്റ് മുണ്ടും ആയി വന്നു.ഏത് വേണം എന്ന് ഉള്ള തീരുമാനം അമ്മയ്ക്കും അഞ്ചുവിനും ഏട്ടത്തിക്കും വിട്ട് കൊടുത്ത് കാർത്തു മോളെയും തോളിൽ ഇട്ട് ലക്ഷ്മി ബെഡിൽ തന്നെ ഇരുന്നു.അഞ്ചു തന്നെ ലക്ഷ്മിയെ ഒരുക്കാൻ തുടങ്ങി.കണ്ണുകൾ വാലിട്ട് എഴുതി ചുണ്ട് ചെറുതായി ഒന്ന് ചുമപ്പിച്ച് നെറ്റിയിൽ കുഞ്ഞു വെള്ള പൊട്ടും വെച്ചു കൊടുത്തു അഞ്ചു അവൾക്ക്.

അപ്പോഴേക്കും ഏട്ടത്തി കുറച്ചധികം മുല്ലപ്പൂവുമായി വന്നു.ഏട്ടത്തിയും അഞ്ചുവും തന്നെ അവളെ സെറ്റ് മുണ്ട് ഉടുപ്പിച്ചു.സിൽവർ കരയും ബ്ലാക്ക് ബ്ലൗസും വരുന്ന കോമ്പിനേഷൻ ആയിരുന്നു അവർ ലക്ഷ്മിക്ക് വേണ്ടി സെലക്ട്‌ ചെയ്തത്.അപ്പോഴേക്കും ഇന്ദു അമ്മ ചെറിയൊരു പെട്ടിയും ആയി വന്നു. “എനിക്ക് പെൺകുട്ടി വേണം എന്ന് വലിയ ആഗ്രഹം ആയിരുന്നു.അച്ചു വയറ്റിൽ ഉണ്ടായിരുന്ന കാലത്തു പെൺകുട്ടി ആണ് എന്ന് ഉറപ്പിച്ചു ഞാൻ വാങ്ങി വെച്ച കുറച്ചു സാധനങ്ങൾ ആണ് ഇത്. കുറെ ഒക്കെ കാർത്തുട്ടിക്ക് കൊടുത്തു. അമ്മു പിന്നെ ആഭരണം ഒന്നും ഉപയോഗിക്കുന്ന കൂട്ടത്തിൽ അല്ല.എന്നാലും കളയാൻ തോന്നിയില്ല. അത്രയും ആഗ്രഹിച്ചു വാങ്ങി വെച്ചതാണ്.ലെച്ചുന് പറ്റിയ എന്തെങ്കിലും ഒക്കെ ഇതിൽ ഉണ്ടാവും.നിങ്ങൾ ഒന്ന് തപ്പി നോക്ക്. അപ്പോഴേക്കും ഞാൻ മോളുടെ മുടി കെട്ടട്ടെ “, അമൃതയുടെ കൈയിലെക്ക് പെട്ടി കൊടുത്ത് ഇന്ദു അമ്മ ലക്ഷ്മിയുടെ മുടി കെട്ടാൻ ആയി വന്നു. ഇടതൂർന്ന് നീണ്ടു കിടക്കുന്ന ലെച്ചുവിന്റെ മുടി ഇന്ദു അമ്മ നല്ല ഭംഗിയായി നാല് ആയി പിന്നിയിട്ടു. പിന്നെ അതിൽ നല്ല കട്ടിയിൽ മുല്ലപ്പൂ വെച്ചു.

അപ്പോഴേക്കും അഞ്ചുവും അമ്മുവും കൂടെ കുറച്ചു സാധനങ്ങളും ആയി വന്നു.അമ്മു കൈയിൽ കിട്ടിയ വെള്ള മുത്തിൽ ഉള്ള മാല ലെച്ചുവിന്റെ കഴുത്തിൽ ഇട്ടപ്പോഴെക്കും അഞ്ചു കുറച്ചു കറുത്ത കുപ്പി വളകൾ അവളുടെ കൈയിൽ ഇട്ടു, കൂടാതെ സ്വന്തം ചെവിയിൽ കിടന്ന കുറച്ചു വലിയ കറുത്ത കല്ലുകൾ കലർന്ന കമ്മലും കൂടി ഇട്ടു കഴിഞ്ഞപ്പോൾ ലെച്ചു കൂടുതൽ സുന്ദരിയായി. “എന്നാലും കുഞ്ഞി ഈ ഭംഗിയൊക്കെ ഇത്രയും കാലം നീ എവിടെ കൊണ്ട് ഒളിപ്പിച്ചു വെച്ചിരുന്നു. ഇപ്പോൾ കണ്ടിട്ട് എനിക്ക് തന്നെ കൊതി തോന്നുന്നു “, എല്ലാം കഴിഞ്ഞ് ലെച്ചുവിനെ നോക്കിയ അഞ്ചു അത്ഭുതത്തോടെ പറഞ്ഞു. മറുപടിയായി ലെച്ചു ഒന്ന് ചിരിച്ചു. ഫങ്ക്ഷൻ തുടങ്ങി കുറച്ചു കഴിഞ്ഞിട്ടും താടിക്ക് കൈയും കൊടുത്തിരിക്കുന്ന അർജുനെ കണ്ടാണ് ജിഷ്ണു അങ്ങോട്ട് ചെന്നത്. “അവളോട് എന്ത് ദേഷ്യം ഉണ്ടെങ്കിലും ഇപ്പോൾ അതൊന്നും കാണിക്കാതെ ഒന്ന് അഡ്ജസ്റ്റ് ചെയ്യെടാ.

