തനിയെ : ഭാഗം 2

Share with your friends

Angel Kollam

അന്നമ്മ കുട്ടികളുടെ മുഖത്തേക്ക് നോക്കികൊണ്ട് അവരോട് പറഞ്ഞു. “നോക്ക് മക്കളേ, ആ വീട്ടിൽ കഴിഞ്ഞാൽ നമ്മൾ പട്ടിണി കിടന്നു മരിക്കും ” “ഇനി ഞങ്ങൾ വിശക്കുന്നുവെന്ന് പറയത്തില്ലമ്മേ, ഞങ്ങൾക്ക് മരിക്കാൻ പേടിയാ.. നമുക്ക് മരിക്കണ്ടമ്മേ ” നാൻസിയ്ക്ക് ഒന്നും മനസിലാക്കാനുള്ള പ്രായമായിട്ടില്ല, അതുകൊണ്ട് അവളൊന്നും മിണ്ടുന്നില്ല. ജിൻസിക്ക് അമ്മ എന്താണ് ചെയ്യാൻ പോകുന്നതെന്ന് മനസിലായെങ്കിലും അവളുമൊന്നും പറഞ്ഞില്ല. ജാൻസിയുടെ കണ്ണുകളിൽ ജീവിക്കാനുള്ള അതിയായ ആഗ്രഹം ഉള്ളത് കൊണ്ട് അവൾ മാത്രം സംസാരിച്ചു കൊണ്ടിരുന്നു. അന്നമ്മ വീണ്ടും മക്കളുടെ മുഖത്തേക്ക് നോക്കി. ഏതൊരു അമ്മയേയും പോലെ താൻ തന്റെ മക്കളെ ജീവന് തുല്യം സ്നേഹിക്കുന്നുണ്ട്.

സ്വന്തം മക്കളുടെ ജീവനെടുക്കണമെന്ന് മക്കളെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരമ്മ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതവരുടെ ഗതികേട് കൊണ്ടായിരിക്കും. അന്നമ്മ ആർത്തിയോടെ തന്റെ മക്കളെ വാരിപ്പുണർന്നു മാറോട് ചേർത്തു. ‘ ഇല്ല, നൊന്ത് പ്രസവിച്ചു, നെഞ്ചിലെ ചൂടും ചൂരും നൽകി വളർത്തി, താലോലിച്ച ഈ കൈകൾ കൊണ്ട് ഇവരുടെ ജീവനെടുക്കാൻ തനിക്ക് കഴിയില്ല..’ അന്നമ്മ മക്കളെയും കൂട്ടി പള്ളിമുറ്റത്തേക്ക് തിരിച്ചു നടക്കുമ്പോൾ മഴയുടെ ശക്തി കുറഞ്ഞ് തുടങ്ങിയിരുന്നു. പള്ളിയുടെ തിണ്ണയിൽ മക്കളെയും മാറോട് ചേർത്തണച്ച് ആ മാതാവ് നിറകണ്ണുകളുമായിട്ടിരുന്നു. ഭാവിജീവിതം തന്റെ മുന്നിൽ ചോദ്യച്ചിഹ്നം ആയി നിൽക്കുന്നു. അപ്പൻ മരിച്ചപ്പോൾ പഠിപ്പ് നിർത്തിയതാണ്.

അഞ്ചാം ക്ലാസ്സ്‌ കഴിഞ്ഞു, പഠിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അമ്മച്ചിയുടെ ബുദ്ധിമുട്ട് കണ്ടപ്പോൾ ആ ആഗ്രഹത്തെ മനസിലടക്കി. തന്റെ മക്കളെയെങ്കിലും പഠിപ്പിച്ചു ഒരു നല്ല ജീവിതം കൊടുക്കണമെന്നാഗ്രഹമുണ്ട്. പക്ഷേ എങ്ങനെ? ഈ പള്ളിമുറ്റത്തു തങ്ങൾ നാലുപേരും അന്തിയുറങ്ങുന്നത് ഈ നാട്ടിലെ പലർക്കും അറിയാം, പക്ഷേ ആരുടെയും സഹായഹസ്തം തങ്ങളുടെ നേർക്ക് നീളുന്നില്ല.. പലചിന്തകളുമായി കിടന്ന അന്നമ്മ എപ്പോളോ ഉറങ്ങിപ്പോയി. “അമ്മേ… നേരം വെളുത്തമ്മേ ” ജാൻസിയുടെ ശബ്ദം കേട്ടപ്പോൾ അന്നമ്മ കണ്ണുതുറന്നു നോക്കി. നേരം വെളുത്തു തുടങ്ങിയിരിക്കുന്നു.

