നാഗമാണിക്യം: ഭാഗം 3

നാഗമാണിക്യം: ഭാഗം 3

എഴുത്തുകാരി: സൂര്യകാന്തി

ഒട്ടും പ്രതീക്ഷിക്കാതെ അനന്തനെ കണ്ട് ഒന്ന് ഞെട്ടിയെങ്കിലും പത്മ അവനെ നോക്കാതെ കാവിൽ നിന്ന് പുറത്തേക്ക് നടക്കാൻ തുടങ്ങി. അവനരികിലൂടെ നടക്കാൻ തുടങ്ങിയതും അനന്തൻ അവളുടെ മുൻപിലേക്ക് കയറി നിന്നു. “മാറി നിൽക്ക്, നിക്ക് പോണം ” “പത്മത്തമ്പുരാട്ടി ഉച്ചയ്ക്ക് എന്തൊക്കെയോ പറഞ്ഞായിരുന്നല്ലോ, എന്നെ കൊല്ലുമെന്നോ മറ്റോ, ദേ ഞാൻ റെഡിയാണ് ട്ടാ ” അവൾ ഒന്നും മിണ്ടാതെ മാറിപ്പോവാൻ തുടങ്ങിയപ്പോൾ അനന്തൻ അവളുടെ കൈയ്യിൽ കയറി പിടിച്ചു.

പത്മ കൈ വലിച്ചതും അവൻ അവളെ ചേർത്തു പിടിച്ചു കൈ പുറകോട്ടു തിരിച്ചു. പത്മ വേദന കൊണ്ടു പുളഞ്ഞു. “വേണ്ട വേണ്ടാന്ന് വെക്കും തോറും നീ എന്റെ തലയിൽ കേറുകയാണല്ലെടി. മര്യാദയ്ക്ക് ഞാൻ പറഞ്ഞതാണ് എന്റെടുത്തു കളിക്കാൻ നിൽക്കണ്ടാന്ന്.ഒന്നും ചുമ്മാ വാങ്ങി പോക്കറ്റിൽ ഇട്ടു നടക്കുന്നത് സേട്ടൻ ശീലിച്ചിട്ടില്ല, അതുകൊണ്ട് എന്നെ ചൊറിയാൻ വരുമ്പോൾ തിരിച്ചു വാങ്ങാൻ റെഡി ആയിട്ട് വന്നാൽ മതി.കേട്ടോടി… ” ” ന്നെ വിടടാ…” തൊട്ടടുത്തു നിന്ന് ഒരു സീൽക്കാരം കേട്ടാണ് അനന്തൻ താഴേക്കു നോക്കിയത്.

അവനരികെ പത്തി വിടർത്തി നിൽക്കുന്ന കരിനാഗം… ഒന്ന് പകച്ചെങ്കിലും പത്മയുടെ മേലുള്ള പിടി വിട്ടു കൈകൾ കൂപ്പി കൊണ്ടു അനന്തൻ പറഞ്ഞു. “എന്റെ പൊന്ന് ചങ്ങായി, ദേ നിങ്ങളുടെ ഈ തമ്പുരാട്ടീടെ നാക്കിന് നീളം വളരെ കൂടുതലാ.തല്ല് ഇരന്നു വാങ്ങുന്ന ആ സ്വഭാവം ഒന്ന് മാറ്റിയെടുക്കാൻ പറ്റുമോന്ന് നോക്കിയതാ ഞാൻ..എവടെ..ഇതിനേം വെച്ച് ഞാൻ കൊറേ കഷ്ടപ്പെടേണ്ടി വരുമെന്നാ തോന്നുന്നേ.. ” പത്മ ഒരു നിമിഷം സ്വയമറിയാതെ അനന്തനെ തന്നെ നോക്കി നിന്നു പോയി.

ഭയത്തിന്റെ ലാഞ്ഛന പോലും ആ കണ്ണുകളിൽ ഇല്ലായിരുന്നു. അവൾ മാത്രമേ ഇങ്ങനെ നിന്നിട്ടുള്ളൂ. മാധവന് പോലും പേടിയാണ്. താഴേയ്ക്ക് നോക്കിയപ്പോൾ നാഗത്തെ കണ്ടില്ല. അനന്തൻ അവളെ നോക്കിയതും പത്മ ഒഴിഞ്ഞു മാറി കാവിന് പുറത്തേക്കോടി. “നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടാ.. ” പുറത്തിറങ്ങിയിട്ടാണ് അവൾ അത് പറഞ്ഞത്. “എനി ടൈം ചക്കരെ… യൂ ആർ വെൽക്കം ” “വൃത്തികെട്ടവൻ, ഒരു പാഠം പഠിപ്പിക്കണം ” പത്മയ്ക്ക് അനന്തനോടുള്ള ഇഷ്ടക്കേടിനൊപ്പം ദേഷ്യവും പകയും മനസ്സിൽ നിറഞ്ഞു വന്നു..

ഇന്ന് വരെ ആരുടേയും മുമ്പിൽ ഇങ്ങനെ നിസ്സഹായയായി നിൽക്കേണ്ടി വന്നിട്ടില്ല.. എന്തു കൊണ്ടാണ് നാഗം അനന്തനെ ഉപദ്രവിക്കാതിരുന്നത്…? അച്ഛൻ പറഞ്ഞത് അവളോർത്തു, നാഗങ്ങൾ കാരണമില്ലാതെ ആരെയും ഉപദ്രവിക്കാറില്ല…പക്ഷേ… അനന്തൻ കാവിൽ നാഗകാളി പ്രതിഷ്ഠയ്ക്ക് മുൻപിൽ, പത്മ കത്തിച്ചുവെച്ച തിരിയിലേക്ക് നോക്കി കൈകൾ കൂപ്പി കണ്ണടച്ചതും പ്രതിഷ്ഠയ്ക്ക് പുറകിലുണ്ടായിരുന്ന മണിനാഗം പതിയെ തലയുയർത്തി… ആ നീലകണ്ണുകൾ തിളങ്ങുന്നുണ്ടായായിരുന്നു…

