നിൻ നിഴലായ് : ഭാഗം 22

നിൻ നിഴലായ് : ഭാഗം 22

എഴുത്തുകാരി: ശ്രീകുട്ടി

കാളിംഗ് ബെൽ ചിലക്കുന്നത് കേട്ടാണ് ശ്രദ്ധ താഴേക്ക് വന്നത്. ശ്രീജിത്ത്‌ ഓഫീസിലേക്കും സുധ ക്ഷേത്രത്തിലേക്കും പോയിരുന്നതിനാൽ അവളൊറ്റയ്‌ക്കേയുണ്ടായിരുന്നുള്ളു വീട്ടിൽ. വീണ്ടും ഇടതടവില്ലാതെ ബെല്ല് മുഴങ്ങുന്നത് കേട്ട് അലോസരത്തോടെ അവൾ ചെന്ന് വാതിൽ തുറന്നു. തുറന്നതും പുറത്ത് നിൽക്കുന്ന ആളെ കണ്ടതും അവളുടെ മുഖം വിളറി വെളുത്തു. ” അഭിജിത്ത് ” അവളുടെ അധരങ്ങൾ മന്ത്രിച്ചു. ” അതേഡീ അഭിജിത്ത് തന്നെ … എന്റെ ജീവിതം നശിപ്പിച്ചിട്ട് നീയിവിടെ വന്ന് സുഖിച്ചിരിക്കുന്നോ ” അവളെ നോക്കി അത് പറയുമ്പോൾ അവന്റെ കണ്ണുകൾ വല്ലാതെ ചുവന്നുകലങ്ങിയിരുന്നു.

കഴുത്തിൽ നീല ഞരമ്പുകൾ എഴുന്നുനിന്നിരുന്നു. അവന്റെ ഭാവം കണ്ട് ഭയന്ന് പോയ ശ്രദ്ധ വേഗത്തിൽ പിന്നോട്ട് നീങ്ങി വാതിൽ വലിച്ചടക്കാനൊരു ശ്രമം നടത്തിയെങ്കിലും അഭിയുടെ കൈക്കരുത്തിന് മുന്നിൽ ആ ശ്രമം വിഫലമായിപ്പോയി. ഒറ്റത്തള്ളിന് അവളെ തള്ളിമാറ്റി അവനകത്ത് കടന്ന് വാതിൽ ലോക്ക് ചെയ്തു. ശക്തമായി തള്ളിയതിന്റെ ഫലമായി ശ്രദ്ധ പിന്നിലേക്ക് മലർന്ന് വീണുപോയിരുന്നു. ” നിന്നെ ഞാൻ കണ്ടില്ലെന്ന് കരുതിയല്ലേഡീ …. ” പറഞ്ഞുകൊണ്ട് തന്റെ നേർക്ക് നടന്നടുക്കുന്ന അവനെക്കണ്ട് ഭയത്തോടെ അവൾ പിന്നിലേക്ക് നിരങ്ങിനീങ്ങി. ഞൊടിയിടയിൽ മുന്നോട്ട് കുനിഞ്ഞ അഭിജിത്തവളുടെ കവിളിൽ കുത്തിപിടിച്ചു.

” നീയിന്നെന്താ ചെയ്തതെന്നറിയാമോഡീ നിനക്ക് ?? എന്റെ പ്രാണനാണ് നീ ഇല്ലാതാക്കാൻ നോക്കിയത്. അവളുടെ വയറ്റിൽ കിടന്നിരുന്ന എന്റെ കുഞ്ഞിന്റെ തുടിപ്പുകൾ ഇപ്പോ അവസാനിച്ചിട്ടുണ്ടാകും. വെറുമൊരു മാംസപിണ്ഡമായി അതിപ്പോ ഏതെങ്കിലും വേസ്റ്റ് കൂമ്പരത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ടാകും. നിനക്കറിയാമോ ഒരമ്മയായെന്നറിഞ്ഞ നിമിഷം മുതൽ എന്റെ ജാനകി അവളെത്ര സന്തോഷിച്ചിരുന്നെന്ന് ?? എപ്പോഴും ചാടിത്തുള്ളി നടന്ന് കണ്ടിട്ടുള്ള അവളൊന്ന് ശരീരമനക്കി നടക്കാറ് പോലുമില്ലായിരുന്നു. അത്രയേറെ ഈ കുഞ്ഞിന് വേണ്ടി അവൾ സൂക്ഷിച്ചിരുന്നു. ആ അവളോട് ഞാനെങ്ങനെ പറയുമെടീ അവൾ ഉള്ളിൽ പേറിയിരുന്ന ജീവനിപ്പോൾ അവളുടെ ഉദരത്തിലില്ലെന്ന്.