കുട്ടികൾ നനഞ്ഞ കോഴികുഞ്ഞുങ്ങളെപ്പോലെ ഇരിക്കുന്നു. അവരെ മൂന്നുപേരെയും ചേർത്ത് പിടിച്ചു കൊണ്ട് അന്നമ്മ വീട്ടിലേക്ക് നടന്നു. വീടിന്റെ പ്രധാന വാതിൽ അപ്പോഴും അടഞ്ഞു കിടക്കുകയായിരുന്നു. വീടിന്റെ മുറ്റത്തുള്ള വീതിയേറിയ അലക്കുകല്ലിൽ അന്നമ്മയും മക്കളും ഇരുന്നു. കുറച്ച് നേരം കഴിഞ്ഞപ്പോൾ അയൽവക്കത്തെ ലീല അവരുടെ വീടിന്റെ മതിലിന്റെ അടുത്ത് നിന്ന് വിളിച്ചു ചോദിച്ചു. “അന്നമ്മേ, ഇന്നലെ ഈ പെരുമഴയത്തും നീയീ പെൺപിള്ളേരെയും കൊണ്ട് മുറ്റത്താണോ കിടന്നത്?” “പള്ളിമുറ്റത്തു പോയിരുന്ന് നേരം വെളുപ്പിക്കുകയായിരുന്നു ” “എന്നാലും നിന്റെ വിധി കുറച്ച് കടുപ്പം തന്നെ, നീ എന്തിനാടി പെണ്ണേ, ഇവന്റെ ആട്ടും തുപ്പും സഹിച്ചിങ്ങനെ ഇവിടെ കഴിയുന്നത്?

നിന്റെ ആങ്ങള ഗൾഫ്കാരനല്ലയോ, അയാൾക്ക് നിന്നെയും നിന്റെ മക്കളെയും കൂട്ടികൊണ്ട് പൊയ്ക്കൂടെ ” “ലീലേ… എന്റെ അപ്പൻ മരിച്ചപ്പോൾ ആ വീടിന്റെ ബാധ്യത ഏറ്റെടുക്കുമ്പോൾ എന്റെ അച്ചാച്ചന് പത്ത്‌ പതിനാല് വയസേ ഉണ്ടായിരുന്നുള്ളൂ, നല്ലൊരു ജോലിക്ക് വേണ്ടിയാണ് ആ കഷ്ടപാടിനിടയിലും ഡിഗ്രി വരെ പഠിച്ചത്. ശുപാർശ പറയാൻ ആളില്ലാത്തത് കൊണ്ടും, കൈക്കൂലി കൊടുക്കാൻ പണമില്ലാത്തത് കൊണ്ടുമാണ് അച്ചാച്ചന് ജോലിയൊന്നും ശരിയാകാഞ്ഞത്. ലിസയെ കല്യാണം കഴിച്ചത് തന്നെ ഒമാനിലേക്കൊരു വിസ കിട്ടുമല്ലോ എന്ന് കരുതിയാണ്..