രാത്രി അത്താഴം കഴിക്കുന്നതിനിടയിൽ അച്ഛൻ അമ്മയോട് പറയുന്നത് കേട്ടു. “മനയ്ക്കലെ കാര്യസ്ഥസ്ഥാനം ഏറ്റെടുക്കാമോന്നു അനന്തൻ ചോദിച്ചു ” ” ന്നിട്ട് മാധവേട്ടൻ എന്ത് പറഞ്ഞു? ” കഞ്ഞി കുടിക്കുന്നതിനിടയിൽ മാധവൻ മുഖമുയർത്തി സുധർമ്മയെ ഒന്നു നോക്കി.പത്മ പ്ലേറ്റിലേക്ക് നോക്കി അച്ഛന്റെ മറുപടിയ്ക്കായി കാത്തിരുന്നു. “ഞാൻ ഒന്നും പറഞ്ഞില്ല്യാ സുധേ… ന്താ പറയാ..കൃഷിയുടെ കാര്യമൊക്കെ കണക്കാ. ഇവളെ ആരെടെയെങ്കിലും കൂടെ പറഞ്ഞയക്കണ്ടേ.

നമ്മുടെ കാര്യങ്ങൾക്കൊന്നും മുടക്കം വരുത്തേണ്ടെന്ന് അനന്തൻ പ്രത്യേകം പറഞ്ഞു. നല്ല മനസ്സാ. കൂടെ നിൽക്കുന്നോരെ കൈ വിടില്യാന്ന് തോന്നണു .നമുക്കൊരു തുണയാവുന്നൊരു തോന്നൽ ” “ശരിയാ, നിക്കും തോന്നി.. നല്ല മനസ്സാ ആ കുട്ടിയ്ക്ക്, കാശിന്റെ അഹങ്കാരം അശേഷം ഇല്ല്യാന്ന് തോന്നി ” പത്മ ഒന്നും മിണ്ടാതെ എഴുന്നേറ്റു പോയി. മാധവൻ സുധയെ നോക്കി. “അവൾക്കെന്ത് പറ്റി? ” “അവൾക്കു അനന്തനെ അത്ര പിടിച്ചിട്ടില്ല്യാ , അവളുടെ കുറുമ്പൊന്നും ആ കുട്ടീടെ അടുത്ത് നടക്കണുണ്ടാവില്യ.

മനയ്ക്കൽ അവൾക്കുള്ള അധികാരം തീർന്നില്ല്യേ, അതിന്റെ ദേഷ്യമാവും ” ഉറങ്ങാൻ കിടക്കുമ്പോഴും അനന്തന്റെ മുഖം തന്നെയായിരുന്നു പത്മയുടെ മനസ്സിൽ. എന്തൊക്കെയോ ദുരൂഹതകളുണ്ട് അയാൾക്ക്. അയാളുടെ മനയ്ക്കലേക്കുള്ള വരവ് വെറുതെയല്ലെന്ന് ഉള്ളിൽ നിന്നാരോ മന്ത്രിക്കുന്നത് പോലെ… മൂന്നു ദിവസം കൂടെ കഴിഞ്ഞാൽ ക്ലാസ്സ്‌ തുടങ്ങും. രാവിലെ ഉണർന്നിട്ടും എഴുന്നേൽക്കാൻ മടിച്ചു കണ്ണുകൾ ഇറുകെയടച്ചു കിടക്കുകയായിരുന്നു പത്മ. സുധയുടെ വിളി കേട്ടതും പുതപ്പ് കൊണ്ടു ഒന്നു കൂടെ മൂടി പുതച്ചു കിടന്നു പത്മ.

നീ എണീക്കണുണ്ടോ കുട്ട്യേ, ദേ ഈ പാലൊന്ന് മനയ്ക്കൽ കൊണ്ടു പോയി കൊടുത്തേ നീ. ” അത് കേട്ടതും പത്മ കട്ടിലിൽ നിന്ന് ചാടിയെഴുന്നേറ്റു. “പിന്നെ.. ആ കോന്തനെ സേവിക്കാൻ അച്ഛനും അമ്മയും പോയാൽ മതി, ന്നെ നോക്കണ്ട ” “നീ എന്താ മോളേ ഇങ്ങനെ, അച്ഛൻ ഇന്നലെ പറഞ്ഞതൊക്കെ നീയും കേട്ടതല്ലേ, നമ്മൾക്ക് വേണ്ടിയല്ലേ അദ്ദേഹം ഇത്രയും കഷ്ടപ്പെടുന്നത്, ആ പാവത്തിനെ ഇങ്ങനെ വിഷമിപ്പിക്കണോ ” പത്മ തല താഴ്ത്തി നിന്നു. സുധർമ്മ അവളെ ഒന്ന് നോക്കി അടുക്കളയിലേക്ക് പോയി.

ബാത്‌റൂമിൽ കയറി ഫ്രഷ്‌ ആയി തിരികെ വന്നു അടുക്കളയിലേക്ക് നടക്കുമ്പോൾ ഡൈനിങ്ങ് ടേബിളിൽ പാൽപ്പാത്രം കണ്ടു. അത് എടുക്കാൻ തുടങ്ങിയതും എന്തോ ആലോചനയിൽ പത്മയുടെ മുഖം മുറുകി. അവൾ പതിയെ അടുക്കളയിലേക്ക് നടന്നു. സുധർമ്മ അടുക്കളമുറ്റത്ത്‌ വിറകെടുക്കാൻ പോയതാണെന്ന് അവൾക്കു മനസ്സിലായി.അവൾ അന്വേഷിച്ച സാധനം കൈയ്യിൽ കിട്ടിയതും സുധർമ്മ അടുക്കളയിലേക്കു കയറി വന്നതും ഒരുമിച്ചായിരുന്നു. പത്മ ഇടംകൈ ദാവണിയ്ക്കുള്ളിൽ ഒളിപ്പിച്ചു.

