ശ്യാമമേഘം : ഭാഗം 4

ശ്യാമമേഘം : ഭാഗം 4

എഴുത്തുകാരി: പാർവതി പാറു

അനി…. ഒരു കാമുകി ഏറ്റവും സന്തോഷിക്കുന്നത് എപ്പോൾ ആണെന്ന് നിനക്ക് അറിയുമോ… ബുള്ളറ്റിൻ പുറകിൽ അവനെ കെട്ടി പിടിച്ചു അവന്റെ തോളിൽ തലവെച്ചു അവൾ ചോദിച്ചു… എപ്പോളാ.. നീ തന്നെ പറ.. അവളുടെ കാമുകൻ അവളുടെ മനസ് അറിഞ്ഞുകൊണ്ട്.. മനസ് വായിച്ചപോലെ.. അവൾക്ക് ഇഷ്ട്ടം ഉള്ളത്.. അല്ലെങ്കിൽ അവൾ ആഗ്രഹിക്കുന്നത് നൽകുമ്പോൾ… ആഹാ… എന്തേ നീ ഇപ്പോൾ ഹാപ്പി ആണോ.. പിന്നേ…

ഇത്തവണ ഡൽഹിയിൽ നിന്ന് പോരുമ്പോൾ മനസ്സിൽ കരുതിയതാ.. ഇങ്ങനെ വെളുപ്പാൻ കാലത്ത്… ഈ കോരി ചൊരിയുന്ന കോടമഞ്ഞിൽ… നിന്നെ ഇങ്ങനെ കെട്ടിപിടിച്ചു നിന്റെ ബൈക്കിന്റെ പുറകിൽ കുറേ നേരം ലക്ഷ്യമില്ലാതെ പോവണം എന്ന്… അവൾ അവനെ ഒന്നുകൂടി ഇറുക്കി പിടിച്ചു പറഞ്ഞു… ആഹാ.. മാഡം നല്ല മൂഡിൽ ആണല്ലോ.. ഒരെണ്ണല്ലേ അടിച്ചുള്ളൂ.. അപ്പോഴേക്കും തലക്ക് പിടിച്ചോ… പോടാ.. പൊട്ടക്കണ്ണാ.. ഞാൻ ഫിറ്റ് ഒന്നും അല്ല.. സത്യം ആയിട്ടും..

യു ആർ ആൻ അമേസിങ് ബോയ് ഫ്രണ്ട്… അവൾ അവന്റെ പുറത്ത് അമർത്തി ചുംബിച്ചു…. നേരം ഇപ്പോഴും പുലർന്നിട്ടില്ല… കോടമഞ്ഞുകൊണ്ട് മൂടപ്പെട്ട ആ ഹിൽസ്റ്റേഷനിലെ വീതികുറഞ്ഞ റോഡിലൂടെ ബുള്ളറ്റ് കുതിച്ചു…. മലയുടെ ഏറ്റവും മുകളിലെ വളവിൽ വണ്ടി നിർത്തി… അവരിരുവരും നടന്നു… മേഘ തോളിലെ ബാഗിൽ നിന്ന് വെള്ളം എടുത്ത് കുടിച്ചു മുഖം കഴുകി… അനിക്ക് നൽകി.. മലയുടെ അഗ്രത്തിലെ പൊങ്ങി നിൽക്കുന്ന പാറകഷ്ണങ്ങളിൽ ഒന്നിൽ അവരിരുവരും ഇരുന്നു…

അവന്റെ തോളിൽ തലവെച്ചു കൈകളിൽ കൂട്ടിപ്പിടിച്ചു കിഴക്ക് വെള്ളകീറി ഉണർന്നു വരാൻ വെമ്പുന്ന സൂര്യനെ നോക്കി… പ്രകൃതി ഉണരുകയാണ്… മരച്ചില്ലകളിൽ ചീവീടുകൾ പാട്ട് മതിയാക്കി കൂടണഞ്ഞിരിക്കുന്നു.. കുരുവികളും കുയിലുകളും… സൂര്യനെ വരവേൽക്കാൻ ആരവങ്ങൾ മുഴക്കി തുടങ്ങിയിരുന്നു… അന്തരീക്ഷത്തിൽ പുകമറ സൃഷ്ട്ടിക്കുന്ന കോടമഞ്ഞിന്റെ ഇടയിലൂടെ മെല്ലെ പ്രകാശ കിരണങ്ങൾ കണ്ണിലേക്ക് എത്തിത്തുടങ്ങുന്നു… അനി… എന്ത് ഭംഗി ആണല്ലേ ഈ പ്രഭാതത്തിന്…