ജോലി കിട്ടിയപ്പോൾ കഷ്ടപ്പെട്ട് സമ്പാദിച്ച കാശ് കൊണ്ട് മൂന്നു പെങ്ങന്മാരെയും കെട്ടിച്ചയച്ചു, ഇതുവരെ ഞങ്ങളുടെ കല്യാണത്തിന്റെ ബാധ്യത പോലും തീർന്നിട്ടില്ലെന്ന് അച്ചാച്ചന്റെ ഭാര്യ എന്നോട് പറഞ്ഞു, ആ വീട്ടിലേക്ക് മൂന്നു കുഞ്ഞുങ്ങളെയും കൊണ്ട് ഞാനെങ്ങനെ പോകും ” “എന്നും ജോസഫിന്റെ ചവിട്ടും തൊഴിയും കൊണ്ട് ഇവിടെ കിടക്കാനായിരിക്കും നിന്റെ വിധി ” ലീല വീടിനുള്ളിലേക്ക് കയറിപോകുമ്പോൾ , അവൾ പറഞ്ഞത് പോലെ ഇവിടെ കിടന്ന് നരകിക്കാനായിരിക്കും തന്റെ വിധിയെന്നോർത്ത് അന്നമ്മ ദീർഘനിശ്വാസമയച്ചു. ഏറെ നേരം ആ ഇരുപ്പ് തുടർന്നപ്പോൾ വീടിന്റെ വാതിൽ തുറന്ന് ജോസഫ് മുറ്റത്തേക്ക് വന്നു. തന്റെ ഭാര്യയുടെയും മക്കളുടെയും നേർക്കൊന്ന് നോക്കുകപോലും ചെയ്യാതെ അയാൾ കിണറ്റിൽ നിന്നും വെള്ളം കോരിയെടുത്തു മുഖം കഴുകി.

അന്നമ്മ കുട്ടികളെയും കൂട്ടിക്കൊണ്ട് വീടിനുള്ളിലേക്ക് നടന്നു. ഭിത്തിയിൽ തറച്ചിരിക്കുന്ന കണ്ണാടിയിൽ തന്റെ മുഖം കണ്ടപ്പോൾ പണ്ടത്തെ, അന്നമ്മയുടെ പ്രേതമാണ് ഇപ്പോൾ കാണുന്ന താനെന്ന് അവൾക്ക് തോന്നിപ്പോയി. നെറ്റിയിലെ മുറിവിൽ ചോര ഉണങ്ങിപ്പിടിച്ചിരിക്കുന്നു. അന്നമ്മ കുട്ടികളുടെ വസ്ത്രം മാറ്റി അവരെ വേറെ വസ്ത്രം അണിയിപ്പിച്ചു. പിന്നെ അടുക്കളയിലേക്ക് ചെന്നു, ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്തു അടുപ്പത്തേക്ക് വച്ചു, വെള്ളം തിളച്ചപ്പോൾ അതിലേക്ക് കുറച്ച് തേയിലപ്പൊടിയിട്ടു. പഞ്ചസാര പാത്രം എടുത്തു നോക്കിയപ്പോളാണ്, പഞ്ചസാര തീർന്നിരിക്കുകയാണെന്ന് ഓർമ വന്നത്. അന്നമ്മ മൂന്നു ചെറിയ ഗ്ലാസുകളിലേക്ക് കട്ടൻചായ പകർന്നു കൊണ്ട് വന്നു കുട്ടികൾക്ക് കൊടുത്തു.

അവർ അത് രുചിച്ചു നോക്കിയതും അവരുടെ മൂന്നുപേരുടെയും മുഖഭാവം മാറിയെങ്കിലും അന്നമ്മയെ വിഷമിപ്പിക്കണ്ടെന്ന് കരുതി ജിൻസിയും ജാൻസിയും ഒന്നും മിണ്ടിയില്ല. നാൻസി ആ ഗ്ലാസ്‌ അന്നമ്മയുടെ നേർക്ക് നീട്ടികൊണ്ട് പറഞ്ഞു. “അമ്മേ.. കയ്പ്പ്.. നിക്ക് വേണ്ട ” അന്നമ്മ വിഷമത്തോടെ ആ ഗ്ലാസ്‌ വാങ്ങിയിട്ട് നാൻസിയുടെ തലയിൽ തലോടിക്കൊണ്ട് മനസ്സിൽ പറഞ്ഞു. ‘മോൾക്കെങ്കിലും ഒരു ഗ്ലാസ്‌ പശുവിൻ പാല് തരണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല, പക്ഷേ നിവൃത്തികേട് കൊണ്ട് എല്ലാ ആഗ്രഹങ്ങളെയും മനസിലടക്കാനേ തരമുള്ളൂ ‘ ജോസഫ് പൂമുഖത്തെ കസേരയിൽ വന്നിരുന്നു കൊണ്ട് ഉറക്കെ പറഞ്ഞു.