“നീയാ മുഖം വീർപ്പിച്ചു നിൽക്കാതെ ഒന്നങ്ങട് ചെല്ലൂ കുട്ട്യേ. അച്ഛൻ പറഞ്ഞേൽപ്പിച്ചു പോയതാ.നിക്കിവിടെ നൂറു കൂട്ടം പണിണ്ട്. മനയ്ക്കൽ പണിക്കാരൊക്കെ വരണുണ്ടിന്ന്. അവിടെ എല്ലാം റെഡി ആക്കും വരെ അനന്തനുള്ള ഭക്ഷണം ഇവിടുന്നാക്കാമെന്ന് അച്ഛൻ ഏറ്റതാ ” “പിന്നെയിപ്പോൾ പാലുമായിട്ട് ചെല്ലുന്നതെന്തിനാ? ” “ചായണ്ടാക്കാനുള്ള സാധനങ്ങളൊക്കെ അവിടെയുണ്ടത്രേ, പാല് മാത്രം കൊടുത്തു വിട്ടാൽ മതീന്ന് പറഞ്ഞു ” പത്മ ഒന്നും പറയാതെ തിരിച്ചു നടക്കുന്നതിനിടയിൽ സുധർമ്മ വിളിച്ചു പറയുന്നത് അവൾ കേട്ടു.

“നീ അവിടെപ്പോയി ഒന്നും ഒപ്പിച്ചേക്കല്ലേ പത്മേ ” പാൽപാത്രം കൈയിലെടുത്തു മുറ്റത്തിറങ്ങി നടക്കുമ്പോൾ അനന്തന്റെ മുഖമായിരുന്നു പത്മയുടെ മനസ്സിൽ.. കാവിൽ വെളിച്ചം വന്നു തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. പാലപ്പൂവിന്റെ സുഗന്ധം നിറയുന്നുണ്ടായിരുന്നു.അരണ്ട വെളിച്ചത്തിലെ കാവിനുള്ളിലെ കാഴ്ചകൾ അതി മനോഹരമായിരുന്നു.കിളികളുടെ കളകൂജനങ്ങൾ കേൾക്കാമായിരുന്നു.

കാവിനരികിലൂടെ നടന്നു താമരക്കുളത്തിനരികിലെത്തിയപ്പോൾ പത്മ ഒരു നിമിഷം അതിലേക്ക് നോക്കി നിന്നു. നിറയെ താമരമൊട്ടുകളുണ്ട്. എന്തുകൊണ്ടാണ് എപ്പോഴും ഇവിടെയെത്തുമ്പോൾ തനിക്ക് പ്രിയ്യപ്പെട്ട ആരുടെയോ അടുത്തെത്തിയത് പോലെ തോന്നുന്നത്?… പത്മ അവിടെ നിന്ന് നടന്നകലുമ്പോൾ കുളത്തിന്റെ ആഴങ്ങളിൽ നിന്ന് കുമിളകൾ ഉയരുന്നുണ്ടായിരുന്നു. നാഗകാളി മഠത്തിന്റെ പൂമുഖത്ത് ഫോണിൽ നോക്കി കൊണ്ടിരുന്ന അനന്തൻ പത്മ വരുന്നത് കണ്ടിരുന്നു.

അവൾ പൂമുഖത്തേക്ക് കയറിയിട്ടും അവൻ മുഖമുയർത്തിയില്ല. “പാല്.. ‘ പറഞ്ഞിട്ട് പാത്രം ചാരുപടിയിൽ വെച്ച് അവനെ നോക്കാതെ പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോൾ കേട്ടു. “തനിക്ക് രാവിലെ ഒന്ന് കുളിച്ചൂടെടോ.. ” പത്മ തിരിഞ്ഞു അവനെ തുറിച്ചു നോക്കി. കുളിയൊക്കെ കഴിഞ്ഞിട്ടുണ്ട്. ഒതുക്കി വെച്ച മുടിയിഴകളിൽ ഇപ്പോഴും നനവുണ്ട്. നെറ്റിയിൽ ഭസ്മക്കുറിയും… “എന്റെമ്മോ ഇങ്ങനെ നോക്കി പേടിപ്പിക്കാതെടോ, പറഞ്ഞത് ഇഷ്ടമായില്ലെങ്കിൽ ഞാനിങ്ങു തിരിച്ചെടുത്തു. ”

പത്മ വീണ്ടും പോകാൻ തുടങ്ങിയപ്പോൾ അനന്തൻ പറഞ്ഞു. “ഹാ, ഒരു ചായയിട്ട് തന്നിട്ട് പോടോ. ദേ കെറ്റിലും സാധനങ്ങളുമൊക്കെ അകത്തിരിപ്പുണ്ട് ” ഒന്ന് സംശയിച്ചു നിന്നിട്ട് പാൽപാത്രവുമെടുത്ത് പത്മ അകത്തേക്ക് നടന്നു. ഫോണിലേക്ക് ആയിരുന്നു നോട്ടമെങ്കിലും അനന്തന്റെ ചുണ്ടിൽ ഒരു ചിരി വന്നു ചേർന്നിരുന്നു. ചായ റെഡിയാക്കി അവിടെ കണ്ട കപ്പ് കഴുകി അതിലേക്ക് പകർന്നെടുക്കുമ്പോളാണ് അനന്തൻ അടുത്തെത്തിയത്.

