രാജീവം : ഭാഗം 14 – അവസാനിച്ചു

രാജീവം : ഭാഗം 14 – അവസാനിച്ചു

എഴുത്തുകാരി: കീർത്തി

വിവാഹവേഷത്തിൽ റൂമിലേക്ക് കയറിവന്ന മനുവിൽ ഒരുനിമിഷം എന്റെ കണ്ണുകൾ തറഞ്ഞു നിന്നു. എന്റെയും രാജീവേട്ടന്റെയും മകൻ. കുഞ്ഞു മനുവിനെ കണ്ട് രാജീവേട്ടന്റെ അമ്മ പറഞ്ഞത് പോലെ ഇന്നവൻ രാജീവേട്ടനെ പോലെ തന്നെയുണ്ട്. രൂപത്തിലും ഭാവത്തിലും എല്ലാം. അവൻ ഇന്നൊരു ഭർത്താവാകാൻ പോവുകയാണ്. അവന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസം. ഈ സന്തോഷത്തിലും നികത്താൻ പറ്റാത്തൊരു ശൂന്യതയും. മനുവിന്റെ കൂടെ സഞ്ജുവേട്ടനും മാളുവും ഉണ്ടായിരുന്നു.

വീട്ടിലെ ചടങ്ങെല്ലാം കഴിഞ്ഞപ്പോൾ ഞങ്ങൾ മണ്ഡപത്തിലേക്ക് പുറപ്പെട്ടു. വഴി നീളെ എന്റെ മനസ്സിൽ ആ നശിച്ച ദിവസമായിരുന്നു. വൈകുന്നേരം കോയമ്പത്തൂർ നിന്നും പോരുകയാണെന്ന് പറഞ്ഞു വിളിച്ച രാജീവേട്ടൻ രാത്രി ഒത്തിരിയായിട്ടും എത്തിയില്ല. കാളിങ് ബെല്ലിന്റെ ശബ്ദം കേട്ട് രാജീവേട്ടനെയും പ്രതീക്ഷിച്ച് കതക് തുറന്ന ഞാൻ കണ്ടത് സഞ്ജുവേട്ടനെയാണ്. “ഏട്ടൻ… ഇവിടെ? ” “അത്… പിന്നെ……നിന്നെ നാട്ടിലേക്ക് കൊണ്ടുപോകാൻ വന്നതാ.” “എന്താ ഏട്ടാ.

കഴിഞ്ഞ ആഴ്ച ഞങ്ങൾ അവിടുന്ന് വന്നതല്ലേ ഉള്ളു. പെട്ടന്ന് ഇപ്പൊ…. ” “അത്…. മുത്തശ്ശിക്ക് നിന്നെയും കുഞ്ഞിനേയും കാണണം ന്ന് ഒരേ നിർബന്ധം. ” “രാജീവേട്ടനും കൂടി വന്നിട്ട് പോകാം. എത്താറായിട്ടുണ്ട്. കോയമ്പത്തൂർ ഒരു മീറ്റിംഗ്ന്ന് പോയിരിക്കാ. ” “രാജീവിനോട്‌ വിളിച്ചു പറഞ്ഞിട്ടുണ്ട്. അവൻ അങ്ങോട്ട് എത്തിക്കോളും. ” “ഓഹ്… അപ്പൊ അതാണല്ലേ ഇത്രയും നേരായിട്ടും ആളെ കാണാത്തത്. മുത്തശ്ശിക്ക് വേറെ കുഴപ്പമൊന്നും ഇല്ലല്ലോ ലെ? ” “ഇല്ല. നീ വേഗം റെഡിയാവ്. ” വൈകാതെ ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു.