“ഒരു ഗ്ലാസ്‌ കട്ടൻ കൊണ്ട് വാടി ” അന്നമ്മ ഒരു ഗ്ലാസിൽ കട്ടനുമായി അയാളുടെ മുന്നിലെത്തി. അവളുടെ കയ്യിൽ നിന്നും കട്ടൻ ചായ വാങ്ങി ഒരിറക്ക് കുടിച്ചതും ജോസെഫിന്റെ മുഖം ചുളിഞ്ഞു. അയാൾ കയ്യിലിരുന്ന ഗ്ലാസ് ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു. “ത്ഫൂ… ഇതെന്താടി കയ്പ്പ്നീര് കലക്കി തന്നതാണോ?” “പഞ്ചസാര തീർന്നു ” “നിനക്ക് തങ്കച്ചായന്റെ കടയിൽ നിന്നും കടം പറഞ്ഞു വാങ്ങിക്കൂടായിരുന്നോ?” “ഇപ്പോൾ തന്നെ പറ്റൊരുപാട് ബാക്കി കിടക്കുന്നു, ഇനിയും പോയി നാണം കെടാൻ എനിക്ക് വയ്യ ” “ഭർത്താവ് ജോലിക്കിറങ്ങി പോകുമ്പോൾ ഒരു ഗ്ലാസ്‌ കട്ടൻ ചായ പോലും ഉണ്ടാക്കി തരാൻ വയ്യാത്ത നീയൊക്കെ ഒരു ഭാര്യയാണോ?” “ഭർത്താവ് ജോലി ചെയ്ത്,ഒന്നുകിൽ സാധനം വാങ്ങിക്കൊണ്ട് വരണം അല്ലെങ്കിൽ കുറച്ച് പൈസ എന്റെ കയ്യിൽ കൊണ്ട് തരണം.

ഇതൊന്നുമില്ലാതെ മൂന്ന് നേരം ഭക്ഷണം തരാൻ എന്റെ കയ്യിൽ അക്ഷയപാത്രം ഒന്നുമില്ല, നിങ്ങൾക്ക് ഹോട്ടലിൽ നിന്ന് ആഹാരം കഴിക്കാം, ഞാനും എന്റെ മക്കളുമോ? ഈ വീട്ടിലിനി ഒരു തരി അരിമണിയില്ല, ഇന്നലത്തെ ദിവസം എന്റെ മക്കൾ ഒന്നും കഴിച്ചിട്ടില്ല. അറിയാമോ?” “മനുഷ്യന് ഒരു സ്വസ്ഥതയും തരത്തില്ല, രാവിലെ തന്നെ തുടങ്ങിക്കോളും അവളുടെ ആവലാതി പറച്ചിൽ ” ജോസഫ് ഭിത്തിയിലെ ആണിയിൽ തൂക്കി ഇട്ടിരിക്കുന്ന ഷർട്ടെടുത്തു കൊണ്ട് പുറത്തേക്ക് നടന്നു. നടക്കുന്നതിനിടയിൽ അയാൾ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. അന്നമ്മ അവിടെ വീണു ചിതറി കിടക്കുന്ന ഗ്ലാസിന്റെ കഷ്ണങ്ങൾ പെറുക്കിയെടുത്തു, കുട്ടികൾ മൂന്നുപേരും പ്രതീക്ഷയോടെ തന്റെ മുഖത്തേക്ക് നോക്കുന്നത് കണ്ടപ്പോൾ നെഞ്ച് പൊട്ടുന്നത് പോലെ തോന്നി.