അടുക്കളയിലെ മേശയിൽ ചാരി കൈയും കെട്ടി നിൽക്കുന്ന അവനടുത്ത് ചായക്കപ്പ് കൊണ്ടു വെച്ച് ആ മുഖത്തേക്ക് നോക്കാതെ പോവാൻ തിരിഞ്ഞു പത്മ. “എന്നാലും അതൊന്ന് കൈയിൽ തരില്ലാ ല്ലേ ഇത്രയും വാശി വേണോ തമ്പുരാട്ടിക്ക് ” “അതിനു താൻ വേറെ ആളെ നോക്ക് ” പത്മ തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോഴേക്കും ദാവണിത്തുമ്പിൽ പിടുത്തം വീണു. അവൾ മുന്നോട്ടാഞ്ഞെങ്കിലും പുറകിലെ പിടുത്തം മുറുകിയേയുള്ളൂ. പുറകിൽ നിന്ന് അനന്തന്റെ പതിഞ്ഞ ചിരി കേട്ടതും അവളുടെ കണ്ണുകളിൽ അഗ്നിയാളി.

പത്മ തിരിഞ്ഞതും ദാവണിയ്ക്കുള്ളിൽ തിരുകിയ കറിക്കത്തിയെടുത്തു വീശിയതും ഒരുമിച്ചായിരുന്നു. അനന്തന്റെ കണ്ണുകളിലെ ഞെട്ടൽ പത്മ വ്യക്തമായി തന്നെ കണ്ടു. അവൻ നിന്നിടത്തു നിന്നനങ്ങിയിട്ടില്ല. മാറത്ത് പിണച്ചു വെച്ച വലത്തേ കൈത്തണ്ടയിൽ ചോരയൊലിക്കുന്ന മുറിവ് പത്മ കണ്ടു. പിന്നെ …? അപ്പോഴാണ് മേശയുടെ അറ്റത്തെ ആണിയിൽ കുടുങ്ങി കിടക്കുന്ന ദാവണി തുമ്പിൽ കണ്ണുടക്കിയത്. പത്മ അത് വേർപ്പെടുത്തുമ്പോഴും അനന്തൻ അവളെ നോക്കി നിൽക്കുകയായിരുന്നു.

അവന്റെ വലതു കൈത്തണ്ടയിൽ നിന്ന് ചോരയൊഴുകി നിലത്തിറ്റു വീണു. എന്ത് ചെയ്യണമെന്നറിയാതെ പത്മ നിൽക്കുമ്പോൾ മൃദുവായ ആ സ്വരം കേട്ടു. “ഇത്രയും പക എന്നോടുണ്ടായിരുന്നോ…? ” പത്മ ഒന്നും പറയാതെ തല കുനിച്ചു നിന്നു. നിലത്തേയ്ക്കിറ്റു വീഴുന്ന രക്തത്തുള്ളികൾ കണ്ടപ്പോൾ അവളറിയാതെ അനന്തനരികിലേക്ക് നടന്നു. അവന്റെ കണ്ണുകളിൽ വിവേചിച്ചറിയാനാവാത്തൊരു ഭാവം പത്മ കണ്ടു. അത് പക്ഷേ ദേഷ്യമായിരുന്നില്ല.. “ഞാൻ വീട്ടിൽ പോയി മരുന്നെടുത്തിട്ട് വരാം” പറഞ്ഞതും അവൾ പുറത്തേക്കോടി.

അവൻ പുറകിൽ നിന്നും വിളിച്ചിട്ടും പത്മ നിന്നില്ല. പൂമുഖ വാതിലിൽ എത്തുമ്പോഴേക്കും അകത്തേക്ക് കയറി വരുന്ന മാധവനെ അവൾ കണ്ടു. “എന്ത് പറ്റി മോളെ? അനന്തൻ എവിടെ? ” പത്മയുടെ മുഖത്തെ വെപ്രാളം കണ്ടിട്ടാണ് അയാൾ ചോദിച്ചത്. “അത്.. അനന്തേട്ടൻ.. അനന്തേട്ടന്റെ കൈ മുറിഞ്ഞു ” മാധവൻ അകത്തേക്കോടി. മുറിവ് കഴുകുകയായിരുന്ന അനന്തൻ തിരിഞ്ഞു നോക്കി. “എന്തു പറ്റി അനന്താ? ” അനന്തന്റെയും പത്മയുടെയും നോട്ടമെത്തിയത് മേശയുടെ അടുത്തായി, താഴെ വീണു കിടക്കുന്ന കത്തിയിലാണ്.

“അത് ആ റൂമിലെ ജനൽപ്പാളി തുറക്കുമ്പോൾ ഗ്ലാസ്സ് ഉടഞ്ഞതാണ്.. ” പറയുന്നതിനിടയ്ക്ക് തന്നെ അനന്തൻ മാധവൻ കാണാതെ കത്തി കാൽ കൊണ്ടു തട്ടി മേശയ്ക്കടിലേക്ക് നീക്കുന്നത് പത്മ കണ്ടു. നിലത്തിറ്റു വീണ ചോര അപ്പോഴാണ് മാധവൻ കണ്ടത്. “ന്റെ ഭഗവതി… അപലക്ഷണം ആണല്ലോ ” “ഒന്നുമില്ല മാധവേട്ടാ, ചോര കാണുന്നത് ശുഭ ലക്ഷണമാണ് ” ചിരിയോടെയാണ് അനന്തൻ പറഞ്ഞത്. “നീ വീട്ടിൽ പോയി മരുന്നെടുത്ത് വാ മോളെ. കുറച്ചു തുണി കൂടെയെടുത്തോളൂ ” പത്മ പോവാൻ തിരിഞ്ഞതും അനന്തൻ പറഞ്ഞു.