കൂടെ മുത്തുവിനെയും കൂട്ടി. യാത്രയ്ക്കിടയിൽ ഞാൻ സഞ്ജുവേട്ടനോട്‌ ഓരോന്ന് ചോദിച്ചുകൊണ്ടിരുന്നു. പക്ഷെ ഏട്ടൻ അളന്നു മുറിച്ച പോലുള്ള ഉത്തരങ്ങളായിരുന്നു എനിക്ക് നൽകിയത്. പതിവില്ലാതെ മുഖത്തു വല്ലാത്ത ഗൗരവവും ദുഃഖഭാവവും. എന്താണെന്ന് പലവട്ടം ചോദിച്ചിട്ടും പറഞ്ഞില്ല. ഇനി മുത്തശ്ശിക്ക് എന്തെങ്കിലും സംഭവിച്ചു കാണുമോ എന്നായിരുന്നു എന്റെ പേടി. കർണ്ണാടക ബോർഡർ കടന്നതും ഒരു ആംബുലൻസ് ഞങ്ങളുടെ കാറിന് പിറകെ കൂടി. ഞങ്ങളെ കടന്നു പോകാൻ ശ്രമിക്കുന്നതും കണ്ടില്ല.

“ആ ആംബുലൻസ് എന്താ ഏട്ടാ നമ്മുടെ പിറകെ വരുന്നത്? ” “നാട്ടിലേക്ക് ഉള്ളതാവും. ” ആ മറുപടി എനിക്കെന്തോ തൃപ്തിയായില്ല. ഞാൻ ഇടയ്ക്കിടെ ആംബുലൻസ്നെ തിരിഞ്ഞു നോക്കി. ഒപ്പം അരുതാത്തത് എന്തോ സംഭവിച്ചത് പോലൊരു തോന്നൽ മനസ്സിൽ നിറഞ്ഞു. “ഏട്ടാ ഇത് രാജീവേട്ടന്റെ വീട്ടിലേക്കുള്ള വഴിയല്ലേ? മുത്തശ്ശിക്ക് കാണണം ന്ന് പറഞ്ഞിട്ട്… ” “മുത്തശ്ശി ഇവിടെ ഉണ്ട്. ” “ഇവിടെയോ…? ഇവിടെ എന്താ? ” ചോദ്യത്തിന് ഉത്തരം കിട്ടിയില്ല. പക്ഷെ വീട്ടിലേക്ക് അടുക്കും തോറും ആളുകൾ പോകുന്നതും മറ്റും കണ്ടു.

കൂടാതെ ആ ആംബുലൻസ് ഇപ്പോഴും പിറകെ തന്നെ ഉണ്ട്. എന്റെ ഭയം കൂടി കൊണ്ടിരുന്നു. വീടിന്റെ ഗേറ്റ് എത്തിയതും അവിടെ കെട്ടിവെച്ച കറുത്ത തുണിയും മതിലിൽ ഒട്ടിച്ചുവെച്ച ചിത്രവും അതിൽ എഴുതിയിരിക്കുന്ന വരികളും കണ്ട് ഒരുനിമിഷം എന്റെ ശ്വാസം നിലച്ചു. സഞ്ജുവേട്ടനെ നോക്കിയപ്പോൾ ആ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. മുറ്റത്ത് കൂടി നിൽക്കുന്ന ആളുകൾക്കിടയിൽ കാർ ചെന്നുനിന്നു. കുഞ്ഞിനേയും കൊണ്ട് ഞാൻ വണ്ടിയിൽ നിന്നിറങ്ങി.

എന്നെത്തന്നെ നോക്കി നിൽക്കുന്ന കുറെ ജോഡി കണ്ണിൽ സഹതാപം മാത്രമായിരുന്നു. വൈകാതെ കാറിന് പിറകെ ഉണ്ടായിരുന്ന ആംബുലൻസും ഗേറ്റ് കടന്നു വന്നു. ഈ കാണുന്നതെല്ലാം സ്വപ്നം മാത്രമാവണേയെന്ന് ഞാൻ പ്രാർത്ഥിച്ചു. ആഗ്രഹിച്ചു. അവസാന നിമിഷം വരെയും… എല്ലാം എന്നെ പറ്റിക്കാനുള്ള രാജീവേട്ടന്റെ കുസൃതി മാത്രമാവണേയെന്ന്….. ആംബുലൻസ് വന്ന ശബ്ദം കേട്ട് ഓടിവന്ന മാളു എന്റെ കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങിച്ചു.