പലചരക്ക് കടയിൽ കുറേ പൈസ കൊടുക്കാനുണ്ട്, അതൊന്നും തീർക്കാതെ ഇനി ആ വഴിയ്ക്ക് ചെല്ലണ്ടെന്ന് ഒരിക്കൽ അയാൾ അന്ത്യശാസനം നൽകിയതാണ്, പക്ഷേ ആവശ്യം തന്റെതായി പോയില്ലേ? തന്റെ മക്കളുടെ സങ്കടം എത്രനേരം കണ്ടിരിക്കാൻ പറ്റും? അന്നമ്മ കുട്ടികളോട് മൂന്നുപേരോടുമായി പറഞ്ഞു. “മക്കൾ വഴക്കുണ്ടാക്കാതെ ഇവിടെ ഇരിക്ക്, ഞാനിപ്പോൾ വരാം ” “പെട്ടന്ന് വരണേ അമ്മേ ” മക്കളെ അവിടെ ഇരുത്തിയിട്ട് ഒരു സഞ്ചിയുമായി അന്നമ്മ ഇറങ്ങി നടന്നു. ജംഗ്ഷനിലെ പലചരക്കു കടയുടെ മുന്നിലെത്തി പരുങ്ങലോടെ അവർ നിന്നു. ആ കവലയിലെ ആകെയുള്ളൊരു പലചരക്കു കടയാണ്, അതുകൊണ്ട് തന്നെ അത്യാവശ്യം തിരക്കുണ്ട്.

വന്നിരിക്കുന്ന ആളുകൾ ഓരോരുത്തരായി സാധനം വാങ്ങി പോകുന്നത് വരെ അന്നമ്മ കാത്ത് നിന്നു. തങ്കച്ചൻ അവളെ കണ്ടെങ്കിലും കാണാത്ത ഭാവത്തിൽ നിന്നു. അന്നമ്മ മെല്ലെയൊന്ന് മുരടനക്കി. അയാൾ അവളുടെ നേർക്ക് നോക്കിക്കൊണ്ട് ചോദിച്ചു. “ഉം? എന്ത് വേണം?” “കുറച്ച് അരിയും പഞ്ചസാരയും വേണമായിരുന്നു. അച്ചായാ ” “പൈസ കൊണ്ട് വന്നിട്ടുണ്ടോ?” അന്നമ്മയുടെ മുഖം കുനിഞ്ഞു, പതർച്ചയോടെ അവർ പറഞ്ഞു. “ഇല്ല ” തങ്കച്ചന്റെ മുഖത്ത്‌ ദേഷ്യം ഇരച്ചു കയറി. അയാൾ പറ്റ്ബുക്ക്‌ വലിച്ചെടുത്തു, ഒരു പേജ് തുറന്നു അന്നമ്മയുടെ നേർക്ക് കാണിച്ചു കൊണ്ട് പറഞ്ഞു. “ഇത് കണ്ടോ? ആയിരം രൂപയ്ക്ക് മുകളിലുണ്ട് ഇതുവരെയുള്ള പറ്റ്. ഇതെല്ലാം തീർക്കാതെ ഒരു തരി അരിമണി ഞാൻ തരുമെന്ന് പ്രതീക്ഷിക്കണ്ട ” “അച്ചായാ..

പിള്ളേർ ഇന്നലെ പോലും ഒരു വക കഴിച്ചിട്ടില്ല ” “അതിനു ഞാനിപ്പോൾ എന്ത് വേണം? നിന്റെ പിള്ളേർക്ക് ചിലവിന് തരാൻ ഞാനാണോ അവരുടെ തന്ത. അല്ലല്ലോ? ഞാനിവിടെ ധർമസ്ഥാപനം തുറന്നു വച്ചിരിക്കുവല്ല നീ വന്ന് ചോദിക്കുമ്പോൾ സാധനങ്ങൾ എടുത്തു തരാൻ?” അന്നമ്മയുടെ കണ്ണുനീർ നിലത്തേക്ക് വീണു. “അന്നമ്മേ, നീ ഇവിടെ നിന്ന് കരഞ്ഞിട്ടൊരു കാര്യവുമില്ല, ജോസെഫിന് കള്ളു കുടിച്ച് നാലാം കാലിൽ നടക്കാൻ പൈസയുണ്ട്, ഭാര്യയ്ക്കും മക്കൾക്കും ചിലവിന് കൊടുക്കാൻ പൈസയില്ല അല്ലേ? ഞാൻ എന്റെ മക്കൾക്ക് ചിലവിന് കൊടുക്കാൻ വേണ്ടിയാണ് ഈ കട നടത്തുന്നത്, നിന്നെപ്പോലെ നാലഞ്ച് പേര് വന്ന് കടം വാങ്ങിയിട്ട് തരാതിരുന്നാൽ ഞാൻ പിന്നെ എന്ത് ചെയ്യും? നിനക്കെന്നോട് വിരോധം തോന്നിയാലും സാരമില്ല.