“വേണ്ട മാധവേട്ടാ, വണ്ടിയിൽ ഫസ്റ്റ് എയ്ഡ് ബോക്സ്‌ ഉണ്ട്. നാഗകാളി മഠത്തിൽ താമസം തുടങ്ങുമ്പോൾ അത്യാവശ്യം ചില മുൻകരുതലുകൾ എടുക്കണ്ടേ.. ” പറഞ്ഞിട്ട് പത്മയെ ഒന്നു നോക്കി അനന്തൻ വണ്ടിയുടെ കീ എടുക്കാനായി അകത്തേക്ക് നടന്നു. പോവുന്നതിനിടയിൽ അവനായി പത്മ പകർന്നു വെച്ച ചായയിൽ വീണു കിടക്കുന്ന എട്ടുകാലിയെ അനന്തൻ കണ്ടിരുന്നു. വീട്ടിലെത്തിയിട്ടും പത്മയുടെ മനസ്സിന് തെല്ലുമാശ്വാസം കിട്ടിയില്ല. ഒന്ന് പേടിപ്പിക്കണമെന്നേ കരുതിയുള്ളൂ.

തന്റെ മുൻപിൽ എപ്പോഴും ജയിച്ചു നിൽക്കുന്ന അനന്തനെ കാണുമ്പോൾ എവിടുന്നെന്നറിയാതെ ദേഷ്യം മനസ്സിൽ വന്നു നിറയും. അവന്റെ ചിരി കൂടെ കാണുമ്പോൾ കലിയിളകും. പതിവില്ലാതെ, നിശബ്ദയായി, പരാതിയൊന്നും പറയാതെ, പത്മ അടുക്കളയിൽ അമ്മയെ സഹായിച്ചു നിന്നു. ഇടയ്ക്കെപ്പോഴോ അച്ഛൻ അമ്മയോട് അനന്തന്റെ കൈ മുറിഞ്ഞതിനെ പറ്റി പറയുന്നത് കേട്ടു. പതിവില്ലാത്ത ഒരു ഗൗരവം ആ സംസാരത്തിൽ തോന്നിയത് കൊണ്ടാണ് പത്മ കാതോർത്തത്..

“ഞാൻ രണ്ടും കല്പിച്ചു തിരുമേനിയെ വിളിച്ചു ഇല്ലത്ത് ചില പൂജകളൊക്കെ ചെയ്തോട്ടെയെന്ന് ചോദിച്ചു അനന്തനോട് ” “ന്നിട്ട്?…” “എതിർത്തൊന്നും പറഞ്ഞിട്ടില്ല്യ.. ” “മാധവേട്ടാ, നിക്ക് പേടിയാവണു .. അവൾ… പത്മ.. ” “നീ ഒന്നു മിണ്ടാതിരിക്കൂ സുധേ, ഒന്നും വരില്യ, തമ്പുരാട്ടി പറഞ്ഞതൊക്കെ ഓർമ്മയില്ല്യേ നിനക്ക്? ” “അത് തന്നെയാ നിക്ക് പേടി മാധവേട്ടാ ഒന്നും അറിയേണ്ടിയിരുന്നില്ല്യാ ” അമ്മയുടെ കണ്ണുകൾ നിറഞ്ഞത് പത്മ കണ്ടു. ഇല്ലത്തിനുള്ളിൽ ചുറ്റി കറങ്ങവേയാണ് താഴിട്ട് പൂട്ടിയ ആ അറ അനന്തന്റെ കണ്ണിൽപ്പെട്ടത്.

താഴ് പിടിച്ചു നോക്കി അനന്തൻ മാധവൻ ഏൽപ്പിച്ച താക്കോൽ കൂട്ടം എടുക്കാൻ പോയി. ആ ചിത്രത്താഴ്‌ ഇളകുന്നുണ്ടായിരുന്നു… അറയിലെ കുഞ്ഞു നാഗം ക്യാൻവാസിൽ പകർത്തിയിട്ട ആ സുന്ദരിയായ കന്യകയുടെ ചിത്രത്തിന് മുകളിലായിരുന്നു. ആ മുറിയിൽ നിറയെ അവളുടെ പല തരത്തിലുള്ള ചിത്രങ്ങളായിരുന്നു. നാഗക്കാവും താമരക്കുളവും നാഗകാളി മഠത്തിന്റെ ഉൾത്തളങ്ങളും അതിലെ പശ്ചാത്തലങ്ങൾ ആയിരുന്നു. പലപ്പോഴും ചിത്രകാരൻ അവളറിയാതെ ആ രംഗങ്ങൾ മനസ്സിലാവാഹിച്ച് പകർത്തിയതെന്ന് തോന്നുന്നവ.

കാലപ്പഴക്കം അതിന്റെ ചാരുത നഷ്ടപെടുത്തിയിരുന്നില്ല… അനന്തൻ താക്കോൽ കൂട്ടവുമായെത്തി. പക്ഷേ എത്ര ശ്രമിച്ചിട്ടും ഒന്നു പോലും അതിനു പറ്റുന്നതായിരുന്നില്ല. കുറച്ചു സമയം വാതിലിന് മുൻപിൽ ആലോചിച്ചു നിന്നിട്ട് അനന്തൻ പിന്തിരിഞ്ഞു. അപ്പോഴും ആ താഴ് ഇളകുന്നുണ്ടായിരുന്നു. ഇല്ലത്ത് പണിക്കാരെത്തിയത് പത്മ അറിഞ്ഞിരുന്നു. സന്ധ്യയ്ക്ക് കാവിൽ തിരി വെച്ചു പുറത്തേക്ക് നടക്കുമ്പോൾ ആരുടെയോ സാന്നിധ്യം അനുഭവപ്പെട്ടെങ്കിലും ചുറ്റും നോക്കിയപ്പോൾ പ്രതീക്ഷിച്ച ആളെ പത്മ കണ്ടില്ല.