കുഞ്ഞിനെ അവൾ വാങ്ങിയതൊന്നും ഞാനറിഞ്ഞില്ല എന്ന് പറയുന്നതാവും ശരി. എന്റെ ശ്രദ്ധ മുഴുവനും ആംബുലൻസ്ൽ ആയിരുന്നു. ഡ്രൈവറും സഞ്ജുവേട്ടനും കൂടി അതിന്റെ അടുത്തേക്ക് പോയപ്പോൾ പെട്ടന്ന് എന്റെ തോളിൽ ഒരു കരസ്പർശം. അച്ഛനായിരുന്നു. നിർവികാരതയോടെ അച്ഛന്റെ മുഖത്തേക്ക് നോക്കി. എന്റെ തോളിലൂടെയുള്ള അച്ഛന്റെ പിടി മുറുകുന്നത് ഞാനറിഞ്ഞു. സഞ്ജുവേട്ടനും ഡ്രൈവറും കൂടി വണ്ടിയിൽ നിന്നും പുറത്തിറക്കിയ ആ വെള്ള പുതച്ച ശരീരവും അകത്തു നിന്ന് “എന്റെ മോനെ… “ന്ന് അലറിവിളിച്ച് ഓടിവന്ന അമ്മയും എന്നിലെ പ്രതീക്ഷയുടെ അവസാന നാളവും അണച്ചു.

എന്നോടുള്ള പ്രണയം നിറഞ്ഞ ആ കണ്ണുകൾ ഇന്നെന്നെ നോക്കുന്നില്ല. എന്നും എനിക്ക് നൽകാറുള്ള ആ കുസൃതിച്ചിരിയും കാണാനില്ല. ആ മുഖത്തേക്ക് ഒന്നേ നോക്കിയുള്ളൂ. ഹൃദയം നിലച്ചത് പോലെ… കണ്ണീർ കാഴ്ച മറച്ചു കൊണ്ടിരുന്നു… തൊണ്ട വരളുന്നത് പോലെ… ശരീരത്തിന് ഭാരം കുറയുന്നത് പോലെ… കാലുകൾക്ക് ബലമില്ലാതായി… കണ്ണുകൾ അടയുന്നത് മാത്രം അറിഞ്ഞു… പിന്നെ ആരൊക്കെയോ താങ്ങിയതും… അപ്പോഴും എന്റെ രാജീവേട്ടന്റെ ആ ചിരിച്ച മുഖം മാത്രമായിരുന്നു മനസ് നിറയെ.

ബോധം വന്നപ്പോൾ റൂമിലായിരുന്നു. എഴുന്നേറ്റു നേരെ നോക്കിയത് ഞങ്ങളുടെ വിവാഹഫോട്ടോയിലേക്കും… ആരൊക്കെയാണ് അടുത്തുള്ളത് എന്ന് പോലും നോക്കാതെ ഞാനാ ഫോട്ടോ ലക്ഷ്യമാക്കി നടന്നു. കണ്ണിൽ ഒരു തുള്ളി കണ്ണീർ പോലും ഇല്ലെന്ന് തോന്നുന്നു. ഞാനാ മുഖത്ത് പതിയെ തഴുകി. എത്രനേരം അങ്ങനെ നിന്നുവെന്ന് അറിയില്ല. മാളു വന്ന് കൂട്ടികൊണ്ട് പോവുമ്പോളാണ് ഞാനവിടുന്ന് മാറിയത്. രാജീവേട്ടന്റെ ചലനമറ്റ ശരീരത്തിനടുത്ത് അവൾ എന്നെ കൊണ്ടിരുത്തി.

നൊന്തുപ്രസവിച്ച ഞങ്ങളുടെ മോനെ പോലും ആ നിമിഷങ്ങളിൽ ഞാൻ മറന്നു. ആ മുഖത്തേക്ക് തന്നെ ഉറ്റുനോക്കികൊണ്ട് നിർവികരയായി ഞാനിരുന്നു. ഞാനടുത്ത് വരുമ്പോൾ എന്നെ പിടിച്ചുവലിച്ച് ആ നെഞ്ചോട് ചേർക്കാറുള്ള ആ കൈകളെന്തേ ഇന്ന് അനങ്ങാത്തത്? ഉറങ്ങല്ലേ അറിഞ്ഞിട്ടുണ്ടാവില്ല… ഞാൻ തന്നെ പതുക്കെ വളരെ പതുക്കെ ആ നെഞ്ചിൽ തല ചായ്ച്ചു. എന്നെ പൊതിഞ്ഞു പിടിക്കാനും ആ കരങ്ങൾ ഇന്ന് ഉയരുന്നില്ല. സാരല്ല്യ. ഞാൻ കണ്ണടച്ച് അങ്ങനെ കിടന്നു.