ഇനി നിനക്ക് കടം തരാൻ യാതൊരു നിവർത്തിയുമില്ല ” അന്നമ്മ അപമാനഭാരത്താൽ തല കുനിച്ചു നടന്നു. കനാലിന്റെ കരയ്ക്കെത്തിയപ്പോൾ ഒരിക്കൽ കൂടി അതിലേക്ക് നോക്കി, കനാലിലെ വെള്ളം തന്നെ മാടി വിളിക്കുന്നത് പോലെ തോന്നി. അതിലേക്ക് കുതിച്ചു, ജീവൻ അവസാനിപ്പിച്ചാലോ എന്ന് ചിന്തിച്ചതാണ്. പക്ഷേ അനാഥരായി പോകുന്ന മൂന്നു കുഞ്ഞുങ്ങളെ കുറിച്ചോർത്തപ്പോൾ തന്റെ ചിന്തകൾക്ക് കടിഞ്ഞാണിട്ട് കൊണ്ട് അന്നമ്മ വീട്ടിലേക്ക് നടന്നു. വീടിന്റെ വാതിൽക്കൽ പ്രതീക്ഷയോടെ നിൽക്കുന്ന മക്കളെ കണ്ടപ്പോൾ അന്നമ്മയുടെ മിഴികൾ നിയന്ത്രണമില്ലാതെ ഒഴുകി. അമ്മയുടെ കൈയിൽ സാധനങ്ങൾ ഒന്നുമില്ലെന്ന് കണ്ടപ്പോൾ ജിൻസിയും ജാൻസിയും നിരാശയോടെ അകത്തേക്ക് കയറിപ്പോയി.

നാൻസി അമ്മയുടെ അടുത്തെത്തിയിട്ട് അവരുടെ വസ്ത്രത്തിന്റെ തുമ്പിൽ പിടിച്ചു പ്രതീക്ഷയോടെ നിന്നു. അന്നമ്മ മുറിയിലെത്തി, ഭിത്തിയിൽ ചാരി കിടക്കയിലിരുന്നു. എത്രനേരം ആ ഇരുപ്പിരുന്നു എന്നറിയില്ല, നാൻസി അന്നമ്മയുടെ അടുത്തെത്തി അവരുടെ തോളത്തു പിടിച്ചു കൊണ്ട് പറഞ്ഞു. “അമ്മേ… എനിക്ക് വിശക്കുന്നമ്മേ ” ജാൻസി അവളെ കൂട്ടിക്കൊണ്ട് പോയി. കുട്ടികൾക്ക് സ്കൂൾ തുറന്നിരുന്നുവെങ്കിൽ മൂത്തവർക്ക് രണ്ടാൾക്കെങ്കിലും ഉച്ചകഞ്ഞി കിട്ടിയേനെ, എങ്കിൽ കുറച്ചെങ്കിലും ആശ്വാസമായേനെയെന്ന് അന്നമ്മ മനസിലോർത്തു. അയൽവക്കത്തെ കുട്ടികളുടെ കളിയും ചിരിയും കേട്ടപ്പോൾ അന്നമ്മയുടെ നെഞ്ച് വിങ്ങി . തന്റെ മക്കളുടെ ഏകദേശപ്രായമുള്ള രണ്ട് കുട്ടികളാണ് ലീലയ്ക്കും.