ആളുകൾ ഒക്കെ ശ്രദ്ധിക്കുന്നു “, ജിഷ്ണു അർജുനോട്‌ പതുക്കെ ചെന്ന് പറഞ്ഞു. അത് കേട്ട് അർജുൻ വേഗം തന്നെ നേരെ ഇരുന്ന് ലക്ഷ്മിയെ നോക്കി.സത്യത്തിൽ അടി മുടിയുള്ള അവളുടെ രൂപ മാറ്റം കണ്ട് കിളി പോയി ഇരിക്കുകയായിരുന്നു അർജുൻ.രാവിലെ പുച്ഛത്തോടെ അവളെ നോക്കിയ കണ്ണുകളിൽ എല്ലാം ഇപ്പോൾ ചെറിയൊരു അത്ഭുതവും അസൂയയും വന്നു നിറഞ്ഞത് അർജുൻ കണ്ടു.അവളുടെ കഴുത്തിൽ പറ്റി ചേർന്ന് കിടക്കുന്ന മഞ്ഞ ചരട് ആണ് അവളുടെ ഭംഗി കുറച്ചു കൂടെ കൂട്ടുന്നത് എന്ന് അവന് തോന്നി. വല്യച്ഛൻ മാത്രമേ അവളുടെ വീട്ടിൽ നിന്ന് വന്നിരുന്നുള്ളൂ എങ്കിലും അതിൽ തന്നെ അവൾ വളരെ സന്തോഷവതി ആയി.വേറെ ആരും വരാത്തത് കൊണ്ട് ഫങ്ക്ഷൻ പെട്ടന്ന് തന്നെ കഴിഞ്ഞു.അവസാന നിമിഷം വരെ അഞ്ചു നിഴൽ പോലെ അവളുടെ കൂടെ നിന്നു.നാളെ വരാം എന്നുള്ള ഉറപ്പിൽ ജിഷ്ണു തന്നെ അവളെ കൊണ്ട് വിട്ടു. ഇന്ദു അമ്മ പാല് ഗ്ലാസ്‌ കൈയിൽ കൊടുത്തപ്പോൾ ലെച്ചുവിനോട് ഒന്നും തന്നെ പറഞ്ഞില്ല.

നിറഞ്ഞ പുഞ്ചിരി മാത്രം സമ്മാനിച്ചു അവർ അവളെ കൊണ്ട് റൂമിൽ ആക്കി തിരിച്ചു വന്നു.ലെച്ചു നോക്കുമ്പോൾ അർജുൻ കുളിയെല്ലാം കഴിഞ്ഞ് നേരത്തെ തന്നെ റൂമിൽ ഉണ്ടായിരുന്നു.വാതിൽ അടച്ചു കുറ്റി ഇട്ട് പാല് ഗ്ലാസ്‌ ടേബിൾ വച്ചപ്പോൾ തന്നെ അർജുൻ അവളുടെ അടുത്തേക്ക് ചാടി വന്നു. “എനിക്ക് സാറിന്റെ ഭാര്യയായി ഇവിടെ ജീവിക്കാം എന്നുള്ള ഒരു ഉദ്ദേശവും ഇല്ല.കല്യാണം നടക്കാൻ ഉണ്ടായ സാഹചര്യം എന്നേക്കാൾ നന്നായി സാറിനു അറിയാലോ.നേരത്തെ അറിഞ്ഞിരുന്നു എങ്കിൽ എങ്ങോട്ടെങ്കിലും ഓടി പോയേനെ ഞാൻ.വല്യച്ഛന് വേണ്ടി മാത്രം ആണ് ഞാൻ ഈ വേഷം കെട്ടിയത്. സാറിന്റെ ഒരു കാര്യങ്ങളിലും തല ഇടാൻ ഞാൻ വരില്ല.

ഭാര്യ എന്ന് പോയിട്ട് അറിയുന്ന ആൾ എന്ന പരിഗണന പോലും സാർ എനിക്ക് തരേണ്ട.ഡിവോഴ്സ് എപ്പോൾ വേണം എന്ന് മാത്രം പറഞ്ഞാൽ മതി. പക്ഷെ അതിന് മുന്നേ എനിക്ക് സ്വന്തം കാലിൽ നിൽക്കണം. അതിന് വേണ്ട സമയം സാർ തരണം. എല്ലാം ഓക്കേ ആയി കഴിഞ്ഞാൽ ഞാൻ തന്നെ ഒഴിഞ്ഞു പോയിക്കൊളും “, ശ്വാസം എടുക്കാതെ ലെച്ചു പറഞ്ഞത് കേട്ട് അർജുൻ അവിടെ തറഞ്ഞു നിന്ന് പോയി.മനസ്സിൽ വിചാരിക്കുന്നത് അത് പോലെ ഇവൾ ഇങ്ങനെ കണ്ടു പിടിക്കുന്നു എന്ന് ആലോചിച്ചു അവന് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.”അപ്പോൾ ശരി, ഗുഡ് നൈറ്റ്‌… “, എന്നും പറഞ്ഞു ഓഫീസ് മുറിയിലേക്ക് പോകുന്ന ലെച്ചുവിനെ കണ്ണ് എടുക്കാതെ നോക്കി അർജുൻ നിന്ന് പോയി

(തുടരും )

ലയനം : ഭാഗം 1

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!