അവളെ ജീവനോടെ കിട്ടാൻ വേണ്ടി എന്റെ കുഞ്ഞിന്റെ കഴുത്തിൽ കൊലക്കത്തി വെക്കാനുള്ള സമ്മതപത്രം എന്റെയീ കൈകൊണ്ട് ഞാനൊപ്പിട്ട് കൊടുത്തെന്ന് ??? പറയെടീ എല്ലാത്തിനുമുള്ള ഉത്തരം ഇന്ന് നീയെനിക്ക് തരണം. പറയെഡീ എന്തിനായിരുന്നു ഇതൊക്കെ ??? നിന്നെ സ്നേഹിച്ചുപോയതിന്റെ പേരിൽ ഞാനെന്തൊക്കെ അനുഭവിച്ചെടി ??? എന്തിനാടീ നീയെന്നോടിത്രയൊക്കെ ചെയ്തത് ??? ഈ എന്നെ കൊല്ലാൻ നോക്കിയിട്ട് പോലും നിന്നെ ഞാൻ വെറുതേ വീട്ടില്ലേഡീ നിന്നോട് ഞാൻ ക്ഷമിച്ചില്ലേ ?? അതെന്തുകൊണ്ടാണെന്ന് നിനക്കറിയുമോ നീയൊരിക്കലെന്റെ പ്രാണനായിരുന്നത് കൊണ്ട് മാത്രമാണ് അപ്പോഴൊക്കെയും നിന്നെ ഞാൻ വെറുതേ വിട്ടത്.

പക്ഷേ ഇന്ന് നീ ചെയ്തതിന് നീയൊരിക്കലും മാപ്പർഹിക്കുന്നില്ല ശ്രദ്ധ…. ബോധമില്ലാതെ ഹോസ്പിറ്റൽ ബെഡിൽ കിടക്കുന്ന എന്റെ ജാനകിയുടെ ഉള്ളിലുണ്ടായിരുന്ന ഞങ്ങളുടെ ജീവനെ കൊല്ലാനുള്ള സമ്മതപത്രം ഒപ്പിട്ട് കൊടുത്തിട്ടാ ഞാൻ വരുന്നത്. ഞങ്ങളുടെ ജീവന്റെ തുടിപ്പിപ്പോൾ അവസാനിച്ചിട്ടുണ്ടാകും. അപ്പോപ്പിന്നെ നീയുമിനി ജീവിക്കണ്ട. ഇതുവരെ ഉദരത്തിൽ പേറിയിരുന്ന കുഞ്ഞുജീവനിപ്പോൾ ഉള്ളിലില്ലാന്നറിഞ്ഞ് എന്റെ ജാനകി നെഞ്ച് പൊട്ടിക്കരയുന്നത് കണ്ട് സന്തോഷിക്കാൻ വേണ്ടി നീയിനി ജീവിച്ചിരിക്കണ്ടെഡീ… ” പറഞ്ഞുതീർന്നതും അഭിയുടെ കൈകൾ മാറി മാറി ശ്രദ്ധയുടെ കവിളിൽ പതിഞ്ഞു. അവസാനം നിലതെറ്റി അവൾ നിലത്തേക്ക് വീണു.