രാത്രിയുടെ കറുത്ത പുതപ്പ് നീക്കി ഓരോ പ്രഭാതവും കടന്ന് വരുന്നത് നമ്മുടെ മനസിലേക്ക് കൂടി അല്ലേ.. സന്തോഷത്തിന്റെ.. നന്മയുടെ ശുഭാപ്‌തി വിശ്വാസത്തിന്റെ പുലരി… അല്ലേ… മേഘ അവന്റെ കൈകളിൽ മുഖം അമർത്തി ഇരുന്നുകൊണ്ട് പറഞ്ഞു… മേഘേ.. നിനക്ക് രാത്രിയാണോ പകൽ ആണോ ഇഷ്ടം.. എന്താ സംശയം പകൽ… ജീവിതത്തിന്റെ നിറങ്ങൾ എല്ലാം പ്രതിഫലിക്കുന്നത് പകൽ വെളിച്ചത്തിൽ അല്ലേ.. രാത്രിക്കെന്നും ഒരൊറ്റ നിറമല്ലേ ഉള്ളൂ കറുപ്പ്…. എന്നാൽ എനിക്കിഷ്ടം ആ രാത്രിയെ ആണ്…

രാത്രി എപ്പോഴും ഒരൊറ്റ നിറത്തിന് ഒപ്പം ആണ്… ആ നിറത്തിന് അല്ലേ ഈ ലോകത്ത് ഏറ്റവും ഭംഗി… നീ എന്താ പറഞ്ഞു വരുന്നേ… കറുപ്പ് ആണ് ബെസ്റ്റ് കളർ എന്നാണോ… എന്താ അല്ലേ… ആ…. എനിക്ക് തോന്നിയിട്ടില്ല… പൊതുവേ കറുത്ത നിറമുള്ള എല്ലാം എനിക്ക് ഭയവും വെറുപ്പും, സങ്കടവും ഉണ്ടാക്കുന്നവയാണ്… കാക്ക,ആന, കരിമ്പൂച്ച, കറുത്ത ഹൽവ, കറുത്ത കാറ്, വീട്ടിൽ തെങ്ങുകേറാൻ വരുന്ന കറുത്ത് മെലിഞ്ഞ ആ കൊമ്പൻ മീശക്കാരൻ, ഞാവൽ പഴം, അങ്ങനെ അങ്ങനെ എല്ലാ കറുപ്പിനോടും എനിക്കൊരു അകൽച്ച ആണ് അനി…

അതെന്താ അങ്ങനെ..?? അത് നിന്റെ കണ്ണിന്റെ കുഴപ്പം അല്ല.. മനസിന്റെ ആണ്… നിന്റെ ശീലങ്ങൾ, നിന്റെ കാഴ്ച്ചകൾ, നിന്റെ വിശ്വാസങ്ങൾ നിന്നിൽ ഉണ്ടാക്കുന്ന സ്വാധീനം കൊണ്ട് നിനക്ക് തോന്നുന്നതാണ് ഇതൊക്കെ.. ഇത് കേവലം ഒരു കറുപ്പ് നിറത്തിന്റെ മാത്രം പ്രശ്നം അല്ല… ഇങ്ങനെ പലതും.. നമുക്ക് മാറ്റി ചിന്തിക്കാൻ പോലും കഴിയാത്ത വിധം നമ്മുടെ മനസ്സിൽ വേരുറച്ചു പോയ മിത്തുകൾ ആണ്… അല്ല… നീ എനിക്ക് ഫിലോസഫി ക്ലാസ്സ്‌ എടുക്കാൻ ആണോ ഇങ്ങോട്ട് വന്നേ..

അവൾ ഒരു കള്ളച്ചിരിയോടെ ചോദിച്ചു… പോടീ… നീ തന്നെ അല്ലേ ആദ്യം സാഹിത്യം പറഞ്ഞു തുടങ്ങിയത്.. അത് കൊണ്ട് പറഞ്ഞതാടി.. വെള്ളാരം കല്ലേ.. അവൻ അവളുടെ തലയിൽ അവന്റെ തലകൊണ്ടൊരു മുട്ട് കൊടുത്തു.. അനി മറ്റന്നാൾ ഞാൻ പോവും.. ഇനിയും ഉണ്ട് ഒരു വർഷം കൂടി.. എനിക്ക് മടുത്തു… അവിടെ ഒറ്റക്ക്… നീയും അങ്ങോട്ട്‌ വാ.. അവന്റെ ഉയർത്തി വെച്ച കാലിൽ മുഖം താങ്ങി അവൻ അവളെ നോക്കി… ഒരു കൊല്ലം ഇത്ര പെട്ടന്ന് കഴിഞ്ഞില്ലേ… ഇനിയും അത്രയും കൂടി അല്ലേ ഉള്ളൂ… പിന്നെന്താ….