അവരുടെ ഭർത്താവ് ബാലന് ചന്തയിൽ ചുമടെടുപ്പാണ് പണി. അയാൾ അധ്വാനിച്ചു കുടുംബം നോക്കുന്നത് കൊണ്ട് ആ കുട്ടികൾ സന്തോഷത്തോടെ കഴിയുന്നു. പണ്ടൊക്കെ ജോസഫ് മദ്യപിച്ചു വന്ന് ബഹളം വയ്ക്കുമ്പോൾ ബാലൻ പിടിച്ചു മാറ്റാൻ വരുമായിരുന്നു, താനും കുട്ടികളും പട്ടിണി കിടക്കുമ്പോൾ ഭക്ഷണവുമായി ലീലയും എത്തിയിരുന്നു. ബാലനും താനും തമ്മിൽ അരുതാത്ത ബന്ധമുണ്ടെന്ന് പറഞ്ഞ് തന്റെ ഭർത്താവ് ലീലയെ തെറ്റിദ്ധരിപ്പിച്ചതിൽ പിന്നെയാണ് ലീലയുടെ വീടിന്റെ വാതിൽ തന്റെ നേർക്ക് കൊട്ടിയടക്കിപെട്ടത്. രണ്ടു വീടിനെയും വേർതിരിച്ചു കൊണ്ട് വലിയൊരു മതില് കൂടി വന്നതോട് കൂടി ലീലയും ആ വീട്ടിലുള്ളവരും തനിക്ക് അന്യരായി.

വല്ലപ്പോളും മതിലിനപ്പുറം നിന്ന് എന്തെങ്കിലും കുശലം ചോദിക്കുമെന്നല്ലാതെ ലീല സഹതാപത്തോടെ തന്നെയോ മക്കളെയോ ഒന്ന് നോക്കുക പോലും ചെയ്യാതെയായി. വിശപ്പ് കഠിനമായപ്പോൾ അന്നമ്മ കട്ടിലിൽ നിന്നും എഴുന്നേറ്റു, മക്കളുടെ മുഖത്തേക്ക് നോക്കി, ആ മുഖങ്ങൾ കണ്ടപ്പോൾ നെഞ്ചിൽ വേദന കൂടുന്നു. എന്തും വരട്ടേയെന്ന് കരുതി മതിലിന്റെ അരികിൽ ചെന്നു നിന്നു വിളിച്ചു. “ലീലേ…” ലീല അടുക്കളയിൽ നിന്നും പുറത്തേക്ക് എത്തി നോക്കിയിട്ട് ചോദിച്ചു. “എന്താ അന്നമ്മേ?” “ലീലേ.. ഒരു നാഴി അരി തരാമോ? പിന്നെ തിരിച്ചു തരാം ” ലീല ഒരു നാഴി അരിയെടുത്തു കടലാസ്സിൽ പൊതിഞ്ഞു അന്നമ്മയ്ക്ക് കൊടുത്തു കൊണ്ട് പറഞ്ഞു. “അന്നമ്മേ, നിന്റെ കെട്ടിയോനെപോലെ ചുമടെടുത്തു തന്നെയാണ് എന്റെ പിള്ളേരുടെ അച്ഛനും ഈ വീട് പുലർത്തുന്നത്.

ജോസഫിന് കള്ളു കുടിക്കാൻ കാശുണ്ട്, വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ കാശില്ല. എന്നുമിങ്ങനെ മറ്റൊരാളെ ആശ്രയിച്ചു ജീവിക്കാൻ പറ്റുമോ നിനക്കും നിന്റെ മക്കൾക്കും. അന്നമ്മേ, ഞാൻ പറയുന്നത് കൊണ്ട് നിനക്കൊന്നും തോന്നരുത്. നീ ഈ വാങ്ങിയ അരി തിരിച്ചു തരണ്ടാ, പക്ഷേ ഇനി ഇതുപോലെ ഓരോന്ന് വന്ന് ചോദിച്ചു ഞങ്ങളെ ബുദ്ധിമുട്ടിക്കരുത് ” അന്നമ്മ സ്തംബ്ധയായി, അപമാനഭാരത്തിൽ അവരുടെ തല വീണ്ടും കുനിഞ്ഞു. തന്റെ മക്കളുടെ മുഖം ഓർത്തപ്പോൾ എല്ലാം സഹിക്കാൻ തീരുമാനിച്ചു. അന്നമ്മ വീട്ടിലെത്തി, പെട്ടന്ന് കഞ്ഞിയുണ്ടാക്കി മക്കൾക്ക് കൊടുത്തു, കുഞ്ഞുങ്ങൾ ആർത്തിയോടെ അത് വാരി കഴിക്കുന്നത് കണ്ടപ്പോൾ അന്നമ്മയുടെ മനസ്സ് നിറഞ്ഞു. കുട്ടികൾ സമാധാനത്തോടെ നേരത്തേ ഉറങ്ങാൻ കിടന്നു. രാത്രി ഏറെ വൈകിയപ്പോൾ,ജോസഫ് മദ്യപിച്ചു മദോന്മത്തനായി വന്നു കയറി.