എന്നിട്ടും കലിയടങ്ങാതെ അവനവളുടെ മുടിയിൽ കുത്തിപ്പിടിച്ചെണീപ്പിച്ചു. കവിളിൽ വിരലമർത്തി ഭിത്തിയിൽ ചേർത്തുനിർത്തി അവൻ വീണ്ടുമവളുടെ കവിളിൽ മാറി മാറിയടിച്ചു. അവന്റെ ഉള്ളിലെ നൊമ്പരമെല്ലാം പകയായി അവളുടെ മേലേക്ക് പെയ്തിറങ്ങുകയായിരുന്നു അപ്പോൾ. ” പ്ലീസ് എന്നേയിനിയൊന്നും ചെയ്യരുത്…. ” അടികൊണ്ട് ചുണ്ടുകൾ പൊട്ടി ചോരയൊഴുകിത്തുടങ്ങിയപ്പോൾ അവനുനേരെ കൈകൾ കൂപ്പി ദയനീയമായി അവൾ പറഞ്ഞു. ” ഈ വേദന നിനക്ക് താങ്ങാൻ കഴിയുന്നില്ല അല്ലേഡീ…. അപ്പോ നീയിടിച്ചുതെറിപ്പിച്ചപ്പോൾ എന്റെ ജാനകിയെത്ര വേദനിച്ചിരിക്കുമെഡീ ??? ജീവനറ്റുപോകുമ്പോൾ എന്റെ കുഞ്ഞെത്ര വേദനിച്ചിരിക്കും ???

എന്നിട്ട് എല്ലാം ചെയ്തു വച്ചിട്ട് നിനക്ക് വേദനിക്കുന്നല്ലേഡീ …. ചോദിച്ചതും അവൻ വീണ്ടുമാ കവിളിലാഞ്ഞടിച്ചു. അപ്പോഴേക്കും അവളുടെ ഇരുകവിളുകളും ചോരചത്ത്‌ കരിനീലിച്ചിരുന്നു. അവ വല്ലാതെ നീരും വച്ചിരുന്നു. പക്ഷേ അപ്പോഴും അഭിയുടെ കലിയടങ്ങിയിരുന്നില്ല. അവനവളുടെ കഴുത്തിൽ വിരലമർത്തി കുത്തിപ്പിടിച്ചു. ശ്രദ്ധയുടെ മിഴികൾ പുറത്തേക്ക് തുറിച്ചുവന്നു. അവ മരണത്തേ മുന്നിൽ കണ്ടിട്ടെന്നപോലെ നിറഞ്ഞൊഴുകി. രക്ഷയ്ക്കായി അവളുടെ കൈകൾ വായുവിൽ പരതി. അവളുടെ നാവ് പുറത്തേക്ക് തള്ളി വന്നു. എല്ലാമവസാനിച്ചെന്ന് തോന്നിയ നിമിഷം അവൾ വീണ്ടും കൈകൾ കൂപ്പി. എന്തോ പറയാൻ ശ്രമിച്ചെങ്കിലും അവളിൽ നിന്നും വാക്കുകൾ പുറത്ത് വന്നില്ല.

കടവായിൽക്കൂടി രക്തം കലർന്ന ഉമിനീർ പുറത്തേക്കൊഴുകിത്തുടങ്ങി. ” ഇല്ലെടീ നിന്നെ ഞാൻ കൊല്ലില്ല. കാരണമെന്താണെന്ന് നിനക്കറിയാമോ ??? എന്റെ ജാനിയുണരുമ്പോൾ ഞാനവളുടെ അടുത്തുണ്ടാവണം.ഒരുപക്ഷേ കുറച്ചുമുൻപ് വരെ അവളുള്ളിൽ തലോലിച്ചിരുന്ന സ്വപ്നം ഇനിയില്ലെന്നറിയുമ്പോൾ അവളുടെ സമനില തന്നെ തെറ്റിയേക്കാം. ആ നേരത്ത് ഞാനവളുടെ ഒപ്പം തന്നെയുണ്ടാവണം. ഭ്രാന്തെടുത്തത് പോലെ അവളലറിക്കരയുമ്പോൾ അവളെ നെഞ്ചോടമർത്തിപ്പിടിച്ചാശ്വസിപ്പിക്കാൻ ഞാൻ തന്നെ വേണം. ആ സമയം ഒരു നിമിഷത്തെ എടുത്തുചാട്ടത്തിൽ നിന്നെപ്പോലൊരു പേപിടിച്ച പട്ടിയെ കൊന്നിട്ട് ജയിലിൽ പോകാനെനിക്ക് പറ്റില്ല. ” പറഞ്ഞുകൊണ്ടവനവളുടെ കഴുത്തിലെ പിടിവിട്ടു.