അത് കഴിഞ്ഞാൽ നീ ഇങ്ങോട്ട് തന്നെ അല്ലേ വരുന്നേ… പിന്നേ നീ ആരാ ഈ അനിരുദ്ധ് ചന്ദ്രശേരന്റെ സ്നേഹം നിറഞ്ഞ ഭാര്യ… കുറേ നാളായില്ലേ കാമുകി, ഗേൾ ഫ്രണ്ട് ഇങ്ങനെ ഒക്കെ പറയാൻ തുടങ്ങിയിട്ട് ബോറടിക്കുന്നില്ലേ എന്റെ കുട്ടിക്ക്… അവൻ അവളുടെ കവിളിൽ പിടിച്ചു വലിച്ചു… ആ എന്നിട്ട് വേണം നിന്നെ വരച്ച വരയിൽ നിർത്തി.. എന്റെ സാരി തുമ്പിന്റെ അറ്റത്ത് കെട്ടി ഇട്ട് നടക്കാൻ… അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.. അയ്യടി.. ആ പൂതി എട്ടായി മടക്കി പോക്കറ്റിലിട്ടോ….

ഇപ്പോൾ ഇങ്ങനെ നിൽക്കുന്നതൊന്നും നോക്കണ്ട… കല്ല്യാണം കഴിഞ്ഞാൽ ഞാൻ പുലി ആയിരിക്കും.. അവൻ കിളിർത്തു വരാത്ത മീശ പിരിച്ചു കൊണ്ട് പറഞ്ഞു.. അതെ അതെ.. കഴുത പുലി… അവൾ കളിയാക്കി… ഡി നിന്നെ ഞാൻ.. അവൻ അവളെ തല്ലാൻ ഓങ്ങിയതും അവൾ എഴുന്നേറ്റ് ഓടി…അവൻ പുറകെയും ആ കുന്നു മുഴുവൻ അവൾ അവനെ ഇട്ട് ഓടിച്ചു… എന്തിലോ കാൽ തട്ടി ഒടുവിൽ അവൾ വീണു…

അത് കണ്ടതും അനി അവൾക്കരികിലേക്ക് ഓടി വന്നവളെ എഴുന്നേൽപ്പിച്ചു… എന്താ മേഘേ നോക്കി ഓടണ്ടേ… അവൻ അവളുടെ ഡ്രസ്സിലെ മണ്ണ് തട്ടി കൊണ്ട് പറഞ്ഞു.. ഞാൻ എന്തിലോ തട്ടി വീണതാ.. അവൾ നിലത്തേക്ക് നോക്കി അൽപ്പം മാറി ഒരു കറുത്ത നരച്ച ബാഗ് കിടക്കുന്നത് കണ്ടു.. മേഘ അതിനരികിൽ പോയി മുട്ട് കുത്തി ഇരുന്നു… ഡി.. വെള്ളാരം കല്ലേ അതൊന്നും തുറന്ന് നോക്കാൻ നിക്കണ്ട… വല്ലവരും വേസ്റ്റ്‌ കൊണ്ട് ഇട്ടതാവും… എന്നാലും ഒന്ന് നോക്കാലോ.. ഞങ്ങൾ പെണ്ണുങ്ങൾക്ക് ഈ ബാഗ് പേഴ്സ് കവർ ഒക്കെ കണ്ടാൽ ഉള്ളിൽ എന്താ എന്ന് അറിഞ്ഞില്ലേൽ ഒരു എനക്കെടാ..

അവൾ അവനെ നോക്കി പറഞ്ഞു കൊണ്ട് ബാഗ് തുറന്നു…ഉള്ളിൽ വസ്ത്രങ്ങൾ കുത്തി നിറച്ചിരുന്നു.. അവൾ ഓരോന്ന് എടുത്തു പുറത്തേക്കിട്ടു… ഈ പെണ്ണിന്റെ ഒരു കാര്യം.. അനി അവളെയും നോക്കി ഒരു കല്ലിന്റെ മുകളിൽ ഇരുന്നു..ബാഗിലെ എല്ലാം പുറത്തേക്ക് ഇട്ടപ്പോൾ ഏറ്റവും അടിയിൽ ഒരു ചെറിയ ബോക്സ്‌ ഉണ്ടായിരുന്നു… വല്ല ബോംബും ആവോ.. മേഘ അത് കൈയിൽ എടുത്തു പറഞ്ഞു… അനി ചിരിച്ചു.. അവൾ അത് തുറന്ന് നോക്കി.. കറുത്ത ചരടിൽ കോർത്ത ഒരു രുദ്രാക്ഷം…