ആരുടെയൊക്കെയോ തേങ്ങൽ കാതിൽ പതിക്കുന്നുണ്ടായിരുന്നു. ഞാനതൊന്നും ശ്രദ്ധിക്കാൻ പോയില്ല. കുറച്ചു കഴിഞ്ഞപ്പോൾ ആരോ എന്നെ ബലമായി അവിടുന്ന് പിടിച്ചു മാറ്റി. രാഹുലും സഞ്ജുവേട്ടനും അച്ഛനുമൊക്കെ കൂടി രാജീവേട്ടനെ എടുത്തു കൊണ്ടുപോകുന്നത് കണ്ടു. എതിർക്കാൻ ശ്രമിച്ചപ്പോൾ എല്ലാവരും കൂടി എന്നെ റൂമിൽ പൂട്ടിയിട്ടു. റൂമിന്റെ ജനലിലൂടെ ഞാൻ കണ്ടു. മനുവിന്റെ കുഞ്ഞുകൈയിൽ ഒരു തീപന്തം പിടിപ്പിച്ച് രാജീവേട്ടന്റെ അച്ഛൻ….. ആ കാഴ്ച സഹിക്കാൻ വയ്യാതെ ജനൽക്കമ്പിയിൽ തലതല്ലി കരഞ്ഞു.

നെറ്റി പൊട്ടിയാതൊന്നും ഒരു വേദനയായി തോന്നിയില്ല. അതിലും വലിയ തീർത്താൽ തീരാത്ത വേദനയല്ലേ വിധി എനിക്ക് തന്നിരിക്കുന്നത്. കരഞ്ഞുതളർന്ന് ജനാലക്കമ്പിയിലൂടെ ഊർന്ന് ചുമരിൽ ചാരി നിലത്തിരുന്നു. എന്തിനായിരുന്നു… ഞങ്ങളോടിങ്ങനെ… സന്തോഷം കണ്ട് അസൂയ തോന്നിയെങ്കിൽ എന്നെ വിളിച്ചാൽ പോരായിരുന്നോ… എന്തിനാ എന്റെ രാജീവേട്ടനെ… ആരോടും ഒരു തെറ്റും ചെയ്യാത്ത എന്റെ രാജീവേട്ടനെ തന്നെ വേണായിരുന്നോ…. ഞാനപ്പഴേ പറഞ്ഞതല്ലേ പോകണ്ടാന്ന്… കേട്ടില്ലല്ലോ.

എന്നിട്ടിപ്പോ…. ഞങ്ങളെ തനിച്ചാക്കി…. എന്തൊക്കെയോ പതംപറഞ്ഞു കൊണ്ടിരുന്നു. എല്ലാം കഴിഞ്ഞ് വീടൊഴിഞ്ഞു. കരഞ്ഞു കരഞ്ഞ് കണ്ണീർ വറ്റി. കരഞ്ഞു തളർന്ന വയ്യാതായ അമ്മയെ എപ്പോഴോ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആക്കി. മാളു അടുത്ത് തന്നെ ഉണ്ടായിരുന്നു. ആരൊക്കെയോ വന്ന് ആശ്വസിപ്പിച്ചു. പക്ഷെ ഒന്നും കേട്ടില്ല. രാജീവേട്ടന്റെ കൂടെ എന്റെ മനസും മരിച്ചു കഴിഞ്ഞിരുന്നു. “മീനു… എന്ത് ഇരിപ്പാണ് ഇത്. നീയൊന്ന് പൊട്ടിക്കരയെങ്കിലും ചെയ്യ്. നിന്റെ ഈ ഇരിപ്പ് കാണുമ്പോൾ എനിക്ക് പേടിയാവുന്നു. മീനു….. ” മുത്തശ്ശിയും അമ്മായിമാരും അതുതന്നെയാണ് പറഞ്ഞോണ്ടിരുന്നത്.