അപ്പോഴേക്കും വെറുമൊരു പഴന്തുണിക്കെട്ട്പോലെ അവൾ താഴേക്ക് വീണു. നിലത്തുവീണുകിടന്നവൾ വല്ലാത്തൊരാർത്തിയോടെ ജീവശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തു. പെട്ടന്ന് ശ്വാസമുള്ളിൽ വിലങ്ങി അവൾ വല്ലാതെ ചുമയ്ക്കാൻ തുടങ്ങി. അതുനോക്കി അല്പനേരം നിന്നിട്ട് അവൻ വാതിൽ വലിച്ചുതുറന്ന് പുറത്തേക്കിറങ്ങിപ്പോയി. അവൻ പോയതും അവൾ ആയാസപ്പെട്ടെണീറ്റ് ഹാളിലെ സോഫയുടെ നേർക്ക് നടന്നു. പക്ഷേ ശരീരത്തിന്റെ ബലം നഷ്ടപെട്ട് അവൾ നിലത്തേക്ക് തന്നെ വീണു. ” നീയിതെവിടെപ്പോയിരുന്നഭീ നിന്നെ ഡോക്ടറന്വേഷിച്ചിരുന്നു. ” അവൻ ഹോസ്പിറ്റലിലെത്തുമ്പോൾ അവനെ കാത്തെന്നപോലെ പാർക്കിങ്ങിൽ നിന്നിരുന്ന മേനോൻ അവനരികിലേക്കോടി വന്നുകൊണ്ട്.. പറഞ്ഞു.

” അതച്ഛാ ഞാനൊരത്യാവശ്യ കാര്യത്തിന്…. ജാനകിക്കിപ്പോ എങ്ങനുണ്ടച്ഛാ ??? ” അയാളെ നോക്കി അവൾ ആധിയോടെ ചോദിച്ചു. ” അതൊക്കെ ഡോക്ടർ പറയും നീ വേഗമങ്ങോട്ട് ചെല്ല്. ” അതുകേട്ട് അവൻ വേഗം അകത്തേക്കോടി. ഡോക്ടർ ശ്യാമാവിനയ് എന്ന നെയിംബോർഡ് വച്ച വാതിൽ തുറന്ന് അവനകത്തേക്ക് ചെന്നു. ” ആഹ് അഭിജിത്ത്…. ” ” അവനെകണ്ടതും ഫോണിലാരോഡോ സംസാരിച്ചുകൊണ്ടിരുന്ന ഡോക്ടർ ഫോൺ താഴെ വച്ചുകൊണ്ട് വിളിച്ചു. ” ഡോക്ടർ എന്റെ ജാനകിക്ക്…. ” ചെന്നിയിലൂടെ ഒലിച്ചിറങ്ങിയ വിയർപ്പ് തുടച്ചുകൊണ്ട് അവൻ ചോദിച്ചു. ” അഭിജിത്തിരിരിക്കൂ ….. ” അവനെയൊന്ന് നോക്കി ഡോക്ടർ ശ്യാമ പറഞ്ഞു. ” അബോർഷൻ നടന്നിട്ടില്ല അഭിജിത്ത്.

അതിന് മുൻപ് ജാനകിയുണർന്നു. ഒരു കാരണവശാലും അബോർഷന് സമ്മതിക്കില്ലെന്ന് പറഞ്ഞ് ആ കുട്ടി ഭയങ്കര ബഹളമായിരുന്നു. മയക്കി ചെയ്യാമെന്ന് വച്ചാൽ ഇപ്പോൾ പേടികൊണ്ട് ഒരു ടാബ്‌ലെറ്റ് പോലും കഴിക്കാതെ ഒരേയിരുപ്പിലിരിക്കുകയാണാ കുട്ടി. നിങ്ങള് തന്നെ ആ കുട്ടിയെ കാര്യത്തിന്റെ ഗൗരവം പറഞ്ഞ് മനസിലാക്കണം. അല്ലാതെ ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ല. ” ഡോക്ടറ് പറഞ്ഞതെല്ലാം കേട്ടിട്ട് അവനെണീറ്റ് ജാനകിയുടെ മുറിയിലേക്ക് ചെന്നു. അവൻ ചെല്ലുമ്പോൾ ബെഡിന്റെ തലയ്ക്കൽ കാൽമുട്ടിൽ മുഖമമർത്തി കുനിഞ്ഞിരിക്കുകയായിരുന്നു ജാനകി. അവളുടെയാ ഇരുപ്പ് കണ്ട് അവന്റെ നെഞ്ച് നൊന്തു. അവൻ പതിയെ അരികിലേക്ക് ചെന്നവളുടെ തോളിൽ തൊട്ടു.