ചരടിന്റെ അറ്റത്തെ കൊളുത്ത് പൊട്ടി ഇരുന്നു.. അവൾ അതെടുത്തു പൊക്കി പിടിച്ചു… ആ കൊണ്ട് പോയി വിറ്റോ.. ഒരു ഒന്നൊന്നര ലക്ഷം കിട്ടും… അനി കളിയാക്കി.. അവൾ ആ മാല അതിൽ തന്നെ വെച്ചു… വീണ്ടും ബാഗിലേക്ക് കൈ ഇട്ടു.. കൈയിൽ തടഞ്ഞത് ഓരോ ഫോട്ടോ ആണ്… ചില്ല് കൊണ്ട് ഫ്രെയിം ചെയ്ത വലിയ പഴക്കം ഇല്ലാത്ത ഫോട്ടോ…. അവൾ ഫോട്ടോ നോക്കുന്നത് കണ്ട് അനിയും അവൾക്കരികിൽ വന്നിരുന്നു.. ഒരു അച്ഛനും അമ്മയും രണ്ട് പെൺമക്കളും….

അമ്മയോട് ചേർന്ന് നിൽക്കുന്ന മകൾ വെളുത്തു സുന്ദരി ആണ്.. അച്ഛനോട് ചേർന്ന് നിൽക്കുന്ന മകൾ സുന്ദരി ആണ്.. പക്ഷെ കറുത്തിട്ടാണ്.. നല്ല ഭംഗി ഉണ്ടല്ലേ കാണാൻ.. അനി ചോദിച്ചു… ആ ഈ കുട്ടിയേ അല്ലേ… മേഘ വെളുത്ത കുട്ടിയേ തൊട്ട് കാണിച്ചു… അല്ല ഈ കുട്ടിയെ.. അനി കറുത്ത കുട്ടിയെ ചൂണ്ടി.. മേഘ വീണ്ടും അവളെ സൂക്ഷിച്ചു നോക്കി… മ്.. ഭംഗി ഉണ്ട് പക്ഷെ കറുത്തിട്ടാ… കറുപ്പെന്താ.. ഭംഗി അല്ലേ.. അവൻ അവളെ കൂർപ്പിച്ചു നോക്കി പറഞ്ഞു… മേഘ മുഖം കോട്ടി… ഓ.. വെള്ളാരം കല്ലിനു ദേഷ്യം വന്നു…

നിനക്ക് വേണ്ടത് ഒന്നും കിട്ടീല്ലല്ലോ വാ പോവാം…. അനി അവളെ എഴുനേൽപ്പിച്ചു.. അനി മിണ്ടാതിരിക്ക് … മേഘ അവന്റെ വായപൊത്തി… എന്താടി… അവൻ ദേഷ്യത്തോടെ ചോദിച്ചു.. ഒരു ശബ്ദം.. ഒരു തേങ്ങൽ പോലെ… ഇരുവരും മൗനം ആയപ്പോൾ എവിടെ നിന്നോ ഒരു ഞരക്കം കേൾക്കുന്നത് അവരറിഞ്ഞു… ആ മലയുടെ മുകളിൽ ഉയർന്നു പൊങ്ങിയ പുല്ലിനിടയിൽ അവർ കണ്ണോടിച്ചു… അനി നോക്ക് അവിടെ എന്തോ ഉള്ളപോലെ…

മേഘ കൈചൂണ്ടിയ വഴിയേ ഇരുവരും നടന്നു… ഒരു പെൺകുട്ടി കമിഴ്ന്നു കിടക്കുക ആയിരുന്നു അവിടെ. … അവളുടെ മുടി അഴിഞ്ഞുലഞ്ഞിരുന്നു കൈകളിലും കാലുകളിലും ചോര പാടുകൾ… അനി ആ പെൺകുട്ടിയുടെ അടുത്തേക്ക് നടന്നു.. അനി വേണ്ടാ.. പോണ്ടാ.. നമുക്ക് പോലീസിനെ വിളിക്കാം… ആ കുട്ടിക്ക് ജീവൻ ഉണ്ട് മേഘേ..

പോലീസ് വരുന്നത് വരെ കാത്ത് നിന്നാൽ ഒരു പക്ഷെ…. അവൻ വേഗത്തിൽ പുല്ലുകൾ നീക്കി മുന്നോട്ട് നടന്നു…. പുറകിൽ നിന്ന് മേഘ വിളിച്ചു പറയുന്നത് വക വെക്കാതെ അവളിലേക്ക് നടന്നടുക്കുമ്പോൾ അവൻ അറിഞ്ഞില്ല ഒരിക്കലും ഉയർന്നു പൊങ്ങാൻ ആവാത്ത ഒരു നിലയില്ലാ കയത്തിലേക്കാണ് ചെന്നടുക്കുന്നതെന്ന് …

തുടരും..

ശ്യാമമേഘം : ഭാഗം 3

Share this story