രാത്രി അത്താഴവുമായി മാധവൻ എത്തിയപ്പോഴാണ് അനന്തൻ പൂട്ടിയിട്ട അറയെ പറ്റി ചോദിച്ചത്. “അത് നിക്കറിയില്ല്യ അനന്താ, അങ്ങനെയൊരു താക്കോൽ ഞാൻ കണ്ടിട്ടില്ല്യ , താഴത്തെ നിലവറയൊഴികെ ഇല്ലത്തിന്റെ മുക്കും മൂലയും നിക്കറിയാം. ആ അറ തുറന്നു ഞാൻ കണ്ടിട്ടില്ല്യ. എപ്പോഴോ ഒരിക്കൽ തമ്പുരാട്ടിയോട് ചോദിച്ചപ്പോൾ ഉത്തരം തരാൻ വലിയ താല്പര്യം കാണിച്ചില്ല്യ . പിന്നെ ഞാൻ ചോദിച്ചിട്ടില്ല്യാ . ” “അപ്പോൾ നിലവറയിലേക്കുള്ള വാതിൽ..? ” “അതുമെനിക്കറിയില്ല്യ.

നിലവറയിൽ ഒരു കെടാവിളക്ക് ഉണ്ടായിരുന്നതായിട്ടറിയാം. തമ്പുരാട്ടിയ്ക്ക് മാത്രമേ അതേക്കുറിച്ചറിയാവൂ എന്നാണ് നിക്ക് തോന്നീട്ടുള്ളത്.തമ്പുരാട്ടി മരിക്കുന്നതിനു മുൻപ് നാഗക്കാവിൽ തിരി വെക്കുന്ന കാര്യമേ ന്നോട് പറഞ്ഞിട്ടുള്ളൂ ” അനന്തനെ ഒന്നു നോക്കി മാധവൻ തുടർന്നു. “പിന്നെ ഇതേക്കുറിച്ചു എന്തെങ്കിലും അറിയാവുന്നത് ഭദ്രൻ തിരുമേനിയ്ക്കാണ് . ഒരിക്കൽ ഞാൻ കെടാവിളക്കിന്റെ കാര്യം ചോദിച്ചപ്പോൾ സമയമായില്ല എന്ന് മാത്രം പറഞ്ഞു ”

“എന്തായാലും നമുക്ക് തിരുമേനിയെ ഒന്ന് ചെന്നു കാണാം മാധവേട്ടാ ” “തിരുമേനിയുടെ ഒഴിവ് നോക്കി ചെന്നു കാണാം. പ്രായാധിക്യം കൊണ്ടു ഇപ്പോൾ എവിടെയും പോവാറില്ല്യ. ന്നാലും ഇവിടുത്തെ കാര്യത്തിൽ ഉപേക്ഷ വിചാരിക്കില്ല്യ ” നാഗകാളി മഠത്തിൽ ഉറക്കമില്ലാത്ത രണ്ടാമത്തെ രാത്രിയായിരുന്നു അനന്തന്. ഇന്നലെ എന്തൊക്കെയോ ദുസ്വപ്നങ്ങൾ ആയിരുന്നു കൂട്ടിനെത്തിയതെങ്കിൽ, ഇന്ന് മാധവൻ പറഞ്ഞ കാര്യങ്ങൾക്കൊപ്പം അവളുമുണ്ട് മനസ്സിൽ… പത്മ… ആ താഴിട്ട് പൂട്ടിയ അറ… എന്റെ ചോദ്യങ്ങൾക്കുത്തരം അവിടെയുണ്ടാകുമെന്ന് മനസ്സിലിരുന്നാരോ പറയുന്നു.

എന്നിട്ടേ അവളുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കാനാവൂ… അതേ സമയം നാഗകാളി മഠത്തിന്റെ മുഖപ്പിൽ നിന്നിറങ്ങിയ മണിനാഗം എത്തി നിന്നത് താമരക്കുളത്തിന്റെ പടവുകളിലാണ്… ഉറക്കം കടന്നു ചെല്ലാൻ മടിച്ചു നിന്ന പത്മയുടെ രാത്രിയിൽ അവളുടെ മനസ്സിൽ അനന്തനായിരുന്നു… രാവിലെ കുളിച്ചൊരുങ്ങി അമ്മയോട് പറഞ്ഞു പത്മ ഭഗവതിക്കാവിലേക്കിറങ്ങി.ഉത്സവം കൊടിയേറാനിനി ദിവസങ്ങൾ കൂടിയേ ബാക്കിയുള്ളൂ. കൊയ്ത്തു കഴിഞ്ഞ പാടവരമ്പത്ത് കൂടെ നടക്കുമ്പോൾ പത്മയുടെ മനസ്സിൽ കഴിഞ്ഞു പോയ ഉത്സവക്കാലമായിരുന്നു…

അന്ന് ശ്രുതിയുടെയും കൃഷ്ണയുടെയും കൂടെ വായിനോക്കി നടക്കുന്നതിനിടയിലെപ്പോഴോ ആണ് വൈശാഖൻ മാഷ് തങ്ങൾക്കരികിൽ എത്തിയത്. വൈശാഖൻ ശ്രുതിയോട് സംസാരിക്കുമ്പോഴും പത്മയുടെ കണ്ണുകൾ അയാളിലായിരുന്നു. ഒരു നോട്ടം കൊണ്ടു പോലും തന്നോടൊരിഷ്ടം ഇതു വരെ കാണിച്ചിട്ടില്ല, എങ്കിലും അരികിലെത്തുമ്പോൾ തന്റെ ഹൃദയമിടിപ്പ് വർദ്ധിക്കും … ഉത്സവക്കാലമായത് കൊണ്ടു പതിവിലും തിരക്കുണ്ടായിരുന്നു. കാത്തു നിന്ന് ശീവേലിയും കഴിഞ്ഞാണ് പത്മ തിരിച്ചിറങ്ങിയത്.