പ്രതികരണമില്ലാതെ അതേപടി ഇരുന്നു. മനസ് ശൂന്യമായിരുന്നു. തികച്ചും ശൂന്യം. പറഞ്ഞു മടുത്തപ്പോൾ മാളു എഴുന്നേറ്റു പോയി. അമ്മായിമാരും കുറച്ചു നേരം എന്നെ തനിച്ചിരിക്കാൻ അനുവദിച്ചു. മുത്തശ്ശിക്ക് എന്നെ തനിച്ചു വിടാൻ പേടി. അതുകൊണ്ട് ഒന്നും പറയാതെ കൂടെ തന്നെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ മാളു മോനെയും കൊണ്ട് വന്ന് എന്റെയടുത്ത് ഇരുത്തിയിട്ട് പോയി. അവനെ ഒന്ന് നോക്കുക പോലും ചെയ്യാൻ കഴിഞ്ഞില്ല. “മ്മാ… മ്മാ….. മ്മാ…. ” എന്റെ മടിയിൽ കയറിയിരുന്ന് മോൻ കുലുക്കി വിളിച്ചപ്പോളാണ് ഞാൻ ബോധമണ്ഡലത്തിലേക്ക് തിരിച്ചു വന്നത്.

“മ്മാ…. ച്ഛാ…. ച്ഛാ…. ” അച്ഛനെ ചോദിച്ചുള്ള അവന്റെ വിളിയിൽ എന്റെ നിയന്ത്രണം വിട്ടുപോയി. അവനെ വാരിയെടുത്ത് നെഞ്ചോട് ചേർത്ത് ഞാൻ പൊട്ടിക്കരഞ്ഞു. കരച്ചിലിനിടയിലും അവന്റെ “ച്ഛാ… ച്ഛാ… “ന്നുള്ള വിളി എന്റെ കാതിൽ വീണ്ടും അലയടിച്ചു കൊണ്ടിരുന്നു. രാജീവേട്ടനെ ചോദിക്കുമ്പോൾ എന്തുപറഞ്ഞു ഞാനവനെ ആശ്വസിപ്പിക്കും. അറിയില്ല. പിന്നീടുള്ള ദിവസങ്ങൾ എങ്ങനെയാണ് തള്ളിനീക്കിയതെന്ന് അറിയില്ല. ആക്‌സിഡന്റ് ആയിരുന്നുവെന്നും പിന്നീടാണ് ഞാറിഞ്ഞത്. ഞങ്ങളുടെ അടുത്തെത്താനുള്ള ആഗ്രഹം കൊണ്ടാവും സ്പീഡ് കൂടുതലായിരുന്നുവത്രെ.

കാർ എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. രാജീവേട്ടൻ സൃഷ്ടിച്ച ആ ശൂന്യതയിൽ നിന്ന് പുറത്ത് വരാൻ ഒരിക്കലും കഴിഞ്ഞിട്ടില്ല. ഇന്നും. ജീവൻ കിടക്കാൻ വേണ്ടി എന്തെങ്കിലും കഴിക്കും. പിന്നെ മോന് വേണ്ടി. പലവട്ടം രാജീവേട്ടന്റെ അടുത്തേക്ക് പോയാലോ ന്ന് തോന്നി. രണ്ടു മൂന്നു വട്ടം അതിന് ശ്രമിക്കുകയും ചെയ്തു. പക്ഷെ അപ്പോഴെല്ലാം ആരെങ്കിലും വന്ന് തടയും. ” മനുവിന് അച്ഛന്റെ സ്നേഹം നഷ്ടപ്പെട്ടു. ഇനി അമ്മയുടെ സ്നേഹം കൂടി ഇല്ലാതാക്കണോ. ” അച്ഛന്റെ ആ വാക്കുകളാണ് പിന്നീട് എനിക്ക് ജീവിക്കാനുള്ള പ്രചോദനം നൽകിയത്.