” തൊട്ടുപോകരുതെന്നേ… ” അവന്റെ കൈ തട്ടിയെറിഞ്ഞ് ഒരു ഭ്രാന്തിയേപ്പോലെ അവളലറി. ” ജാനീ മോളെ…. ” ” അഭിയേട്ടാ…. നമ്മുടെ കുഞ്ഞ് ” അഭിയാണെന്ന് മനസ്സിലായതും നെഞ്ചുപൊട്ടിയൊരു നിലവിളിയോടെ അവന്റെ നെഞ്ചിലേക്ക് വീണവളവനെ ഇറുക്കിപ്പിടിച്ചു. ” നമ്മുടെ കുഞ്ഞിനെ കൊല്ലണോന്ന് പറയുന്നഭിയേട്ടാ… ” അത് പറയുമ്പോൾ അവളുടെ സ്വരം വല്ലാതെ ചിലമ്പിച്ചിരുന്നു. ” അല്ലാതെ വേറെ വഴിയില്ലെടാ… ഒരിക്കലും കണ്ടിട്ടില്ലാത്ത കുഞ്ഞിന് വേണ്ടി എന്റെ പ്രാണൻ വച്ചുകളിക്കാനെനിക്ക് വയ്യെടീ ” നെഞ്ചുപൊട്ടുന്ന വേദനയിൽ അഭിയത് പറയുമ്പോൾ പെട്ടന്ന് ജാനകിയുടെ കരച്ചിൽ നിലച്ചു. അവനിലുള്ള അവളുടെ പിടുത്തം വിട്ടു. ” നീയിതിന് സമ്മതിക്കണം മോളേ… ” പറഞ്ഞുതീരും മുന്നേ അവൾ കൈ വീശിയവന്റെ കവിളിൽ ആഞ്ഞടിച്ചു.

” സമ്മതിക്കില്ല ഞാൻ… എന്റെ കുഞ്ഞിനെക്കൊല്ലാൻ. എന്റെ കുഞ്ഞിനെ കൊന്നില്ലേൽ ഞാൻ മരിക്കുമെങ്കിൽ മരിക്കട്ടെ എനിക്ക് ജീവിക്കണ്ട. പക്ഷേ ഇതിന് ഞാനൊരിക്കലും സമ്മതിക്കില്ല. ” അവനെ തള്ളിമാറ്റി സ്വന്തം തലയിൽ ആഞ്ഞിടിച്ചുകൊണ്ട് അവൾ പൊട്ടിക്കരഞ്ഞു. ” ജാനീ എന്താ നീയീ കാണിക്കുന്നത് ??? ” ” എങ്ങനെ തോന്നിയഭിയേട്ടാ എന്നോടിത് പറയാൻ ??? എന്റഭിയേട്ടനിത്രയ്ക്ക് ദുഷ്ടനായിപ്പോയോ ??? കൊല്ലല്ലേ അഭിയേട്ടാ നമ്മുടെ കുഞ്ഞിനെ ” അവനെ ഉറുമ്പടക്കം പിടിച്ചുകൊണ്ട് അവൾ പറഞ്ഞു. എന്തുപറയണമെന്നറിയാതെ അവനവളെ ചേർത്തുപിടിച്ചു. അല്പനേരം കഴിഞ്ഞ് അവളുടെ കരച്ചിൽ തെല്ലൊന്നടങ്ങിയപ്പോൾ അവൻ വീണ്ടും ഡോക്ടറുടെ റൂമിലേക്ക് തന്നെ ചെന്നു..

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story