ഇലക്കീറിലെ പ്രസാദം ചുരുട്ടി പിടിച്ചു, പാവാടത്തുമ്പുയർത്തി വയലിറമ്പിൽ നിന്ന് റോഡിലേക്ക് കയറുമ്പോഴേ പത്മ കണ്ടു ദൂരെ നിന്ന് വരുന്ന ബൈക്ക്.. വൈശാഖൻ.. വെറുതെ ഒന്ന് നോക്കി അലസമായി ചിരിച്ചു കടന്നു പോവാറുള്ള ആൾ ഇന്ന് വണ്ടി അവൾക്കരികെ നിർത്തി. “പത്മ അമ്പലത്തിൽ പോയിട്ടു വരികയാണോ? ” “അതേ.. ” തെല്ലതിശയത്തോടെയാണ് പത്മ മറുപടി പറഞ്ഞത്. “ഇല്ലത്ത് പുതിയ ആൾ വന്നൂന്ന് കേട്ടു ” “അതെ, ശരിയാണ്.. ” “അവിടുത്തെ ആൾ തന്നെയാണോ? ” “അതറിയില്ല, വിലയ്ക്ക് വാങ്ങിയതാണെന്ന് കേട്ടു ” പത്മ പറഞ്ഞ് നിർത്തിയതും ആ വലിയ കാർ അവർക്കരികിലൂടെ കടന്നു പോയി.

പത്മയെ കണ്ടിട്ടും അനന്തൻ മൈൻഡ് ചെയ്തില്ല. പക്ഷേ കാഴ്ചയിൽ നിന്ന് മറയുന്നത് വരെ വൈശാഖനെയും പത്മയെയും സൈഡ് മിററിലൂടെ അനന്തൻ കാണുന്നുണ്ടായിരുന്നു. ദൂരെമേറെ എത്തിയിട്ടും ആ കാഴ്ച്ച അവന്റെ കണ്ണുകളിൽ നിറഞ്ഞു നിന്നു.. “ഇപ്പോൾ ആ കാറിൽ പോയതാണ് നാഗകാളി മഠത്തിന്റെ പുതിയ ഉടമസ്ഥൻ. അനന്തപത്മനാഭൻ.. ” വൈശാഖൻ തിരിച്ചൊന്നും പറയാതെ പത്മയെ നോക്കിയതേയുള്ളൂ. “ശ്രുതി? ” “വൈകീട്ട് എത്തും.. മറ്റന്നാൾ അല്ലേ ക്ലാസ്സ്‌ തുടങ്ങുന്നത്..”

വൈശാഖൻ യാത്ര പറഞ്ഞതും പത്മ വീട്ടിലേയ്ക്ക് നടന്നു. പ്രത്യേകിച്ചു ജോലികളൊന്നും ഇല്ലാത്തത് കൊണ്ടു പത്മ വെറുതെ തൊടിയിലും മുറ്റത്തുമൊക്കെയായി ചുറ്റി തിരിഞ്ഞു. മനയ്ക്കൽ നിറയെ പണിക്കാരുണ്ട്.കാവിന് ചുറ്റും അവർ വൃത്തിയാക്കുന്നത് പത്മ കണ്ടിരുന്നു. വൈകുന്നേരം അച്ഛൻ പുറത്തേക്കിറങ്ങുന്നത് പത്മ കണ്ടിരുന്നു. അടുക്കളയിൽ എത്തിയപ്പോൾ സുധർമ്മ ചൂടുള്ള ഉണ്ണിയപ്പം ഒരു പാത്രത്തിലേക്ക് എടുത്തു വെക്കുകയായിരുന്നു. അവളെ കണ്ടതും സുധ പറഞ്ഞു.

“പത്മേ നീയും ന്റെ കൂടെയെന്ന് മനയ്ക്കലേക്ക് വന്നേ, ഇതാ കുട്ടിയ്ക്ക് കൊടുക്കാം ” പത്മ മറുത്തൊന്നും പറഞ്ഞില്ലെങ്കിലും അനന്തനെ അഭിമുഖീകരിക്കാൻ ചെറിയൊരു വിഷമം ഉള്ളിലുണ്ടായിരുന്നു. പറമ്പിൽ നിറയെ ജോലിക്കാരുണ്ടായിരുന്നു. പൂമുഖത്ത് ആരെയും കണ്ടില്ല. വാതിൽ തുറന്നു കിടക്കുന്നുണ്ടായിരുന്നു. പത്മ പൂമുഖപ്പടിയ്ക്കപ്പുറം തൂക്കിയിട്ട ഓട്ടു മണിയടിച്ചു. അനന്തൻ പുറത്തേയ്ക്കു വന്നു. സുധർമ്മയെ കണ്ടതും നുണക്കുഴികൾ തെളിയുന്ന മനോഹരമായൊരു ചിരി ആ ചുണ്ടിൽ തെളിഞ്ഞു.

അവളിൽ കണ്ണെത്തിയതും അതില്ലാതെയായത് പത്മ കണ്ടിരുന്നു. അവർ പൂമുഖത്തേയ്ക്ക് കയറി. “എന്തിനാ അമ്മ കഷ്ടപ്പെട്ട് ഇതൊക്കെ കൊണ്ടുവന്നത്?ഇവിടെ പണിക്കാർക്ക് അടുത്തുള്ള കടയിൽ നിന്ന് മാധവേട്ടൻ ഭക്ഷണം ഏർപ്പാട് ചെയ്തിട്ടുണ്ടല്ലോ.. ” “അനന്തന് ന്റെ പാചകം ഇഷ്ടമാവാഞ്ഞിട്ടാണോ.? ” “അങ്ങനെയല്ല അമ്മേ, ഇത്രയും സ്വാദോടെ അടുത്തൊന്നും കഴിച്ചിട്ടില്ല. എന്നാലും നിങ്ങളെ എന്നും ബുദ്ധിമുട്ടിയ്ക്കുന്നത് ശരിയല്ലല്ലോ ” “ഒരാൾക്ക് കൂടെ ഭക്ഷണം ഉണ്ടാക്കാൻ അത്രയ്ക്ക് ബുദ്ധിമുട്ടൊന്നുമില്ല്യ കുട്ടി”