അവനാണ് ഇനി എന്റെ എല്ലാം. അവനു വേണ്ടി ഞാൻ ജീവിച്ചിരുന്നേ മതിയാകൂ. പിന്നീട് നാട്ടിൽ തന്നെ ഒരു കമ്പനിയിൽ ജോലി നേടി. അവനെ വളർത്തി. ഇതിനിടയിൽ എല്ലാവരും കൂടി എനിക്ക് വീണ്ടും വിവാഹമാലോചിക്കാൻ തുടങ്ങി. “മോളെ അച്ഛൻ പറയുന്നത് നീ സമാധാനമായിട്ട് കേൾക്കണം. നീ ചെറുപ്പമാണ്…. കുഞ്ഞും. പിന്നെ ഞാൻ ഇനി എത്ര കാലം…… നീ തനിച്ച്…… ” “അച്ഛൻ എന്താ പറഞ്ഞു വരുന്നത്? ” “അത്….. മറ്റൊരു വിവാഹം….. ” “അമ്മ മരിച്ചിട്ട് അച്ഛൻ എന്തേ മറ്റൊരു വിവാഹത്തിന് സമ്മതിക്കാഞ്ഞത്?

അന്ന് ഞാനും കുട്ടിയായിരുന്നില്ലേ മൂന്നോ നാലോ വയസ്സ്. ” അച്ഛന്റെ മറുപടി മൗനമായിരുന്നു. “എനിക്കറിയാം. അച്ഛൻ എന്റെ അമ്മയെ അത്രമാത്രം സ്നേഹിച്ചിരുന്നു. ഇപ്പോഴും ആ സ്ഥാനത്തു മറ്റൊരാളെ കാണാൻ വയ്യാത്തൊണ്ടല്ലേ അങ്ങനെ ചെയ്യാത്തത്. അതുപോലെ തന്നെയാണ് അച്ഛാ. രാജീവേട്ടന്റെ സ്ഥാനത്ത് വേറൊരാളെ സങ്കൽപ്പിക്കാൻ പോലും എനിക്ക് കഴിയില്ല. ഈ മീനാക്ഷി എന്നും രാജീവേട്ടന്റെ മാത്രമാണ്. അവസാനശ്വാസം വരെയും. അല്ലെങ്കിൽ തന്നെ ഞാൻ തനിച്ചാണെന്ന് ആരാ പറഞ്ഞത്? ഞാൻ തനിച്ചൊന്നുമല്ല.

രാജീവേട്ടൻ എന്റെ കൂടെതന്നെ ണ്ട്. നമുക്കൊന്നും കാണാൻ പറ്റുന്നില്ലന്നേയുള്ളൂ. ഇവിടെ എവിടെയോ ണ്ട്. എനിക്കറിയാം. രാജീവേട്ടന് അങ്ങനെ പെട്ടന്നൊന്നും എന്നെ വിട്ടിട്ട് പോകാൻ പറ്റില്ല. അച്ഛനറിയുവോ ഇപ്പോഴും ഇടയ്ക്ക് ഞാൻ കേൾക്കാറുണ്ട് മീനുട്ട്യേ… ന്നുള്ള ആ വിളി. പിന്നെങ്ങനെയാ അച്ഛാ ഞാൻ ഒറ്റയ്ക്കാവുന്നത്. പിന്നെ മനു ണ്ടല്ലോ. രാജീവേട്ടൻ എന്നെ ഏല്പിച്ചിട്ട് പോയ ഞങ്ങളുടെ മോൻ. അത് മതി. ” വാക്കുകൾ ഇടയ്ക്കിടെ മുറിഞ്ഞു പോകുന്നുണ്ടായിരുന്നു. പിന്നെ ആ കാര്യം പറഞ്ഞ് ആരും വന്നിട്ടില്ല. വർഷങ്ങൾക്കിപ്പുറം മനു വളർന്നു വലുതായി. അവനിന്ന് അറിയപ്പെടുന്നൊരു ഡോക്ടർ ആണ്.