അന്നും തനിക്കും മക്കൾക്കും വേണ്ടി അയാൾ ഒന്നും കൊണ്ട് വന്നിട്ടില്ലെന്നറിഞ്ഞപ്പോൾ അന്നമ്മയുടെ മനസുടഞ്ഞു. അമിത അളവിൽ മദ്യം കഴിച്ചത് കാരണം ജോസഫ് പതിവിലും നേരത്തേ കിടന്നുറങ്ങി. അന്നമ്മ ആ രാത്രിയിൽ ഉറങ്ങാതെ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു, ജീവിതം ഒരു ചോദ്യചിഹ്നമായി മുന്നിലുണ്ട്. താൻ നൊന്ത് പ്രസവിച്ച കുഞ്ഞുങ്ങളെ കൊല്ലാൻ തനിക്ക് കഴിയില്ല.. ഇനി ഒരിക്കലും താനതിന് ശ്രമിക്കുകയുമില്ല, കൂലിപ്പണിക്ക് പോയെങ്കിലും തന്റെ മക്കളെ വളർത്തുമെന്ന് അന്നമ്മ ദൃഢനിശ്ചയമെടുത്തു. തൊട്ടടുത്ത ദിവസം രാവിലെ ജോസഫ് ജോലിക്ക് പോയതിന് തൊട്ട് പിറകെ കുഞ്ഞുങ്ങളെ മൂന്നുപേരെയും വീട്ടിലാക്കിയിട്ട് അന്നമ്മ കവലയിലേക്ക് പോയി.

രാവിലെ പണിക്ക് പോകാൻ ബസ് കാത്ത് നിൽക്കുന്ന ഒരുപാടാളുകൾ അവിടെ ഉണ്ടായിരുന്നു. ആ കൂട്ടത്തിൽ അന്നമ്മയ്ക്ക് പരിചയമുള്ള ഒരു മുഖമേ ഉണ്ടായിരുന്നുള്ളൂ. വേണു മേശിരി, ജോസെഫിന്റെ കൂടെ പഠിച്ചതാണ് വേണു, ജോസെഫിന്റെത് പോലെയുള്ള യാതൊരു ദുശീലങ്ങളും അയാൾക്കില്ല. അന്നമ്മ അയാളുടെ മുന്നിലെത്തി പതിയെ വിളിച്ചു. “വേണു ചേട്ടാ ” “ഉം? എന്ത് പറ്റി അന്നമ്മേ?” “ഞാനും കൂടി വന്നോട്ടെ നിങ്ങളുടെ കൂടെ പണിക്ക്? നിങ്ങൾ കെട്ടിടം പണിയുന്നിടത്ത്‌ എന്തെങ്കിലുമൊരു ജോലി തന്നാൽ മതി ” “അന്നമ്മേ, നിന്നെ കെട്ടിടം പണിക്ക് കൊണ്ട് പോയെന്നറിഞ്ഞാൽ ജോസഫ് എന്റെ വീട്ടിൽ കയറി വന്ന് എന്നെ തെറി പറയും ” “ഞാനും എന്റെ മക്കളും പട്ടിണി കിടന്നു മരിച്ചു പോകും, അൽപ്പം ദയവു ഞങ്ങളോട് കാണിക്കണം ” നിറമിഴിയോടെ നിൽക്കുന്ന അന്നമ്മയുടെ മുഖത്തേക്ക് നോക്കി വേണു ഒരു നിമിഷം ആലോചനയോടെ നിന്നു.

തുടരും.. 

തനിയെ : ഭാഗം 1

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!