“നാളെ എന്റെ രണ്ടുമൂന്നു ഫ്രണ്ട്‌സ് വരും, അവർ കുറച്ചു ദിവസം ഇവിടെക്കാണും. ഇല്ലത്തെ ജോലിക്കാരും നാളെയെത്തും.. ” അനന്തനെ നോക്കി സുധ ചോദിച്ചു. “അനന്തന്റെ കുടുംബമൊക്കെ ? ” “അച്ഛനും അമ്മയും ഞാൻ ചെറുതാവുമ്പോഴേ മരിച്ചു. അമ്മാവന്റെ കൂടെയാണ് വളർന്നത്. പിന്നെ വിവാഹം.. അതിനെക്കുറിച്ചൊന്നും ആലോചിച്ചില്ല… സമയം കിട്ടിയിട്ടില്ല എന്ന് വേണമെങ്കിൽ പറയാം. ഒരുപാട് കാലത്തിനു ശേഷമാണ് ഇങ്ങനെ തിരക്കുകളൊക്കെ മാറ്റി വെച്ചിരിക്കുന്നത്.. ”

“പത്മേ നീ അകത്തു ചെന്നു അനന്തന് ഒരു ചായയിട്ട് കൊടുത്തേ ” “വേണ്ടമ്മേ പത്മയെ ബുദ്ധിമുട്ടിക്കണ്ട.ഞാൻ കുറച്ചു കഴിഞ്ഞിട്ട് ഉണ്ടാക്കിക്കോളും ” പത്മ അവനെ ഒന്ന് നോക്കിയിട്ട് അകത്തേക്ക് കയറി പോയി. അവൾ പോയതും സുധ പതിയെ പറഞ്ഞു. “കുറച്ചു വാശിയും ദേഷ്യവുമൊക്കെ ഉണ്ടെന്നേയുള്ളൂ, ആളൊരു പാവമാണ്. ആരെങ്കിലും സങ്കടപ്പെടുന്നത് കണ്ടാൽ കൂടെയിരുന്നങ്ങു കരയും. എടുത്തു ചാട്ടവും ഇത്തിരി കൂടുതലാണ്. അവളുടെ കുറുമ്പുകളൊന്നും അനന്തൻ മനസ്സിൽ വെയ്ക്കരുത്, അത് കൂടെ പറയാനാണ് ഞാൻ വന്നത് ” “അമ്മ ഒന്നുകൊണ്ടും പേടിക്കണ്ട, ഞാനതൊക്കെ തമാശയായിട്ടേ കരുതിയിട്ടുള്ളൂ..

സത്യത്തിൽ ഇതൊക്കെ ഞാൻ ആസ്വദിക്കുകയാണ്. ഇവിടെ എത്തിയപ്പോൾ ആരൊക്കെയോ കൂടെയുള്ളത് പോലെ തോന്നുന്നു ” അനന്തന്റെ വാക്കുകൾ സുധർമ്മയുടെ മനസ്സിൽ തണുപ്പ് വീഴ്ത്തി. അടുക്കളയിൽ നിറയെ സാധനങ്ങൾ ഉണ്ടായിരുന്നു. “ഒരു സൂപ്പർ മാർക്കറ്റ് മൊത്തത്തിൽ ഇവിടെ സെറ്റ് അപ്പ്‌ ആക്കിയിട്ടുണ്ടല്ലോ കൊച്ചുതമ്പുരാൻ ” സ്വയം പറഞ്ഞ് കൊണ്ടു, കെറ്റിൽ ഓൺ ചെയ്തപ്പോഴാണ് പത്മ താഴേക്കു നോക്കിയത്. ഇന്നലത്തെ ചോരക്കറ കാണാനില്ല.

മേശയ്‌ക്കടിയിലേയ്ക്ക് കുനിഞ്ഞു നോക്കിയപ്പോൾ കത്തിയും അവിടെ കണ്ടില്ല… പത്മ ചായയുമായി വരുമ്പോഴും സുധയും അനന്തനും സംസാരത്തിലായിരുന്നു. സുധർമ്മയുടെ നോട്ടം കണ്ടപ്പോൾ ചാരുപടിയിൽ വെയ്ക്കാൻ തുടങ്ങിയ ചായക്കപ്പ് പത്മ അനന്തന്റെ കൈയിൽ കൊടുത്തു. “താങ്ക്സ് ” അനന്തൻ അവളെ നോക്കാതെയാണ് പറഞ്ഞത്. “അമ്മേ ഞാൻ ഈ മാവങ്ങ് മുറിച്ചാലോന്നാലോചിക്കുകയാണ്.. ” “മാധവേട്ടൻ കുറേ തവണ പറഞ്ഞതാ, പിന്നെ ഇവള് കൈയും കാലും പിടിച്ചു തീരുമാനം മാറ്റിയ്ക്കും.

എത്ര തവണ അതിൽ നിന്ന് വീണാലും പിന്നെയും അവളതിൽ വലിഞ്ഞു കയറും ” പത്മ ദേഷ്യത്തോടെ മുറ്റത്തേക്കിറങ്ങി നടന്നതും അനന്തൻ ചിരിയോടെ സുധർമ്മയെ നോക്കി കണ്ണടച്ച് കാട്ടി. സുധർമ്മയും യാത്ര പറഞ്ഞിറങ്ങി. പത്മ കൊടുത്ത ചായക്കപ്പ് ചുണ്ടോടടുപ്പിക്കുമ്പോഴും അനന്തന്റെ കണ്ണുകൾ താമരക്കുളത്തിനരികിലൂടെ നടന്നു പോവുന്ന പത്മയിലായിരുന്നു…

(തുടരും )

നാഗമാണിക്യം: ഭാഗം 2

Share this story