ഒപ്പം അച്ഛനെ പോലെ തന്നെ ജൂനിയർ ആയിരുന്ന പൂജയെന്ന പെൺകുട്ടിയുമായി പ്രണയത്തിലായി. അവന്റെ ഇഷ്ടത്തിന് ഞാനും കൂട്ടുനിന്നു. വിവാഹവും തീരുമാനിച്ചു. രാജീവേട്ടന്റെ കുറവ് ഒഴിച്ചാൽ വിവാഹം മംഗളമായി തന്നെ നടന്നു. രാത്രി കിടന്നിട്ട് ഉറക്കം വന്നില്ല. രാജീവേട്ടന്റെ ഫോട്ടോയിലേക്ക് നോക്കി എല്ലാം പറഞ്ഞു കേൾപ്പിച്ചു. അപ്പോഴാണ് ഇച്ചിരി സമാധാനമായത്. ടേബിളിൽ വെച്ചിരിക്കുന്ന ഫോട്ടോയിലെ പ്രണയവും കുസൃതിയും നിറഞ്ഞ ആ കണ്ണുകളിലേക്ക് നോക്കി അങ്ങനെ കിടന്നു.

“മീനുട്ട്യേ…. ” പെട്ടന്ന് കാതിൽ ഒരു ചുടുശ്വാസം പതിച്ചത്. ഞാൻ വേഗം എഴുന്നേറ്റിരുന്ന് സൈഡിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ തലയ്ക്ക് കൈയും കൊടുത്ത് എന്നെതന്നെ നോക്കി കിടക്കുന്ന രാജീവേട്ടനെയാണ് കണ്ടത്. ചുണ്ടിൽ പതിവ് കുസൃതിചിരിയും. “എന്താടോ ആദ്യായിട്ട് കാണുന്ന പോലെ നോക്കുന്നെ? ഒരുപാട് നേരമായല്ലോ എന്റെ മീനുട്ടി എന്താ ഉറങ്ങാത്തെ? ” “ഉറക്കം വന്നില്ല. ” ഉടനെ രാജീവേട്ടൻ എന്റെ കൈയിൽ പിടിച്ചുവലിച്ച് ആ നെഞ്ചിലേക്കിട്ടു. “ഇനി ഉറക്കം വന്നോളും. കണ്ണടച്ച് കിടന്നോ. ” രണ്ടു കൈകൊണ്ടും എന്നെ പൊതിഞ്ഞു പിടിച്ചുകൊണ്ട് പറഞ്ഞു.

ആ നെഞ്ചിൽ പറ്റിച്ചേർന്ന് ഞാനും കിടന്നു. “രാജീവേട്ടാ… ” “മ്മ്മ്…? ” “ഇനിയെങ്കിലും എന്നെകൂടി കൊണ്ടുപോകുവോ? ഞാനും വരട്ടെ കൂടെ. മോന്റെ വിവാഹം കഴിഞ്ഞില്ലേ. തനിച്ചല്ല അവന് ഇനി കൂട്ടിന് പൂജ മോളുണ്ടാവും. നല്ല കുട്ടിയാ. അവനെ ജീവനാണ്. പ്ലീസ്… രാജീവേട്ടാ ഞാനും വന്നോട്ടെ? ” മറുപടി ഇല്ലായിരുന്നു. പക്ഷെ എന്നിലെ പിടി മുറുകി കൊണ്ടിരുന്നു. വർഷങ്ങൾക്ക് ശേഷം വീണ്ടും ആ നെഞ്ചോരം ചേർന്ന് ഞാനുറങ്ങി. എന്നന്നേക്കുമായി.

(അവസാനിച്ചു ) അവർ ഇനിയാണ് പ്രണയിക്കാൻ പോകുന്നത്. ഒരു വിധിക്കും വേർപിരിക്കാൻ കഴിയാത്ത പ്രണയം. അനന്തമായ പ്രണയം. എല്ലാവരും എന്നോട് ക്ഷമിക്കണം. 🎶മാപ്പു നൽകൂ മഹാമതേ മാപ്പു നൽകൂ ഗുണനിധേ 🎶 അഭിപ്രായം പോന്നോട്ടെ. 😇😇 സ്നേഹത്തോടെ കീർത്തി. 🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️ എല്ലാവരും ലൈക്ക് തരണേ…. 😭😭😭

രാജീവം : ഭാഗം 13

Share this story